രുദ്രതാണ്ഡവം: ഭാഗം 8

rudhra thandavam

രചന: രാജേഷ് രാജു

"എന്റെ മനസ്സിലുണ്ടായിരുന്നത് നിങ്ങൾക്കറിയാവുന്നതല്ലേ... പിന്നേയും അത് എടുത്തു പറയണോ... ഞാനൊരു വിവാഹം കഴിക്കുന്നുവെങ്കിൽ അത് അവളെ മാത്രമായിരിക്കും... അതും അവൾക്കും അവളുടെ വീട്ടുകാർക്കും താല്പര്യമുണ്ടെങ്കിൽ മാത്രം" രുദ്രൻ ഭക്ഷണം മതിയാക്കി എഴുന്നേറ്റു ഇരിക്കവിടെ.... നീയെങ്ങോട്ടാണ് എണീറ്റു പോകുന്നത്.... അംബിക ചോദിച്ചു എനിക്കുവേണ്ട... ഇത്രയുംകാലം എനിക്കുണ്ടാക്കിതന്നതിന് നന്ദിയുണ്ട്.. അതും പറഞ്ഞവൻ കൈ കഴുകി അകത്തേക്കു പോയി... അംബിക ആകെ സ്തംഭിച്ചു നിൽക്കുകയായിരുന്നു... അവർ പരമേശ്വരനെ നോക്കി... അയാളും കഴിക്കാതെ ഭക്ഷണത്തിൽ കൈവെച്ച് തലയും താഴ്ത്തിയിരിക്കുകയായിരുന്നു... വേണിയും അതു കണ്ടു ഈ അമ്മയെപ്പോഴും ഇങ്ങനെയാണ്... ഏട്ടനെത്ര വിഷമമായിക്കാണുമെന്ന് അമ്മക്കറിയോ... ഇനിമുതൽ അമ്മ ആർക്കുവേണ്ടിയും കഷ്ടപ്പെടേണ്ട... എന്റെ ഏട്ടന് ഞാനുണ്ടാക്കി കൊടുത്തോളാം....

അമ്മയുണ്ടാക്കിയത് അമ്മ തന്നെ കഴിച്ചോ അവൾ പാത്രവുമെടുത്ത് അടുക്കളയിലേക്ക് നടന്നു... അംബികയുടെ കണ്ണുകൾ നിറഞ്ഞു മുറിയിലെത്തിയ രുദ്രൻ കട്ടിലിൽ കമിഴ്ന്ന് കിടന്ന് അംബിക പറഞ്ഞത് ആലോചിക്കുകയായിരുന്നു.. തനിക്കുവേണ്ടി അവർ വിവാഹമാലോചിക്കുന്നു... എന്തിനുവേണ്ടി... അവരെല്ലാവരും ചെറുപ്പത്തിൽ തീരുമാനിച്ചതല്ലേ തന്റേയും മാളുട്ടിയുടേയും വിവാഹം... എന്നിട്ടിപ്പോൾ ഒന്നുമറിയാത്തതുപോലെ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നു... ഇവർക്കൊക്കെ എന്താണ് പറ്റിയത് അച്ഛനും അതിന് കൂട്ടുനിൽക്കുകയാണോ... അവൻ ഓരോന്നാലോചിച്ച് കിടന്നു... "ഏട്ടാ... " വേണിയുടെ വിളികേട്ടു അവനൊന്ന് തിരിഞ്ഞുനോക്കി... അവന്റെ കണ്ണ് നിറഞ്ഞത് അവൾ കണ്ടു... എന്താണേട്ടാ ഇത്... അമ്മയുടെ സ്വഭാവം ഏട്ടനറിയില്ലേ... അമ്മ മനസ്സിലൊന്നുംവച്ചിട്ടല്ല പറയുന്നത്... അമ്മയുടെ സങ്കടമാണ് പറയുന്നത്... " വേണി പറഞ്ഞു

"എനിക്കറിയാം മോളേ... എനിക്കതിനല്ല വിഷമം... പഴയതെല്ലാം അവർക്കെങ്ങിനെ മറക്കാൻ സാധിക്കുന്നു... എനിക്കെന്തിനാശതന്നു... അവർക്കിതിന് താല്പര്യമില്ലെങ്ങിൽ അന്നേ അതു പറയാമായിരുന്നില്ലേ..... ഇനി എനിക്കൊരു ജീവിതമുണ്ടെങ്കിൽ അത് അവളൊന്നിച്ച് മാത്രമേയുണ്ടാകൂ" രുദ്രൻ പറയുന്നത് മനസ്സിലാവാതെ വേണി അവനെ നോക്കി "ഏട്ടൻ കുറേനേരമായല്ലോ.. അവളെ മാത്രമേ വിവാഹം കഴിക്കൂ എന്നു പറയുന്നു... ആരുടെ കാര്യമാണത്... ആരുമായിട്ടാണ് ചെറുപ്പത്തിൽ പറഞ്ഞുറപ്പിച്ചിരുന്നത്... " അവൾ ചോദിച്ചതുകേട്ട് രുദ്രനൊന്ന് പരുങ്ങി... "അവളോട് എങ്ങനെ അതുപറയും... മാളുട്ടിയാണെങ്കിൽ ഈ കാര്യമൊന്നും അറിഞ്ഞിട്ടുപോലുമുണ്ടാവില്ല... " അവൻ വേണിയെ നോക്കി... അവനെന്തു പറയാൻ ശ്രിച്ചപ്പോഴേക്കും അംബികയും പരമേശ്വരനും അവിടേക്ക് വന്നു.. അവർ അവന്റെയടുത്തിരുന്നു "മോനെ രുദ്രാ... അമ്മ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലാ... അമ്മയുടെ വിഷമം പറഞ്ഞതാണ്... അതിനു നീ പിണങ്ങി ഭക്ഷണം കഴിക്കാതെ പോരുകയാണോ വേണ്ടത്...

എന്റെ കുട്ടി അമ്മയോട് പിണങ്ങരുത്.... നിങ്ങളോടല്ലാതെ മറ്റാരോടാണ് ഞാനെന്റെ വിഷമങ്ങൾ പറയാ... അംബിക അവന്റെ കൈവെള്ളയിൽ തലോടിക്കാണ്ട് പറഞ്ഞു... "എനിക്കാരോടും പിണക്കമൊന്നുമില്ല... അതോർത്ത് ആരും വിഷമിക്കേണ്ട..." അവൻ നിലത്തേക്കു നോക്കിയാണ് പറഞ്ഞത് "പിന്നെ എന്തിനാണ് ന്റെ കുട്ടി ഭക്ഷണം കഴിക്കാതെ പോന്നത്... മോൻ വാ... അമ്മയെടുത്തുതരാം ഭക്ഷണം.. " "എനിക്കു വേണ്ടാ... അമ്മ കഴിച്ചു കിടന്നോളൂ... " "എന്നു പറഞ്ഞാൽ എങ്ങിനെയാണ്... ഭക്ഷണം വേണ്ടെങ്കിൽ കഴിക്കേണ്ടാ... ഒരു ഗ്ലാസ് പാലെങ്കിലും കുടിക്ക് നീ.. അല്ലെങ്കിൽ അമ്മക്കു സങ്കടമാകും" രുദ്രൻ അംബികയെ നോക്കി... പിന്നെ മെല്ലെ തലയാട്ടി അംബിക പെട്ടന്ന് താഴെ പോയി മോനേ... ആ പാവത്തിനെ സങ്കടപ്പെടുത്തല്ലേടാ... അതൊരു പാവമാണ്... വെറുമൊരു പൊട്ടിപ്പെണ്ണ്... ആരോട് എങ്ങനെയാണ് സംസാരിക്കേണ്ടതെന്ന് അവൾക്കറിയില്ല...അമ്മ പറഞ്ഞ കുട്ടി ആരാണെന്ന് മോനറിയേണ്ടേ... അത് കേട്ടതിനുശേഷം നിനക്കു സമ്മതമെങ്കിൽ മാത്രം സമ്മതിച്ചാൽ മതി..

ഞങ്ങളാരും നിന്നെ നിർബന്ധിക്കില്ല... നീ കരുതുന്നതുപോലെ മറ്റൊരു പെൺകുട്ടിയെ അല്ലാ അവൾ കണ്ടുവച്ചിരിക്കുന്നത്... നിന്റെ മനസ്സിൽ ചെറുപ്രായത്തിൽത്തന്നെ പതിഞ്ഞുപോയൊരു മുഖമുണ്ടല്ലോ... നീ ഇന്നും മനസ്സിൽ കൊണ്ടുനടക്കുവൾ അവളെത്തന്നെയാണ് ആ പാവം കണ്ടുവച്ചിരിക്കുന്നത്... രുദ്രൻ വിശ്വസിക്കാനാവാതെ അയാളെ നോക്കി... പരമേശ്വരൻ അതേയെന്നർത്ഥത്തിൽ തലയാട്ടി... രുദ്രന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു കുറേ നേരമായി നിങ്ങൾ ഏതോ ഒരുത്തിയുടെ കാര്യം പറയുന്നു... എന്റെ ക്ഷമ നശിച്ചിരിക്കുകയാണേ... മര്യാദക്ക് പറഞ്ഞോ അതാരാണെന്ന്... " വേണിയുടെ ചോദ്യംകേട്ട് പരമേശ്വരനും രുദ്രനും ചിരിച്ചു എടി മോളേ... അതാരാണെന്ന് നിനക്ക് ഇതുവരെ മനസ്സിലായില്ലേ... അത് വേറെയാരുമല്ല മോളേ... നിന്റെ കൂട്ടുകാരിതന്നെയാണ്... നമ്മുടെ മാളുട്ടി... " പരമേശ്വരൻ പറഞ്ഞു "ഈശ്വരാ തീർത്ഥയോ... എന്നിട്ടാണ് രണ്ടും കീരിയും പാമ്പുംപോലെ നടന്നിരുന്നത്" അതിന് ഈ കാര്യം അവൾക്കറിയില്ല എന്നാണ് തോന്നുന്നത്...

അവളോട് അന്നും ഇന്നും ഈ കാര്യം പറഞ്ഞിട്ടില്ല... ഇനി അവളുടെ മനസ്സുംകൂടി അറിയണം... എന്നിട്ടുവേണം അവളുടെ മുത്തശ്ശനുമായി സംസാരിക്കാൻ.. " "അതു ഞാൻ കണ്ടെത്തിത്തരാം.... പക്ഷേ എല്ലാം ശരിയായി ഏട്ടൻ ചിലവ് ചെയ്യേണ്ടിവരും.... അതിനു സമ്മതമുണ്ടോ... " "എന്തുവേണമെങ്കിലും ഇവൻ ചെയ്തുതരും.. ആദ്യം നീ അവളുടെ മനസ്സറിഞ്ഞു വാ.. " "ഓക്കേ... അപ്പോൾ നാളെ കാണാം... ഗുഡ് നൈറ്റ്.. " അതു പറഞ്ഞ് തിരിയുമ്പോഴാണ് അംബിക പാലുമായി വന്നത്... അവൻ പാല് വാങ്ങിച്ച് കുടിച്ചു... ഗ്ലാസ് അംബികയെ ഏൽപ്പിച്ചു.. അപ്പോൾ ഗുഡ് നൈറ്റ് അംബികാമ്മേ... ഗുഡ് നൈറ്റ് അച്ഛാ... അതു പറഞ്ഞവൻ പുതപ്പ് തലവഴി മൂടി കിടന്നു അംബിക അന്ധാളിപ്പോടെ പരമേശ്വരനെ നോക്കി... അയാൾ അവരെ നോക്കി ചിരിച്ചു... എല്ലാത്തിന്റേയും ഉത്തരം ആ ചിരിയിലുണ്ടായിരുന്നു... അത് മനസ്സിലായ അംബികയുടെ മുഖവും തെളിഞ്ഞു... അംബികയും പരമേശ്വരനും അവിടെനിന്നും താഴേക്ക് നടന്നു.. "അംബികേ.... ഞാൻ മനസ്സിലാക്കിയിടത്തോളം അവന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കുകയാണ് മാളുട്ടി..

എന്നാൽ അവനത് അവളോട് പറയാൻ മടിയാണ്.... നമ്മൾ ഇത് അവതരിപ്പിക്കുംമുമ്പ് അവനെകൊണ്ട് അവളോട് സംസാരിക്കാൻ പറയണം... ഇനി അവളുടെ മനസ്സിൽ മറ്റെന്തെങ്കിലുമുണ്ടോ എന്നറിയേണ്ടേ... " അവർ താഴേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു "അങ്ങനെയൊന്നുണ്ടെങ്കിൽ അത് വേണിക്ക് അറിയുമല്ലോ... അവൾ അതിനെപ്പറ്റിയെന്തെങ്കിലും പറഞ്ഞിരുന്നോ... " "ഇല്ലാ.. അവളൊന്നും പറഞ്ഞില്ല... ഇതു കേട്ടപ്പോൾ അവൾക്ക് സന്തോഷമാണ് കണ്ടത്.... ഏതായാലും രുദ്രനും മാളുട്ടിയും തമ്മിലൊന്ന് സംസാരിക്കട്ടെ... അതിനുമുമ്പ് വേണിയോട് ഈ കാര്യം അവളോട് പറയരുതെന്ന് പറഞ്ഞേക്കണം... " ▪️▪️▪️▪️▪️▪️▪️▪️▪️ ഈ സമയം തേവള്ളിയിൽ വിശാലുമായി സംസാരിക്കുകയായിരുന്നു സേതുമാധവൻ.. "അവസാനമായി ചോദിക്കുകയാണ് നിന്റെ തീരുമാനമെന്താണ്... " "ഞാൻ എന്റെ തീരുമാനം ഇന്നലെ എല്ലാവരോടും പറഞ്ഞതല്ലേ.. അതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല... " വിശാൽ തീർത്തുപറഞ്ഞു "അപ്പോൾ നീ എന്റെ വാക്കിന് വില കല്പിക്കുകയില്ല അല്ലേ...

ഇവിടെ എന്നെ ധിക്കരിച്ച് നിന്റെ മറ്റവളുമായി ജീവിക്കാമെന്ന് കരുതുന്നുണ്ടോ... ഈ സേതുമാധവൻ ജീവിച്ചിരിക്കുമ്പോൾ അതു നടക്കുമെന്ന് കരുതുന്നുണ്ടോ... " "എന്താ അച്ഛനെന്നെ ഭീഷണിപ്പെടുത്തുകയാണോ... അച്ഛനൊരു കാര്യം മനസ്സിലാക്കണം.. നിങ്ങൾക്ക് തട്ടിക്കളിക്കാൻ വേണ്ടിയുള്ളതല്ല എന്റെ ജീവിതം... ഞാൻ ആരെ വിവാഹം ചെയ്യണം ചെയ്യേണ്ട എന്ന് നിങ്ങൾ പറഞ്ഞു തരേണ്ട കാര്യമെനിക്കില്ല... " വിശാൽ കുറച്ച് ദേഷ്യത്തോടെ തന്നെ പറഞ്ഞു.... "ഓഹോ... അപ്പോഴിത് നിന്റെ ഉറച്ച തീരുമാനമാണല്ലേ... എന്നാൽ ഇതുംകൂടി നീ കേട്ടോ... ഇത് എന്റേയും ഹരിയുടേയും വീടാണ്... നിനക്കിവിടെ ഒരവകാശവും ഇല്ല... ഇപ്പോൾ ഈ നിമിഷം ഇവിടെനിന്നിറങ്ങണം... ഞങ്ങളെ ധിക്കരിക്കുന്നവർക്ക് ഇവിടെ സ്ഥാനമില്ല... അതങ്ങ് പള്ളിയിൽ ചെന്നു പറഞ്ഞാൽ മതി... ഇതെന്റെ മുത്തശ്ശൻ പണികഴിപ്പിച്ച വീടാണ്... നിങ്ങൾ ഈ വീട് കുറച്ച് മോടിപിടിപ്പിച്ചിട്ടുണ്ടാകും... എന്നാലിത് തറവാട്ടു സ്വത്താണ്... ഞാൻ നിങ്ങളുടെ മകനാണെന്ന് തെളിവുകളുമുണ്ട്... ആ എനിക്കും അവകാശപ്പെട്ടതാണ് ഈ വീട്....

എന്നെ ഇറക്കിവിടാൻ ചുണയുണ്ടെങ്കിൽ ഇറക്കിവിട്.. ബാക്കിവേണ്ടതെന്താണെന്നുവെച്ചാൽ ഞാനും ചെയ്യാം... " അതും പറഞ്ഞവൻ അവിടെനിന്നും പുറത്തേക്ക് നടന്നു... "നിൽക്കടാ അവിടെ... നീ ഒന്നിനായിട്ട് ഇറങ്ങിയതാണോ... എന്നാൽ നിനക്കു തെറ്റി... നീയെന്റെ മകനല്ലെന്ന് വരുത്തി തീർക്കാൻ എനിക്കധികം സമയമൊന്നും വേണ്ട.... നിന്നെ ആരുമറിയാതെ തീർത്താലും എന്നോടാരും ചോദിക്കില്ല... " സേതുമാധവൻ പറഞ്ഞതുകേട്ട് അവൻ നിന്നു... പിന്നെ തിരിഞ്ഞ് അയാളുടെ അടുത്തേക്ക് വന്നു... അറിയാം... അത് പുതിയ കാര്യമൊന്നുമല്ലല്ലോ... പണ്ട് നിങ്ങളെ ധിക്കരിച്ച് പോയ പെങ്ങളും അവരുടെ ഭർത്താവിനേയും ഇതുപോലെ തന്നെയല്ലേ തീർത്തത്.... " വിശാൽ പറഞ്ഞത് കേട്ട് സേതുമാധവൻ ഞെട്ടി... താൻ മാത്രമറിയുന്ന ഈ സത്യം ഇവനറിഞ്ഞിരിക്കുന്നു... "എന്താ... ഇതെല്ലാം ഞാനെങ്ങനെ അറിഞ്ഞെന്നാകും കരുതുന്നത്... നിങ്ങൾ പണ്ട് അവരെ കൊല്ലാൻ ഏൽപ്പിച്ച തമിഴൻ ശെൽവൻ എന്നോടെല്ലാം പറഞ്ഞു....

അയാളെക്കൊണ്ട് അവരെ കൊല്ലിച്ചതും അവസാനം നിങ്ങളയാളെ കൊല്ലാൻ മറ്റൊരാളെ ഏൽപ്പിച്ചതും അവിടെനിന്നും രക്ഷപ്പെട്ട കാര്യവുമെല്ലാം അയാൾ പറഞ്ഞു... ഇനി എനിക്കുനേരെ നിങ്ങൾ തിരിഞ്ഞാൽ ഈ സത്യം ചെറിയച്ചനുൾപ്പടെ എല്ലാരും അറിയും... എന്നെ കൊന്നാലും അവരത് അറിഞ്ഞിരിക്കും... വിശാൽ പുച്ഛത്തോടെ അയാളുടെ മുഖത്തേക്ക് നോക്കിയിട്ടവൻ തിരിഞ്ഞുനടന്നു... തലക്കടിയേറ്റതുപോലെ നിന്നുപോയി സേതുമാധവൻ... അയാൾ അവിടെയുണ്ടായിരുന്ന സോഫയിലിരുന്നു... കുറച്ചുനേരം അയാൾ അവിടെത്തന്നെയിരുന്നു... പിന്നെ എഴുന്നേറ്റ് ബാൽക്കണിയിലേക്ക് നടന്നു... അയാളുടെ മനസ്സിലപ്പോഴും വിശാൽ പറഞ്ഞ കാര്യങ്ങളായിരുന്നു... അപ്പോഴാണ് ഹരിഗോവിന്ദൻ അവിടേക്ക് വന്നത്... "എന്താണേട്ടാ ആലോചിക്കുനത്... അവനോട് സംസാരിച്ചില്ലേ..." "ഉം... സംസാരിച്ചു..." "എന്നിട്ടവൻ എന്തു പറഞ്ഞു... നമ്മുടെ വരുതിയിൽ വരുമോ അവൻ" "പ്രതീക്ഷ വേണ്ട... അവനിപ്പോഴും അതിൽത്തന്നെ ഉറച്ചിരുക്കുകയാണ്... ഇനിയെന്ത് പറഞ്ഞിട്ടും കാര്യമില്ല... "

"അപ്പോൾ നമ്മളിനി എന്തുചെയ്യും... എല്ലാം നമ്മുടെ കയ്യിൽനിന്ന് പോകുമോ... " "നോക്കാം... എന്തെങ്കിലും വഴി തെളിയാതിരിക്കില്ല.... പിന്നെ എനിക്കു നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട്..." സേതുമാധവൻ ഹരിഗോവിന്ദനോട് ചില കാര്യങ്ങൾ പറഞ്ഞു... എല്ലാം കേട്ടുകഴിഞ്ഞ ഹരിഗോവിന്ദനൊന്ന് ഞെട്ടി "അതുവേണോ ഏട്ടാ... " വേണം അവന്റെ ആഗ്രഹമല്ലേ... സമയമാകുമ്പോൾ നമുക്കത് നടത്താം... അടുത്ത ദിവസം രാവിലെ വിശാൽ പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ ഹരിഗോവിന്ദൻ അവനെ വിളിച്ചു.. "മോനെ അച്ചൂ... നീയെങ്ങോട്ടാണ് രാവിലെ തന്നെ പോകുന്നത്... എനിക്ക് നിന്നോട് പ്രധാനപ്പെട്ട ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്... " വിശാൽ ഹരിഗോവിന്ദനെ നോക്കി... "നീയങ്ങനെ അച്ഛനോട് കയർത്തു സംസാരിക്കരുതായിന്നു... നിനക്കറിയില്ലേ അച്ഛന്റെ സ്വഭാവം... എല്ലാകാര്യവും മയത്തിലൊന്ന് സംസാരിച്ച് നമുക്ക് ശെരിയാക്കിയെടുക്കാമായിരുന്നില്ലേ... ഇന്നലെ രാത്രി നീ പോയതിനുശേഷം അച്ഛനുമായി സംസാരിച്ചിരുന്നു.... അച്ഛന് ആ സ്വത്ത് കൈവിട്ടുപോകുന്നതിലുള്ള വിഷമമാണ്.... ഞങ്ങൾക്ക് നിന്നേക്കാളും വലുതല്ലല്ലോ സ്വത്ത്.... അത് ഈ രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ കൈക്കലാക്കാം... "

"എങ്ങനെ കൈക്കലാക്കാമെന്നാണ് പറയുന്നത്....അതവൾക്ക് അവകാശപ്പെട്ടതല്ലേ... അന്നേരമത് അവൾക്കുതന്നെ കൊടുക്കണം... " "നീയെന്താ എല്ലാത്തിനും എതിർത്ത് സംസാരിക്കുന്നത്... ഞാൻ പറയുന്നത് നീയൊന്ന് ശ്രദ്ധിച്ച് കേൾക്ക്... അതിനുശേഷം നിന്റെ അഭിപ്രായം പറയാം... " "അഭിപ്രായങ്ങൾ പലതും ഞാൻ കേൾക്കുന്നതല്ലേ... എന്നെ കരുവാക്കി മറ്റെന്തെങ്കിലും നിങ്ങൾ തീരുമാനിച്ചിട്ടുണ്ടാകും... " അതുകേട്ട് ഹരിഗോവിന്ദനൊന്ന് ചിരിച്ചു... "മോനെ അച്ചൂ... നീ ഇഷ്ടപ്പെടുന്ന പെൺകുട്ടിയുമായി നിന്റെ വിവാഹം നടത്തിത്തരാൻ ഞങ്ങൾക്ക് സമ്മതമാണ്... പക്ഷേ ആ സ്വത്ത് ഞങ്ങൾക്ക് നഷ്ടപ്പെടാതെ നോക്കേണ്ടത് നിന്റെ കടമയാണ്..." "എങ്ങനെ... " "ഞങ്ങൾ പുത്തൻപുരക്കൽ പോയി അവരോട് കാര്യങ്ങൾ സംസാരിച്ച് അവളെക്കൊണ്ടു ആ പ്രമാണം തിരുത്തി എഴുതിക്കാം.. നീയതിന് തടസം നിൽക്കരുത്...അവൾക്ക് വേണമെങ്കിൽ നമ്മുടെ പുഴക്കരയുടെ അടുത്തുള്ള സ്ഥലം അവളുടെ പേരിലെഴുതിക്കൊടുക്കാം.... തറവാട് നമ്മുടെ പേരിലായാൽ പിന്നെ നിങ്ങളുടെ വിവാഹം ഭംഗിയായി നടത്തുകയും ചെയ്യാമല്ലോ... " അത് കേട്ട് വിശാലൊന്ന് ചിരിച്ചു അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ...

ആർക്കും വേണ്ടാത്ത ആ ചതുപ്പ്നിലം അവൾക്ക് കൊടുത്ത് കോടികൾ വിലമതിക്കുന്ന തറവാടും അതു നിൽക്കുന്ന സ്ഥലവും ചുളിവിൽ കൈക്കലാക്കാം അല്ലേ.... എന്നിട്ട് എല്ലാം നേടിയാൽ ഇപ്പോൾ എനിക്കുതരുന്ന ഈ വാഗ്ദാനവും പിൻവലിക്കാമല്ലോ.... ആരുടെ തലയിലുദിച്ച കുരുട്ടുബുദ്ധിയാണിത്... അച്ഛന്റെയും അതോ ചെറിയച്ഛന്റേയോ... എന്നാൽ ആ വെള്ളാമങ്ങ് വാങ്ങിവച്ചേക്ക്... ഇനി എനിക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്... എനിക്ക് ജീവനുള്ളിടത്തോളം കാലം അത് നടക്കുമെന്ന് കരുതേണ്ടാ... വിശാൽ തന്റെ കാറെടുത്ത് അവിടെനിന്നും പോയി... എന്നാൽ ഇതെല്ലാം കേട്ട് വാതിൽക്കൽ സേതുമാധവൻ നിൽപ്പുണ്ടായിരുന്നു... അയാൾ ദേഷ്യത്തോടെ അകത്തേക്കു നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️ കോളേജിലേക്ക് പോകുന്നതിനായി പുറപ്പെടുകയായിരുന്നു... തീർത്ഥ... തന്റെ ഫോണടിക്കുന്ന ശബ്ദം കേട്ട് അവളതെടുത്തുനോക്കി... വീണയായിരുന്നത്.. "എന്താടീ രാവിലെത്തന്നെ.... " തീർത്ഥ ചോദിച്ചു "എടീ ഞാനിന്ന് കോളേജിലേക്കില്ല.. എന്താണെന്നറിയില്ല രാവിലെമുതൽ നല്ല തലവേദന... നീയിന്ന് രുദ്രേട്ടനൊപ്പം പോയാൽ മതി... ഏട്ടൻ ഇപ്പോൾ വരും... നീ റെഡിയായിരുന്നോ... " "അതൊന്നും വേണ്ട... ഞാൻ ബസ്സിൽ പൊയ്ക്കോളാം... "

എന്താ നിനക്ക് ഏട്ടന്റെ കൂടെ പോയാൽ... മര്യാദയ്ക്ക് ഞാൻ പറയുന്നത് കേൾക്ക്... വേണി... അത്... നിന്റെ ഏട്ടനത് ബുദ്ധിമുട്ടാകില്ലേ... ആ ബുദ്ധിമുട്ട് ഏട്ടനങ്ങ് സഹിച്ചതും...ഏട്ടനേതായാലും ആ വഴിക്കല്ലേ പോകുന്നത്... എന്നാൽപ്പിന്നെ നിനക്കതിൽ പോയാൽപ്പോരേ..." അവസാനം വേണിയുടെ നിർബന്ധത്തിനുമുന്നിൽ അവൾ സമ്മതിച്ചു... തീർത്ഥ റെഡിയായി തന്റെ റൂമിൽ നിന്നു. കുറച്ചു സമയം കഴിഞ്ഞ് രുദ്രൻ കാറെടുത്തുവരുന്നത് ജനലിൽക്കൂടി അവൾ കണ്ടു... തന്റെ ബാഗുമെടുത്ത് ഗെയ്റ്റിനടുത്തേക്ക് അവൾ നടന്നു... അപ്പോഴേക്കും രുദ്രനവിടെ എത്തിയിരുന്നു. തീർത്ഥ ബാക്ക്ഡോർ തുറന്ന് കാറിൽ കയറാൻതുടങ്ങിയപ്പോൾ അവൻ തടഞ്ഞു... "ഞാൻ നിന്റെ ഡ്രൈവറല്ല... വേണമെങ്കിൽ മുന്നിൽ കയറ്... " അവൾ അവനെയൊന്ന് നോക്കി... പിന്നെ ഡോർതുറന്ന് മുന്നിൽ കയറി... അതുകണ്ട് അവൻ ചിരിച്ചുകൊണ്ട് കാർ മുന്നോട്ടെടുത്തു എന്തിനാണ് ചിരിക്കുന്നത്.... നിങ്ങളെ പേടിച്ചിട്ടൊന്നുമല്ല ഞാൻ കയറിയത്... ഇനിയതിന്റെ പേരിൽ ഒരു സംസാരം വേണ്ടെന്ന് കരുതിയാണ്...

" അതിന് ഞാൻ പറഞ്ഞോ എന്നെ പേടിക്കണമെന്ന്... നിന്റെ മുഖഭാവങ്ങൾ കണ്ടു ചിരിച്ചു പോയതാണ്... ഇനി അതിന്റെ പേരിൽ ഒരു പിണങ്ങിപ്പോക്ക് വേണ്ട... അതുകേട്ട് അവൾക്ക് ചിരിവന്നു... "ഹാവു... ഈ മുഖത്ത് നിന്ന് ഒരു ചിരി വന്നത് എനിക്കു കാണാൻ പറ്റിയല്ലോ... ഭാഗ്യം... " രുദ്രൻ പറഞ്ഞത്കേട്ട് തീർത്ഥ അവനെയൊന്ന് നോക്കി "മാളുട്ടീ.... അങ്ങനെ വിളിക്കുന്നത് കൊണ്ട് നിനക്ക് പ്രശ്നമൊന്നുമില്ലല്ലോ... " രൂദ്രൻചോദിച്ചു... " എന്നാലതിന് മറുപടിയൊന്നും അവൾ പറഞ്ഞില്ല... "എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്... നിന്റെ മൂന്നു കൂട്ടുകാരികളും ഓരോരുത്തരെ ഇഷ്ടപ്പെടുന്നുണ്ട്... എന്നാൽ നീ മാത്രം അവരിൽനിന്ന് മാറി ഒറ്റത്തടിയായി നടക്കുന്നു... ഇനി ഞങ്ങളാരും അറിയാതെ വേറെയാരെങ്കിലും നിന്റെ മനസ്സിൽ കയറിക്കൂടിയിട്ടുണ്ടോ... ? " അവൻ പറഞ്ഞുനിർത്തിയതും അവളവനെ ദേഷ്യത്തോടെ നോക്കി... "പറയാൻ താൽപര്യമില്ലെങ്കിൽ വേണ്ട... ഞാൻ പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു... " അതുകേട്ട് അവളൊന്നു ചിരിച്ചു... പിന്നെ പതിയെ അവന്റെ മുഖത്തുനിന്ന് കണ്ണെടുത്ത് പുറത്തേക്ക് നോക്കി "ഉണ്ട്... എനിക്കൊരാളെ ഇഷ്ടമുണ്ട്........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story