രുദ്രതാണ്ഡവം: ഭാഗം 34

rudhra thandavam

രചന: രാജേഷ് രാജു

"ഇപ്പോൾ അവൾ മറ്റൊരു ജീവിതം ആഗ്രഹിക്കുന്നുണ്ടെങ്കിൽ രുദ്രന്റെ ഒരു കൂട്ടുകാരനുണ്ട് ആദിത്യൻ.... അവന്റെ ഭാര്യ പ്രസവത്തിൽ മരിച്ചു പോയതാണ്... മൂന്നുവയസ്സുള്ള ഒരു കുഞ്ഞുണ്ട് അവന്... അതെല്ലാം ഉൾക്കൊണ്ട് അവൾക്കും സുഭദ്രാമ്മക്കും താല്പര്യമാണെങ്കിൽ നമുക്കത് നടത്താം.... " വിശാൽ ഭക്ഷണം കഴിച്ചിഴുന്നേറ്റ് കൈ കഴുകി.... "എനിക്കും അമ്മയുടെ കൂടെ സുഭദ്രാമ്മയെ കാണാൻ വരണമെന്നുണ്ടായിരുന്നു... മറ്റെന്നാൾ ആണെങ്കിൽ നോക്കാമായിരുന്നു... നാളെ രുദ്രൻ കുറച്ചു സമയമേ ഓഫീസിൽ കാണൂ ഞാൻ നേരത്തെ പറഞ്ഞ ആദിത്യനും മോളും അവന്റെ വീട്ടിലേക്ക് വരുന്നുണ്ട്... കമ്പനിയുടെ മറ്റൊരു പാട്ണറായ അഭിലാഷും ഞാനും കൂടി വേണം ബാക്കിയെല്ലാം നോക്കാൻ.... എന്തായാലും നിങ്ങൾ പോയിവാ..". ടവ്വലെടുത്ത് കൈ തുടക്കുന്നതിനിടയിൽ വിശാൽ പറഞ്ഞു.... അതിനുശേഷം അവൻ തന്റെ മുറിയിലേക്ക് നടന്നു... "അവൻ പറയുന്നതു കേട്ടിട്ട് ആ പയ്യൻ ആ കുട്ടിക്ക് ചേരുമെന്നാണ് എനിക്കും തോന്നുന്നത്... ഏതായാലും ഏടത്തിയൊന്ന് അവരോട് സംസാരിച്ചുനോക്ക്.... " സുമിത്ര പറഞ്ഞു...

അടുത്ത ദിവസം വിലാസിനിയും ഹരിഗോവിന്ദനും കൂടി വിശാൽ വഴി പറഞ്ഞുകൊടുത്തതനുസരിച്ച് സുഭദ്രയുടെ വീട്ടിലേക്ക് യാത്രയായി... വിശാൽ പറഞ്ഞതനുസരിച്ച് അവർ ഏകദേശം രുപം മനസ്സിലാക്കി അവരുടെ വീടിന്റെ മുന്നിൽ കാർ നിർത്തി.... കാറിൽനിന്നിറങ്ങി അവർ ആ വീടിന്റെ ഉമ്മറത്തെത്തി ബെല്ലടിച്ചു... ആര്യനന്ദയാണ് വാതിൽ തുറന്നത്.... മുറ്റത്തു നിൽക്കുന്ന രണ്ട് അപരിചിതരെ കണ്ട് അവൾ സംശയത്തോടെ നിന്നു.... "സുഭദ്രയുടെ വീടല്ലേ ഇത്...." വിലാസിനി ചോദിച്ചു "അതെ... ആരാണ്....? " "അപ്പോൾ മോളുടെ പേര് ആര്യനന്ദയല്ലേ..." "അതെ... " ഞങ്ങളെ നിനക്കറിയില്ല... പക്ഷേ നിന്നേയും അമ്മയേയും ഞങ്ങൾക്കറിയാം.... മോള് അമ്മയെ ഒന്ന് വിളിക്കുമോ... " "നിങ്ങൾ കയറിയിരിക്ക്... ഞാൻ അമ്മയെ വിളിക്കാം... " ആര്യനന്ദ അവരെ അകത്തേക്ക് ക്ഷണിച്ച് സുഭദ്രയെ വിളിച്ചു... അടുക്കളയിലായിരുന്ന സുഭദ്ര അവിടേക്ക് വന്നു.... വിലാസിനിയേയും ഹരിഗോവിന്ദനേയും കണ്ട് അവർ സംശയത്തോടെ നിന്നു...

"സുഭദ്രക്ക് എന്നെ മനസ്സിലായിക്കാണില്ല.... ഞാൻ വിലാസിനി.... വ്യക്തമായി പറഞ്ഞാൽ നിങ്ങളുടേതും എന്റേയും ഭർത്താവ് ഒരാളാണ്... സേതുമാധവൻ... " വിലാസിനി പറഞ്ഞതു കേട്ട് സുഭദ്രയും ആര്യനന്ദ യും ഞെട്ടി.... സുഭദ്ര ഓടിവന്ന് വിലാസിനിയുടെ കാൽക്കൽ വന്നിരുന്ന് പൊട്ടിക്കരഞ്ഞു... വിലാസിനി പെട്ടന്നെഴുന്നേറ്റ് അവരെ പിടിച്ചെഴുന്നേൽപ്പിച്ചു... "എന്താണ് സുഭദ്രേ നീ കാണിക്കുന്നത്.... നീയൊരു തെറ്റും ചെയ്തിട്ടില്ലല്ലോ... അയാളല്ലേ എല്ലാത്തിനും കാരണം.... അതിനുള്ള ശിക്ഷ അയാൾ ഇന്നനുഭവിക്കുന്നുമുണ്ട്...." വിലാസിനി പറഞ്ഞു... "അറിയാതെയാണെങ്കിലും നിന്നെ ചതിച്ചവളാണ് ഞാൻ.... എല്ലാം എന്റെ പൊട്ടത്തരം... അയാളെ കുടുതൽ അറിയാതെ അയാൾ പറയുന്നതെല്ലാം വിശ്വസിച്ച ഒരു മണ്ടി.... " സുഭദ്ര വിലാസിനിയുടെ കെട്ടിപ്പിടിച്ചു കരഞ്ഞു... എല്ലാം കഴിഞ്ഞ കാര്യമല്ലേ... ഇനി അതോർത്ത് എന്തിനാണ് നീ വിഷമിക്കുന്നത്... എല്ലാം ദുസ്വപ്നമായിട്ട് കണ്ടാൽ മതി.... ഇതെല്ലാമറിഞ്ഞ് ഞാൻ സഹിച്ചില്ലേ.... ഇനി അതിനെപ്പറ്റിയൊന്നും ആലോചിക്കേണ്ടാ....

പിന്നെ ഇതാരാണെന്ന് മനസ്സിലായോ.... ഇത് ഹരിഗോവിന്ദൻ അയാളുടെ അനിയനാണ് .... അങ്ങനെയാണെങ്കിലും അതല്ല സത്യം.... നിങ്ങൾ അറിയാത്തൊരു ജീവിതരഹസ്യം അയാൾക്കുണ്ട്... അയാൾ യഥാർത്ഥത്തിൽ തേവള്ളി തറവാട്ടിൽ ജനിച്ചതല്ല... വിവാഹം കഴിഞ്ഞ് ഏറെക്കാലം കുട്ടികളില്ലാതെ വിഷമിച്ചു നിൽക്കുമ്പോഴാണ് ഇവന്റെ അച്ഛനും അമ്മയും ഒരു അനാഥാലയത്തിൽനിന്ന് അയാളെ ദത്തെടുത്തത്.... കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് അവർക്ക് ഹരിയും ഹേമയും ജനിച്ചത്.... എന്നാലും അവർ അയാളെ ഒരു മുത്ത മകന്റെ സ്ഥാനത്തു തന്നെയാണ് കണ്ടത്... അതുപോലെ ഇവരും ഒന്നുമറിയാതെയാണെങ്കിലും ഒരു മുത്ത ചേട്ടായി വിശ്വസിച്ച് അയാളെ സ്നേഹിച്ചു.... ഇഷ്ടപ്പെട്ട ആളുടെ കൂടെ ഇറങ്ങിപ്പോയ ഇവരുടെ സഹോദരിയേയും ഭർത്താവിനെയും അയാൾ ആളെ വിട്ട് കൊല്ലിച്ചു.... അതായിരുന്നു അയാളുടെ ആദ്യ ക്രൂരത.... പിന്നെയങ്ങോട്ട് അയാൾ പല നീച പ്രവർത്തികളും ചെയ്തു.... അവസാനം എന്റെ മോൻ സ്നേഹിച്ച കുട്ടിയെ വരെ അയാൾ കൊല്ലിച്ചു...

ഇന്നലെ എന്റെ മോനെ കൊല്ലാനും അയാൾ ശ്രമിച്ചു.... ഇന്നിവിടെ അവന്റെ കൂടെ വന്നല്ലോ രുദ്രൻ.... അവനാണ് എന്റെ മോനെ രക്ഷിച്ചത്.... ഇന്നയാൾ പോലിസ് ലോക്കപ്പിലാണ്.... ഇത്രയും കാലം ചെയ്തുകൂട്ടിയതിനു അയാൾ അനുഭവിക്കുകയാണ് ഇനിമുതൽ... അയാളെ തൂക്കിലേറ്റിയാലും ഇനിയെന്റെ കണ്ണിൽനിന്ന് അയാൾക്കുവേണ്ടി ഒരൊറ്റതുള്ളി കണ്ണുനീരുപോലും പൊഴിക്കില്ല.... " എല്ലാം കേട്ട് ഞെട്ടിത്തരിച്ചുനിന്നു നിൽക്കുകയായിരുന്നു സുഭദ്രയും ആര്യനന്ദയും... "എന്നുകരുതി നിങ്ങൾ ഒരിക്കലും അനാഥരാവില്ല... ഞങ്ങൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം നിങ്ങൾക്കൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല.... പിന്നെ വളരെ പ്രധാനമായ ഒരു കാര്യം പറയാനുണ്ട്... അത് കേൾക്കുമ്പോൾ നിങ്ങൾ മറുത്തൊന്നും പറയരുത്.... ഞാനൊരു വീട് കണ്ടുവച്ചിട്ടുണ്ട്.... ഞങ്ങൾ താമസിക്കുന്ന വീടിനടുത്താണ്.... എല്ലാം ശരിയായാൽ നിങ്ങൾ ഇവിടുത്തെ താമസം മാറ്റി അവിടെ താമസിക്കണം... ഇതെന്റേയും എന്റെ മകന്റേയും ആഗ്രഹമാണ്.... അതുകൂടാതെ അവിടെവച്ച് ഈ മോളുടെ വിവാഹവും നടത്തണം...

ഒരു വിവാഹം കഴിഞ്ഞതാണെന്ന് വിശാൽ പറഞ്ഞിരുന്നു... ആ ജീവിതമോർത്ത് ഇനിയും ഒറ്റയായി ജീവിക്കാൻ മോളെ ഞങ്ങൾ അനുവദിക്കില്ല.... ഒരമ്മയുടെ തീരുമാനമാണിത്... അതിന് എതിരുനിൽക്കരുത്.... "അതുവേണ്ട.... ഞങ്ങൾ ഇവിടെത്തന്നെ കഴിഞ്ഞോളാം.... ഞങ്ങളവിടെ വന്നു താമസിച്ചാൽ അത് മറ്റുള്ളവരുടെ മുന്നിൽ നിങ്ങൾക്ക് നാണക്കേടാവും... അതുകൊണ്ട് അതുവേണ്ട... ഞങ്ങളെ വെറുപ്പോടെ കാണാതെ കൂടെ നിർത്തിയില്ലേ അതുതന്നെ ദൈവം കനിഞ്ഞ പുണ്യമാണ്.... അത്രയേ ഞങ്ങളും ആഗ്രഹിച്ചിട്ടുള്ളൂ....പിന്നെ ഇവളുടെ കാര്യം.... ഒരുപാടായി ഞാനീക്കാര്യവും പറഞ്ഞ് ഇവളുടെ വഴിയെ നടക്കുന്നു.... എന്നാൽ അതിനിവൾ സമ്മതിക്കുന്നില്ല... ഇനിയും മറ്റൊരു ദുരന്തം നേരിടാനുള്ള ശേഷിയില്ലെന്നാണ് ഇവൾ പറയുന്നത്.... എന്റെ കാലം കഴിഞ്ഞാൽ ഇവളുടെ അവസ്ഥയാലോചിച്ചിട്ടാണ് എനിക്കു പേടിയാകുന്നത്... " "അതൊക്കെ നിന്റെ തോന്നലാണ്... ഇവൾ സമ്മതിക്കും... എനിക്കറിയാം.... അതുപോലെ നിങ്ങൾ ആ വീട്ടിലേക്ക് മാറുകയും ചെയ്യും....

ഇത് എന്റെ വാശിയാണെന്ന് കൂട്ടിക്കോ.... ഏതെങ്കിലും കാലത്ത് അയാൾ പുറത്തിറങ്ങിയാൽ അയാൾ കാണണം... ഞാനോ നിയോ ഒരിക്കലും തോറ്റിട്ടില്ലെന്ന്... അതുകൊണ്ട് നിങ്ങൾ അവിടേക്ക് താമസം മാറിയേ പറ്റൂ.... പിന്നെ അവിടേക്ക് പോരുമ്പോൾ എന്റെ മോൻ ഒരു കാര്യം തന്നേൽപ്പിച്ചിട്ടുണ്ട് കൂടെ മറ്റൊരു കാര്യവും പറഞ്ഞു... " വിലാസിനി ഹരി ഗോവിന്ദന്റെ കയ്യിലുണ്ടായിരുന്ന കവർ വാങ്ങിച്ച് സുഭദ്രയുടെ കയ്യിലേൽപ്പിച്ചു.... ഇത് മുമ്പ് നിങ്ങളുടെ പേരിൽ വാങ്ങിച്ചെന്നു പറഞ്ഞ അടിവാരത്തുള്ള വീടിന്റെയും സ്ഥലത്തിന്റെയും പ്രമാണമാണ്... ഇനിയിത് നിങ്ങളാണ് സൂക്ഷിക്കേണ്ടത്.... പിന്നെ വിശാൽ ഒരു പയ്യന്റെ കാര്യം എന്നോട് സൂചിപ്പിച്ചിരുന്നു ഇവൾക്കുവേണ്ടി.... പക്ഷേ ഒരു പ്രശ്നമുണ്ട്.... അവൻ ഒരു വിവാഹം കഴിച്ചതാണ്... പ്രസവ ത്തിലൂടെ അവന്റെ ഭാര്യ മരിച്ചുപോയി.... ഇപ്പോൾ മുന്നു വയസ്സായ ഒരു മകളുണ്ട് അവന്... വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് ഒരു അനാഥ കുട്ടിയെ വിവാഹം കഴിച്ചതാണവൻ... എന്നാൽ അവരുടെ സന്തോഷം അധികം നീണ്ടുനിന്നില്ല....

അതിനു മുമ്പേ അവൾ പോയി.... നല്ലൊരു ജോലിയുണ്ടവന്... ഇപ്പോൾ ആരേയും ആശ്രയിക്കാതെ ഒരു വാടകവീടെടുത്ത് അവിടെയാണ് അവനും മകളും താമസിക്കുന്നത്.... ഇതിനെ പറ്റി പെട്ടന്നൊരു തീരുമാനം എടുക്കേണ്ടാ... നല്ലപോലെ ആലോചിച്ച് ഒരു തീരുമാനത്തിലെത്തിയാൽ മതി... എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ... തീരുമാനം എന്തായാലും പറയാൻ മടിക്കേണ്ടാ..." "അയ്യോ... ഇവിടെവരെ ആദ്യമായിട്ട് വന്നിട്ട് ഒരു ചായപോലും കുടിക്കാതെ പോവുകയാണോ.... നിങ്ങളിരിക്ക്... ഞാൻ പെട്ടന്ന് ചായയുണ്ടാക്കാം...." സുഭദ്ര പറഞ്ഞു "ഇപ്പോഴൊന്നും വേണ്ട... ഇനിയും ആവാലോ... അടുത്ത വരവിൽ എന്തെങ്കിലും കഴിച്ചു പോവുകയുള്ളൂ... അത് ഞാൻ പറഞ്ഞ ആ വീട്ടിൽ വച്ചായിരിക്കണം... " വിലാസിനിയും ഹരിഗോവിന്ദനും അവിടെനിന്നും യാത്രപറഞ്ഞിറങ്ങി... എന്തുചെയ്യണമെന്നറിയാതെ സുഭദ്ര ആര്യനന്ദയെ നോക്കി............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story