സാഫല്യം: ഭാഗം 8

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

"റോയ്.....! ഒന്നും മനസ്സിലാവാതെ രാഘവൻ അവൻറെ മുഖത്തേക്ക് നോക്കി വിളിച്ചിരുന്നു..... ഒരു നിമിഷം സ്തബ്ധയായി പോയിരുന്നു ദേവികയും..... എന്ത് പറയണം എന്ന് പോലും അവൾക്ക് അറിയുമായിരുന്നില്ല..... " നിറഞ്ഞ മനസ്സോടെ തന്നെ ചോദിക്കുകയാണ്..... നിങ്ങളുടെ അവസ്ഥ കണ്ടിട്ട് സഹതാപം തോന്നാതിരുന്നില്ല എന്ന് പറയുന്നില്ല..... എങ്കിലും രാഘവേട്ടന് നിസ്സഹായാവസ്ഥ എന്നെ വല്ലാതെ തളർത്തുന്നു..... ഒരിക്കൽ തന്നെ കൊണ്ട് ഒരു കാര്യവും ചെയ്യാൻ സാധിക്കാത്തത് കൊണ്ട് മക്കളുടെ ജീവിതം എങ്ങനെ ആകും എന്ന് ഭയന്ന് ആത്മഹത്യ ചെയ്യാൻ പോലും ചിന്തിച്ച ചാച്ചനെ കണ്ടിട്ടാണ് ഞാൻ ആദ്യമായി ജോലിക്ക് ഇറങ്ങുന്നത്..... അതുകൊണ്ട് രാഘവേട്ടന്റെ വേദന എനിക്ക് മനസ്സിലാകും...... വേദന തോന്നിയിട്ടുണ്ട് പക്ഷേ ഒരിക്കലും സഹതാപത്തോടെ അല്ല...... രാഘവേട്ടനു സമ്മതമാണെങ്കിൽ ദേവികയെ വിവാഹം കഴിക്കാൻ ഞാൻ ഒരുക്കമാണ്...... എന്തു മറുപടി പറയണമെന്നറിയാതെ രാഘവൻ ദേവികയുടെ മുഖത്തേക്ക് നോക്കി..... ഒരു മറുപടിയും പറയാനില്ലാതെ ശില പോലെ അവൾ നിന്നു......

ഒരു കണ്ണുനീർ കണമോ തേങ്ങലിന്റെ അലയോലിയോ പോലും അവളിൽ നിന്ന് ഉണ്ടായിരുന്നില്ല..... താൻ പോലും അറിയാത്ത രീതിയിൽ തന്റെ ജീവിതം ഒഴുകുന്നത് കണ്ടു നിൽക്കുകയായിരുന്നു ദേവിക...... തൻറെ ജീവിതം ഏത് വഴിയിൽ കൂടിയാണ് പോകുന്നത് എന്ന് അവൾ ചിന്തിക്കുകയായിരുന്നു..... കുറച്ച് നിമിഷം മുൻപ് വരെ സന്തോഷം കൊണ്ടാടിയിരുന്ന അച്ഛൻറെ മനസ്സിപ്പോൾ ശൂന്യമാണ്...... മറ്റാരൊക്കെയോ ചേർന്ന് തന്റെ വിധിയെഴുതുന്നത് പോലെ അവൾക്ക് തോന്നിയിരുന്നു....... മറുപടി പറയാൻ പോലും നാവുകൾ ചലിക്കുന്നില്ല...... ഒറ്റദിവസംകൊണ്ട് തൻറെ ജീവിതം മാറിമറിഞ്ഞു എവിടേക്കാണ് പോകുന്നത് എന്ന് ദേവിക അറിയാതെ ചിന്തിച്ചു പോയിരുന്നു........ തൻറെ നേർക്ക് നീണ്ടു വരുന്ന റോയിയുടെ മുഖത്തേക്ക് നോക്കാൻ പോലും അവർക്ക് കഴിഞ്ഞിരുന്നില്ല........ " തൻറെ വൈശാഖൻ സാറിൻറെ അത്രയും വിദ്യാഭ്യാസമോ പണമോ യോഗ്യതയോ ഒന്നും എനിക്കില്ല..... സ്വന്തം വീട് പുലർത്താൻ വേണ്ടി അന്നന്നത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ........

പക്ഷേ ഇടയ്ക്ക് വെച്ച് ഇട്ടിട്ടു പോകില്ല എന്ന് ഉള്ള ഒരു ഉറപ്പ് മാത്രമേ എനിക്ക് തരാൻ ഉള്ളൂ........ തനിക്ക് സമ്മതമാണെങ്കിൽ ഇപ്പോൾ തന്നെ വിവാഹം രജിസ്റ്റർ ചെയ്യാൻ ഞാൻ തയ്യാറാണ്...... സമ്മതം അല്ലെങ്കിൽ ഇപ്പോൾ തന്നെ നമുക്ക് തിരികെ പോകാം....... അവളുടെ മറുപടിക്കായി അവൻ കാത്തു നിന്നു...... ഒന്നും പ്രതീക്ഷിക്കാതെ തനിക്ക് മുൻപിൽ ഒരു ജീവിതം വച്ച് നീട്ടി നിൽക്കുകയാണ് ഒരുവൻ...... എന്താണ് താൻ അവനോട് മറുപടി പറയുന്നത്....... അതും തൻറെ മേന്മ കണ്ടിട്ടല്ല തൻറെ അച്ഛൻറെ കണ്ണുനീർ കണ്ടിട്ട്..... സഹതാപത്തോടെ അല്ല എന്ന് അയാൾ പറഞ്ഞാലും ഒരുവിധം സഹതാപത്തോടെ തന്നെയാണ് ഇപ്പോൾ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്...... എന്താണ് താൻ ചെയ്യേണ്ടത്.....? ഈ ക്ഷണം നിരസിക്കണോ...? അതോ സ്വീകരിക്കണോ എന്ന് അവൾക്ക് അറിയാമായിരുന്നില്ല..... " മോളേ...... ഹൃദയം തകർന്ന് ഉള്ള രാഘവൻ വിളിയാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്...... "റോയ് നല്ല പയ്യനാണ്..... നിനക്ക് താൽപര്യം ആണെങ്കിൽ നിനക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ബന്ധം ആണിത്.....

നിനക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യമായിരിക്കും അവൻ..... ആ കാര്യത്തിൽ അച്ഛന് ഉറപ്പാണ്...... വൈശാഖ് സാറിനെകാൾ നല്ല ആളാണ് റോയ്.... അച്ഛൻ അടുത്തു കണ്ടിട്ടുണ്ട് അവന്റെ നന്മ.... അവളെ മാറ്റി നിർത്തി അയാൾ പറഞ്ഞു.... മകളുടെ ജീവിതം എങ്ങനെയെങ്കിലും ഒന്ന് സുരക്ഷിതം ആകണം എന്ന് മാത്രമേ ആ പിതാവ് ഉള്ളൂ എന്ന് പോലും അവൾക്ക് ഒരു നിമിഷം തോന്നിയിരുന്നു..... അച്ഛനെത്ര സ്വാർത്ഥനാണ് എന്നാണ് ആ നിമിഷം അവൾ ചിന്തിച്ചത്..... എങ്ങനെയും മകളുടെ ജീവിതം സുരക്ഷിതം ആക്കിയാൽ മതി...... അച്ഛൻറെ കടമ തീരും..... പക്ഷേ ഒരിക്കൽ പോലും താൻ മനസ്സുകൊണ്ട് പോലും ഒന്ന് ആഗ്രഹിച്ചിട്ട് പോലും ഇല്ലാത്ത ഒരാൾ ആണ് ഇപ്പോൾ ജീവിതം വച്ച് നീട്ടുന്നത്...... കണ്ടു പരിചയം അല്ല ശരിക്ക് മിണ്ടിയിട്ട് പോലുമില്ല...... അയാളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും പോലും തനിക്ക് അറിയില്ല...... വൈശാഖിന്റെ കാര്യത്തിൽ താൻ എതിർത്തപ്പോഴും അച്ഛൻ ഇതേ വാക്കുകളാണ് പറഞ്ഞത്....... ഇപ്പോൾ വീണ്ടും അച്ഛൻ ആ വാക്കുകൾ കൊണ്ട് പിന്നെയും തന്നെ കീഴടക്കാൻ ശ്രമിക്കുകയാണ്.......

എന്ത് മറുപടി പറയണമെന്ന് അവൾക്ക് അറിയുമായിരുന്നില്ല....... അവസാനത്തെ വിശ്വനാഥന്റെ ഫോൺ കോൾ മാത്രം അവളുടെ മനസ്സിൽ മായാതെ കിടന്നിരുന്നു....... അയാൾ പറഞ്ഞത് പോലെ താൻ ഒരു വിവാഹം കഴിക്കാതെ നിൽക്കുകയാണെങ്കിൽ അയാള് തൻറെ കുടുംബത്തെ ദ്രോഹിക്കാൻ ഉള്ള കാരണമായി തന്നെ കരുതും...... പക്ഷെ വൈശാഖൻ...... വൈശാഖന്റെ അറിവോടെയല്ല ഇത് നടന്നത് എങ്കിൽ തീർച്ചയായും അയാൾ തന്നെ തേടി വരും........ അങ്ങനെയാണെങ്കിൽ അത് തന്റെ കുടുംബത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നമായി മാറും...... അതിലും നല്ലത് വിവാഹത്തിനു സമ്മതിക്കുന്നതാണ് എന്ന് ദേവികയ്ക്ക് തോന്നിയിരുന്നു..... അല്ലെങ്കിൽ തന്നെ തൻറെ ജീവിതത്തിലെ സ്വപ്നങ്ങളും സൗന്ദര്യങ്ങളും ഒക്കെ എന്നോ മാഞ്ഞു പോയിരുന്നു....... മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്ക് മുൻപിൽ ചലിക്കുന്ന ഒരു പാവയായി താൻ മാറിയിട്ട് എത്രയോ കാലങ്ങളായി....... തൻറെ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനവും അങ്ങനെ തന്നെ ആകട്ടെ എന്ന് അവൾ ചിന്തിച്ചു പോയിരുന്നു.........

"അച്ഛൻറെ ഇഷ്ടംപോലെ എന്താണെന്ന് വെച്ചാൽ തീരുമാനിച്ചോളൂ......! അച്ഛൻ എന്ത് പറഞ്ഞാലും എനിക്ക് സമ്മതം.....! അങ്ങനെ മാത്രമേ ആ നിമിഷം അവൾക്ക് പറയാൻ കഴിഞ്ഞിരുന്നുള്ളൂ..... അവളുടെ തീരുമാനം രാഘവൻ റോയ് അറിയിച്ചപ്പോൾ റോയ് അവളുടെ അരികിലേക്ക് വന്നു.... "അച്ഛന്റെ ഇഷ്ടമല്ല...... തൻറെ ജീവിതമാണ്...... താൻ പറയണം....... താൻ പറഞ്ഞാൽ എനിക്ക് ഒരു സമാധാനമുണ്ടാകും..... അവന്റെ വാക്കുകൾ അവളുടെ കാതിൽ മറ്റൊലി തീർത്തിരുന്നു...... അവൻ പറയുന്നത് ന്യായമാണ്...... അച്ഛൻറെ താല്പര്യം അല്ല അവന് അറിയേണ്ടത്...... തൻറെ തീരുമാനമാണ്...... തന്റെ ഇഷ്ടം അറിഞ്ഞ് തന്നെ ജീവിതത്തിലേക്ക് ചേർക്കാനാണ് അവൻ നിൽക്കുന്നത്....... അതുകൊണ്ടുതന്നെ ഈ അവസരത്തിൽ മറുപടി പറയുക എന്നുള്ളത് തൻറെ കടമയാണ്..... " എനിക്ക് എതിർപ്പൊന്നുമില്ല......! ചിലമ്പിച്ച ശബ്ദത്തിൽ അതിൽ കൂടുതൽ ഒന്നും അവൾക്ക് പറയാൻ കഴിയില്ലെന്ന് അവനും അറിയാമായിരുന്നു...... ആകെ തകർന്ന് നിൽക്കുകയാണ് അവൾ....... ഒരു വിവാഹ സ്വപ്നവുമായി വന്ന പെൺകുട്ടിയാണ്.......

അതുകൊണ്ടുതന്നെയാണ് തൻറെ തീരുമാനം ഇങ്ങനെ ആയതും...... പ്രായം തികഞ്ഞ ഒരു പെങ്ങൾ ഉള്ളതാണ്...... വിവാഹ സ്വപ്നങ്ങളുമായി വരുന്ന ഒരു പെണ്ണിൻറെ മനസ്സിൽ നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളും പുതിയ ജീവിതത്തെക്കുറിച്ചുള്ള മോഹങ്ങളും ആയിരിക്കുമെന്ന് അവനറിയാമായിരുന്നു....... ആ പ്രതീക്ഷകൾ ഒക്കെ പാതിവഴിയിൽ ഉപേക്ഷിച്ച് അവൾ തിരികെ വീട്ടിലേക്ക് പോയാൽ ഒരു പക്ഷെ എന്തെങ്കിലും കടുംകൈ തന്നെ കാണിക്കാനും മടിക്കില്ല.... ആ ഭയം കൊണ്ട് കൂടിയാണ് താൻ ഇങ്ങനെയൊരു തീരുമാനമെടുത്തത്....... "റോയ് ടെ വീട്ടിൽ സംസാരിക്കണ്ടേ..... രാഘവൻ ചോദിച്ചു.... "ഞാൻ പറഞ്ഞോളാം രഘവേട്ട.... പെട്ടെന്നുതന്നെ റോയി ഫോണെടുത്ത് ആരെയോ വിളിച്ചു..... അതിനുശേഷം രാഘവന്റെ അരികിലായി വന്നു പറഞ്ഞു..... " എൻറെ ഒരു കൂട്ടുകാരനെ വിളിച്ചതാണ്...... ആരെങ്കിലും ഒരാൾ കൂടി സാക്ഷി ഒപ്പിടാൻ വേണ്ടേ......! അത് പറഞ്ഞപ്പോഴേക്കും ദേവിക നെഞ്ചു പിളരുന്നത് പോലെ തോന്നിയിരുന്നു....... തന്റെ വിധി ആരൊക്കെയോ ചേർന്ന് മാറ്റിയെഴുതാൻ തുടങ്ങുന്നു....

തന്റെ ജാതകം എന്താണെന്ന് തനിക്കുതന്നെ മനസ്സിലാവാത്ത അവസ്ഥ........ സ്വന്തം കാര്യത്തിൽ ഒന്നും തീരുമാനിക്കാൻ കഴിയാതെ നിൽക്കുക....... ഒരു ദിവസംകൊണ്ട് ജീവിതം മാറി മാറിയുക..... എന്തൊരു അവിശ്വസനീയമായ കാര്യങ്ങൾ ആണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി തന്റെ ജീവിതത്തിൽ സംഭവിക്കുന്നത് എന്ന് അവൾ ഓർക്കുകയായിരുന്നു........ പെട്ടെന്ന് തന്നെ മറ്റൊരു ഓട്ടോറിക്ഷ കൊണ്ടുവന്ന് രജിസ്ട്രാർ ഓഫീസിനു മുൻപിൽ നിന്നു..... അതിൽ നിന്നും രണ്ടു പേർ ഇറങ്ങി........ രണ്ടുപേരും ഓട്ടോ ഡ്രൈവേഴ്സ് ആണ് എന്ന് ഇട്ടിരിക്കുന്ന കാക്കിവേഷം പറഞ്ഞു.... അവർ റോയിയുടെ കൂട്ടുകാരാണ് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കിയിരുന്നു....... രണ്ടുപേരും റോയിയുടെ എന്തോ സംസാരിച്ചു...... അതിനുശേഷം റോയ് നേരെ ഓഫീസിലേക്ക് കയറി...... പിന്നീട് വിളിച്ചു..... ഒപ്പിടാനുള്ള ഭാഗത്തേക്ക് രജിസ്ട്രാർ ചൂണ്ടിക്കാണിച്ച് പേന നൽകുമ്പോൾ ദേവികയുടെ കൈ ഒരല്പം വിറച്ചിരുന്നു...... എങ്കിലും അത് മാറാതെ അവൾ വാങ്ങി...... റോയിയും ഒപ്പു ചാർത്തി....... നിയമപരമായി താനിപ്പോൾ അവൻറെ ഭാര്യ ആണ് എന്ന് അവൾ ഓർത്തു...... ഒരു നിമിഷം അവന്റെ മുഖത്തേക്ക് അവൾ നോക്കിയിരുന്നു......

ആ നിമിഷമാണ് അവനെ ശരിക്ക് അവളൊന്നു നോക്കുന്നത് എന്ന് പോലും അവർ ചിന്തിക്കുകയായിരുന്നു........ ഗൗരവം ഒട്ടും വിട്ടുമാറാത്ത മുഖമാണ്...... നല്ല വെളുത്ത വട്ടമുഖം..... അതിന് മനോഹാരിത പകരാൻ കറുപ്പും ചെമ്പൻ നിറവും ചേർന്ന മീശ..... അവിടെ ഇവിടെ ആയി ഉയർന്നു നിൽക്കുന്ന കുറ്റി രോമങ്ങൾ..... ഒരു ലൈറ്റ് റോസ് നിറത്തിലുള്ള ഷർട്ടിൽ വെള്ളവരകൾ ഉള്ള ഷർട്ട് ആണ് ധരിച്ചിരിക്കുന്നത്........ അതിനു ചേർന്ന ലൈറ്റ് റോസ് കരയുള്ള മുണ്ട്....... ചെറിയ താടിയും മീശയും ചേർന്ന് മുഖമാണ്....... കഴുത്തിൽ കറുത്ത ചരടിൽ തീർത്ത ഒരു കൊന്ത മാല...... രോമാവൃതമായ കൈകളെ മൂടി കൊണ്ട് വെള്ള നിറത്തിലുള്ള ഒരു നൂൽ കെട്ടിയിട്ടുണ്ട്....... ഇടം കയ്യിൽ സാധാരണ സിൽവർ നിറത്തിൽ ഒരു വാച്ച്....... തൻറെ "ഭർത്താവ് ".....! ഒരു നിമിഷം അവൾ ഓർത്തുപോയി ഒരിക്കൽ പോലും താൻ ചിന്തിച്ചിട്ടില്ലാത്ത ഒരു പുരുഷൻ....... തൻറെ വിദൂര സ്വപ്നങ്ങളിൽ പോലുമില്ലാത്ത ഒരു മനുഷ്യൻ....... ഇയാൾ തന്റെ ജീവിതത്തിൽ വർണ്ണങ്ങൾ കൊണ്ടു വരുമോ...? അതോ മറ്റൊരു വിഷാദത്തിന്റെ കുരിരുട്ടിൽ തള്ളി ഇടുമോ....? ഉത്തരം ഇല്ലാത്ത സമസ്യ ആയി ആ ചോദ്യം നിന്നു...... 💚💚💚💚💚💚💚💚💚💚💚💚💚💚💚

ഷോപ്പിൽ ഇരിക്കുമ്പോഴാണ് ഗൗതമിന്റെ ഫോൺകോൾ കാൾ വിശ്വനാഥനു വന്നത്..... " അങ്കിളേ ഒരു ഹാപ്പി ന്യൂസ് പറയാൻ വേണ്ടി വിളിച്ചതാ.... "എന്താ മോനേ... " അവളുടെ കല്യാണം കഴിഞ്ഞു..... ഇപ്പോൾ രജിസ്റ്റർ ഓഫീസിൽ നിന്ന് കിട്ടിയ വിവരം ആണ്.... "കല്യാണം കഴിഞ്ഞുന്നോ....? അയാൾ ഞെട്ടി.... " കല്യാണം കഴിഞ്ഞെന്ന് തന്നെ..... അവരുടെ കൂട്ടത്തിൽ സാക്ഷി ഒപ്പിടാൻ വന്ന ഒരുത്തൻ ഉണ്ടായിരുന്നു..... അവൻ അവളെ അങ്ങ് കെട്ടിയെന്ന്..... " അവളാള് കൊള്ളാമല്ലോ...... ഒരുത്തനെ കിട്ടിയില്ലെങ്കിൽ ഉടനെ അടുത്തവനെ കേറി പിടിച്ചാലോ..... " ഇവറ്റകൾ ഒക്കെ അങ്ങനെ ആണ് അങ്കിൾ..... ഏതായാലും നമ്മുടെ വിച്ചു രക്ഷപ്പെട്ടത് ഭാഗ്യം...... " അതെ ഇല്ലായിരുന്നെങ്കിൽ നാണംകെട്ട് പോയേനെ..... അസ്വസ്ഥമായ വിശ്വനാഥന്റെ മനസ്സിൽ ഒരു സമാധാനം തോന്നിയിരുന്നു....... അഥവാ ഇനി വൈശാഖ് തിരിച്ചു വന്നാൽ വീണ്ടും അവളെ തേടി പോയാൽ എന്ന് ഭയന്നിരുന്നു...... ഒരുപാട് നാൾ അവനെ മാറ്റാൻ പറ്റില്ലല്ലോ..... അവൾക്ക് ഒരു അവകാശി വന്നിരിക്കുന്നു...... എല്ലാം കൊണ്ടും താൻ ഈ കാര്യത്തിൽ വളരെ നന്നായി തന്നെ പ്രവർത്തിച്ചു എന്ന് അയാൾ തോന്നി...... അയാൾക്ക് വല്ലാത്ത ചാരിതാർത്ഥ്യം തോന്നിയിരുന്നു....... പക്ഷേ ഗൗതമിൻറെ മനസ്സിൽ ഒരു തീരാത്ത ഒരു നഷ്ടബോധം തോന്നിയിരുന്നു...... ആദ്യമായി ദേവിക കണ്ട നിമിഷം മുതൽ ഒരു മോഹം തോന്നിയതാണ്....... വൈശാഖനെ മാറ്റിയതിനുശേഷം എങ്ങനെയെങ്കിലും സഹതാപത്തിൽ കൂടിയോ മറ്റോ അവളെ വളച്ചു തന്റെ വരുതിക്ക് കൊണ്ടുവരണം എന്ന് കരുതിയിരുന്നതാണ്......

പക്ഷേ അത് നഷ്ടപ്പെട്ടു പോയി....... സാരമില്ല, പവിഴം ടെക്സ്റ്റൈൽസിൽ വിലമതിക്കാൻ കഴിയാത്ത സ്വത്തുക്കളെ പറ്റി ഓർത്തപ്പോൾ ആ നഷ്ടം ഒന്നും അല്ല എന്ന് ഗൗതമന് തോന്നിയിരുന്നു...... അവന്റെ ചുണ്ടിൽ ഒരു വിജയത്തിന്റെ ചിരി വിരിഞ്ഞു.... 💚💚💚💚💚💚💚💚💚💚💚💚💚💚💚 "ഞങ്ങൾ പോയിട്ട് പൂമാല വാങ്ങി കൊണ്ടുവരാം..... റോയിയുടെ കൂട്ടുകാരിലൊരാൾ പറഞ്ഞപ്പോൾ റോയ് തന്നെ അതിനെ എതിർത്തിരുന്നു...... " അതിൻറെ ഒന്നും ആവശ്യമില്ല....... നിങ്ങൾ പൊയ്ക്കോ..... വീട്ടിൽ വിവരം ഒന്ന് പറഞ്ഞേക്കണം...... ഞാൻ ഇവരെക്കൊണ്ട് വിട്ടതിനുശേഷം വീട്ടിലേക്ക് വരാം...... അവരോട് അത്രയും പറഞ്ഞതിനുശേഷം, റോയി പറഞ്ഞു..... " നമുക്ക് തിരികെ വീട്ടിലേക്ക് പോകാം..... " പോകാം റോയിയെ റോയി നോക്കുമ്പോൾ നന്ദി മാത്രമായിരുന്നു രാഘവന്റെ കണ്ണുകളിൽ കണ്ടിരുന്നത്..... തിരികെ നടക്കുമ്പോൾ ഒരു പ്രതിമ പോലെ ആയിരുന്നു ദേവിക എല്ലാവരെയും അനുഗമിച്ചിരുന്നത്..... അവൾ ഒന്നും സംസാരിച്ചില്ല എന്നത് റോയി ശ്രദ്ധിച്ചിരുന്നു...... വണ്ടി വീടിനു മുൻപിൽ കൊണ്ട് നിർത്തുമ്പോൾ യാന്ത്രികമായി തന്നെ ദേവിക വണ്ടിയിൽ നിന്നും ഇറങ്ങിയിരുന്നു....... " എന്തെങ്കിലും എടുക്കാൻ ഉണ്ടെങ്കിൽ എടുത്തിട്ട് വാ...... റോയിയുടെ ആ വാക്കുകൾ ആണ് അവളെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.....

ഇനിമുതൽ താൻ ഇവിടെ അല്ല എന്ന ബോധം ആ നിമിഷം അവൾക്ക് ഉണ്ടായി...... ഒരു നിമിഷം അവൾക്ക് വല്ലാത്ത വേദന തോന്നിയിരുന്നു...... തനിക്ക് പരിചയമില്ലാത്ത ഒരാളോടൊപ്പം ആണ് താൻ പോകുന്നത്..... എന്തായിരിക്കും ആ വീട്ടിൽ തനിക്ക് കിട്ടുന്ന സ്വീകരണം...... അറിയാവുന്ന ഒരാൾ പോലും അവിടെ ഇല്ല...... അവിടെ വേദന ആണെങ്കിലും സന്തോഷം ആണെങ്കിലും അത് താൻ ഒറ്റയ്ക്ക് സഹിക്കേണ്ടിവരും........ എന്താണെങ്കിലും സന്തോഷം ലഭിക്കാനുള്ള ഒരു സാധ്യതയും കാണുന്നില്ല....... യാന്ത്രികമായി വീടിനുള്ളിലേക്ക് കയറുമ്പോൾ എന്തു പറയണമെന്ന് അവൾക്ക് അറിയുമായിരുന്നില്ല..... " അകത്തേക്ക് കയറുന്നില്ലേ റോയ്..... രാഘവൻ ക്ഷണിച്ചപ്പോൾ ചെല്ലാ തിരിക്കാൻ അവന് കഴിഞ്ഞിരുന്നില്ല....... "റോയ് പെട്ടെന്ന് ദേവൂനെ കൊണ്ട് വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ എന്തായിരിക്കും വീട്ടിലുള്ളവരുടെ പ്രതികരണം..... അവിടേക്ക് കയറാൻ ഒരുങ്ങിയ ദേവിക ഒരു നിമിഷം അച്ഛൻറെ ചോദ്യംകേട്ട് റോയിയുടെ മറുപടിക്കായി കാതോർത്തു...............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story