സാഫല്യം: ഭാഗം 32

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അതുവരെ അറിയാത്ത ഒരു സുരക്ഷിതത്വം ആ നിമിഷം അവൾ അറിയുന്നുണ്ടായിരുന്നു.... തൻറെ ഉച്ചിയിൽ ഒരു ചൂടേറ്റപ്പോഴാണ് അവൻ ചുംബിച്ചത് ആണ് എന്ന് അവൾക്ക് മനസ്സിലായത് തന്നെ.... ഒരു നിമിഷം നാണവും മറ്റെന്തൊക്കെയോ വികാരങ്ങളും തന്നെ വലയം ചെയ്യുന്നത് ദേവിക അറിയുന്നുണ്ടായിരുന്നു..... സത്യമാണോ എന്ന് അറിയുന്നതിനു വേണ്ടി അവൾ അവൻറെ മുഖത്തേക്ക് തന്നെ ഒന്ന് നോക്കിയിരുന്നു...... ആ ഒരു പ്രവർത്തിയിൽ ഒരു സന്തോഷം ആ നിമിഷം അവളുടെ കണ്ണിലും കണ്ടിരുന്നു..... പക്ഷേ അവളുടെ കണ്ണുകൾ നിറഞ്ഞത് കണ്ടപ്പോൾ വീണ്ടും അവന് വേദനയാണ് തോന്നിയത്....... "എന്തേ.....! അവളുടെ മുഖത്തേക്ക് വിരലുകൾകൊണ്ട് തഴുകി കൊണ്ട് അവൻ ചോദിച്ചപ്പോൾ തനിക്ക് പരിചിതമല്ലാത്ത മറ്റൊരു റോയിയാണ് മുൻപിൽ ഇരിക്കുന്നത് എന്ന് വീണ്ടും അവൾക്ക് തോന്നി പോയിരുന്നു...... " സന്തോഷംകൊണ്ട്...... ഇടറിയ വാക്കുകളാൽ അവളത് പറയുമ്പോൾ അവൻ തന്നെ ഒന്ന് നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചിരുന്നു..... അവളുടെ ആഗ്രഹം അതാണ് എന്ന് അവനും തോന്നിയിരുന്നു.... ആ നിമിഷം തന്നെ അവളെ അവൻ ഒരു നിമിഷം അവന്റെ നെഞ്ചിലേക്ക് ഒരിക്കൽ കൂടി ചേർത്ത് പിടിച്ചു..... ആ ഹൃദയതാളം ഇത്ര മാത്രം അടുത്ത കേട്ടിരിക്കുമ്പോൾ ഇതൊക്കെ സ്വപ്നം ആണോ എന്ന് പോലും അവൾക്ക് സംശയം തോന്നിയിരുന്നു..... "ഇപ്പൊ എനിക്ക് തോന്നുന്നു ഇങ്ങനെ ഒരു ആക്സിഡൻറ് ഉണ്ടായത് നന്നായി എന്ന്....

അതുകൊണ്ടല്ലേ നമുക്ക് ഇത്രയൊക്കെ തുറന്ന് സംസാരിക്കാനും ഇത്രയും അടുത്തിരിക്കാനും സാധിച്ചത്.... ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ നമ്മുടെ മനസ്സുകൾ ഇങ്ങനെ അകന്നകന്ന് പോയേനെ....." അവളുടെ മുടിയിൽ തഴുകി അവൻ പറഞ്ഞു.... " അത് റോയ്ച്ചായന് വെറുതെ തോന്നുന്നതാ...... എൻറെ മനസ്സ് എന്നും റോയ്ച്ചായന് ഒപ്പം തന്നെയായിരുന്നു.....ഒട്ടും അകന്ന് പോയിട്ടില്ല....., അടുക്കാൻ ആയിരുന്നു ഞാൻ ശ്രമിച്ചത്..... റോയ്ച്ചായൻ ആയിരുന്നു എന്നും എന്നോട് അകലം ഇട്ടത്..... അകലം ഒരുപാട് ആയപ്പോൾ എനിക്കും തോന്നി ഒരുപക്ഷേ എൻറെ സ്നേഹം റോയ്ച്ചായന് ബുദ്ധിമുട്ട് ആണ് എന്ന്..... അല്ലെങ്കിൽ എന്നെ ഉൾക്കൊള്ളാൻ സാധിക്കില്ല എന്ന്...... അതുകൊണ്ട് പിന്നീട് ഞാൻ തുറന്നു സംസാരിക്കാൻ ഇരുന്നത്.......പലവെട്ടം ആഗ്രഹിച്ചു തുറന്നു സംസാരിക്കണമെന്ന്, പക്ഷേ ഒരിക്കൽപോലും റോയ്ച്ചായൻ അതിന് മുൻകൈ എടുത്തില്ല......" നിഷ്കളങ്കമായ രീതിയിൽ പറയുന്നവളെ കണ്ടപ്പോൾ റോയ്ക്ക് സങ്കടം തോന്നി.... " മുൻകൈയെടുക്കാഞ്ഞത് മനപ്പൂർവമാണ് ദേവി...... ഒരുപക്ഷേ നമ്മൾ സംസാരിക്കുമ്പോൾ തനിക്ക് എന്നോട് പറയാനുള്ളത് എനിക്ക് ഒരിക്കലും നിങ്ങളെ അങ്ങനെ കാണാൻ സാധിക്കില്ല എൻറെ മനസ്സിൽ ഇപ്പോഴും വൈശാഖ് സാറാണ് എന്നാണെങ്കിൽ അത് കേൾക്കാൻ പോലും എനിക്ക് ശക്തി ഉണ്ടായിരുന്നില്ല എന്നതാണ് സത്യം......, പിന്നെ മറ്റൊരു കാര്യം എനിക്ക് ഒരു ചമ്മൽ ഉണ്ടായിരുന്നു മറ്റൊന്നും കൊണ്ടല്ല.....

ഞാൻ ഒരിക്കൽ പോലും മറ്റൊരു കണ്ണോടെ ദേവിയെ കണ്ടിട്ടില്ല..... അങ്ങനെ ഉള്ള ഒരാൾ അപ്രതീക്ഷിതമായി എൻറെ ഭാര്യയായിട്ട് വരുമ്പോൾ ഞാൻ എങ്ങനെയാണ് സംസാരിച്ചു തുടങ്ങേണ്ടത്...... പലവട്ടം നമ്മൾ തമ്മിൽ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് ഒരിക്കൽ എങ്കിലും തന്നോട് പ്രണയം തോന്നിയിട്ടുണ്ട് ആയിരുന്നെങ്കിൽ എനിക്ക് ചിലപ്പോൾ ബുദ്ധിമുട്ട് ഉണ്ടാവില്ലായിരുന്നു......പക്ഷേ.....! തന്നോട് അവന് പ്രണയം തോന്നിയിട്ടില്ല എന്ന് പറഞ്ഞപ്പോൾ അവളിൽ ഒരു വേദന ഉടലെടുക്കുന്നത് അവൻ ശ്രദ്ധിച്ചിരുന്നു..... അതു മനസ്സിലാക്കിയിട്ട് എന്നതുപോലെ ഒരിക്കൽക്കൂടി തൻറെ കൈകളിൽ ചേർത്ത് തോളിൽ അമർത്തിക്കൊണ്ട് അവൻ പറഞ്ഞു.... " പ്രണയം വിവാഹത്തിനുമുൻപ് തോന്നിയിട്ടില്ല എന്നാണ് ഞാൻ പറഞ്ഞത് കേട്ടോ...... വിവാഹം കഴിഞ്ഞ് ഒറ്റ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ എൻറെ ചിന്തകളിലും സ്വപ്നങ്ങളിലും ഒക്കെ..... സ്റ്റാൻഡിൽ പോയാൽ പോലും എനിക്ക് പെട്ടെന്ന് ഇവിടേക്ക് വരാൻ തോന്നും..... കാണാൻ വരുമ്പോൾ ഒന്നും മിണ്ടാൻ പോലും ഉണ്ടാവില്ല..... എത്ര വട്ടം ഞാൻ പടിക്കൽ വരെ ഞാൻ വന്നിട്ട് തിരിച്ചു പോയി എന്നറിയൊ....? ചിലപ്പോഴൊക്കെ താൻ അടുക്കള മുറ്റത്ത് നിൽക്കുന്നതോ അല്ലെങ്കിൽ ഇവിടെ ചെടികളുടെ കൂട്ടത്തിൽ നിൽക്കുന്നത് ഒക്കെ കാണും..... അതു തന്നെ ഒരു ആശ്വാസമായിരുന്നു..... ഒന്ന് കണ്ടാൽ മതിയായിരുന്നു.... തന്നോടു സംസാരിക്കാൻ പലവട്ടവും ധൈര്യമുണ്ടായിരുന്നില്ല....,"

അവൻ അത് പറഞ്ഞപ്പോൾ തന്റെ നേരെ പ്രണയത്തോടെ തലയുയർത്തി മുഖത്തേക്ക് അവൾ നോക്കിയപ്പോൾ ഒരു നിമിഷം തനിക്ക് തന്നെ തന്നെ കൈവിട്ടു പോകുന്നത് പോലെ റോയ്ക്ക് തോന്നിയിരുന്നു......, രണ്ടുപേരുടെയും മനസ്സിൽ അടക്കിപ്പിടിച്ച് പ്രണയം പുറത്തേക്ക് വന്ന നിമിഷം കൊണ്ട് അവളുടെ കവിളിൽ മെല്ലെ തലോടി അവൻ..... അവന്റെ നിശ്വാസം തൻറെ മുഖത്തിന് നേരെ വരുന്നത് കണ്ടപ്പോൾ അവളുടെ കണ്ണുകൾ നാണത്താൽ കൂമ്പിയടഞ്ഞു പോയിരുന്നു..... അവളുടെ മുഖത്തിന് നേരെ അവൻ മുഖം അടുപ്പിച്ചു...... ആ നിമിഷം ഡോറിൽ ഒരു മുട്ട് കേട്ടിരുന്നു......പെട്ടെന്ന് രണ്ടുപേരും പിടഞ്ഞു മാറിയിരുന്നു..... ഒരു നിമിഷം അവനെ അഭിമുഖീകരിക്കാൻ അവൾക്കും അവളെ നോക്കുവാൻ അവനും ഒരു മടി തോന്നി...... രണ്ടുപേരും മറ്റെവിടെയോ ദൃഷ്ടി പതിപ്പിച്ചിരുന്നു..... അതിനുശേഷം ഗൗരവം തിരിച്ചുകൊണ്ടുവന്നു കൊണ്ടുതന്നെ റോയി അവളോട് പറഞ്ഞു..... "ചാച്ചൻ ആയിരിക്കും... ചെന്ന് കഥക് തുറക്ക്...." അവൾ പെട്ടെന്ന് തന്നെ അവൻറെ അരികിൽ നിന്നും നേരെ ഹോളിലേക്ക് ചെന്നിരുന്നു.... വാതിൽ തുറന്നപ്പോൾ പ്രതീക്ഷിച്ചത് പോലെ തന്നെ തങ്കച്ചൻ ആയിരുന്നു..... ഒരുപാട് മദ്യപിച്ചിട്ടില്ല എന്ന് അവൾക്ക് തോന്നിയിരുന്നു.... കുറച്ചുസമയം അയാൾ ഹാളിൽ ഇരുന്ന് ടിവി കണ്ടു ആ സമയമത്രയും അവൾ അടുക്കളയിൽ തന്നെ സമയം കഴിച്ചുകൂട്ടി.....

ഇതിനിടയിൽ വീട്ടിലേക്ക് വിളിക്കുന്നതിനും റോസി ചേച്ചിയെ വിളിച്ചു കുഴപ്പമൊന്നുമില്ലെന്ന് പറയാനുമൊക്കെ അവൾ മറന്നിരുന്നില്ല..... അച്ഛനും ഗോപികയും കൂടി നാളെ ഇവിടേക്ക് വരും എന്ന് പറഞ്ഞപ്പോൾ അവൾക്ക് ഒരു ചെറിയ ആശ്വാസം തോന്നിയിരുന്നു.....ഈ വിവരം അറിഞ്ഞപ്പോൾ മുതൽ അവരും വേദനയിൽ ആയിരുന്നു എന്ന് മനസ്സിലായിരുന്നു..... അച്ഛൻ ആശുപത്രി വരെ വന്നിരുന്നുവെന്ന് ആണ് ഗോപിക പറഞ്ഞത്...... അപ്പോഴേക്കും തങ്ങൾ ഡിസ്ചാർജ് ആയി പോവുകയും ചെയ്തിരുന്നു..... കുറച്ചു സമയം കഴിഞ്ഞപ്പോൾ റോസിയും വിളിച്ചിരുന്നു വിളിച്ചപ്പോൾ അമ്മച്ചിയോട് സംസാരിച്ച് അവിടുത്തെ വിശേഷങ്ങളും എല്ലാം അറിഞ്ഞതിനു ശേഷം ആയിരുന്നു വെച്ചിരുന്നത്..... എല്ലാം കഴിഞ്ഞപ്പോഴേക്കും സമയം ഏകദേശം ഒമ്പതരയോടെ അടുത്തിരുന്നു ഇതിനിടയിൽ റോയുടെ അടുത്തേക്ക് പോയിട്ടില്ല എന്ന് അവൾ ഓർത്തു..... അവനെ അഭിമുഖീകരിക്കുവാൻ തനിക്കൊരു മടിയുണ്ട് ഇപ്പോൾ..... പക്ഷേ ഓർക്കുമ്പോൾ സുഖമുള്ള ഓർമയായി മനസ്സിൽ നിൽക്കുന്നുണ്ട് അവന്റെ കരസ്പർശം...... പക്ഷേ അവൻ വരുമ്പോഴും ശരീരത്തിൽ ഒരു വിറയൽ ആണ്.... ആ ഹൃദയതാളത്തിന്റെ ശബ്ദം ഇപ്പോഴും തന്റെ കാതിൽ അലയടിക്കുന്നുണ്ട്... ആ കരസ്പർശനത്തിൽ ഇപ്പോഴും താൻ ലയിച്ചു നിൽക്കുകയാണ്.... താൻ ഇത്രമേൽ അവന്റെ കരലാളനം ആഗ്രഹിച്ചിരുന്നോ എന്ന് അവൾ സ്വന്തം മനസ്സിനോടു ചോദിച്ച് പോയിരുന്നു....

അവൻ ഒന്ന് തലോടിയപ്പോഴേക്കും തരളിതയായി പോയിരിക്കുന്നു..... അതെ അവനെക്കാൾ വലുതായി ഇപ്പോൾ ഈ ലോകത്തിൽ തനിക്ക് ഒന്നും ഇല്ല..... അവനോടുള്ള പ്രണയത്തേക്കാൾ പവിത്രമായി മറ്റൊന്നുംതന്നെ ഇപ്പോൾ ബാധിക്കുന്നുമില്ല...... അവനാണ് തന്റെ സർവ്വവും...... തൻറെ പ്രണയവും വിരഹവും എല്ലാം അവനിൽ മാത്രമാണ്...... അവൾ നേരെ തങ്കച്ചന്റെ അരികിൽ എത്തി ഭക്ഷണം എടുക്കട്ടെന്ന് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു വിളമ്പാൻ, അയാൾക്ക് ഭക്ഷണം വിളമ്പി വെച്ച് ഒരു പ്ലേറ്റ് ഭക്ഷണവുമായി അവൾ മുറിയിലേക്ക് ചെന്നിരുന്നു.... അവൻ അപ്പോഴും ഫോണിൽ വീഡിയോ കാണുകയായിരുന്നു..... സിനിമയിലെ ഹാസ്യ രംഗങ്ങൾ ആണ് എന്ന് അവൾക്ക് മനസ്സിലായിരുന്നു.....അവളെ കണ്ടപ്പോഴേക്കും അവൻ വീഡിയോ ഓഫ് ചെയ്ത് ടേബിളിലേക്ക് വെച്ച് ഒരു കുസൃതിച്ചിരിയോടെ അവളെ നോക്കിയിരുന്നു..... അവന് മുഖം കൊടുക്കാൻ എന്തുകൊണ്ടോ അവൾക്കും കഴിഞ്ഞിരുന്നില്ല.... " പിന്നെ ഇങ്ങോട്ട് കണ്ടില്ല...." വളരെ ആർദ്രമായ ശബ്ദത്തോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ ഒരു പുഞ്ചിരി അവളുടെ ചൊടിയിലും വിടർന്നിരുന്നു..... " ചാച്ചൻ വന്നു....., പിന്നെ ഞാൻ ഫോൺ വിളിക്കുവായിരുന്നു....

വീട്ടിലും അമ്മച്ചിയോടും, റാണിയെ വിളിച്ചിട്ട് കിട്ടിയില്ല.... അവൾ പറയുന്നതൊന്നും അവൻ കേട്ടില്ല എന്ന് തോന്നി അവളുടെ മിഴികളിൽ തന്നെയായിരുന്നു അവൻറെ കണ്ണുകൾ.... ആ നേത്രങ്ങൾ അവളുടെ മുഖത്ത് മുഴുവൻ പരതി നടക്കുകയായിരുന്നു..... " മരുന്ന് കഴിക്കാൻ ഉള്ളത് അല്ലേ...., എന്തെങ്കിലും ഭക്ഷണം കഴിക്കണ്ടേ....? അവൻറെ നോട്ടം ഇനിയും താങ്ങാൻ ആവില്ല എന്ന് തോന്നിയ നിമിഷം മൗനത്തിന്റെ മൂടുപടം മുറിച്ചുകൊണ്ട് അവൾ തന്നെ ചോദിച്ചു..... അവൻ മേലെ ചിരിയോടെ ഒരു താളത്തിൽ തലയാട്ടി...... ഭക്ഷണം വായിലേക്ക് നീട്ടി കൊടുത്തതിനുശേഷം അവളെ നോക്കി അവൻ പറഞ്ഞു.... " താൻ കഴിക്കുന്നില്ലേ....? " " ഞാൻ കുറച്ച് കഴിഞ്ഞ് കഴിച്ചോളാം...." " താൻ എന്തിനാടോ കുറച്ചുകഴിഞ്ഞ് കഴിക്കുന്നത്..... ഇപ്പോൾ നമുക്ക് രണ്ടു പേർക്കും കഴിക്കാനുള്ള ഭക്ഷണം ഉണ്ടല്ലോ.... ഇപ്പോൾ കഴിച്ചാൽ മതി..... താനും കഴിക്കടോ.... അതല്ലേ എനിക്ക് സന്തോഷം.... ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി അങ്ങനെ പറയുമ്പോൾ റോയിയുടെ മുഖത്ത് പുതിയ പല ഭാവങ്ങളും ഉണരുന്നത് ഒരു കൗതുകത്തോടെ കാണുകയായിരുന്നു ദേവിക.....അവൻ പറഞ്ഞത് തള്ളാൻ വയ്യാത്തതുകൊണ്ട് അവൾ കുറച്ച് ഭക്ഷണം വാരി കഴിക്കുമ്പോൾ ജീവിതത്തിൽ ഇതുവരെ കഴിച്ച ഭക്ഷണത്തിൽ രുചിയുള്ളത് ആയിരുന്നു അത്.... പ്രിയപ്പെട്ടവൻ അരികിലുള്ളതുകൊണ്ടായിരിക്കും..... എന്തിന് അവനോടൊപ്പമുള്ള നിമിഷങ്ങളിൽ പോലും താൻ അനുഭവിക്കുന്ന സന്തോഷവും സംരക്ഷണവും വലുതാണ്.....

ഒരു നിമിഷം പോലും അവൻ ഇല്ലാതെ പറ്റില്ല..... ഒരു പ്രേത്യക സമാധാനം ആണ് ആ സാന്നിധ്യം അരികിൽ ഉണ്ടാകുമ്പോൾ.... ഭക്ഷണം കഴിച്ചതിനു ശേഷം അവന് ആവശ്യമുള്ള മരുന്ന് നൽകിയാണ് ദേവിക അടുക്കളയിലേക്ക് പോയത്.... അപ്പോഴേക്കും തങ്കച്ചൻ ഭക്ഷണം കഴിച്ച പാത്രങ്ങളും മറ്റും കഴുകി കഴിഞ്ഞിരുന്നു...... അടുക്കളയിൽ ചെല്ലുമ്പോൾ അവൾക്ക് കഴുകാൻ പാത്രങ്ങൾ ഒന്നുമുണ്ടായിരുന്നില്ല..... അത്ഭുത പൂർവ്വം വീണ്ടും ടിവിയിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച അയാളുടെ അരികിലേക്ക് ചെന്നു കൊണ്ട് ചോദിച്ചു...... "അച്ഛൻ ആണോ പാത്രമൊക്കെ കഴുകിയത്.... " അതേ മോളെ.... മോൾ ഇന്ന് പകൽ മുഴുവൻ ഒരുപാട് ക്ഷീണിച്ചതല്ലേ.... പോയി കിടക്ക്.... ഒരു ദിവസം മോൾ കഴുകിയില്ല എന്നും പറഞ്ഞ് ഒന്നും സംഭവിക്കാൻ പോകുന്നില്ലല്ലോ..... അയാൾ അങ്ങനെ പറഞ്ഞപ്പോൾ കുറേ ദിവസങ്ങൾക്കു ശേഷം അയാൾ ഒരുപാട് മദ്യപിക്കാത്ത സന്തോഷം ആയിരുന്നു അവൾക്ക് മുന്നിട്ട് നിന്നിരുന്നത് .... റോയ്ക്ക് ഭക്ഷണം കൊടുത്ത പാത്രം കഴുകി വെച്ചതിനുശേഷം അവൾ നേരെ മുറിയിലേക്ക് ആയിരുന്നു പോയത്.....കുറച്ചു വെള്ളം കുടിക്കാൻ വെച്ചതിനു ശേഷം അവൾ കഥകടച്ചു അവനു അരികിലായി കിടക്കുമ്പോൾ അവൾക്ക് ഒരു വല്ലാത്ത സുരക്ഷിത അവസ്ഥ തോന്നിയിരുന്നു....

ഇത്രയും ദിവസം താൻ ഈ വീട്ടിൽ കിടന്നപ്പോൾ തനിക്ക് തോന്നാത്ത ഒരു സുരക്ഷിതത്വം ആ നിമിഷം അവൾക്ക് അനുഭവപ്പെട്ടിരുന്നു..... പ്രിയപ്പെട്ടവൻ തന്നെ മനസ്സിലാക്കിയതു കൊണ്ടായിരിക്കാം, അവൻറെ ചെറിയ സ്പർശം ഏറ്റത് കൊണ്ടായിരിക്കാം എന്ന് അവൾക്ക് തോന്നിയിരുന്നു...... ചിന്തകൾ മാറി മറിഞ്ഞു...... ആദ്യമായി അവനെ കണ്ട നിമിഷം മുതൽ ഉള്ള കാര്യങ്ങൾ ഓർമയിൽ നിന്ന് ഒപ്പിയെടുക്കാൻ പോയിരുന്നു അവൾ ..... "ഹലോ.... അവൻറെ വിളി കേട്ടാണ് അവൾ ചിന്തകളിൽനിന്നും ഉണർന്നത്.... " ഉറങ്ങിയോ....? " " ഇല്ല.....! "എങ്കിൽ ഇങ്ങോട്ട് ചേർന്ന് കിടക്ക്.... തന്റെ അരികിലേക്ക് അവളെ അവൻ ക്ഷണിച്ചപ്പോൾ അവളുടെ മനസ്സും അത് ആഗ്രഹിക്കുന്നുണ്ടായിരുന്നു...... അരികിലേക്ക് നീങ്ങി കിടന്ന പെണ്ണിനെ അല്പം ചരിച്ചു കിടത്തി അവളുടെ കയ്യെടുത്ത് തൻറെ വയറിനു മുകളിൽ വച്ച് ചെറുചിരിയോടെ ഒരു സായൂജ്യം പോലെ ആയിരുന്നു അവൻ കണ്ണുകൾ അടച്ചത്..... പിന്നീട് രണ്ടുപേർക്കും നിദ്ര എത്തുവാൻ ഒട്ടും സമയം എടുത്തിരുന്നില്ല...... പ്രിയപ്പെട്ട ആ ഒരാളുടെ സാന്നിധ്യത്തിൽ അവളും സുരക്ഷിതയായി ആ രാത്രിയിൽ നിദ്രയെ പൂകി..... പിറ്റേദിവസം രാവിലെ ഉണർന്നപ്പോഴും രണ്ടാളും ഒരേ കിടപ്പ് തന്നെയായിരുന്നു കിടന്നിരുന്നത്......

കാലു വയ്യാത്തതിനാൽ അവന് തിരിയുന്നതിനു ഒരുപാട് ബുദ്ധിമുട്ട് ഉണ്ട് എന്ന് അവൾക്ക് തോന്നിയിരുന്നു.....പെട്ടെന്ന് തന്നെ അവൾ അടുക്കളയിലേക്ക് ചെന്നു ഓരോ ജോലികളിലേക്ക് തിരിഞ്ഞിരുന്നു..... അതിനുശേഷം പൂറ്റിനുള്ള പൊടിയും നനച്ചു...... അപ്പോഴേക്കും സമയം ആറു മണിയോട് അടുത്തിരുന്നു...... റോയ് എഴുനേൽക്കുന്ന സമയമായി എന്ന് തോന്നിയതുകൊണ്ട് തങ്കച്ചൻ ഉള്ള ചായ ഒരു സ്റ്റീൽ ഗ്ലാസിൽ ഒഴിച്ച് വെച്ചതിനു ശേഷം നേരെ റോയുടെ മുറിയിലേക്ക് ചെന്നിരുന്നു...... പ്രതീക്ഷിച്ചത് പോലെ തന്നെ കാത്ത് ഇരിക്കുകയായിരുന്നു അവൻ..... തന്നെ കണ്ടപ്പോഴേക്കും ആ കണ്ണുകൾ വിടർന്നു.....കാപ്പി അവൻറെ കൈകളിലേക്ക് വച്ചതിനുശേഷം പോകാൻ തുടങ്ങിയ പെണ്ണിൻറെ കൈകളിൽ അവൻ പിടുത്തം ഇട്ടിരുന്നു... കുസൃതിയോടെ തന്നെ നോക്കുന്നവൻറെ മിഴികൾ കണ്ടപ്പോൾ എവിടെനിന്നൊക്കെയോ പരിഭ്രമം കയറുന്നത് അവൾ പറഞ്ഞിരുന്നു..... ഉള്ളിനുള്ളിൽ എവിടെയൊക്കെയോ അവനും പതറി പോകുന്നുണ്ട് എന്ന് അവൾ അറിയുന്നുണ്ടായിരുന്നു..... തന്നിൽ നാണം പൂക്കുന്നുണ്ട് എന്ന് അവൾക്കും മനസിലായി.... " താൻ ഇങ്ങനെ ഓടി പോയാലോ....? ഇവിടെ കുറച്ച് സമയം ഇരിക്കടോ....? " ഏറെ പ്രണയത്തോടെ തന്റെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ നിരസിക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല...... അവൻറെ അരികിലായി ഇരിക്കാൻ ഒരു നാണം അവൾക്ക് തോന്നിയിരുന്നു....

തന്നോടുള്ള പ്രണയം മാത്രം നിറച്ചു നിൽക്കുന്ന ആ പെണ്ണിൻറെ മുഖം കണ്ടപ്പോൾ പ്രണയത്തിന് അപ്പുറം മറ്റെന്തൊക്കെയോ വികാരങ്ങൾ തന്നിലെ പുരുഷനെ ഉണർത്തുന്നത് റോയിയും അറിയുന്നുണ്ടായിരുന്നു...... അരികിൽ ഇരിക്കുന്നവളുടെ കൈകൾ എടുത്ത് തന്റെ നെഞ്ചോടു ചേർത്തു പിടിച്ച് അവളെ തന്നെ നോക്കി ഇരിക്കുകയാണ് റോയ്..... അവൻറെ നോട്ടം അഭിമുഖീകരിക്കുവാൻ പാടുപെട്ട് വെറുതെ തറയിലേക്ക് ശ്രദ്ധ കൊടുത്ത് അവളും..... നെഞ്ചോട് ചേർത്ത് വെച്ച് ആ കൈകൾ വളരെ പെട്ടെന്ന് തന്നെ അവൻ ആഞ്ഞുവലിച്ചു..... ആ നിമിഷം തന്നെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..... പ്രതിരോധിക്കാൻ ഇഷ്ട്ടപെടാതെ അവൾ അവൻറെ നെഞ്ചിൽ സുരക്ഷിതമായി ഇരുന്നു.... അവളുടെ മുടിയിഴകളിൽ തലോടി കൊണ്ട് അവനും..... കുറച്ച് സമയം ആയി അവളുടെ സ്പർശനം അവനും വലിയ ആശ്വാസം നൽകിയിരുന്നു...... ഒരു പ്രാവിനെ പോലെ തന്റെ നെഞ്ചിൽ കുറുകി കിടക്കുന്ന പെണ്ണിൻറെ മുഖം അവൻ മെല്ലെ ഉയർത്തി നോക്കി..... തന്നോടുള്ള പ്രണയസാഗരം ആ മിഴികളിൽ അവൻ കണ്ടിരുന്നു.... വളരെ പെട്ടെന്ന് തന്നെ അവൻറെ അധരങ്ങൾ അവളുടെ കവിളിൽ അമർന്നിരുന്നു...... എന്താണ് സംഭവിച്ചത് എന്ന് ദേവികയ്ക്ക് മനസ്സിലാക്കാൻ കുറച്ചു സമയം എടുത്തു................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story