രോഹിണി: ഭാഗം 17

rohini

എഴുത്തുകാരി: വൈദേഹി വൈഗ - വാസുകി  വസു

ശബരിയുടെ വീട്ടിൽ നിന്നിറങ്ങി നടക്കുമ്പോൾ ഹൃദയം വല്ലാതെ പിടച്ചിരുന്നു.കുറച്ചു ദൂരം നടന്നിട്ട് ഞാൻ വെറുതെയൊന്ന് തിരിഞ്ഞ് നോക്കി.അവിടെ എന്നെയും നോക്കി നിൽക്കുന്ന ശബരിയെയും അമ്മയേയും നിറകണ്ണുകളോട് ഞാൻ കണ്ടു.. അവിടെ നിന്ന് ബസ് കയറി മഞ്ജു ടീച്ചറുടെ വീട്ടിലെത്തുമ്പോൾ സമയം ഉച്ച കഴിഞ്ഞിരുന്നു.. "വീട്ടിൽ പോയിട്ട് എന്തുണ്ട് മോളേ വിശേഷം" എന്നെ കണ്ടയുടനെ ടീച്ചർക്ക് വീട്ടിലെ വിശേഷങ്ങളറിയാനായിരുന്നു . "അങ്ങനെ പ്രത്യേകിച്ചൊന്നും പറയാനില്ല ടീച്ചറേ.അച്ഛനു അസുഖം കൂടുതലാണ്" അച്ഛനെ കുറിച്ച് പറയുമ്പോൾ എന്റെ സ്വരം ഇടറിയിരുന്നു.. "വിഷമിക്കാതെ മോളേ എല്ലാം നേരെയാകും" ടീച്ചർ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. "ഞാൻ വേഷമൊന്ന് മാറ്റിയട്ട് ഉടനെ വരാം" "നീ ആഹാരം കഴിച്ചിട്ടാണോ വന്നത്" "ഇല്ല" ശബരിയുടെ വീട്ടിൽ നിന്ന് ഒന്നും കഴിച്ചിരുന്നില്ല.

രാവിലെ അവനുമായി സംസാരിച്ചപ്പഴേ സമനില തെറ്റിയിരുന്നു. വിശപ്പ് ഇല്ലായിരുന്നു. സത്യമാണ്.ശബരിയോടെ വഴക്കിട്ടെങ്കിലും അവന്റെ നല്ലതിനു വേണ്ടിയാണ്.. സ്നേഹത്തോടെ ഒരുപാട് പ്രാവശ്യം കരഞ്ഞും അപേക്ഷിച്ചും നോക്കി.രക്ഷയില്ലെന്ന് മനസിലായതോടെ വഴക്കിടേണ്ടി വന്നത്. "നീ ചെന്ന് വേഷം മാറിയട്ട് വാ.ഞാൻ ആഹാരം എടുത്ത് വെക്കാം" ഇത്രയും പറഞ്ഞിട്ട് ടീച്ചർ കിച്ചണിലേക്ക് പോയതോടെ ഞാൻ റൂമിലേക്ക് കയറി. വിശപ്പിനെക്കാൾ കൂടുതൽ മാനസികമായ തളർച്ചയാണെനിക്ക്.പിന്നെ ടീച്ചറെ പിണക്കേണ്ടെന്ന് കരുതി ഭക്ഷണം കഴിച്ചെന്ന് വരുത്തി.. "ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ രോഹിണി" ടീച്ചറുടെ കണ്ണുകൾ എന്നിലായിരുന്നു.ഞാനൊന്ന് പതറിയെങ്കിലും ധൈര്യസമേതം മറുപടി കൊടുത്തു. "ടീച്ചർക്ക് എന്നോടെന്ത് വേണമെങ്കിലും ചോദിക്കാം.അതിനു മുഖവുരയുടെ ആവശ്യമില്ല" "വീട്ടിലേക്കെന്നും പറഞ്ഞു രോഹിണി പോയത് ശബരിയുടെ വീട്ടിലേക്കല്ലേ" കഴിച്ചു കൊണ്ടിരുന്ന ചോറ് നിറുകയിൽ കയറി.ഞാനൊന്ന് ചുമച്ചു..

ടീച്ചർ പതിയെ എന്റെ തലയിലൂടെ തടവി. "ദാ വെളളം കുടിക്ക്" പുഞ്ചിരിയോടെ ടീച്ചർ വെളള നിറച്ചുവെച്ച ഗ്ലാസ് എനിക്ക് നേരെ നീട്ടി.ഞാനത് വാങ്ങിക്കുടിച്ചിട്ട് ടേബിളിൽ വെച്ചു.. "പറയൂ രോഹിണി" വീണ്ടും ചോദ്യം ആവർത്തിക്കപ്പെട്ടതോടെ ഞാൻ തല കുനിച്ചിരുന്നു.കളളം കണ്ടുപിടിക്കപ്പെട്ട ബാലികയുടെ അവസ്ഥയിൽ ആയിരുന്നു ഞാൻ. "അതേ ടീച്ചറേ" ഒന്നും ഒളിച്ചുവെക്കാതെ ഞാനെല്ലാം തുറന്നു സംസാരിച്ചു.മനസിന്റെ വിങ്ങലിനു കുറച്ചു ആശ്വാസം ലഭിച്ചാൽ അത്രയും നല്ലത്.. "രോഹിണിയുടെ തീരുമാനം ശരിയാണെന്ന് തോന്നുന്നുണ്ടോ?അത് കൂടുതൽ കുഴപ്പത്തിലേക്ക് പോവുകയുളളൂ" "ഞാൻ പിന്നെന്താ ടീച്ചറേ ചെയ്യുക.നാഴികക്ക് നാൽപ്പത് പ്രാവശ്യം പറയും എങ്ങനെ എങ്കിലും സപ്പ്ളി എഴുതി എടുക്കാൻ. കേട്ടഭാവം നടിക്കില്ല.ഇപ്പോൾ ശബരി കുടിച്ചു നശിക്കുകയാണ്" ഞാൻ ടീച്ചർക്ക് മുമ്പിലിരുന്നു വിതുമ്പിക്കരഞ്ഞു.. "സാരമില്ല മോളേ എല്ലാം ശരിയാകും.ഈശ്വരൻ നിന്റെ മനസിന്റെ നന്മ കാണാതിരിക്കില്ല" ഊണു കഴിക്കുന്നത് മതിയാക്കി ഞാൻ എഴുന്നേറ്റു. വേസ്റ്റ് ബക്കറ്റിൽ ശേഷിച്ചത് കുടഞ്ഞിട്ടിട്ട് പാത്രം കഴുകി വെച്ചു..

റൂമിൽ വന്ന് കുറച്ചു നേരം കിടന്നു.കിടന്നിട്ട് മനസ് ശാന്തമായിരുന്നില്ല..നല്ല തലവേദനയുണ്ട്. വൈകിട്ട് ടീച്ചറാണെനിക്ക് കടുപ്പത്തിലൊരു ചായയിട്ട് കൊണ്ട് തന്നത്. "കുടിക്ക് ക്ഷീണമൊക്കെ മാറട്ടെ" തലവേദന മാറാനുളള ഒരു ടാബ്ലെറ്റ് കൂടി കഴിച്ചിട്ട് വീണ്ടും കിടന്നു.ആ കിടപ്പിലങ്ങനെ മയങ്ങിപ്പോയി.. ഉറക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു.ശബരി എന്നോടുളള വാശിയിൽ സപ്പ്ളി എഴുതി എടുക്കുന്നതും നല്ലൊരു ജോലിക്കു ശ്രമിക്കുന്നതുമൊക്കെ.. ശബരിക്ക് ജോലി ലഭിച്ചശേഷം ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. പക്ഷേ അവനിൽ സന്തോഷമൊന്നും കണ്ടില്ല.. "ഗുഡ് ശബരി അന്ന് ഞാനങ്ങനെ പറഞ്ഞതിനാൽ എന്നോടുളള വാശിയിൽ നീ പഠിച്ച് ജോലി വാങ്ങി" "അതേടീ നിന്നോടുളള വാശി തന്നെ.. നിനക്ക് അഹങ്കാരമായിരുന്നില്ലേ" അത് കേട്ടിട്ടും ഞാൻ കരഞ്ഞില്ല.മറിച്ച് എനിക്ക് സന്തോഷം തോന്നി.. "ശബരിക്ക് എന്നോടുളള വെറുപ്പിൽ എനിക്ക് ദുഖമില്ല.നിർമ്മലാമ്മയുടെ കണ്ണീര് തോർന്നല്ലേ എനിക്ക് അത് മതി" അവൻ എന്നെ പുച്ഛിച്ച് ചിരിച്ചെങ്കിലും മനസ് നിറഞ്ഞ ഞാൻ തിരിച്ച് നടന്നു.

കണ്ണുകൾ നിറഞ്ഞു തൂവിയെങ്കിലും ആനന്ദക്കണ്ണീരായിരുന്നത്.. "നീയൊന്ന് നിന്നേ" ശബരി മെല്ലെ എന്റെ അരികിലേക്ക് നടന്നു വന്നു.എനിക്ക് സന്തോഷം തോന്നി. എന്നെ പെട്ടെന്ന് മറക്കാൻ അവനാകില്ല.. "മേലിൽ നീയെന്നെ കാണാൻ വരരുത്.നിന്നെയെനിക്ക് ഇഷ്ടമല്ല. I hate u .ലോകത്ത് ഞാനിപ്പോൾ ഏറ്റവും അധികം വെറുക്കുന്നത് നിന്നെയാണ്" എന്റെ നേരെ ഉയർന്ന അവന്റെ വിരലിലേക്ക് ഞാൻ സൂക്ഷിച്ചു നോക്കി.. എത്രപ്രാവശ്യം ആ വിരലുകൾ എന്റെ മുഖം കൈകളിൽ കോരിയെടുത്തു.എന്നെ അവന്റെ നെഞ്ചിലേക്ക് ചേർത്തണച്ചതും ആ കരങ്ങളാലാണ്.. "വെറുത്തോളൂ ശബരി എനിക്ക് സങ്കടമില്ല.നിന്റെ സന്തോഷത്തിനു ഒരു തടസമായി ഞാൻ വരില്ല.എന്നെ വിശ്വസിക്കാം" നെഞ്ഞ് പിഞ്ഞിക്കീറിയെങ്കിലും ഞാനങ്ങനെ പറഞ്ഞിട്ട് പിന്തിരിഞ്ഞു.പുറകെയൊരു തിരിച്ച് വിളി വെറുതെയെങ്കിലും ആശിച്ചു....അത് ഉണ്ടായില്ല... പിന്നെയെല്ലാം ഒരുനേർത്ത മൂടൽ മഞ്ഞുപോലെ അനുഭവപ്പെട്ടു.ഞാൻ ഞെട്ടിയുണർന്നു.കണ്ടത് സ്വപ്നമായിരുന്നെങ്കിലും എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല ശബരിയിലെ മാറ്റം.

. "ഇല്ല എന്റെ ശബരിക്ക് ഒരിക്കലും എന്നോടങ്ങനെ പെരുമാറാൻ കഴിയില്ല" ഞാൻ മനസിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു... "സ്നേഹം സത്യമാണെങ്കിൽ നമ്മളെ തേടിയെത്തും.. ആരോ എഴുതിയ വാക്കുകൾ മനസിൽ തെളിഞ്ഞു.. മുഖം കഴുകി ഞാൻ ഹാളിലേക്ക് ചെന്നു.ടീച്ചർക്കൊപ്പം ടീവി കണ്ടിരുന്ന സേതു അങ്കിളിനെ കണ്ടതോടെ ഞാൻ മുറിയിലേക്ക് പിൻ വലിഞ്ഞു.. " രോഹിണിയെ ഇങ്ങോട്ട് വാ. നിന്നെയാരും പിടിച്ചു തിന്നില്ല" സേതു അങ്കിളിന്റെ വിളികേട്ട് ചമ്മിയ മുഖത്തോടെ ഞാനങ്ങോട്ട് ചെന്നു. "ഇവിടിരിക്ക് രോഹിണി" ടീച്ചർ വിരൽ ചൂണ്ടിയ കുഷ്യനിൽ ഞാൻ അമർന്നിരുന്നു. ഇത്രയും നാളായിട്ടും ഞാൻ അങ്കിളിനോട് അധികം അടുത്ത് ഇടപെഴുകിയട്ടില്ല.തമ്മിൽ കാണുമ്പോളൊരു ചിരി.ഏതാനം വാക്കുകളിൽ സംസാരം കഴിയും.. "കുറെ മാസമായില്ലേ രോഹിണി ഇവിടെ ഞങ്ങൾക്ക് കൂട്ടായുളളത്..അതിനാൽ ചെറിയൊരു ഗിഫ്റ്റ് ഞങ്ങളുടെ വക" സേതുവങ്കിൾ എനിക്ക് നേരെ നീട്ടിയ സ്വർണ്ണമാല വാങ്ങാനാദ്യം ഞാൻ മടിച്ചു. "ഞങ്ങളുടെ മകൾ തന്നെയാണ് നീ.അതുകൊണ്ട് മടിക്കണ്ട.വാങ്ങിച്ചോളൂ"

അന്നുവരെ ഞാൻ ഗൗരവക്കാരനായി കരുതിയ അങ്കിളിന്റെ മനസിലെ നന്മ തിരിച്ചറിയുകയായിരുന്നു.. ടീച്ചറുടെ വകയൊരു ജോഡി സ്വർണ്ണക്കമ്മലും കിട്ടി..ഞാൻ അത്ഭുത ലോകത്തായിരുന്നു. സ്വർണ്ണമൊക്കെയിടാൻ ആഗ്രഹം ഉണ്ടെങ്കിലും വീട്ടിലെ അവസ്ഥ അനുവദിച്ചിരുന്നില്ല.. "പിന്നേ നാളെ മുതൽ അടുക്കളപ്പണിയൊക്കെ നിർത്തിയട്ട് എന്റെ കൂടെ ഓഫീസിലേക്ക് പോരേ.നിനക്ക് നല്ലൊരു ജോലി ശരിയാക്കിയട്ടുണ്ട്" "അയ്യോ അതൊന്നും വേണ്ട അങ്കിൾ ഞാൻ ഇവിടെ നിന്നോളാം" ഞാൻ മടിയോടെ പറഞ്ഞു.. "നിനക്ക് രക്ഷപ്പെടണ്ടെങ്കിലും വീട്ടിലെ കാര്യങ്ങൾ മുടക്ക് കൂടാതെ നടക്കട്ടെ രോഹിണി" പിന്നെ ഞാൻ എതിർത്തില്ല..ജോലിക്ക് പോകാമെന്ന് സമ്മതിച്ചു.. ഞാൻ വീട്ടിലേക്ക് വിളിച്ചു ജോലി കിട്ടിയ കാര്യം അറിയിച്ചു.പിന്നെ ശബരിയെ വിളിച്ചു. അവൻ കോൾ എടുത്തില്ല.മുമ്പും വിളിച്ചിട്ടും ഇത് തന്നെ ആയിരുന്നു..

രാത്രിയിൽ ഞാൻ നേരത്തെ കിടന്നു.രാവിലെ എഴുന്നേൽക്കണം.ക്ഷേത്രത്തിലൊന്ന് പോയി തൊഴണം.. മൊബൈലിൽ ഞാൻ അലാറം വെച്ചിട്ട് കിടന്നു.പുലർച്ചെ എഴുന്നേറ്റു കുളിച്ച് അമ്പലത്തിൽ പോയി വന്നു.. എട്ടുമണി കഴിഞ്ഞു അങ്കിളിനൊപ്പം പുതിയ ജോലി സ്ഥലത്തേക്ക് പോയി.ആദ്യമൊക്കെ ജോബ് പ്രയാസം ഉണ്ടെങ്കിലും പിന്നീടെല്ലാം എളുപ്പമായി.മാന്യമായ ശമ്പളവും ലഭിച്ചു.. വീട്ടിലെ പട്ടിണിക്ക് കുറച്ചൊക്കെ ശമനം വന്നു... ശബരിയുടെ വിശേഷങ്ങളൊക്കെ നിർമ്മലാമ്മയിൽ നിന്ന് ഞാൻ അറിഞ്ഞിരുന്നു..ആൾക്ക് ഇപ്പോൾ നല്ല മാറ്റമുണ്ടെന്ന്... ഒന്നര വർഷങ്ങൾക്ക് ശേഷം... ഞാൻ ഓഫീസിലെ വർക്കിൽ മുഴുകി ഇരിക്കുവാരുന്നു.പെട്ടെന്ന് സേതു അങ്കിൾ അവിടേക്ക് വന്നു.. പരിഭ്രമിച്ച മുഖം കണ്ടപ്പോൾ എനിക്ക് പേടി തോന്നി.. "എന്തുപറ്റി അങ്കിൾ" "ഹേയ് ഒന്നുമില്ല.നമുക്ക് വീട്ടിലേക്ക് പോകാം" "ശരി" ഞാൻ അങ്കിളിന്റെ കൂടെ വീട്ടിലെത്തി. ടീച്ചറും ഒരുങ്ങി നിൽപ്പുണ്ട്.. "എന്തുപറ്റി ടീച്ചറേ" "മോൾ വിഷമിക്കരുത്.അച്ഛനു പെട്ടെന്ന് അസുഖം കൂടി ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്തു. അമ്മ വിളിച്ചിരുന്നു" ഞാൻ കരയാൻ തുടങ്ങി.. വീട്ടിലേക്ക് ഞാൻ ഫോൺ വിളിച്ചെങ്കിലും ആരും എടുത്തില്ല..

"ടീച്ചർ സത്യം പറയൂ.എന്റെ അച്ഛനെന്ത് പറ്റി" എന്നിൽ നിന്ന് മിഴിനീർ ഒഴുകി തുടങ്ങി.. "നീ വാ നമുക്ക് ഹോസ്പിറ്റൽ പോകാം" ടീച്ചറോടൊപ്പം ഞാനും കാറിൽ കയറി. അങ്കിളാണു കാർ ഓടിച്ചത്...യാത്രയിൽ ഉടനീളം ഞാൻ പ്രാർത്ഥനയിൽ ആയിരുന്നു.. "ഈശ്വരാ അച്ഛനൊന്നും വരുത്തരുതേ" കാർ എന്റെ വീട്ടിലേക്കാണു ചെന്ന് നിന്നത്.അകലെ നിന്ന് ഞാൻ കണ്ടിരുന്നു മുറ്റത്ത് വലിച്ചു കെട്ടിയ വലിയ ടാർപാളിൻ..അവിടെ നിറയെ ആൾക്കൂട്ടം.. നെഞ്ചിലൂടെയൊരു മിന്നൽ പിണർ പാഞ്ഞു...കാർ നിന്നതും അലറിക്കരഞ്ഞു ഞാൻ ഇറങ്ങി ഓടി.. ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി മുറിയിലേക്ക് കയറിയ ഞാൻ കണ്ടു,,കത്തുന്ന നിലവിളക്കിനു കീഴെ നിശ്ചലമായ അച്ഛന്റെ ശരീരം കിടത്തിയിരിക്കുന്നത്..സമീപത്ത് കരഞ്ഞു തളർന്നു അമ്മയും അനിയനും ഇരിക്കിന്നു... "അച്ഛാ...എന്നെ ഇട്ടേച്ചു പോയോ" നിലവിളിയോടെ ഞാൻ അച്ഛന്റെ ശരീരത്തിനു സമീപം ബോധരഹിതയായി വീണു......... (" തുടരും")......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story