രുദ്ര: ഭാഗം 24

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ആരാ അപ്പുവിന്റെ അമ്മ ....?" അതൊക്കെ കണ്ട് കണ്ണ് തുടച്ചു നിൽക്കുന്ന ചന്ദ്രന്റെ അടുത്തായി ചെന്ന് നിന്ന് കൊണ്ട് മഹി ചോദിച്ചതും അയാൾ ഒന്ന് നിശ്വസിച്ചു "അംബികാ ......" മറ്റെങ്ങോ നോക്കിക്കൊണ്ട് അയാൾ നിർവികാരാനായി പറഞ്ഞു "അംബികാ .....?" അവൻ ഞെട്ടലോടെ ചോദ്യഭാവത്തിൽ അയാളെ നോക്കി "മ്മ് അംബിക ..... രുദ്രയുടെ അപ്പച്ചി ....." ആ വെളിപ്പെടുത്തൽ മഹിയുടെ ഉള്ളിൽ ഒരു നടുക്കം സൃഷ്ടിച്ചു "അ ..... അപ്പൊ ഋഷി .....?" പെട്ടെന്ന് എന്തോ ഓർത്ത പോലെ മഹി ചോദിച്ചു "എന്റെ മകനാ ..... എനിക്ക് അംബികയിൽ ഉണ്ടായ ആദ്യത്തെ കുട്ടി ..... അതാണ് ഋഷി ...." ചന്ദ്രന്റെ മറുപടി കേട്ട് അവന്റെ ഉള്ളിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു വന്നു "അപ്പൊ ദേവൻ എന്ന് പറയുന്നത് ആരാ ..... അയാളല്ലേ അവരുടെ ഭർത്താവ് ....?"

അവൻ സംശയങ്ങൾ ഓരോന്നായി ചോദ്യഭാവത്തിൽ തൊടുത്തു വിട്ടു "വാ ..... പറയാം ......" അതും പറഞ്ഞു ചന്ദ്രൻ മുറ്റത്തേക്കിറങ്ങി പിന്നാലെ മഹിയും "ഞാനും നിന്റെ അച്ഛനും രുദ്രയുടെ അച്ഛനും ചെറുപ്പം മുതലുള്ള കൂട്ടാണ് എന്റെ വീട്ടിലും അവരുടെ വീട്ടിലും എപ്പോ വേണേലും കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കുണ്ടായിരുന്നു എന്റെ ഭാഗത്തു നിന്നുണ്ടായ പിഴവ് കൊണ്ടാണോന്ന് അറിയില്ല ..... അശോകന്റെ അനിയത്തി അംബികക്ക് എന്നോട് പ്രണയമായി ഒരു സഹോദരി എന്ന കണ്ണിലൂടെ ഞാൻ അവൾക്ക് കൊടുത്ത സ്നേഹവും സംരക്ഷണവും ഒക്കെ അവൾ തെറ്റിദ്ധരിച്ചതാവാം അശോകനറിയാതെ ഞാനവളെ പലതവണ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവളതിന് തയ്യാറായില്ല ഒരു രക്ഷയുമില്ലെന്ന് കണ്ടപ്പോ അവൾ ആത്മഹത്യക്ക് ശ്രമിച്ചു .....

വീട്ടുകാരും നാട്ടുകാരും ഒക്കെ അറിഞ്ഞു ആ കുടുംബത്തിന് തന്നെ നാണക്കേടായി ഒടുവിൽ അശോകൻ എന്റെ മുന്നിൽ അനിയത്തിക്ക് വേണ്ടി കൂപ്പുകൈകളുമായി വന്ന് നിന്നപ്പോ ഞാൻ ആകെ ഇല്ലാണ്ടായിപ്പോയി അവളുടെ ജീവൻ രക്ഷിക്കണമെന്ന് നിറകണ്ണുകളോടെ അവനെന്റെ കാൽക്കൽ വീണു പൊട്ടിക്കരഞ്ഞപ്പോൾ എനിക്ക് അവളെ സ്വീകരിക്കേണ്ടി വന്നു ..... എന്റെ ചങ്ങാതിക്ക് വേണ്ടി ....! ആദ്യമൊക്കെ ഞാൻ അവളെ അകറ്റി നിർത്തി ..... പതിയെ പതിയെ അവൾക്ക് എന്നോടുള്ള സ്നേഹവും കരുതലും ഒക്കെ കണ്ട് കണ്ട് എപ്പോഴോ അവളും എന്റെ മനസ്സിൽ ഇടം പിടിച്ചു അങ്ങനെ ഞങ്ങടെ ജീവിതത്തിലേക്ക് ഋഷിയും കടന്നു വന്നു ഞങ്ങളുടെ ജീവിതം സന്തോഷമായിട്ട് മുന്നോട്ട് പോയി ......

എന്നും അവൾ എനിക്ക് ഒരു ഉത്തമ ഭാര്യ ആയിരുന്നു അശോകൻ മരിച്ചപ്പോൾ തകർന്ന എനിക്ക് അവൾ ഒരു താങ്ങായി കൂടെ നിന്നു പക്ഷെ വർഷങ്ങൾക്ക് ശേഷം എനിക്കെതിരെ പോലീസ് കൊലപാതകം കുറ്റം ആരോപിച്ചത് മുതൽ അവളിൽ മാറ്റങ്ങൾ വന്ന് തുടങ്ങി ഒരുപക്ഷെ ജീവിതം മുന്നോട്ട് കൊണ്ട് പോകാനുള്ള പെടാപാടിനിടയിൽ അവളെ വേണ്ടപോലെ ശ്രദ്ധിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടാവില്ല ..... പിന്നെ ഗർഭകാലത്തിൽ സ്ത്രീകളുടെ സ്വഭാവത്തിന് ഉണ്ടാകുന്ന മാറ്റങ്ങളും .....അതുകൊണ്ടാവും ആ അകൽച്ച എന്ന് ഞാനും കരുതി പക്ഷെ എന്നെ വിലങ്ങു വെച്ച് കൊണ്ട് പോകുന്നത് പുച്ഛത്തോടെ നോക്കി നിൽക്കുന്നവളെ കണ്ട് ഞാൻ ശെരിക്കും അന്താളിച്ചു പോയി

ജയിലിൽ പോയ പിറ്റേ ദിവസം തന്നെ എനിക്ക് അവളുടെ അകൽച്ചയുടെ കാരണം ബോധ്യപ്പെട്ടു പ്രസവിച്ചു ദിവസങ്ങൾ പോലും തികയാത്ത എന്റെ കുഞ്ഞിനെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ ആ 'അമ്മ അന്നത്തെ പത്രങ്ങളിൽ വാർത്തയായി അറിഞ്ഞപ്പോൾ തകർന്നു പോയി മഹി ഞാൻ സ്വന്തം സുഖത്തിന് കൈക്കുഞ്ഞു ഒരു തടസ്സമാകുമോ എന്ന ഭയം ....!! പിന്നീട് എന്റെ കുഞ്ഞിനെ ഓർത്തു ഉള്ള് പിടഞ്ഞു കഴിഞ്ഞപ്പോഴാണ് ദേവി അവനെ മകനായി സ്വീകരിച്ചുകൊണ്ട് എന്നെ കാണാൻ വന്നത് ..... ആ സമയം അവളിൽ ഞാൻ ഈശ്വരനെയാണ് കണ്ടത് ....." ചന്ദ്രൻ പറഞ്ഞു നിർത്തിയതും അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു ....

അത് തുടച്ചു മാറ്റിക്കൊണ്ട് അയാൾ തുടർന്നു "അപ്പോഴും എന്നെ ചിന്തിപ്പിച്ചത് ഋഷിയെ എന്തുകൊണ്ടാ അവൾ കൂടെ കൂട്ടിയതെന്നാ പക്ഷെ ഞാനും അശോകനും കൂടി തുടങ്ങിയ സംരംഭവും അതിൽ നിന്നുള്ള ലാഭവും ഋഷിയെ ഉപയോഗിച്ച് അവൾ കൈക്കലാക്കാൻ തുടങ്ങിയതോടെ ആ സംശയവും തീർന്നു കിട്ടി ....." അയാൾ ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി "അപ്പു അവരുടെ മകൻ ആണെന്ന് അവർക്ക് അറിയോ .....?" മഹിയുടെ ചോദ്യം കേട്ട് അയാൾ പുച്ഛത്തോടെ ചിരിച്ചു "അതറിയുന്നത് കൊണ്ടാ മഹി അവൾ അപ്പുവിനെ വെച്ച് രുദ്രയെ ഭീഷണിപ്പെടുത്തിയത് ...... കുഞ്ഞിനെ കൊണ്ട് പോകാനുള്ള ഉദ്ദേശത്തിലൊന്നും ചോദിച്ചതായിരിക്കില്ല ..... ഒരു പിടിവള്ളി ..... അപ്പു അവൾക്ക് അത് മാത്രമായിരുന്നു ......" മറ്റെങ്ങോ നോക്കിക്കൊണ്ട് ആരോടെന്നില്ലാതെ അയാൾ പറഞ്ഞു "നീ അറിയാനായി ഇനിയും ഒരുപാട് സത്യങ്ങളുണ്ട് മഹീ ......

അറിയേണ്ട സമയം ആകുമ്പോൾ ഓരോന്നായി നീ അറിഞ്ഞു തുടങ്ങും ....." അത്രയും പറഞ്ഞുകൊണ്ട് നടന്നകലുന്ന ചന്ദ്രനെ മഹി സംശയത്തോടെ നോക്കി നിന്നു •••••••••••••••••••••••••••••••••••••••••••••••• കിച്ചുവിനെ വീടിന് മുന്നിൽ ഇറക്കി വിട്ട് മുറ്റത്തു നിൽക്കുന്ന കിച്ചുവിന്റെ അമ്മയെ ഒന്ന് നോക്കുക പോലും ചെയ്യാതെ പോകുന്ന കിരണിനെ കണ്ടതും അവർ വേദനയോടെ തിരിഞ്ഞു നടന്നു "എന്താ അമ്മാ ..... എന്താ വല്ലാണ്ട് ഇരിക്കണേ .... ഏട്ടൻ എന്തേലും പറഞ്ഞോ .....?" ഹാളിലേക്ക് വന്ന കിച്ചു അമ്മയുടെ ഇരിപ്പ് കണ്ടു ചോദിച്ചു "അവൻ എന്തെങ്കിലും ഒന്ന് പറഞ്ഞു കണ്ടിരുന്നെങ്കിൽ മതിയായിരുന്നു എനിക്ക് ..... എത്ര കൊല്ലമായി അവനിങ്ങനെ ...... "

പാർവതി (കിച്ചുവിന്റെ അമ്മ ) കണ്ണ് തുടച്ചതും കിച്ചു അവരെ ചേർത്ത് പിടിച്ചു "അമ്മക്ക് എല്ലാം അറിയുന്നതല്ലേ ..... പിന്നെ എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ ...... എന്നെങ്കിലും ഒരു ദിവസം ഏട്ടൻ ആ പഴേ ഏട്ടനാവും ..... എനിക്കുറപ്പുണ്ട് ......" പാർവതിയുടെ കഴുത്തിലൂടെ കൈയ്യിട്ടുകൊണ്ട് കവിളിൽ കവിൾ മുട്ടിച്ചുകൊണ്ട് കിച്ചു പറഞ്ഞു "എനിക്കങ്ങനെ തോന്നുന്നില്ല ...... നാളേക്ക് അവനെ ഈ കൈകളിൽ കിട്ടിയിട്ട് 15 വർഷം തികയുവാ ...... ചോര വാർന്നൊലിച്ചു റോഡരികിൽ വീണു കിടന്ന എന്റെ കുട്ടീടെ മുഖം എന്നും ഒരു ദുസ്വപ്നം പോലെ ഇന്നും എന്റെ മനസ്സിലുണ്ട് മനുഷ്യത്വത്തിന്റെ പുറത്താണ് ഹോസ്പിറ്റലിൽ എത്തിച്ചു വേണ്ട ചികിത്സ കൊടുത്തത് .....

പക്ഷെ വീടും നാടും എന്തിന് സ്വന്തം പേര് പോലും മറന്ന അവനെ അവിടെ ഉപേക്ഷിക്കാൻ തോന്നിയില്ല അവനെ ഓർഫനേജിലാക്കാൻ വീട്ടുകാരൊക്കെ നിർബന്ധിച്ചു ...... പക്ഷെ ഞാൻ അവന്റെ സ്ഥാനത് നിന്നെ ഒന്ന് സങ്കൽപ്പിച്ചു നോക്കി ..... അച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടേണ്ട പ്രായത്തിൽ ..... ! എന്റെ മനസ്സ് അതിന് അനുവദിച്ചില്ല ..... മറ്റാരുടെയും എതിർപ്പ് വകവെക്കാതെ അവനെ കൂടെ കൂട്ടാൻ എനിക്ക് നിന്റെ അച്ഛന്റെ അനുവാദം മാത്രേ എനിക്ക് വേണ്ടി വന്നുള്ളൂ പക്ഷെ ഞാൻ ചെയ്ത ആ നന്മ മറ്റൊരുതരത്തിൽ എന്റെ കുഞ്ഞിന് ദോഷമായി ബാധിക്കുമെന്ന് ഞാൻ ചിന്തിച്ചില്ല അവനെ സ്നേഹിച്ചു തുടങ്ങിയപ്പോൾ അവന്റെ കാര്യത്തിൽ ഞാനും നിന്റച്ഛനും സ്വാർത്ഥരായി അവന്റെ യഥാർത്ഥ അച്ഛനെയും അമ്മയെയും കണ്ടെത്താൻ അന്ന് ഞങ്ങൾക്ക് എളുപ്പമായിരുന്നു .....

പക്ഷെ ഞങ്ങൾ മനഃപൂർവം അതിന് ശ്രമിച്ചില്ല അവനു ഓർമ്മ തിരിച്ചു കിട്ടുമ്പോഴുള്ള അവസ്ഥയെ പറ്റി ഞങ്ങൾ ചിന്തിച്ചിരുന്നില്ല ഒരുപക്ഷെ അവനു എല്ലാം ഓർമ വന്നപ്പോൾ ഞങ്ങൾ അവന്റെ ജീവിതത്തിലെ വില്ലന്മാരാണെന്ന് അവനു തോന്നിക്കാണും സ്വന്തം അച്ഛനമ്മമാരിൽ നിന്നും തന്നെ അകറ്റിയവരോട് എങ്ങനെ സ്നേഹം തോന്നാനാ ....? അതുകൊണ്ട് തന്നെയാവും ഒരു വാക്ക് പോലും മിണ്ടാൻ കഴിയാത്ത വിധത്തിൽ അവൻ നമ്മളിൽ നിന്ന് അകന്നത് ആരോടും അധികം മിണ്ടാതെ മറ്റുള്ളവരിൽ നിന്ന് അവനിങ്ങനെ ഒതുങ്ങി ജീവിക്കുന്നത് കാണുമ്പോ എനിക്ക് എന്തോ പോലെ ..... നിന്റെ അച്ഛൻ പോയതിൽ പിന്നെ ആകെ ഒറ്റപ്പെടുന്നത് പോലെ തോന്നുവാ ....."

അവർ കരച്ചിലടക്കിക്കൊണ്ട് പറഞ്ഞതും കിച്ചു അവരെ ചേർത്ത് പിടിച്ചു "എന്റെ പാറൂട്ടി ഇതൊക്കെ എനിക്കും അറിയുന്ന കഥകളല്ലേ ...... ഒരുമാതിരി അലാം കേൾക്കണ പോലെയാ ഇപ്പൊ ഈ ഫ്ലാഷ്ബാക്ക് കേൾക്കണേ ....." കിച്ചു പാർവതിയെ നോക്കി ചുണ്ടു കൂർപ്പിച്ചതും അവർ നിശബ്ദയായി മറ്റെങ്ങോ നോക്കി ഇരുന്നു "അവൻ നമ്മളെ വിട്ട് പോവോ .....?" നോട്ടം മാറ്റാതെ അവർ ചോദിക്കുമ്പോൾ ആ തൊണ്ട ഇടറിയിരുന്നു "എന്റെ അമ്മ പെണ്ണെ ..... നമ്മുടെ ഏട്ടനല്ലേ ..... നമ്മളെ വിട്ട് എങ്ങോട്ട് പോകാനാ ..... ഏട്ടൻ പതിയെ മാറും ..... അല്ലേൽ ഈ കിച്ചു മാറ്റിയെടുക്കും എന്റെ ഏട്ടനെ ......" പാർവതിയുടെ മുഖം കൈകളിൽ കോരി എടുത്തു നെറ്റിയിൽ ഒന്ന് ഉമ്മ വെച്ചുകൊണ്ട് അവൾ പറഞ്ഞതും അവരും ഒന്ന് ചിരിക്കാൻ ശ്രമിച്ചു ••••••••••••••••••••••••••••••••••••••••••••••••

"കണ്ണാ ..... എനിക്ക് നമ്മുടെ വീട് ഒന്ന് കാണണം ..... " കിച്ചുവിനെ വീട്ടിലാക്കി ശ്രാവണിനടുത്തേക്ക് ഓടി വന്നതായിരുന്നു അവൻ ...... ശ്രാവണിനെ ചേർത്ത് പിടിച്ചു കിരൺ ചോദിച്ചതും അവനൊന്ന് പുഞ്ചിരിച്ചു ..... ആ ചിരിയിൽ വേദനയുടെ കരിനിഴൽ പടർന്നിരുന്നു "വാ ....."അവന്റെ കൈയിൽ പിടിച്ചു ബൈക്കിൽ കയറി അവൻ കുറെ ദൂരം പോയി ഒടുവിൽ ഒരു കുഞ്ഞു വീടിന് മുന്നിൽ അവന്റെ ബൈക്ക് ചെന്ന് നിന്നതും അവൻ കൗതുകത്തോടെ അതൊക്കെ നോക്കിക്കണ്ടു ആ 9 വയസ്സുകാരന്റെ ഓർമകളിൽ ചിതലരിക്കാതെ പോയ ആ വീട് അവൻ പെട്ടെന്ന് തിരിച്ചറിഞ്ഞു ഒരുപാട് അലഞ്ഞിരുന്നു ഈ വീട് അന്വേഷിച്ചു ......

വീടിനെയും പരിസരത്തെയും കുറിച്ച് മങ്ങിയ ഓർമ്മകൾ മാത്രമേ അവനുണ്ടായിരുന്നുള്ളു വർഷങ്ങൾക്ക് ശേഷം തന്റെ കൂടെപ്പിറപ്പിന്റെ കൈയും പിടിച്ചു ആ മുറ്റത്തേക്ക് കാലെടുത്തു വെക്കുമ്പോൾ ഹൃദയം വല്ലാതെ പിടക്കുന്നുണ്ടായിരുന്നു വീടിന്റെ പിൻവശത്തേക്ക് നടക്കുന്ന കണ്ണനെ അവൻ സംശയത്തോടെയാണ് നോക്കിയത് ഒടുവിൽ തിരിയിട്ട് കത്തിച്ച അസ്ഥിത്തറക്ക് മുന്നിൽ കണ്ണൻ അവനെ കൊണ്ട് പോയി നിർത്തിയതും സ്തബ്ധനായി നിന്നുപോയി അവൻ "നമ്മുടെ അമ്മ ......!!" ആ അസ്ഥിത്തറയിലേക്ക് കൈ ചൂണ്ടി അവൻ പുഞ്ചിരിയോടെ പറഞ്ഞതും അവന്റെ കൺകോണിൽ ചെറിയ നനവ് പോലും പടർന്നിരുന്നില്ല അത്രക്ക് ഉറച്ചു പോയിരുന്നു അവന്റെ മനസ്സ് പക്ഷെ കിരണിന്റെ അവസ്ഥ നേരെ മറിച്ചായിരുന്നു ...... മനസ്സിനെ പറഞ്ഞു പാകപ്പെടുത്തിയാണ് വന്നതെങ്കിലും അവനാ കാഴ്ച്ചയിൽ സ്വയം നഷ്ടപ്പെട്ടിരുന്നു ആ അസ്ഥിത്തറക്ക് മുന്നിൽ അവൻ മുട്ടുകുത്തി ഇരുന്നു പൊട്ടിക്കരഞ്ഞുപോയി "അമ്മാാ ......."

അവൻ മുടി കോർത്തുവലിച്ചു അലറി വർഷങ്ങൾക്കിപ്പുറം അവൻ അമ്മയെ വിളിച്ചു വാവിട്ടു കരഞ്ഞു പോയിരുന്നു താൻ ഏറെ കാണാൻ കൊതിച്ച മക്കൾ ഒരുമിച്ചു തന്നെത്തേടി വന്നതിന്റെ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടാവാം ഒരു ഇളം കാറ്റ് അവരെ തട്ടി തഴുകി കടന്നു പോയി ആർത്തുകരയുന്ന മകനെ സാന്ത്വനിപ്പിക്കാനെന്ന വണ്ണം കാലം തെറ്റിയ മഴയായി ആ അമ്മ അവനിലേക്ക് പെയ്തിറങ്ങി ആ മഴയത്തു തല കുനിച്ചിരുന്നു കരയുന്ന കിരണിന്റെ തോളിൽ ശ്രാവൺ കൈ വെച്ചു "കൊല്ലണം കണ്ണാ ..... ആ പന്ന $&&##% മക്കളെ കൊല്ലണം ...... അവർ പോലും മരണത്തിന് വേണ്ടി കൊതിക്കുന്ന നിമിഷത്തിൽ ഇഞ്ചിഞ്ചായി തന്നെ അവരെ കൊല്ലണം ....." അത് പറയുമ്പോൾ അവന്റെ കണ്ണിൽ അഗ്നി എരിയുന്നുണ്ടായിരുന്നു ••••••••••••••••••••••••••••••••••••••••••••••••

പതിവില്ലാതെ അച്ഛന്റെ ഫോട്ടോ കൈയിലെടുത്തു അതിലേക്ക് കണ്ണും നട്ട് നിൽക്കുന്ന രുദ്രയെ കണ്ടുകൊണ്ടാണ് മഹി മുറിയിലേക്ക് വന്നത് "നാളെ എന്റെ അച്ഛൻ പോയിട്ട് 15 വർഷം തികയുവാ ....." അവളാ ഫോട്ടോയിലേക്ക് നോക്കി ആരോടെന്നില്ലാതെ പറഞ്ഞു "മ്മ് ..... നാളെ അമ്പലത്തിൽ പോണമെന്ന് അച്ഛൻ പറഞ്ഞു ..... അതിരാവിലെ റെഡി ആകണം ...." മഹി ഗൗരവത്തോടെ പറഞ്ഞു അവളിൽ നിന്ന് മറുപടി ഒന്നും ഇല്ലാന്ന് കണ്ടതും അവനൊന്ന് തിരിഞ്ഞു നോക്കി ഫോട്ടോ ചുമരിൽ തൂക്കി ചുവന്ന കണ്ണുകളോടെ അവൾ അതിലേക്ക് നോക്കി നിൽക്കുന്നുണ്ട് "കൊല്ലണം ..... എന്റെ കുടുംബം ഇല്ലാതാക്കിയ ഒരുത്തനേം ഈ രുദ്ര വെറുതെ വിടില്ല .....

അവരുടെ അവസാനശ്വാസവും നിലക്കുന്നത് കാണാതെ എനിക്ക് സമാധാനം ഉണ്ടാകില്ല ....." പകയോടെ അവൾ പറഞ്ഞതും മഹി അവളുടെ തോളിൽ കൈ വെച്ചു "കൊല്ലണം ...... എല്ലാരേം കൊല്ലണം ...... കൊല്ലും ഞാൻ ....." അവൾ വീണ്ടും വീണ്ടും പുലമ്പിക്കൊണ്ടിരുന്നതും മഹി അവളെ പിടിച്ചു വലിച്ചു മാറോടണച്ചു "Okay okay ..... just calm down rudraa..... calm down ......" ദേശ്യത്താൽ വിറയ്ക്കുന്ന അവളുടെ നെറുകയിൽ തലോടി അവൻ നേർത്ത ശബ്ദത്തിൽ പറഞ്ഞുകൊണ്ട് അങ്ങനെ തന്നെ നിന്നു അവളുടെ ശ്വാസനിശ്വാസങ്ങൾ നേർത്തു വന്നതും അവൻ അവളെ അടർത്തിമാറ്റാൻ നോക്കി അപ്പോഴാണ് അവൾ അവന്റെ കൈവലയത്തിൽ കിടന്ന് മയങ്ങിപ്പോയത് അവനറിഞ്ഞത് അവൻ മെല്ലെ അവളെ കൈകളിൽ കോരി എടുത്ത് ബെഡീൽ കൊണ്ട് പോയി കിടത്തി കവിളിൽ അമർത്തി ചുംബിച്ചുകൊണ്ട് അവൾക്ക് പുതപ്പിട്ടുകൊണ്ട് ലൈറ്റ് ഓഫാക്കി അവൻ പുറത്തേക്കിറങ്ങി •••••••••••••••••••••••••••••••••••••••••••••••••

അതിരാവിലെ തന്നെ അച്ഛന് ബലിയിടാനായി രുദ്ര കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തി പൂജാരി പറഞ്ഞ പ്രകാരം അവൾ സാരിക്ക് മീതെ ഒരു തോർത്തുമുടുത്തു അമ്പലക്കുളത്തിലേക്ക് നടന്നു അവിടെ കൈയിലെ ഇലയിൽ ബലിച്ചോറുമായി നിൽക്കുന്ന കിരണിനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു അവനടുത്തു തന്നെ ശ്രാവണും ഉണ്ടായിരുന്നു അവരിലേക്ക് ദൃഷ്ടി പതിപ്പിച്ചുകൊണ്ട് അവൾ കുളപ്പടവുകൾ വേഗത്തിലിറങ്ങിയതും കാലു സാരിയിലുടക്കി അവൾ വീഴാൻ പോയി ..... ഒരുവിധത്തിൽ ബാലൻസ് ചെയ്തു നിന്നെങ്കിലും അടുത്തു നിന്ന കിരണിനെ പോയി ഇടിച്ചു അവന്റെ കൈയിലെ ബലിച്ചോർ താഴെ വീണതും അവന്റെ കണ്ണുകൾ ചുവന്നു പെട്ടെന്നുണ്ടായ ദേശ്യത്തിൽ അവന് കണ്ണ് കാണാതായി കൈ നീട്ടി രുദ്രയുടെ കരണം നോക്കി അവൻ ആഞ്ഞടിച്ചു ആ അടിയിൽ അവൾ ഒരു ഭാഗത്തേക്ക് വേച്ചു പോയി

ശ്രാവൺ അവനെ തടയാൻ ഓടി വരും മുന്നേ അവനവളെ പിടിച്ചു പിന്നിലേക്ക് തള്ളി .... അവൾ കുളത്തിലേക്ക് തെറിച്ചു വീണു അവന്റെ ഉന്തിന്റെ ആക്കം കൂടിയതുകൊണ്ട് തന്നെ അത്യാവശ്യം ആഴമുള്ള ഭാഗത്തു തന്നെ അവള് പോയി വീണു "ഏട്ടാ ..... ഏട്ടനെന്താ ഈ കാണിച്ചേ ....?" കണ്ണൻ തലയിൽ കൈയും വെച്ച് ഓടി വരവെ ചോദിച്ചു അപ്പോഴും ദേശ്യത്താൽ വിറച്ചു നിൽക്കുകയായിരുന്നു കിരൺ അത് വകവെക്കാതെ അവൻ കുളത്തിലേക്ക് നോക്കിയതും നീന്തലറിയാതെ ശ്വാസത്തിനായി പിടഞ്ഞുകൊണ്ട് മുങ്ങിത്താഴുന്ന രുദ്രയെ കണ്ടതും അവൻ ഞെട്ടി "ശ്രീക്കുട്ടീ ..............!!!!!!" ശ്രാവൺ അലറിയതും എവിടെന്നോ വന്നൊരു ബുള്ളറ്റ് രുദ്രയുടെ നെഞ്ചിൽ തറച്ചു കയറി ...... അവൾ വെള്ളത്തിനടിയിലേക്ക് ആഴ്ന്നു പോയി ............... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story