രുദ്രതാണ്ഡവം: ഭാഗം 24

rudhra thandavam

രചന: രാജേഷ് രാജു

 ജുനൈദിനെ കാണാൻ പോയ വിശാൽ അവൻ പറഞ്ഞ വായനശാലയുടെ മുന്നിലെത്തിയിരുന്നു... അവനെ കണ്ട് വായനശാലയിൽ നിന്ന് ജുനൈദ് ഇറങ്ങിവന്നു... അവൻ വിശാലിന്റെ കാറിൽ കയറി... നീ നേരെ നമ്മളിരുന്നിരുന്ന പുഴക്കരയിലേക്ക് വണ്ടിവിട്... പുഴക്കരയിലെത്തിയ അവർ നാല് കല്ലിന്മേൽ ഇട്ടിരിക്കുന്ന കോൺക്രീറ്റ് പോസ്റ്റിന്മേലിരുന്നു... "എന്താടാ അത്യാവശ്യമായി എന്നെ കാണണമെന്ന് പറഞ്ഞത്... " വിശാൽ ചോദിച്ചു... "പറയാം... അതിനുമുമ്പ് നീ പ്രശ്നമൊന്നും ഉണ്ടാക്കില്ലെന്ന് എനിക്ക് ഉറപ്പുതരണം..." "നീ കാര്യം പറയ്... അതിനുശേഷം പറയാം എന്താണ് വേണ്ടതെന്ന്... " "എടാ... ഞാൻ കുറച്ചു ദിവസം മുമ്പ് എന്റെ അമ്മോന്റെ വീട്ടിൽ പോയിരുന്നു...അന്ന് അമ്മോന്റെ മോനുമായി അവന് ഒരു ജോലിയുടെ ഭാഗമായി പാലക്കാട് വരെ പോയിരുന്നു... പോയിവന്നപ്പോഴേക്കും ഒരുപാട് സമയമായി.... അന്നവിടെ കൂടി പിറ്റേന്ന് പൊരാമെന്ന് കരുതി... അന്ന് രാത്രി അവിടെ വച്ച് ഞാനൊരു സംഭവം കണ്ടു....

അമ്മോന്റെ വീടിനടുത്തുള്ള ഒരു വീട്ടിൽ വച്ച് ഞാനൊരാളെ കണ്ടു... ഞാൻ കരുതി എന്തെങ്കിലും അവിശ്യത്തിന് വന്നതാണെന്ന്... എന്നാൽ അയാൾ പിറ്റേന്ന് രാവിലെയാണ് അവിടെനിന്ന് പോയത്... എനിക്കെന്തോ പന്തികേട് തോന്നി.... ഞാനത് മനസ്സിൽ വച്ചു.... അമ്മോന്റെ മോന് ആ ജോലികിട്ടി ഇന്ന് ജോയിൻ ചെയ്യേണ്ട ദിവസമായിരുന്നു... ഇന്ന് പുലർച്ചെ പോകേണ്ടതുകൊണ്ട് ഇന്നലെ ഞാനവിടേക്ക് പോയി.... എന്നാൽ ഇന്നലെ രാത്രിയും അയാളെ അവിടെ കണ്ടു.... ഈ കാര്യം ഞാൻ അമ്മോന്റെ മോനോട് ചോദിച്ചു... എന്നാൽ ഞെട്ടിക്കുന്ന കാര്യമാണ് ഞാൻ അവനിൽ നിന്ന് അറിഞ്ഞത്... " "ആരുടെ കര്യമാണ് നീ പറഞ്ഞുവരുന്നത്... " വിശാൽ ചോദിച്ചു "അത്... ഞാനെങ്ങനെയാണ് നിന്നോട് പറയുന്നത്.... പറയാതിരിന്നിട്ടും കാര്യമില്ല... അത് കേട്ടതിനുശേഷം നീ പ്രശ്നമൊന്നും ഇണ്ടാക്കാതിരുന്നാൽ മതി... " "നീയെന്നെ ടെൻഷനടിപ്പിക്കാതെ കാര്യം പറയുന്നുണ്ടോ... " ഞാനവിടെ കണ്ടയാൾ നിന്റെ അച്ഛനായിരുന്നു... ഇത് ഇന്നും ഇന്നലേയും തുടങ്ങിയതല്ല...

അവിടെ അയാൾക്കൊരു ഭാര്യയും മകളുമുണ്ട്... ഏകദേശം ഒരു ഇരുപത്തഞ്ച് ഇരുപത്താറ് വയസുകാണും മകൾക്ക്..." ജുനൈദ് പറഞ്ഞതുകേട്ട് ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു വിശാൽ... "എടാ നീ അയാളോട് പ്രശ്നത്തിനൊന്നും പോകരുത്... " അതുകേട്ട് വിശാലോന്ന് ചിരിച്ചു.... ഒരു പ്രതികാരചിരിയായിരുന്നു അവന്റെ മുഖത്ത്.... "നീയെന്താണ് കരുതിയത്... ഇതു കേൾക്കുമ്പോൾ ഞാനയാളോടുപോയി പ്രശ്നമുണ്ടാക്കുമെന്നോ... എടാ ഇതെനിക്ക് അയാൾക്കു നേരെ പ്രയോഗിക്കാൻ കിട്ടിയ തുറുപ്പുചീട്ടാണ്... എന്റെ ജീവിതം തകർത്ത അയാളെ ഇനിയെയെങ്ങനെ നേരിടണമെന്ന് എനിക്കറിയാം... " "നീയെന്താണ് ഉദ്ദേശിക്കുന്നത്... " ജുനൈദ് ചോദിച്ചു "പറയാം... ഇപ്പോഴല്ല... കുറച്ചു കാര്യങ്ങൾ കൂടി അറിയാനുണ്ട്... അതിനുമുമ്പ് എനിക്ക് അയാളുടെ രണ്ടാം ഭാര്യയുടെ അഡ്രസ്സൊന്ന് പറഞ്ഞുതരണം.... " ജുനൈദ് അവരുടെ അഡ്രസ്സ് പറഞ്ഞു കൊടുത്തു... കുറച്ചുനേരംകൂടി അവനുമായി സംസാരിച്ചതിനുശേഷം വിശാൽ തിരിച്ചു പോന്നു...

പോരുന്ന സമയത്തും അവൻ ജുനൈദ് പറഞ്ഞത് ഓർക്കുകയായിരുന്നു... ഈ കാര്യം അമ്മയറിഞ്ഞാൽ എന്തായിരിക്കും സ്ഥിതിയെന്നോലോചിച്ച് അവൻ വ്യാകുലനായി.... വിശാൽ തിരിച്ചു വീട്ടിലെത്തിയപ്പോഴേക്കും സമയം ഒരുപാടായിരുന്നു... വിശാലിനുള്ള ഭക്ഷണം മേശപ്പുറത്ത് വച്ച്.... ബാക്കിയെല്ലാപരിപാടികളും കഴിച്ച് കിടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു തീർത്ഥ... വിശാലിന്റെ കാറിന്റെ ശബ്ദം കേട്ട് അവൾ വാതിൽ തുറന്നു.... "നീയിതുവരെ കിടന്നില്ലേ... സമയമൊരുപാടായല്ലോ... എനിക്കുവേണ്ടി കാത്തിരിക്കേണ്ടതിന്നു പറഞ്ഞിരുന്നതല്ല... " തീർത്ഥയെ കണ്ട് വിശാൽ ചോദിച്ചു.... അതിന് സമയം ഒരുപാടായിട്ടൊന്നുമില്ല... സാധാരണ കിടക്കുന്ന സമയമായിട്ടേയുള്ളൂ... വിശാലേട്ടനുള്ള ഭക്ഷണം എടുത്തു വച്ച് കിടക്കാൻ ഒരുങ്ങിയതാണ്... അപ്പോഴാണ് കാറിന്റെ ശബ്ദം കേട്ടത്... " "നീയേതായാലും കിടന്നോ... ഞാനൊന്ന് കുളിക്കട്ടെ... " "വിശാലേട്ടൻ കുളിച്ചു വന്നുന്നോളൂ... അപ്പോഴേക്കും കറിയൊന്ന് ചൂടാക്കിവക്കാം ഞാൻ... " വിശാൽ അകത്തേക്ക് നടന്നു...

തീർത്ഥ നേരെ അടുക്കളയിലേക്ക് പോയി... ഊണു കഴിക്കാനിരിക്കുമ്പോൾ തീർത്ഥ വിശാലിനെ ശ്രദ്ധിക്കുകയായിരുന്നു.... ഊണു കഴിക്കുകയെന്നേയുള്ളൂ... അവന്റെ മനസ്സ് ഇവിടെയല്ലെന്ന് അവൾക്ക് മനസ്സിലായി... "വിശാലേട്ടൻ ഈ ലോകത്തൊന്നുമല്ലെന്നു തോന്നുന്നു... എന്താണ് ഇത്രവലിയ ആലോചന... " തീർത്ഥ ചോദിച്ചത് കേട്ട് അവനൊന്ന് ഞെട്ടി... "എന്താണ് ചോദിച്ചത്.. " അവൻ തീർത്ഥയുടെ മുഖത്തേക്ക് നോക്കി... "അതുമനസ്സിലായി... വിശാലേട്ടൻ ഈ ലോകത്തൊന്നുമല്ലെന്ന്... അതാണ് ചോദിച്ചതും... എന്താണ് ഇത്രവലിയ ആലോചനയെന്ന്... പുറത്തുപോയി വന്നതിൽപ്പിന്നെയാണല്ലോ ഈ ആലോചന... " അവൾ ചോദിച്ച് കേട്ട് വിശാൽ അല്പസമയം അവളെ നോക്കിനിന്നു.... എന്താണ് അവളോട് പറയുക... പറഞ്ഞില്ലെങ്കിൽ അത് ഞാൻ ഇവരോട് ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയാകും... എന്തായാലും ഇവരറിയേണ്ടത് തന്നെയാണ്... അത് കുറച്ചുമുമ്പേ അറിയുന്നതാകും നന്നാവുക.... "മോളെ....പെട്ടന്നൊരു ദിവസം എനിക്കൊരു അനിയത്തിയുണ്ടെന്ന് നീയറിഞ്ഞാൽ എന്തായിരിക്കും നിന്നെ റിയാക്ഷൻ... "

"ഇതു നല്ല കൂത്ത്.... പുറത്ത് പോയി വല്ല കഞ്ചാവ് വലിച്ചിട്ടാണോ വന്നത്... " അവൾ ചിരിയോടെ ചോദിച്ചു.... "തമാശയല്ല പറഞ്ഞത്... അങ്ങനെയൊന്നുണ്ടായാൽ എന്തായിരിക്കും പ്രതികരണം... " "അങ്ങനെയൊന്നില്ലല്ലോ... ഞാനും ചെറിയമ്മാവന്റെ മകളുമല്ലാതെ വേറെയാരാണ് വിശാലേട്ടന് അനിയത്തിയായിട്ടുള്ളത്... ഇനി അഥവാ അങ്ങനെയൊന്നുണ്ടായാൽ ഞാനെന്റെ സഹോദരിയായി കാണും... അത്രതന്നെ.... " എന്നാൽ അങ്ങനെയൊരു സഹോദരി എനിക്കുണ്ട്.... എന്റെ അച്ഛനിൽ ഏതോ ഒരു സ്തീക്ക് പിറന്ന ഒരു മകൾ ഇപ്പോൾ നിലവിലുണ്ട്.... പക്ഷേ ആളെ ഞാൻ കണ്ടിട്ടില്ല.... വിശാൽ പറഞ്ഞത് കേട്ട് തീർത്ഥ ഞെട്ടി... അവൾ അവനെ സുക്ഷിച്ചുനോക്കി... "എന്താ പറഞ്ഞത്... " വിശ്വസിക്കാൻ പറ്റാതെ അവൾ ചോദിച്ചു ഞാൻ പറഞ്ഞ് സത്യമാണ്... എന്നെ എന്റെ കൂട്ടുകാരൻ വിളിച്ചത് ഇതുപറയാനായിരുന്നു... നാളെ രുദ്രനേയും കൂട്ടി അവിടെവരെയൊന്ന് പോകണം.... അതുകഴിഞ്ഞ് എനിക്കയാളെ ഒന്നു കാണണം.... "വേണ്ട വിശാലേട്ടാ... വെറുതേ പ്രശ്നത്തിനൊന്നും പോകേണ്ട... "

"പോണം മോളേ... ഒരാളെ സ്നേഹിച്ച കുറ്റത്തിന് എന്നെയും നിന്റെ അമ്മയേയും ഒരുപാട് ദ്രോഹിച്ചവനാണ് അയാൾ... കുറച്ചെങ്കിലും അയാൾക്കും കൊടുക്കേണ്ടെ...." വിശാൽ ഭക്ഷണം കഴിച്ചെഴുന്നേറ്റ് കൈ കഴുകി... "പിന്നെ ഞങ്ങൾ പോകുന്നകാര്യം മാത്രം ആരോടും പറയണ്ട... " വിശാൽ അകത്തേക്ക് നടന്നു അകത്തെത്തിയ അവൻ ഫോണെടുത്ത് രുദ്രനെ വിളിച്ചു.... കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു... നാളെ വേണിയേയും തീർത്ഥയേയും കോളേജിൽ വിട്ട് അതുവഴി നേരെ പോകാമെന്ന് രുദ്രൻ പറഞ്ഞു.... അടുത്ത ദിവസം രാവിലെ വേണിയേയും തീർത്ഥയേയും കോളേജിലാക്കി ജുനൈദ് പറഞ്ഞ സ്ഥലത്തേക്ക് രുദ്രനും വിശാലും പുറപ്പെട്ടു... പോകുമ്പോൾ രുദ്രന്റെ കാർ മാത്രമേ എടുത്തിട്ടുണ്ടായിരുന്നുള്ളൂ... പോകുന്ന വഴി രുദ്രൻ വിശാലിനെ ശ്രദ്ധിച്ചു... അവൻ ഗ്ലാസിൽക്കൂടി ഇടക്കിടക്ക് വേണിയെ നോക്കുന്നുണ്ടായിരുന്നു... വേണിയും അതുതന്നെയായിരുന്നു സ്ഥിതി... രുദ്രനൊന്ന് പുഞ്ചിരിച്ചു... കോളേജെത്തിയപ്പോൾ തീർത്ഥയും വേണിയും ഇറങ്ങി...

പിന്നെയവർ ജുനൈദ് പറഞ്ഞ സ്ഥലത്തേക്ക് യാത്രയായി.... ഏകദേശം മുക്കാൽ മണിക്കൂർ യാത്രയുണ്ടായുരുന്നു അവിടേക്ക്... അവിടെയെത്തിയ അവർ ഒരു കടയിൽ കയറി വീട് എവിടെയാണെന്ന് മനസ്സിലാക്കി... അവർ ആ വീടിനു മുന്നിൽ കാർ നിറുത്തി.... കാറിൽ നിന്നിറങ്ങി ആ വീടൊന്ന് നോക്കി... അത്യാവശ്യം തെറ്റില്ലാത്തൊരു വീട്... അവർ വീടിനടുത്തേക്ക് നടന്നു ബെല്ലടിച്ചു.... ഒരു ചെറുപ്പക്കാരി വന്ന് വാതിൽ തുറന്നു... ആളെ കണ്ടപ്പോൾ തന്നെ മനസ്സിലായി മകളാണെന്ന്... "അമ്മയില്ലേ ഇവിടെ... " വിശാൽ ചോദിച്ചു... "ഉണ്ടല്ലോ... ആരാണ്....? " "ഞങ്ങൾ കുറച്ച് ദൂരെനിന്ന് വരുകയാണ്.... വ്യക്തമായി പറഞ്ഞാൽ കുട്ടിയുടെ അച്ഛന്റെയടുത്ത് നിന്ന്.... " അത് കേട്ട് അവളൊന്ന് പരുങ്ങി.... പിന്നെ അകത്തേക്ക് നോക്കി അമ്മയെ വിളിച്ചു.... ഒരു നാൽപത്തഞ്ച് വയസ്സു തോന്നിക്കുന്ന ഒരുസ്തീ അകത്തുനിന്നു വന്നു... അവർ പുറത്തു നിൽക്കുന്ന രുദ്രനേയും വിശാലിനേയും നോക്കി.... "ആരാണ് മോളെ ഇത്... " അറിയില്ല അച്ഛന്റെയടുത്തുനിന്ന് വന്നതാണെന്ന് പറയുന്നു....

ആ പെൺകുട്ടി പറഞ്ഞു "ആരാണ്... അദ്ദേഹത്തിനെ എങ്ങനെയറിയാം.... " അവരെ നോക്കി ആ സ്ത്രീ ചോദിച്ചു "എന്നെ നിങ്ങൾക്കറിയില്ല... ചിലപ്പോൾ ഇവനെ നിങ്ങൾക്ക് പറഞ്ഞാൽ അറിയുമായിരിക്കും... നിങ്ങളുടെ ഭർത്താവ് എന്നുപറയുന്ന സേതുമാധവന്റെ ഒരേയൊരു മകനാണ് ഇവൻ... " രുദ്രൻ പറഞ്ഞതുകേട്ട് അവർ രണ്ടുപേരും ഞെട്ടി.... " "എന്താ വിശ്വാസം വരുന്നില്ലേ... ഇന്നലെയാണ് നിങ്ങളെ പറ്റി അറിഞ്ഞത്... അന്നേരമൊന്ന് വന്നു കാണാമെന്ന് കരുതി.... " "മോനെ ഞങ്ങൾ.... " അവർ വാക്കുകൾക്കായി പരതി... "എനിക്ക് നിങ്ങളോട് ദേഷ്യമൊന്നുമില്ല... ഇനി ദേഷ്യമുണ്ടായിട്ട് കാര്യവുമില്ല... നടക്കാറുള്ളത് നടന്നു... എന്റെ അമ്മയുടെ കാര്യമോർത്തിട്ടെ എനിക്കു വിഷമമുള്ളു.. ഇതറിയുമ്പോൾ ആ പാവം എങ്ങനെ സഹിക്കുമെന്ന് അറിയില്ല... " "മോനെ അയാൾ എന്നെ ചതിച്ചതായിരുന്നു... എല്ലാം ഞാൻ മോനോട് പറയാം... മക്കൾ കയറിയിരിക്ക്... " രുദ്രനും വിശാലും അകത്തേക്ക് കയറിയിരുന്നു... "മോളെ രണ്ടുഗ്രാസ് ചായയുണ്ടാക്ക്... " അവർ ആ പെൺകുട്ടിയോട് പറഞ്ഞു...

"ചായയൊന്നും ഉണ്ടാക്കേണ്ട... ഞങ്ങൾ വരുന്നവഴി കുടിച്ചു... അത് പോട്ടെ... അച്ഛൻ നിങ്ങളെ ചതിച്ചെന്നു പറഞ്ഞല്ലോ... എന്താണ് നിങ്ങൾ പറഞ്ഞു വരുന്നതെന്ന് മനസ്സിലായില്ല.... " അത് കുറച്ചുകാലം മുമ്പ് നടന്ന സംഭവമാണ്... ഞാൻ കോളേജിൽ പഠിക്കുന്ന സമയത്താണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്... അദ്ദേഹമന്ന് റെയിൽവേയിൽ ജോലി ചെയ്യുന്ന കാലം... എന്റെ ഏട്ടന്റെ കൂട്ടുകാരനായിരുന്നു അദ്ദേഹം... ഒരു ദിവസം ജോലിക്കിടയിൽ സംഭവിച്ച ഒരപകടത്തിൽ ഏട്ടൻ മരണപ്പെട്ടു... ഏട്ടന്റെ ബോഡിയുമായി വന്നകൂട്ടത്തിൽ അദ്ദേഹവുമുണ്ടായിരുന്നു... ചെറുപ്പത്തിലേ അച്ഛൻ നഷ്ടപ്പെട്ട എനിക്കും അമ്മക്കും ഏട്ടന്റെ മരണം സഹിക്കാൻ കഴിയുന്നതിലപ്പുറമായിരുന്നു.... അത്രക്ക് കഷ്ടപ്പെട്ടാണ് ഏട്ടൻ ഞങ്ങളെ നോക്കിയിരുന്നത്... അന്ന് ഏട്ടന്റെ ബോഡിയുമായി വന്ന അദ്ദേഹം ഞങ്ങളുടെ അവസ്ഥ കണ്ട് ഞങ്ങളെ സഹായിച്ചു... ലീവിന് വരുമ്പോഴെല്ലാം ഇവിടെ വന്ന് ഞങ്ങളെ കാണുമായിന്നു... ഒരു മകനാണ് തരുന്നതെന്ന് കരുതി ഇതു വാങ്ങണമെന്ന് പറഞ്ഞ് കുറച്ചു പണം അമ്മയെ ഏൽപ്പിക്കുമായിരുന്നു.... അതിനിടയിൽ എങ്ങനെയോ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായി... ഒടുവിൽ പിരിയാൻ പറ്റാത്തത്ര അടുത്തു പോയിരുന്നു ഞങ്ങൾ... " അവർ പറഞ്ഞു നിർത്തി...........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story