രോഹിണി: ഭാഗം 16

rohini

എഴുത്തുകാരി: വൈദേഹി വൈഗ - വാസുകി  വസു

എത്രനേരം കരഞ്ഞുവെന്ന് എനിക്ക് അറിയില്ല.കരച്ചിൽ അടങ്ങി കഴിഞ്ഞപ്പോഴേക്കും ഫോൺ കട്ടായി കഴിഞ്ഞിരുന്നു. ഫോണെടുത്ത് ഒരിക്കൽക്കൂടി വിളിക്കാൻ തോന്നിയില്ല.ശബരിയുടെ സാന്നിധ്യം തന്നിലേക്ക് പടർന്നൊഴുകിയതു പോലെയൊരു ഫീൽ എനിക്ക് അനുഭവപ്പെട്ടു. "പാവം ഇത്രയും ദൂരത്ത് നിന്ന് എന്നെ കാണുവാൻ ആഗ്രഹത്തോടെ വന്നതാണ്.കാണാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞെങ്കിലും ശബരിയുടെയുള്ളിൽ കണ്ടുമുട്ടാനാകുമെന്ന് അവൻ വിശ്വസിച്ചിരിക്കും. കാണണമെന്ന് എനിക്കുമുണ്ട് മോഹം.പക്ഷേ ശബരി ഉഴപ്പുമെന്ന ഭയം എപ്പോഴും എന്നെ വേട്ടയാടുന്നുണ്ട്.. ഞാൻ കണ്ണുകൾ തുടച്ച് റൂമിൽ നിന്നിറങ്ങി നേരെ കിച്ചണിൽ ചെന്നു.. " ഞാൻ ചെയ്യാം ടീച്ചറേ" ടീച്ചർ എന്റെ മുഖത്തേക്ക് നോക്കി. "എന്താ രോഹിണി നീ കരഞ്ഞോ..കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ" "ഹേയ് ഒന്നുമില്ല.ടീച്ചർക്ക് തോന്നണതാ" ഞാൻ ടീച്ചർക്ക് മുഖം കൊടുക്കാതിരിക്കാൻ ശ്രമിച്ചു. "രോഹിണി ഞാനൊരു ടീച്ചറാണെന്ന് നീ മറന്നാലും ഞാൻ മറക്കില്ല.കുട്ടികളുടെ മുഖമൊന്ന് വാടിയാൽ എനിക്ക് മനസിലാകും"

പെട്ടെന്ന് ഞാൻ പൊട്ടിക്കരഞ്ഞു പോയി. ടീച്ചർ എന്റെ തോളിൽ തട്ടി. "എന്തെങ്കിലും സങ്കടമുണ്ടെങ്കിൽ ഷെയർ ചെയ്താൽ കുറച്ചു ആശ്വാസം ലഭിക്കും കുട്ടീ" പിന്നെ ഞാനൊന്നും മടിച്ചില്ല.ശബരിയുമായിട്ടുളള പ്രണയം ടീച്ചറോട് തുറന്നു സംസാരിച്ചു.എല്ലാം വള്ളിപുള്ളി വിടാതെ പറഞ്ഞു.. ടീച്ചർ കുറച്ചു നേരത്തേക്കെന്തോ ആലോചിച്ചിരിന്നു. "ആ ചെറുക്കൻ ഇത്രയും ദൂരം വന്നതല്ലേ രോഹിണി. നിനക്കൊന്ന് കാണാനായി അനുമതി കൊടുക്കാമായിരുന്നു" ടീച്ചറിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകൾ ചിതറി വീണതോടെ ഞാൻ തകർന്നു പോയി. "സാരമില്ല.കഴിഞ്ഞതിനെ കുറിച്ച് ചിന്തിക്കാതെ അടുത്ത സ്റ്റെപ്പ് നോക്കാം" ടീച്ചർ ചിരിയോടെ എന്നെ നോക്കി. "ടിച്ചർ കരുതുന്ന പോലെയല്ല ശബരീ..സപ്ലി എഴുതാതെ ഉഴപ്പി നടപ്പാണ്.നിർമ്മലാമ്മ പറഞ്ഞാൽ കൂടി അനുസരിക്കില്ല" ടീച്ചർ ഒന്നും മിണ്ടിയില്ല..പകരം ജോലിയിൽ ശ്രദ്ധിച്ചു. "നീയിന്ന് റെസ്റ്റ് എടുത്തോളൂ.നാളെ രാവിലെ മുതൽ അടുക്കളയിൽ എന്നെ സഹായിച്ചാൽ മതി" എത്രയൊക്കെ പറഞ്ഞിട്ടും ടീച്ചർ സമ്മതിച്ചില്ല.ഞാൻ തിരികെ മുറിയിലേക്ക് വന്നു..

ഫോൺ എടുത്തു നോക്കിയപ്പോൾ വീട്ടിൽ നിന്ന് അമ്മയുടെ കുറെ മിസ്ഡ് കോൾ കണ്ടു.ഉടനെ ഞാൻ തിരികെ വിളിച്ചു.. "അമ്മേ ശബരി പോയോ" എനിക്ക് അതറിയാനായിരുന്നു തിടുക്കം.. "ആ പയ്യൻ കുറേനേരം ഇരുന്നിട്ടാ പോയത്.ഞാൻ പറഞ്ഞിട്ടൊന്നും ശബരി വിശ്വസിച്ചില്ല" അമ്മക്ക് മറുപടി കൊടുത്തില്ല.പകരം ഞാൻ ഒരിടത്ത് ജോലിക്ക് കയറിയെന്ന് മാത്രം സൂചിപ്പിച്ചുള്ളൂ.ആരും തിരക്കി വരരുതെന്ന് മാത്രമാണ് ഞാൻ ആഗ്രഹിച്ചത്.. വൈകുന്നേരം ആയപ്പോൾ ടീച്ചറുടെ ഭർത്താവ് സേതുമാധവൻ വന്നു.എന്നെ കണ്ടിട്ടാകും ആദ്യം ആളൊന്ന് അമ്പരന്നു.. "സേതുവേട്ടാ ഇതാണ് രോഹിണി. പ്ലസ്ടൂവിനു ഞാൻ പഠിപ്പിച്ചതാണ്" ടീച്ചർ എന്നെ ഭർത്താവിനു പരിചയപ്പെടുത്തി. അദ്ദേഹം ജസ്റ്റൊന്ന് പുഞ്ചിരിച്ചു എന്നൊഴിച്ചാൽ ഒന്നും ചോദിച്ചില്ല. മധ്യവയസ്ക്കനെങ്കിലും ആൾ ഹാൻഡ്സം ആണ്. നല്ല ചുറുചുറുക്കുണ്ട്.. ഹാളിൽ അവർ രണ്ടു പേരും കൂടി സംസാരിക്കാൻ തുടങ്ങിയതോടെ മെല്ലെ ഞാൻ റൂമിലേക്ക് വലിഞ്ഞു.. രാത്രിൽ അവർ ഭക്ഷണം കഴിച്ചതിനു ശേഷമാണ് അടുക്കളയിൽ ചെന്ന് ഞാൻ ആഹാരം കഴിച്ചത്.

എന്നിട്ട് നേരെ എന്റെ മുറിയിൽ വന്നു. കിടക്കാൻ നേരം ഞാൻ ശബരിയെ കുറിച്ച് ഓർത്തു.എനിക്ക് അവന്റെ സംസാരം കേൾക്കാൻ കൊതി തോന്നി.ഇടിക്കുന്ന ഹൃദയമിടിപ്പോടെ ശബരിയുടെ നമ്പർ പ്രസ് ചെയ്തിട്ട് ഫോൺ കാതോട് ചേർത്തു. ശബരി കോൾ എടുക്കാൻ സാദ്ധ്യത കുറവാണെന്ന് ഞാൻ ഉറപ്പിച്ചു. പക്ഷേ എന്റെ പ്രതീക്ഷകളെ തകിടം മറിച്ചു ശബരിയുടെ സ്വരം കാതിലെത്തി.. "രോഹിണി... എല്ലാം തകർന്നവനെ പോലെയുള്ള ശബരിയുടെ നിലവിളി നെഞ്ചിൻ കൂടി തകർത്തു കളഞ്ഞു.. " ശബരീ.. ഞാനും കരയുകയായിരുന്നു. "വെറുതെ എന്തിനാടോ വാശി..തന്നെയൊന്ന് ഞാൻ കണ്ടിട്ട് പൊയ്ക്കോളുമായിരുന്നല്ലോ.എത്ര നാളെന്ന് കരുതിയാണു ഒന്ന് കാണാതിരിക്കുന്നത്" ശബരി കരയുകയാണെന്ന് മനസിലായതും എന്റെ കരച്ചിലിനു ശക്തി കൂടി.. എനിക്ക് ആ നിമിഷം അവനെ കാണണമെന്ന് തോന്നി.. "ശബരി പറയ്..എവിടെ വരണം..ഞാൻ വരാം.എനിക്ക് നിന്നെ കാണണം" കുറച്ചു നേരത്തേക്ക് ശബരിയുടെ അനക്കമൊന്നും കേട്ടില്ല. "വേണ്ട രോഹിണി. നീയെന്റെ നല്ലതിനു വേണ്ടിയല്ലേ പറഞ്ഞത്.

സപ്ലിയൊക്കെ എഴുതിയെടുത്ത് ജോലി വാങ്ങിക്കാൻ.നിന്റെ ആഗ്രഹം നടന്നു കഴിഞ്ഞു മതി തമ്മിൽ കണ്ടുമുട്ടുന്നത്.അതുവരെ ഒരിക്കലും നമ്മൾ കാണില്ല." "ശബരീ..എനിക്ക് പറ്റില്ല കാണണം" "ഇതേ വേദനയോടെയാണ് ഞാൻ നിന്നെ തേടി വന്നത്..അവരവർക്ക് വരുമ്പോഴെ മുറിവിന്റെ ആഴമറിയൂ" എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല.. "എന്നു കരുതി നിന്നെ മറക്കില്ല..നമ്മുടെ പ്രണയം ഇങ്ങനെ ഒഴുകട്ടെ" വേദന നിറഞ്ഞ സ്വരത്തോടൊപ്പം ഫോൺ കട്ടായി...ഞാൻ അറിയുക ആയിരുന്നു ശബരി അനുഭവിച്ച ഹൃദയവേദന.എനിക്ക് ഇപ്പോൾ എല്ലാം മനസിലാകുന്നു.. രാത്രി മുഴുവനും കരഞ്ഞതിനാൽ രാവിലെ എഴുന്നേൽക്കുമ്പോൾ നല്ല തലവേദന ഉണ്ടായിരുന്നു. ഞാനത് കാര്യമാക്കാതെ വെളുപ്പിനെ ഉണർന്ന് ടീച്ചറുടെ കൂടെ അടുക്കളയിൽ കയറി ജോലികൾ ചെയ്തു... എനിക്ക് ടീച്ചറുടെ വീട്ടിൽ യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. സ്വന്തം വീട് പോലെ ആയിരുന്നു. ടീച്ചറുടെ ഏകമകൻ അങ്ങ് ദൂരെ എഞ്ചിനീയറിങ്ങ് കോളേജിലണു പഠിക്കുന്നത്.അവിടുത്തെ ഹോസ്റ്റലിൽ താമസം. മാസത്തിൽ ഒരിക്കൽ വരും.നല്ല പെരുമാറ്റം.. ദിനരാത്രങ്ങൾ കൊഴിഞ്ഞു വീണു.

ദിവസങ്ങൾ മാസങ്ങളായി മാറി.. എനിക്ക് കിട്ടുന്ന ശമ്പളം മുഴുവനും ഞാൻ വീട്ടിലേക്ക് അയച്ചു കൊടുത്തു..ഇടക്കിടെ അച്ഛനു അസുഖം കൂടുന്നത് മാത്രം മനസിനെ അലട്ടിയിരുന്നുള്ളൂ... ഫോൺ വഴി എന്റെയും ശബരിയുടെയും പ്രണയം ശാന്തമായി ഒഴുകി.ഇടക്കിടെ സപ്ലിയുടെ കാര്യം സംസാരിക്കുമ്പോൾ ഉടക്കാണ്..ഇടക്കിടെ ഓർമ്മിപ്പിക്കുമ്പോൾ ശബരി ശ്രദ്ധിക്കുമെന്ന് ഞാൻ കരുതി.. ഒരു വർഷം പെട്ടന്നാണ് കടന്നു പോയത്..ഇടക്കിടെ ഞാൻ വീട്ടിൽ വന്നു പോയിരുന്നു... ഒരുദിവസം അപ്രതീക്ഷിതമായി ഞാൻ ശബരിയുടെ വീട്ടിലേക്ക് പോയി .എന്നെ കണ്ടിട്ടാദ്യം നിർമ്മലാമ്മ അമ്പരന്നു.. അത് മാറിയപ്പോൾ ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു... "എന്റെ ഭഗവതി എത്ര ദിവസം കൊണ്ട് ഞാൻ കരുതുന്നതാ നിന്നെയൊന്ന് കണ്ടിരുന്നെങ്കിലെന്ന്" "അതല്ലേ അമ്മയുടെ ആഗ്രഹം മനസിലാക്കി ഞാൻ വന്നത്" ഞാൻ നിർമ്മലാമ്മയുടെ ഒപ്പം കൂടി.. വിശേഷങ്ങൾ പറഞ്ഞു തീരുന്നില്ല.. "എന്റെ കണ്ണുകൾ ഇടക്കിടെ ശബരിയെ തേടിയെങ്കിലും ആളെ അവിടെങ്ങും കണ്ടില്ല... " ശബരി എവിടെ അമ്മേ" "അവനെ കുറിച്ച് പറയാതിരിക്കുന്നതാ മോളേ നല്ലത്"

"എന്ത് പറ്റി അമ്മേ.." ഞാൻ അമ്പരന്നു.. "യാതൊരു ഉത്തരവാദിത്വവുമില്ല ശബരിക്ക്.രാവിലെ വല്ലതും കഴിച്ച് ഇവിടെ നിന്നിറങ്ങും.വരുന്നത് പാതിരാത്രിയിൽ മൂക്കറ്റം കുടിച്ചിട്ടാണ്" അതുകേട്ട് ഞാൻ ഞെട്ടിപ്പോയി.. ഫോൺ വിളിക്കുമ്പോൾ ശബരി നല്ല കുഞ്ഞാണ്.. "മോളിന്ന് പോണുണ്ടോ" "ഇല്ലമ്മേ ഞാനിന്ന് അമ്മയോടൊപ്പം കൂടുവാ" നിർമ്മലാമ്മക്ക് അതുകേട്ട് സന്തോഷമായി.അടുക്കളയിൽ പാചകം ചെയ്യാനൊക്കെ ഞാനും കൂടി.. അന്ന് പാതിരാ വരെ ഞാനും നിർമ്മലാമ്മയും കൂടി ഓരോന്നും സംസാരിച്ചിരുന്നു.വീട്ടിലെ കാര്യങ്ങളൊക്കെ അമ്മ ചോദിച്ചറിഞ്ഞു.. "ഉറക്കം വരുന്നെങ്കിൽ അമ്മ കിടന്നോളൂ..ശബരി വരുമ്പോൾ ഞാൻ വാതിൽ തുറന്നു കൊടുക്കാം" സംസാരത്തിനിടയിൽ നിർമ്മലാമ്മ കോട്ടുവായ് ഇടുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.. "ശരി മോളേ" നിർമ്മലാമ്മ കിടക്കാൻ പോയതോടെ ഞാൻ ശബരിക്കായി കാത്തിരുപ്പ് തുടർന്നു.പലപ്പോഴും ഫോൺ വിളിക്കാൻ ഒരുങ്ങിയതാണ്.ആൾ നേരിട്ടു കാണട്ടെയെന്ന് കരുതി ഞാൻ വിളിച്ചില്ല.. രാത്രി ഒരുമണി കഴിഞ്ഞപ്പോൾ ശബരിയുടെ ബുളളറ്റ് വന്ന് നിൽക്കുന്ന ശബ്ദം ഞാൻ കേട്ടു.

തുടർന്ന് നിർത്താതെയുളള കോളിങ്ങ് ബെൽ മുഴക്കവും.. ഞാൻ ചെന്ന് വാതിൽ തുറന്നു.. ശബരി പുറം തിരിഞ്ഞു നിൽക്കുന്നു.. "ശബരീ" എന്റെ വിളിയൊച്ച കേട്ടു ശബരി ഞെട്ടിപ്പോയി. എന്നെ ആൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല.. "നീ എപ്പോൾ വന്നു..എന്തിനു വന്നു" അവന്റെ സംസാരത്തോടൊപ്പം മദ്യത്തിന്റെ രൂക്ഷഗന്ധം എന്റെ മൂക്കിൽ ഇരച്ചു കയറി.. എനിക്ക് ഓക്കാനം വരുന്നുണ്ട്.. "നമുക്ക് രാവിലെ സംസാരിക്കാം..ശബരി വാ" ഞാൻ പിന്നിലേക്ക് മാറിയതോടെ ശബരി ആടിയാടി അകത്ത് കയറി. ഞാൻ കതക് അടച്ചു ലോക്ക് ചെയ്തു... "കഴിക്കാനെടുക്കട്ടെ ശബരി" "വേണ്ട ഞാൻ കഴിച്ചു" ശബരി മുകളിലേയ്ക്ക് കയറിയതും താഴേക്ക് മലർന്നടിച്ചു വീണു.എനിക്ക് കരച്ചിൽ വന്നു.ഞാൻ അവനെ താങ്ങിപ്പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.. "തൊട്ടു പോകരുത്" ശബരി അലറിയെങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ താങ്ങിപ്പിടിച്ചു ഞാൻ മുറിയിൽ കൊണ്ട് ചെന്ന് കിടത്തി... എനിക്കായി ഒരുക്കിയ മുറിയിലെത്തി ഞാൻ ഒരുപാട് കരഞ്ഞു.അന്നു രാത്രി ഉറങ്ങാതെ നേരം വെളുപ്പിച്ചു...

രാവിലെ താമസിച്ചാണു ശബരി എഴുന്നേറ്റത്.അമ്മയാണു ചായ കൊണ്ട് ചെന്ന് കൊടുത്തത്.ഞാൻ രാവിലെ തന്നെ മടങ്ങാനൊരുങ്ങി... "ശബരി എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്" മടങ്ങാനുളള വേഷം മാറ്റി ധരിച്ച് ഞാൻ ശബരിയുടെ മുറിയിലെത്തി. ആൾ ഉണർന്ന് കിടപ്പുണ്ടായിരുന്നു.. "വന്നൊന്ന് കണ്ടിട്ട് ഒന്ന് സംസാരിച്ചു കൂടിയില്ല..മടങ്ങാൻ പോകുന്നൂന്ന്" ശബരി പതിയെ എഴുന്നേറ്റു.. ഞാൻ മുഖത്ത് ഗൗരവം വരുത്തി.. "ഇന്നലെ ശബരി എന്നോട് പറഞ്ഞതൊന്നും ഞാൻ മറന്നട്ടില്ല" "രോഹിണി ഞാനത് വെളളത്തിന്റെ പുറത്ത് പറഞ്ഞതാണ് സോറി" "എന്നോട് കളളം പറയാൻ വരെ ശബരി പഠിച്ചു.നിനക്ക് നന്മ വരാനായി ഞാൻ പ്രാർത്ഥിക്കാത്ത ഒരുദിവസം പോലുമില്ല.നീയാണെങ്കിൽ ഇവിടെ കുടിച്ചു നശിക്കുന്നു" കോപം മുഴുവനും ഞാൻ വാക്കുകളിൽ തീർത്തു.. "രോഹിണി" ശബരിയുടെ സങ്കടത്തോടെയുളള വിളി.. "ഇനിയെന്നെ നീ അങ്ങനെ വിളിച്ചു പോകരുത്" ഞാൻ ശബരിയുടെ നേർക്ക് വിരൽ ചൂണ്ടി...

"എനിക്ക് നിന്നെയിനി കാണണ്ടാ ശബരി.എനിക്ക് നിന്നെ ഇഷ്ടമല്ല..നിനക്ക് നിന്റെ വഴി..എനിക്ക് എന്റെയും.മേലിൽ എന്നെ ഫോണിലും വിളിച്ചു പോകരുത്.ഇവിടെ തീർന്നു നമ്മൾ തമ്മിലുള്ള ബന്ധം" വാക്കുകൾ അറത്ത് മുറിച്ച് പറഞ്ഞിട്ട് ഞാൻ അവിടെ നിന്ന് താഴേക്ക് ഓടിയിറങ്ങി..പിന്നിൽ നിന്ന് നിർമ്മലാമ്മ വിളിച്ചിട്ടു കൂടി ഞാൻ നിന്നില്ല... ഒരിക്കലും ശബരിയോട് അങ്ങനെ തുറന്നടിക്കാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല..എന്നോടുളള വാശിക്കെങ്കിലും ശബരി സപ്ലി എഴുതി എടുക്കട്ടെ..ഇതല്ലാതെ എനിക്ക് മുമ്പിൽ മറ്റ് മാർഗ്ഗങ്ങൾ ഇല്ല... അടക്കിപ്പിടിച്ച തേങ്ങലുകൾ ഹൃദയത്തിൽ നിന്ന് വമിക്കുമ്പോഴും കണ്ണുകൾ അനുസരണയില്ലാതെ ഒഴുകിക്കൊണ്ടിരുന്നു........ (" തുടരും")......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story