സാഗരം സാക്ഷി...❤️: ഭാഗം 84

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അപ്പോ ഞാൻ ആഗ്രഹിച്ചത് പോലെയൊക്കെ കാര്യങ്ങൾ വരുന്നുണ്ട്..... ഇത്രയും ആയില്ലേ..... ഇനി ബാക്കി ഉള്ളത് ഞാൻ തീരുമാനിക്കുന്നത് പോലെയാകും നടക്കാൻ പോകുന്നത്....." ഇരുട്ടിന്റെ മറവിൽ ഒളിഞ്ഞു നിന്ന വസുവിന്റെ ചുണ്ടിൽ ഗൂഢമായ ചിരി ഉണ്ടായിരുന്നു ഒക്കെ കേട്ട ശ്രീ ഒന്ന് നിശ്വസിച്ചു.... "അത് വിട്ടേക്കെടോ..... എന്റെ മോളുടെ ഭാഗത്തും തെറ്റുണ്ട്..... റോയ് പല തവണ പറഞ്ഞതല്ലേ..... അവന്റെ മനസ്സിൽ എന്താണെന്ന്..... എന്നിട്ടും അവളതൊന്നും ചെവിക്കൊണ്ടില്ല..... അവളെ തിരുത്തുന്നതിന് പകരം അവൾക്കൊപ്പം നിന്നത് എന്റെ തെറ്റ്..... നിങ്ങൾ വിഷമിക്കണ്ട.... അവളെ ഞാൻ പറഞ്ഞ് തിരുത്തിക്കോളാം..... റോയിക്ക് ഒരു ശല്യമായി എന്റെ മകൾ ഇനി വരില്ല.... അവനോട് എല്ലാം മറന്നേക്കാൻ പറയ്..... പറ്റുമെങ്കിൽ എന്റെ മക്കളോട് ക്ഷമിക്കാനും...."ശ്രീ പറയുന്നതൊക്കെ കേട്ട് ജോർജ് ദയനീയമായി അയാളെ നോക്കി..... "നിങ്ങളുടെ വീട്ടിൽ കയറി എന്റെ മകൾ കാണിച്ചു കൂട്ടിയതിന് ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു..... സോറി....."

ശ്രീ ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു "ശ്രീ.... നീയെന്തിനാ ഇങ്ങനൊക്കെ പറയുന്നത്..... അവൾ ഞങ്ങളെ കൂടി കുട്ടിയല്ലേ..... അവരെ ഒന്നിപ്പിക്കണമെന്ന് നമ്മളും ആഗ്രഹിച്ച കാര്യമല്ലേ..... നീ വിഷമിക്കാതിരിക്ക്..... റോയിയോട് ഞാൻ സംസാരിക്കാം..... എത്രയും വേഗം നമുക്ക് അവരുടെ കല്യാണവും നടത്താം....."ജോർജ് പറയുന്നത് കേട്ട് വസു ഞെട്ടി..... "വേണ്ടടോ..... അതിനി ശരിയാവില്ല..... എന്റെ മകൾക്ക് യാചിച്ചു കിട്ടിയ ഒരു ജീവിതം കിട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല..... അത് എന്റെ ഒരു ചെറിയ വാശിയായിട്ട് കൂട്ടിയാൽ മതി.... 😅" ശ്രീ ചിരിച്ചു കൊണ്ട് പറഞ്ഞു "എനിക്ക് അവളുടെ ലൈഫിനെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടെടോ.... അവളെ ജീവനായി കാണുന്ന ഒരു പങ്കാളിയെ തന്നെ അവൾക്ക് കിട്ടണം..... റോയ് അങ്ങനെ ഒരാൾ ആകുമെന്ന് ഞാൻ കരുതി.... പക്ഷെ അങ്ങനെ അല്ല..... റോയ്ക്ക് എന്റെ മോളോടുള്ള മനോഭാവം എന്താണെന്ന് ഇന്ന് എനിക്ക് നേരിട്ട് മനസ്സിലായി..... അവന്റെ നോക്കിലും വാക്കിലും ഒക്കെ അതുണ്ടായിരുന്നു..... എന്റെ മകൾ ചെയ്തത് തെറ്റാണ്....

അതെനിക്ക് അറിയാം..... റോയിയുടെ ഉള്ളിന്റെ ഉള്ളിൽ ഒരു തരിമ്പ് എങ്കിലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ അവന് ഒരിക്കലും അവളെ നോവിക്കാൻ കഴിയില്ലായിരുന്നു..... താൻ പറഞ്ഞത് കൊണ്ട് റോയ് വിവാഹത്തിന് സമ്മതിച്ചാലും അവനൊരിക്കലും എന്റെ മകളെ സ്നേഹിക്കാൻ കഴിയില്ല.... എന്റെ മകളുടെ ലൈഫ് അറിഞ്ഞു വെച്ചിട്ട് തകർക്കാൻ ഞാൻ തയ്യാറല്ലടോ...."ചെറു ചിരിയോടെ ശ്രീ പറഞ്ഞു..... "ശ്രീ ഞാൻ പറയുന്നത്...." "വേണ്ട ജോർജെ..... ഒന്നും പറയണ്ട..... നമുക്ക് ഈ വിഷയം ഇവിടെ വെച്ച് അവസാനിപ്പിക്കാം..... അതാ നല്ലത്.... മെറിയെ ഞാൻ പറഞ്ഞു തിരുത്തിക്കോളാം..... എന്റെ മോളോട് ദേഷ്യം ഒന്നും തോന്നല്ലെടോ..... അവൾ കുട്ടിയല്ലേ...."അതും പറഞ്ഞു കൊണ്ട് ശ്രീ അവിടുന്ന് എണീറ്റു "അവളോട് ഒരിക്കലും ഞങ്ങൾക്ക് ദേഷ്യം തോന്നില്ല ശ്രീ..... ഞാൻ ഇറങ്ങുവാ....." ശ്രീയുടെ തോളിൽ തട്ടി ജോർജ് പുറത്തേക്കിറങ്ങി..... ശ്രീ ജോർജിനൊപ്പം പുറത്തേക്ക് വന്നതും ജോർജ് ശ്രീയെ നോക്കി തല കുലുക്കി കാറിൽ കയറി പോയി....

ശ്രീ അകത്തേക്ക് കയറി ഡോർ ലോക്ക് ചെയ്ത് തിരിഞ്ഞപ്പോൾ മുന്നിൽ തന്നെ വസു നിൽക്കുന്നു..... "ഞാൻ എല്ലാം കേട്ടു ഏട്ടാ..... ഞാനാണ് ഏട്ടന്റെ മക്കളെ ദ്രോഹിച്ചതെങ്കിൽ എന്നെ വെറുതെ വിടില്ലായിരുന്നല്ലോ..... ഇപ്പൊ ആ റോയ് അവളെ ഇത്രയൊക്കെ വേദനിപ്പിച്ചിട്ടും ഏട്ടൻ അവരോട് പോയി മാപ്പ് ചോദിക്കുന്നു.... കഷ്ടം...." അവർ ചുണ്ട് കോട്ടി..... ശ്രീ ഒന്നും മിണ്ടിയില്ല..... "ഞാൻ അവൾക്ക് കുറേ ദ്രോഹങ്ങൾ ചെയ്തിട്ടുണ്ട്.... അന്നെനിക്ക് ജെസിയോടുള്ള ദേഷ്യത്തിൽ ഞാൻ പലതും ചെയ്തിട്ടുണ്ട്.... സമ്മതിച്ചു..... പക്ഷെ ഇത്രയൊക്കെ കേട്ടപ്പോൾ എനിക്ക് പറയാതിരിക്കാൻ കഴിയുന്നില്ല.... മെറിനോട് അവൻ ഇത്ര ഒക്കെ ചെയ്തിട്ടും ആ വീട്ടിലെ ആരെങ്കിലും റോയ്ക്കെതിരെ സംസാരിച്ചോ....? അവനെ കുറ്റപ്പെടുത്തിയോ....?? പ്രണയിക്കുന്നത് ഒരു തെറ്റാണോ.....?? ഉള്ളിലെ പ്രണയം തുറന്ന് പറയാതെ.... അത് നേടിയെടുക്കാൻ ശ്രമിക്കാതെ ഒടുവിൽ അത് നഷ്ടപ്പെടുമ്പോൾ മനസ്സ് തകർന്ന് ജീവിക്കണമായിരുന്നോ അവൾ....?? അവൾ അത് ചെയ്യാതെ ഉള്ളിലെ ഇഷ്ടം തുറന്ന് പറഞ്ഞു.... അത് നേടിയെടുക്കാൻ ശ്രമിച്ചു.... ഇതാണോ അവന്റെ കണ്ണിൽ ഇത്ര വലിയ അപരാധം....??"ഉള്ളിൽ ചിരിച്ചു കൊണ്ട് ശ്രീയെ നോക്കി വസു ചോദിച്ചു.....

ശ്രീ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ട വസുവിന് ആവേശം കൂടി.... "ബോധം ഇല്ലാതെ അവൾ എന്തെങ്കിലും പറഞ്ഞെന്ന് കരുതി അവന് ബോധമില്ലായിരുന്നോ..... അവളുടെ ആങ്ങളമാർ അവിടെ ഉണ്ടായിരുന്നില്ലേ.... അതും അല്ലെങ്കിൽ ജെസി ഇല്ലായിരുന്നോ അവിടെ.....?? അവരെ ആരെയെങ്കിലും വിളിച്ചാൽ പോരായിരുന്നോ അവന്.... അവനത് ചെയ്തില്ല.... ഇപ്പോ കുറ്റം മുഴുവൻ ഏട്ടന്റെ മകൾക്ക്..... ആരും അവനെ കുറ്റപ്പെടുത്തുന്നില്ല..... ഏട്ടന് ഇത് വരെ അവരെ ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല..... ഇനിയെങ്കിലും ആളുകളെ ശരിക്ക് മനസ്സിലാക്കാൻ പടിക്ക്...."അത്രയും പറഞ്ഞു നിർത്തിയ വസു ശ്രീയുടെ മുഖത്തേക്ക് ഉറ്റുനോക്കി.... ശ്രീ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയതും വസു വിജയീഭാവത്തിൽ ചിരിച്ചു.... "ഇതുപോലെ വിഷം കുത്തി വെച്ച് നിങ്ങളെ പഴയത് പോലെ ഞാൻ എന്റെ വരുതിയിലാക്കും..... എത്രയും പെട്ടന്ന് തന്നെ...."മനസ്സിൽ മൊഴിഞ്ഞു കൊണ്ട് വസു അവിടുന്ന് പോയി **************°

റൂമിലേക്ക് വന്ന ശ്രീയുടെ മനസ്സിൽ വസുവിന്റെ വാക്കുകളായിരുന്നു..... എത്ര ശ്രമിച്ചിട്ടും അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല..... മെറിയെ കുറിച്ചുള്ള ആശങ്കകൾ മാത്രമായിരുന്നു ആ മനസ്സ് നിറയെ.... നാളെ ഉണരുമ്പോൾ അവളുടെ അവസ്ഥ എന്താണെന്ന് ഓർത്ത് ശ്രീക്ക് സമാധാനം നഷ്ടപ്പെട്ടു.... എങ്ങനെയൊക്കെയോ തിരിഞ്ഞും മറിഞ്ഞും അയാൾ ഉങ്ങാൻ ശ്രമിച്ചു..... ************° ജോർജിന്റെ കാർ മുറ്റത്ത് വന്ന ശബ്ദം കേട്ട് സാറയും ജോയിയും ജെസിയും ബാക്കിയുള്ളവരും പുറത്തേക്ക് വന്നു.... "ഇച്ചായാ.... അവൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ.... ഇച്ചായൻ അവളെ കണ്ടോ.....??" ജെസി ഓടി വന്ന് കൊണ്ട് ചോദിച്ചു "ഇല്ല ജെസി..... അവർ വീട്ടിൽ ഇല്ല..... ഫ്ലാറ്റിലാ.... ഞാൻ വീട്ടിൽ പോയി ശ്രീയെ കണ്ടു..... ഡ്രിങ്ക്സ് കഴിച്ചത് കൊണ്ട് ഒരു മയക്കം..... അത്രേ ഉള്ളു..... സാഗറും ജീവയും ജെറിയും ഒക്കെ അവളുടെ കൂടെ ഉണ്ട്....."ജോർജ് അത് പറഞ്ഞപ്പോഴാണ് എല്ലാർക്കും ആശ്വാസം ആയത് "ശ്രീ വേറെ എന്തെങ്കിലും പറഞ്ഞോ....?"

ജെസി ചോദിക്കുന്നത് കേട്ട് ജോർജിന്റെ മുഖം മങ്ങി ശ്രീ പറഞ്ഞതൊക്കെ ജോർജ് അവരോട് പറഞ്ഞതും എല്ലാവരുടെയും മുഖം മങ്ങി..... "ശ്രീയുടെ മനസ്സിൽ ഒരു കരട് വീണു കഴിഞ്ഞു..... അത് എടുത്ത് കളയാൻ ഞാൻ ഒരുപാട് ശ്രമിച്ചു.... പക്ഷെ കഴിഞ്ഞില്ല.... "ഒരു നെടുവീർപ്പോടെ ജോർജ് പറഞ്ഞു..... ജെസി ഒന്നും മിണ്ടിയില്ല.... "പപ്പാ..... ഇവരാരും എന്താ എന്റെ ഭാഗത്ത് നിന്ന് ചിന്തിക്കാത്തെ....?? ദേഷ്യം വന്നപ്പോൾ എന്തൊക്കെയോ ചെയ്തു പോയി..... അതിന് ഇവരൊക്കെ ഇങ്ങനെ റിയാക്ട് ചെയ്യുന്നത് എന്തിനാ....?? സാഗറും ജീവയും എന്നോട് ഇതുവരെ ഇങ്ങനെ പെരുമാറിയിട്ടില്ല..... അവന്റെ സഹോദരിയുടെ കാര്യം വന്നപ്പോൾ അവർ ഇത്രയും സെൽഫിഷ് ആയിപ്പോകുന്നത് എന്തിനാ.... അവൾ ചെയ്ത തെറ്റൊന്നും അവർ കാണാത്തത് എന്താ....??" അലക്സ് ചോദിക്കുന്നത് കേട്ട് ജോർജ് ഒന്ന് നിശ്വസിച്ചു..... ജെസി ഒന്നും മിണ്ടിയില്ല..... "ആ ചോദ്യം നീ നിന്നോട് തന്നെ ചോദിച്ചു നോക്ക് റോയ്..... ഇന്ന് സാഗറും ജീവയും ചെയ്തത് തന്നെയാണ് മറ്റൊരു രീതിയിൽ നീ അവരോടും ചെയ്തു കൊണ്ടിരുന്നത്.....

സാക്ഷിക്ക് സാഗറിനെ ഇഷ്ടമല്ലാഞ്ഞിട്ട് കൂടി സാഗർ അവളെ ശല്യപ്പെടുത്താറില്ലായിരുന്നോ.....?? ഇന്ന് മെറിൻ ചെയ്തത് തന്നെയാണ് സാഗറും ചെയ്തത്..... സാക്ഷി ആട്ടിയോടിച്ചപ്പോഴും അവൻ പിന്നാലെ വീണ്ടും വീണ്ടും വരുമായിരുന്നു..... അന്ന് നീയും അവന്റെ ഇഷ്ടത്തിന് സപ്പോർട്ട് അല്ലായിരുന്നോ..... അത് തന്നെയാണ് ഇന്ന് അവരും ചെയ്തത്..... സാക്ഷി നിന്റെ പെങ്ങളായത് കൊണ്ട് സാഗറിനെ നീ കൺട്രോൾ ചെയ്യാൻ ശ്രമിച്ചു.... വിവാഹത്തിന് മുൻപും ശേഷവും നീ അവനെ അവളുടെ അടുത്തേക്ക് പോകാൻ സമ്മതിക്കില്ലരുന്നു..... അതിന്റെ കാരണം എന്താ..... സാക്ഷിക്ക് അവനെ ഇഷ്ടമല്ലെന്ന് നിനക്ക് അറിയാമായിരുന്നു..... നിന്റെ പെങ്ങൾക്ക് ശല്യം ആവാതിരിക്കാൻ..... അവളെ protect ചെയ്യാൻ വേണ്ടി നീ സാഗറിനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്..... അവന് അതൊന്നും സഹിക്കേണ്ട ആവശ്യം ഇല്ലായിരുന്നു..... എന്നിട്ടും ഒക്കെ അവൻ തമാശ ആയി എടുത്തു..... സാക്ഷി അവന്റെ ഭാര്യ ആയിട്ട് കൂടി അവളുടെ അടുത്തേക്ക് പോകാൻ നീ അവനെ അനുവദിച്ചിട്ടില്ല.....

കാരണം നീ സാഗറിനെക്കാൾ സാക്ഷിക്കാണ് ഇമ്പോർട്ടൻസ് കൊടുത്തത്..... അവളുടെ ഇഷ്ടങ്ങളാണ് നോക്കിയത്.... അവൾക്കൊപ്പമാണ് നീ നിന്നത്.... ഇന്ന് സാഗറും അതേ ചെയ്തുള്ളു..... അവന്റെ സഹോദരിയുടെ ഇഷ്ടമാണ് അവൻ നോക്കിയത്..... അവളുടെ ഇഷ്ടത്തിന് ഒപ്പമാണ് അവൻ നിന്നത്..... സാഗർ നിന്റെ മുന്നിലിട്ട് സാക്ഷിയെ തല്ലിയാൽ നീ നോക്കി നിൽക്കുമോ.....?? സാഗർ നിന്നെ തല്ലാതെ വിട്ടത് ഒരുപക്ഷെ തെറ്റ് മെറിന്റെ ഭാഗത്ത് ആയത് കൊണ്ടാവാം..... അല്ലായിരുന്നെങ്കിൽ നീ ഇന്ന് നേരെ നിൽക്കില്ലായിരുന്നു..... ഇക്കാര്യത്തിൽ സാഗറും ജീവയും സെൽഫിഷ് ആണെങ്കിൽ നീയും സെൽഫിഷ് തന്നെയാണ് റോയ്..... അനിയത്തിയോട് സ്നേഹമുള്ള സഹോദരങ്ങൾക്കു ചിലപ്പോഴൊക്കെ സെൽഫിഷ് ആകേണ്ടി വരും റോയ്..... "ജോർജ് അത്ര മാത്രം പറഞ്ഞു കൊണ്ട് അകത്തേക്ക് കയറിപ്പോയതും പപ്പയുടെ ആ വാക്കുകൾ മാത്രമായിരുന്നു അലക്സിന്റെ ഉള്ളിൽ ഉണ്ടായിരുന്നത്..... "ശരിയാണ്..... എന്റെ സഹോദരികളുടെ കാര്യത്തിൽ ഞാനും സെൽഫിഷ് ആണ്.....

അവർക്ക് ഒന്നും സംഭവിക്കാതിരിക്കാൻ വേണ്ടി ജീവയെയും സാഗറിനെയും ആട്ടിയോടിക്കുമായിരുന്നു ഞാൻ..... അവർ അതിര് കടക്കില്ലെന്ന് പൂർണ ബോധ്യം ഉണ്ടെങ്കിലും അവരുടെ കാര്യത്തിൽ ഞാൻ കുറച്ചേറെ സെൽഫിഷ് ആയിരുന്നു..... സാക്ഷി അവന്റെ ഭാര്യ ആയിട്ട് കൂടി അവളുടെ കൂടെ നിന്ന് സാഗറിനെ ആട്ടിയോടിക്കും.... എന്തിനായിരുന്നു അത്.... അവർ ഭാര്യാഭർത്താക്കന്മാർ അല്ലെ.... അവളോടൊപ്പം സമയം ചിലവഴിക്കാനുള്ള അവകാശം അവനില്ലേ..... സാക്ഷിക്ക് അവനോടുള്ള എതിർപ്പ് മാറ്റിയെടുക്കാനുള്ള സാഹചര്യങ്ങൾ ഞാൻ ഇല്ലാതാക്കിയിട്ടും അവൻ എത്ര കൂൾ ആയിട്ടാണ് ബീഹെവ് ചെയ്തത്..... ആ അവൻ ഇന്നിങ്ങനെ മുഖം തിരിച്ചു പോകണമെങ്കിൽ അതവന് മനസ്സിൽ തട്ടിയത് കൊണ്ടാവില്ലേ....?? പപ്പ പറഞ്ഞത് ശരിയല്ലേ..... എന്റെ സാക്ഷിയെ സാഗർ ആണ് എന്റെ മുന്നിലിട്ട് തല്ലിയതെങ്കിൽ ഞാൻ ഇത്ര സംമ്യപനം പാലിക്കുമായിരുന്നില്ല..... സാക്ഷി അവനെ എത്ര തല്ലിയാലും ഇത് വരെ അവൻ അവളെ തിരിച്ചു തല്ലിയിട്ടില്ല..... പക്ഷെ എന്തൊക്കെയായാലും മെറിൻ ചെയ്തത് തെറ്റ് തന്നെയല്ലേ..... ഒരു നിമിഷത്തേക്കാണെങ്കിൽ കൂടി എന്റെ കുടുംബത്തിന് മുന്നിൽ ഞാൻ തെറ്റിദ്ധരിക്കപ്പെട്ടു.....

അനിയത്തിമാരുടെ മുന്നിൽ തല കുനിച്ചു നിൽക്കേണ്ടി വന്നു എനിക്ക്..... അവരെ നേർവഴിക്കു നയിക്കുന്ന ഞാൻ തന്നെ ഒരു കുറ്റക്കാരൻ ആയി നിൽക്കേണ്ടി വന്നപ്പോ ദേഷ്യം മാത്രമായി മനസ്സിൽ..... അവളോട് ഉണ്ടായിരുന്ന ഇഷ്ടമൊക്കെ പെട്ടെന്ന് ഇല്ലാതായത് പോലെ..... ആ നിമിഷം എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാനായില്ല..... ഞാൻ അങ്ങനെ പെരുമാറിയത് ഒക്കെ..... എല്ലാം അവളുടെ തെറ്റ് കൊണ്ട് സംഭവിച്ചതല്ലേ.....?? " മനസ്സിൽ ഓരോന്ന് ചിന്തിച്ചു നിന്ന അലക്സ് അവസാനം സ്വയം ചോദിക്കുന്നത് സാക്ഷി കേട്ടിരുന്നു....ജെസിയും സാറയും ജോയിയും ഒക്കെ അകത്തേക്ക് പോയിരുന്നു "അതിന് തല്ലണമായിരുന്നോ ഇച്ചാ..... അവളെ തല്ലാനുള്ള അധികാരം ഇച്ചന് ഉണ്ടോ.....??" സാക്ഷി സമാധാനത്തിൽ ചോദിച്ചു..... അവനൊന്നും മിണ്ടിയില്ല ...... "ഇച്ചായന് അവളെ ശരിക്കും ഇഷ്ടമല്ലല്ലേ....??" വിളറിയ ചിരിയോടെ അന്ന ചോദിച്ചു "ഇച്ഛന് അവളെ തീരെ ഇഷ്ടമല്ലായിരുന്നെങ്കിൽ ഇച്ഛന്റെ ഭാഗത്തും ന്യായമുണ്ട്..... പക്ഷെ ഉള്ളിൽ എവിടെയെങ്കിലും അവളോട് ഒരു തരിമ്പ് സ്നേഹം മറച്ചു വെച്ചിട്ടാണ് ഇന്നീ പ്രഹസനം ഒക്കെ കാണിച്ചതെങ്കിൽ ഇച്ചൻ ഇന്ന് ചെയ്തത് വലിയൊരു തെറ്റാണ്..... ഒരിക്കലും മാപ്പ് അർഹിക്കാത്ത തെറ്റ്....." സാക്ഷി അത് പറഞ്ഞതും അലക്സ് ഞെട്ടലോടെ തലയുയർത്തി അവളെ നോക്കി "ഇനിയെങ്കിലും പറയ്..... അങ്ങനെ ഒരിഷ്ടം ഇച്ഛന് അവളോട് ഉണ്ടോ....?"

സാക്ഷിയുടെ ചോദ്യം അവനെ അസ്വസ്ഥനാക്കി "ഞാൻ..... ഞാൻ എത്ര തവണ പറഞ്ഞതാ..... ഞാൻ നിങ്ങളെ ഒക്കെ പോലെയാ.... അ.....അവളെയും കണ്ടത്...."അലക്സ് അസ്വസ്ഥയോടെ പറഞ്ഞു..... "ഇച്ചായന്റെ പെരുമാറ്റം ഒക്കെ കണ്ടപ്പോൾ ഞങ്ങൾ കരുതി വെറുതെ അവളെ വട്ട് പിടിപ്പിക്കുന്നതാണെന്ന്....."അന്ന പറഞ്ഞത് കേട്ട് അലക്സ് തല താഴ്ത്തി ഇരുന്നു.... "ഞാൻ ഇച്ഛൻ പറഞ്ഞത് വിശ്വസിക്കുകയാണ്..... മറിച്ചൊന്നും ഇച്ഛന്റെ മനസ്സിൽ ഇല്ലെങ്കിൽ ഞങ്ങളൊരിക്കലും ഇച്ഛനെ കുറ്റക്കാരൻ ആയി കാണില്ല.... അതല്ല ചെറിയ ഒരു താല്പര്യം എങ്കിലും മെറിയോട് ഇച്ചന് ഉണ്ടായിരുന്നെങ്കിൽ ഇച്ചൻ ഇന്ന് ചെയ്തത് ഒരു കടന്ന പ്രവർത്തിയാണ്..... കാരണം അത്രത്തോളം ഇച്ചൻ അവളെ വാക്കുകൾ കൊണ്ട് ചെറുതാക്കി..... അവളുടെ അച്ഛന്റെ അമ്മയുടെയും മുന്നിൽ അവൾ ഒരു കുറ്റക്കാരിയെ പോലെ തല താഴ്ത്തി പിടിച്ചാണ് നിന്നത്...... ഇച്ചന് അവളെ ഇഷ്ടമല്ലെങ്കിൽ ഇച്ചൻ അതൊന്നും ഓർത്ത് വിഷമിക്കേണ്ട ആവശ്യമില്ല..... കാരണം ഇച്ചന്റെ ലൈഫ് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇച്ഛനുണ്ട്....."അത്രയും പറഞ്ഞ് സാക്ഷി അകത്തേക്ക് കയറിപ്പോയി..... പിന്നാലെ ശിഖയും അന്നയും..... അവർ പോയതും അലക്സ് ധർമസങ്കടത്തിലായി.....

"ഇച്ചായന് അവളെ ശരിക്കും ഇഷ്ടമല്ലല്ലേ....??" അന്നയുടെ ആ ചോദ്യം വീണ്ടും വീണ്ടും മനസ്സിലേക്ക് കടന്നു വന്നു കൊണ്ടേയിരുന്നു.... "എന്തിനാ.... എന്തിനാ താൻ അങ്ങനെ ഒക്കെ ചെയ്തത്.....?? എന്തിന് വേണ്ടിയാ എല്ലാവരുടെയും മുന്നിൽ അവളെ ഒരു കുറ്റക്കാരിയാക്കിയത്.....??" അവൻ മുടിയിൽ കൈ കൊരുത്ത് പിടിച്ചു വലിച്ചു കൊണ്ട് സ്വയം ചോദിച്ചു "നീ ഒരു സ്വാർത്ഥനാണ് റോയ്..... നിന്റെ വീട്ടുകാരുടെയും അനിയത്തിമാരുടെയും ഒക്കെ മുന്നിൽ എല്ലാ അർത്ഥത്തിലും നല്ലവനായി ഇരിക്കാനാണ് നീ ആഗ്രഹിക്കുന്നത്.... നിന്റെ സഹോദരങ്ങൾക്ക് ഒരു വഴി കാട്ടിയാകാൻ നീ ആഗ്രഹിക്കുന്നു..... മെറിൻ കാരണം അവരുടെ ഒക്കെ മുന്നിൽ തല കുനിക്കേണ്ടി വന്നതിന്റെ ഫ്രസ്ട്രേഷൻ..... നീ ഇത്രയും കാലം കെട്ടിപ്പടുത്ത ഇമേജ് ഇല്ലാതാകുമോ എന്നുള്ള ഭയം..... അതായിരുന്നു ഇന്ന് നിനക്ക് ഉണ്ടായത്.... നിന്റെ നിരപരാധിത്വം തെളിയിക്കാൻ തികച്ചും ഒരു സ്വാർത്ഥനായി അവളെ കുറ്റപ്പെടുത്തി..... ബോധം ഇല്ലാതെ ചെയ്തു പോയ തെറ്റിന് കൊടുക്കേണ്ട ഒരു ശിക്ഷ ആയിരുന്നില്ല നീ കൊടുത്തത്..... നിനക്ക് വലുത് നിന്റെ ഇമേജ് ആയിരുന്നു..... "അവന്റെ മനസാക്ഷി പറഞ്ഞ് കൊണ്ടേയിരുന്നു.....

"തെറ്റായിപ്പോയി..... ഞാൻ ചെയ്തതൊക്കെ തെറ്റായിപ്പോയി..... ക്ഷമിക്കണമായിരുന്നു ഞാൻ...."അതിന് മറുപടി എന്ന പോൽ അവൻ പറഞ്ഞു..... "അതേ.....തെറ്റ് നിന്റെ ഭാഗത്തും ഉണ്ട് റോയ്..... ഇഷ്ടം പറഞ്ഞു പുറകെ വരുമ്പോൾ ദേഷ്യപ്പെടാതെ ഒഴിവാക്കാതെ അവളെ മാന്യമായി പറഞ്ഞു മനസ്സിലാക്കണമായിരുന്നു..... ഇഷ്ടമല്ല ഇഷ്ടമല്ല എന്ന് പറഞ്ഞു ദേഷ്യപ്പെട്ടാൽ വാശി കൂടുകയേ ഉള്ളു..... അതാണ് അവളുടെ പ്രായം.... മാന്യമായി..... സമാധാനമായി അവളെ പറഞ്ഞു മനസ്സിലാക്കാമായിരുന്നു നിനക്ക്.....? ഇതിന് മുൻപും നിന്നോട് പ്രണയമാണെന്ന് പറഞ്ഞവരോട് ഒക്കെ നി അങ്ങനെ അല്ലെ ചെയ്തത്.... ആരോടെങ്കിലും ദേഷ്യപ്പെട്ടിട്ടുണ്ടോ.....?? ഒഴിവാക്കി വീട്ടിട്ടുണ്ടോ..... പറഞ്ഞു മനസ്സിലാക്കി വിടാറല്ലേ പതിവ്..... അത് എന്ത് കൊണ്ട് മെറിനോട്‌ ചെയ്തില്ല..... അവളോട് ദേഷ്യപ്പെട്ട് അവളെ എന്തിന് നീ വാശി കയറ്റി.... അതിന്റെ അർത്ഥം അവൾക്ക് മാത്രം എന്തോ പ്രത്യേകത ഉണ്ടെന്നല്ലേ.....??"അവന്റെ ഉൽമനസ്സ് അവനോട് ചോദിച്ചു ഒന്നും പറയാനാവാതെ അവൻ തലക്ക് കൈ കൊടുത്തിരുന്നു "നിന്റെ മനസ്സിന്റെ കോണിൽ എവിടെയോ അവൾ ഉണ്ട്..... ശരിയല്ലേ....??" ......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story