രുദ്രതാണ്ഡവം: ഭാഗം 26

rudhra thandavam

രചന: രാജേഷ് രാജു

"ഇനിയും ഇത് പറഞ്ഞില്ലെങ്കിൽ ചിലപ്പോൾ ഞങ്ങൾക്ക് ഏട്ടനെ മാത്രമല്ല മറ്റു പലരേയും നഷ്ടപ്പെടും.... ഹേമയുടെ മരണം ഏട്ടന്റെ കൈ കൊണ്ടാണെന്ന് ഞങ്ങൾക്കറിയാം... എന്നാലും ഞങ്ങൾ ഏട്ടനെ വെറുത്തില്ല... അറിയാതെ പറ്റിയ കയ്യബദ്ധമാണെന്ന് കരുതി... എന്നാൽ ഏട്ടൻ ഇപ്പോൾ ചെയ്യുന്ന പലകാര്യങ്ങളും കണ്ടുനിൽക്കാൻ ഞങ്ങൾക്ക് പറ്റില്ല.... ഹരിഗോവിന്ദന്റെ ഓരോ വാക്കും സേതുമാധവന്റെ ഹൃദയത്തെ കുത്തിനോവിക്കുന്നതായിരുന്നു... അയാൾ ഹരിഗോവിന്ദനേയും പത്മിനിയേയും നോക്കി പിന്നെ തലയും താഴ്ത്തി അവിടെനിന്നും പോയി.... അയാൾ നേരെ പോയത് ബാൽക്കണിയിലേക്കായിരുന്നു... അവിടെ പടിയിൽ അയാളിരുന്നു.... എന്താണോ ഒരിക്കലും ഇവരറിയരുതെന്ന് കരുതിയത് അത് ഇവരറിഞ്ഞിരിക്കുന്നു.... ഹേമയുടെ മരണം ഇന്നല്ലെങ്കിൽ നാളെ ഇവരറിയുമായിരുന്നു... എന്നാൽ തന്റെ ജന്മരഹസ്യം ഇവരറിയുമെന്ന് ഒരിക്കലും കരുതിയില്ല.... ഇതായിരിക്കുമോ വിലാസിനി ഇത്രയും നാൾ മൂടിവെച്ച രഹസ്യം....

അഞ്ചാംവയസ്സിൽ തേവള്ളിയിൽ വന്നുകയറിയതാണ് ഞാൻ ഒരിക്കലും ഒരന്യനായി ആരുമെന്നെ കണ്ടിട്ടില്ല.... ഇതെല്ലാം അറിഞ്ഞിട്ടും അവരെന്നെ വെറുത്തില്ല... എല്ലാം എന്റെ സ്വത്തിനോടുള്ള ആർത്തിയാണ്... പക്ഷേ ഞാൻ കളിച്ചതുമുഴുവൻ ആ സ്വത്ത് കൈക്കലാക്കാനാണ്... ഒരിക്കലും അതു കൈ വിടാനും എനിക്ക് പറ്റില്ല... അത്രക്ക് മോഹിച്ചുപോയ സ്വത്താണത്..... അയാൾ ഓരോന്നാലോചിച്ച് ആ പടിയിൽ കിടന്നു... അടുത്തുവരുന്ന കാലടി ശബ്ദം കേട്ടാണ് അയാൾ കണ്ണു തുറന്നത്.... മുന്നിൽനിൽക്കുന്ന വിലാസിനിയെ കണ്ട് അയാൾ മുഖം തിരിച്ചു.... "സേതുവേട്ടാ.... സേതുവേട്ടൻ അവനെക്കൊണ്ടു പറയിച്ചതല്ലേ ഇതെല്ലാം... ഇതറിഞ്ഞ് ഇത്രയും നാളായിട്ട് അവൻ സേതുവേട്ടനോട് എന്തെങ്കിലും മോശമായിട്ട് പറഞ്ഞിരുന്നോ... ഒരേട്ടനായിട്ട് മാത്രമല്ല ഒരച്ഛന്റെ സ്ഥാനമാണ് അവൻ സേതുവേട്ടന് നൽകിയിട്ടുള്ളത്... കൂടെ കഴിഞ്ഞ ഞാനെന്തെങ്കിലും പറഞ്ഞിട്ടുണ്ടായിരുന്നോ... ഇല്ലല്ലോ... ഇന്ന് സേതുവേട്ടന്റെ പ്രവർത്തിയിൽ മനംനൊന്ത് പറഞ്ഞതാണവൻ... "

"അതിന് കൂട്ടായി നീയും നിന്നു.... ഞാനൊരു അനാഥനാണ്... ആ സ്ഥാനം മതിയെനിക്ക്.... ഒരനാഥന്റെ ഭാര്യയായി നിൽക്കാമെങ്കിൽ ഇവിടെ നിന്നാൽ മതി... ഇല്ലെങ്കിൽ നിനക്കും പോവാം...." അങ്ങനെ പോവാനാണെങ്കിൽ എനിക്ക് അന്നേ ഇവിടെനിന്ന് പോകുമായിരുന്നു... ഞാൻ സേതുവേട്ടനെ സ്നേഹിച്ചത് ഈ വീടിന്റെ പ്രൌഢികണ്ടിട്ടോ സ്വത്തു കണ്ടിട്ടോ അല്ല... സേതുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ്... എന്റെ മോൻ ഇവിടെ നിന്ന് പോയപ്പോഴും ഞാൻ പിടിച്ചുനിന്നത് ഈ തണൽ കണ്ടിട്ടാണ്... ഭർത്താവ് ചില തെറ്റുകൾ ചെയ്താൽ ഒരു പരിധിവരെ ഭാര്യമാർ കൂടെ നിൽക്കും... അതിരുകവിഞ്ഞാൽ മാത്രമേ അവർ പ്രതികരിക്കൂ... ഇവിടെ അത്രത്തോളം ചെയ്തിട്ടും നിങ്ങളെ വിട്ടുപിരിയാതെ നിൽക്കുന്നത് നിങ്ങളെ എനിക്ക് വെറുക്കാൻ പറ്റാത്തത് കൊണ്ടാണ്.... നിങ്ങൾക്ക് ഇനിയും സമയമുണ്ട്.... എല്ലാ തെറ്റുകളും പൊറുത്ത് ഒരു നല്ല മനുഷ്യനായി ജീവിക്കണം... അതിൽ എന്റെ മോനും കൂടെയുണ്ടാവണമെന്നാണ് ആഗ്രഹം...." "എനിക്കതിന് പറ്റില്ല വിലാസിനി...

അത്രയേറെ തെറ്റുകൾ ഞാൻ ചെയ്തുകൂട്ടിയിട്ടുണ്ട്... അതെല്ലാം നീയറിഞ്ഞാൽ നീയല്ല ആരും എന്നെ സ്നേഹിക്കില്ല... " അയാൾ അവിടെനിന്നും താഴേക്കിറങ്ങിപ്പോയി... പോകുമ്പോൾ അയാളുടെ മനസ്സിൽ എല്ലാവരോടുമുള്ള പക ആളിക്കത്തുകയായിരുന്നു... ▪️▪️▪️▪️▪️▪️▪️▪️▪️ ഓഫീസിലെത്തിയ രുദ്രനും വിശാലും അവരവരുടെ സീറ്റിൽ പോയിരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ രുദ്രൻ വിശാലിനെ വിളിച്ചുവരുത്തി.... അവൻ വന്ന് രുദ്രന് ഓപ്പോസിറ്റായി ഇരുന്നു... "വിശാലെ നിന്റെ അച്ഛനെ വിളിച്ച് ഈ സന്തോഷവാർത്ത അറിയിക്കേണ്ടെ... " രുദ്രൻ ചോദിച്ചു... "പറയണം... ഓഫീസിൽന്നിറങ്ങിയിട്ട് വിളിക്കാമെന്ന് കരുതി... " പിന്നെയിത് അറിയിച്ചിട്ടും പ്രയോചനമൊന്നുമുണ്ടാവില്ല... അയാൾക്ക് ഇത് വലിയ പ്രശ്നമായിട്ട് തോന്നുകയുമില്ല... പക്ഷേ നമ്മൾ സംശയിച്ചത് ശരിയാണെങ്കിൽ.... അത് നമുക്ക് കിട്ടുന്ന വലിയൊരു കച്ചിത്തുരുമ്പായിരിക്കും... " വിശാൽ പറഞ്ഞു "അത് നമുക്ക് കണ്ടുപിടിക്കാം.... ആദ്യം നീ അവർക്ക് എഴുതികൊടുത്തെന്ന് പറയുന്ന ആ സ്ഥലത്തിന്റെ ആധാരം കൈക്കലാക്കണം...

അതിനൊരു മാർഗ്ഗമാണ് ആദ്യം കാണേണ്ടത്... " അതാണ് ഞാനും ആലോചിക്കുന്നത്.... അമ്മയോട് പറയാൻ പറ്റില്ല... അറിഞ്ഞാൽ ആകെ തരും ആ പാവം... മറ്റെന്തെങ്കിലും വഴി ആലോചിക്കണം.... " അവിടെയാണ് നിനക്ക് തെറ്റു പറ്റിയത്... ഈ കാര്യം നീ അമ്മയോട് പറയണം.... അമ്മയതറിയണം... ആദ്യമൊക്കെ കുറച്ച് വിഷമം കാണും... എന്നാലും ഈ കാര്യത്തിൽ അമ്മക്ക് മാത്രമേ നിന്നെ സഹായിക്കാൻ പറ്റൂ... " അതും സത്യമാണ്... ഞാനതല്ല ആലോചിക്കുന്നത്... ഇങ്ങനെയൊരു സ്ഥലത്തെപറ്റി വീട്ടിൽ ഇതുവരെ പറഞ്ഞിട്ടില്ല..." അവിടെയാണ് നമ്മൾ പിടിക്കേണ്ടത്.... എന്തിനുവേണ്ടി ആ സ്ഥലം ആരുമറിയാതെ അയാൾ വാങ്ങിച്ചു... കൂടെ ഷെയറുള്ള ആ കൂട്ടുകാരനാരാണ്... ഇതെല്ലാം കണ്ടെത്തിയാലേ നമുക്ക് അടുത്ത ചുവട് മുന്നോട്ടുവക്കാൻ പറ്റൂ.... അതൊക്കെ വിട്....

നിന്നെ വിളിപ്പിച്ചു മറ്റൊരു കാര്യം സംസാരിക്കാൻ വേണ്ടിയാണ്... " എന്താണെന്ന ഭാവത്തിൽ വിശാൽ രുദ്രനെ നോക്കി.. "നിന്നോട് മുത്തശ്ശൻ എന്തെങ്കിലും സുചിപ്പിച്ചിരുന്നോ.... ? " "ഊവ്വ് പറഞ്ഞിരുന്നു..." "എന്നിട്ടെന്താണ് നിന്റെ പ്രതികരണം...? " ഞാനെന്തുപറയാനാണ്... ഒരിക്കൽ എന്റെ ജീവിതം തന്നെ ഒരു ലോറിക്കുമുന്നിൽ തീർന്നതാണ്... ഇനിയുമൊരു ജീവിതത്തെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല... മാത്രമല്ല വേണിക്കു ഇണങ്ങുന്ന ഒരാളല്ല ഞാൻ.... ഇപ്പോൾതന്നെ കണ്ടില്ലേ... എന്റെ അച്ഛന്റെ കാര്യം.... ഒരു സ്ത്രീലംബടന്റെ മോന് ആരാണ് പെണ്ണ് കൊടുക്കുക.... മാത്രമല്ല നീയറിയാത്ത മറ്റൊരു രഹസ്യവുംകൂടിയുണ്ട്.... എന്റെ അച്ഛൻ തേവള്ളി കുടുംബത്തിൽ ജനിച്ചതല്ല.... അമ്മയുടെ നാവിൽ നിന്ന് അറിയാതെ വന്ന ഒരു വാക്കാണ് എനിക്കത് മനസ്സിലാക്കാൻ സാധിച്ചത്... കുറച്ചുകാലം കുട്ടികളില്ലാതെ നിന്ന മുത്തശ്ശനും മുത്തശ്ശിയും എടുത്തുവളർത്തിയതാണ് അച്ഛനെ... ഈ രഹസ്യം മരിക്കുന്നതിനു മുമ്പ് മുത്തശ്ശി അമ്മയോടും ചെറിയച്ചനോടും പറഞ്ഞിരുന്നു... മാത്രമല്ല എന്റെ അപ്പച്ചിയെ ഇല്ലാതാക്കിയതും അയാളാണ്..." "ഇതാണോ വലിയ കാര്യം.... ഇതെല്ലാം എനിക്കറിയാവുന്ന കാര്യമാണ്.... നിന്റെ അമ്മ അന്ന് നിന്നെ കാണാൻ വന്നത് ഓർമ്മയുണ്ടോ...

. അതിന്റ കുറച്ചുദിവസം മുന്നേ ഞാൻ നിന്റെ വീട്ടിൽ പോയിരുന്നു.... ഒരു കണക്കിന് നിന്റേയും വേണിയുടേയും കാര്യം പറയാനാണ് പോയത്... വീട്ടിൽ ചെന്നപ്പോൾ എനിക്കനുകൂലമായിരുന്ന സ്ഥിതിയായിരുന്നു അവിടെ.... നിന്റെ അമ്മയും ചെറിയമ്മയും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ... നിങ്ങളുടെ കാര്യം ഞാൻ അവരോട് പറഞ്ഞു.... അവർക്കെല്ലാം സമ്മതമായിരുന്നു.... എന്നാൽ അവർക്കെന്തോ വിഷമം ഉള്ളതുപോലെ തോന്നി.... കൂടുതൽ നിർബന്ധിച്ചപ്പോൾ എല്ലാം അവർ എന്നോടു പറഞ്ഞു.... ഈ കാര്യം ഇവിടെ എല്ലാവർക്കുമറിയാം.... നിന്റെ അച്ഛനേയോ അച്ഛന്റെ സ്വത്തോ മോഹിച്ചല്ല നിന്നോട് വേണിയുടെ കാര്യം പറഞ്ഞത്... അവളെ മനസ്സിലാക്കാൻ ഇന്ന് ഈ ലോകത്ത് നിനക്കു മാത്രമേ സാധിക്കൂ.... പിന്നെ വീടിന്റെ കാര്യം... അയാളുടെ സ്വത്ത്... എത്രയൊക്കെ തള്ളിപ്പറഞ്ഞാലും അത് നിന്റെ വീടല്ലാതെ വരില്ലല്ലോ... എല്ലാം ശരിയാവുമെടോ.... നമ്മൾ ഉദ്ദേശിച്ചു കാര്യം ശരിയായാൽ എല്ലാം മംഗളമായിത്തീരും അതിനുമുമ്പ് നിന്റെ അഭിപ്രായമാണെനിക്ക് കേൾക്കേണ്ടത്... " വിശാൽ ഒരു നിമിഷം ആലോചിച്ചു...

പിന്നെ രുദ്രനെ നോക്കി... വിശാലിന്റെ മറുപടി എന്താകുമെന്നു പ്രതീക്ഷിച്ച് രുദ്രൻ നിന്നു... "എനിക്ക് ആലോചിക്കാൻ കുറച്ചു സമയം വേണം.... " സമയമെടുത്ത് ആലോചിച്ചോ.... പക്ഷേ അധികം വൈകരുത്... വിശാലൊന്ന് മൂളിയതിനുശേഷം എഴുന്നേറ്റു പോയി വൈകീട്ട് വീട്ടിലെത്തിയ രുദ്രൻ എല്ലാ കാര്യവും പരമേശ്വരനോടും അംബികയോടും പറഞ്ഞു.... "എന്താടാ ഈ കേൾക്കുന്നത്... അയാൾക്ക് ഒരു ഭാര്യയും മകളുമുണ്ടെന്നോ... എന്നിട്ടാണോ അയാളുടെ മകന് വേണിയെ വിവാഹം ചെയ്തുകൊടുക്കാൻ നോക്കിയത്... അയാളുടെ മകനല്ലേ അവനും... ആ ഗുണം കാണിക്കാതിരിക്കോ... " അംബിക ചോദിച്ചു... "അമ്മേ അയാൾചെയ്ത തെറ്റിന് വിശാലിനെ പഴിക്കുന്നതെന്തിന്... അവനെ നമുക്കെല്ലാവർക്കും അറിയുന്നതല്ലേ... " "എന്നു കരുതി ഒരാഭാസന്റെ മകന് എന്റെ മകളെ കെട്ടിച്ചുകൊടുക്കണമെന്നാണോ നീ പറയുന്നത്... "

"അമ്മയിൽ ആ കാര്യം പറയരുത്.... അയാളെ അമ്മക്ക് ആദ്യം തൊട്ടേ അറിയുന്നതല്ലേ.... അയാൾ ആരാണ് എന്താണ് എന്നെല്ലാം അറിഞ്ഞിട്ടു തന്നെയല്ലേ നമ്മൾ ഈ കല്യാണത്തിന് സമ്മതിച്ചത്... " "അന്നേരം നമ്മളറിഞ്ഞിരുന്നോ ഇയാൾ ഇത്ര വൃത്തികെട്ടവനാണെന്ന്... എന്തു വന്നാലും ഇങ്ങനെയൊരു ബന്ധത്തിന് ഞാൻ കൂട്ടുനിൽക്കില്ല... എനിക്കെന്റെ മകളുടെ ഭാവിയാണ് വലുത്...." "അംബികേ... നീയെന്ത് കണ്ടിട്ടാണ് അയാളെ ആഭാസനെന്നും വൃത്തികെട്ടവനുമെന്നും പറയുന്നത്.... നിന്റെ അച്ഛൻ എങ്ങനെയുള്ളവനായിരുന്നു... ഈ പറയുന്ന നീ എങ്ങനെയുള്ളവളായിന്നു.... എന്നു കരുതി നമ്മുടെ മക്കൾ അതുപോലെയാണോ... എന്നെക്കൊണ്ട് പഴംപുരാണമൊന്നും തുറപ്പിക്കണ്ട നീ.... എന്റെ കുട്ടിക്ക് നല്ലൊരു ബന്ധം ഒത്തുവന്നപ്പോൾ... അതിനിടംകോലിടാൻ വന്നാലുണ്ടല്ലോ.... എനി ക്കെല്ലാം മറക്കേണ്ടിവരും....

ഒരാൾ നന്നാവുന്നതും ചീത്തയാകുന്നതും ജനിക്കുമ്പോൾ കിട്ടുന്ന വരമല്ല... ആ വ്യക്തിയുടെ മുന്നോട്ടുള്ള ജീവിതമാണ്... അതറിയുന്നവളാണ് നീ... എന്നിട്ടും നിനക്ക് ഇതെല്ലാം പറയാൻതോന്നുന്നുണ്ടല്ലോ... " എന്നു കരുതി എന്റെ മോളുടെ ജീവിതംവച്ച് കളിക്കണോ ഞാൻ... അച്ഛന്റെ സ്വഭാവം ഇനി മകനിലും ഉണ്ടാവില്ലെന്നാരുകണ്ടു... " "അങ്ങനെയാണെങ്കിൽ എന്തുദ്ദേശിച്ചാണ് മാളുട്ടിയെ ഇവനുവേണ്ടി ആലോചിച്ചത്... നാളെ ഇവനും അതുപോലെ ആവില്ലെന്ന് നിനക്ക് പറയാൻ പറ്റുമോ... എടീ നിന്നെപ്പോലെ പഴയകാലത്തെ ചിന്താഗതിയല്ല ഇന്നത്തെ തലമുറക്ക്... അവരെല്ലാം മുൻകൂട്ടി കാണും അല്ലാത്തവർ വല്ല കുഴിയിലും ചെന്നു ചാടുകയും ചെയ്യും.... ഈ വിവാഹം എന്റെ മോൾക്ക് ഇഷ്ടമാണെങ്കിൽ ആരെതിർത്താലും ഞാനത് നടത്തും... " "എന്താണെന്നുവച്ചാൽ ആയ്ക്കൊ... പക്ഷേ എന്റെ മോളുടെ കണ്ണുനിറയാതിരുന്നാൽ മതി.... " അംബിക അടുക്കളയിലേക്ക് നടന്നു...........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story