രുദ്രതാണ്ഡവം: ഭാഗം 22

rudhra thandavam

രചന: രാജേഷ് രാജു

"ഇല്ല മോളേ... അവനെ അത്രപെട്ടന്ന് പൂട്ടാൻ ദ്രുവനാകില്ല.... ഒന്നിനും ഒരു തെളിവു പോലും നൽകാതെയാണ് അവൻ കളിക്കുന്നത്.... അവനെ ഒതുക്കാൻ ഒറ്റമാർഗമേയുള്ളൂ... അവന്റെ ബോസിനെ ആദ്യം കണ്ടെത്തുക... വെറുതെ കണ്ടെത്തിയാൽ പോരാ എല്ലാ തെളിവോടും കൂടി പൂട്ടണം... അതിന് എനിക്ക് വിശാലിന്റെ സഹായം വേണ്ടിവരും... " രുദ്രൻ വിശാലിന്റെ മുഖത്തേക്ക് നോക്കി.... അവൻ തലയാട്ടി സമ്മതിച്ചു.... ▪️▪️▪️▪️▪️▪️▪️▪️▪️ ഇതേ സമയം ഷാനവാസ് കൂട്ടാളികളുമായി തന്റെ പഴയ ഗോഡൌണിൽ എത്തിയിരുന്നു... അവൻ ദേഷ്യത്തിൽ വണ്ടിയിൽനിന്നിറങ്ങി ഗോഡൌണിലേക്ക് നടന്നു.... കൂടെ മറ്റുള്ളവരും... അവിടെയെത്തിയ ഷാനവാസ് കൂടെയുള്ള ഒരുത്തന്റെ മുഖമടക്കി ഒന്നു കൊടുത്തു... "കള്ള ഹിമാറുകളെ... കയ്യിൽ കിട്ടിയ രണ്ടെണ്ണത്തിനെയാണ് കൈവിട്ടുകളഞ്ഞത്... ഇനി ഇതുപോലൊരു അവസരം ഉണ്ടാകുമോ.... എല്ലാം നശിപ്പിച്ചില്ലേ... " "അത്... അപ്പോൾ ആ വഴി ആ പോലീസുകാരൻ വരുമെന്ന് ആരെങ്കിലും കരുതിയോ....

കയ്യിൽ കിട്ടിയതായിരുന്നു അവരെ... " "ഓർക്കണമായിരുന്നു... ഏതു സമയവും തിരിച്ചൊരാക്രമണമുണ്ടാകുമെന്ന് എപ്പോഴും നമ്മളോർക്കണം... ഇന്ന് പറ്റിയതെറ്റ് എത്ര വലിയ നഷ്ടമാണെന്ന് നിങ്ങൾക്കറിയോ.... അവനെ.. ആ രുദ്രനെ ഒതുക്കാൻ കിട്ടിയ ഏറ്റവും വലിയ ചാൻസായിരുന്നു നിങ്ങളുടെ അശ്രദ്ധകൊണ്ട് നഷ്ടമായത്... നിങ്ങളെയൊന്നും പറഞ്ഞിട്ടു കാര്യമില്ല... ഇന്നലെ കണ്ടില്ലേ... അവനെ നേരിടാൻ പോയവർ അവനെ കണ്ടയുടനെ മുട്ടുവിറച്ചത്.... എല്ലാത്തിനും എന്നെ പറഞ്ഞാൽ മതിയല്ലോ... നിങ്ങളെയെല്ലാം തീറ്റിപോറ്റുന്നത് ഞാനല്ലേ.... എല്ലാവരും ഈ നിമിഷം ഇവിടെനിന്ന് പോയേക്കണം.... ഇനിയെന്റെ കൺമുന്നിൽ ഒന്നിനേയും കണ്ടുപോകരുത്.... ഇത്രയും നാൾ എനിക്കുവേണ്ടി പണിയെടുത്തതിന് എത്രയാണ് വേണ്ടതെന്ന് പറഞ്ഞാൽ മതി.... " "അങ്ങനെ പറയരുത് സാർ... ഇനി ഞങ്ങളുടെ കയ്യിൽനിന്ന് ഇതുപോലെയൊന്ന് സംഭവിക്കില്ല... ഞങ്ങളെ പറഞ്ഞുവിടരുത്... " കൂട്ടത്തിലുണ്ടായിരുന്ന ഒരുവൻ പറഞ്ഞു... എന്നാൽ നിങ്ങൾക്ക് നല്ലത്...

ഇല്ലെങ്കിൽ ഇന്നലെ മുത്തുവിന് സംഭവിച്ചതറിയാലോ... ചീനിപ്പാടത്ത് ഇനിയും ഒരുപാട് കുഴികൾ വെട്ടാനുള്ള സ്ഥലമുണ്ട്... എല്ലാത്തിനേയും കൊന്ന് കുഴിച്ചുമൂടും ഞാൻ... ഏതായാലും നടേശനെ വിളിച്ചു വരുത്തണം... അതിനുമുമ്പ് ചിലത് ചെയ്തുതീർക്കാനുണ്ട്... ഷാനവാസ് തിരിച്ച് തന്റെ വണ്ടിക്കു സമീപത്തേക്ക് നടന്നു.... ▪️▪️▪️▪️▪️▪️▪️▪️▪️ വീട്ടിലെത്തിയ രുദ്രൻ തന്റെ ഫോണെടുത്ത് ആദിയെ വിളിച്ചു... എല്ലാ കാര്യങ്ങളും അവനോട് പറഞ്ഞു... "അപ്പോൾ അവൻ ഒന്നിനായിട്ട് ഇറങ്ങിയിരിക്കുകയാണല്ലേ... ഏതായാലും നീ സൂക്ഷിക്കണം... ഇന്നത്തെ സംഭവംവച്ച് നോക്കുമ്പോൾ അവൻ വെറുതെയിരിക്കുമെന്ന് തോന്നുന്നില്ല... " ആദി രുദ്രനോട് പറഞ്ഞു "അറിയാം ആദീ... അവൻ ഏന്തുകളിയും കളിക്കുമെന്ന് എനിക്കറിയാമായിരുന്നു... പക്ഷേ അവനെന്റെ തീർത്ഥയേയും വേണിയേയുംവച്ച് കളിക്കുമെന്ന് അറിയില്ലായിരുന്നു... വിടില്ല ഞാനവനെ... അവനേയും അവന്റെ ബോസിനേയും തകർത്തിട്ടേ ഇനി എനിക്കു വിശ്രമമുള്ളൂ... " എടാ നീ എടുത്തുചാടി അപകടമൊന്നും വരുത്തിവക്കേണ്ടാ... എല്ലാം സാവധാനത്തിൽ ചെയ്യാം നമുക്ക്... പിന്നെ കൂട്ടിന് ദ്രുവൻസാറുമുണ്ടാകുമല്ലോ... "അതാണ് മനസ്സിനൊരു ആശ്വാസം...

ഏതായാലും നിന്നെ എനിക്കൊന്നു കാണണം...ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്... നീയേതായാലും ഞായറാഴ്ച മോളിയും കൂട്ടി ഇവിടേക്ക് വാ.... മോളെ കാണുമ്പോൾ എന്റെ വേണിമോൾക്കും അതൊരാശ്വാസമായിരിക്കും.... " ശരിയെടാ... ഞായറാഴ്ച ഞാൻ വരാം... മോളും വേണിയെ കാണാൻ വാശിപിടിക്കുന്നുണ്ട്.... അവൾക്കും വേണിയെ വല്ലാതെ പിടിച്ചിരിക്കുന്നു.. " ഫോൺവിളികഴിഞ്ഞ് രുദ്രൻ മുറിയിൽനിന്ന് താഴേക്ക് വന്നു... അവിടെ എന്തോ ആലോചനയിൽ ഇരിക്കുകയായിരുന്നു പരമേശ്വരൻ.... "എന്താണച്ഛാ... വലിയ ആലോചനയിലാണല്ലോ... എന്താണ്...? " ഒന്നുമില്ലെടാ... ഞാൻ നമ്മുടെ വേണിമോളെക്കുറിച്ച് ആലോചിക്കുകയായിരുന്നു... ഞങ്ങളിന്ന് അവളുടെ ജാതകം ജ്യോത്സ്യനെ കാണിച്ചു.... അടുത്ത ചിങ്ങത്തിനുമുമ്പ് അവളുടെ വിവാഹം നടത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്... ഇല്ലെങ്കിൽ ഇരുപത്തെട്ട് വയസ്സ് കഴിഞ്ഞേ അവൾക്ക് മംഗല്യഭാഗ്യമുള്ളൂ... എങ്ങനെയാണ് അവളോടിത് പറയാ... ആലോചിച്ചിട്ട് ഒരുത്തനും പിടിയും കിട്ടുന്നില്ല...

പരമേശ്വരൻ വേദനയോടെ പറഞ്ഞു "അതിനെന്താ അച്ഛാ... അദ്ദേഹം പറഞ്ഞ സമയത്തിന് ഇനിയും ഒരുപാടുണ്ടല്ലോ... അവളെ നമുക്ക് പറഞ്ഞ് സമ്മതിപ്പിക്കാം... " രുദ്രനയാളെ സമാധാനിപ്പിച്ചു... അവൾ സമ്മതിച്ചാലും പ്രശ്നം വേറേയുമുണ്ടല്ലോ... എല്ലാം അറിഞ്ഞ് ഒരാൾ വരണ്ടേ... അതെല്ലാം എനിക്ക് വിട്... അച്ഛൻ അതോർത്ത് മനസ്സ് വേദനിപ്പിക്കണ്ടാ... എല്ലാം നടക്കേണ്ട സമയത്ത് നടന്നിരിക്കും... "ആ.. നടക്കട്ടെ.." അത് പറഞ്ഞയാൾ പുറത്തേക്ക് നടന്നു... രുദ്രൻ ടിവി ഓൺചെയ്ത് ന്യൂസ് കണ്ടിരുന്നു... അപ്പോഴേക്കും അംബിക അവനുള്ള ചായയുമായി വന്നു... അവൻ ടീവിലേക്ക്നോക്കി ചായകുടിച്ചുകൊണ്ടിരുന്നു.... "മോനേ... അച്ഛനെന്തെങ്കിലും നിന്നോട് പറഞ്ഞിരുന്നോ... " അംബിക ചോദിച്ചു "പറഞ്ഞിരുന്നു... വേണിയുടെ കാര്യമല്ലേ... " "എന്നിട്ടെന്താ നിന്റെ തീരുമാനം... " അമ്മേ അവളോടിപ്പോൾ പെട്ടന്ന് പറഞ്ഞാൽ അവളിതിന് സമ്മതിക്കുമോ... ഒരു സാവകാശം വേണ്ടേ... സമയം ഇനിയുമുണ്ടല്ലോ.. മെല്ലെ അവളോട് പറഞ്ഞ് സമ്മതിപ്പിക്കാം....

ഏതായാലും ഞാനൊന്ന് അവളോട് ഇതിനെ പറ്റി സംസാരിക്കാം... പെട്ടന്നൊരു തീരുമാനം ഏതായാലും പ്രതീക്ഷിക്കേണ്ട.... " സമയമുണ്ടെന്ന് കരുതിനിന്നാലെങ്ങനെയാണ്.... എല്ലാം ശരിയായി ഒത്തുവരണ്ടേ... നീയേതായാലും അവളോട് സംസാരിക്ക്... ഞങ്ങൾ സംസാരിക്കുന്നതിലും നല്ലത് നീ സംസാരിക്കുന്നതാണ്... നീയാകുമ്പോൾ അവൾ എല്ലാം തുറന്നുപറയും... "ശരിയമ്മേ ഞാൻ സംസാരിക്കാം.... അവളെവിടെ..." അടുക്കളയിലുണ്ട്... വിളിക്കണോ... വേണ്ട... ഞാൻ രാത്രി അവളോട് സംസാരിക്കാം... രുദ്രൻ ചായകുടിച്ചുകൊണ്ടിരുന്നു ഗ്ലാസ് അംബികക്ക് കൊടുത്തു.... അതുമായി അവർ അടുക്കളയിലേക്ക് നടന്നു.... ▪️▪️▪️▪️▪️▪️▪️▪️▪️ ഈ സമയം വിശാൽ രുദ്രൻ പറഞ്ഞ കാര്യങ്ങൾ ആലോചിച്ച് ഉമ്മറത്തിരിക്കുകയായിരുന്നു.. "എന്താ മോനേ അലോചിക്കുന്നത്... വീട്ടുകാരെ കുറിച്ചാണോ" അവിടേക്ക് വന്ന വാരിജാക്ഷൻനായർ ചോദിച്ചു... "അതൊന്നുമല്ല മുത്തശ്ശാ... ഞാൻ മറ്റുചില കാര്യങ്ങൾ ആലോചിക്കുകയായിരുന്നു... "

"മോനെ നിനക്കിപ്പോൾ പത്തിരുപത്തെട്ട് വയസ്സായിക്കാണില്ലേ... നിനക്ക് ഒരു ജീവിതമൊക്കെ വേണ്ടേ... എത്രനാളായെന്നുവച്ചാണ് ഇങ്ങനെ ഒറ്റക്കു കഴിയുന്നത്... " "എന്തേ മുത്തശ്ശാ... ഞാനൊരു അധികപ്പറ്റായി തോന്നിത്തുടങ്ങിയോ... " വിശാൽ ചോദിച്ചു "അയ്യോ മോനേ... ആ അർത്ഥത്തിലല്ല ഞാൻ പറഞ്ഞത്... മോനിവിടെ എത്രകാലം വേണമെങ്കിലും കഴിയാലോ..... ഞാൻ നിന്റെ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചാണ് ചോദിച്ചത്... " "എനിക്കറിയാം മുത്തശ്ശാ... ഞാൻ വെറുതെയൊരു തമാശ പറഞ്ഞതാണ്.... പിന്നെ എന്റെ ജീവിതം.... അത് കുറച്ചുമാസങ്ങൾക്കു മുന്നേ തീരുമാനമായതല്ലേ.. ഇനി എനിക്കെന്ത് ജീവിതം... അത് ആരേയും ബുദ്ധിമുട്ടിക്കാതെ അങ്ങനെയങ്ങ് പോകണം... " അവനത് ഒരു നിസാരമട്ടിൽ പറഞ്ഞൊഴിഞ്ഞു.... അങ്ങനെ പറഞ്ഞാൽ പറ്റുമോ.... ഇപ്പോഴല്ല ഇത് മനസ്സിലാവുക.. കുറച്ചു കഴിയുമ്പോഴാണ്... അതുകൊണ്ട് ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തി.. നിന്നെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു.... അത് തീരുമാനിക്കാൻ ഞങ്ങൾ ആരുമല്ലെന്നറിയാം...

നിന്റെ അമ്മയും അച്ഛനുമാണ് അത് തീരുമാനിക്കേണ്ടതെന്നും എനിക്കറിയാം... അവരുടെ സമ്മതത്തോടെ മതി... അതിനുമുമ്പ് നിന്റെ തീരുമാനം ഞങ്ങൾക്കറിയണം... വാരിജാക്ഷൻനായർ പറഞ്ഞതുകേട്ട് അവനൊന്ന് ഞെട്ടി... "മുത്തശ്ശാ... എല്ലാം അറിഞ്ഞുകൊണ്ടാണോ മുത്തശ്ശൻ ഇത് പറയുന്നത്..... " വിശാൽ ചോദിച്ചു അതെ എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് പറയുന്നത്.... നീയൊരു വിവാഹം കഴിക്കണം... നമ്മുടെ പരമേശ്വരന്റെ മോളും നിന്നെപ്പോലെ ദുഃഖം അനുഭവിക്കുന്ന കുട്ടിയാണ്... എന്നാൽ നിങ്ങൾ തമ്മിൽ എന്തുകൊണ്ട് ഒന്നിച്ചൂടാ... ഞാൻ പരമേശ്വരന്റെ പറയാം.... നീ എതിർത്തൊന്നും പറയരുത്... നിന്റെ സ്വന്തം മുത്തശ്ശൻ പറയുന്നതാനെന്ന് കരുതിയാൽ മതി... എന്തൊക്കെയാണ് മുത്തശ്ശാ നിങ്ങൾ പറയുന്നത്... വേണിയെ ഞാൻ വിവാഹം കഴിപ്പിക്കമെന്നോ... അവളെ ആ രൂപത്തിൽ കാണാൻ എനിക്കു പറ്റില്ല.... " "പറ്റണം...... ഇന്നല്ലെങ്കിൽ നാളെ നിനക്കും അവൾക്കുമൊരു ജീവിതം വേണ്ടതാണ്... അത് എല്ലാം അറിയുന്ന നിങ്ങൾ തമ്മിലായാൽ അതല്ലേ നല്ലത്.... ഞാൻ പരമേശ്വരനുമായി ഇത് സംസാരിക്കട്ടെ മോനേ... " വാരിജാക്ഷൻനായർ പറയുന്നത് കേട്ട് എന്തു പറയണമെന്നറിയാതെ അവൻ നിന്നു....

"എന്താ മോനേ... നിനക്കിതിൽ താൽപര്യമില്ല എന്നുണ്ടൊ... ഉണ്ടെങ്കിൽ പറയണം... വെറുതെ അവർക്ക് ആശകൊടുക്കേണ്ടല്ലോ... എന്തു തീരുമാനമായാലും മോൻ പറഞ്ഞോണ്ടൂ.... എല്ലാം ആലോചിച്ചിട്ട് മതി...." വാരിജാക്ഷൻനായർ അകത്തേക്കു നടന്നു വിശാൽ ആകെ ധർമ്മസങ്കടത്തിലായി... ദേവികയെ തനിക്കു മറക്കാൻ പറ്റില്ല... ഞങ്ങൾ തമ്മിൽ ഒന്നിച്ചു ജീവിക്കുന്നത് ഒരുപാട് സ്വപ്നം കണ്ടതാണ്... അവൾ പോയപ്പോളും അവളുടെ ഓർമ്മകളാണ് എന്റെ മനസ്സിൽ നിറഞ്ഞു നിന്നത്... അതെല്ലാം മറന്ന് മറ്റൊരു വിവാഹത്തിന് എനിക്കു പറ്റുമോ.... ദേവികയുടെ സ്ഥാനത്ത് വേണിയെ കാണാൻ എനിക്കു കഴിയുമോ... ദേവികയെ സ്നേഹിച്ചതുപോലെ അവളെ സ്നേഹിക്കാൻ എനിക്കു പറ്റുമോ... ഒരുവശത്ത് ദേവികയുടെ ഓർമ്മകൾ മറുവശത്ത് മുത്തശ്ശന്റെ സ്നേഹം... വിശാൽ എന്തു ചെയ്യണമെന്നറിയാതെ നിന്നു...............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story