സാഗരം സാക്ഷി...❤️: ഭാഗം 46

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"സാക്ഷി.... എനിക്കറിയാം നിനക്ക് എന്നോട് ദേഷ്യമാണെന്ന്..... അങ്ങനെയാണ് ഞാൻ നിന്നോട് പെരുമാറിയത് നിന്നെ ചേർത്തു പിടിക്കേണ്ട സമയത്ത്.... നിന്റെ കൂടെ നിൽക്കേണ്ട സമയത്ത് ഞാൻ നിന്നെ ഇട്ടിട്ട് പോയി അറിയാം.... ചെയ്തത് തെറ്റാണെന്ന്..... ആ തെറ്റ് എങ്ങനെ തിരുത്തണമെന്ന് എനിക്കറിയില്ല..... ഒന്ന് മാത്രമറിയാം.... I love you saakshi...." അവൻ ആദ്രമായി പറഞ്ഞതും സാക്ഷി മുഖം തിരിച്ചു കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു സാഗർ ഫോണിലേക്ക് തന്നെ നോക്കി പുഞ്ചിരിയോടെ ഇരുന്നു "നീയും എന്നെ സ്നേഹിച്ചിരുന്നില്ലേ സാക്ഷി.... എനിക്കറിയാം നീ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ട് ചെയ്ത് പോയ തെറ്റ് എനിക്ക് തിരുത്തണം.... അതിന് നിന്റെ കഴുത്തിൽ എന്റെ കൈകൊണ്ട് ഒരു താലി അണിയിക്കണം എനിക്ക്...." സഞ്ജു പറയുന്നത് കേട്ട് സാക്ഷി ഞെട്ടലോടെ അവനെ നോക്കി അവന്റെ കണ്ണിൽ നിറഞ്ഞു നിൽക്കുന്ന പ്രണയം അത് താനാണെന്ന് തോന്നിപ്പോയി അവൾക്ക്....! "സാക്ഷി..... വേണ്ട സമയത്ത് നിന്നെ ചേർത്തു പിടിക്കാൻ എനിക്ക് കഴിഞ്ഞില്ല എന്നുള്ളത് സത്യമാണ്....

പക്ഷേ അന്നും ഇന്നും എന്റെ ഉള്ളിൽ നീ മാത്രമേ ഉണ്ടായിരുന്നുള്ളു.... എന്റെ പ്രണയം എന്നും നിന്നോട് മാത്രമായിരുന്നു..... "അവൻ പറഞ്ഞു തീർന്നതും സാക്ഷി അവനെ നോക്കി പുച്ഛിച്ചു ചിരിച്ചു "അറിയാം സഞ്ജയ്‌..... നിനക്ക് എന്നോടുള്ള പ്രണയം സത്യമാണെന്ന് എനിക്ക് അറിയാം.... പക്ഷേ പ്രണയിക്കാൻ നീ കാണിച്ച ധൈര്യം കൂടെ കൂട്ടേണ്ട സമയത്ത് കണ്ടില്ലല്ലോ.... അപ്പൊ നിന്റെ പ്രണയം എവിടെ പോയി ....? നിന്റെ അമ്മ എന്നെയും എന്റെ ആശാമ്മയെയും നിന്റെ മുന്നിലിട്ട് ആക്ഷേപിച്ചപ്പോൾ ഒരു നോക്ക് കുത്തിയെ പോലെ നോക്കി നിന്നതല്ലേ നീ.... അന്ന് എന്നെ വിട്ടിട്ട് നീ ഇറങ്ങിപ്പോയപ്പോൾ ഈ പ്രണയം ഒക്കെ ആവിയായി പോയോ സഞ്ജയ്‌....?" അവളുടെ ചോദ്യം കേട്ട് സഞ്ജുവിന്റെ തല താഴ്ന്നു സാഗറിന്റെ ചുണ്ടിലെ ചിരിക്ക് ഭംഗി കൂടി വന്നു "ആരും സ്നേഹിക്കാനില്ലാതിരുന്ന കാലത്ത് ഒരിറ്റ് സ്നേഹം നൽകാൻ ആശാമ്മ മാത്രേ എനിക്കുണ്ടായിരുന്നുള്ളു..... ആ സ്ത്രീ എന്റെ പപ്പയോടും മമ്മയോടും ചെയ്ത ക്രൂരത അത് എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടായിരുന്നു.....

ഒരിക്കലും ആ അമ്മയെ വെറുത്തിട്ടില്ല ഞാൻ.... എനിക്ക് അതിന് ഒരിക്കലും സാധിക്കുകയുമില്ല..... എന്നും എന്റെ മനസ്സിൽ ആ സ്ത്രീക്ക് ഒരു വലിയ സ്ഥാനം ഉണ്ട്...... നീയും നിന്റെ അമ്മയും കാരണമാ എന്റെ ആശാമ്മ എന്നെ വിട്ട് പോയത്.... ആ നിന്നെ സ്നേഹിക്കാൻ പോയിട്ട് നിന്നോട് ക്ഷമിക്കാൻ പോലും ഈ ജന്മം സാക്ഷിക്ക് കഴിയില്ല...."അവൾ വീറോടെ പറഞ്ഞതും ശബ്ദം കേട്ട് ജോർജും സാറയും ഇറങ്ങി വന്നു "പ്ലീസ്‌ സാക്ഷി.... Just try to undestand me.... ആ സമയത്ത് ഞാൻ നിന്നെ ചേർത്തു പിടിച്ചിരുന്നെങ്കിൽ ഒരുപക്ഷെ നീ നിന്റെ യഥാർത്ഥ അവകാശികളുടെ കൈകളിൽ എത്തിച്ചേരില്ലായിരുന്നു.... അന്ന് ഞാൻ നിന്നെ വിട്ടിട്ട് പോയില്ലായിരുന്നെങ്കിൽ നിന്റെ ഈ പപ്പയെയും മമ്മയെയും നിനക്ക് കിട്ടുമായിരുന്നോ..... നിന്റെ ആശാമ്മ നിന്നെ ഇവരിൽ നിന്ന് അവസാനം വരെ മറച്ചു പിടിക്കുമായിരുന്നു.... ഞാൻ നിന്നെ വിട്ടിട്ട് പോയത് കൊണ്ട് നിനക്ക് നന്മ മാത്രമേ വന്നിട്ടുള്ളൂ....." സഞ്ജുവിന്റെ വാക്കുകളിൽ നിന്ന് അവൻ ആരാണെന്ന് ജോർജും സാറയും ഊഹിച്ചു "എന്റെ ആശാമ്മ ഞാൻ കാരണം എന്റെ കണ്മുന്നിൽ നെഞ്ച് പൊട്ടി മരിച്ചതാണോ സഞ്ജയ്‌ എനിക്ക് വന്ന നന്മ....?" അവൾ നിർവികാരതയോടെ ചോദിച്ചതും സഞ്ജുവിന് ഉത്തരം മുട്ടി

"മോളെ..... ഞാൻ എന്റെ ചൊല്പടിക്ക് നിർത്തി വളർത്തിയ മകനാണ് ഇവൻ.... അമ്മ പറയുന്നത് അനുസരിച്ചേ ഇവന് ശീലമുള്ളു.... അമ്മക്ക് ഇഷ്ടപ്പെടാത്ത ഒരു പെണ്ണിനെ മറക്കാൻ ശ്രമിച്ചത് ഒരു തെറ്റാണോ മോളെ..... ഇനി ആണെങ്കിൽ തന്നെ ആ തെറ്റ് തിരുത്താനാണ് ഞങ്ങൾ വന്നിരിക്കുന്നത്.... മോളെ എന്റെ മരുമകളാക്കി ചെയ്ത തെറ്റ് എനിക്ക് തിരുത്തണം....." വസുവിന്റെ സ്നേഹം ചാലിച്ച വാക്കുകൾക്ക് മുന്നിൽ സാക്ഷി പുച്ഛത്തോടെ നിന്നു "അമ്മക്ക് ഇഷ്ടമില്ലാത്ത പെണ്ണിനെ വേണ്ടന്ന് വെച്ചു.... ശരി.... പക്ഷേ എന്നെ കണ്ട് ഇഷ്ടപെട്ടപ്പോൾ ഇവനെന്താ അമ്മയുടെ ഇഷ്ടം നോക്കാതിരുന്നത്..... എന്റെ പിറകെ നടന്ന് ശല്യം ചെയ്തതൊക്കെ അമ്മയുടെ അനുവാദം വാങ്ങിയിട്ടാണോ.... ഏഹ്ഹ്....?" സാക്ഷിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ അമ്മയുടെയും മകന്റെയും നാവടഞ്ഞു ജോർജ് ചെറു ചിരിയോടെ ഇരിക്കുന്ന സാഗറിനെ ഒന്ന് നോക്കി "ഇവനിത് എന്നാ പറ്റി.... ഈ സിറ്റുവേഷനിൽ ഈ റിയാക്ഷൻ അല്ലല്ലോ വേണ്ടേ....?" ജോർജ് അടുത്തു നിന്ന സാറയുടെ ചെവിയിൽ സ്വകാര്യം പോലെ പറഞ്ഞതും സാറ സാഗറിനെ നോക്കി ഫോണിൽ തോണ്ടി പുഞ്ചിരിക്കുന്ന സാഗറിനെ രണ്ട് പേരും ചൂഴ്ന്ന് നോക്കി "എന്താ നിങ്ങൾക്ക് ഉത്തരം മുട്ടിയോ....? എന്നെ പോലൊരുത്തിയെ ഒരിക്കലും നിങ്ങളുടെ മരുമകളാക്കില്ലെന്ന് പറഞ്ഞിട്ടല്ലേ നിങ്ങളന്ന് ഇറങ്ങിപ്പോയത്....

അന്ന് നിങ്ങൾ കണ്ട അതേ സാക്ഷിയാണ് ഞാൻ.... എന്നിട്ടും നിങ്ങൾ എന്നെ തേടി വന്നു..... അത് എന്റെ പപ്പയുടെയും മമ്മയുടെയും സ്വത്ത്‌ കണ്ടിട്ടാണെന്ന് മനസ്സിലാക്കാൻ വല്യ ബുദ്ധി ഒന്നും വേണ്ട...."സാക്ഷി അത് പറഞ്ഞതും വസുവിന്റെ മുഖം വിളറി വെളുത്തു സഞ്ജുവിന് ദേഷ്യം നിയന്ത്രിക്കാനാവുന്നുണ്ടായിരുന്നില്ല "നാണമുണ്ടോ നിങ്ങൾക്ക്.... കാക്കാശിന് ഗതിയില്ലാത്തവൾ എന്ന ഒറ്റ കാരണം കൊണ്ട് വേണ്ടെന്ന് വെച്ച എനിക്ക് നിങ്ങളെക്കാൾ ആസ്തി ഉണ്ടെന്നറിഞ്ഞപ്പോൾ വീണ്ടും എന്റെ മുന്നിൽ ഇങ്ങനെ വന്ന് നിൽക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു....? സഞ്ജയ്‌.... നീയും ഒട്ടും മോശമല്ല.... നിന്റെ അമ്മയെപോലെ തന്നെയാ നീയും.... നിന്നെ സ്നേഹിച്ചു പോയ ആ നിമിഷത്തെ ഓർത്ത് എനിക്കിപ്പോ എന്നോട് തന്നെ ലജ്ജ തോന്നുവാ...." "Stop it Saakshiii.....!" സാക്ഷി അവർക്ക് നേരെ ചീറിയതും സഞ്ജു അവൾക്ക് മുന്നിൽ അലറി "നിനക്ക് തോന്നുന്നതൊക്കെ വിളിച്ചു പറഞ്ഞാൽ ഇനിയും ഞാനത് കേട്ട് നിന്നെന്ന് വരില്ല...." അവൻ അവളെ നോക്കി ദേഷ്യത്തോടെ പറഞ്ഞതും സാക്ഷി ചുണ്ട് കോട്ടി ചിരിച്ചു "അമ്മയെ നീ എങ്ങനെ കണ്ടാലും എനിക്കത് പ്രശ്നമല്ല....

പക്ഷേ നിന്നോടുള്ള എന്റെ പ്രണയം സത്യമല്ലെന്ന് പറയാൻ നിനക്ക് യാതൊരു അവകാശവും ഇല്ല സാക്ഷി ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് മാത്രമേ അറിയൂ .... അത് നിന്നെ ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല..... എന്നാലും പറയുവാ.... ഈ സഞ്ജയ്‌ ആദ്യമായും അവസാനമായും സ്നേഹിച്ച പെണ്ണ് അത് നീയാണ് സാക്ഷി.....! സ്വന്തമാക്കാൻ തന്നെയാ ഞാൻ നിന്നെ സ്നേഹിച്ചത്..... അത് നിനക്കും അറിയുന്നതല്ലേ.... എന്റെ പ്രണയം സത്യമല്ലായിരിന്നെങ്കിൽ നീ എന്നെ പ്രണയിക്കുമായിരുന്നോ.... നമ്മൾ ഒന്നാവാൻ നിന്റെ ആശാമ്മ ആഗ്രഹിക്കുമായിരുന്നോ....?" അവന്റെ ചോദ്യം കേട്ട് സാക്ഷി ഞെട്ടലോടെ അവനെ നോക്കി അതൊരു പിടി വള്ളിയായി കണക്കാക്കി സഞ്ജു തുടർന്നു "ആശാമ്മാ.... നീ പറഞ്ഞില്ലേ നിന്റെ ആശാമ്മക്ക് നിന്റെ മനസ്സിൽ വലിയ സ്ഥാനമാണെന്ന്..... ശരിക്കും നീ അവരെ സ്നേഹിക്കുന്നുണ്ടെങ്കിൽ നീ എന്നേ എന്നേ അംഗീകരിക്കുമായിരുന്നു നിന്റെ ആശാമ്മ അവസാനമായി ആഗ്രഹിച്ചത് ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടണമെന്നല്ലേ.....

നിന്റെ ഭർത്താവായി നിന്റെ ആശാമ്മ ആഗ്രഹിച്ചത് എന്നെയാണ് സാക്ഷി....."സഞ്ജു അത് പറഞ്ഞതും സാക്ഷിയുടെ കണ്ണിൽ നനവ് പടർന്നു സഞ്ജുവിന്റെ ഉള്ളിൽ പ്രതീക്ഷ നിറയുന്നതിനൊപ്പം സാഗറിന്റെ ചുണ്ടിലെ ചിരി മാഞ്ഞു "നിന്റെ ആശാമ്മ തരുന്നതൊക്കെ നിനക്ക് പ്രീയപ്പെട്ടതല്ലേ..... എന്നാൽ നിനക്ക് വേണ്ടി ആ സ്ത്രീ കണ്ടെത്തിയ ലൈഫ് പാർട്ണർ ഞാനാണ് സാക്ഷി..... എന്നോടൊപ്പം നീ ജീവിക്കുന്നത് കാണാൻ കൊതിച്ചു കൊണ്ടാണ് നിന്റെ ആശാമ്മ മരണത്തിന് കീഴടങ്ങിയത്.... നിനക്ക് വേണ്ടി മരണത്തെ പുൽകിയ ആ സ്ത്രീയുടെ അന്ത്യാഭിലാശം അത് നമ്മുടെ വിവാഹമാണ്.... മനസ്സിൽ അവരോടുള്ള സ്നേഹം സത്യമാണെങ്കിൽ നീ എന്നേ വിവാഹം കഴിക്കണം സാക്ഷി...." സഞ്ജുവിന്റെ വാക്കുകൾ അവളെ ആകെ തളർത്തി കളഞ്ഞു "അതേ.... അവൻ പറഞ്ഞതൊക്കെ സത്യമാണ്.... ആശാമ്മ മരിച്ചത് താൻ കാരണമാണ്..... സ്നേഹിച്ച പുരുഷനൊപ്പം താൻ ജീവിക്കുന്നത് കാണാൻ ആ പാവം ഒരുപാട് ആഗ്രഹിച്ചിരുന്നു.... പൂർത്തിയാകാത്ത ആ ആഗ്രഹവും പേറിയാണ് ആ അമ്മ ഈ ലോകത്ത് നിന്ന് വിട വാങ്ങിയത്....

ആ ആഗ്രഹം സഫലമാകാതെ ആ ആത്മാവിന് ശാന്തി ലഭിക്കുമോ....? സന്തോഷം ലഭിക്കുമോ....?" അവൾ അവളുടെ മനസാക്ഷിയോട് ചോദിച്ചു "ഇല്ലാ.... ഒരിക്കലുമില്ല...." ആരോ അവളുടെ ഉള്ളിലിരുന്ന് പറയും പോലെ അവൾക്കാകെ വല്ലാതെ തോന്നി "നിന്റെ ആശാമ്മ ശാന്തി കിട്ടാത്ത ആത്മാവായി അലയണമെന്നാണോ നീ ആഗ്രഹിക്കുന്നത്....?" ചുണ്ടിൽ പുച്ഛം നിറച്ചു വസു ചോദിച്ചതും "അല്ലാ.... " സാക്ഷി കാത് രണ്ടും പൊത്തി അലറി "ആശാമ്മ സന്തോഷായിട്ട് ഇരിക്കണം.... അമ്മക്ക് ശാന്തി കിട്ടണം..... അത് മാത്രം മതി എനിക്ക്....." അവൾ പരിഭ്രമത്തോടെ പുലമ്പിയതും സാഗറിന്റെ മുഖം മാറി "സാക്ഷി....!" ജോർജ് ദേഷ്യത്തോടെ വിളിച്ചതും അവൾ ദയനീയമായി അയാളെ നോക്കി "പപ്പാ.... എന്നേ സ്നേഹിച്ചതിന്റെ പേരിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട് എന്റെ ആശാമ്മ.... സത്യം മറച്ചു വെച്ച് സ്വന്തം ഭർത്താവിന്റെ ആട്ടും തുപ്പും ഒക്കെ ഏറ്റു വാങ്ങി ജീവിച്ചത് എന്നേ നഷ്ടപ്പെടാതിരിക്കാനാ.... ജീവനായിരുന്നു ആ അമ്മക്ക് എന്നേ..... ജീവിച്ചിരുന്നപ്പോൾ അമ്മക്ക് വേണ്ടി ഒന്നും ചെയ്യാൻ എനിക്ക് കഴിഞ്ഞിട്ടില്ല.....

അവസാനത്തെ ആഗ്രഹം എങ്കിലും സാധിച്ചു കൊടുക്കണം പപ്പാ എനിക്ക്....."അവൾ നിസ്സഹയായി പറഞ്ഞതും ജോർജിന്റെ മുഖം മാറി.... മുഷ്ടി ചുരുട്ടി ദേഷ്യം നിയന്ത്രിക്കുന്ന അയാളെ സാറ സമാധാനിപ്പിച്ചു "നിന്റെ ജീവിതം നീയായിട്ട് തന്നെ നശിപ്പിക്കുവാണോ സാക്ഷി....?" ഒക്കെ കേട്ട് പുറത്തേക്ക് വന്ന അലക്സ് ഇഷ്ടക്കേടോടെ അവളോട് ചോദിച്ചു "ഇച്ഛാ..... ഇവനോടുള്ള പ്രണയം കൊണ്ടോ.... ഇവന്റെ വാക്കുകളിൽ മയങ്ങിയിട്ടോ അല്ലാ.... എനിക്ക് വേണ്ടി സ്വയം ഉരുകി തീർന്ന ആ പാവം സ്ത്രീയെ ഓർത്തിട്ടാ...." അവൾ ചുണ്ട് കടിച്ചു വിതുമ്പലടക്കി "ആശക്ക് വേണ്ടി ഇങ്ങനെ ജീവിതം നശിപ്പിക്കാൻ വേണ്ടി എന്താ അവൾ നിനക്ക് വേണ്ടി ചെയ്തത്.... അവൾ സ്വയം ഉരുകി തീർന്നത് തെറ്റ് ചെയ്തിട്ടല്ലേ.... ഞങ്ങളിൽ നിന്ന് നിന്നെ അകറ്റി അവൾ നിന്നെ എത്തിച്ചത് ഒരു നരകത്തിലേക്കല്ലേ.... ആ നരകത്തിൽ നിന്ന് വേദനകൾ മാത്രമേ നിനക്ക് കിട്ടിയിട്ടുള്ളു.... എല്ലാത്തിനും കാരണം ആ ആശ മാത്രമാണ്.... എനിക്കറിയില്ലാ.... അവൾ എന്ത് തന്നിട്ടാ നീ അവളെ ഇത്രയേറെ സ്നേഹിക്കുന്നതെന്ന്....?" ജോർജ് നിയന്ത്രിക്കാനാവാതെ അവൾക്ക് നേരെ പൊട്ടി തെറിച്ചു

"സ്നേഹം തന്നു പപ്പാ.....!" അവൾ ഒട്ടും ആലോചിക്കാതെ മറുപടി കൊടുത്തു "എന്നോടുള്ള അളവറ്റ സ്നേഹമാണ് പപ്പാ അമ്മയെക്കൊണ്ട് തെറ്റ് ചെയ്യിപ്പിച്ചത്.... എന്നേ നോവിക്കാൻ വരുന്നവരെ എതിർക്കാനാവാതെ ആ പാവത്തിന് നിൽക്കേണ്ടി വന്നിട്ടുണ്ട്.... പക്ഷേ ഉറങ്ങാൻ നേരം എന്നേ ചേർത്തു പിടിച്ചു കരയുന്ന ആ അമ്മയെ കാണുമ്പോൾ.... ആ സ്നേഹം കാണുമ്പോൾ എന്റെ വേദന ഒക്കെ മാറും.... ഒന്ന് ഓർത്താൽ അമ്മയുടെ ജീവിതം പോലും തകർന്നത് ഞാൻ കാരണമല്ലേ.... അതൊക്കെ എന്നോടുള്ള സ്നേഹമല്ലാതെ പിന്നെ എന്താ പപ്പാ....?" സാക്ഷിയുടെ വാക്കുകൾ ഭ്രാന്ത്‌ പിടിപ്പിക്കുമെന്ന് തോന്നിയത്തും ജോർജ് സാറയെ തട്ടി മാറ്റി അകത്തേക്ക് കയറിപ്പോയി സഞ്ജുവിന് ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു "സാക്ഷി ഞാൻ....!" "നിന്റെ ആവശ്യം നടന്നില്ലേ.... ഞാൻ നിന്റെ ഭാര്യ ആയിക്കോളാം..... ഇപ്പൊ ശല്യം ചെയ്യാതെ ഒന്ന് പോകുന്നുണ്ടോ.... പ്ലീസ്...."അവൾക്ക് നേരെ വന്ന സഞ്ജുവിനോട് അവൾ ചീറിയതും അവൻ ഒന്ന് പുഞ്ചിരിച്ചു "പോകാം സാക്ഷി.... ഞങ്ങൾ പൊയ്ക്കോളാം.... നിനക്ക് എന്നോടുള്ള ദേഷ്യം അത് എത്രയും വേഗം ഞാൻ മാറ്റിയെടുക്കും...."സാഗറിനെ നോക്കി പുച്ഛത്തോടെ ചിരിക്കുന്ന സഞ്ജുവിനെ കണ്ടതും സാഗർ കാറ്റ് പോലെ പുറത്തേക്ക് പോയി പെട്ടെന്ന് എന്തോ ഓർത്ത് അവനൊന്നു നിന്നു "സഞ്ജു..... വിവാഹത്തിന് ആർഭാടം ഒന്നും വേണ്ടാ.... പാഴ്ചിലവായിപ്പോകും...." .......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story