സാഗരം സാക്ഷി...❤️: ഭാഗം 77

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നാളത്തെ ദിവസത്തിന്റെ പ്രത്യേകത ഓർമ്മയുണ്ടോ.....?" അവൻ എല്ലാവരോടുമായി ചോദിച്ചു "The Big day.... My Birthday....." സാഗർ പില്ലോയിൽ മുഖം പൂഴ്ത്തിക്കൊണ്ട് വിളിച്ചു പറഞ്ഞു "ഓഹ്.... അറിയാം.... ഇങ്ങേര്ടെ ബർത്ത്ഡേ മമ്മ എല്ലാ വർഷവും സെലിബ്രേറ്റ് ചെയ്യാറുണ്ട്..... അനാഥാലയത്തിൽ ഫുഡും ഡ്രസ്സും ഒക്കെ ആ ദിവസം മറക്കാതെ വർഷാവർഷം എത്തിച്ചു കൊടുക്കും.... പിന്നെ ഞങ്ങൾ മൂന്ന് പേരും കൂടി ആ ഡേ കേക്ക് ഒക്കെ വാങ്ങി ആഘോഷിക്കും....."മെറിൻ പഴയതൊക്കെ ഓർത്തെടുത്തു കൊണ്ട് പറഞ്ഞു.... "ഞാനില്ലാതെ നിങ്ങൾ കേക്ക് കട്ട് ചെയ്ത് സെലിബ്രേറ്റ് ചെയ്‌തെന്നോ.... 🙄?" സാഗർ ബെഡിൽ എണീറ്റിരുന്നു കൊണ്ട് ചോദിച്ചു "നിങ്ങക്കല്ലേ മനുഷ്യാ ഞങ്ങളെ ഒക്കെ വേണ്ടാത്തെ.... ഒന്ന് തിരിഞ്ഞു പോലും നോക്കീലെങ്കിലും ഞങ്ങൾ ആഘോഷിക്കും..... എന്ത് ചെയ്യാനാ.... ഞങ്ങടെ ചോര ആയിപ്പോയില്ലേ...." ഒരു നെടുവീർപ്പോടെ മെറിൻ പറഞ്ഞതും സാഗർ അവളുടെ മുടിയിൽ പിടിച്ചു വലിച്ചിട്ട് ജീവയുടെ മടിയിൽ കയറി കിടന്നു അപ്പോഴേക്കും സാഗറിന്റെ ഫോൺ റിങ് ചെയ്തു.... ജെറി ഫോൺ എടുത്ത് നോക്കി..... "മമ്മയാണല്ലോ....."അവൻ അതും പറഞ്ഞ് അറ്റൻഡ് ചെയ്തു ഫോൺ സ്പീക്കറിലിട്ടു "ഹലോ.... മമ്മാ...." ജെറി "സാഗർ എവിടെയാടാ.....?"

ജെസി ശാന്തമായി ചോദിച്ചു "ഞാൻ ഇവിടെ ഉണ്ട് ജെസീ..... പറഞ്ഞോ...."ജീവയുടെ മടിയിൽ കിടന്ന് സാഗർ വിളിച്ചു പറഞ്ഞു "Advance happy Birthday my dear son....." അവർ വാത്സല്യത്തോടെ പറഞ്ഞത് കേട്ട് സാഗറിന്റെ ചുണ്ടിൽ പുഞ്ചിരി പടർന്നു.... അവൻ മറുപടി ഒന്നും പറയാതെ പുഞ്ചിരിക്കുന്നത് കണ്ട് ജീവ അവനെ തന്നെ നോക്കിയിരുന്നു "ഹലോ.... എന്താടാ ഒന്നും മിണ്ടാത്തെ....?" അവന്റെ മറുപടി ഇല്ലാഞ്ഞിട്ട് ജെസി ചോദിച്ചു "ലവ് യൂ ജെസി....."അവൻ പറയുന്നത് കേട്ട് ജെസിയുടെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു "കൊറേ കാലമായി ഞാൻ ഈ വിഷ് മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു....."അവൻ പുഞ്ചിരി വിടാതെ പറഞ്ഞു.... "ജീവയും മെറിയും എവിടെ.....?" ജെസി ചോദിച്ചു.... "ഞങ്ങളിവിടെ ഉണ്ട് മമ്മാ...." ജീവയും മെറിനും ഒരുപോലെ പറഞ്ഞു "ആഹ് എല്ലാരും ഒരുമിച്ചുള്ളത് നന്നായി..... ഞാൻ വിളിച്ചത് ഒരു കാര്യം പറയാനാ..... നാളെ എന്റെ പുന്നാര മോന്റെ പിറന്നാളാണല്ലോ.... അപ്പോ അതൊന്ന് ആഘോഷിക്കണ്ടേ.....?" ജെസി അത് ചോദിച്ചതും "Ofcourse ആഘോഷിക്കണം....."സാഗർ എല്ലാവർക്കും മുൻപേ കയറി പറഞ്ഞതും ജെസി ചിരിച്ചു "ആഹ്.... എന്നാൽ നേരം വെളുക്കുമ്പോൾ എല്ലാരും കൂടി ഇങ്ങോട്ട് പോര്..... ഇത്തവണ നമ്മുടെ തറവാട്ടിലാ സെലിബ്രേഷൻ......"

ജെസി അത് പറഞ്ഞതും നാലിന്റെയും മുഖം ചന്ദ്രൻ ഉദിച്ചു നിൽക്കണ പോലെ തിളങ്ങി.... "എന്തിനാ ജെസീ നാളെയാക്കുന്നെ.... ഞങ്ങൾ ഇപ്പൊ തന്നെ വന്നേക്കാം...."സാഗർ അതും പറഞ്ഞു ചാടി എണീറ്റ് ഷർട്ട് ഒക്കെ നേരെ ഇട്ടു "നാളെ നേരം വെളുക്കാതെ ഒറ്റയെണ്ണം ഈ പടി ചവിട്ടി പോകരുത്...... ചവിട്ടിയാൽ..... ഇവിടെ ഉള്ളതിനെയൊക്കെ ഞാൻ ബാംഗ്ലൂർക്ക് അയക്കും..... അറിയാല്ലോ എന്നെ.....?" ജെസി ഭീഷണി സ്വരത്തിൽ പറഞ്ഞതും ജീവ സാഗറിനെ പിടിച്ചു വലിച്ചു ബെഡിലേക്കിട്ടു "ഞങ്ങൾ ഇന്ന് വരില്ല മമ്മാ.... രാവിലെ വന്നോളാം...."ജീവ സാഗറിനെ പിടിച്ചു വെച്ചു കൊണ്ട് പറഞ്ഞതും സാഗർ ഫോൺ നോക്കി മുഖം വീർപ്പിച്ചു "I hate you jesi...." അവൻ ഫോൺ കൈയിൽ എടുത്ത് പറഞ്ഞതും ജെസി പുഞ്ചിരിച്ചു "ഓ ആയിക്കോട്ടെ...."ജെസിയുടെ മറുപടി കേട്ട് സാഗർ ഫോൺ ജെറിക്ക് എറിഞ്ഞു കൊടുത്ത് ബെഡിലേക്ക് വീണു "ഡാ.... പിന്നെ...."ജെസി പറയാൻ മടിച്ചു കൊണ്ട് ഒന്ന് നിർത്തി.... എന്തെന്ന മട്ടിൽ അവർ ജെസിക്ക് കാതോർത്തു.... "നാളെ വരുമ്പോ...."ജെസി ഒന്ന് നിർത്തി "വരുമ്പോ.... 🤨??" സാഗർ തലപൊക്കി ഫോണിന് നേരെ തിരിഞ്ഞു "വരുമ്പോ.....നിങ്ങടെ.....അപ്പനെ കൂടി വിളിച്ചേക്ക്...."ജെസി എങ്ങനെയോ പറഞ്ഞൊപ്പിച്ചു "പറ്റില്ല...." സാഗർ ഉടനടി മറുപടി കൊടുത്തു "സാ.... ഗർ.... 😠"

ജെസി നീട്ടി വിളിച്ചു "ഞങ്ങൾ വിളിക്കില്ല....." മെറി സാഗറിനെ ഏറ്റു പിടിച്ചു "മമ്മാ നാളെ മമ്മേടെ ആരുടെ ബർത്ത്ഡേ പാർട്ടി ആണ്....???" ജെറി ചോദിച്ചു "പറയ് മമ്മാ...."ജെസിയുടെ നിശബ്ദത കണ്ട് ജീവ ചോദിച്ചു "എന്റെ മകന്റെ...." ജെസി പറഞ്ഞു "ആരാ പാർട്ടി നടത്താൻ തീരുമാനിച്ചത്.....?" ജെറി "ഞാ.... ഞാൻ....!" ജെസി "എവിടെ വെച്ചാ പാർട്ടി നടക്കുന്നത്....?" മെറിൻ "എന്റെ തറവാട്ടിൽ വെച്ച്...." ജെസി ഒട്ടും ചിന്തിക്കാതെ പറഞ്ഞു "അപ്പൊ ആരാ ഡാഡിനെ ഇൻവൈറ്റ് ചെയ്യേണ്ടേ.....??" സാഗർ പുഞ്ചിരിയോടെ ചോദിച്ചു "ഞാൻ....!" ജെസി ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.... പിന്നെ എന്തോ ഓർത്തത് പോലെ ഞെട്ടി "Exactly..... അപ്പൊ സമയം കളയാതെ വേഗം വിളിച്ചോ...."ജെറി അത് പറഞ്ഞതും ജെസി ഒന്ന് പതറി "ഇല്ല.... എനിക്ക് പറ്റില്ല....." ജെസി ദേഷ്യത്തോടെ പറഞ്ഞു "എന്നാൽ ഞങ്ങൾക്കും പറ്റില്ല..." എന്ന് ജീവ "എടാ അപ്പുറത്തെ മുറി വരെ പോയി പറയേണ്ട കാര്യമല്ലേ ഉള്ളു നിങ്ങൾക്ക്....?" ജെസി ദൈന്യതയോടെ ചോദിച്ചു "മമ്മക്ക് അത്ര പോലും ബുദ്ധിമുട്ട് ഇല്ലല്ലോ.... ഒരു ഫോൺ കാളിന്റെ കാര്യമല്ലേ ഉള്ളു...." സാഗർ പറയുന്നത് കേട്ട് ജെസി പല്ല് കടിക്കുന്നത് അവർക്ക് കേൾക്കാമായിരുന്നു "അല്ലേൽ തന്നെ ഞങ്ങളിപ്പോ പപ്പേടെ കൂടെ അല്ല.... ഫ്ലാറ്റിലാ..." മെറിൻ പറഞ്ഞത് കേട്ട് ജെസി നെറ്റി ചുളിച്ചു

"ഫ്ലാറ്റിലോ.... നിങ്ങളെന്തിനാ അവിടെ പോയത്....?" അതിന് ജെറി ഉണ്ടായതൊക്കെ പറഞ്ഞു കൊടുത്തു ഒക്കെ കേട്ട് ജെസിക്ക് ദേഷ്യം സഹിക്കാൻ കഴിഞ്ഞിരുന്നില്ല "എന്നെയും എന്റെ മക്കളെയും വേദനിപ്പിക്കാൻ കച്ച കെട്ടി ഇറങ്ങിയേക്കുവാണവൾ..... നിന്റെയൊക്കെ അപ്പൻ അവിടെ എന്തോ നോക്കി നിൽക്കുവാടാ.... എന്റെ മോനെ നോവിച്ച ആ ജന്തുക്കളെ നാല് പറഞ്ഞ് അപ്പൊ തന്നെ ഇറക്കി വിടാൻ പാടില്ലായിരുന്നോ....?" ജെസി തന്നെ മകൻ എന്ന് അഭിസംബോധന ചെയ്യുന്നത് കേട്ട് ജീവയുടെ ചുണ്ടിൽ പുഞ്ചിരി പടർന്നു.... "അവർ അവിടെ നിന്നോട്ടെ ജെസി..... എന്റെ ജെസി ആ വീട്ടിൽ തിരിച്ചെത്തുന്നത് കാണാൻ ആ സ്ത്രീ അവിടെ വേണം..... " സാഗർ വാശിയോടെ പറഞ്ഞു "ഞാനിനി ആ വീട്ടിൽ കാലു കുത്തില്ല.....😠" ജെസി മുഖം വീർപ്പിച്ചു "അതൊക്കെ കണ്ടറിയാം....." സാഗർ പുഞ്ചിരിച്ചു "ആഹ്.... അതൊക്കെ പോട്ടെ.... ഇപ്പൊ മമ്മ നല്ല കുട്ടിയായി പപ്പയെ പാർട്ടിക്ക് ഇൻവൈറ്റ് ചെയ്യാൻ നോക്ക്... ആഹ് പിന്നെ.... പപ്പയെ വിളിക്കാതിരിക്കാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ ഞങ്ങളും പാർടിക്ക് ഉണ്ടാകില്ല... ശെരിന്നാ.... ഗുഡ് നൈറ്റ്‌ " "മെറി.... ഡീ.... ഹലോ.... മെറി...."ജെസി പറയുന്നതൊന്നും കേൾക്കാതെ മെറിൻ ഫോൺ വെച്ചിട്ട് പോയി ***************°

"നാളത്തെ ഫങ്ക്ഷൻ തന്നെ അവർക്ക് വേണ്ടിയാണ് ... അപ്പനെ വിളിക്കാതെ മക്കൾ വരില്ലെന്ന് വാശി പിടിച്ചാൽ ഞാനെന്നാ ചെയ്യാനാ...."ഫോണിൽ നോക്കി അടുത്തിരിക്കുന്ന ജോർജിനോട് ജെസി പറഞ്ഞു "എന്നാ ചെയ്യാൻ..... ശ്രീയെ വിളിക്കണം....." ഒട്ടും ആലോചിക്കാതെ തന്നെ ജോർജ് പറഞ്ഞു.... "എന്നാൽ പിന്നെ ഇച്ചായൻ തന്നെ വിളിക്ക്....." ജെസി ആവേശത്തോടെ പറഞ്ഞതും ജോർജ് അവളെ ഇരുത്തി നോക്കി "അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി..."ജോർജ് ഗൗരവത്തോടെ പറഞ്ഞതും ജെസി അവന്റെ കൈയിൽ പിടിച്ചു കെഞ്ചി.... "പ്ലീസ് ഇച്ചായാ.... " ജെസി ജോർജിന്റെ കൈയിൽ തൂങ്ങി പറഞ്ഞതും ജോർജ് ചിരിച്ചു അത് കണ്ട് വന്ന ജോയിടെ ചുണ്ടിലും പുഞ്ചിരി ഉണ്ടായിരുന്നു.... അവർക്ക് രണ്ട് പേർക്കും പണ്ട് കൈയിൽ തൂങ്ങി കാര്യം സാധിക്കുന്ന പഴേ ജെസിയെ ഓർമ വന്നു.... "കൂടുതൽ കൊഞ്ചല്ലേ..... ഞാൻ വിളിക്കില്ലന്ന് പറഞ്ഞാൽ വിളിക്കില്ല..... മോൻ പെണ്ണ് കെട്ടി.... എന്നിട്ട് അമ്മേടെ കൊഞ്ചൽ ഇത് വരെ മാറിയില്ല...."ജോർജ് അതും പറഞ്ഞ് ജെസീടെ തലയ്ക്ക് ഒരു തട്ടും കൊടുത്ത് അവിടുന്ന് പോയതും ജെസി നിരാശയോടെ തിരിഞ്ഞു അവിടെ ചിരിച്ചോണ്ട് നിൽക്കുന്ന ജോയിയെ കണ്ട് ജെസി ഒന്ന് ഇളിച്ചു.... "ജോയിച്ചാ..... 😁"

അവൾ അതും പറഞ്ഞ് മുന്നോട്ട് ചെന്നതും ജോയ് അവിടുന്ന് എസ്‌കേപ്പ് ആയി "ഞാൻ വിളിക്കുമെന്ന് നീ സ്വപ്നത്തിൽ പോലും കരുതണ്ട ജെസീ..... അളിയനെ നീ തന്നെ വിളിക്കണം.... വിളിച്ചേ പറ്റൂ...."പോകുന്ന പോക്കിൽ ജോയ് വിളിച്ചു പറയുന്നത് കേട്ട് ജെസി നഖം കടിച് അങ്ങോട്ടും ഇങ്ങോട്ടും നടന്നു.... "ഹാ.... നഖം കടിക്കാതെ പെണ്ണെ...." അത് വഴി വന്ന സാറ ജെസിയുടെ കൈക്ക് ഒരു തട്ട് കൊടുത്ത് പറഞ്ഞതും ജെസി സാറയെ പിടിച്ചു സെറ്റിയിൽ ഇരുത്തി "സാറേച്ചി...." ജെസി സ്നേഹത്തോടെ വിളിച്ചു "എന്നെക്കൊണ്ട് ഇപ്പൊ നിനക്ക് എന്തെങ്കിലും കാര്യം സാധിക്കാനുണ്ടോ.....?" സാറ ജെസിയെ ചൂഴ്ന്ന് നോക്കി "സാറേച്ചി എന്താ അങ്ങനെ ചോദിച്ചേ....?" ജെസി നിഷ്കളങ്കത നിറച്ച് ചോദിച്ചു "അല്ല.... പണ്ടൊക്കെ കാര്യം കാണാൻ വേണ്ടി മാത്രാ നീ ഇത്ര സ്നേഹത്തിൽ സാറേച്ചി എന്നൊക്കെ വിളിക്കുന്നെ.... അത് കൊണ്ട് ചോദിച്ചതാ...." സാറ ചിരിച്ചു കൊണ്ട് പറഞ്ഞതും ജെസി തല ചൊറിഞ്ഞു "അങ്ങനെ ഒന്നുമല്ല.... എനിക്ക് സ്നേഹം കൂടുമ്പോഴാ ഞാൻ സാറേച്ചിന്ന് വിളിക്കുന്നെ.... " ജെസി സാറയുടെ മടിയിലേക്ക് വീണുകൊണ്ട് പറഞ്ഞു "ഓഹോ.... എന്നാൽ ഇപ്പോ സ്നേഹം കൂടാൻ എന്താണാവോ കാരണം....?" സാറ കൈയും കെട്ടി ജെസിയെ നോക്കി

"ശ്ശെടാ.... ഞാനൊന്ന് സ്നേഹിച്ചാലും കുറ്റമാണല്ലോ.... ഞാൻ പോണ്...."ജെസി അതും പറഞ്ഞ് എണീറ്റതും സാറ അവളെ പിടിച്ചിരുത്തി "ഹാ.... പിണങ്ങാതെ.... അവിടെ നിൽക്ക്...." സാറ അവളെ പിണക്കം മാറ്റി അവിടെ പിടിച്ചിരുത്തി "സാറേച്ചി...."ജെസി നീട്ടി വിളിച്ചു "ആഹ്...." "എനിക്കൊരു സഹായം ചെയ്യാവോ...." ജെസി ചോദിക്കുന്നത് കേട്ട് സാറ അവളെ ഇരുത്തി നോക്കി "നിന്റെ കെട്യോനെ നാളെ ഇങ്ങോട്ട് ക്ഷണിക്കാൻ ആണെങ്കിൽ സൊ സോറി..... ആങ്ങളമാരോട് പറഞ്ഞതൊക്കെ ഞാൻ കേട്ടു....." സാറ പറയുന്നത് കേട്ട് ജെസി ദയനീയമായി സാറയെ നോക്കി "നിങ്ങൾക്ക് ആർക്കും എന്നെ കണ്ടിട്ട് സഹതാപം തോന്നുന്നില്ലേ.....☹️?" ജെസി "ഒട്ടും തോന്നുന്നില്ല..... നീ തന്നെ ശ്രീയെ ക്ഷണിക്കണം...." സാറ തീർത്തു പറഞ്ഞു "തെറ്റ് ചെയ്തത് ഞാനാണോ.... ശ്രീ അല്ലെ....? അതൊന്നും അത്ര പെട്ടെന്ന് പൊറുക്കാൻ എനിക്ക് കഴിയില്ല...."ജെസി വീറോടെ പറഞ്ഞു "ശ്രീയുടെ ഭാഗത്ത് തെറ്റുകൾ ഉണ്ട്.... പക്ഷെ പൊറുക്കാൻ കഴിയാത്ത തെറ്റൊന്നും ശ്രീ ചെയ്തിട്ടില്ല... ശ്രീ ശ്രീയുടെ ഫാമിലിയേക്കാൾ കൂടുതൽ ഇമ്പോര്ടൻസ് സഹോദരിയുടെ ഫാമിലിക്ക് കൊടുത്തു.... നിന്നെയും മക്കളെയും ശ്രദ്ധിച്ചില്ല എന്നതൊഴിച്ചാൽ ശ്രീ എന്ത് തെറ്റാ ജെസി ചെയ്തത്....?" സാറയുടെ ചോദ്യം കേട്ട് ജെസി നിശബ്ദയായി സാറയെ നോക്കി

"സഹോദരിയെ സ്നേഹിക്കുന്നത് ഒരു തെറ്റല്ല ജെസീ.... നമ്മുടെ അലക്സ് അവന്റെ പെങ്ങന്മാരെ മാറ്റാരെക്കാളും കൂടുതൽ സ്നേഹിക്കുന്നുണ്ട്.... ഞാനും ഇച്ചായനും ഒക്കെ പെങ്ങന്മാർ കഴിഞ്ഞിട്ടാ അവന്റെ മനസ്സിൽ.... അതൊരു തെറ്റാണെന്ന് പറയാൻ നമുക്ക് കഴിയുമോ....? അതുപോലെ തന്നെ സാഗർ മെറിനെ സ്നേഹിക്കരുതെന്ന് നമ്മൾ പറയുമോ.... ഒരിക്കലും ഇല്ല.... ഇത് പോലെ തന്നെയാണ് എല്ലാ കൂടെപ്പിറപ്പുകളും.... പക്ഷെ ശ്രീ നിങ്ങളെ വേണ്ട പോലെ ശ്രദ്ധിച്ചില്ല.... ശ്രദ്ധിക്കാൻ ആ വസുന്ധര അനുവദിച്ചില്ല.... അതല്ലേ സത്യം.....?" സാറയുടെ വാക്കുകൾ ജെസിയെ ചിന്തിപ്പിക്കുന്നു "ഞാൻ ശ്രീയെ ന്യായീകരിച്ചതല്ല.... തെറ്റ് ശ്രീക്കും പറ്റിയിട്ടുണ്ട് .... തെറ്റ് പറ്റാത്ത മനുഷ്യന്മാർ ചുരുക്കമാണ് ജെസീ.... ശ്രീ ചെയ്ത തെറ്റിന് ശ്രീക്ക് കൊടുക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ ശിക്ഷ തന്നെ അല്ലെ നീ കൊടുത്തത്....? ആ മനുഷ്യന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോയില്ലേ നീ.... ജെറിയെ അയാളിൽ നിന്നകറ്റിയില്ലേ.... സാഗറിനെ ഒളിഞ്ഞും തെളിഞ്ഞും നീ കാണുന്നുണ്ടായിരുന്നു.... പക്ഷെ ജെറിയെ കാണാനുള്ള അവസരം നീ ശ്രീക്ക് കൊടുത്തോ.... ശ്രീയെ ജെറിയിൽ നിന്ന് അകറ്റി നിർത്തിയില്ലേ..... തനിക് ഒരു മകൾ കൂടി ഉണ്ടെന്ന് അറിയാതെ ഇത്രയും കാലം ജീവിച്ചില്ലേ.....

ഇത്രയൊക്കെ ശിക്ഷ പോരെ ജെസി.....?? അന്ന് ആ വീട് വീട്ടിറങ്ങിയ നിന്റെ ഭാഗത്തായിരുന്നു ശരികൾ.... പക്ഷെ ആ ശരികൾ വലിയ തെറ്റായി മാറുന്നത് നീ അറിഞ്ഞില്ല.... മക്കളെ മറച്ചു പിടിച്ചു നീ ശ്രീയെ ശിക്ഷിച്ചപ്പോൾ അത് അനുഭവിച്ചു തീർത്തത് നിന്റെ മക്കളും കൂടിയാ... അച്ഛന്റെയും അമ്മയുടെയും സ്നേഹം ഒരുപോലെ കിട്ടാനുള്ള അവകാശം അവർക്ക് നിഷേധിക്കപ്പെട്ടു.... പക്ഷെ പരാതിയില്ലാതെ അവർ വളർന്നു..... അത്രക്ക് നന്മയുണ്ട് നിന്റെ മക്കൾക്ക്.... സ്നേഹമുണ്ട്.... ഇനിയെങ്കിലും അവരുടെ ആവശ്യങ്ങൾക്ക് നീ ചെവി കൊടുക്കണം ജെസീ.... അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണം.... നിന്റെ മക്കൾക്ക് വേണ്ടിയെങ്കിലും...." സാറ അത്രയും പറഞ്ഞ് ജെസിയെ തലോടി "നിനക്ക് വെഷ്മായോ....?" അവളുടെ മൗനം കണ്ട് സാറ ചോദിച്ചു അതിന് ജെസി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ചുമല് കൂച്ചി ഫോണും എടുത്ത് അവിടുന്ന് എണീറ്റു "Thank youuhhh....." അതും പറഞ്ഞ് സാറയുടെ കവിളത്തു മുത്തി ജെസി ഫോണും എടുത്ത് മുറിയിലേക്ക് നടന്നു.... മുറിയിൽ കയറി ലോക്ക് ചെയ്ത് ജെസി അങ്ങോട്ടും ഇങ്ങോട്ടും നടന്നു വിളിക്കണോ വേണ്ടയോ എന്ന ചിന്തയിലായിരുന്നവൾ....! വിളിക്കാമെന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ഫോൺ കൈയിൽ എടുത്തു....

നമ്പർ അറിയില്ലെന്ന് പിന്നീടാണ് അവൾ ഓർക്കുന്നത്.... ജോർജിനോട് ചോദിക്കാൻ ഒരു മടി പോലെ.... ജെസി എന്ത് ചെയ്യുമെന്ന് ചിന്തിച്ചു ബെഡിൽ ഇരുന്നു.... ഓർമയിൽ സൂക്ഷിച്ച ശ്രീയുടെ പഴയ നമ്പർ വെറുതെ ജെസി ഡയൽ ചെയ്തു നോക്കുന്നു.... അത് റിങ് ചെയ്യുന്നതറിഞ്ഞു ജെസിയുടെ നെഞ്ചിടിപ്പ് കൂടി.... "ഹലോ.... ആരാ.....?" മറു തലക്കൽ നിന്ന് ശ്രീയുടെ ശബ്ദം "ശ്രീധർ അല്ലെ....?" ഉറപ്പിക്കാൻ എന്ന വണ്ണം ജെസി ചോദിച്ചു "ജെസി.... " ശബ്ദം തിരിച്ചറിഞ്ഞ ശ്രീ ഞെട്ടലോടെ വിളിക്കുന്നു.... അത് ശ്രീ തന്നെയാണെന്ന് ജെസി ഉറപ്പിക്കുന്നു.... "ഇപ്പോഴും ഈ നമ്പർ തന്നെയാണോ....?" ജെസിയുടെ ചോദ്യം കേട്ട് ശ്രീ ചിരിച്ചു "അതേ.....എന്റെ ഭാര്യക്ക് അറിയുന്ന നമ്പർ ഇതാണ്......പത്ത് പതിനെട്ടു വർഷങ്ങൾക്ക് മുൻപ് എന്റെ ഭാര്യ എന്നെ ഇട്ടിട്ട് പോയി.... ഞാൻ തേടി ചെല്ലാതിരിക്കാൻ വേണ്ടി അവൾ നമ്പർ സഹിതം ചേഞ്ച്‌ ചെയ്തു..... എന്നെങ്കിലും അവൾ എന്നെ കോൺടാക്ട് ചെയ്യുമെന്ന് എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു..... അതുകൊണ്ട് അപ്പോഴും ഇപ്പോഴും എന്റെ ഭാര്യക്കറിയുന്ന ഈ നമ്പർ തന്നെയാണ് ഞാൻ യൂസ് ചെയ്യുന്നത്...." ചിരിയോടെ ശ്രീധർ പറയുന്നത് കേട്ട് ജെസി മറുപടി ഒന്നും പറയുന്നില്ല "ഡോ..... " ജെസിയുടെ അനക്കം ഒന്നും ഇല്ലെന്ന് കണ്ടതും ശ്രീ പുഞ്ചിരിയോടെ വിളിച്ചു "നാളെ..... നാളത്തെ ദിവസം ഏതാണെന്ന് ഓർമയില്ലേ....?"

ജെസി ചോദിച്ചു "മക്കളുടെ ജനനദിവസം ഓർത്ത് വെക്കാൻ കഴിയാത്ത ഒരു അച്ഛനല്ലെടോ ഞാൻ.... 😅 ഇത്രയും കാലം എനിക്ക് കൂട്ടായി എന്റെ സാഗർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.... ആ അവന്റെ ബർത്ത്ഡേ ഞാൻ എങ്ങനെ മറക്കും...." ചെറു ചിരിയോടെ ശ്രീ ചോദിച്ചു "നാളെ ഇവിടെ.... തറവാട്ടിൽ വെച്ച് സെലിബ്രേറ്റ് ചെയ്യണമെന്നുണ്ട്...." ജെസി ഒന്ന് നിർത്തി "നല്ല തീരുമാനം..... ഇത്രയും കാലം അവന്റെ ബർത്ത്ഡേ ഞാനും ജീവയും അലക്സും മാത്രമായി ഒതുങ്ങിപ്പോയിരുന്നു..... ഇത്തവണ അതിനൊരു മാറ്റം വന്നല്ലോ.... സന്തോഷം 😇" ശ്രീ സൗമ്യമായി പറഞ്ഞു അതിന് ജെസി ഒന്ന് മൂളി..... ജെസിക്ക് പിന്നെ എന്ത് പറയണമെന്ന് പോലും മനസ്സിലാവുന്നുണ്ടായിരുന്നില്ല ശ്രീയും മൗനത്തെ കൂട്ട് പിടിച്ചു "വേറൊന്നും പറയാൻ ഇല്ലെങ്കിൽ ഞാൻ വച്ചോട്ടെ....?" ഏറെ നേരത്തെ മൗനം വെടിഞ്ഞുകൊണ്ട് ശ്രീ ചോദിച്ചതും "ഏയ്യ്.... വെക്കല്ലേ വെക്കല്ലേ...." ജെസി ധൃതിപ്പെട്ട് പറയുന്നത് കേട്ട് ശ്രീയുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു "എന്താടോ....?" ജെസി പിന്നെയും ഒന്നും മിണ്ടാതെ നിന്നതും ശ്രീ ചോദിച്ചു "അത്..... നാളെ നിങ്ങൾ കൂടി പാർട്ടിക്ക് വരണമെന്ന് മക്കൾക്ക് വാശി....." ജെസി മടിച്ചു മടിച്ചു പറഞ്ഞു "ഓഹ്.... അത് താൻ കാര്യമാക്കണ്ട.... അവരെ എന്തെങ്കിലും പറഞ്ഞ് ഞാൻ സമ്മതിപ്പിച്ചോളാം....."

ശ്രീ പറഞ്ഞു "നിങ്ങൾ വരണം...." ജെസി അത് പറഞ്ഞതും ശ്രീക്ക് ആകെ അമ്പരപ്പായി "അല്ല.... നിങ്ങൾ ഇല്ലാതെ അവരും ഇല്ലാന്നാ പറയുന്നേ..... അതാ...." ജെസിയുടെ സംസാരം ഒക്കെ കേട്ട് ശ്രീ ആകെ ഷോക്ക് ആയി നിൽക്കുവാ.... ഇത്ര പെട്ടെന്ന് ജെസിക്ക് ഇങ്ങനൊരു മാറ്റം പുള്ളിക്കാരൻ സ്വപ്നത്തിൽ പോലും കരുതിയതല്ല.... "അല്ലാ..... ഞാൻ വരുന്നത് തനിക്ക് ഇഷ്ടമല്ലല്ലോ..... പിന്നെങ്ങനാ 🙄....?" ശ്രീ സംശയം വിട്ടു മാറാതെ ചോദിച്ചു "മക്കൾക്ക് വേണ്ടി താൻ ഇഷ്ടമില്ലാതെ എന്നെ ക്ഷണിക്കേണ്ട ആവശ്യമില്ല.... മക്കളെ ഞാൻ പറഞ്ഞ് വിട്ടോളാം..... താൻ അതൊന്നും ഓർത്ത് വി..."ശ്രീ പറഞ്ഞ് തുടങ്ങിയതും "ദേ മനുഷ്യാ.... നാളെ ഇവിടെ നടക്കാൻ പോകുന്നത് നമ്മുടെ മകന്റെ പിറന്നാൾ ആഘോഷം ആണ്..... സ്വന്തം മോന്റെ പിറന്നാളിന് നിങ്ങളെ ഇനി പ്രത്യേകിച്ച് ക്ഷണിക്കണോ.... ഒരു കാര്യം പറഞ്ഞേക്കാം.... മക്കളുടെം കൊച്ചു മക്കളുടെയും കാര്യം ഒന്നും എനിക്ക് അറിയണ്ട.... എന്റെ കൊച്ച് കേക്ക് കട്ട് ചെയ്യുമ്പോ നിങ്ങൾ ഇവിടെ ഉണ്ടായിരിക്കണം..... മനസ്സിലായോ.....??".....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story