രുദ്രതാണ്ഡവം: ഭാഗം 7

rudhra thandavam

രചന: രാജേഷ് രാജു

പെട്ടന്നാണ് അവനത് ശ്രദ്ധിച്ചത്...തന്റെ കാറിനെ പിന്തുടർന്ന് മറ്റൊരു കാർ വരുന്നത്... അവൻ കാറിന്റെ സ്പീഡൊന്ന് കൂട്ടി... അപ്പോൾ പുറകിലുള്ള കാറും സ്പീഡ് കുട്ടി... രുദ്രൻ അതിനുപോകാൻ സൈഡ് കൊടുത്തു... ആ കാറ് അവരെ ഓവര്‍ടേക്ക് ചെയ്ത് അവരുടെ കാറിന് കുറുകേയിട്ടു... രുദ്രൻ തന്റെ കാർ നിർത്തി... അന്നേരം മുന്നിലുള്ള കാറിൽ നിന്ന് ഒരാളിറങ്ങി... അയാൾ അവരുടെയടുത്തേക്കുവന്നു... അയാളെ കണ്ട് അവർ സ്തംഭിച്ചുനിന്നു "വിശാൽ..." രുദ്രൻ പെട്ടന്ന് കാറിൽനിന്നിറങ്ങി... അവനു വഴിയേ തീർത്ഥയും വേണിയും ഇറങ്ങി... "എടാ... നീയെപ്പോൾ ലാന്റുചെയ്തു... " രുദ്രൻ വിശാലിന്റെ നെഞ്ചിൽ പതുക്കെ കൈചുരുട്ടി ഇടിച്ചുകൊണ്ട് ചോദിച്ചു.... "ഇന്നലെ വൈകിട്ട് എത്തി... " "എന്നിട്ടെന്തേ നീ വിളിക്കാതിരുന്നത്... അതോ ജോലിയെല്ലാം കിട്ടിയപ്പോൾ നമ്മളെയൊക്കെ മറന്നോ..." മറന്നാൽ ഇപ്പോൾ നിങ്ങളുടെ വഴിയേ ഞാൻ വരുമോ... നിങ്ങൾക്കൊരു സർപ്രൈസ് തരാമെന്നു കരുതി... നീ ഓഫീസിലേക്കായിരിക്കുമല്ലേ... " "അതേ... " രുദ്രൻ പറഞ്ഞു...

അപ്പോഴാണ് വിശാൽ തീർത്ഥയേയും വേണിയേയും ശ്രദ്ധിച്ചത്... ആഹാ.. കുട്ടിപട്ടാളങ്ങളുമുണ്ടോ കൂടെ... എല്ലാവരേയും ഒരുമിച്ചു കാണുമെന്ന് കരുതിയില്ല... കാണേണ്ടയാളെ കണ്ടിട്ടില്ലല്ലോ നീ... അവളോട് നീ വന്ന കാര്യം പറഞ്ഞിരുന്നോ... രുദ്രൻ ചോദിച്ചു "ഇല്ല പറഞ്ഞിട്ടില്ല... അവളേയും ഒന്ന് ഞെട്ടിക്കാം എന്നുകരുതി... നിങ്ങളിനി അവളോട് പറയേണ്ട... വൈകീട്ട് കുറച്ച് നേരത്തെ കോളേജിൽ നിന്നിറങ്ങ്... രുദ്രനോടും കൂടിയാണ് പറയുന്നത്... പിന്നെ അഭിയോടും നന്ദനയോടും പിന്നെ നിന്റെ പുതിയ അളിയനോടും പറയൂ... നമ്മൾ സാധാരണ പോകുന്ന റെസ്റ്റോറന്റിൽ വച്ചുതന്നെ ഒത്തുകൂടാം... അപ്പോൾ വൈകീട്ട് മൂന്നുമണിക്ക് കാണാം..." വിശാൽ തിരിഞ്ഞു നടന്ന് തന്റെ കാറെടുത്തു പോയി ▪️▪️▪️▪️▪️▪️▪️▪️▪️ ഈ സമയം തേവള്ളിയിൽ സേതുമാധവനും ഹരിഗോവിന്ദനും ബാൽക്കണിയിലിരുന്ന് സംസാരിക്കുകയായിരുന്നു.... "ഏട്ടൻ അവനോട് ഒന്നു കടുപ്പിച്ചു പറഞ്ഞാൽ അവൻ നമ്മുടെ വരുതിയിൽ വരുമായിരുന്നില്ലേ... അവൻ പറയുന്നതും കേട്ട് മിണ്ടാതിരുന്നാൽ നമ്മുടെ പ്ലാനൊന്നും നടക്കില്ല..."

ഹരിഗോവിന്ദൻ കുറച്ചു നീരസത്തോടെ പറഞ്ഞു "എടാ... അവൻ നമ്മൾ കരുതുന്നതുപോലെയല്ലാ... നമ്മൾ ഇത്രയും കാലം മൂടിവച്ച പലകാര്യങ്ങളും അവനറിഞ്ഞിട്ടുണ്ട്... നമ്മൾ അവനെ ഭീഷണിപ്പെടുത്തി കൂടെ നിർത്തുവാൻ നോക്കിയാൽ അവരെല്ലാവരും രഹസ്യവും വിളിച്ചുപറയും... നമുക്ക് കുറച്ചു വെയ്റ്റുചെയ്യാം.. " സേതുമാധവൻ പറഞ്ഞതുകേട്ട് ഹരിഗോവിന്ദനൊന്ന് ഞെട്ടി... അപ്പോൾ ഇനിയെന്തുചെയ്യും ഏട്ടാ... വരട്ടെ സമയമുണ്ടല്ലോ... അപ്പോഴേക്കും അവനെ പറഞ്ഞു മനസ്സിലാക്കാൻ നോക്കാം... അതല്ലെങ്കിൽ ഒറ്റ വഴിയേയുള്ളൂ... ഇരുചെവിയുമറിയാതെ അവളെയങ്ങ് ഇല്ലാതാക്കാം.... സേതുമാധവന്റെ മുഖം വലിഞ്ഞുമുറുകി.. അതുവേണോ ഏട്ടാ... അവൾക്കെന്തു സംഭവിച്ചാലും അതിനുപിന്നിൽ നമ്മളാണെന്ന് എല്ലാവർക്കും മനസ്സിലാവും... പിന്നെയും നമുക്കുതന്നെ വിനയാകും... "ഇല്ലെടാ... അതിനൊരു വഴിയുണ്ട്... ആദ്യം അവനെയൊന്നുകൂടി കാണട്ടെ... അതിനുശേഷം നമുക്കു നോക്കാം.... " സേതുമാധവൻ എഴുന്നേറ്റ് താഴേക്കു നടന്നു...

ഹരിഗോവിന്ദൻ ഒന്നും മനസ്സില്ലാതെ അയാൾ പോകുന്നതും നോക്കി നിന്നു ▪️▪️▪️▪️▪️▪️▪️▪️▪️ അന്നു വൈകീട്ട് റെസ്റ്റോറന്റിൽ മറ്റുള്ളവരെ നോക്കിയിരിക്കുകയായിരുന്നു തീർത്ഥയും, വേണിയും, നന്ദനയും, ദേവികയും....വിശാൽ വന്നകാര്യം ദേവികയോട് ആരും പറഞ്ഞിരുന്നില്ല...കുറച്ചു കഴിഞ്ഞ് രുദ്രനും അഭിയും നിവിനുമെത്തി... അവരെല്ലാവരും ഓരോന്ന് പറഞ്ഞിരിക്കുമ്പോഴാണ് വിശാൽ അവിടേക്ക് കയറിവന്നത്.... അവനെ കണ്ട് ദേവിക അന്തം വിട്ടുനിന്നു... അവൾ മറ്റുള്ളവരെ നോക്കി... അവരെല്ലാവരും അവളെനോക്കി ചിരിക്കുകയായിരുന്നു... "അതുശെരി എന്നെ എല്ലാവരും കൂടി കളിപ്പിക്കുകയായിരുന്നല്ലേ.... അതിന് ഈ ദുഷ്ടനും കൂട്ടു നിന്നു.. അവൾ വിശാലിന്റെ പുറത്ത് രണ്ടു കൈകൊണ്ടും ഇടിച്ചു... പതുക്കെ ഇടിക്കെടീ ദുഷ്ടേ... ആളുകൾ ശ്രദ്ധിക്കുന്നു... "കണക്കായിപ്പോയി... എന്നെ പറ്റിച്ചിട്ടല്ലേ.. അതിന് കൂട്ടായി എല്ലാവരും നിന്നു... " എടീ വിശാലേട്ടൻ നിനക്കൊരു സർപ്രൈസ് തന്നതല്ലേ... അതിന് ഇത്രക്ക് കലിതുള്ളണോ നീ... തീർത്ഥയാണത് ചോദിച്ചത് നീയെന്നോട് മിണ്ടെണ്ടാ...

നിങ്ങൾ ആങ്ങളയും പെങ്ങളും കൂടിയുള്ള പ്ലാനാകും ഇതല്ലേ.. എല്ലാത്തിനും വച്ചിട്ടുണ്ട് ഞാൻ... ദൈവമേ.. ഒരു സർപ്രൈസ് കൊടുക്കാൻ വന്ന എന്റെ കാര്യത്തിലൊരു തീരുമാനമായി... ഇനി എങ്ങനെയാണ് ഇതിനെയൊന്ന് പറഞ്ഞു മനസ്സിലാക്കുക... എന്റെ പൊന്നു മോളല്ലേ... എന്നോട് ക്ഷമിക്ക്... ഇനി നിന്നെയറിയിക്കാതെ ഞാനൊന്നും ചെയ്യില്ല... പോരേ... വിശാലിന്റെ സംസാരം കേട്ട് എല്ലാവരും ചിരിച്ചു... "അതൊക്കെ പോട്ടെ... നിന്റെ മുംബൈയിലെ ജോലിയ്ക്ക് എങ്ങനെയുണ്ട്... പെട്ടന്നുതന്നെ തിരിച്ചു പോകുന്നുണ്ടോ... " അഭിയാണത് ചോദിച്ചത് "കുഴപ്പമില്ല... പിന്നെ എനിക്കിനി മുംബൈയിലേക്ക് പോകേണ്ട... അവരുടെ ഇവിടുത്തെ ബ്രാഞ്ചിലെന്നെ നിയമിച്ചു... ഇനി എന്നും പോയിവരാനുള്ള ദൂരമേയുള്ളൂ... " "അതു കൊള്ളാലോ അപ്പോൾ നിന്നെയെന്നും കണാമല്ലോ.. രുദ്രൻ പറഞ്ഞു...

അവർ കാപ്പി കുടിച്ച് അവിടെനിന്നും പുറത്തേക്കിറങ്ങി... രുദ്രൻ വിശാലിനെ വിളിച്ച് കുറച്ചു മാറിനിന്നു "നിന്നോട് പ്രധാനപ്പെട്ട മറ്റൊരു കാര്യം പറയാനുണ്ട്... അന്ന് ഞാൻ ഫോണിൽക്കൂടി സൂചിപ്പിച്ചിരുന്നു... നിന്റെ വീട്ടുകാരുടെ കയ്യിലുള്ള ഇവളുടെ അമ്മയുടെ പേരിലുള്ള സ്വത്തിന്റെ പ്രമാണം എങ്ങനെയെങ്കിലും കൈക്കലാക്കണം... അതിന് നിന്റെ സഹായം വേണം...." രുദ്രൻ വിശാലിനോട് പറഞ്ഞു "അതിനെ പറ്റി ഇന്നലെ സംസാരമുണ്ടായിരുന്നു വീട്ടിൽ.... അവർക്ക് അത് കൈവിട്ടു പോകാതിരിക്കാൻ പുതിയ തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ്... എന്നെക്കൊണ്ട് ഇവളെ വിവാഹം കഴിപ്പിക്കുക... അതുമൂലം ആ സ്വത്തുക്കൾ കൈക്കലാക്കുക... രുദ്രാ അവരെ സൂക്ഷിക്കണം... എന്തും ചെയ്യാൻ മടിക്കാത്തവരാണ് എന്റെ അച്ഛനും ചെറിയച്ഛനും.... ഞാൻ അവരുടെ കൂടെ നിൽക്കാത്തതിന്ന് ഇവളുടേയും ദേവികയുടേയും നേരെയാകും അവരുടെ അടുത്ത നീക്കം... അത് ഏതുവഴിയാണെന്ന് പറയാൻ പറ്റില്ല.. കഴിയുന്നതും തീർത്ഥയെ നീ നിന്റെ വണ്ടിയിൽ കൊണ്ടു വിട്ടാൽ മതി ഉം...

അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ... നമുക്കു നോക്കാം.. പിന്നെ ആ പ്രമാണം നിയെങ്ങിനെയെങ്കിലും കൈക്കലാക്കണം... ആരും അറിയരുത്... പിന്നെയുള്ള കാര്യങ്ങൾ നമുക്ക് നോക്കാമെടോ.... "എന്താടാ അവളുടെ കാര്യത്തിൽ നിനക്ക് വല്ലാത്തൊരു ശുഷ്കാന്തി.... പഴയ കളിക്കൂട്ടുകാരിയോട് പ്രണയം മുളയിട്ടു തുടങ്ങിയോ... " വിശാൽ അവനോട് ചോദിച്ചു.... രുദ്രനൊന്ന് ചിരിച്ചു... നീ പറഞ്ഞത് ഏറെക്കുറേ സത്യമാണ്... ചെറുപ്പത്തിൽ അരവിന്ദൻമാമൻ പറയുമായിരുന്നു... മാളുട്ടി എനിക്കുള്ളതാനെന്ന്... അവരുടെ മരണത്തോടെ എല്ലാവരും അത് മറന്നു... എന്നാൽ എന്റെ മനസ്സിലത് മായാതെ എന്നും നിലനിന്നിരുന്നു... അവളറിയാതെ ഇത്രയും കാലം അവളുടെ പുറകെയുണ്ടായിരുന്നു ഞാൻ... എന്നാൽ എനിക്കത് അവളോട് പറയാനുള്ള മടികാരണം... എല്ലാം മനസ്സിൽതന്നെ മൂടിവച്ചിരിക്കുകയാണ്... സമയമാകുമ്പോൾ എല്ലാം പറയാം എന്നു കരുതിയിരിക്കുകയാണ്... നീയത് മനസ്സിൽവെച്ച് നടന്നോ... ചുണയുള്ള ആൺകുട്ടികൾ അളെയങ്ങ് കെട്ടിക്കൊണ്ടു പോകും....

പിന്നെ നിന്ന് മോങ്ങിയിട്ട് കാര്യമില്ല പറഞ്ഞേക്കും... "എന്നാപ്പിന്നെ അവന്റെ അന്ത്യം എന്റെ കൈ കൊണ്ടാകും... " "എന്നാൽ വേഗം ചെല്ല്" നിനക്കു പറ്റിയ പണിതതാണ്.. നിനക്ക് പറയാൻ പറ്റില്ലെങ്കിൽ ഞാനവളോട് പറയാം.... നിന്നെപ്പോലെ മടിയും ചമ്മലുമൊന്നും എനിക്കില്ല" "അതൊന്നും വേണ്ടാ... ഞാൻ തന്നെ പറയാം... " എന്നാൽ ഇന്ന് പോകുമ്പോൾ അവളോട് പറഞ്ഞിരിക്കണം... ഇല്ലെങ്കിൽ നാളെ ഞാൻതന്നെ അവളോട് പറയും... കേട്ടല്ലോ... "ആ നോക്കാം... " "നോക്കിയാൽ പോരാ... ഇന്നുതന്നെ പറഞ്ഞിരിക്കണം... " അതിനു മറുപടിയായി അവനവന്നു മൂളി... അവർ അവിടെ നിന്നും യാത്രയായി.... പോകുന്ന വഴിയിൽ രുദ്രൻ എങ്ങനെ അവളോട് തന്റെ ഇഷ്ടം പറയുമെന്നും ചിന്തയിലായിരുന്നു.... "ഞാനിപ്പോൾ പറഞ്ഞാൽ അവളുടെ പ്രതികരണം എന്തായിരിക്കും... അവളുടെ സ്വഭാവം വച്ചുനോക്കിയാൽ കരണക്കുറ്റിനോക്കി ഒന്നുതരാനും അവൾ മടിക്കില്ല... കൂടെ വേണിയുമുണ്ട്.... ഏതായാലും അവളെ ഒറ്റക്കു കാണുമ്പോൾ പറയാം... " രുദ്രൻ കാർ കുറച്ചു സ്പീഡിൽ ഓടിച്ചു...

അന്നുരാത്രി രുദ്രൻ തീർത്ഥയെ ആലോചിച്ച് കിടക്കുകയായിരുന്നു... കൂടെ അളൊന്നിച്ച് ചെറുപ്പത്തിൽ കഴിഞ്ഞിരുന്ന കാര്യങ്ങളും മനസ്സിൽ വന്നു... താനവിടെയുണ്ടാകുമ്പോൾ എല്ലാകാര്യത്തിലും തന്റെയടുത്തേക്കാണ് അവൾ വരുന്നത്... ഭക്ഷണം കഴിക്കുമ്പോഴും ഞാൻ വാരികൊടുത്താലേ അവൾ കഴിക്കുകയുള്ളൂ... അവൻ പെട്ടന്ന് തന്റെ ഫോണെടുത്തു.... അതിൽ അവളറിയാതെ എടുത്ത അവളുടെ ഓരോ ഫോട്ടോയും നോക്കിയിരുന്നു... അവൻ കോണ്ടാക്ട്ലീസ്റ്റിൽനിന്നും അവളുടെ നമ്പറെടുത്തു... വേണിയുടെ ഫോണിൽ നിന്നും അവളറിയാതെ എടുത്തതായിരുന്നു നമ്പർ..അവളെയൊന്ന് വിളിച്ചാലോ... നേരിട്ട് തന്റെ ഇഷ്ടം പറയുന്നതിലും സുരക്ഷ ഫോണിൽ പറയുന്നതാണ്..... അവൻ അവളെ വിളിക്കാൻ തുടങ്ങുമ്പോഴാണ് വാതിൽക്കൽ നിന്ന് അംബിക വിളിക്കുന്നത് കേട്ടത്... അവൻ ഫോൺ താഴെ വച്ച് അവരുടെയടുത്തേക്ക് നടന്നു... "എന്താണമ്മേ.. വിളിച്ചത്.. " "നീയെന്താ പതിവില്ലാതെ ഈ സമയത്ത് മുറിയിൽപോയി കിടക്കുന്നത്... നിനക്ക് ഭക്ഷണമൊന്നും വേണ്ടേ...

അച്ഛൻ നിന്നെ കാത്ത് താഴെ നിൽക്കുന്നു.. നിനക്കെന്തു സുഖമില്ലേ... " അംബിക ചോദിച്ചു "ഒന്നുമില്ലമ്മേ.. ചെറിയൊരു തലവേദന... ഞാൻ താഴേക്കു വരാം... " "തലവേദനക്കുമ്പോഴാണോ ഫോണിൽ കുത്തിക്കളിക്കുന്നത്... തലവേദന അധികമാകില്ലേ... " "അത് ഞാൻ ഓഫീസിലെ ചില കാര്യങ്ങൾ നോക്കുകയായിരുന്നു... അമ്മ നടന്നോ ഞാൻ വരാം... " അംബിക താഴേക്കു നടന്നു... പുറകെ രുദ്രനും ചെന്നു.. "രുദ്രാ നിന്നോട് ഞങ്ങൾക്കൊരു കാര്യം പറയാനുണ്ട്" ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അംബിക പറഞ്ഞു... എന്താണെന്ന ഭാവത്തിൽ അവന്റെ നോക്കി... "നിനക്ക് ഈ വരുന്ന ചിങ്ങത്തിൽ ഇരുപത്തെട്ട് വയസ്സ് തികയും... അതുകൊണ്ട് ഞങ്ങളൊരു തീരുമാനമെടുത്തു... വേണിയുടേയും നിന്റേയും വിവാഹം ഒരു പന്തലിൽ വെച്ച് നടത്തണമെന്നാണ് മോഹം. ഞങ്ങളൊരു കുട്ടിയെ കണ്ടുവച്ചിട്ടുണ്ട്....

നല്ല കുട്ടിയാണ്... നിനക്ക് നന്നായിട്ടിണങ്ങും... ഇനി നിന്റെ അഭിപ്രായമാണ് അറിയേണ്ടത്... " അംബികപറഞ്ഞത് കേട്ട് അവനൊന്നു ഞെട്ടി... "ആദ്യം വേണിയുടെ വിവാഹം നടക്കട്ടെ... അതുകഴിഞ്ഞ് ഞാൻ പറയാം.. " അവൻ അതിൽനിന്നും ഒഴിഞ്ഞു മാറാൻ നോക്കി "ഇനിയെന്ന്... നിനക്ക് മൂക്കിൽ പല്ല് മുളച്ചിട്ടോ... എനിക്കവയ്യ ഇനി നിനക്കെല്ലാം വെച്ചുവിളമ്പിത്തരാൻ... നിന്റെ മനസ്സിൽ ആരെങ്കിലുമുണ്ടെങ്കിൽ പറയണം... ഞങ്ങൾ അവളുടെ വീട്ടുകാരുമായി സംസാരിക്കാം... " "എന്റെ മനസ്സിലുണ്ടായിരുന്നത് നിങ്ങൾക്കറിയാവുന്നതല്ലേ... പിന്നേയും അത് എടുത്തു പറയണോ... ഞാനൊരു വിവാഹം കഴിക്കുന്നുവെങ്കിൽ അത് അവളെ മാത്രമായിരിക്കും... അതും അവൾക്കും അവളുടെ വീട്ടുകാർക്കും താല്പര്യമുണ്ടെങ്കിൽ മാത്രം" രുദ്രൻ ഭക്ഷണം മതിയാക്കി എഴുന്നേറ്റു ഇരിക്കവിടെ.... നീയെങ്ങോട്ടാണ് എണീറ്റു പോകുന്നത്.... അംബിക ചോദിച്ചു......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story