രോഹിണി: ഭാഗം 5

rohini

എഴുത്തുകാരി: വൈദേഹി വൈഗ - വാസുകി  വസു

ശ്രീപ്രിയയോ ... ഇവളെന്താ രാവിലെ തന്നെ പെട്ടീം കിടക്കയും ആയിട്ട്... ഇവിടെ സ്ഥിരതാമസം ആക്കാൻ ഉള്ള പുറപ്പാടിൽ ആണോ.. ഇതും ചിന്തിച്ചു നിൽക്കുമ്പോൾ ആണ് എന്റെ നോട്ടം പെട്ടന്ന് അവളുടെ പിറകിൽ നിൽക്കുന്ന ആളിലേക്ക് പോയത്... 'ദേവൻ... ദേവേട്ടൻ ' ഒരു ഞെട്ടലോടെ ഞാൻ പിറകിലെ ചുമരിലേക്ക് ചാരി... ഒപ്പം കാല് മുതൽ തല വരെ വിറയൽ കയറുന്നത് ഞാൻ അറിഞ്ഞു... ചുണ്ടിൽ ഒരു നനഞ്ഞ ചിരിയും ആയി എന്റെ മുന്നിൽ നിൽക്കുന്ന ദേവനെ കണ്ടത് ഇനിയും വിശ്വസിക്കാൻ ആവാതെ ഞാൻ യാന്ത്രികം ആയി കാല് പിറകോട്ടു വച്ചു... പിറകിലേക്ക് തിരിഞ്ഞു അകത്തേക്ക് ഓടാൻ തുനിഞ്ഞതും അകത്തു നിന്നും പുറത്തേക്കു വരുന്ന ശബരിയും ആയി കൂട്ടി ഇടിച്ചതും ഒരുമിച്ചായിരുന്നു .. പെട്ടന്നുള്ള അടിയിൽ ഞാൻ ഒന്ന് തെന്നി പോയി... അടുത്തുള്ള കസേരയിൽ പിടിച്ചു ബാലൻസ് ചെയ്യുമ്പോഴേക്കും ദേവേട്ടനും ശ്രീപ്രിയയും ഇറയകത്തേക്ക് കയറിയിരുന്നു... ദേവേട്ടന് ശ്രീപ്രിയയും ശബരിയും ആയി എന്താ ബന്ധം.. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല... "ശ്രീ ഇതാരാ കൂടെ? "

ശ്രീപ്രിയയോടുള്ള ശബരിയുടെ ചോദ്യം കേട്ട് എനിക്ക് അതിശയം തോന്നി.. "ഇതെന്റെ ഫ്രണ്ട്‌ ആണ് ഏട്ടാ.. കോളേജിൽ എന്റെ ക്ലാസ്സ്‌മേറ്റ് ആണ്... ഏട്ടന് സുഖമില്ല എന്നറിഞ്ഞിട്ട് കാണാൻ വന്നതാണ്" അപ്പോ ശബരിക്ക് ദേവേട്ടനെ അറിയില്ലേ?? പിന്നെ അയാളെന്തിനായിരിക്കും ഇവിടേക്ക് വന്നിട്ടുണ്ടാവുക.. ഇനി എന്നോടുള്ള പക തീർക്കാൻ ആയിരിക്കുമോ? ദേവേട്ടനും ശ്രീപ്രിയയും തമ്മിൽ ന്താണ് ബന്ധം... ഓരോന്ന് ആലോചിക്കുമ്പോൾ തല വല്ലാതെ പെരുക്കുന്നത് പോലെ... ഞാൻ അകത്തേക്ക് കയറാൻ തുനിഞ്ഞതും ശബരി എന്നെ പിന്നിൽ നിന്ന് വിളിച്ചു.. "രോഹിണി.. ഒന്ന് നിന്നെ.. ശ്രീപ്രിയയുടെ ബാഗൊക്കെ കൊണ്ട് പോയി മുകളിലെ റൂമിൽ വെക്ക്... " "ഞാനോ? " "അല്ലാതെ പിന്നെ ഞാനോ.. ഇതൊക്കെ ചെയ്യാൻ തന്നെ ആണ് നിന്നെ ഇവിടെ നിർത്തിയിരിക്കുന്നത് " അവരുടെ മുന്നിൽ വച്ച് ശബരി എന്നോട് ദേഷ്യപ്പെട്ടപ്പോൾ എനിക്ക് വല്ലാതെ സങ്കടം വന്നു പോയി.. കരച്ചിൽ കടിച്ചമർത്തി കൊണ്ട് ശ്രീപ്രിയയുടെ പെട്ടിയും എടുത്ത് ഞാൻ മുകളിലേക്ക് നടന്നു...

"എന്റെ മുറിയുടെ തൊട്ടടുത്ത മുറിയിൽ തന്നെ വെക്കണം.. " പിറകിൽ നിന്ന് ശബരി വിളിച്ച് പറഞ്ഞെങ്കിലും ഞാൻ അത്‌ ശ്രദ്ധിച്ചതായി നടിച്ചില്ല. എന്റെ മനസ്സ് അപ്പോഴേക്കും മറ്റേതോ ലോകത്തു എത്തിയിരുന്നു... മനസ്സിൽ വല്ലാത്തൊരു ഭയം കടന്നു കൂടിയത് പോലെ... ശ്രീപ്രിയയുടെ പെട്ടിയൊക്കെ എടുത്ത് റൂമിൽ വച്ചു.. ഇവളെന്താ ഇതൊക്കെ എടുത്ത് സ്ഥിര താമസം ആക്കാൻ വന്നത് ആണോ? ഇനി ഇന്നലെ ഞാൻ തല്ലിയതിൽ ഉള്ള വാശിയിൽ വിളിച്ച് വരുത്തിയത് ആണോ അവളെ.. ഇതൊക്കെ പോരാഞ്ഞിട്ട് കൂനിൻ മേൽ കുരു എന്ന പോലെ ആണ് ദേവന്റെ വരവ്.. അയാളുടെ വരവോടെ എന്റെ മനസ്സമാധാനം പോയ്യി... കലങ്ങി മറിയുന്ന മനസ്സും ആയി ഞാൻ നേരെ റൂമിൽ ചെന്ന് കിടന്നു.. പഴയത് ഓരോന്നും മനസ്സിലേക്ക് തികട്ടി വന്നു... എത്ര നേരം അവിടെ അങ്ങനെ കിടന്നു കരഞ്ഞു എന്നറിയില്ല... താഴേ നിന്നുള്ള അമ്മയുടെ വിളി കേട്ടിട്ട് ആണ് ഞാൻ എണീറ്റത്.. താഴേക്കു ചെല്ലുമ്പോൾ ഡൈനിങ്ങ് ടേബിളിനു ചുറ്റും അമ്മയും ശബരിയും ശ്രീപ്രിയയും ദേവേട്ടനും ഉണ്ട്...

അവർക്ക് മുന്നിൽ നിൽക്കാൻ ഉള്ള ശേഷി ഇല്ലാത് കൊണ്ട് ഞാൻ അടുക്കളയിലേക്ക് നടന്നു.. പക്ഷെ അമ്മയുടെ വിളി അതിനും സമ്മതിച്ചില്ല... "രോഹിണി... മോളെന്താ ദേവനെ കണ്ടിട്ട് മാറി നടക്കുന്നെ... " അമ്മയുടെ ആ ചോദ്യം കേട്ടതും ഞാൻ ഞെട്ടി പോയി.. ഞാനും ആയാളും പരിചയത്തിൽ ഉള്ള കാര്യം അമ്മ എങ്ങനെ അറിഞ്ഞു... അവൻ ഒക്കെയും പറഞ്ഞിട്ടുണ്ടാവും... "ദേവൻ നിന്റെ സീനിയർ ആയിട്ട് സ്കൂളിൽ ഉണ്ടായത് ആണെന്ന് പറഞ്ഞു.. ആണോ മോളേ.. " തിരിച്ചൊന്നും പറയാൻ ഇല്ലാത്തതിനാൽ ഒരു വരണ്ട ചിരിയോടെ ഞാൻ ചുമരിൽ ചാരി നിന്നു... "എന്താ മോളേ.. നിനക്ക് വയ്യേ?? കണ്ണൊക്കെ കരഞ്ഞു കലക്കിയത് പോലെ ഉണ്ടല്ലോ... " "ഏയ്യ് ഒന്നുല്ലമ്മേ... അമ്മയ്ക്ക് തോന്നുന്നതാ.. " അമ്മ ഇത് പറയുമ്പോൾ ശബരിയും എന്നെ കണ്ണെടുക്കാതെ നോക്കുന്നുണ്ടായിരുന്നു.. ദേവേട്ടന്റെയും ശ്രീപ്രിയയുടെയും മുഖത്ത് എന്ത് കൊണ്ടോ എനിക്ക് നോക്കാൻ തോന്നിയില്ല... ഉച്ചയാകുമ്പോഴേക്കും ദേവേട്ടൻ പോകാനായി ഇറങ്ങി.. അയാളുടെ കണ്ണിൽ പെടാതെ പരമാവധി ഞാൻ ഒളിച്ചു നിന്നെങ്കിലും അവസാനം ഇറങ്ങാൻ നേരം ശബരി എന്നെ വിളിച്ചു...

ദേവേട്ടന്റെ മുഖത്തേക്ക് നോക്കതെ ഞാൻ ശബരിക്ക് പിറകിലായി നിന്നു.. "ശബരി.. എനിക്ക് രോഹിണിയോട് തനിച്ചു ഒന്ന് സംസാരിക്കണമായിരുന്നു... തനിക്കു എന്തെങ്കിലും ബുദ്ധിമുട്ട്?? " "ഏയ്‌ എന്ത് ബുദ്ധിമുട്ട്.." അത്‌ കേൾക്കാൻ കാത്തു നിന്നപോലെ കൂടെ ചെല്ലാൻ എന്ന് പറയും പോലെ എന്നെ ഒന്ന് നോക്കിയിട്ട് അയാൾ മുറ്റത്തേക്ക് ഇറങ്ങി... പിറകെ ഇറങ്ങാതിരിക്കാൻ എനിക്ക് ആവുമായിരുന്നില്ല.. കാരണം പേടി അത്രയും എന്റെ മനസ്സിൽ തട്ടിയിരുന്നു... മുറ്റത്തെ വരിക്ക പ്ലാവിന് മുന്നിൽ ഞങ്ങൾ രണ്ടു പേരും ചെന്നു നിന്നു... "എന്താ രോഹിണി.. എന്തിനാ നി ഇങ്ങനെ വിയർക്കുന്നേ.. " തിരിച്ചു പറയാൻ എനിക്ക് മറുപടി ഇല്ലായിരുന്നു... "നി എന്താ കരുതിയത്.. ഞാൻ ഒരിക്കലും നിന്നെ തേടി വരില്ലെന്നോ.. എന്റെ നാല് വർഷം നശിപ്പിച്ചവാളാണ് നി... ആ ദിവസങ്ങളിൽ ജയിലിനുള്ളിൽ ഞാൻ അനുഭവിച്ച വേദന നിന്നെയും ഞാൻ അറിയിക്കും രോഹിണി... കരുതി ഇരുന്നോ നി.. " ഇനിയും മിണ്ടാതിരുന്നാൽ ശരിയാവില്ല എന്നറിയാവുന്നത് കൊണ്ട് തന്നെ തിരിച്ചു പറയാൻ എന്റെ നാവും ഉയർന്നു...

" എന്നെ ദ്രോഹിച്ചതൊന്നും പോരെ നിങ്ങൾക്ക്.. ഇവിടെയും മനസമാധാനം തരില്ലേ? " "ഇല്ലെടി... ഈ ലോകത്തു എവിടെ പോയി ഒളിച്ചാലും ഞാൻ നിന്നെ തേടി വരും .. നശിപ്പിക്കും ഞാൻ നിന്നെ... " "എന്റെ ജീവിതം തകർത്തത് കൊണ്ട് നിങ്ങൾക്ക് എന്താണ് നേടാൻ ഉള്ളത്.. പ്ലീസ്.. ദയവു ചെയ്തു ഇവിടെ നിന്ന് പോയി തരണം... " "ഇല്ലെടി.. നിന്നേ കൊന്നിട്ടായാലും നി ചെയ്തതിനു ഞാൻ പകരം വീട്ടിയിരിക്കും... അതിനു എന്റെ കൂടെ ശ്രീപ്രിയയും ഉണ്ടാവും... നാല് വർഷത്തിന് ശേഷം ഞാൻ ഇവിടെ എഞ്ചിനീറിങ് കോളേജിൽ ചേരുന്നു.. അവിടെ വച്ചാണ് ശ്രീപ്രിയയെ പരിചയപ്പെടുന്നത്.. എന്റെ ബെസ്റ്റ് ഫ്രണ്ട്‌ ആണ്.. ഇന്നലെ ആണ് അവൾ നിന്റെ കാര്യം എന്നോട് പറയുന്നത്.. രോഹിണി എന്ന നി അവസാനിക്കാൻ ഇനി അതികം സമയം ഇല്ല... " എന്റെ മുന്നിൽ കിടന്നുള്ള അയാളുടെ പ്രകടനം എനിക്ക് തീരേ പിടിച്ചില്ല... എനിക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു.. "നിർത്തഡോ... താൻ എന്നെ എന്ത് ചെയ്യും... ഒരിക്കൽ എന്നോട് കളിച്ചതിന് കണക്കിന് കിട്ടിയതാണല്ലോ... അന്ന് നാല് കൊല്ലം മാത്രമേ അകത്തു കിടന്നുള്ളു എങ്കിൽ ഇനി കിടക്കാൻ പോകുന്നത് ജീവിതകാലം മുഴുവൻ ആയിരിക്കും.. പറയുന്നത് രോഹിണിയാ... " എവിടുന്നോ ഉള്ള ധൈര്യത്തിൽ ആണ് ഞാൻ അത്രയും പറഞ്ഞൊപ്പിച്ചത്...

"ച്ചി നിർത്തടി.. എനിക്ക് നേരെ ശബ്ധിക്കുന്നോ... നിന്റെ വിരട്ടൽ ഈ ദേവന്റെ അടുത്ത് വേണ്ട.. അതിനുള്ള കാലം കഴിഞ്ഞു പോയി.. എന്തായാലും നി കരുതി ഇരുന്നോ .. " ഇത്രയും പറഞ്ഞുകൊണ്ട് അയാൾ ഗേറ്റ് കടന്നു പുറത്തേക്കു പോയി... എന്റെ മനസ്സിൽ ഭയം കൂടി കൂടി വന്നു.. എന്തും ചെയ്യാൻ മടി ഇല്ലാത്തവൻ ആണ്.. ഇത്രയും കാലം മനസ്സിലിട്ടോണ്ട് നടന്ന പക അവൻ വീട്ടുക തന്നെ ചെയ്യും.. ഇനി എന്ത് ചെയ്യും.. എല്ലാം ശബരിയോട് തുറന്ന് പറഞ്ഞാലോ.. ഒരുപക്ഷെ അവനു എന്നെ സഹായിക്കാൻ കഴിഞ്ഞാലോ... ഏയ് അല്ലെങ്കിൽ വേണ്ട... ഞാൻ കാരണം അല്ലെങ്കിൽ തന്നെ ഈ വീട്ടിലുള്ളവരുടെ സമാധാനം പോയിട്ടാണ് ഉള്ളത്.. ഇനി ഇതും കൂടെ... അത്‌ വേണ്ട... എന്തായാലും വരുന്നിടത്തു വച്ച് കാണാം... ഞാൻ വീട്ടിലേക്കു കയറി... ശബരി ഹാളിൽ തന്നെ ഉണ്ട്... ശ്രീപ്രിയയെ അവിടെ എങ്ങും കാണാൻ ഇല്ല... "ശബരി.... " വളരേ പതിഞ്ഞ സ്വരത്തിൽ ഞാൻ വിളിച്ചതും എന്താ എന്ന ഭാവത്തിൽ അവൻ മുഖം ഉയർത്തി നോക്കി... "ശ്രീപ്രിയ എന്താ ഇവിടെ? താമസിക്കാൻ ആയിട്ട് വന്നതാണോ???" "ഇത് അവളുടെയും കൂടെ വീട് ആണ്.. അവൾക്കു എപ്പോ വേണെകിലും ഇവിടെ വരാം നിൽക്കാം.. അല്ലാ.. ഇതൊക്കെ എന്തിനാ താൻ അന്വേഷിക്കുന്നത്... ഹോംനഴ്സ്‌ ഹോംനഴ്‌സിന്റെ പണി നോക്കിയാൽ പോരെ... "

"ശബരി.. വേണ്ട.. ഇന്നലെ ഞാൻ തല്ലിയതിലുള്ള വാശി തീർക്കാൻ ആണ് അവളെ വിളിച്ച് വരുത്തിയതെങ്കിൽ അത്‌ വളരേ ചീപ്പ്‌ ആയി പോയി... " ഇത്രയും പറഞ്ഞു കൊണ്ട് ദേഷ്യത്തോടെ ഞാൻ എന്റെ മുറിയിലേക്ക് നടന്നു... അവിടെ കിടന്നു ഒരുപാട് കരഞ്ഞു.. എല്ലാം കൊണ്ടും തീർത്തും ഒറ്റപ്പെട്ടത് പോലെ.. ദേവൻ ജയിലിൽ നിന്നും ഇറങ്ങിയതറിഞ്ഞു ഒരു ഒളിച്ചോട്ടം കണക്കെ ആയിരുന്നു നാട്ടിൽ നിന്നും മാറി ഇവിടെ ജോലിക്ക് കയറിയത്.. പക്ഷെ എന്നെ തേടി അവൻ ഇവിടെയും എത്തിയിരിക്കുന്നു... ഒരിക്കൽ അവന്റെ പരാക്രമങ്ങളിൽ നിന്നു തലനാരിഴയ്ക്ക് രക്ഷപെട്ടവൾ ആണ് ഞാൻ... വീണ്ടും... എനിക്ക് ചിന്തിക്കാൻ കൂടെ വയ്യ.... ഓരോന്ന് ചിന്തിച്ചു കിടന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല.. ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ടില്ല... നന്നായി വിശക്കുന്നുണ്ട്... ഞാൻ താഴേ ഇറങ്ങി അടുക്കളയിലേക്ക് ചെന്നു... ഫ്രിഡ്ജിൽ നിന്ന് ഒരു ആപ്പിൾ എടുത്ത് തിന്നു.... പിന്നെ മുറ്റം അടിക്കാനായി ചൂലും എടുത്ത് പുറത്തേക്കിറങ്ങി.. പാവാട അരയിലേക്ക് മടക്കി കുത്തിക്കൊണ്ട് അടിക്കാൻ തുടങ്ങുമ്പോൾ ആയിരുന്നു ഗേറ്റിനടുത്തുള്ള മതിലിൽ ഇരിക്കുന്ന ശബരിയെയും ശ്രീപ്രിയയെയും കണ്ടത്.. എന്താണ് എന്നറിയില്ല.. രണ്ടു പേരെയും ഒന്നിച്ചു കാണുമ്പോൾ ഒക്കെ എനിക്ക് വല്ലാതെ ദേഷ്യം വരുന്നു...

മുറ്റം അടിക്കുന്നതിനിടയിലും എന്റെ നോട്ടം മുഴുവൻ അവരിലേക്ക് ആയിരുന്നു.. എന്നെ ദേഷ്യം പിടിപ്പിക്കാൻ ആവണം ശബരി അവളുടെ മുടിയിൽ തഴുകി കൊണ്ടിരിക്കുന്നത്... "അയ്യോ ശ്രീ.. എന്റെ കണ്ണിൽ പൊടി പോയി.. ഒന്ന് ഊതിക്കെ... " ശബരിയുടെ ആ ഡയലോഗ് കേട്ടതും ഞാൻ 'അമ്മേ ' എന്ന് വിളിച്ചു അലറി.... പെട്ടന്നുള്ള എന്റെ വിളി കേട്ടിട്ടാവണം മതിലിൽ നിന്ന് ചാടി എഴുനേറ്റു കൊണ്ട് ശബരി മുറ്റത്തേക്ക് വന്നത്... അപ്പോഴേക്കും അകത്തു നിന്ന് അമ്മയും വന്നിരുന്നു... "എന്താ മോളേ.. എന്തിനാ വിളിച്ചേ.... " ഇത്രയും ഉച്ചത്തിൽ വിളിച്ചത് കൊണ്ടാവണം അമ്മയുടെ മുഖത്ത് ഒരു അമ്പരപ്പ് ഉണ്ടായിരുന്നു... "അല്ല അമ്മേ.. അത്‌ ഞാൻ.. ചെടിക്ക് വെള്ളം ഒഴിക്കണോ എന്ന് ചോദിക്കാൻ വിളിച്ചതാ" ഇതും പറഞ്ഞ് ശബരിയെ ഞാൻ ഒന്ന് ഇടം കണ്ണിട്ട് നോക്കി... "ഓഹ് ഇതിനായിരുന്നോ... നിന്റെ വിളി കേട്ടപ്പോൾ ഞാൻ പേടിച്ചു പോയി... വേണ്ട മോളേ.. നല്ല മഴക്കാറുണ്ട്.. മഴ പെയ്യും.. ഇന്നിനി ഒഴിക്കണ്ട... " "ആ ശരിയമ്മേ... " പെട്ടന്ന് മുറ്റം അടിച്ചു തീർത്തിട്ട് ചൂലും കൊണ്ട് പിന്നാം പുറത്തേക്കു പോയി...

സമയം സന്ധ്യ ആവാറായതിനാൽ ഞാൻ കുളിക്കാൻ ആയി മുകളിലോട്ടു നടന്നു... അവിടെ ശബരിയുടെ റൂമിന്റെ വാതിലിൽ ചാരി അവൻ നിൽക്കുന്നുണ്ട്... എന്നെ വല്ലാത്തൊരു നോട്ടം നോക്കിയിട്ട് മീശയും പിരിച്ചു കൊണ്ട് അവൻ ശ്രീപ്രിയയുടെ മുറിയിലേക്ക് കയറി... നന്നായി ദേഷ്യം വന്നെങ്കിലും അത്‌ കടിച്ചമർത്തിക്കൊണ്ട് ഞാൻ എന്റെ മുറിയിൽ കയറി വാതിൽ അടച്ചു... ഷവർ തുറന്ന് എത്ര സമയം അതിന്റെ താഴെ നിന്നെന്നു അറിയില്ല... വെള്ളം വീഴുമ്പോൾ ശരീരം തണുക്കുന്നുണ്ടെങ്കിലും മനസ്സ് ചുട്ടു പൊള്ളുകയായിരുന്നു... ശ്രീപ്രിയയുടെ വരവിനേക്കാൾ എന്നെ ഏറെ എന്നെ വിഷമിപ്പിച്ചത് ദേവേട്ടന്റെ വരവ് തന്നെ ആണ്... . കുളിച്ച് താഴേക്കു ചെന്ന് പൂജാമുറിയിൽ വിളക്ക് വെക്കാനായി കയറി... "ടി.... " ശ്രീപ്രിയയുടെ വിളി കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്... എന്താ എന്നർത്ഥത്തിൽ ഞാൻ പുരികം ചുളിച്ചു... "എവിടുന്നോ വലിഞ്ഞു കയറി വന്ന നി ആണോ കേളകത്ത് തറവാടിന്റെ പൂജാമുറിയിൽ വിളക്ക് വെക്കുന്നത്... ഇങ്ങോട്ട് ഇറങ്ങേടി അസത്തെ... " ശ്രീപ്രിയയുടെ ഒച്ച നന്നേ ഉയർന്നിരുന്നു.. ഞാൻ എന്തെങ്കിലും പറയും മുന്നെ അമ്മ അതിൽ ഇടപെട്ടു... "ശ്രീ... നി അവൾക്കു നേരെ ഒച്ചയെടുക്കണ്ട.. അവൾ വിളക്ക് വെക്കട്ടെ.."

"അല്ല ഇളയമ്മേ.. എവിടുന്നോ വന്ന ഇവളൊക്കെ.. അല്ലെങ്കിൽ തന്നെ ഇപ്പൊ ഈ തറവാട്ടിലെ തന്നെ ഞാൻ ഉള്ളപ്പോൾ എന്തിനാ പുറത്തുന്നു ഒരാൾ... " "ഞാൻ പുറത്തായിട്ടാണ് ഉള്ളത്... അത്കൊണ്ടാണ് രോഹിണി വിളക്ക് വെക്കാൻ ആയി കയറിയത് .." "എങ്കിൽ ഞാൻ വെക്കാം " ഇതും പറഞ്ഞ് അവൾ ചാടി തുള്ളി പൂജാ മുറിയിലേക്ക് കയറാൻ തുടങ്ങിയതും അമ്മ അത്‌ തടഞ്ഞു... "വേണ്ട... കുളിക്കാതെ ആണോ നി വിളക്ക് വെക്കാൻ കയറുന്നത്.. ഇങ് മാറി നിൽക്ക്... " അമ്മ പറഞ്ഞത് കൊണ്ട് ഞാൻ തന്നെ വിളക്ക് കത്തിച്ചു കാണിച്ചു... ഇറയകത്ത് ചെന്ന് മുടിയൊക്കെ ഒന്ന് കുടഞ്ഞിട്ടു... പിന്നെ വല്യമ്മയുടെ മുറിയിൽ പോയി കുറച്ചു സമയം ഇരുന്നു... രാത്രി ഭക്ഷണം കഴിക്കുമ്പോൾ ശ്രീപ്രിയ കൂടെ ഉള്ളതിനാൽ ഞാൻ എല്ലാവരുടെയും ഒന്നിച്ചു ഡൈനിങ്ങ് ടേബിളിൽ ഇരുന്നില്ല... അമ്മ ഒരുപാട് നിർബന്ധിച്ചെങ്കിലും അടുക്കളയിൽ നിന്ന് തന്നെ കഴിച്ചു... ശബരിയും ശ്രീപ്രിയയും നേരത്തെ കിടക്കാനായി മുകളിലേക്ക് പോയെങ്കിലും പാത്രം ഒക്കെ കഴുകാൻ ആയി ഞാൻ അമ്മയുടെ കൂടെ അടുക്കളയിൽ നിന്നു... പാത്രം കഴുകൽ ഒക്കെ കഴിഞ്ഞ് വല്യമ്മച്ചിക്കുള്ള ഗുളികയും കൊടുത്തതിനു ശേഷം ഉറങ്ങാനായി റൂമിൽ കയറുമ്പോൾ സമയം ഏറെ വൈകിയിരുന്നു... കിടന്നെങ്കിലും ഉറക്കം പെട്ടന്നൊന്നും വന്നില്ല..

കുറേ സമയം കഴിഞ്ഞപ്പോൾ എപ്പഴോ ഒന്ന് കണ്ണു പൂട്ടി തുടങ്ങിയതാണ്.. പെട്ടന്നാണ് പുറത്ത് നിന്നു ശബ്ദം കേട്ടത്... ഫോൺ എടുത്ത് സമയം നോക്കി.. രാത്രി ഒരു മണി കഴിഞ്ഞിരുന്നു.. റൂമിൽ ലൈറ്റ് ഇട്ടു ഞാൻ ചെന്ന് വാതിൽ തുറന്നു . അതേ സമയം തന്നെ എന്റെ മുറിക്ക് നേരെ എതിർവശം ഉള്ള വാതിൽ തുറന്ന് ശ്രീപ്രിയയും ഇറങ്ങി വന്നു.. ശ്രീപ്രിയയുടെ മുറിക്ക് അരികിൽ ശബരി നിൽക്കുന്നത് കണ്ടതും എനിക്ക് എന്നെ കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല.. "എന്താ ഈ സമയത്തു വാതിലിൽ ഒരു തട്ടലും മുട്ടലും...? " ശബരി എന്തിനാ വാതിലിലിൽ മുട്ടിയത് എന്നറിയാൻ ആകണം എന്താ എന്ന ഭാവത്തിൽ ശ്രീപ്രിയയും അവനെ നോക്കി നിന്നത്. "ശബരി.. ചോദിച്ചത് കേട്ടില്ലേ.. ഈ അസമയത് തനിക്കെന്താ ഇവിടെ കാര്യം??" "ഞാൻ ശ്രീപ്രിയയെ കാണാൻ വന്നതാണ്.. " ഒരു ചെറു ചിരിയോടെ ആണ് ശബരി അത്‌ പറഞ്ഞത്.. എന്നെ ദേഷ്യം പിടിപ്പിക്കാൻ ഉള്ള വരവാണ് ഇതെന്ന് മനസിലായെങ്കിലും ഞാൻ വിട്ട് കൊടുക്കാൻ തയ്യാറല്ലായിരുന്നു.. "ആരെ കാണാൻ ആണെങ്കിലും ഈ സമയത്തു ആണോ വേണ്ടത്.. "

"എടി.. ശബരിയേട്ടൻ എന്നെ കാണാൻ വന്നതിൽ നിനക്കെന്താ ഇത്ര പ്രശനം .. വാ ശബരിയേട്ടാ... " അവൾ ശബരിയുടെ കൈയ്യിൽ പിടിച്ചു അകത്തേക്ക് പോകാൻ തുടങ്ങിയതും ഞാൻ പിന്നെയും ചൂടായി... "ശബരി.. മര്യധയ്ക്ക് നി ഇവിടെ നിന്ന് പോയിക്കോ.. അല്ലെങ്കിൽ ഇപ്പൊ ഞാൻ അമ്മയെ വിളിച്ചു കൂവും... " എന്തോ ആ പറഞ്ഞത് ഏറ്റു എന്ന് തോന്നുന്നു.. അവൻ താഴേക്കു ഇറങ്ങി പോയി.. എന്നോടുള്ള ദേഷ്യത്തിൽ ശ്രീപ്രിയയും വാതിൽ ശക്തിയിൽ വലിച്ചടച്ചു.. വീണ്ടും ഞാൻ വന്നു കിടന്നു... കുറച്ചു കഴിഞ്ഞതും എന്റെ വാതിലിൽ പതിയെ ഉള്ള തട്ട് കേട്ടു.. ചെന്ന് നോക്കിയപ്പോൾ ശബരി ആയിരിക്കുന്നു. "ആ വാതിൽ കഴിഞ്ഞു.. ഇനി ഇതിൽ ആയോ മുട്ട് " എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു... പെട്ടന്നായിരുന്നു അവൻ എന്റെ വായ പൊത്തി പിടിച്ചത്.. എന്നിട്ട് എന്നെയും കൊണ്ട് മുറിയിൽ കയറി വാതിൽ അടച്ചു.. "കൈ വിടെടോ.. " ഞാൻ അവന്റെ കൈ തട്ടി മാറ്റി... "രോഹിണി.. നി ഇങ്ങനെ ഒച്ച വെക്കല്ലേ...എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്.. " "ഈ പാതി രാത്രി മുറിയിൽ ഇടിച്ചു കയറിയിട്ടാണോ സംസാരിക്കുന്നത്. ഇന്നലെ കിട്ടിയതൊക്കെ അത്ര പെട്ടന്ന് മറന്നു അല്ലേ.. " "ദേ രോഹിണി.. മതി.. വെറുതേ നി എന്റെ തനി കൊണം പുറത്തെടുപ്പിക്കരുത്.. " 'അത്‌ ഞാൻ ഇന്നലെ കണ്ടതല്ലേ.. "

ആരോടോ എന്ന പോലെ ഞാൻ പിറുപിറുത്തു... "ടി നി തമാശ കളയ്യ്... കാര്യം പറ.. എന്താ പ്രശ്നം? " "എന്ത് പ്രശ്നം..? " "ഇന്ന് രാവിലെ ആ ദേവൻ വന്നു കയറിയത് മുതൽ ഞാൻ ശ്രദ്ധിക്കുക ആണ്.. നിൻറെ മുഖം ഒക്കെ വല്ലതിരിക്കുന്നു.. കരഞ്ഞു കലങ്ങിയത് പോലെ.. എന്താ.. അവൻ നിന്റെ ആരാ? " "അറിഞ്ഞിട്ടിപ്പോ എന്തിനാ?? " "അറിഞ്ഞിട്ടു കാര്യം ഉണ്ട് ന്ന് കൂട്ടിക്കോ.. " "എന്ത് കാര്യം... " "അതെന്താ അവൻ ആരാണെന്നു എനിക്ക് അറിയാൻ അവകാശം ഇല്ലേ? " "അവകാശമോ എന്ത് അവകാശം... ഇപ്പോഴേ അവകാശവും പറയാൻ തുടങ്ങിയോ? " അൽപ്പം ദേഷ്യത്തോടെ ആയിരുന്നു ഞാൻ അത്‌ പറഞ്ഞത്.. "ഇല്ലേ.. ഞാൻ നിനക്ക് ആരും അല്ലേ? " ഇതും പറഞ്ഞ് ശബരി എന്റെ നേർക്ക് അടുക്കാൻ തുടങ്ങിയതും പെട്ടന്ന് എന്തോ ഓർത്തത് പോലെ നിന്നു.. എന്നിട്ട് രണ്ടടി പിറകിലേക്ക് നടന്നു.. അത്‌ കണ്ടപ്പോ സത്യം പറഞ്ഞാൽ ഈ അവസ്ഥയിലും എനിക്ക് ചിരി വന്നു പോയി.. "ടി ഊളെ.. ചിരിക്കാതെ കാര്യം പറയടി.. അവൻ ആരാ നിന്റെ.. ആ ദേവൻ.. " ആ പേര് കേട്ടതും എന്റെ ചുണ്ടിലെ ചിരി മാഞ്ഞു... മുഖത്ത് ഭയം നിഴലിക്കാൻ തുടങ്ങിയിരുന്നു...""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story