രോഹിണി: ഭാഗം 14

rohini

എഴുത്തുകാരി: വൈദേഹി വൈഗ - വാസുകി  വസു

ബസ് സ്റ്റോപ്പിൽ വന്നു ബസ് കയറിയട്ടും മിഴികൾ പെയ്തു തോർന്നിരുന്നില്ല.ബസ് അകലങ്ങളിലേക്ക് ഓടിമറയുന്തോറും നീർമണിത്തുള്ളികൾ കണ്ണിന്റെ കാഴ്ചയെ മറച്ചിരുന്നു.. അനിയനും ഞാനും ഒരേ സീറ്റിലാണിരുന്നത്.അവൻ തെല്ല് എന്നോട് ചേർന്നിരുന്നു.ഞാൻ മിഴികൾ ഇടക്കിടെ ഒപ്പുന്നത് യാത്രക്കാർ ശ്രദ്ധിച്ചതോടെ വിതുമ്പൽ പ്രയാസപ്പെട്ട് അടക്കിപ്പിടിച്ചു... ഉച്ചയോടുകൂടി ഞങ്ങൾ വീട്ടിലെത്തി. ഞാൻ നേരെ മുറിയിലേക്ക് കയറി വാതിലടച്ചു.അമ്മയെയും അച്ഛനെയും ശ്രദ്ധിച്ചിരുന്നില്ല.അതുവരെ അടക്കി വെച്ചിരുന്ന കണ്ണുനീർ പെരുമഴയായി പെയ്തിറങ്ങി... ഞാൻ ഫോണെടുത്ത് ശബരിയെ വിളിച്ചു. ആദ്യത്തെ ബെല്ലിനു ഫോൺ അറ്റൻഡ് ചെയ്യപ്പെട്ടു... മറുവശത്ത് നിശബ്ദത പരന്നതോടെ ഞാൻ ശബരിയെന്ന് മുളചീന്തും പോലെ വിളിച്ചു കരഞ്ഞു.. ഇടക്കിടെ ശബരിയുടെ ദീർഘനിശ്വാസം മാത്രം കേൾക്കാം. അവൻ കരയാതെ കരയുകയാണെന്ന് എനിക്ക് മനസ്സിലായി...

"ശബരി എന്തെങ്കിലും ഒന്നും പറയെടാ.അല്ലെങ്കിൽ ഞാൻ തകർന്നു പോകുമെടാ" എന്നിട്ടും അവൻ നിശബ്ദനായതോടെ ഞാൻ പിന്നെയും കാത്തു.ഏറെ നേരത്തിനുശേഷം ശബരിയുടെ സ്വരം എന്റെ കാതിലേക്ക് ഊർന്നു വീണു... "അച്ഛനു എങ്ങനെയുണ്ട് രോഹിണി" പൊടുന്നനെ ഞാൻ തീപ്പൊളളലേറ്റതു പോലെ പിടഞ്ഞു പോയി.കളളം പറഞ്ഞാണു അവിടെ നിന്ന് പോന്നത്.. "അച്ഛനു കുറവുണ്ട് ശബരി എന്നെ കണ്ടതും പാതിയസുഖം മാറി" "പണത്തിനു എന്ത് അത്യാവശ്യം വന്നാലും ചോദിക്കാന്‍ മടിക്കരുത്" "ചോദിക്കാം ശബരീ" ഞങ്ങൾ കുറെ നേരം സംസാരിച്ചു.സങ്കടത്തിൽ തുടങ്ങിയ ഫോൺ വിളി അവസാനിക്കുമ്പോൾ അവനൊരുമ്മ ആവശ്യപ്പെട്ടു.മൊബൈലിൽ കൂടി ഞാൻ അമർത്തിയൊരുമ്മ നൽകി.. ഫോൺ കട്ടു ചെയ്തിട്ട് ഞാൻ അച്ഛൻ കിടക്കുന്ന മുറിയിലെത്തി.. "നീയെപ്പോളെത്തി" "ഞാനിപ്പോൾ വന്നതേയുളളച്ഛാ" അച്ഛൻ നന്നേ ക്ഷീണിച്ചെന്ന് എനിക്ക് മനസ്സിലായി.

രോഗം ശരീരത്തിനൊപ്പം മനസ്സിനെയും കീഴടക്കാൻ തുടങ്ങിയിരിക്കുന്നു... അച്ഛനുമായി സംസാരിച്ച ഞാൻ പുറത്തേക്കിറങ്ങി.അപ്പോഴേക്കും അമ്മയുടെ വിളി പിന്നാലെയെത്തി.. "രോഹിണി നിനക്കൊന്നും കഴിക്കേണ്ടേ" "ദാ അഞ്ച് മിനിറ്റ് അമ്മേ ഇപ്പോളെത്താം" ഞാൻ മൂവാണ്ടൻ മാവിൻ ചോട്ടിൽ പോയിനിന്ന് കയ്യിലെടുത്തിരുന്ന മൊബൈലെടുത്ത് ശബരിയെ വിളിച്ചു. എന്റെ കോളിനു കാത്തിരുന്നതുപോലെ പെട്ടെന്ന് ഫോൺ അറ്റൻഡ് ചെയ്തു... "രോഹിണി". ശബരി മെല്ലെ വിളിച്ചു.. " മം" ഞാൻ മൂളലോടെ കുറുകി.. "എനിക്ക് നിന്നെ കാണാൻ കൊതിയാകുന്നു രോഹിണി.. നീ പോയതോടെ വീട് ഉറങ്ങിയതുപോലെ" എന്റെ നെഞ്ചിലൊരു വിങ്ങൽ വീണു.. "എനിക്കും ശബരിയെ കാണണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അറിയാലോ നിനക്കെന്റെ അവസ്ഥ" "എല്ലാം പെട്ടെന്ന് ശരിയാകും രോഹിണി ഞാനും പ്രാർത്ഥിക്കാം. സന്തോഷത്താൽ എനിക്ക് കണ്ണുനീർ വരുന്നുണ്ടായിരുന്നു.

പിരിഞ്ഞു അകന്ന് ഇരുന്നപ്പോഴാണു ഞങ്ങൾ പരസ്പരം എത്ര മാത്രം സ്നേഹിച്ചിരുന്നൂന്ന് മനസിലാകുന്നത്.. " രോഹിണി നീയെന്താ ഒന്നും മിണ്ടാത്തെ" ശബരിയുടെ ആർദ്രമായ വിളി അവനരുകിലേക്ക് ഓടിച്ചെല്ലാനെന്നെ പ്രേരിപ്പിച്ചു.... "ശബരി ഇനിയെന്നാടാ നമ്മൾ തമ്മിൽ കാണുന്നത് " മനസറിയാതെ ഞാൻ ചോദിച്ചു പോയി.. "നീയൊരു വാക്ക് പറയുന്ന നിമിഷം ഞാൻ നിന്റെ അരികിലെത്തും" ഞാനൊരു വാക്ക് പറഞ്ഞാൽ മതി ശബരിയെന്റെ അരികിലെത്തുമെന്ന് എനിക്ക് അറിയാം.പക്ഷേ അവനൊരു ലക്ഷ്യമുണ്ട് അത് സാധിക്കണമെങ്കിൽ അകന്നിരുന്നേ മതിയാകൂ... "ഞാൻ പിന്നെ വിളിക്കാം ശബരി അമ്മ വരുന്നുണ്ട്" വെറുതെയൊരു നുണ പറഞ്ഞിട്ട് ഞാൻ ഫോൺ കട്ടുചെയ്തു... നെടുവീർപ്പോടെ ഞാൻ അവിടെ നിന്ന് വീട്ടിലേക്ക് നടന്നു.ഞാൻ ചെല്ലുമ്പോൾ അമ്മ ചോറു വിളമ്പി പാത്രത്തിൽ വെച്ചിട്ടുണ്ട്... അതെടുത്ത് കഴിച്ചു ഞാൻ മുറിയിലേക്ക് പോയി.യാത്രാ ക്ഷീണവും തളർച്ചയും കാരണം കിടന്ന കിടപ്പിലൊന്ന് മയങ്ങിപ്പോയി... "എടി മതി എഴുന്നേറ്റേ സമയം സന്ധ്യയാകുന്നു"

പെട്ടെന്ന് ചാടിയെഴുന്നേറ്റതിനാൽ എനിക്ക് ഉറക്കബോധം വന്നില്ല.ഞാൻ പകച്ചു ചുറ്റുമൊന്നും നോക്കി കണ്ണുതിരുമ്മി... പതിയെ എനിക്ക് സ്ഥലകാല ബോധം വന്നു.ശബരിയുടെ വീടല്ല ഞാനെന്റെ വീട്ടിലാണെന്നും എനിക്ക് ഓർമ്മ വന്നു... "എഴുന്നേറ്റു ചെന്ന് ചായ കുടിക്ക്.." "ഞാനുടനെ വരാം അമ്മേ" അമ്മയെ പറഞ്ഞയച്ചിട്ട് ഞാൻ കുറച്ചു നേരം കൂടി അങ്ങനെ ഇരുന്നു.അടുക്കക്കയിൽ ചെന്ന് ചായ എടുത്തു കുടിച്ചു... യാത്ര ചെയ്തതിനാൽ മേലൊന്നു കഴുകി വന്നു.അതു കഴിഞ്ഞു അടുക്കളയിൽ അമ്മയുടെ കൂടെ ജോലിയിൽ സഹായിച്ചു സമയം ചിലവഴിച്ചു... ഞാൻ മുറിയിലെത്തി എന്റെ ഫോൺ എടുത്തു നോക്കി.കുറെയധികം മിസ്ഡ്കോൾ കിടക്കുന്നു. ശബരിയുടെയും നിർമ്മലാമ്മയുടെയും നമ്പരിൽ മാറി മാറി വിളിച്ചിട്ടുണ്ട്... ഞാൻ ഫോണെടുത്ത് നിർമ്മലാമ്മയെ വിളിച്ചു .മൂന്നു പ്രാവശ്യം റിങ്ങ് ചെയ്തിട്ടും കോളെടുത്തില്ല.ഉടനെ ശബരിയുടെ നമ്പർ പ്രസ് ചെയ്തു ഫോൺ കാതോട് ചേർത്തു... "ശബരി അമ്മയെവിടെ ഒന്ന് കൊടുക്ക്." "അമ്മക്ക് നല്ല ക്ഷീണം കിടക്കുകയാണ്" അതുകേട്ടതും എനിക് ആധി കയറി..

"സത്യം പറയെടാ നിർമ്മലാമ്മക്ക് എന്ത് പറ്റി" ഞാൻ കരയുന്ന മട്ടിലായി.. "എടി ഞാൻ അമ്മക്ക് കൊടുക്കാം" കുറച്ചു കഴിഞ്ഞു നിർമ്മലാമ്മയുടെ ശബ്ദം ഞാൻ മൊബൈലിലൂടെ കേട്ടു... "അമ്മേ എന്താ പറ്റീത്" "ഒന്നുമില്ല മോളേ ചെറിയൊരു തലകറക്കം .കിടന്നപ്പോൾ മാറി" എന്നിട്ടും എനിക്ക് സമാധാനം ആയില്ല.. "അമ്മ ശബരിയെയും കൂട്ടി ഹോസ്പിറ്റൽ പോയിട്ടുവാ" "അതൊന്നും സാരമില്ല..." നിർമ്മലാമ്മ പറഞ്ഞത് ഞാൻ സമ്മതിച്ചില്ല.ഒടുവിൽ എന്റെ നിർബന്ധത്തിനു അമ്മ വഴങ്ങി.. "രോഹിണി അച്ഛനു എങ്ങനെ ഉണ്ട്" "കുറവുണ്ട്" "പണത്തിനു ആവശ്യം വന്നാൽ പറയണം" "പറയാം അമ്മേ" അമ്മയോട് സംസാരിച്ചിട്ട് ഞാൻ ഫോൺ വെച്ചു.കുടെ കഴിഞ്ഞു ശബരിയുടെ കോൾ വന്നു... "എന്നോടൊന്നും സംസാരിക്കണ്ടേ രോഹിണി നിനക്ക്" "ടാ നിന്നോടല്ലേ ഞാനിന്ന് മുഴുവനും സംസാരിച്ചത്" ഞാൻ കുസൃതിയോടെ ചോദിച്ചു... പതിയെ ശബരിയിൽ നിന്ന് അകന്ന് ഇരിക്കുകയാണെന്ന ഫീലിനു കുറവ് വന്നു തുടങ്ങി. മൊബൈലിലൂടെയുളള സംസാരം തൊട്ടടുത്താണെന്നുളള അനുഭൂതി തന്നിരുന്നു...

"എന്നാൽ ഗുഡ് നൈറ്റ് ശബരി..ഉറക്കം വരുന്നു" മണിക്കൂർകൾക്ക് ശേഷമുള്ള സംസാരത്തിനൊടുവിൽ ഞാൻ പറഞ്ഞു... "എങ്കിൽ സമ്മാനം തന്നേക്ക്." "എന്ത് സമ്മാനം " ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ ചോദിച്ചു.. "എനിക്കുളള ഉമ്മ" "വഷളൻ... അങ്ങനെ പറഞ്ഞെങ്കിലും ശബരിക്കൊരു മുത്തവും കൊടുത്തു ഗുഡ് നൈറ്റ് പറഞ്ഞു ഫോൺ വിളി അവസാനിപ്പിക്കാൻ ശ്രമിച്ചു... ശബരിയാണെങ്കിൽ ഫോൺ വെക്കുന്നുമില്ല... " എന്തായാലും ഇത്രയുമായി ..എനിക്ക് കൂടി സമ്മാനം തന്നേക്ക് " പറഞ്ഞു തീർന്നില്ല അതിനു മുമ്പ് ശബരിയെനിക്ക് ഫോണിലൂടെ മുത്തം തന്നു... "ലബ്യൂ ..ഉമ്മ..ഉമ്മ ലബ്യൂ" ശബരി ആവർത്തിച്ചു കൊണ്ടിരുന്നു... നേരം വെളുക്കുവോളം ശബരിയിത് തുടരുമെന്ന് അറിയാവുന്നതിനാൽ വീണ്ടും ഗുഡ്നൈറ്റ് പറഞ്ഞു ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചു.... കിടന്നിട്ട് എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.. ശബരിയും നിർമ്മലാമ്മയും എന്റെ മനസിൽ സ്ഥാനം പിടിച്ചിരുന്നു... ഞാൻ ഉറങ്ങുമ്പോൾ നേരം വൈകിയിരുന്നു.അതിനാൽ എഴുന്നേൽക്കാനും താമസിച്ചു...

രാവിലെ പതിവ് ശീലങ്ങൾ കഴിഞ്ഞു ഞാൻ അടുക്കളയിൽ അമ്മയെ സഹായിക്കാൻ കൂടി... "രോഹിണി വീട്ടിലെ അവസ്ഥ വളരെ മോശമാണ്.അച്ഛനു മരുന്നുമൊക്കെ വാങ്ങണം" അമ്മയെന്നെ ഓർമ്മിപ്പിച്ചതോടെ എന്റെ കണ്ണു നിറഞ്ഞു... ഇത്രയും നാളൊരു ജോലി ഉണ്ടായിരുന്നു. തെറ്റില്ലാത്ത ശമ്പളവും കിട്ടിയിരുന്നു. എന്തെങ്കിലും ജോബ് ഉടനെ കണ്ടെത്തണമെന്ന് ഞാൻ തീരുമാനിച്ചു... കുറച്ചു ദിവസങ്ങൾ കഴിഞ്ഞു. ഒരുകൂട്ടുകാരി മുഖേനെ ചെറിയൊരു ജോലി ഒപ്പിച്ചു. അതിനു പോയി തുടങ്ങി.... അകലെ ആയിരുന്നിട്ടും ശബരി അരുകിലില്ലെന്ന ഫീൽ ഫോൺ വിളിയിലൂടെ മാറിക്കിട്ടി.മൊബൈലിലെ സംസാരത്തിലൂടെ ഞങ്ങളുടെ പ്രണയം ശാന്താമായ പുഴപോലെയങ്ങനെ ഒഴുകി കൊണ്ടിരുന്നു.... ദിവസങ്ങൾ മാസങ്ങളായി മാറിക്കൊണ്ടിരുന്നു...ഒരിക്കൽ ശബരിയെന്നെ ഫോണിൽ വിളിച്ചു... "രോഹിണി എനിക്ക് നിന്നെയൊന്ന് കാണണം കണ്ടേ മതിയാകൂ.. ശബരി കട്ടായം പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല... " പറ്റില്ല ശബരി നീ സപ്ലി എന്ന് എഴുതി എടുക്കുന്നോ ആ ദിവസം കണ്ടാൽ മതി.

" ഞാൻ കുറച്ചു കടുപ്പത്തിലാണു സംസാരിച്ചത്... "നീയെന്ത് പറഞ്ഞാലും ശരി രോഹിണി.. എനിക്ക് നിന്നെ കാണണം കണ്ടേ മതിയാകൂ" "പറ്റില്ലെന്നല്ലേ ശബരീ ഞാൻ മലയാളത്തിൽ പറഞ്ഞത്.നിനക്കിനി മനസിലായില്ലാന്നുണ്ടോ" ഞാൻ തെല്ല് ചൂടായി... "എന്തൊക്കെ ആയാലും സാരമില്ല.. നിന്നെ കാണാതെ എനിക്കിനി വയ്യ..ദാ ഞാൻ പുറപ്പെട്ടു കഴിഞ്ഞു" മറുവശത്ത് ഫോൺ കട്ടായിട്ടും ഞാനത് ചെവിയോട് ചേർത്തു സ്തംഭിച്ചു നിന്നു... എനിക്കും ആഗ്രഹമുണ്ട് ശബരിയെ കാണാൻ.. ഇപ്പോൾ കണ്ടാൽ അവൻ സപ്ലി എഴുതില്ല‌.. വീട്ടിൽ വരുമ്പോൾ ശബരിയെന്നെ കാണരുത്. അതിനു എന്തെങ്കിലും വഴി കണ്ടെത്തണം... എന്റെ ചിന്ത മുഴുവനും ശബരിയും ഞാനും തമ്മിലുള്ള കൂടിക്കാഴ്ച എങ്ങനെ ഒഴിവാക്കാമെന്ന് ചിന്തിക്കുകയായിരുന്നു.... "പൊടുന്നനെ എന്റെ മനസ്സിലൊരു വഴി തെളിഞ്ഞു..... (" തുടരും")......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story