രോഹിണി: ഭാഗം 18

rohini

എഴുത്തുകാരി: വൈദേഹി വൈഗ - വാസുകി  വസു

എനിക്ക് ബോധം വരുമ്പോഴേക്കും അച്ഛനു കർമ്മങ്ങൾ ചെയ്യാനുള്ള ഒരുക്കങ്ങൾ റെഡിയായി കഴിഞ്ഞിരുന്നു. ആരൊക്കയോ എന്നെ പിടിച്ചു എഴുന്നേൽപ്പിച്ച് അച്ഛന്റെ അരുകിലെത്തിച്ചു.കയ്യിൽ തന്ന അരിയും പൂക്കളും ബോഡിക്കൊന്ന് വലം വെച്ചു വന്ന് ആ പാദങ്ങളിൽ അർപ്പിച്ചു. ഒരിക്കൽ കൂടി ഞാൻ അച്ഛനെ ഒരുനോക്ക് കണ്ടു.സങ്കടം സഹിക്കാൻ കഴിയാതെ അച്ഛന്റെ കവിളുകളിൽ അമർത്തിയൊരു ചുംബനം നൽകി, വാവിട്ടു നിലവിളിച്ചു കൊണ്ട് അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു.കുറച്ചു പേര് എന്നെ പിടിച്ചു അകത്തെ മുറിയിൽ കൊണ്ട് പോയി. അമ്മ കരഞ്ഞു പതം വന്നിരിക്കുന്നത് നിറകണ്ണുകളാൽ ഞാൻ കണ്ടു.എന്നെ കണ്ടതോടെ അമ്മയുടെ നിലവിളി ഉച്ചത്തിലായി.ഞാൻ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. കുറച്ചു കഴിഞ്ഞു ഞാൻ തെക്ക് ഭാഗത്തുള്ള ജനാല വാതിൽ തുറന്നിട്ടു.അച്ഛനെ ദഹിപ്പിക്കാനുളള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. അനിയന്റെ കയ്യിൽ അഗ്നിനാളം പകർന്നു കൊടുക്കുന്നതും ചിതയിലേക്കവൻ നാളം കൊളുത്തുന്നതും ഞാൻ കണ്ടു. എന്റെ ഹൃദയം ശക്തമായൊന്ന് തേങ്ങിപ്പോയി..

"അച്ഛന്റെ പൊന്നുമോൾ എപ്പോൾ വന്നു" ഇനിയാ വിളിയില്ലെന്ന് നെഞ്ച് പൊട്ടുന്ന വേദനയോടെ ഞാൻ ഓർത്തു.അച്ഛനില്ലാത്ത വീട്.അതെനിക്ക് ഓർക്കാൻ കൂടി കഴിയുന്നില്ല.വയ്യാതെ കിടന്നാലും അച്ഛൻ ഉണ്ടല്ലോയെന്നൊരു ആശ്വാസം ഊർജ്ജം തന്നെയാണ്. സങ്കടങ്ങളിൽ തളരുമ്പോഴും സാരമില്ലെടീ എന്നൊരു വാക്ക് അത്രയും മതി കരുത്താർജ്ജിക്കാൻ.. അഗ്നിനാളം അച്ഛനെ മൂടിപ്പൊതിഞ്ഞു കഴിഞ്ഞു... "മോളേ രോഹിണി" പിന്നിൽ നിന്നൊരു വിളി കേട്ടതോടെ ഞാൻ തിരിഞ്ഞ് നോക്കി.മഞ്ജു ടീച്ചറും സേതുവങ്കിളും നിൽക്കുന്നു. "രോഹിണി ഞങ്ങൾ അങ്ങോട്ട് ഇറങ്ങുവാണ്.എന്താവശ്യം വന്നാലും വിളിക്കാൻ മടിക്കരുത്" ഇത്രയും പറഞ്ഞിട്ട് ടീച്ചർ കുറെ നോട്ടുകൾ എന്നെ പിടിച്ചു ഏൽപ്പിച്ചു.വാങ്ങിക്കാൻ കൂട്ടാക്കിയില്ലെങ്കിലും ടീച്ചർ ബലമായി കൈവെളളയിൽ വെച്ചു തന്നു. "വേണ്ടെന്നു വെക്കണ്ടാ.പണത്തിന് ആവശ്യം വരും.ഞങ്ങളുടെ മകൾക്ക് നൽകുന്നതായി കണക്ക് കൂട്ടിയാൽ മതി" ഞാൻ ടീച്ചറുടെ തോളിലേക്ക് വീണ് തേങ്ങിക്കരഞ്ഞു. "നീയിങ്ങനെ ദുർബലയാകരുത് മോളേ.അമ്മക്കും അനിയനും നീ മാത്രമേയുള്ളൂ.

നീ കൂടി തളർന്നാൽ അവരും തളരും" "ഇല്ല ടീച്ചറേ ഞാനിനി കരയില്ല.അച്ഛന്റെ ആഗ്രഹം പോലെ എന്റെ അനിയനെ ഒരു നല്ല നിലയിൽ എത്തിക്കണം" "അങ്ങനെ ചിന്തിക്കുക.അച്ഛന്റെ ആഗ്രഹം നീ സാധിച്ചു കൊടുക്കുമ്പോൾ അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കും" ഇത്രയും പറഞ്ഞിട്ട് ടീച്ചറും അങ്കിളും കൂടി യാത്ര പറഞ്ഞു പോയി.കുറച്ചു കഴിഞ്ഞപ്പോൾ ആൾക്കാർ ഓരോരുത്തരായി പിരിഞ്ഞു പോയി.ഏറ്റവും അടുത്ത കുറച്ചു ആൾക്കാർ മാത്രം ശേഷിച്ചു.രാത്രി ആയതോടെ ഞാൻ അനിയനും അമ്മയും മാത്രം അവശേഷിച്ചു. അന്ന് ആഹാരം കഴിക്കാനൊന്നും തോന്നിയില്ല.അയൽക്കാർ ഒരുപാട് നിർബന്ധിച്ചെങ്കിലും വേണ്ടെന്ന് പറഞ്ഞു.. നാലഞ്ച് ദിവസം മെല്ലെ കടന്നുപോയി.അഞ്ചാം ദിനം അച്ഛന്റെ സഞ്ചയനവും പതിനാറാം നാൾ അടിയന്തരവും നടത്തി.എല്ലാത്തിനും മുൻ കയ്യെടുത്തത് ടീച്ചറും അങ്കിളും കൂടി ആയിരുന്നു.

"രോഹിണി അച്ഛൻ മരിച്ചിട്ട് ഇന്ന് പതിനാറാം നാളായി.നാളെ മുതൽ ജോലിക്ക് വരണം.വീട്ടിലെ ചിലവുകളും അനിയന്റെ പഠിത്തവുമൊക്കെ നടക്കണ്ടേ" അങ്കിൾ പറയുന്നത് ശരിയാണെന്ന് എനിക്ക് അറിയാം‌.അച്ഛന്റെ വിയോഗം തീർക്കാനാകാത്ത വിടവ് തന്നെയാണ്. പക്ഷേ അതിലും വലുതാണ് അച്ഛന്റെ സ്വപ്നങ്ങൾ. "ഞാൻ നാളെ രാവിലെ എത്തിക്കൊള്ളാം" "ശരി മോളേ" ചടങ്ങുകൾ കഴിഞ്ഞു എല്ലാവരും പോയി.ഞാൻ അമ്മയുടെ അടുത്തെത്തി. "അമ്മേ" എന്റെ നീട്ടിയുളള വിളികേട്ട് കിടന്നിരുന്ന അമ്മ കണ്ണു തുറന്നു. "നാളെ മുതൽ ഞാൻ ജോലിക്ക് പോകുവാണ്.ഋഷിയെ നാളെ മുതൽ പഠിക്കാനും വിടണം" അമ്മ ഒന്നും പറഞ്ഞില്ലെങ്കിലും ആ കണ്ണുകളിൽ ഞാൻ സമ്മതം ആണെന്ന് കണ്ടു.പാവം അമ്മ അച്ഛൻ പോയതോടെ മാനസികമായി തളർന്നു. "അമ്മ എപ്പോഴും ഇങ്ങനെ കിടക്കാതെ ഒന്ന് എഴുന്നേറ്റു നടന്നേ" ഞാൻ അമ്മയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. "അമ്മ വേണം ഞങ്ങൾക്ക് മാതൃകയാകാൻ.അമ്മ കൂടി തളർന്നാൽ ഞാനും അനിയനും കൂടി തളരും" പൊട്ടിയൊഴുകിയ അമ്മയുടെ കണ്ണുനീര് കൈകളാൽ തുടച്ചു.

"ഇനി കരയരുത്.അച്ഛന്റെ സ്വപ്നങ്ങൾ നിറവേറ്റാൻ അമ്മ ഞങ്ങൾക്ക് മുമ്പിൽ ഉണ്ടാകണം" ഇത്രയും പറഞ്ഞു ഞാൻ എന്റെ മുറിയിലേക്ക് ഓടിക്കയറി.ഞാൻ കരയുന്നത് അവർ കാണരുതെന്ന് എനിക്ക് നിർബന്ധമാണ്. വൈകുന്നേരം ആയതോടെ ടീച്ചറുടെ വീട്ടിലേക്ക് പോകാനായി ഞാനെല്ലാം ഒരുക്കി വെച്ചു.എന്നിട്ട് അനിയനു സമീപം ചെന്നു.. "ചേച്ചി നാളെ മടങ്ങിപ്പോകും.നന്നായിട്ട് പഠിച്ചു നല്ലൊരു ജോലി വാങ്ങണം.എന്നിട്ട് വേണം അമ്മയെ നല്ല രീതിയിൽ നമുക്ക് നോക്കാൻ" "ചേച്ചി" അനിയനും കരയുമെന്ന് ഉറപ്പായതോടെ ഞാനവന്റെ താടിക്കൊരു തട്ടു കൊടുത്തു. "അയ്യേ ആൺകുട്ടികൾ കരയുവോടാ..ചിരിക്കെടാ ബുദ്ദൂസേ" ഞാൻ അനിയനെ ചിരിപ്പിക്കാൻ ശ്രമിച്ചു. വിളറിയൊരു പുഞ്ചിരി അവനിൽ തെളിഞ്ഞത് എനിക്ക് പകുതി ആശ്വാസമായി. രാത്രിയിൽ കിടക്കാൻ നേരം എന്റെ മനസിലേക്ക് ശബരി കടന്നുവന്നു.അച്ഛന്റെ മരണം ശബരിയും നിർമ്മലാമ്മയും അറിഞ്ഞിട്ടുണ്ടാകില്ല.അല്ലെങ്കിൽ നിർമ്മലാമ്മയെങ്കിലും വരുമായിരുന്നു.ഒരർത്ഥത്തിൽ അത് നന്നായി. ശബരി രക്ഷപ്പെടട്ടെ

. "നിനക്ക് ശബരിയെ മറക്കാൻ കഴിയുമോ രോഹിണി" എന്റെ മനസാക്ഷിയോട് ഞാൻ ചോദിച്ചു. "ഇല്ല എനിക്കീ ജന്മം ശബരിയെ മറക്കാൻ കഴിയില്ല. പക്ഷേ അവന്റെ നല്ല ഭാവി എനിക്ക് വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നോടുളള വാശിയിൽ സപ്പ്ളി എഴുതി എടുത്ത് എന്നത് എനിക്ക് ആശ്വാസമായിരുന്നു. " എന്നെ അവൻ സിലക്റ്റ് ചെയ്തില്ലെങ്കിലും സാരമില്ല. നിർമ്മലാമ്മയുടെ സന്തോഷം അണയാതിരിക്കട്ടെ" ഒരിക്കൽ കൂടി ശബരിയുടെ ശബ്ദം കേൾക്കാൻ മനസ് തുടിച്ചെങ്കിലും ഞാനത് മനസിലിട്ടു പൂട്ടി ഉറങ്ങാൻ കിടന്നു.ഉറക്കം വന്നില്ല എന്നിട്ടും ബലമായി കണ്ണുകളടച്ച് ഞാൻ നിദ്രയെ മാടിവിളിച്ചു.. മൊബൈലിൽ അലാറം വെച്ചിട്ടാണു കിടന്നത്. അഞ്ചുമണിക്ക് അലാറം അടിച്ചപ്പോൾ ഞാൻ എഴുന്നേറ്റു കുളിച്ചു.മുടിയൊക്കെ കോതിയുണക്കി.അടുക്കളയിൽ കയറി കട്ടൻചായയിട്ട ശേഷം അമ്മയെയും അനിയനേയും വിളിച്ചുണർത്തി.ചായ കുടി കഴിഞ്ഞശേഷം ഞാൻ പോകാനായി ഇറങ്ങി.ഒരിക്കൽ കൂടി രണ്ടു പേരെയും ഞാൻ ഓരോന്നും ഓർമ്മിപ്പിച്ചു... അച്ഛന്റെ പട്ടടയിൽ ചെന്ന് പ്രാർത്ഥിച്ചിട്ട് അനിയനെ കൂട്ടി ബസ് സ്റ്റോപ്പിലേക്ക് പോയി.ബസ് വരാൻ കുറച്ചു സമയം ഉണ്ടായിരുന്നു. അതിനാൽ ചെയ്യേണ്ടതെല്ലാം ഞാൻ ഒരുപ്രാവശ്യം കൂടി അനിയനെ ഓർമ്മിപ്പിച്ചു.

ബസ് വന്നപ്പോൾ അനിയനോട് യാത്ര പറഞ്ഞു അതിൽ കയറി. പട്ടണത്തിൽ നിന്ന് ടീച്ചറുടെ വീട്ടിലേക്കുള്ള ബസിൽ കേറി സീറ്റ് പിടിച്ചു. എന്തെക്കയൊ നഷ്ടബോധങ്ങളുണ്ടായിരുന്നു ഈ പ്രാവശ്യം വീട്ടിൽ നിന്ന് മടങ്ങുമ്പോൾ ഒന്നും ഓർക്കാതിരിക്കാൻ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു... ടീച്ചറുടെ നാട്ടിൽ ബസിറങ്ങിയട്ട് ഞാൻ പതിയെ നടന്നു.ആദ്യമൊക്കെ ഓട്ടോയിൽ പോയിരുന്നെങ്കിൽ പിന്നെപ്പിന്നെ നടന്നാണു പോയത്.. ഞാൻ ചെല്ലുമ്പോൾ സേതുവങ്കിൾ സ്വിറ്റ് ഔട്ടിൽ പത്രം വായനയിൽ ആയിരുന്നു. എന്റെ മുരടനക്കം കേട്ടതും അദ്ദേഹം പത്രവായനയിൽ നിന്ന് തലയുയർത്തി. "ഗുഡ് മോർണിങ്ങ് രോഹിണി" "ഗുഡ് മോർണിങ്ങ് അങ്കിൾ" ഞാനും തിരിച്ച് വിഷ് ചെയ്തു.. "വേഗം ചെന്ന് ഭക്ഷണം കഴിച്ചു വാ..ഞാനിപ്പോൾ റെഡിയാകാം" അങ്കിൾ പത്രം മടക്കി ടീപ്പോയിൽ വെച്ചിട്ട് എഴുന്നേറ്റു. ഞാൻ ബാഗുമായി നേരെ ടീച്ചറുടെ അടുത്ത് ചെന്നു.ടീച്ചറോട് കുറച്ചു സമയം സംസാരിച്ചു.അതിനു ശേഷം എന്റെ മുറിയിലെത്തി ബാഗ് വെച്ചിട്ട് ഓഫീസിലേക്ക് പോകാനൊരുങ്ങി.അങ്കിൾ വന്നതോടെ ബ്രേക്ക് ഫാസ്റ്റും കഴിച്ചു ഞങ്ങൾ ഓഫീസിലേക്ക് പോയി..

"കുറച്ചു ദിവസം രോഹിണി ഇല്ലാതിരുന്നതിനാൽ പെൻഡിംഗ് വർക്കുകൾ ഒത്തിരിയുണ്ട്" അങ്കിൾ എന്നെ ഓർമ്മിപ്പിച്ചു. "എല്ലാം ചെയ്തു തീർക്കാം " "ഗുഡ് ഗേൾ" ഞാനൊന്ന് പുഞ്ചിരിച്ചു മറുപടിയായിട്ട്. അങ്കിൾ പറഞ്ഞത് നേരായിരുന്നു.കുറെ ഉണ്ടായിരുന്നു പെൻഡിംഗ് വർക്കുകൾ.ക്ഷമയോടെ ഞാൻ ഓരോന്നായി ചെയ്തു തീർത്തു.എന്നിട്ട് വീണ്ടും അങ്കിളിന്റെ കൂടെ വീട്ടിലേക്ക്... ദിവസങ്ങളും മാസങ്ങളും അതിവേഗ കടന്നുപോയി.ഇടക്കിടെ ഞാൻ വീട്ടിലേക്ക് പോകുകയും ചെയ്തു.. ഒരുദിവസം രാത്രി ഞാൻ കിടക്കാൻ ഒരുങ്ങുക ആയിരുന്നു. അപ്പോൾ എന്റെ മൊബൈലിൽ ഒരുകോൾ വന്നു.എടുത്തു നോക്കിയപ്പോൾ ശബരി കോളിങ്ങ്.. അടക്കിപ്പിടിക്കാൻ കഴിയാത്ത സന്തോഷത്തോടെ അതിലുപരി വർദ്ധിച്ച സ്നേഹത്തോടെ ഞാൻ കോൾ എടുത്തു. എനിക്ക് അറിയാം എന്റെ ശബരിക്ക് എന്നെ മറക്കാൻ കഴിയില്ലെന്ന്.

എന്റെ സ്നേഹം ആത്മാർത്ഥമായിട്ടാണെന്ന് അവനു അറിയാം.. "ശബരീ" സന്തോഷ് കൊണ്ട് ഞാൻ കരഞ്ഞു. "രോഹിണി നിനക്ക് സുഖം തന്നെയല്ലേ" "അതേ..ശബരി നിനക്കോ" "സുഖം സുഖകരം" "ജോലി കിട്ടിയോ" "കിട്ടി.." സന്തോഷത്താൽ തുള്ളിച്ചാടാൻ എനിക്ക് തോന്നി.. "ഇനിയെന്നാടാ താലിയുമായി എന്നെ സ്വന്തമാക്കാൻ വരുന്നത്" "അത് പറയാനാ ഞാൻ വിളിച്ചത്" ശബരി പറയുന്നത് സ്വപ്നമാണോന്ന് ഞാൻ സംശയിച്ചു.കൈകളിൽ നുള്ളി നോക്കിയപ്പോൾ നന്നായി വേദനിച്ചു.സ്വപ്നമല്ല ഇത് സത്യമാണ്. ആദ്യത്തെ എന്റെ പ്രണയം പരാജയം ആയിരുന്നെങ്കിലും രണ്ടാമത്തേത് തളിരിടാൻ പോകുന്നു.. "വരുന്ന നവംബർ 10 ഞായറാഴ്ച എന്റെ engagement ആണ്. വധു നീയല്ല.ശ്രീപ്രിയ. നീ അറിയും എന്റെ മുറപ്പെണ്ണ്" ശബരി ബാക്കി പറയുന്നത് കേൾക്കാൻ എനിക്ക് ത്രാണി ഉണ്ടായിരുന്നില്ല.ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റ എന്റെ കൈകളിൽ നിന്ന് ബൊബൈൽ താഴേക്ക് വീണു.......... (" തുടരും")......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story