സാഫല്യം: ഭാഗം 18

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അവൾ പരിഭ്രമിച്ചു നില്കുന്നത് കണ്ടപ്പോൾ അവന് ചിരി വന്നു പോയിരുന്നു... അവൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു ചുവന്ന നിറത്തിൽ ഉള്ള ബോക്സ് എടുത്ത് അവളുടെ കൈകളിലേക്ക് വെച്ചു. ശേഷം അത് തുറക്കാൻ അവളോട് ആവശ്യപ്പെട്ടു...... അവൾ അത് തുറന്നപ്പോൾ നേർത്ത ഒരു ചെയിനും അതിൻറെ തുമ്പിലായ യി ഒരു മിന്നും ആയിരുന്നു ഉണ്ടായിരുന്നത്..... " ശോഭന ചേച്ചി പറഞ്ഞതുപോലെ 2പവൻ ഒന്നും ഇല്ലാട്ടോ..... അത്രയൊന്നും വാങ്ങാൻ എൻറെ കയ്യിൽ കാശുമില്ല...... ഇതുതന്നെ പലിശയ്ക്ക് എടുത്തത് ആണ്.... എങ്കിലും ഒരു പവനോളം വരും.... ഒരുപവൻ തികച്ചൊന്നുമില്ല..... നമുക്ക് പതുക്കെ കൂട്ടാം..... അതും പറഞ്ഞ് അവൻ തന്നെ മാല അവളുടെ കഴുത്തിലേക്ക് കെട്ടി കൊടുത്തിരുന്നു....... പെട്ടെന്ന് ശക്തമായ ഒരു മിന്നൽ ശരീരത്തിലൂടെ കടന്നു പോകുന്നതായി അവൾക്ക് തോന്നിയിരുന്നു...... അവന്റെ കൈകൾ തന്റെ പുറം കഴുത്തിൽ ഉരസിയ നേരം അവൾ വിറച്ചു പോയി..... ആദ്യം ആയാണ് ഓർമ്മ വച്ചതിൽ പിന്നെ സ്വർണം അണിയുന്നത് പോലും.... അവൻ തന്നെ തൻറെ കഴുത്തിൽ അത് കെട്ടി തന്നപ്പോൾ അവൾക്ക് ഒരു വല്ലാത്ത അനുഭൂതി തോന്നിയിരുന്നു....... അവൻറെ ചുടുനിശ്വാസം തൻറെ ശരീരത്തിലേക്ക് അടിച്ച് സമയത്ത് അവനോട് എപ്പോഴോ തോന്നിയ കുഞ്ഞ് ഒരു ആരാധന പ്രണയത്തിന് വഴിമാറുന്നത് അവളറിഞ്ഞു...... അതോടൊപ്പം അതിൽ പ്രണയത്തിൻറെ നൂറ് പനിനീർ പുഷ്പങ്ങൾ വിടരുന്നതും.....

ഒരു നിമിഷം അവൻറെ കണ്ണിലേക്ക് തന്നെ അവൾ നോക്കി നിന്നു പോയിരുന്നു....... " ഇനി കഴുത്തിലൊരു മിന്നില്ല എന്നും പറഞ്ഞു ആരും ഒന്നും പറയണ്ട...... അവളിൽ നിന്നും അകന്നുമാറി അവൻ അത് പറഞ്ഞപ്പോൾ അവന്റെ കണ്ണുകളിൽ തന്നോട് ഉള്ള പ്രണയത്തിന്റെ ലാഞ്ചന എങ്കിലും ഉണ്ടോന്ന് തിരയുകയായിരുന്നു അവൾ ....... തന്റെ ഹൃദയത്തിലെ പ്രണയകാവടത്തിന്റെ ഒരു വാതിൽ ആയിരുന്നു അവൻ ഇപ്പോൾ തള്ളി തുറന്നത് എന്ന് അവൾ ഓർക്കുക ആയിരുന്നു..... ഇനി മായ്ക്കാനും മറക്കാനും കഴിയുന്ന ഒന്നല്ല അവൻ തനിക്ക്.... "ഇനി താൻ റെഡി ആയിക്കോ..... ഞാൻ ഒന്നു കുളിച്ചിട്ട് വരാം.... അത്രയും പറഞ്ഞ് മറുപടിക്ക് കാക്കാതെ അവൻ മുറിയിൽ നിന്നും ഇറങ്ങി പോയപ്പോഴും അവൻ പകർന്നു നൽകിയ ആദ്യ പ്രണയത്തിൻറെ അനുഭൂതി ആയിരുന്നു അവളിൽ..... ആ നിമിഷം ശരീരത്തിൽ ഉള്ളത് വെറുമൊരു ലോഹത്തകിട് അല്ല എന്ന് അവൾക്ക് അറിയാമായിരുന്നു....... തൻറെ ജീവനും ജീവിതവും അവകാശിയായി ഇനി അവൻ മാത്രേ ഉള്ളു എന്ന് അവൾക്ക് അവൻ നൽകുന്ന ഒരു ഉറപ്പായിരുന്നു...... ഹൃദയത്തിന്റെ മാറിൽ പ്രണയനൂലിഴകളാൽ ചാർത്തിയ പൊൻതാലി.....! ആളും ആരവങ്ങളും വിശ്വാസങ്ങളും ഒന്നുമില്ലാതെ തങ്ങളിൽ മാത്രം ഒതുങ്ങി നിന്ന ഒരു വിവാഹ ചടങ്ങ്....... പക്ഷേ തൻറെ മനസ്സിന്റെ മണ്ഡപത്തിൽ അവൻ തന്റെ പ്രിയപ്പെട്ടവനായി ആ നിമിഷം മാറുകയായിരുന്നു എന്ന് അവൾ അറിയുകയായിരുന്നു....... തൻറെ ജീവൻറെ പാതി, പ്രണയത്തിൻറെ ഉടയൊൻ തന്നെ...... തന്റെ ജീവിതം നിക്ഷിപ്തമായിരിക്കുന്നത് ഇനി അവനിൽ ആണ്..... ഇനി തന്റെ സന്തോഷം അവൻ ആണ് .....

ദേവിക എന്ന ജീവിതചക്രം ഇനി ചുറ്റുന്നത് റോയ് എന്ന സൂര്യനെ ആണ് എന്ന് അവൾ അറിയുകയായിരുന്നു..... ഉള്ളിൽ നാമ്പിടുന്ന പ്രണയം ഏറെ തീവ്രതയോടെ തന്നെ വളരട്ടെ എന്ന് അവൾ മനസ്സിൽ ആഗ്രഹിച്ചു പോവുകയായിരുന്നു....... ആദ്യമായാണ് ഒരു പുരുഷനോട് ആരാധനയും പ്രണയവുമൊക്കെ തോന്നുന്നത്....... ഈ വീട്ടിലേക്ക് കാലെടുത്തുവെച്ച നിമിഷം മുതൽ അവൻറെ ഓരോ പ്രവർത്തികളും തന്നിൽ ബഹുമാനം ഉളവാക്കുന്നത് ആയിരുന്നു..... പിന്നീട് ആരാധനയ്ക്ക് വഴിമാറുകയായിരുന്നു...... ഇപ്പോഴിതാ തൻറെ മനസ്സിൽ പ്രണയത്തിൻറെ സ്ഥാനവും അവൻ നേടിക്കഴിഞ്ഞു...... ഒട്ടൊരു കൗതുകത്തോടെ തന്നെ നിലക്കണ്ണാടി മുൻപിലേക്ക് നിന്ന് അവൻ ചാർത്തി തന്ന ചെയ്നിലേക്ക് നോക്കുമ്പോൾ ആ കുഞ്ഞു സന്തോഷത്തിന് വലിയ പ്രാധാന്യം ആണ് എന്ന് അവൾക്ക് തോന്നിയിരുന്നു..... തന്റെ മാറിൽ ചേർന്നു കിടക്കുന്ന ആ മിന്നിനു തൻറെ വേദനകളെ എല്ലാം ശമിപ്പിക്കുവാനുള്ള ശക്തിയുണ്ട് എന്ന് അവൾ മനസ്സിലാക്കുകയായിരുന്നു........ കണ്ണാടിയിൽ കൂടെ തൻറെ പ്രതിരൂപം താൻ പൂർണയായി എന്ന് അവളോട് പറയുന്നത് പോലെ അവൾക്ക് തോന്നി........ തനിക്ക് പോലും പരിചിതമല്ലാത്ത രീതിയിൽ ഗതി മാറി ഒഴുകി തൻറെ ജീവിത നദി എത്തിച്ചേർന്നിരിക്കുന്നത് റോയ് എന്ന സാഗരത്തിൽ ആണ് ഇനി ഒഴുക്കിനൊപ്പം നീന്തുകയാണ്...... ജീവിതം പെട്ടെന്നുതന്നെ ഒരു സുരക്ഷിത സ്ഥാനത് എത്തി എന്ന് അവൾക്ക് തോന്നി... കൂട്ടത്തിൽ ഏറ്റവും നല്ലത് എന്ന് തോന്നുന്ന ഒരു ചുരിദാർ എടുത്ത് അവളണിഞ്ഞു.....

അവൻ തൻറെ കഴുത്തിൽ ചാർത്തി തന്ന ആ മിന്നു മാല തനിക്ക് കൂടുതൽ സൗന്ദര്യം നൽകുന്നതായി അവൾക്ക് തോന്നിയിരുന്നു...... കുളി കഴിഞ്ഞു തലയിൽ കെട്ടിയ തോർത്തി മാറ്റി മുടി ഒന്ന് കുളി പിന്നിൽ ഇട്ടിരുന്നു....... ഒരു പൊട്ടു പോലും താൻ കൊണ്ടു വന്നിരുന്നില്ല....... അതുകൊണ്ട് തന്നെ വേറെ ചമയങ്ങൾ ഒന്നും മുഖത്തില്ല...... അല്പം പൗഡർ കൂടി ഇട്ട് കഴിഞ്ഞപ്പോഴേക്കും ഒരുക്കം ഏകദേശം പൂർത്തിയായിരുന്നു...... അവൾ റെഡിയായി കഴിഞ്ഞപ്പോഴേക്കും അകത്തേക്ക് കുളികഴിഞ്ഞ് റോയി വന്നിരുന്നു...... ഒരു നിമിഷം അവളെ കണ്ടു അവൻ കണ്ണെടുക്കാതെ നിന്ന് പോയിരുന്നു...... നിറം മങ്ങിയ പർപ്പിൾ നിറത്തിൽ ഉള്ള ചുരിദാറിൽ പോലും അവൾ അതിസുന്ദരിയായി അവന് തോന്നിയിരുന്നു...... ദീർഘകാലമായി ഉപയോഗിച്ചതാണ് ആ ചുരിദാർ എന്ന അതിൻറെ എഴുനെറ്റ് നിൽക്കുന്ന നൂലുകൾ സൂചിപ്പിച്ചിരുന്നു........ പക്ഷേ അവളുടെ സൗന്ദര്യം അതിൻറെ എല്ലാ പോരായ്മകളും മായ്ക്കാൻ കഴിവുള്ളത് ആയിരുന്നു...... നിമിഷങ്ങൾക്ക് മുൻപ് താൻ ചാർത്തിക്കൊടുത്ത മിന്ന് അവളുടെ മാറിൽ വിശ്രമം കൊള്ളുന്നു.... ആ നേരിയ സ്വർണ്ണ നൂലിലേക്കും അതിൻറെ തുമ്പിൽ ആയി തൻറെ അവകാശത്തിന്റെ പ്രതീകമെന്നോണം കിടക്കുന്ന മിന്നിലേക്കും അവൻറെ നോട്ടം ചെന്നിരുന്നു...... അവൾ തൻറെ മാത്രമാണെന്ന് അവകാശത്തിന് പ്രതീകമെന്നോണം കിടക്കുന്ന മിന്നിൽ തന്നെ അവൻറെ നോട്ടം ഉടക്കി നിന്നു...... കാതിലൊരു മൊട്ടു കമ്മല് അണിഞ്ഞിട്ടുണ്ട് അതും വെള്ളനിറത്തിലുള്ള മുത്ത് കമ്മൽ സ്വർണം എന്ന് പറയാൻ താൻ വാങ്ങികൊടുത്ത മാല അല്ലാതെ മറ്റൊന്നും ഇല്ല ശരീരത്തിൽ......

അവൾക്ക് അത്യാവശ്യം വേണ്ട സാധനങ്ങൾ എടുത്തു കൊണ്ടു വരാൻ പറഞ്ഞപ്പോൾ ചെറിയൊരു കവറിൽ വേണ്ട ഡ്രസ്സുകളും ആയി വരുന്നവളെ കണ്ടപ്പോൾ തന്നെ അവളുടെ ഇല്ലായ്മകളുടെ ആഴം തനിക്ക് മനസ്സിലായത് ആയിരുന്നു....... അവളുടെ ആ ചുരിദാറിൽ നിന്നും അത് ഒരിക്കൽ കൂടി അവന് മനസ്സിലാക്കുകയായിരുന്നു....... " ഞാനൊന്ന് അമ്മച്ചിയോട് പറഞ്ഞിട്ട് വരാം.....! അവൻറെ അനുവാദത്തിനായി അവൾ കാത്തു നിന്നു..... "ശരി പറഞ്ഞിട്ട് വാ..... അവൻ ചിരിയോടെ തന്നെ സമ്മതിച്ചിരുന്നു..... അവൾ മുറിവിട്ട് ഇറങ്ങിയപ്പോഴും അവളുടെ സുഗന്ധം മുറിയിൽതന്നെ തങ്ങി നിൽപ്പുണ്ട് എന്ന് അവനു തോന്നിയിരുന്നു..... വെളിച്ചെണ്ണയുടെയും ചന്ദ്രിക സോപ്പിന്റെയും ഒക്കെ ഇടകലർന്ന ഒരു ഗന്ധം...... ആ മുറിയിൽ വ്യാപിച്ചു നിന്നു..... അത് അവളുടെ ഗന്ധമാണെന്ന് അവനെ മനസ്സിലായിരുന്നു..... ഇന്നലെ അവളോടൊപ്പം കിടന്നു നിമിഷംമുതൽ അവളുടെ സാന്നിധ്യം അറിഞ്ഞ നിമിഷം മുതൽ ആകെ ആ ഗന്ധം ഈ മുറിയിൽ നിറയുന്നുണ്ട്..... ഒരു നിമിഷം മനസ്സിൽ അവൾ മാത്രമായി മാറിയിരുന്നു അവന്...... ഇത്തരമൊരു അനുഭവത്തിലൂടെ താൻ ആദ്യമായി കടന്നുപോവുകയാണ് എന്ന് റോയ്ക്ക് തോന്നിയിരുന്നു..... മനസ്സിൽ മറ്റാരും ഇല്ലാതെ ശൂന്യമായി ഒരുവളുടെ മുഖം മാത്രം...... ഇത്തരം ഒരു അനുഭൂതി ഇതിനുമുൻപ് ജീവിതത്തിൽ ഉണ്ടായിട്ടില്ല....... ഇതാണോ പ്രണയം എന്നു പോലും അവൻ ചിന്തിച്ചു തുടങ്ങിയിരുന്നു....... ഒരു ആളിലേക്ക് മാത്രം തന്റെ ലോകം ചുരുങ്ങിയ പോലെ.... നിമിഷങ്ങളിൽ ഓരോന്നും തെളിമായോടെ തെളിയുന്ന മുഖം ഒരുവളുടെ മാത്രം..... 💚💚💚💚💚💚💚💚💚💚💚💚💚💚

അവൾ നേരെ പോയത് സിസിലിയുടെ അരികിലേക്ക് ആയിരുന്നു...... അടുക്കളയിൽ ഇരുന്ന് എന്തോ കാര്യമായി ചെയ്യുകയായിരുന്നു സിസിലി..... അടുത്തേക്ക് ചെന്നപ്പോഴാണ് അവർ പച്ചരി വറക്കുകയായിരുന്നു എന്ന് അവൾ കണ്ടത്...... പെട്ടെന്ന് അവളെ ഒരുങ്ങിനിൽക്കുന്ന വേഷത്തിൽ കണ്ടപ്പോൾ അവരും ഒന്ന് സംശയിച്ചിരുന്നു..... പിന്നീട് അവൾ അവരുടെ അരികിലായി വന്നു കൊണ്ട് പറഞ്ഞു..... " അമ്മച്ചി ഞങ്ങൾ ഒന്ന് വീട്ടിലേക്ക് പോട്ടേ .... റോയ്ച്ചായൻ വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞു..... ഞങ്ങൾ ഒന്ന് പോയിട്ട് വരട്ടെ..... അവരുടെ അനുവാദത്തിന് എന്നത് പോലെ അവൾ കാത്തു നിന്നു.... " പോകാൻ വേണ്ടി നിങ്ങൾ തീരുമാനിച്ചു കഴിഞ്ഞതല്ലേ.... പിന്നീട് എന്തിനാണ് എന്നോട് ഒരു ചോദ്യം ഒക്കെ...... അവരുടെ വാക്കുകളിൽ നീരസം തെളിഞ്ഞു നിന്നിരുന്നു..... പെട്ടെന്നൊരു ദിവസം മകൻറെ എല്ലാകാര്യങ്ങളും തീരുമാനിക്കാൻ മറ്റൊരാൾ അവകാശിയായി വന്നതിന്റെ പരിഭവം ഏതൊരു അമ്മയെയും പോലെ അവർ തീർക്കുന്നതാണ് എന്ന് അവൾക്ക് അറിയാമായിരുന്നു...... അതുകൊണ്ടുതന്നെ അവൾ അത് വലിയ കാര്യമാക്കി എടുത്തിരുന്നില്ല....... കണ്ട നിമിഷം മുതൽ ഇന്ന് വരെ റോയിയുടെ സ്വഭാവത്തിൽ തനിക്ക് ഒന്നും മോശമായി തോന്നിയിട്ടില്ല..... അതിനു പിന്നിൽ മികച്ച ഒരു അമ്മയുടെ ഗുണദോഷങ്ങൾ ഉണ്ടാകും എന്നുള്ളത് ഉറപ്പാണ്...... അതിന് താൻ ഈ അമ്മയ്ക്കാണ് നന്ദി പറയേണ്ടത്....... ഇത്രയും മികച്ച ഒരു വ്യക്തിത്വമായി അയാളെ വളർത്തി എടുത്തിട്ടുണ്ടെങ്കിൽ അതിനുപിന്നിൽ ഒരമ്മയുടെ കരുതലും സ്നേഹവും ശിക്ഷണവും തന്നെയായിരിക്കും എന്ന് ഉറപ്പാണ്........ അതുകൊണ്ടുതന്നെ അവരുടെ ശാസനകൾ ഒന്നും അവൾക്ക് ഒരു വിഷയമായി തോന്നിയിട്ട് ഉണ്ടായിരുന്നില്ല...... " ഞാൻ കരുതി റോയിച്ചായൻ അമ്മച്ചിയോട് പറഞ്ഞിട്ടുണ്ടാകും എന്ന്..... കരയാൻ വെമ്പിനിൽക്കുന്നവളെ കണ്ടപ്പോൾ സിസിലിക്കും അല്പം സഹതാപം തോന്നിയിരുന്നു...... "

ഏതായാലും പോകാൻ വേണ്ടി ഇറങ്ങിയത് അല്ലേ..... പോയിട്ട് വാ..... അവളുടെ മുഖഭാവം കണ്ട് അവർ അങ്ങനെ പറഞ്ഞു...... തിരിഞ്ഞു നടക്കാൻ തുടങ്ങുന്ന അവളെ ഒരിക്കൽ കൂടി സിസിലി വിളിച്ചു..... അവൾ നിന്നതും അവർ അടുത്തേക്ക് വന്നു..... അവളുടെ കഴുത്തിലേക്ക് നോക്കി ഷോളിന്റെ ഉള്ളിൽ കിടക്കുന്ന മാല മുന്നിലേക്ക് വലിച്ചിട്ടു.... കുറച്ചു മുൻപ് അവളോട് തോന്നിയ സഹതാപം പെട്ടെന്ന് തന്നെ ദേഷ്യത്തിന് വഴിമാറുന്നത് അവർ അറിഞ്ഞിരുന്നു.... പെട്ടെന്ന് അവളുടെ മുഖത്തേക്ക് നോക്കി ഗൗരവമായിത്തന്നെ അവർ ചോദിച്ചു.... " രാവിലെ വരെ ഇങ്ങനെയൊരു സാധനം നിൻറെ കഴുത്തിൽ കിടപ്പിലായിരുന്നല്ലോ പിന്നെ ഇപ്പോൾ ഇത് എവിടുന്ന് പൊട്ടിമുളച്ചു....? " അത് റോയിച്ചായൻ..... വാക്കുകൾക്കായി അവൾ പരത്തുന്നത് കണ്ടപ്പോൾ തന്നെ കാര്യം അവർക്ക് മനസ്സിലായിരുന്നു...... " അപ്പോൾ പള്ളിയിൽ വെച്ച് ഒരു കെട്ട് കല്യാണത്തിനെ പറ്റി നിങ്ങൾ രണ്ടുപേരും ആലോചിക്കുന്നില്ല എന്ന് സാരം..... ഇനി നിങ്ങളുടെ ഒരു കാര്യങ്ങളും എന്നോട് പറയണ്ട...... അവരുടെ പ്രതിഷേധം അറിയിച്ച് അവർ അടുക്കളയിൽ നിന്നും പുറത്തേക്കു ഇറങ്ങിപ്പോയിരുന്നു...... ദേവികയ്ക്ക് വേദന തോന്നിയിരുന്നു..... അങ്ങോട്ട് പോയ സന്തോഷം ഇല്ലാതെ തിരികെ മുറിയിലേക്ക് കയറി വരുന്നവളെ എന്ത് എന്ന അർത്ഥത്തിൽ റോയി നോക്കിയിരുന്നു...... അവൻ കാര്യം ചോദിക്കാതെ തന്നെ അവളുടെ മുഖം കണ്ടപ്പോൾ അടുക്കളയിൽ എന്തോ മോശമായ സംഭവം നടന്നിട്ടുണ്ട് എന്ന് അവന് മനസ്സിലായി..... " അമ്മച്ചി എന്താ പറഞ്ഞത്..... അവളെ ശ്രദ്ധിക്കാതെ കണ്ണാടിയിൽ നോക്കുന്നതിനിടയിൽ അവൻ ചോദിച്ചു.... " അമ്മച്ചി എൻറെ മാല കണ്ടു....

പിന്നീട് പള്ളിയിൽ വച്ച് കല്യാണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞു.... ഇനി നമ്മുടെ കാര്യം ഒന്നും പറയണ്ടാന്നു പറഞ്ഞു... വിങ്ങലോടെ അവൾ പറഞ്ഞു.. "അത്രയേ ഉള്ളൂ.... അത് സാരമില്ല അവൻ നിസാരമായി പറഞ്ഞു... " എന്തിനാ ഇങ്ങനെ ഞാൻ കാരണം വഴക്കും വയ്യാവേലിയും ഒക്കെ. വീട്ടിൽ.... ഇങ്ങനെ വഴക്കുണ്ടാക്കുന്നത് കാണുന്നത് തന്നെ എനിക്ക് സങ്കടം ആണ്... ദേവിക പറഞ്ഞു.. " എന്ത് ചെയ്യാനാ.... ഇപ്പോ അമ്മച്ചി പറയുന്നതുപോലെ ചെയ്യാൻ പറ്റൂമൊ.... ഇനിയിപ്പോ മതംമാറി പള്ളിയിൽ വച്ച് കല്യാണം..... എന്തൊരു നാണക്കേടായിരിക്കും..... ഇതിപ്പോ ഞാൻ ഒരു പെണ്ണിനെ വിളിച്ചു കൊണ്ടുവന്നു അവൾ എൻറെ ഭാര്യയായി എൻറെ വീട്ടിൽ കഴിയുന്നു ഞാൻ പറഞ്ഞില്ലേ തൽക്കാലം തൻറെ മതംമാറാനോ പള്ളിയിൽ വച്ച് തന്നെ കല്യാണം കഴിച്ച് മര്യാദരാമൻ ആകാനും ഒന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല...... നമ്മൾ രണ്ടുപേരും ഒരു സാഹചര്യത്തിൽ വിവാഹം കഴിച്ചു.... പിന്നെ താലി കെട്ടിയത് വിവാഹം കഴിഞ്ഞ് ഏതൊരു പെൺകുട്ടിയുടെയും ആഗ്രഹമാണ് കഴുത്തിൽ ചേർന്ന് കിടക്കുന്ന ഒരു താലി..... അതുകൊണ്ട് മാത്രമാണ്..... എൻറെ വിശ്വാസത്തിലും നിന്നാണ് ഞാൻ മിന്ന് കെട്ടിയത്..... അത് പോലെ തനിക്കും തൻറെതായ വിശ്വാസങ്ങൾ ഉണ്ട്..... അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഇപ്പോൾ തൽക്കാലം അതിനെപ്പറ്റി ഒന്നും ആലോചിക്കുന്നില്ല എന്ന്.... കുറച്ചുദിവസം കൂടി ഇതിനെപ്പറ്റി സംസാരം കാണും.... പിന്നീട് അവരൊക്കെ അത് മറന്നോളും.... തനിത് വലിയ കാര്യമായിട്ട് ഒന്നും എടുക്കണ്ട.... ഇങ്ങനെ വഴക്ക് ഒക്കെ ഇവിടെ പതിവ് ആണ്... നമുക്ക് വേഗം ഇറങ്ങണം....

അത്രയും പറഞ്ഞ് അവൻ വണ്ടിയുടെ താക്കോലും എടുത്ത് പുറത്തേക്ക് പോയപ്പോൾ, അവളും അവനെ അനുഗമിച്ചിരുന്നു..... ഇരുവരും ഉമ്മറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു റാണിയെ കാണുന്നത്... " നിങ്ങൾ എവിടെ പോവാ... റാണി ചോദിച്ചു.... "എൻറെ വീട്ടിലേക്ക് പോവായിരുന്നു..... " ഇങ്ങനെയാണോ വീട്ടിലേക്ക് പോകുന്നത്....... നല്ലൊരു ചുരിദാർ ഇടണ്ടേ... കല്യാണം കഴിഞ്ഞ് ആദ്യമായിട്ട് വീട്ടിലേക്ക് പോകുന്നത് എങ്ങനെ ആണെന്ന് ഇതുവരെ ചേച്ചിക്ക് അറിയില്ലേ..... ഒരു പൊട്ടുപോലും തൊട്ടിട്ടില്ല..... ഞാൻ തരാം.... അവളെ ബലമായി പിടിച്ചു കൊണ്ടു പോകുന്ന റാണിയെ കണ്ടപ്പോൾ റോയിക്ക് സമാധാനം തോന്നിയിരുന്നു.... പെട്ടെന്ന് തന്നെ വാതിലിൽ പ്രത്യക്ഷപ്പെട്ട് സിസിലിയുടെ കൂർപ്പിച്ച് മുഖം കണ്ടപ്പോൾ റോയിക്ക് ചിരിയാണ് വന്നിരുന്നത്.... " നീ ഏതായാലും ഞങ്ങൾ ആരും അറിയാതെ അവളെ താലിയും കെട്ടിയല്ലോ...... ഇപ്പൊ പൂർണമായി..... എന്തൊക്കെ പറഞ്ഞാലും ഞാൻ നിൻറെ പെറ്റ തള്ള അല്ലേ.... നീ ഒരു പെങ്കൊച്ചിനെ കല്യാണം കഴിക്കുന്നത് കാണാനും വീട്ടിലേക്ക് വിളിച്ചു കയറ്റാനും ഒക്കെ എനിക്കും ആഗ്രഹമുണ്ട്.... അത് നീ മറക്കരുത്..... ഇന്നോ നാളെയോ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ അങ്ങ് പോകുമ്പോൾ നീ ഓർത്തു വിഷമിക്കും നോക്കിക്കോ..... അവരുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ വന്നിരുന്നു..... തോളിൽ കിടന്ന തോർത്തുകൊണ്ട് ആ കണ്ണുനീർ ഒപ്പി വിങ്ങിപൊട്ടി അവർ അടുക്കളയിലേക്ക് കയറി പോയപ്പോൾ ഒരു നിമിഷം റോയിക്കും വേദന തോന്നിയിരുന്നു......................................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story