രുദ്രതാണ്ഡവം: ഭാഗം 5

rudhra thandavam

രചന: രാജേഷ് രാജു

അത് പിന്നെ... നമുക്കിന്ന് പുത്തൻപുരക്കൽ വരെ ഒന്നു പോയാലോ... ഇന്നലെ മാളുട്ടി വന്നുപോയതിൽപ്പിന്നെ മനസ്സിലൊരു കുറ്റബോധം... നിന്റെ അഭിപ്രായമെന്താണ്..... അതറിയാനാണ് ഞാൻ വന്നത്.... അവൻ പെട്ടന്ന് പത്രം മടക്കി അയാളെ ഒന്നു നോക്കി... അവന്റെ നോട്ടത്തിൽ ദേഷ്യമാണോ അതോ സഹതാപമാണോ എന്നു തിരിച്ചറിയാൻ അയാൾക്ക് കഴിഞ്ഞില്ല "ഇപ്പോൾ എന്തുപറ്റി അച്ഛന് ഇങ്ങനെയൊരു ബോധോദയമുണ്ടാകാൻ... മാളുട്ടിയെ കണ്ടതുകൊണ്ടോ... അതോ പഴയ കൂട്ടുകാരനെ ഓർത്തതുകൊണ്ടോ... ? " "അതിന് അരവിന്ദനെ എപ്പോഴാണ് ഞാൻ മറന്നത്.... എന്റെ ശ്വാസം നിലക്കുന്നതുവരെ അവനെന്റെ മനസ്സിൽ നിന്ന് പോകുമോ... അവൻ മാത്രമല്ല അവിടെയുള്ള എല്ലാവരും എന്റെ മനസ്സിൽ നിന്ന് മാഞ്ഞുപോവില്ല.... എനിക്കവരെ കാണണം... ആ കാലിൽ വീണ് മാപ്പുപറയണം... " അയാൾ തന്റെ കണ്ണിൽനിന്ന് ഒലിച്ചിറങ്ങുന്ന കണ്ണീര് ഒരു കൈകൊണ്ട് തുടച്ചു... "അച്ഛനെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ഞാൻ... അവരുടെ കാര്യം അച്ഛനൊന്ന് ആലോചിച്ചു നോക്കൂ...

സ്വന്തം മകനും മകളും പോയി... അവൾ മകനെപ്പോലെ കണ്ട അച്ഛൻ അതിനുശേഷം കുറ്റബോധത്താൽ അവിടേക്ക് പോകാറുമില്ല... ഇന്ന് അച്ഛനെടുത്ത തീരുമാനം നൂറുശതമാനം ശരിയാണ്.... മനസ്സുനൊന്ത് ജീവിക്കുന്ന അവർക്ക് അത് വലിയൊരു ആശ്വാസമാകും... " അവൻ പറയുന്നത് കേട്ട് പരമേശ്വരൻ തലയാട്ടി... രുദ്രൻ ഒരു ചെറുചിരിയോടെ അകത്തേക്കു നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️ ഇതേ സമയം ക്ഷേത്രത്തിൽ പോയിവന്ന തീർത്ഥ അടുക്കളയിൽ കാപ്പി തയ്യാറാക്കുന്ന തിരക്കിലാണ്... "മോളെ മാളൂ.." പത്മാവതിയമ്മയുടെ വിളികേട്ട് അവൾ തിരിഞ്ഞുനോക്കി... "ഇന്നലെ മുത്തശ്ശൻ എന്തെങ്കിലും പറഞ്ഞിരുന്നോ... " അവർ ചോദിച്ചതെന്താണെന്ന് അവൾക്ക് മനസ്സിലായില്ല "എന്താണ് മുത്തശ്ശീ... " "നിനക്ക് പറ്റിയൊരാളെ കണ്ടുപിടിക്കുന്ന കാര്യത്തെ ക്കുറിച്ചാണ് ചോദിച്ചത്... " "ഇതായിരുന്നോ... എന്താ മുത്തശ്ശീ നിങ്ങൾക്ക് രണ്ടാൾക്കും എന്നെ പറഞ്ഞു വിടാൻ തിടുക്കമായോ... " അതല്ല മോളേ.... എന്തായാലും നിനക്കൊരു ജീവിതം വേണ്ടേ.. അത് ഞങ്ങളുടെ കണ്ണടയുന്നതിനുമുമ്പ് കാണാനൊരു മോഹമുണ്ടേ...

ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു... ന്റെ കുട്ടിയെ കാണാൻ ഒരു സുന്ദരനായ രാജകുമാരൻ വന്നത്... എന്നാൽ അവന്റെ കൂടെ വന്നവർ നമുക്കു വേണ്ടപ്പെട്ട ആരൊക്കെയോ ആണെന്ന തോന്നൽ.... പക്ഷേ അതാരാണെന്നത് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.... " അവർ പറയുന്നത് കേട്ട് തീർത്ഥ ഉറക്കെ ചിരിച്ചു... "എന്നെ കാണാൻ.... അതും രാജകുമാരൻ... നടന്നതുതന്നെ... എന്റെ മുത്തശ്ശീ ഒരു രാജകുമാരനും എന്നെ കാണാൻ വരില്ല... എനിക്ക് ദൈവം നിശ്ചയിച്ച ഒരാളുണ്ടെങ്കിൽ അയാൾ ഏതെങ്കിലുമൊരു മൂശേട്ടയായിരിക്കും... "പോടീയവിടുന്ന്.... ഒരു മൂശട്ടയ്ക്ക് കൊടുക്കാനല്ല നിന്നെ പൊന്നു പോലെ വളർത്തിയത്... അവൻ വരും... ആരും ഇഷ്ടപ്പെടുന്ന.... എടാന്ന് വിധിക്കുന്നവനെ പോടാ എന്നു പറയുന്നവൻ... ഒരു വീരശൂര പരാക്രമിയായ ഒരുവൻ.. വരും വരും... റോഡിലേക്കും നോക്കി നിന്നോളൂ... ചിലപ്പോൾ വീടെങ്ങാനും തെറ്റി മറ്റെവിടേക്കെങ്കിലും പോയാലോ... എന്റെ മുത്തശ്ശീ.. മുത്തശ്ശിക്ക് രാവിലെ വേറെ പണിയൊന്നുമില്ലേ.. അവളതും പറഞ്ഞതും മുറ്റത്ത് ഒരു കാർ വന്നു നിന്നു....

പത്മാവതിയമ്മ ഉമ്മറത്തേക്കു നടന്നു... കാറിൽ നിന്നിറങ്ങിയ രുദ്രനെ കണ്ട് പത്മാവതിയമ്മ ഞെട്ടി... താനിന്നലെ സ്വപ്നത്തിൽ കണ്ട രാജകുമാരൻ....അവർ മനസ്സിൽ പറഞ്ഞു... എന്നാൽ പുറകെയിറങ്ങിയ വരെ കണ്ട് അവർ വീണ്ടും ഞെട്ടിയെങ്കിലും പിന്നീടവരുടെ കണ്ണു നിറഞ്ഞു... ഈ സമയം പറമ്പിൽ നിന്ന് വന്ന വാരിജാക്ഷൻനായരും അമ്പരന്നു നിൽക്കുകയായിരുന്നു... "മോനേ പരമൂ..." അയാൾ പരമേശ്വരന്റെ അടുത്തേക്ക് നടന്നുച്ചെന്നു... "മോനെ.... എത്ര നാളായി നിന്നെ കണ്ടിട്ട്... ഇപ്പോഴെങ്കിലും നീ ഞങ്ങളെ കാണാൻ വന്നല്ലോ... " വാരിജാക്ഷൻനായർ പരമേശ്വരനെ കെട്ടിപ്പിടിച്ചു.. "എങ്ങനെയാണമ്മാവാ ഞാൻ ഈ മുമ്പിൽ വരുന്നത്... എന്റെ അരവിന്ദൻ ഇല്ലാതാകാൻ ഞാനുംകൂടി ഉത്തരവാദിയല്ലേ... അമ്മാവന്റെ മുഖത്തുനോക്കുവാനുള്ള ശക്തി എനിക്കില്ലായിരുന്നു... അന്നമ്മാവൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ അവർ ഇപ്പോഴും ജീവനോടെയുണ്ടായിരുന്നു... " "എല്ലാം വിധിയാണ് മോനേ... നിങ്ങൾ കയറിയിരിക്ക്... " വാരിജാക്ഷൻനായർ അവരെ അകത്തേക്കു ക്ഷണിച്ചു..

. "ഇവരാണോ നിന്റെ കുട്ടികൾ... ഇവർ രണ്ടുപേർ മാത്രമേയുള്ളു നിനക്ക്... " ""അതെ... " അപ്പോൾ ഇതാണല്ലേ ന്റെ രുദ്രമോൻ... വാരിജാക്ഷൻനായർ അവന്റെ മുടിയിൽ തഴുകി "അതെ അമ്മാവാ... ഇത് രുദ്രൻ... ഇവനും കൂട്ടുകാരനും കൂടി ഒരു പ്രൈവറ്റ് ബിസിനസ്സ് ചെയ്യുന്നു... പിന്നെ ഇത് വേണി... മാളുട്ടിയുടെ കൂടെ പഠിക്കുന്നു... " അംബികയാണ് മറുപടി പറഞ്ഞത്... "അല്ല മുത്തശ്ശീ തീർത്ഥയെവിടേ... " വേണി ചോദിച്ചു... "അവൾ അടുക്കളയിലുണ്ട്... നിങ്ങളാണ് വന്നതെന്ന് അവൾക്കറിയുമായിരിക്കില്ല... " വേണി പെട്ടെന്ന് അടുക്കള ലക്ഷ്യമാക്കി നടന്നു... ഉച്ചകത്തേക്കുള്ള ചോറിനുള്ള അരി കഴുകി അടുപ്പത്തിരിക്കുന്ന കലത്തിലേക്കിടുന്ന തീർത്ഥയെ കണ്ട് വേണി കുറച്ചുനേരം വാതിൽക്കലിൽ നിന്നു നോക്കി... "അരിയത് മതിയാവില്ലല്ലോ ... " പുറകിൽ നിന്ന് ശബ്ദം കേട്ട് അവൾ തിരുഞ്ഞുനോക്കി..... വേണിയെ കണ്ട് അവൾ അന്തംവിട്ടു നിന്നു.. "വേണീ നീ..." തീർത്ഥ കയ്യിലെ പാത്രം അവിടെവെച്ച് അവളുടെയടുത്തേക്ക് ചെന്നു... "എന്താടീ യാതൊരു മുന്നറിയിപ്പും കൂടാതെയുളള വരവ്... "

"എന്താടീ... എനിക്ക് ഇവിടേക്ക് വരാൻ പറ്റില്ലേ... പറ്റില്ലെങ്കിൽ പറഞ്ഞാൽ മതി... ഞാനങ്ങ് പോയേക്കാം... " തീർത്ഥ മുഖം കറുപ്പിച്ച് തിരിഞ്ഞുനിന്നു.. " അയ്യെടി... അങ്ങനെയങ്ങ് നീ പോകുന്നത് എനിക്കു കാണണമല്ലോ... നിന്നെ പ്രതീക്ഷിക്കാത്തതുകൊണ്ട് ചോദിച്ചതല്ലേ... തീർത്ഥ വേണിയെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു... അങ്ങനെ വഴിക്കുവാ... അപ്പോൾ ഞാൻ പോകുവാണെന്നു പറഞ്ഞപ്പോൾ ഒന്നു പേടിച്ചല്ലേ.. പിന്നേ പേടിക്കാൻ നീയാരാ... എന്റെ തലതൊട്ടപ്പനോ...? നീയെന്നെ കളിപ്പിക്കാൻ പറഞ്ഞതാണെന്നെനിക്കറിയില്ലേ... അതൊക്കെ പോട്ടെ... ആരാ നിന്റെ കൂടെ വന്നത്.. നിവിനാണോ... പുറത്തു കാറിന്റെ ശബ്ദം കേട്ടിരുന്നു.. നീ കാറിൽ വരില്ലെന്നെനിക്കറിയാം.. " വേണിയൊന്ന് ചിരിച്ചു... ഞാനൊറ്റക്കല്ല വന്നത്... പക്ഷേ കൂടെ അഭിയേട്ടനല്ല... എന്റെ അച്ഛനും അമ്മയും പിന്നെ നിന്റെ ഇപ്പോഴത്തെ ശത്രുവുമുണ്ട്... എന്റെ ഏട്ടൻ... അവർ ഹാളിൽ കണ്ണീർ സീരിയൽ നടത്തുകയാണ്... എനിക്കത് താല്പര്യമില്ലാത്തകുകൊണ്ട് ഞാൻ നിന്റെയടുത്തേക്ക് പോന്നു... "അതുശരി... അപ്പോൾ പഴയകാര്യങ്ങളുടെ പുനരവതരണമല്ലേ....

" തീർത്ഥ സ്റ്റൌവിൽ ചായക്കു വെള്ളം വച്ചുകൊണ്ട് പറഞ്ഞു... അപ്പോൾ ഹാളിൽ വാരിജാക്ഷൻനായർ തേവള്ളിയിൽ പോയതും അവിടെ നടന്ന കാര്യവുമെല്ലാം പരമേശ്വരനോട് പറഞ്ഞു അപ്പോൾ അവർക്കിപ്പോഴും പഴയ പക തീർന്നിട്ടില്ല അല്ലേ.. എന്തായാലും ആ സ്വത്ത് നമുക്ക് തിരുച്ചുപിടിക്കണം... അവരുടെ കയ്യിലെ പ്രമാണം നശിപ്പിച്ചാലും അതിന്റെ രേഖയെല്ലാം നമ്മുക്കു സംഘടിപ്പിക്കാവുന്നതേയുള്ളൂ... അവരെക്കൊണ്ട് അത് അനിഭവിപ്പിക്കാൻ സമ്മതിപ്പിക്കരുത്... " പരമേശ്വരൻ പറഞ്ഞു അതൊന്നും നടക്കുമെന്ന് തോന്നുന്നില്ല... അവർക്ക് തരാൻ പൂർണ്ണ സമ്മതമുണ്ടെങ്കിൽ മാത്രം മതി.... നമ്മൾ പ്രശ്നത്തിനു പോയാൽ അവർ എന്താണ് ചെയ്യുക എന്നറിയില്ല.. " വാരിജാക്ഷൻനായർ പറഞ്ഞു എന്നുകരുതി... മാളുട്ടിക്ക് അവകാശപ്പെട്ടത് വെറുതെയങ്ങ് നഷ്ടപ്പെടുത്തുകയോ... അതിന് ഞങ്ങൾ കൂട്ടുനിൽക്കില്ല... അവരെതിർക്കാൻ വന്നാൽ അതിനെതിരെ നമ്മൾ നീങ്ങണം... എന്റെ അനുഭവം എന്നെ പഠിപ്പിച്ച കാര്യമാണത്.... അയാൾ തിരിഞ്ഞ് രുദ്രനെ നോക്കി... "രുദ്രാ എന്താ നിന്റെ അഭിപ്രായം... "

"അങ്ങനെയൊരു പ്രമാണം ഉണ്ടെന്നുള്ളത് നിങ്ങൾക്കെങ്ങനെ അറിയാം... " ഇവിടുത്തെ വില്ലേജോഫീസിലെ ക്ലർക്ക് രാമകൃഷ്ണൻ പറഞ്ഞതാണ്... ഞാനവിടെ നികുതിയടക്കാൻ ചെന്നപ്പോഴാണയാൾ ചോദിച്ചു.... ഹേമയുടെ പേരിലുള്ള സ്ഥലത്തിന്റെ നികുതിയെന്താണ് അവളുടെ ചേട്ടന്മാർ അടക്കുന്നതെന്ന്... അയാൾ ആദ്യം അവിടുത്തെ വില്ലേജ് ഓഫീസിലായിരുന്നല്ലോ ജോലി... അപ്പോഴാണ് ഞാനതിനെ പറ്റി കൂടുതൽ അന്വേഷിച്ചത്... " "അവളുടെ പേരിലെഴുതിവച്ചത് എന്തൊക്കെയാണെന്നറിയോ... " "അവരുടെ തറവാടും അതിനു ചുറ്റുമുള്ള നാലേക്കർ സ്ഥലവും... " വാരിജാക്ഷൻനായർ പറഞ്ഞതുകേട്ട് അവർ സ്തംഭിച്ചുനിന്നു... അത്രയും സ്വത്താണോ വേണ്ടെന്നു വക്കുന്നത്... ഇന്നത്തെ വിലയനുസരിച്ച് കോടികൾ കിട്ടുമതിന്... " രുദ്രൻ പറഞ്ഞു... പിന്നെ എഴുന്നേറ്റ് തന്റെ ഫോണെടുത്ത് പുറത്തേക്കിറങ്ങി... പിന്നെ ആരെയോ വിളിച്ചു... കുറച്ചുനേരം എന്തൊക്കെയോ സംസാരിച്ച് അവൻ കോൾ കട്ടുചെയ്ത് തിരിച്ച് ഹാളിലേക്ക് വന്നു... മുത്തശ്ശാ.. ഈ കാര്യം എനിക്ക് വിട്ടേക്ക്.. ഇതു ഞാൻ ഡീല് ചെയ്തോളാം... "

"മോനേ പ്രശ്നത്തിനൊന്നും പോകേണ്ട... നമുക്കൊരു നേരിടാനുള്ള ശക്തിയുണ്ടാവില്ല.. അവരെന്തൊക്കെ ചെയ്യുമെന്ന് പറയാൻ പറ്റില്ല... " ഒന്നും ഉണ്ടാവില്ല മുത്തശ്ശാ... അവരൊരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ നമുക്ക് അത് ശെരിയാക്കാം... ആ സമയത്താണ് തീർത്ഥയും വേണിയും ചായയുമായി വന്നത്... അവൾ എല്ലാവർക്കും ചായയെടുത്തുകൊടുത്തു... രുദ്രന് കൊടുക്കുമ്പോൾ അവനവന്റെ മുഖത്തേക്കു നോക്കി... അവൻ അവളെ തുറിച്ചൊന്ന് നോക്കി... എന്നിട്ട് ചായഗ്ലാസ് വാങ്ങിച്ചു... അവന്റെ നോട്ടംകണ്ട തീർത്ഥ അവനെ നോക്കിയൊന്ന് ചിരിച്ചു പിന്നെ അവനെയും തുറിച്ചു നോക്കിക്കൊണ്ട് വേണിയുടെ അടുത്തുപോയിനിന്നു... അതുകണ്ട് രുദ്രന് ചിരിവന്നു... "മുത്തശ്ശാ ഒന്നു വരൂ..." തീർത്ഥ വാരിജാക്ഷൻനായരെ വിളിച്ച് അകത്തേക്ക് നടന്നു.. "മുത്തശ്ശാ.. നാളുകൾക്കുശേഷം അവർ ഈ വീട്ടിലേക്ക് വന്നതല്ലേ... എന്തെങ്കിലും കഴിക്കാൻ കൊടുക്കേണ്ടേ... ഇവിടെ കുറച്ചു സാധനങ്ങളേയുള്ളൂ... ഞാനൊന്ന് കടവരെ പോയിവരാം... പൈസ എന്തെങ്കിലും വേണം... " "ഞാൻ പോയിവരാം മോളേ.... എന്താണ് വേണ്ടതെന്ന് പറഞ്ഞാൽ മതി... " "അതുവേണ്ട മുത്തശ്ശാ... മുത്തശ്ശൻ അവരുടെ കൂടെ ഇരിക്കൂ... ഞാൻ പെട്ടന്ന് പോയിട്ടുവരാം..." "എന്താണ് മുത്തശ്ശനും ചെറുമകളുംകൂടിയൊരു രഹസ്യം.... "

അവിടേക്കു വന്ന അംബിക ചോദിച്ചു... "ഒന്നുമില്ല മോളേ.. കടയിൽ പോകുന്ന കാര്യം പറഞ്ഞതാണ്... " "അതായിരുന്നോ ഇത്രവലിയ രഹസ്യം... എന്തിനാണ് ഇപ്പോൾ കടയിൽ പോകുന്നത്... ഞങ്ങൾക്കായി ഒന്നും ഉണ്ടാക്കേണ്ട... ഉള്ളതുകൊണ്ട് എല്ലാവർക്കും കഴിക്കാം... അതല്ല മോളേ... എത്ര നാളുകൾക്ക് ശേഷമാണ് നിങ്ങളിവിടേക്ക് വന്നത്... അതിന്റെ സന്തോഷം ഞങ്ങൾ കാണിക്കേണ്ടേ... അവൾ പെട്ടന്ന് പോയിവരും... അപ്പോഴേക്കും നമുക്കവിടെ ഇരിക്കാം... " "അത്ര നിർബന്ധമാണെങ്കിൽ രുദ്രൻ പോയിവരും... വേണമെങ്കിൽ ഇവളും കൂടെ പോയിവരട്ടെ... ഞാൻ അവനോട് പറയാം... " "അത് വേണ്ടമോളേ.. ഇവിടെയടുത്തല്ലേ കട.. ഒരഞ്ചുമിനിറ്റുള്ളിൽ പോയിവരാവുന്നതേയുള്ളൂ.... " "അതു പറഞ്ഞാൽ പറ്റില്ല... അവൻ ജനിച്ചുവളർന്ന സ്ഥലമല്ലേ... പുറമേയുള്ളവരെയൊക്കെ ഒന്നു പരിചയപ്പെടുകയും ചെയ്യാലോ... അവനെ ഞാൻ വിളിക്കാം... " രുദ്രനെ വിളിക്കാൻ അവർ ഹാളിലേക്ക് പോയി... "രുദ്രാ... നീ മാളുട്ടിയുടെ കൂടെ കടവരെ ഒന്ന് കൂട്ടിന് പോയി വാ... " അംബിക പറഞ്ഞത് കേട്ട് അവൻ എഴുന്നേറ്റു... അമ്മേ..

. എന്നാൽ ഞാനും കൂടി അവരുടെ പൊയ്ക്കോട്ടേ... എനിക്കും ഇവിടെയൊക്കെ കാണാലോ... "എന്നാൽ പോയിട്ടുവാ... പെട്ടന്ന് വന്നേക്കണേ... " അംബിക പറഞ്ഞു ശരിയമ്മേ വേണിയത് പറഞ്ഞ് രുദ്രന്റേയും തീർത്ഥയുടേയും കൂടെ നടന്നു... കടയിലേക്ക് നടക്കുമ്പോൾ വേണിയും തീർത്ഥയും ഓരോ കാര്യങ്ങൾ പറഞ്ഞു നടക്കുകയായിരുന്നു... ഇടക്ക് തീർത്ഥ രുദ്രനെ നോക്കുന്നുണ്ടായിന്നു... അവനൊന്നും പറയാതെ ഓരോ സ്ഥലവും നോക്കി നടക്കുകയായിരുന്നു.. അവർ നടന്ന് മേപ്പല്ലൂരമ്പലത്തിന്റെ മുന്നിലെത്തി... പെട്ടന്ന് രുദ്രൻ നിന്നു... അവൻ ആ അമ്പലപ്പറമ്പിലുള്ള മാവിനെ നോക്കി നിന്നു.... "എന്തുപറ്റി ഏട്ടാ... എന്താണ് നിന്നു പോയത്... " അവൻ നിന്നതുകണ്ട് രുദ്രൻ ചോദിച്ചു... " "ഒന്നുമില്ല..." അവൻ അവരെ ശ്രദ്ധിക്കാതെ മുന്നോട്ടു നടന്നു... എന്താണ് നിന്റെ ഏട്ടൻ വല്ല പിശാചിനേയും കണ്ട് പേടിച്ചിട്ടുണ്ടോ... ഏതുസമയവും കടന്നല് കുത്തിയ മുഖവുമായി നടക്കുന്നു... എങ്ങനെ സഹിക്കുന്നു നിങ്ങളിയാളെ....

വല്ലാത്തൊരു കാട്ടുപോത്ത് തന്നെയാണ്... " തീർത്ഥ വേണിയുടെ ചെവിയിലാണത് പറഞ്ഞതെങ്കിലും... അവനത് കേട്ടു... ആരാടീ കാട്ടുപോത്ത്... നിന്റെ മറ്റവനാണ് കാട്ടുപോത്ത്... രുദ്രൻ ദേഷ്യത്തോടെ പറഞ്ഞു... "ദേ എന്റെ മറ്റവനെ കുറിച്ച് പറഞ്ഞാലുണ്ടല്ലോ... " തീർത്ഥ അവനു നേരെ കൈചൂണ്ടി പറഞ്ഞു... പറഞ്ഞാൽ നീയെന്തുചെയ്യുമെടീ... അവൻ അവളുടെ നേരെ ചെന്നു അയ്യോ... തുടങ്ങിയോ രണ്ടും.... ഇത് പൊതുവഴിയാണ്... മറ്റുള്ളവർ കേട്ടാൽ നാണക്കേടാണ്... നിങ്ങൾ മുൻ ജന്മത്തിൽ ഏതോ വലിയ ശത്രുക്കളായിരുന്നോ...? എന്നാൽ നിന്റെ കൂട്ടുകാരിയോട് മര്യാദയോടെ സംസാരിക്കാൻ പറയ്... എന്റെ നേരെ കളിക്കാൻ വന്നാലുണ്ടല്ലോ അവളുടെ നാടാണെന്ന് ഞാനങ്ങ് മറക്കും... അവൻ ദേഷ്യത്തോടെ തീർത്ഥയെ നോക്കി.... പിന്നെ മുന്നിൽ നടന്നു.........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story