രുദ്രതാണ്ഡവം: ഭാഗം 13

rudhra thandavam

രചന: രാജേഷ് രാജു

"വല്ലാതെയങ്ങ് പെങ്ങളെ പൊന്തിക്കല്ലേ... ഇനിമുതൽ ഞാനാണ് ഇവളുടെ പരീക്ഷണ വസ്തു... അതു താങ്ങാനുള്ള കെൽപ്പ് എനിക്കില്ല... " രുദ്രൻ തീർത്ഥയെ കളിയാക്കാൻ കിട്ടിയ അവസരം പാഴാക്കിയില്ല... അതുകേട്ട് തീർത്ഥ അവനെയൊന്ന് പിച്ചി.... "ആ... എന്തൊരു പിച്ചലാടി ശൂർപ്പണകേ.... " എന്നെ ഏതായാലും സഹിക്കണം... അപ്പോളിത് അഡ്വാൻസായിട്ട് കിടക്കട്ടെ.... " പെട്ടന്നാണ് ഗെയ്റ്റിനുമുന്നിൽ ഒരു കാറ് വന്നു നിന്നത്... അതിൽനിന്നിറങ്ങിയ ആളെ കണ്ട് വിശാൽ ഞെട്ടി... അവൻ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് ആ കാറിനു നേരെ നടന്നു... "അമ്മേ.. അമ്മയെന്താണിവിടെ.... " അവൻ വിലാസിനിയോട് ചോദിച്ചു... വിലാസിനി അവനെയൊന്നുനോക്കി.. "നിനക്ക് എന്നെ വേണ്ടെങ്കിലും എനിക്കത് പറ്റില്ലല്ലോ... പത്തുമാസം ചുമന്ന് പ്രസവിച്ചതല്ലേ നിന്നെ... " അവർ പറയുന്നത് കേട്ട് വിശാൽ തലതാഴ്ത്തിനിന്നു... "നീയെന്തു ഭാവിച്ചാണ് വിശാലേ... അച്ഛനോടും ചെറിയച്ചനോടുമുള്ള ദേഷ്യം മറ്റുള്ളവരോടും കൂടെ തീർക്കണോ നീ... നീ പെട്ടന്നു വാ.... നിന്നെ കൊണ്ടുപോവാനാണ് ഞാൻ വന്നത്... "

വിശാൽ അവരുടെ മുഖത്തേക്ക് നോക്കി... ഓഹോ... അപ്പോൾ അയാൾ പറഞ്ഞുവിട്ടതായിരിക്കും അമ്മയെ... എന്താണ് ഇനി അയാളുടെ പുതിയ പ്ലാൻ.... എന്നെയുംകൂടി തീർക്കണമായിരിക്കും ഇനി അയാൾക്ക്... " നീ എഴുതാപ്പുറമൊന്നും വായിക്കേണ്ട... ആരും എന്നെ നിർബന്ധിച്ചു പറഞ്ഞയച്ചതല്ല... എന്റെ സ്വന്തമിഷ്ടത്തിന് വന്നതാണ് ഞാൻ... നിന്നെ കൂട്ടിക്കൊണ്ടു പോകാൻ... നീ വരണം എന്റെകൂടെ... "ഇല്ലമ്മേ... ഞാൻ ആ വീട്ടിലേക്ക് വരില്ല... അമ്മ കയറിയിരിക്ക്... " ഞാൻ കയറിയിരിക്കാം... അതിനുമുമ്പ് നീയെനിക്ക് വാക്കുതരണം... ഞാൻ പോകുമ്പോൾ എന്നോടൊപ്പം നീയും വരുമെന്ന്... വിലാസിനി പറഞ്ഞു.... "ഞാൻ വരും... അമ്മയെ കാണാനും അമ്മയോടൊപ്പം നിൽക്കാനും ഞാൻ വരും... പക്ഷേ അതിനുമുമ്പ് എനിക്ക് ചിലത് ചെയ്തു തീർക്കാനുണ്ട്... എന്റെ അനിയത്തിക്ക് അവൾക്കവകാശപ്പെട്ട ആ തറവാടും സ്ഥലവും അവൾക്കു കൊടുക്കണം..... പിന്നെ എന്റെ ദേവികയെ ഇല്ലാതാക്കിയവരെ കണ്ടുപിടിക്കണമെനിക്ക്... അതുകഴിഞ്ഞ് ഞാൻ വരും... " നീയെന്തിനുള്ള പുറപ്പാടാണ് വിശാലേ.... നീ ആരെയാണ് വെല്ലുവിളിക്കുന്നതറിയോ... ആ സ്വത്ത് അവർ വിട്ടുതരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...

"അവരത് തന്നില്ലെങ്കിൽ എങ്ങനെ വാങ്ങിക്കുമെന്നെനിക്കറിയാം... അമ്മയേതായാലും കയറിയിരിക്ക്... ആദ്യമായിട്ടല്ലേ ഇവിടെ വരുന്നത്... എല്ലാവരേയും പരിചയപ്പെട്ടിട്ട് പോകാം.. " വിശാലിന്റെ മറുപടി കേട്ടിട്ട് ഇനി അവനോട് കൂടുതൽ പറഞ്ഞിട്ട് കാര്യമില്ലെന്ന് അവർക്കു മനസ്സിലായി... അവർ അവന്റെ കൂടെ അകത്തേക്ക് നടന്നു... വിശാലേ എതാണ് ഹേമയുടെ മകൾ..... വിലാസിനി അവനോട് ചോദിച്ചു... വിശാൽ തീർത്ഥയെ വിളിച്ച് അവൾക്ക് പരിചയപ്പെടുത്തി.... അവർ അവളെയൊന്നു നോക്കി.. പിന്നെയവളെ നോക്കി ചിരിച്ചു... മോൾക്കെന്നെ അറിയുമായിരിക്കില്ല... ഞാൻ ഇവന്റെ അമ്മയാണ്... കുറച്ചു നാളുകളേ കണ്ടിട്ടുള്ളൂ എങ്കിലും എനിക്ക് നിന്റെ അമ്മയെ നല്ല ഇഷ്ടമായിരുന്നു... നിന്റെ അച്ഛനുമായുള്ള ബന്ധം അവൾ ആദ്യം പറഞ്ഞത് എന്നോടായിരുന്നു... ഇവന്റെ അച്ഛന്റെയും ചെറിയച്ഛന്റേയും അപ്പൂപ്പന്റേയും സ്വഭാവമറിയുന്നതുകൊണ്ട് ഞാനവളെ ഒരുപാട് തവണ പിൻതിരിപ്പിക്കാൻ ശ്രമിച്ചു.... എന്നാൽ ഒരിക്കലും പിരിയാൻ പറ്റാത്തത്ര അടുത്തു പോയിരുന്നു അവർ അവസാനം എന്റേയും അവരുടെയും കൂട്ടുകാരിയായ അംബികയാണ് പറഞ്ഞത് അവളുടെ ഭർത്താവിന്റെ കൂട്ടുകാരനാണ് ഇവളെ ഇഷ്ടപ്പെടുന്നതെന്ന്...

ഞാൻ ഇവന്റെ അച്ഛനോട് അവരുടെ കാര്യം പറഞ്ഞു.. ✨ കൊല്ലും ഞാനവളെ... വെറുമൊരു ഏഴാംകൂലിക്ക് കെട്ടിച്ചുകൊടുക്കാനല്ല ഞങ്ങളവളെ വളർത്തിയത്... ഞങ്ങളെ നാണം കെടുത്താനാണെങ്കിൽ രണ്ടിനേയും കൊന്നുകുഴിച്ചുമൂടും ഞാൻ... " സേതുമാധവൻ കലിതുള്ളി.. "നിങ്ങളൊന്ന് പതുക്കെ പറയ്... അച്ഛനുമമ്മയുമുണ്ട് അപ്പുറത്ത്.... അവർ കേൾക്കും... " "കേൾക്കട്ടെ.... അവരറിയട്ടെ പുന്നാര മോളുടെ സ്വഭാവം...ഞാൻ ജീവിച്ചിരിക്കുമ്പോൾ ഇത് നടക്കില്ല.... ഞാനേതായാലും അവളുടെ വിവാഹം നടത്താൻ തീരുമാനിച്ചു... അവളിനി പഠിച്ചതെല്ലാം മതി....എന്റെ കൂട്ടുകാരൻ വിശ്വൻ അവളെ വിവാഹം ചെയ്യും....അവനവളെ ഇഷ്ടമാണ്.... ഇതുനടന്നാൽ അതു നമ്മുടെ ഭാഗ്യമാണ്.... നമ്മുടെയെല്ലാം സ്വത്ത് കൂട്ടിവച്ചാലും അവന്റെ സ്വത്തിന്റെ ഏഴയലത്തുപോലും എത്തില്ല... എന്തൊക്കെ വന്നാലും ഞാനിതു നടത്തും....." ✨ "അങ്ങനെ വിശ്വനുമായുള്ള അവളുടെ വിവാഹമുറപ്പിച്ചു... ഹേമയും ഞാനും അദ്ദേഹത്തോട് കാലു പിടിച്ച് പറഞ്ഞിട്ടും അദ്ദേഹം ചെവികൊണ്ടില്ല....

അവസാനം ഞാൻ അംബികയുടെ ഭർത്താവ് പരമേട്ടനെ കാണാൻ തീരുമാനിച്ചു.... അയാളെ കണ്ട് എല്ലാകാര്യവും പറഞ്ഞു... വിശ്വനുമായുള്ള വിവാഹത്തിന് രണ്ടുദിവസം മുമ്പ് ആരുമറിയാതെ ഞാനവളെ അംബികയുടെ വീട്ടിലെത്തിച്ചു.. അരവിന്ദനവിടെ അവളേയും പ്രതീക്ഷിച്ച് നിൽപ്പുണ്ടായിരുന്നു... ഹേമയെ ഞാൻ അവന്റെ കയ്യിൽ ഏൽപ്പിച്ചു... കുറച്ചുകാലം ഇവിടെനിന്നും മാറി നിൽക്കാൻ പറഞ്ഞു... അവർ സേലത്തുളള പരമേട്ടന്റെ ബന്ധത്തിൽപ്പെട്ട ആരുടേയോ അടുത്തേക്ക് പോയെന്നറിഞ്ഞു.... പിന്നെ കുറേക്കാലം അവരുടെ വിവരമൊന്നുമുണ്ടായിരുന്നില്ല.. പിന്നെ ഞാൻ കേട്ടത് അവർ.... വിലാസിനി തീർത്ഥയെ നോക്കി... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു എന്നാൽ വിലാസിനി പറഞ്ഞ കാര്യങ്ങൾ കേട്ട് വിശാലും രുദ്രനും അന്ധാളിച്ചു നിൽക്കുകയായിരുന്നു... അരവിന്ദന്റേയും ഹേമയുടേയും ജീവിതത്തിൽ ഇങ്ങനൊരു കഥയുള്ളത് അവർക്കാർക്കും അറിയുമായിരുന്നില്ല... പരമേശ്വരനും അംബികയും ഇതേ പറ്റി രുദ്രനോട് പറഞ്ഞിരുന്നില്ല...

വിലാസിനി അപ്പോഴും തീർത്ഥയുടെ മുഖത്തേക്ക് നോക്കിയിരുക്കുകയായിരുന്നു.. "മോൾക്കറിയോ... നിന്നെ എന്റെ മകനെക്കൊണ്ട് വിവാഹം കഴുപ്പിക്കാനുള്ള തീരുമാനമെടുത്തപ്പോൾ ഞാനാണ് കൂടുതൽ സന്തോഷിച്ചത്... ഞാനായിരുന്നു എല്ലാവരേയും കൂടുതൽ നിർബന്ധിച്ചത്... എന്നാൽ നിങ്ങൾക്ക് രണ്ടാൾക്കും മറ്റൊരു ഇഷ്ടമുണ്ടെന്നറിഞ്ഞപ്പോൾ... എനിക്കൊരുപാട് വേദനതോന്നി... എന്നാൽ എനിക്കറിയാമായിരുന്നു... നിങ്ങളുടെ മനസ്സ്... ഹേമയിൽനിന്ന് ഞാനത് മനസ്സിലാക്കിയതുമാണ്... വിലാസിനി പറഞ്ഞു നിർത്തിയതിനുശേഷം തന്റെ കയ്യിലുണ്ടായിരുന്ന കവർ വിശാലിനെ ഏൽപ്പിച്ചു... "ഇതിനുവേണ്ടിയാണ് നീ കാത്തിരിക്കുന്നതെങ്കിൽ ഞാൻ ഇത് നിന്നെ ഏൽപ്പിക്കുകയാണ്... " "എന്താണിത്... " വിശാൽ ചോദിച്ചു "നീ തുറന്നു നോക്ക്" അവൻ കവറിൽ നിന്ന് ഒരു ഫയൽ കയ്യിലെടുത്തു.. അത് തുറന്നുനോക്കിയ അവൻ വിലാസിനിയെ നോക്കി... ഇവൾക്കവകാശപ്പെട്ട ഭൂമിയുടെ പ്രമാണമാണിത്... ഇത് നീ തന്നെ അവളുടെ കയ്യിൽ കൊടുക്കണം... വിലാസിനി പറഞ്ഞു "അമ്മക്കെങ്ങനെ ഇതുകിട്ടി.. " വിശാൽ സംശയത്തോടെ ചോദിച്ചു അതെങ്ങനെയെങ്കിലുമാകട്ടെ... നീയിത് അവളെയേൽപ്പിക്ക്...

"അതുവേണ്ടമ്മേ.. അവരുടെ അറിവോടെയല്ലാതെ ഇത് ഇവൾക്കാവിശ്യമില്ല... ഇതു കാണാതെ വരുമ്പോൾ അവരിറങ്ങും.. ഇതു തിരിച്ചുകിട്ടാൻവേണ്ടി എന്തും ചെയ്യുമവര്... ഒരു നഷ്ടപ്പെടലിൽനിന്ന് കരകയറി വരുന്നതേയുള്ളൂ ഞാൻ.. ഇനി മറ്റൊന്ന് താങ്ങാനുള്ള ശക്തിയെനിക്കില്ല... " "വിശാലേ.. അമ്മ പറയുന്നതിലും കാര്യമുണ്ട്... ഇതിവിടെ സൂക്ഷിക്കുന്നതാണ് നല്ലത്... " ഇതെല്ലാം കേട്ട് രുദ്രൻ പറഞ്ഞു നീയെന്തറിഞ്ഞിട്ടാണ് രുദ്രാ പറയുന്നത്... ഇത് ഇവിടെയുള്ള വിവരം അവരറിഞ്ഞാൽ വെറുതെയിരിക്കുമെന്ന് തോന്നുണ്ടോ..." വിശാൽ രുദ്രനെ നോക്കി ചോദിച്ചു "ഇവിടെയിരുന്നാലല്ലേ കുഴപ്പം... നമ്മുടെ ഓഫീസിലെ ലോക്കറിൽ വച്ചാൽപ്പിന്നെ പേടിക്കേണ്ടല്ലോ..." രുദ്രർ പറഞ്ഞതു കേട്ട് വിശാലൊന്ന് ആലോചിച്ചു... പിന്നെ ശരിയെന്നർത്ഥത്തിൽ തലയാട്ടി... ഈ സമയം വിലാസിനി രുദ്രനെ നോക്കുകയായിരുന്നു.. "ആരാണ് മോനെ ഇത്...? " അവർ തിരിഞ്ഞ് വിശാലിനെ നോക്കി ചോദിച്ചു.... അവനൊന്നു ചിരിച്ചു... അമ്മക്കിവനെ മനസ്സിലായില്ലേ... ഇതാണ് രുദ്രൻ... അമ്മ കുറച്ചുമുമ്പ് പറഞ്ഞ അമ്മയുടെ കൂട്ടുകാരി അംബികയുടെ മകൻ... മാത്രമല്ല എന്റെ അനിയത്തി ഇഷ്ടപ്പെടുന്നവൻ.. അവളുടെ കളിക്കൂട്ടുകാരൻ......

ആണോ... എന്റെ അംബികയുടെ മകനാണോ ഇത്... ചെറുപ്പത്തിൽ കണ്ടതാണ് ഇവനെ... അദ്ദേഹവും വീട്ടുകാരുമറിയാതെ ഇവനേയും ഇവന്റെ അനിയത്തിയേയും ഒരുപാട് എടുത്തുനടന്നിട്ടുണ്ട് ഈ കൈകൊണ്ട് ഞാൻ... അദ്ദേഹം കാരണം സ്വന്തം വീടു പോലും നഷ്ടപ്പെട്ട് ഇവിടെനിന്നും പോയതിനുശേഷം ഒരുപാടന്വേഷിച്ചു നിങ്ങളെ ഞാൻ... അംബികയുടെ കാണണമെന്നുണ്ട് എനിക്ക്... " "അതിനെന്താ കാണാമല്ലോ... ഞങ്ങളിപ്പോൾ ആ പഴയ വീട്ടിലാണ് താമസം... ഞാനമ്മയെ വിളിക്കാം... രുദ്രൻ പുറത്തേക്കു നടന്നു... "മോനേ... പഴയതെല്ലാം നീ മറക്കണം എന്നു ഞാൻ പറയുന്നില്ല... എന്നാൽ അതോർത്ത് നിന്റെ ജിവിതം നശിപ്പിക്കരുത്..... അതെല്ലാം കഴിഞ്ഞിട്ട് ഒരുപാടായില്ലേ... ഇനി നീയൊരു പുതിയ ജീവിതം തുടങ്ങണം... ഒരു വിവാഹമെല്ലാം കഴിച്ച് ഒരു കുംടുബമായി കഴിയുമ്പോൾ എല്ലാം ശരിയാകും... " വിലാസിനി വിശാലിനോട് പറഞ്ഞു "ഹും... അമ്മക്കെങ്ങനെ ഇത് പറയാൻ സാധിക്കുന്നു... അങ്ങനെ പെട്ടന്ന് മറക്കാൻ കഴിയുന്ന ബന്ധമായിരുന്നില്ല എനിക്കവളോട്...

ഞാനവളെ എന്റെ ജീവനേക്കാളും ഇഷ്ടപ്പെട്ടിരുന്നു... അവളല്ലാതെ എന്റെ മനസ്സിൽ മറ്റൊരാൾക്കു സ്ഥാനമുണ്ടാവില്ല... " അമ്മക്കതറിയാം... മറ്റാരേക്കാളും നിന്റെ മനസ്സ് അറിഞ്ഞിട്ടുള്ളവളാണ് ഞാൻ... എന്നാലും നിന്നെയിങ്ങനെ കാണുമ്പോൾ അമ്മക്ക് സഹിക്കുന്നില്ലെടാ.... " അറിയാം എനിക്ക്... എന്നാലും ഞാൻ അവളെ ഒരിപാടിഷ്ടപ്പെട്ടിരുന്നമ്മേ... എന്റെ കൺമുന്നിൽ വച്ചായിരുന്നു അവൾ.... " അവനത് പറയുമ്പോഴേക്കും കരഞ്ഞുപോയിരുന്നു.... "വിലാസിനി.... " വാതിൽക്കൽ നിന്ന് അംബികയുടെ വിളികേട്ട് അവർ തിരിഞ്ഞു നോക്കി... അംബികയുടെ കണ്ട് അവരുടെ കണ്ണു നിറഞ്ഞു.. വിലാസിനി അംബികയുടെ അടുത്തുചെന്ന് അവരെ കെട്ടിപ്പിടിച്ചു... "എത്രനാളായെടീ നിന്നെയൊന്ന് കണ്ടിട്ട്... നിനക്ക് സുഖമാണോ.... " വിലാസിനി ചോദിച്ചു "സുഖമാണ്... നിന്നെ ഇവിടെവച്ച് കാണുമെന്ന് കരുതിയില്ല... " അംബിക പറഞ്ഞതുകേട്ട് അവരൊന്നും ചിരിച്ചു "അതൊക്കെ പോട്ടെ നിന്റെ മകളും പരമേട്ടനുമെവിടെ...." വിലാസിനി ചോദിച്ചു അപ്പോൾ ഇതുവരെ നീയെന്റെ മകളെ പരിചയപ്പെട്ടില്ലേ... ഇതാണ് എന്റെ മകൾ... വേണിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് അംബിക പറഞ്ഞു... "അയ്യോ... എനിക്കറിയില്ലായിരുന്നു..." അവർ വേണിയുടെ അടുത്തേക്ക് നടന്നു...

അവളുടെ നെറുകയിലൊന്ന് തലോടി... പിന്നെ വിശാലിനെ നോക്കി... "എന്നാൽ പിന്നെ ഞാനിറങ്ങുകയാണ്... നിന്റെ തീരുമാനത്തിൽ വല്ലമാറ്റവും വന്നാൽ വന്നേക്കണേ നീ... " "അമ്മായിക്ക് ഊണുകഴിച്ചിട്ട് പോയാൽപ്പോരേ... " തീർത്ഥ ചോദിച്ചു "ഇപ്പോൾ സമയമില്ല മോളെ... പിന്നെയൊരിക്കലാകാം... ഞാനിവിടേക്ക് വന്നത് ആരും അറിഞ്ഞിട്ടില്ല... ഞാൻ ഇനിയും വരുന്നുണ്ട്... എന്റെ മോളെ കാണാൻ.. ഇപ്പോൾ ഞാനിറങ്ങട്ടെ... " വിലാസിനി എല്ലാവരോടും യാത്രപറഞ്ഞിറങ്ങി... ▪️▪️▪️▪️▪️▪️▪️▪️▪️ "നീയിന്നവനെ കാണാൻ പോയിരുന്നോ വിലാസിനീ... " വൈകീട്ട് തുണികൾ മടക്കിവക്കുകയായിരുന്ന വിലാസിനിയോട് സേതുമാധവൻ ചോദിച്ചു "പോയിരുന്നു" വിലാസിനി പറഞ്ഞു "ആരോട് ചോദിച്ചിട്ടാണ് നീ പോയത്... നമ്മളെ വേണ്ടെന്നുവച്ചിട്ട് പോയതല്ലേ അവൻ.... " എന്റെ മകനെ കാണാനാണ് ഞാൻ പോയത്... അതിന് എനിക്കാരുടേയും അനുവാദം ആവിശ്യമില്ല... അത് നിന്റെ വീട്ടിൽ നടത്തിയാൽ മതി... ഇവിടെ എന്നോടൊപ്പം ജീവിക്കുമ്പോൾ എന്റെ ഇഷ്ടത്തിനു ജീവിക്കണം...

"എന്നുപറഞ്ഞാലെങ്ങനെയാണ്... ഇത്രയും നാൾ നിങ്ങൾ പറഞ്ഞത് അതേപടി അനുസരിച്ച് ജീവിച്ചിട്ടേയുള്ളൂ... ഇനിയതിന് എന്നെ കിട്ടില്ല... എനിക്കെന്റെ മകന്റെ ജീവിതമാണ് വലുത്... " "എന്നാൽപ്പിന്നെ മകന്റെ കൂടെ നിന്നാൽപ്പോരായിരുന്നോ... എന്തിനാണ് വീണ്ടും ഇങ്ങോട്ട് കെട്ടിയെടുത്തത്.. " എനിക്കിഷ്ടമുണ്ടായിട്ട്.... ഞാനും കൂടിപോയാൽപ്പിന്നെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് നടക്കാലോ... പഴംപുരാണമൊന്നും എന്നെക്കൊണ്ടു പുറത്തെടുപ്പിക്കരുത്... അത് നിങ്ങൾക്ക് നന്നായിരിക്കില്ല... എന്ത് പുരാണമാണെടീ നിനക്ക് പറയാനുള്ളത്... ഒറ്റ തന്തക്ക് പിറന്നവളാണെങ്കിൽ പറഞ്ഞു തുലക്കെടീ.... ഞാൻ പറയുമത് ഇപ്പോഴല്ല... നിങ്ങൾ അതുപോലെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ ഒരവസരം വന്നാൽ ഞാനത് പറയും... അതും പറഞ്ഞ് വിലാസിനി മുറിയിൽ നിന്നും പുറത്തേക്ക് നടന്നു... അവളെന്താണ് മനസ്സിൽ കൊണ്ടു നടക്കുന്നതെന്ന് മനസ്സിലാവാതെ സേതുമാധവൻ നിന്നു........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story