രുദ്രതാണ്ഡവം: ഭാഗം 35 || അവസാനിച്ചു

rudhra thandavam

രചന: രാജേഷ് രാജു

"ഇപ്പോഴൊന്നും വേണ്ട... ഇനിയും ആവാലോ... അടുത്ത വരവിൽ എന്തെങ്കിലും കഴിച്ചു പോവുകയുള്ളൂ... അത് ഞാൻ പറഞ്ഞ ആ വീട്ടിൽ വച്ചായിരിക്കണം... " വിലാസിനിയും ഹരിഗോവിന്ദനും അവിടെനിന്നും യാത്രപറഞ്ഞിറങ്ങി... എന്തുചെയ്യണമെന്നറിയാതെ സുഭദ്ര ആര്യനന്ദയെ നോക്കി... "എന്താണമ്മേ അവർ പറഞ്ഞതിനർത്ഥം.... അവർ എന്തിനാണ് നമുക്കുവേണ്ടി ഇത്രയും കഷ്ടപ്പെടുന്നത്.... ഏതായാലും അവർ പറഞ്ഞതിലും കാര്യമുണ്ട്... നമ്മളിങ്ങനെ എത്രനാളെന്നുവച്ചാണ് ഇവിടെ ഒറ്റക്കു കഴിയുന്നത്... ഇതുവരെ ആഴ്ചയിലെങ്കിലും അച്ഛനെന്നു പറയുന്ന ആ ദുഷ്ടൻ വരുമായിരുന്നു.... ഇനിമുതൽ അതെന്തായാലുമുണ്ടാവുമെന്ന് തോന്നുന്നില്ല... അവിടെയാണെങ്കിൽ നമ്മളെ ഇപ്പോൾ ആരും അറിയില്ല... ഇവിടെ കഴിയുന്നിടത്തോളം കാലം പലരും അച്ഛൻ വരാത്തത് അന്വേഷിക്കും....

മറുപടി പറഞ്ഞ് നമ്മൾ കുഴയും..." "നീ പറയുന്നതിലും കാര്യമുണ്ട്.... പക്ഷേ എങ്ങനെയാണ് നമ്മൾ അവരുടെ കൂടെ അവിടെ താമസിക്കുക.... " "അതിന് അവരുടെ വീട്ടിലല്ലല്ലോ തമ്മൾ താമസിക്കുന്നത്... അവർ വാങ്ങിച്ചു തരുന്ന മറ്റൊരു വീട്ടിലല്ലേ... ഏതായാലും നമുക്കു ദോഷം വരുന്ന ഒന്നും ആ പാവം അമ്മ ചെയ്യില്ലെന്ന് എനിക്കുറപ്പുണ്ട്.... " "അത് എനിക്കും അറിയാം എന്നാലും... " ഒരെന്നാലുമില്ല... സമയമാകുമ്പോൾ നമ്മൾ ആ വീട്ടിലേക്ക് താമസം മാറും... അതുകഴിഞ്ഞാൽ കിട്ടുന്ന വിലക്ക് നമ്മള് വീട് വിൽക്കും.... അവർ പറഞ്ഞതുപോലെ അയാൾ എന്നെങ്കിലും പുറത്തിറങ്ങിയാൽ അയാൾ കാണണം... നമ്മൾ ഒരിക്കലും തോറ്റുപോയിട്ടില്ലെന്ന്.... " ഉം.. നിന്റെ ആഗ്രഹമതാണെങ്കിൽ അതുതന്നെ നടക്കട്ടെ.... പക്ഷെ എനിക്കൊരു വാക്ക് നീ നൽകണം.... അവർ പറഞ്ഞതുപോലെ നീ മറ്റൊരു വിവാഹത്തിന് തയ്യാറാകണം.... നീ പറഞ്ഞല്ലോ അവർ നമുക്കു ദോഷം വരുന്ന ഒന്നും ചെയ്യില്ലെന്ന്... അപ്പോൾ നമുക്ക് അവർ പറഞ്ഞ ആ ആലോചന ഒന്നു നോക്കിയാലോ...

അവർ പറഞ്ഞതനുസരിച്ച് ഇത് നിനക്കുകിട്ടുന്നതിൽ ഏറ്റവും നല്ല ആലോചന യാണ്...ഇനി നീയിതിന് മുടക്കം പറയരുത്..." "അമ്മ പറയുന്നത് സത്യമാണ്.... പക്ഷേ ഇനി എനിക്ക് മറ്റൊരു ദുരന്തം താങ്ങാൻ വയ്യ.... ഏതായാലും എനിക്കൊന്നാലോചിക്കണം... അതുപോലെ ആദ്യം ആ ആളെ എനിക്ക് നന്നായൊന്ന് മനസ്സിലാക്കണം അതിനുശേഷം ഞാൻ എന്റെ അഭിപ്രായം പറയാം.... " അതും പറഞ്ഞ് ആര്യനന്ദ അകത്തേക്ക് നടന്നു... അവൾ പോകുന്നതും നോക്കി സുഭദ്ര നിന്നു... അവരുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഈ സമയം ആദിയുടെ ബൈക്ക് രുദ്രന്റെ വീട്ടുമുറ്റത്തെത്തിയിരുന്നു.... ശിവാനിമോളെ താഴെയിറക്കി ആദി ബൈക്കിൽനിന്നിറങ്ങി... അവരെകണ്ട് പരമേശ്വരനും അംബികയും വേണിയും പുറത്തേക്ക് വന്നു.... വേണി ഓടിവന്ന് ശിവാനിമോളെ എടുത്തു... "മോളെ ആന്റിയെ മറന്നോ... " വേണി ശിവാനിയോട് ചോദിച്ചു.... ഇല്ലെന്നർത്ഥത്തിൽ അവൾ തലയാട്ടി... വേണി അവളേയും കൊണ്ട് അകത്തേക്ക് നടന്നു... "ആദിമോൻ വരുന്നതും നോക്കിനിൽക്കുകയായിരുന്നു ഞങ്ങൾ....

രുദ്രൻ ഇപ്പോൾ വരും ഓഫീസിലെന്തോ അർജന്റ് മിറ്റിങ്ങുണ്ട്... ഒരു ഞായറാഴ്ചയായിട്ടും അവന് തിരക്കാണ്... " പരമേശ്വരൻ പറഞ്ഞു... "അതുസാരമില്ല... അവനെന്നെ വിളിച്ചിരുന്നു... കാര്യമെല്ലാം പറഞ്ഞിരുന്നു... " "മോൻ മുറ്റത്ത് നിൽക്കാതെ അകത്തേക്കു വാ... " അംബിക പറഞ്ഞു... ആദിയേയും കൂട്ടി പരമേശ്വരനും അംബികയും അകത്തേക്ക് നടന്നു... കുറച്ചു കഴിഞ്ഞപ്പോൾ രുദ്രനുമെത്തി.... "എന്തായി രുദ്രാക്ഷം ഇന്നലത്തെ സംഭവം.... അയാൾക്ക് ഇതുവരെ ചെയ്തതിനുളള പ്രതിഫലം കിട്ടില്ലേ.... അതോ മുകളിലുള്ള പിടിപാടിന്മേൽ അയാൾ കൂളായിട്ട് പുറത്തിറങ്ങുമോ.... " "അങ്ങനെ അയാൾക്ക് പുറത്തിറങ്ങാൻ പറ്റില്ല ആദീ.... ഇത് കൊലക്കുറ്റമാണ്.... അതും നമ്മൾ നാലുപേരുടെ കൺമുന്നിൽവച്ചാണ് നടത്തിയതും... കുറഞ്ഞത് ഒരു ജീവപര്യന്തം ഉറപ്പാണ്..." "ഞാൻ പറയാൻ കാരണം അന്ന് ഷാനവാസിനെ നമ്മൾ പൂട്ടിയതായിരുന്നു... അവന് നല്ല ശിക്ഷയും കിട്ടിയതുമാണ്... എന്നാൽ അവൻ അപ്പീലിനുപോയി ശിക്ഷയുടെ കാലാവധി വെറും നാലു വർഷമായി കുറച്ചില്ലേ...

അങ്ങനെയൊന്ന് ഈ കേസിലുണ്ടാവരുത്.... എത്ര അപ്പീലിനുപോയാലും... അയാൾക്ക് പുറത്തിറങ്ങാൻ പറ്റാത്തത്ര പൂട്ടായിരിക്കണം അയാൾക്ക് വാങ്ങിച്ചു കൊടുക്കേണ്ടത്.... " "അതെല്ലാം ദ്രുവൻ നോക്കിക്കോളും.... ഒന്നും കാണാതെ അവൻ ഇതിനിറങ്ങില്ല മോനേ.... ഒരറ്റത്തുനിന്ന് തുടങ്ങിയാൽ അതു മുഴുവൻ ചെയ്തുതീർത്തേ അവൻ ഒതുങ്ങൂ.... " അവർ അതിനെപറ്റി ഓരോന്നുപറഞ്ഞുകൊണ്ടിരുന്നു..... ഉച്ചക്ക് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ രുദ്രൻ ആദിയുടെ വിവാഹക്കാര്യം അവനോട് അവതരിപ്പിച്ചു... "അന്നു ഞാൻ പറഞ്ഞ കാര്യങ്ങൾ നീ ആലോചിച്ചോ... മറ്റൊന്നുമല്ല ശിവാനിമോൾക്ക് ഒരമ്മയെ നൽകുന്നതിനെപ്പറ്റിയാണ് ചോദിച്ചത്.. " അതുകേട്ട് ആദി ഒരു നിമിഷം നിശബ്ദനായി... പിന്നെ രുദ്രന്റെ മുഖത്തേക്ക് നോക്കി... "നീയന്ന് പറഞ്ഞത് പലതവണ ഞാൻ ആലോചിച്ചു... നീ പറഞ്ഞത് വാസ്തവമാണ്... ശിവാനിമോൾ വളർന്നു വരുകയാണ്... ഒരമ്മയുടെ ലാളനയും സംരക്ഷണവുമാണ് ഇനിയവൾക്ക് വേണ്ടത്.. പക്ഷേ അതിനു തയ്യാറായി ഒരു പെണ്ണ് വരുമെന്ന് കരുതുന്നുണ്ടോ....

അഥവാ വന്നാൽതന്നെ അവൾ എന്റെ മോളെ ഒരു മകളായി കാണുമെന്ന് എന്താണ് ഉറപ്പ്... പ്രത്യേകിച്ച് ഒരു കുഞ്ഞുണ്ടായാൽ ശിവാനിമോൾ അവൾക്കൊരു ബാദ്ധ്യതയാകും... അതെനിക്ക് താങ്ങാൻ കഴിയില്ല... " എനിക്കറിയാം ആദീ നിന്റെ മനസ്സ്... പക്ഷേ അതിനെല്ലാം തയ്യാറായി ഒരു കുട്ടി വന്നാലോ... എന്റെ മനസ്സിൽ അങ്ങനെയൊരു കുട്ടിയുണ്ട്... ആളെ പറഞ്ഞാൽ നിനക്കറിയാമായിരിക്കും... നമ്മുടെ വിശാലിന്റെ അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകളാണ്... അവളുടെ വിവാഹം ഒരുതവണ കഴിഞ്ഞതാണ്... എന്നാൽ കുറച്ചുകാലമേ അതിന് ആയുസുണ്ടായിരുന്നുള്ളൂ... അവളോട് ഈ കാര്യം സംസാരിക്കാൻ വിശാലിനോട് പറഞ്ഞിരുന്നു... അവൾ സമ്മതിച്ചാൽ നിനക്കിഷ്ടമാണെങ്കിൽ ഇതുമായി മുന്നോട്ടുപോകാം... " അതുകേട്ട് ആദി തലയാട്ടി... ▪️▪️▪️▪️▪️▪️▪️▪️▪️ ദിവസങ്ങൾ കടന്നുപോയി എല്ലാവരും കാത്തിരുന്ന ആ ദിവസം ഇന്നാണ്... രുദ്രൻ തീർത്ഥയുടേയും വിശാൽ വേണിയുടേയും കഴുത്തിൽ മിന്നുകെട്ടുന്ന ദിവസം.... ആദിയും അഭിയും ദ്രുവനുമെല്ലാം രുദ്രന്റെ വീട്ടിലും തീർത്ഥയുടെ വീട്ടിലുമായി എല്ലാത്തിനും ഒരു കുറവും വരാതെ നോക്കി നടക്കുകയായിരുന്നു...

നന്ദനയും അതുപോലെത്തന്നെയായിരുന്നു.... വേണിയുടെ കയ്യിൽനിന്ന് പിടിവിടാതെ ശിവാനിമോളും... ഉണ്ടായിരുന്നു... പരമേശ്വരൻ എല്ലാവർക്കും നേതൃത്വം നൽകി മുന്നിൽത്തന്നെയുണ്ടായിരുന്നു.... തേവള്ളിയിലെ കാര്യവും മറിച്ചായിരുന്നില്ല... ഹരിഗോവിന്ദന്റെ നേതൃത്വത്തിലായിരുന്നു എല്ലാ കാര്യവും... ജുനൈദും ഹരിഗോവിന്ദന്റെ സഹായിച്ച് കൂടിയുണ്ടായിരുന്നു... സുഭദ്രയും ആര്യനന്ദയും വിലാസിനിയുടേയും സുമിത്രയുടെകൂടെത്തന്നെ എല്ലാം നോക്കി നടക്കുന്നുണ്ടായിരുന്നു.... വിലാസിനി സുഭദ്രയുടെ പേരിൽ വാങ്ങിയ പുതിയ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.... എല്ലാവരുടേയും അനുഗ്രഹവും ആശിർവാദവും വാങ്ങി മേപ്പല്ലൂരമ്പലത്തിൽ വച്ച് രുദ്രൻ തീർത്ഥയുടേയും വിശാൽ വേണിയുടേയും കഴുത്തിൽ താലി ചാർത്തി... രുദ്രന്റെ വീട്ടിലായിരുന്നു സദ്യവട്ടങ്ങൾ ഒരുക്കിയിരുന്നത്... എല്ലാം കഴിഞ്ഞ് വിശാലും വേണിയും തേവള്ളിയിലേക്ക് യാത്രയായി... വിശാലിന്റെ വീട്ടിൽ വൈകീട്ടുള്ള റിസപ്ഷനിൽ പങ്കെടുക്കാൻ ആദിയും അഭിയും ദ്രുവനുമെല്ലാം എത്തിയിരുന്നു....

പുറകെ രുദ്രനും തീർത്ഥയും പരമേശ്വരനും അംബികയും വേണ്ടപ്പെട്ട ബന്ധുക്കളും തേവള്ളിയിലെത്തി എല്ലാം കഴിഞ്ഞ് അവർ പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തുവച്ചു... ഇണ ക്കവും പിണക്കവും നിറഞ്ഞ മനോഹരമായ ജീവിതത്തിലേക്ക്.... അപ്പോഴും ആദിയെ തനിക്ക് ജീവിതപങ്കാളിയാക്കാൻ പറ്റിയ ആളാണോ എന്ന നിരീക്ഷണത്തിലായിരുന്നു ആര്യനന്ദ... അവസാനം അവൾ അതിൽ വിജയിച്ചു... അവൾ ആദിയെ വിവാഹം കഴിക്കാൻ സമ്മതിച്ചു.... ആ വിവാഹവും അവരുടെ ജീവിതവും മനോഹരമായിത്തന്നെ നടന്ന് മുന്നോട്ടു പോകട്ടെ...... എന്നാൽ ഇത്രയും കാലം ചെയ്ത ഓരോ നീച പ്രവൃത്തികൾക്കും ഇരുമ്പഴികൾക്കുള്ളിൽ നീറിനീറി ജീവിതം തള്ളിനീക്കുകയായിരുന്നു സേതുമാധവൻ.... അയാൾക്ക് അയാളുടെ തെറ്റെല്ലാം മനസ്സിലാക്കി ശിക്ഷ കഴിഞ്ഞ് പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തുവക്കാൻ സാധിക്കുമോ.... ഒരു നല്ല ഗൃഹനാഥനായി തേവള്ളി തറവാട്ടിൽ ഒരു കാരണവരായി ജീവിക്കാനൊക്കുമോ.... കാത്തിരുന്നു കാണാം.... അവസാനിച്ചു...

അവസാനം കുറച്ച് സ്പീഡ് കൂടിയെന്നറിയാം.... വലിച്ചു നീട്ടി കൂടുതൽ ബോറടുപ്പിക്കേണ്ടെന്നു കരുതിയാണ് അങ്ങനെ ചെയ്തത്.. ഈ നോവൽ ഇഷ്ടപ്പെട്ടെങ്കിൽ എല്ലാവരുടേയും വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... ഇനി മറ്റൊരു കഥയുമായി വീണ്ടും കാണുന്നതുവരെ.... നന്ദി നമസ്കാരം... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story