രുദ്രതാണ്ഡവം: ഭാഗം 10

rudhra thandavam

രചന: രാജേഷ് രാജു

"ആ... നടക്കട്ടെ... ഇനി നമ്മുടെ ആവിശ്യമൊന്നും വേണ്ടല്ലോ... അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു... പിന്നെ അവളുടെ മുറിയിലേക്ക് നടന്നു" അന്നുരാത്രി ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ രുദ്രന്റേയും തീർത്ഥയുടെ കാര്യമായിരുന്നു സംസാരവിഷയം... "എന്നാലും എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ല... അവൾ ഇത്രയും നാൾ ഇവനെയും മനസ്സിൽ വച്ചായിരുന്നു നടക്കുന്നതെന്ന്... അതിന്റെ ഒരു സൂചനപോലും തന്നില്ലല്ലോ അവൾ... അതിനെല്ലാം അവൾക്ക് കൊടുത്തിട്ടുണ്ട് ഞാൻ " വേണി ഭക്ഷണം കഴിക്കുന്നതിനിടയിൽ പറഞ്ഞു... "അതാടീ മനപ്പൊരുത്തം എന്നുപറയുന്നത്... അത്ര ചെറുപ്പത്തിൽ കണ്ട ഇവനെ ഇത്രയും കാലം ഓർത്തിരിക്കണമെങ്കിൽ അവൾ അവനുവേണ്ടി മാത്രം ജനിച്ചവളാണെന്നതാണ് സത്യം.... ഏതായാലും എനിക്കു സന്തോഷമായി... എന്റെ ഹേമയുടെ മകളെയല്ലേ എനിക്ക് മകളായി കിട്ടിയത്... നാളെത്തന്നെ അവിടെയൊന്നു പോണം പത്മാവതിഅമ്മായിയോടും വാരിജാക്ഷൻമാമയോടും എല്ലാമൊന്ന് പറയേണ്ടെ... അവരുടെ താല്പര്യവും നമ്മൾ നോക്കണം... " അതുശെരിയാ... അവർക്കുണ്ടാകില്ലേ തന്റെ കൊച്ചുമകളുടെ കാര്യത്തിൽ ചില ബാധ്യതകൾ... നമ്മൾ കണക്കുകൂട്ടുന്നതുപോലെയാവില്ല എല്ലാ കാര്യവും...

അവരുടേയും സമ്മതം കിട്ടിയിട്ടുമതി കൂടുതൽ ആശിക്കുന്നത്... " പരമേശ്വരൻ പറഞ്ഞു "അവർക്ക് എതിർപ്പുണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല... രുദ്രനെ അത്രക്ക് ഇഷ്ടമാണവർക്ക്... അവർ ഇതിനു സമ്മതിക്കുമെന്നാണ് എന്റെ പൂർണ്ണ വിശ്വാസം... " "അങ്ങനെയാകണം എന്നുതന്നെയാണ് ഞങ്ങളുടെയും ആഗ്രഹം"" അംബിക പറഞ്ഞതിനു മറുപടിയായി പരമേശ്വരൻ പറഞ്ഞു... " അതേസമയം പുത്തൻപുരക്കലിൽ വാരിജാക്ഷൻനായർ പത്മാവതിയമ്മയുമായി തീർത്ഥയെ കുറിച്ച് സംസാരിക്കുകയായിരുന്നു... "പത്മാവതീ... എനിക്കെന്തോ പേടി തോന്നുന്നു... ആ തേവള്ളിക്കാര് ആ സ്വത്തിനുവേണ്ടി എന്റെ കുട്ടിയെ എന്തെങ്കിലും ചെയ്യുമോ... അവർ അതിനും മടിക്കില്ല... അതിനുമുമ്പ് എനിക്കെന്റെ കുട്ടിയെ സുരക്ഷിതമായ കയ്യിൽ ഏൽപ്പിച്ചു കൊടുക്കണം... അതിനു പറ്റിയ ഒരാൾ വരുമായിരിക്കും ന്റെ കുട്ടിക്ക്... " വാരിജാക്ഷൻനായർ പറഞ്ഞു "നിങ്ങൾക്ക് വിരോദമില്ലെങ്കിൽ എനിക്കൊരു കൂട്ടം പറയാനുണ്ട്... " പത്മാവതിയമ്മ പറഞ്ഞു "എന്താടോ... കാര്യമെന്തായാലും പറയ്"

"നമുക്ക് നമ്മുടെ പരമുവിന്റെ മകനുമായി അവളുടെ കാര്യം ആലോചിച്ചാലോ... പണ്ട് ഒരുതവണ അരവിന്ദൻ എന്നോടൊരു കാര്യം പറഞ്ഞിരുന്നു... നമ്മുടെ മാളുട്ടി വലുതായാൽ അവളെ പരമുവിന്റെ മോനുള്ളതാണെന്ന്... മാത്രമല്ല ഇവര് അന്ന് ഇവിടെ വന്നല്ലോ... അതിനുമുമ്പ് പല തവണയായി മാളുട്ടിയെ കാണാനൊരു രാജകുമാരൻ വരുന്നത് സ്വപ്നത്തിൽ കണ്ടിരുന്നു... അത് അവനായിരുന്നു... എന്തോ എനിക്ക് ഇവർ ഏതോ മുൻജന്മ ബന്ധമുള്ളതുപോലെ തോന്നുന്നു... " പത്മാവതിയമ്മ പറഞ്ഞു "നീ പറയുന്നത് നല്ല കാര്യം തന്നെയാണ്.. നമ്മുടെ മോന് അങ്ങനെയൊരു മോഹമുണ്ടായിരുന്നെങ്കിൽ അത് നടത്തിക്കൊടുക്കാൻ എനിക്കു സന്തോഷമേയുള്ളൂ... എന്നാൽ അവരുടെ അഭിപ്രായം നമുക്ക് അറിയേണ്ടെ..." "അറിയണം അതിനുമുമ്പ് മാളുട്ടിയോടൊന്ന് ചോദിക്കണം..." "ചോദിക്കാം... അവൾക്കിഷ്ടമാണെങ്കിൽ ഞാൻ പരമുവിനോട് സംസാരിക്കാം... നീയവളെ വിളിക്ക്..." പത്മാവതിയമ്മ അവളെ വിളിക്കാൻ അകത്തേക്കു നടന്നു... കുറച്ചുകഴിഞ്ഞ് അവർ തീർത്ഥയോടൊന്നിച്ച് തിരിച്ചുവന്നു.....

"എന്താ മുത്തശ്ശാ.... എന്നെ വിളിച്ചെന്ന് മുത്തശ്ശി പറഞ്ഞു... " "ആ.. നിന്നെ വിളിച്ചത് ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ്.... നമ്മുടെ പടിഞ്ഞാറേലെ കുട്ടിയുണ്ടല്ലോ രുദ്രൻ... അവനെപറ്റി എന്താണ് നിന്റെ അഭിപ്രായം.... " "എന്താ മുത്തശ്ശാ ഇപ്പോളിങ്ങനെയൊരു ചോദ്യം...? " "കാര്യമുണ്ടെന്ന് കൂട്ടിക്കോ... ഞാൻ ചോദിച്ചതിന് പറുപടി പറയ്... " "ആള് നല്ലൊരു മാന്യനാണ്... ഏതൊരാൾക്കും പെട്ടന്നിഷ്ടപ്പെടുന്ന സ്വഭാവമാണ്.... " "നിനക്കവനെ ഇഷ്ടമാണോ... ? " "ഞാൻ പറഞ്ഞല്ലോ ആർക്കും ഇഷ്ടപ്പെടുന്ന സ്വഭാവമാണെന്ന്" "മറ്റുള്ളവരുടെ കാര്യമല്ല എനിക്കറിയേണ്ടത്.. നിന്റെ അഭിപ്രായമാണ്... " അവളൊന്നു പരുങ്ങി... "എന്താണ് ഇവർ ഉദ്ദേശിക്കുന്നത്... രുദ്രേട്ടനുമായി തനിക്കുള്ള ബന്ധം ഇവരറിഞ്ഞുകാണുമോ...?" "എനിക്ക് ഇഷ്ടക്കുറവൊന്നുമില്ല... " "അവനെ വിവാഹം കഴിക്കാൻ സമ്മതമാണോ... " അതുകേട്ട് അവളുടെ മനസ്സ് സന്തോഷത്താൽ തുള്ളിച്ചാടി... "നിങ്ങളുടെ ഇഷ്ടംപോലെ... " "എന്നാൽ കേട്ടോ... ഞാൻ പരമുവായിട്ട് ഈ കാര്യം സംസാരിക്കാൻ പോവുകയാണ്...

അവർക്ക് ഇഷ്ടമാണെങ്കിൽ ഇതങ്ങ് നടത്തും ഞാൻ.. അപ്പോൾ എതിരു പറഞ്ഞ് വന്നേക്കരുത്... ഇനി മോള് അകത്തേക്ക് പൊയ്ക്കോളൂ... " അവൾ അകത്തേക്കു നടന്നു... ഇത് നടന്നു കിട്ടിയാൽ മതിയായിരുന്നു... അങ്ങനെയാണെങ്കിൽ നമ്മുടെ അടുത്തുതന്നെ അവളുണ്ടാകുമല്ലോ... " അതിനുമറുപടിയായി അയാളൊന്ന് മൂളി ഈ സമയം അകത്തേക്കുപോയ തീർത്ഥ വളരെയേറെ സന്തോഷത്തിലായിരുന്നു... "തന്റേയും രുദ്രേട്ടന്റേയും വിവാഹത്തിന് മുത്തശ്ശനും മുത്തശ്ശിക്കും പൂർണ്ണസമ്മതമാണ്... പക്ഷേ എന്താണ് ഇവർ ഇങ്ങനെ പെട്ടെന്നൊരു തീരുമാനമെടുക്കാൻ കാരണം.... ഇനി എനിക്ക് രുദ്രേട്ടനെ ഇഷ്ടമാണെന്നകാര്യം ഇവരറിഞ്ഞിരിക്കുമോ... ഏയ്...അറിയാൻ വഴിയില്ല... ഇനി രുദ്രേട്ടൻ എന്നോട് പറയുന്നതിന് മുമ്പ് ഇവരുമായി സംസാരിച്ചോ... ആ..എന്തെങ്കിലുമാകട്ടെ.. ഏതായാലും ഇവർക്കു സമ്മതമാണല്ലോ... അതുമതി... " പെട്ടന്നാണ് അവളുടെ ഫോൺ റിങ്ങ് ചെയ്തത്.. "ആരാണ് ഈ സമയത്ത് വിളിക്കാൻ"... അവൾ സംശയത്തോടെ ഫോണെടുത്തുനോക്കി... ഏതോ നമ്പറാണ്...

ഒരു നിമിഷം അവൾ എടുക്കണോ എന്നു ചിന്തിച്ചു... പിന്നെ രണ്ടുംകല്പിച്ച് അവളെടുത്തു ചെവിയിൽ വച്ചു... "ഹലോ... " മറുതലക്കൽ ഒരു പുരുഷശബ്ദം.. ആരാണാവോ... അവൾ മിണ്ടാതെ നിന്നു... "ഹലോ... ഇത് പുത്തൻപുരക്കൽ വാരിജാക്ഷൻനായരുടെ വീടല്ലേ... " വീണ്ടും അയാൾ ചോദിച്ചു "അതെ..." തീർത്ഥ പറഞ്ഞു അദ്ദേഹത്തിന്റെ കൊച്ചുമകൾ തീർത്ഥയാണോ സംസാരിക്കുന്നത്.. " "നിങ്ങളാരാണ്... " അവൾ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു "അയ്യോ... കൊച്ചേ ദേഷ്യപ്പെടല്ലേ... ഞാൻ പാവം ഒരു അയൽവാസിയാണേ... പേര് രുദ്രനെന്നു പറയും.... " അതു കേട്ടപ്പോൾ തീർത്ഥ എന്തുപറയണമെന്നറിയാതെ നിന്നു... "ഹലോ... പോയോ തമ്പ്രാട്ടിക്കുട്ടി... " "എന്നെ പേടിപ്പിച്ചതാണല്ലേ.... വേണ്ട ട്ടോ..." അവൾ പറഞ്ഞത് കേട്ട് രുദ്രൻ ചിരിച്ചു... "അല്ലാ... എന്റെ നമ്പറെവിടുന്ന് സങ്കടിപ്പിച്ചു... " "ഒരു നമ്പർ കിട്ടാനാണോ പാട്... വേണിയുടെ ഫോണിനിന്ന് അവളറിയാതെ എടുത്തതാണ്... " "അപ്പോൾ കയ്യിൽ ഇത്തരം മോഷണപ്പരിപാടിയൊക്കെയുണ്ടല്ലേ.... " "അതിനിത് മോഷണമോന്നുമല്ലല്ലോ...

എന്റെ പെണ്ണിന്റെ നമ്പറല്ലേ ഞാനെടുത്തത്... പിന്നെ ഞാൻ വിളിച്ചത് മറ്റൊരു കാര്യം പറയാനാണ്... നാളെ അച്ഛനുമമ്മയും നിന്റെ വീട്ടിലേക്ക് വരുന്നുണ്ട് നമ്മുടെ കാര്യം സംസാരിക്കാൻ... " ആണോ... അതൊരു സർപ്രൈസായല്ലോ... ഇവിടെ അതിനെപ്പറ്റി ഇപ്പോൾ സംസാരിച്ചതേയുള്ളൂ... എന്നെ വിളിച്ച് രുദ്രേട്ടന്റെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചു... " "അതിന് നീയെന്തു പറഞ്ഞു... " "ഞാനെന്തു പറയാൻ... ആളൊരു മുരടനും ഒരു തെമ്മാടിയുമാണെന്നു പറഞ്ഞു.... " "ആണോ.... എന്റെ മോൾ എന്നെ മുരടനും തെമ്മാടിയുമായിട്ടാണോ കണ്ടത്.... അത് ഞാൻ നിനക്ക് കാണിച്ചു തരാം.... " "ഞാൻ ചുമ്മാ പറഞ്ഞതാണേ... എനിക്കൊന്നും കാണേണ്ട... കണ്ടെടുത്തോളം മതി...." "അപ്പോഴെന്നെ പേടിയുണ്ടല്ലേ... അതുപോട്ടെ... പിന്നെയെന്തു പറഞ്ഞു.... " എന്തു പറയാൻ ദുദ്രേട്ടന്റെ അച്ഛനോട് സംസാരിക്കുമെന്ന് പറഞ്ഞു... " "അപ്പോൾ ആ കാര്യത്തിലൊരു തീരുമാനമായി... ഒരു താടകയെ എന്റെ തലയിൽ കയറ്റിവക്കാൻ സമയമായല്ലേ...." "താടക നിങ്ങളുടെ മറ്റവൾ.. " "അതുതന്നെയാണ് പറഞ്ഞത്.... അതു പറഞ്ഞവൻ ചിരിച്ചു... "പിന്നെ രാവിലെ അമ്പലത്തിൽ വരണം... നിന്നെ എനിക്കു കിട്ടിയാൽ നമ്മളൊന്നിച്ച് അമ്പലത്തിൽ ചെന്നു പ്രാർത്ഥിക്കാമെന്ന് മനസ്സിൽ നിനച്ചിരുന്നു...

രാവിലെ ഏഴുമണിയാകുമ്പോൾ ഞാൻ വരാം..." രുദ്രൻ പറഞ്ഞു... "വരാം പക്ഷേ പെട്ടന്ന് തിരിച്ചുപോരണം... എനിക്ക് കോളേജിൽ പോകണം.." "നാളെ നീ ലീവെടുത്തേക്ക്... ഏതായാലും അമ്മയും അച്ഛനുമെല്ലാം വരുന്നതല്ലേ... വൈകീട്ട് പാർട്ടിക്ക് നമുക്ക് പോകാം... " "ശരി നോക്കാം.... " അവൾ പറഞ്ഞു "എന്നാൽ എന്റെ ചക്കരമുത്തിന് എന്റെ വക ഒരു ഗുഡ് നൈറ്റ്.. " "ഗുഡ്നൈറ്റ്.. " അവൾ ഫോൺ കട്ടുചെയ്തു... ▪️▪️▪️▪️▪️▪️▪️▪️▪️ രാവിലെ രുദ്രനേയും പ്രതീക്ഷിച്ച് അവളിരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ അവൻ നടന്നുവരുന്നതവൾ കണ്ടു... " "മുത്തശ്ശി... ഞാൻ അമ്പലത്തിൽ പോയിട്ടുവരാം..." മറുപടിക്ക് കാത്തുനിൽക്കാതെ അവൾ രുദ്രന്റെയടുത്തേക്ക് നടന്നു... അവർ അമ്പലത്തിൽ ചെന്നു തൊഴുതു പുഷ്പാഞ്ജലി കഴിപ്പിച്ച് കാണിക്കുമിട്ട് അമ്പലത്തിനു പ്രദക്ഷിണം നടത്തി... "എന്തായിരുന്നു ഇത്രയധികം പ്രാർത്ഥിക്കാൻ... " രുദ്രൻ ചോദിച്ചു "അതു പറയില്ല... നമ്മൾ എന്താണോ പ്രാർത്ഥിക്കുന്നത് അത് പുറത്തുപറയരുതെന്നാണ്... " "ഓ.. സമ്മതിച്ചു... നമുക്ക് കുറച്ചുനേരം ആ മാവിൻചുവട്ടിലിരുന്നാലോ... "

അവൻ ചോദിച്ചു "അതു വേണോ... ആളുകൾ കണ്ട് സംശയിക്കും... " അവൾ പറഞ്ഞു "എന്തു സംശയിക്കാൻ... നീയെനിക്കുള്ളതാണ്... എന്റെ കൂടെയാണ് നീ വന്നതെന്ന് നിന്റെ വീട്ടിൽ അറിയില്ലേ.. അപ്പോൾ എന്റ കൂടെ കുറച്ചുസമയം നിന്നെന്നുകരുതി ഒരു പ്രശ്നവുമുണ്ടാവില്ല... നീ വാ.. " "ഇപ്പോൾ വേണ്ട രുദ്രേട്ടാ... നമുക്ക് പിന്നീടൊരിക്കലാവാം... " "എന്താ.. ഞാൻ വിളിച്ചാൽ നീ വരില്ലേ... " "അതുകൊണ്ടല്ലാ... പേടിച്ചിട്ടാണ് ഞാൻ... " "എന്നാൽ ശരി... ഇനി ഞാൻ വിളിച്ചാൽ വന്നില്ലെങ്കിൽ നീയിന്നലെ പറഞ്ഞ മുരടനും തെമ്മാടിയുമാകും ഞാൻ... " "ഇനിയെങ്ങോട്ടാവാനാണ്...ഇപ്പോൾതന്നെ അങ്ങനെയൊക്കെയാണല്ലോ... " "എടീ നിന്നെ ഞാൻ.... അവനവളുടെ ചെവിയിൽ പിടിച്ചു തിരിച്ചു... " "ആ..... വിട് രുദ്രേട്ടാ വേദനിക്കുന്നു... " "വേദനിക്കണമല്ലോ.. ഇപ്പോഴേ ഇതിനുള്ള മരുന്ന് തന്നില്ലയെങ്കിൽ എന്റെ തലയിൽ കയറും നീ... " രുദ്രൻ അവളുടെ ചെവിയിൽ നിന്ന് കയ്യെടുത്തു... അവർ തിരിച്ച് വീട്ടിലേക്ക് പോന്നു... രാവിലത്തെ ചായകുടിയും കഴിഞ്ഞ് പരമേശ്വരനും അംബികയും പുത്തൻവീട്ടിലേക്ക് ചെന്നു..

രുദ്രന്റേയും തീർത്ഥയുടേയും കാര്യങ്ങളെല്ലാം പറഞ്ഞുറപ്പിച്ചിട്ടാണ് അവർ തിരിച്ചു പോയത്... വൈകീട്ട് രുദ്രനും തീർത്ഥയും കോളേജിനടുത്തുള്ള റെസ്റ്റോറന്റിലേക്ക് പുറപ്പെട്ടു....അവിടെ എല്ലാവരും അവരെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു... "ഞങ്ങൾ കരുതി നിങ്ങളിനി വരില്ലെന്ന്..." വിശാൽ പറഞ്ഞു "ഞങ്ങൾ മനപ്പൂർവ്വം കുറച്ചു നേരം വൈകിയതാണ്... എന്നും നിങ്ങളെ കാത്തിരിക്കുന്നത് ഞങ്ങളല്ലേ... ഇന്ന് അതിനൊരു മാറ്റമാവട്ടെ എന്നുകരുതി... " രുദ്രൻ തിരിച്ചടിച്ചു... അങ്ങനെയാണല്ലേ... ഇനിയും ഇതുപോലെയുണ്ടാകും അന്നേരം കാണിച്ചുതരാം... "ഓ... അങ്ങനെയാകട്ടെ... " "എന്നാലും ഇതൊരു മഹാൽഭുതമായിരിക്കുന്നു... ഇത്രയും നാൾ കൂടെ നടന്നിട്ടും ഇങ്ങനെയൊരിഷ്ടം ആരോടും പറഞ്ഞില്ലല്ലോ ഇവൾ... എത്രയെത്ര ചുള്ളന്മാർ വന്ന് മുട്ടിയത്... അവർക്കാർക്കും പിടികൊടുക്കാതെ നിന്നത് ഇതുകൊണ്ടാണല്ലേ... " ദേവികയാണത് പറഞ്ഞത്... അതെങ്ങനെയാ... മനസ്സിൽ മറ്റൊരാളെ പ്രതിഷ്ടിച്ചു നിർത്തിയിരിക്കുകയല്ലേ... " നന്ദന പറഞ്ഞു... "എന്തായാലും ഞങ്ങൾക്ക് സന്തോഷമായെടാ... നീയാഗ്രഹിച്ചതുപോലെത്തന്നെ നടന്നില്ലേ... അപ്പോൾ ഇന്നത്തെ ചിലവ് വലുതായിട്ടു തന്നെ വേണം... എനിക്കാണെങ്കിൽ നല്ല വിശപ്പുമുണ്ട്.... " വിശാൽ പറഞ്ഞു

"അതിനെന്താ... നിങ്ങൾക്കിഷ്ടമുള്ളത് കഴിക്കാം.... എന്നുകരുതി അവനവന്റെ വയറാണെന്ന ഓർമ്മവേണം... വാരി വലിച്ച് കഴിച്ച് വയറിന് പ്രശ്നമുണ്ടാക്കേണ്ടാ... " രുദ്രൻ വിശാലിനെ നോക്കി പറഞ്ഞു...അവനൊന്നു് ചിരിച്ചു അവർ വേണ്ടതെല്ലാം കഴിച്ച് പുറത്തേക്കിറങ്ങി... നിവിനേ നീ പോകുന്ന വഴി ദേവികയെ ഇറക്കിയേക്കണേ... വിശാൽ പറഞ്ഞു... നിവിൻ സമ്മതിച്ചു നിവിൻ തന്റെ ബൈക്കെടുത്തു ദേവിക അവന്റെ പുറകിൽ കയറി... അവൾ എല്ലാവർക്കും നേരെ കൈവീശിക്കാണിച്ചു... നിവിൻ ബൈക്ക് മുന്നോട്ടെടുത്തു... പെട്ടന്നായിരുന്നു ഒരു ലോറി നിയന്ത്രണംവിട്ട് അവരുടെ ബൈക്കിൽ വന്നിടിച്ചത്.... ആ ലോറി അവരുടെ ശരീരത്തിലൂടെ കയറിയിറങ്ങി "നിവിൻ....." വേണി ഉറക്കെയലറി വിളിച്ചു... പിന്നെ ബോധം മറഞ്ഞ് പുറകിലേക്ക് വീണു.... പിന്നെയവിടെ കൂട്ടക്കരച്ചിലായിരുന്നു.........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story