രുദ്രതാണ്ഡവം: ഭാഗം 25

rudhra thandavam

രചന: രാജേഷ് രാജു

അത് കുറച്ചുകാലം മുമ്പ് നടന്ന സംഭവമാണ്... ഞാൻ കോളേജിൽ പഠിക്കുന്ന സമയത്താണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്... അദ്ദേഹമന്ന് റെയിൽവേയിൽ ജോലി ചെയ്യുന്ന കാലം... എന്റെ ഏട്ടന്റെ കൂട്ടുകാരനായിരുന്നു അദ്ദേഹം... ഒരു ദിവസം ജോലിക്കിടയിൽ സംഭവിച്ച ഒരപകടത്തിൽ ഏട്ടൻ മരണപ്പെട്ടു... ഏട്ടന്റെ ബോഡിയുമായി വന്നകൂട്ടത്തിൽ അദ്ദേഹവുമുണ്ടായിരുന്നു... ചെറുപ്പത്തിലേ അച്ഛൻ നഷ്ടപ്പെട്ട എനിക്കും അമ്മക്കും ഏട്ടന്റെ മരണം സഹിക്കാൻ കഴിയുന്നതിലപ്പുറമായിരുന്നു.... അത്രക്ക് കഷ്ടപ്പെട്ടാണ് ഏട്ടൻ ഞങ്ങളെ നോക്കിയിരുന്നത്... അന്ന് ഏട്ടന്റെ ബോഡിയുമായി വന്ന അദ്ദേഹം ഞങ്ങളുടെ അവസ്ഥ കണ്ട് ഞങ്ങളെ സഹായിച്ചു... ലീവിന് വരുമ്പോഴെല്ലാം ഇവിടെ വന്ന് ഞങ്ങളെ കാണുമായിന്നും ഒരു മകനാണ് തരുന്നതെന്ന് കരുതി ഇതു വാങ്ങണമെന്ന് പറഞ്ഞ് കുറച്ച് പണം അമ്മയെ ഏൽപ്പിക്കുമായിരുന്നു.... അതിനിടയിൽ എങ്ങനെയോ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായി... ഒടുവിൽ പിരിയാൻ പറ്റാത്തത്ര അടുത്തു പോയിരുന്നു ഞങ്ങൾ... " അവർ പറഞ്ഞു നിർത്തി... "എന്നാൽ അദ്ദേഹത്തിന് ഒരു ഭാര്യയും മകനുമുള്ള കാര്യം എന്നോട് പറഞ്ഞില്ലായിരുന്നു... കുറച്ചുദിവസം കഴിഞ്ഞപ്പോൾ നെഞ്ചുവേദനവന്ന് അമ്മയും പോയി....

പിന്നെ അമ്മാവന്റെ കാരുണ്യത്തിലാണ് ഞാൻ കഴിഞ്ഞത്... അമ്മാവന്റെ മകനുമായി എന്റെ വിവാഹം ഉറപ്പിച്ച സമയത്ത് അദ്ദേഹമെന്നെ ഇവിടെയടുത്തുള്ള അമ്പലത്തിൽ വച്ച് വിവാഹം കഴിച്ചു... ദിവസങ്ങൾ കഴിഞ്ഞു... ഞാൻ ഗർഭിണിയായി... ആ സമയത്ത് ഞാനദ്ദേഹത്തോട് ചോദിച്ചു എന്താണ് എന്നെ വീട്ടിലേക്ക് കൊണ്ടുപോകാത്തതെന്ന്... അന്നദ്ദേഹം പറഞ്ഞത് ഈ വിവാഹം വീട്ടുകാർക്ക് ഇഷ്ടമായിരുന്നില്ലെന്നും... അവരെ എങ്ങനെയെങ്കിലും സമ്മതിപ്പിച്ച് എന്നെ അവിടേക്ക് കൊണ്ടുപോകാമെന്നും പറഞ്ഞു... എന്നാൽ ഇവളെ പ്രസവിച്ചിട്ടും ഇവൾ വളർന്നിട്ടും അത് സംഭവിച്ചില്ല... അവസാനം രണ്ടും കൽപ്പിച്ച് ഞാൻ വീട്ടിലേക്ക് വരുമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ആ സത്യം പറഞ്ഞു... അദ്ദേഹത്തിന് ഒരു ഭാര്യയും മകനും നാട്ടിലുണ്ടെന്ന കാര്യം.... ആകെ തളർന്നു പോയി ഞാൻ... ഞാൻ ഒരുപാട് ആലോചിച്ച് ഒരു തീരുമാനത്തിലെത്തി... എന്റെ ബുദ്ധിമോശംകൊണ്ട് പറ്റിയ ഈ തെറ്റിന് നിന്റെ അമ്മയെന്ത് പിഴച്ചു... നിങ്ങളെങ്കിലും നല്ലതുപോലെ ജീവിക്കട്ടെയെന്ന്...."

"എന്നിട്ട് എന്തുകൊണ്ട് നിങ്ങൾ ഇത്രയും കാലം ഇത് എല്ലാവരിൽനിന്നും മറച്ചുവച്ചു... ' പേടിച്ചിട്ടാണ് മോനേ... ഒരിക്കൽ ഞാനിത് എല്ലാവരോടും പറയുമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത്... ഈ കാര്യം പുറത്തറിഞ്ഞാൽ എന്റെ മകളെ കൺമുന്നിലിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി... എന്റെ മകൾക്കു വേണ്ടിയാണ് ഞാൻ ജീവിക്കുന്നതുതന്നെ... " "അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ... ഇപ്പോഴും അച്ഛൻ ഇവിടെ വരുന്നുണ്ടല്ലേ... " വരുന്നുണ്ട്... റെയിൽവേ ജോലി കളഞ്ഞ് പുതിയ ഏതോ ബിസിനസ് തുടങ്ങിയ നാളിൽ ഇങ്ങോട്ടുള്ള വരവ് കുറഞ്ഞിരുന്നു... പിന്നെ കുറച്ചായപ്പോൾ ഇടക്കിടക്ക് വരാൻ തുടങ്ങി... അതിപ്പോഴും തുടരുന്നുണ്ട്... " നിങ്ങളുടെ പേരിൽ അയാൾ ഒന്നും എഴുതിവച്ചിട്ടില്ലേ.... നിങ്ങൾ അതിനെപറ്റി ചോദിച്ചിട്ടുമില്ലേ...? " അത് അയാൾ വാങ്ങിച്ചു കൂട്ടിയ ചില സ്വത്തുക്കൾ മകളുടെ പേരിൽ എഴുതിതന്നിട്ടുണ്ട്... അത് ഇവിടെയൊന്നുമല്ല... അത് കുറച്ച് വടക്കാണ്... ഞങ്ങളെക്കൊണ്ട് അത് നോക്കി നടക്കാൻ പറ്റുമോ... ഒരു ദിവസം ഞാനദ്ദേഹത്തോട് ചോദിച്ചതാണ് നമുക്ക് ഇവിടെ വിറ്റ് അവിടെപ്പോയി താമസിക്കാമെന്ന്... പക്ഷേ അദ്ദേഹമതിന് സമ്മതിച്ചില്ല... ആ സ്വത്ത് അദ്ദേഹവും കൂട്ടുകാരനും കൂടി വാങ്ങിച്ചതാണെന്ന്...

അടുത്തുതന്നെ അതുമുഴുവൻ അദ്ദേഹത്തിന്റേതാകുമെന്നും പറഞ്ഞു... അതിനുശേഷം അവിടേക്ക് മാറാമെന്നും പറഞ്ഞു... ഉം... അപ്പോൾ ആ സ്ഥലത്ത് ഇതുവരെ നിങ്ങൾ പോയിട്ടില്ല അല്ലേ... രുദ്രൻ ചോദിച്ചു ഇല്ല പോയിട്ടില്ല... "അതിന്റെ ആധാരം ഇവിടെയില്ലേ... " "ഇല്ല... അദ്ദേഹത്തിന്റെ കയ്യിലാണ്... ഒരിക്കൽ ഞങ്ങളെ കാണിക്കാൻ ഇവിടെ കൊണ്ടുവന്നിരുന്നു... പോകുമ്പോൾ അദ്ദേഹമത് കൊണ്ടുപോയി.... " "അപ്പോൾ അങ്ങനെയാണ് സംഭവങ്ങൾ... അത് അവിടെയിരിക്കുന്നത് നിങ്ങൾക്ക് അപകടമാണ്... ഏതു നിമിഷവും അത് മാറ്റിയെഴുതാൻ അയാൾ ശ്രമിക്കും... അതുകൊണ്ട് അത് നിങ്ങളുടെ കയ്യിൽ സൂക്ഷിക്കുന്നതാണ് നല്ലത്.... " "അതിന് അദ്ദേഹമത് തരുമോ... " "ചോദിച്ചു വാങ്ങിക്കണം... ഇല്ലെങ്കിൽ അവകാശപ്പെട്ട സ്വത്ത് കിട്ടാൽ കേസു കൊടുക്കുമെന്ന് പറയണം... " "എന്നാൽ ഞങ്ങൾ ഇറങ്ങുകയാണ്... പിന്നെ വരാം... " വിശാലത് പറഞ്ഞ് എഴുന്നേറ്റു... പിന്നെ ആ പെൺകുട്ടിയുടെ അടുത്തേക്ക് നടന്നു... "എന്താണ് നിന്റെ പേര്... " വിശാൽ അവളോട് ചോദിച്ചു...

"ആര്യനന്ദ... " അവൾ പറഞ്ഞു.... "ഇവളുടെ വിവാഹത്തെപറ്റി ഇതുവരെ ആലോചിച്ചില്ലേ...? " വിശാൽ അവളുടെ അമ്മയോട് ചോദിച്ചു... അത്കേട്ടപ്പോൾ അവരുടെ രണ്ടുപേരുടേയും മുഖംവാടി... ഇവളുടെ വിവാഹം മൂന്നു വർഷം മുമ്പ് നടന്നതായിരുന്നു.. എന്നാലതിന് നാലുമാസത്തെ ആയുസ്സുമാത്രമേ ഉണ്ടായിരുന്നുള്ളൂ... "അതെന്തുപറ്റി... " "അദ്ദേഹത്തിന്റെ നിർബന്ധപ്രകാരമായിരുന്നു വിവാഹം നടന്നത്... എന്നാൽ വിവാഹത്തിനുശേഷമാണ് അറിയുന്നത് അയാളൊരു മാനസികരോഗിയാണെന്ന്.... കുറച്ചുകാലം അവൾ സഹിച്ചുനിന്നു... പിന്നെ തീരെ നിവൃത്തിയില്ലാതെ വന്നപ്പോൾ അവൾ തിരിച്ചു പോന്നു... " "എന്നാൽ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ... " വിശാൽ പറഞ്ഞുകൊണ്ട് പുറത്തേക്ക് നടന്നു... പെട്ടന്നവൻ തിരിഞ്ഞു നിന്നു... "ഞങ്ങൾ വന്നത് അച്ഛനോട് പറയണ്ടട്ടോ... പിന്നെ അമ്മയുടെ പേര് ചോദിക്കാൻ മറന്നു... " "സുഭദ്ര.... " അവർ ചിരിച്ചുകൊണ്ട് പറഞ്ഞു "എന്റെ പേര് വിശാൽ.... ഇത് എന്റെ കൂട്ടുകാരൻ രുദ്രൻ.... പിന്നെ നിങ്ങൾക്ക് ആരുമില്ലെന്ന തോന്നൽ വേണ്ടട്ടോ... അമ്മക്ക് ഒരു മകനായി എന്നെ കാണാം... അതുപോലെ ദേവുമോൾക്കും ഒരേട്ടനായി എന്നെ കാണാം... എന്നാൽ വരട്ടെ... " അവർ യാത്രപറഞ്ഞിറങ്ങി... "ഇനിയെന്താണ് നിന്റെ അടുത്ത പരിപാടി..

." പോരുമ്പോൾ രുദ്രൻ ചോദിച്ചു.... അതുകേട്ട് അവനൊന്നു ചിരിച്ചു... "അത് നിനക്ക് ഞാൻ പറഞ്ഞുതരണോ... നിന്റെകൂടെയല്ലേ എന്റെ സഹവാസം" വിശാൽ രുദ്രനെ നോക്കി... അതുകേട്ടവൻ ചിരിച്ചു... പിന്നെയവന്റെ മുഖം ദേഷ്യത്തിൽ ചുവന്നു... ▪️▪️▪️▪️▪️▪️▪️▪️▪️ ഈ സമയം തേവള്ളിയിൽ നിനക്ക് തറവാടിന്റെ ആധാരം കിട്ടിയോ... ഇനിയത് നിന്റെ കയ്യിൽവക്കുന്നത് സുരക്ഷിതമല്ല... എന്റെ കയ്യിൽ തന്നേക്ക് സേതുമാധവൻ ഹരിഗോവിന്ദനോട് പറഞ്ഞു.... ഏട്ടാ അത്.... അത് ഇതുവരേയും കിട്ടിയിട്ടില്ല... ഞാനെല്ലായിടത്തും നോക്കി.... അതുമാത്രം എങ്ങനെയാണ് നിന്റെ കയ്യിൽനിന്ന് നഷ്ടമാവുക... നീ കളിക്കല്ലേ.... നിന്റെ കളിയൊന്നും എന്റെ നേരെ വേണ്ട... നിനക്ക് ഒറ്റക്കത് സ്വന്തമാക്കണമെന്ന വിചാരമുണ്ടെങ്കിൽ അത് നടക്കില്ല ഹരീ... ഓഹോ... ഏട്ടനതാണല്ലേ കണക്കുകൂട്ടുന്നത്... എനിക്കത് സ്വന്തമാക്കണമെങ്കിൽ എന്നേ അത് ചെയ്യാനായിരുന്നു... ഒരു കുട്ടിയും അറിയില്ലായിരുന്നുമത്... എന്നാൽ ഏട്ടനെ വഞ്ചിച്ച് ഒരിക്കലും സ്വന്തമാക്കില്ലത്... "എന്നാൽ പിന്നെയത് എവിടെപ്പോയി... സത്യം പറയണം നീയത് അവൾക്ക് കൊണ്ടുപോയി കൊടുത്തോ... " ഹരിഗോവിന്ദനൊന്ന് ഞെട്ടി... "എന്താണ് ഏട്ടനും അനിയനുമൊരു സംസാരം... "

അവിടേക്ക് വന്ന വിലാസിനി ചോദിച്ചു.... "ഇവന്റെ മുറിയിലുണ്ടായിരുന്ന തറവാടിന്റെ ആധാരം നീയെടുത്തിരുന്നോ... " "എടുത്തിരുന്നു... അതല്ലേ ഇന്നുച്ചക്ക് കറിവച്ച് നിങ്ങൾക്ക് തന്നത്.... " "തർക്കുത്തരം പറയുന്നു കഴുവേറീടെ മോളെ... " സേതുമാധവൻ വിലാസിനിയുടെ മുഖംനോക്കിയൊന്നു കൈവീശി.... എന്നാൽ ആ കൈ മറ്റൊരാളുടെ കൈക്കുള്ളിൽ അകപ്പെട്ടു... അയാളൊന്ന് ഞെട്ടി.... "ഹരി നീ.... " "അതെ ഹരിഗോവിന്ദനാണ്... ഇനിയൊരടിവച്ചാൽ ഏട്ടനെന്ന സ്ഥാനം ഞാൻ മറക്കും...ഇങ്ങനെ തല്ലാൻ മാത്രം അവരെന്തു തെറ്റുചെയ്തിട്ടാണ്.... ആ സ്വത്തിന്റെ കാര്യമാണെങ്കിൽ ഏട്ടനത് സ്വപ്നം കണ്ട് നടക്കേണ്ട... എന്റെ പെങ്ങളുടെ പേരിലുള്ള സ്വത്താണത്.... അത് അവളുടെ മകൾക്കവകാശമുള്ളതുമാണ്... അതവൾക്കുതന്നെ കിട്ടും... പിന്നെ കുറിച്ചായി നിങ്ങളുടെ ആട്ടുംതുപ്പും കേട്ട് ഞങ്ങൾ കഴിയുന്നു... ഇനിയത് വേണ്ട.... നിങ്ങൾക്കതിന് അവകാശമില്ല.... " "ഓഹോ... അപ്പോൾ എല്ലാരുകൂടി എന്നെ ഒതുക്കാനാണ് പദ്ധതിയല്ലേ.... എന്നാൽ കേട്ടോ... നിങ്ങൾക്കൊന്നും എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല... നീയൊക്കെ ഏതു പാതാളത്തിൽ കൊണ്ടൊളിപ്പിച്ചാലും അതെന്റെ കയ്യിലെത്തിയിരിക്കും... "

"ഒരിക്കലുമില്ല.... നിങ്ങൾ നൂറു ജന്മം തപസ്സിരുന്നാലും നിങ്ങൾക്കത് കിട്ടില്ല.... ഈ വീട്ടിലോ അവളുടെ കയ്യിലെ അതുണ്ടെങ്കിലല്ലേ നിങ്ങൾക്കത് സ്വന്തമാക്കാൻ പറ്റൂ.... എന്റെ അനിയത്തി അനുഭവിക്കേണ്ട സ്വത്തായിരുന്നു അത്... ഇപ്പോൾ എനിക്കുതോന്നുന്നു നിങ്ങളാണോ എന്റെ പെങ്ങളുടെ ഘാതകനെന്ന്... സ്വത്തിനുവേണ്ടി അതു ചെയ്യാനും നിങ്ങൾ മടിക്കില്ല... കാരണം അവൾ നിങ്ങളുടെ പെങ്ങളല്ലല്ലോ... " ഹരിഗോന്ദൻ പറഞ്ഞതുകേട്ട് സേതുമാധവൻ ഞെട്ടിത്തരിച്ചു... "എന്താണ് നീ പറഞ്ഞത്.... എന്റെ പെങ്ങളല്ലല്ലോ അവളെന്നോ" "അതെ.... പകലുപോലെ സത്യം... വിവാഹം കഴിച്ചത് ഏഴെട്ടു വർഷം കുട്ടികളില്ലാതെയിരുന്ന അച്ഛനുമമ്മയും ഒരു അനാഥാലയത്തിൽനിന്ന് എടുത്തുവളർത്തിയതായിരുന്നു നിങ്ങളെ...

നിങ്ങൾക്ക് എട്ടുവയസ്സുള്ളപ്പോഴാണ് ഞാൻ ജനിച്ചത്.... ഇത് മരിക്കുന്നതിനു തൊട്ടുമുമ്പ് അമ്മ എന്നോടും ഏടത്തിയമ്മയോടും പറഞ്ഞ സത്യം.... ഒരിക്കലും ഇത് നിങ്ങളറിയരുതെന്ന് അമ്മ ഞങ്ങളെക്കൊണ്ട് സത്യം ചെയ്യിച്ചിരുന്നു... എന്നിട്ടും ഞങ്ങൾ ഏട്ടനെ വെറുത്തില്ല... സ്വന്തം ഏട്ടനെപ്പോലെ സ്നേഹിച്ചു.... ഇനിയും ഇത് പറഞ്ഞില്ലെങ്കിൽ ചിലപ്പോൾ ഞങ്ങൾക്ക് ഏട്ടനെ മാത്രമല്ല മറ്റു പലരേയും നഷ്ടപ്പെടും.... ഹേമയുടെ മരണം ഏട്ടന്റെ കൈ കൊണ്ടാണെന്ന് ഞങ്ങൾക്കറിയാം... എന്നാലും ഞങ്ങൾ ഏട്ടനെ വെറുത്തില്ല... അറിയാതെ പറ്റിയ കയ്യബദ്ധമാണെന്ന് കരുതി... എന്നാൽ ഏട്ടൻ ഇപ്പോൾ ചെയ്യുന്ന പലകാര്യങ്ങളും കണ്ടുനിൽക്കാൻ ഞങ്ങൾക്ക് പറ്റില്ല.... " ഹരിഗോവിന്ദന്റെ ഓരോ വാക്കും സേതുമാധവന്റെ ഹൃദയത്തെ കുത്തിനോവിക്കുന്നതായിരുന്നു.............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story