സാഗരം സാക്ഷി...❤️: ഭാഗം 93

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ജീവ.... നീ.... " സന്തോഷം കൊണ്ട് റോയ്ക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.... ഇതൊക്കെ കണ്ട് നിന്ന സാഗർ കണ്ണിൽ കുത്തി കണ്ണ് നീരൊക്കെ വരുത്തി അവരെ രണ്ട് പേരുടെയും പുറത്ത് കൂടെ ചാടി വീണ് കെട്ടിപ്പിടിച്ചു..... അവസാനം മൂന്നും കൂടി മലർന്നടിച്ചു താഴെ വീണു.... സാഗർ അവരുടെ പുറത്ത് കൂടി വീണത് കൊണ്ട് അവനൊന്നും പറ്റിയില്ല.... ജീവയും റോയിയും നടുവ് ഇടിച്ചാണ് വീണത്.... "ഭാഗ്യം.... ഒന്നും പറ്റിയില്ല...."നിലത്ത് നിന്ന് ചാടി എണീറ്റ് കൈയിലെ പൊടിയും തട്ടി സാഗർ പറഞ്ഞതും ആരോ പല്ല് കടിക്കുന്ന ശബ്ദം കേട്ട് അവൻ താഴേക്ക് നോക്കി അവിടെ നടുവും താങ്ങി എണീക്കാൻ പോലും പറ്റാതെ ഇരിക്കുന്ന ജീവയെയും റോയിയെയും കണ്ട് അവൻ ഒന്ന് പല്ല് ഇളിച്ചു കാണിച്ചു.... "അല്ല.... നിങ്ങൾ എന്തിനാ നിലത്ത് ഇരിക്കുന്നെ....😁??" അവന്റെ ചോദ്യം കേട്ട് റോയ് പല്ല് കടിച്ചു.... മെറി വന്ന് ജീവയെ പിടിച്ചു എണീപ്പിക്കുന്നത് കണ്ട റോയ് അവളെ ഒന്ന് നോക്കിക്കൊണ്ട് നിലത്ത് നിന്ന് എങ്ങനെയൊക്കെയോ എണീറ്റു.... ജീവയെ പിടിച്ചെണീപ്പിച്ച മെറി തിരിഞ്ഞപ്പോഴാണ് റോയ് നിലത്ത് നിന്ന് എണീറ്റത്.... മെറി തിരിഞ്ഞതും റോയ്ക്ക് നേരെ ആയത് കൊണ്ട് അവരുടെ മുഖങ്ങൾ ഒരിഞ്ച് പോലും വ്യത്യാസമില്ലാതെ അടുത്തു അവരുടെ മൂക്കിൻ തുമ്പുകൾ തൊട്ട് തൊട്ടില്ല എന്ന രീതിയിൽ ആയിരുന്നു.....

മെറിയെ അത്രയും അടുത്ത് കണ്ടപ്പോൾ അവന്റെ ഉള്ളം ഒന്ന് വിറച്ചു.... അറിയാതെ കണ്ണുകൾ ചിമ്മി..... എന്നാൽ മെറിയുടെ ഉള്ളം വിറച്ചില്ല.... മുഖത്ത് പരിഭ്രമത്തിന്റെ ചെറു കണിക പോലും ഉണ്ടായിരുന്നില്ല.... കണ്ണിൽ ആ പഴയ പ്രണയം ഇല്ല.... പകയും ഇല്ല..... ശൂന്യതയായിരുന്നു അവന് കാണാൻ കഴിഞ്ഞത്.... ആ സുന്ദരമായ കുഞ്ഞ് മുഖത്ത് ഒന്ന് തലോടാൻ അവന്റെ കൈകൾ തരിച്ചു..... അതിനായി സ്വബോധം നഷ്ടമായത് പോലെ അവൾക്ക് നേരെ കൈകൾ ഉയർത്തിയ റോയ്ക്ക് നേരെ മുഖം തിരിച്ചു മെറി അവിടുന്ന് മാറി നിന്നു ബോധം വന്നത് പോലെ അവൻ ആ കൈകൾ താഴ്ത്തിക്കൊണ്ട് ചുറ്റും നോക്കി..... എല്ലാവരും ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ അവന് അതൊരു അപമാനമായി തോന്നി..... തല കുനിച്ച് അവൻ അപമാനിക്കപ്പെട്ടവനെ പോലെ നിന്നതും ജീവ നടന്ന് വന്ന് അവന്റെ തോളിൽ കൈയിട്ട് അവനെ കൂട്ടി പുറത്തേക്ക് നടക്കാൻ ഒരുങ്ങി.... ഇതേസമയം ശിഖ ഓഫീസിൽ പോകാൻ റെഡി ആയി സ്റ്റെയർ ഇറങ്ങി വരികയായിരുന്നു..... ഒട്ടും പ്രതീക്ഷിക്കാതെ ജീവയെ കണ്ടപ്പോൾ അവൾ ശരിക്കും ഞെട്ടി....

"ജീ... ജീവേട്ടൻ....!" അവൾ ഞെട്ടലോടെ ഉരുവിട്ടു.... ഒരു പാവയെ പോലെ തറഞ്ഞു നിൽക്കുന്നവളെ കാണാത്ത ഭാവത്തിൽ അവൻ റോയിയെ കൂട്ടി അവിടെ നിന്നും പോയി.... അത് കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു..... പിറകെ ചെന്ന് അവന്റെ മുഖമടച്ചു ഒന്ന് കൊടുത്ത് ഇത്രയും കാലം ഉള്ളിൽ സ്വരുകൂട്ടിയ ചോദ്യങ്ങൾ ഒക്കെ ചോദിക്കാൻ മനസ്സ് പറഞ്ഞെങ്കിലും അവൾക്ക് ഒന്ന് ചലിക്കാൻ പോലും കഴിഞ്ഞില്ല... ശരീരവും മനസ്സും ഒരുപോലെ തളരുന്നത് പോലെ..... "വാ.... പോകാം...." അവൾ ഇനി അവിടെ നിന്നാൽ ശരിയാകില്ലെന്ന് തോന്നിയ അന്ന അവളെ പിടിച്ചു വലിച്ചു അവിടുന്ന് പോയി.... പോകുന്ന പോക്കിൽ ജീവയെ ഒന്ന് തുറിച്ചു നോക്കാനും അന്ന മറന്നില്ല.... ഇതൊക്കെ കണ്ട് നിന്ന സാക്ഷിക്കും ദേഷ്യം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.... അന്നയും ശിഖയും പോയതും സാക്ഷി ജീവക്ക് നേരെ നടന്നു..... അവന്റെ മുന്നിൽ ചെന്ന് നിന്ന് അവനെ തുറിച്ചു നോക്കി "ചോദിക്കാൻ ഒരുപാട് ഉണ്ട്......ഇന്ന് എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം എനിക്ക് കിട്ടണം.... അല്ലാതെ നിങ്ങൾ ഇവിടുന്ന് പോവില്ല ജീവേട്ടാ....." അവൾ വാശിയോടെ പറഞ്ഞതും ജീവ ഒന്ന് ചിരിച്ചു "നിന്റെ ചോദ്യങ്ങൾ എന്താണെന്ന് എനിക്ക് അറിയാം സാക്ഷി.....

അതിനൊക്കെ മറുപടി പറയുന്നതിന് മുൻപ് എന്റെ ഒരു ചോദ്യത്തിന് നീ മറുപടി പറയേണ്ടി വരും സാക്ഷി. ....." അവൻ പറയുന്നത് കേട്ട് സാക്ഷി മുഖം ചുളിച്ചു "എന്താ ഇതിന്റെ അർത്ഥം.....??" മൊബൈൽ ഫോണിലുള്ള ചിത്രം സാക്ഷിക്ക് നേരെ തിരിച്ചു കൊണ്ട് ജീവ ചോദിച്ചതും അത് കണ്ട് സാക്ഷി ഞെട്ടി.... എന്നാൽ ബാക്കിയുള്ളവർക്കൊന്നും കാര്യം എന്താണെന്ന് മനസ്സിലാവുന്നുണ്ടായിരുന്നില്ല.... "ഇതിൽ ഉള്ളത് ആരാണെന്ന് ഞാനായിട്ട് പറഞ്ഞു തരേണ്ട ആവശ്യം ഇല്ലല്ലോ....?" അവന്റെ ചോദ്യം കേട്ട് സാക്ഷി തലയും താഴ്ത്തി നിന്നു.... "ഒരു ചോദ്യം.... ഒരൊറ്റ ചോദ്യം.... എന്തിന് എന്നിൽ നിന്ന് ഇത് മറച്ചു വെച്ചു.....? എല്ലാം മറച്ചു വെച്ച് എന്നെ ചതിക്കാനായിരുന്നോ ഉദ്ദേശം.....??" അവന്റെ ചോദ്യം കേട്ട് സാക്ഷി നിറ കണ്ണുകളോടെ അല്ലെന്ന് തല കുലുക്കി.... സാഗർ അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു..... ബാക്കി ഉള്ളവരൊക്കെ അപ്പോഴും സംശയത്തിലായിരുന്നു "ചതിക്കാൻ അല്ലെങ്കിൽ പിന്നെ എന്തിന്..... ഇത്രയും വലിയൊരു രഹസ്യം എന്നിൽ നിന്നും മറച്ചു വെച്ച്.... ഞാൻ ഒരു പൊട്ടൻ..... എന്റെ ജീവനും ജീവിതവും എല്ലാം അവളാണെന്ന് കരുതി..... അവളിലേക്ക് മാത്രമായി ഒതുങ്ങി..... എന്നിട്ടും അവൾ എന്നോട് ഇത്രയും വലിയൊരു വഞ്ചനയാണ് കാണിച്ചത്.....

അവളെ സ്നേഹിച്ചതോർത്തു എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു..... " ജീവ ദേഷ്യത്തോടെ പറയുന്നത് കേട്ട് എല്ലാവരും ആശങ്കയിലായി.... "എന്താ ജീവ.... എന്താടാ പ്രശ്നം....??" ജോർജ് അവന്റെ തോളിൽ കൈ വെച്ച് ചോദിച്ചതും അവൻ ആ കൈ എടുത്തു മാറ്റി "അറിയണോ.... അറിയണോ നിങ്ങൾക്ക്....?" അവൻ ദേഷ്യത്തോടെ ചോദിച്ചു മെറിയും റോയിയും ജെറിയും ഒക്കെ സംശയത്തോടെ പരസ്പരം നോക്കി..... പിന്നീട് ജീവ പറയുന്ന ഓരോ കാര്യങ്ങളും അവരെ ഞെട്ടിപ്പിക്കുന്നതായിരുന്നു..... •••••••••••••• ഓഫീസിലേക്കുള്ള യാത്രയിൽ ശിഖയുടെ മനസ്സ് കലങ്ങി മറിയുകയായിരുന്നു..... ജീവയുടെ മാറ്റം അവൾക്ക് ഉൾക്കൊള്ളാൻ ആവുന്നതിനും അപ്പുറമായിരുന്നു..... അന്ന എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അതൊന്നും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല..... പെട്ടെന്നാണ് അവരുടെ കാറിന് മുന്നിലേക്ക് ഒരാൾ തെറിച്ചു വീണത്.... ഡ്രൈവ് ചെയ്തിരുന്ന അന്ന സഡൻ ബ്രേക്ക്‌ ഇട്ടപ്പോഴാണ് ശിഖ ചിന്തയിൽ നിന്നുണർന്നത്.... മുന്നോട്ട് നോക്കിയപ്പോൾ കാണുന്നത് അവരുടെ കാറിന് മുന്നിൽ വീണ ഒരു മധ്യവയസ്കനെ ഒരു ചെറുപ്പക്കാരൻ തല്ലി ചതക്കുന്നതാണ്.... ആ ചെറുപ്പക്കാരന്റെ മുഖം അവൾക്ക് കാണാൻ സാധിച്ചിരുന്നില്ല....

ആ മനുഷ്യനെ അവൻ നിഷ്കരുണം തല്ലുന്നത് ചുറ്റും കൂടിയവർ കൈയും കെട്ടി നോക്കി നിന്നു.... അയാളുടെ വായിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ ചോര പൊടിയുന്നത് കണ്ടതും ശിഖക്ക് ദേഷ്യമാണ് തോന്നിയത്.... അവൾ വേഗം ഡോർ തുറന്ന് ദേഷ്യത്തോടെ കാറിൽ നിന്നിറങ്ങി... "നീ ഇത് എങ്ങോട്ടാ....??" അന്ന ചോദിക്കുന്നതൊന്നും കേൾക്കാതെ അവൾ പാഞ്ഞു ചെന്ന് ആ ചെറുപ്പക്കാരന്റെ കൈയിൽ പിടിച്ചു അവൾക്ക് നേരെ തിരിച്ചു.... അവൻ ദേഷ്യത്തിൽ അവളെ ഇടിക്കാൻ ഓങ്ങിയെങ്കിലും അവളെ കണ്ടപ്പോൾ അവനൊന്ന് സ്റ്റക്ക് ആയി.... ഇടിക്കാൻ ഉയർത്തിയ കൈകൾ താഴ്ന്നു.... ശിഖ സംശയത്തോടെ അവനെ നോക്കി.... വെളുത്തു അത്യാവശ്യം ബോഡിയും ഉയരവും ഒക്കെ ഉള്ള സുന്ദരനായ ഒരു ചെറുപ്പക്കാരൻ..... ചെറുതായി നീട്ടി വളർത്തിയ അവന്റെ ചെമ്പൻ മുടി അവന്റെ കണ്ണിന് മുകളിലേക്ക് വീണതും അത് കൈ കൊണ്ട് വകഞ്ഞു മാറ്റി അവൻ ശിഖയെ നോക്കി പുഞ്ചിരിച്ചു..... അത് കണ്ട് അവൾ നെറ്റി ചുളിച്ചു.... അവനെ സൂക്ഷിച്ചു നോക്കി.... എവിടെയോ കണ്ട് മറന്ന മുഖം.... അവളത് ഓർത്തെടുക്കാൻ ശ്രമിച്ചു..... "Heloi...." അവൾ ചിന്തിച്ചു നിൽക്കുന്നത് കണ്ട് അവൻ അവൾക്ക് നേരെ വിരൽ ഞൊടിച്ചു "എന്താ....?" ഞെട്ടലോടെ അവനെ നോക്കിയവളോട് അവൻ പുരികം ഉയർത്തി ചോദിച്ചു "എന്താന്നോ.... തന്റെ അച്ഛന്റെ പ്രായമുള്ള ഈ മനുഷ്യനെ നടു റോഡിൽ ഇട്ട് തല്ലി ചതക്കാൻ എങ്ങനെ കഴിയുന്നു തനിക്ക്....

. കണ്ണിൽ ചോരയില്ലേ തനിക്ക്....?" അവൾ കലിയോടെ ചോദിച്ചു "ഇല്ല...." അവൻ കൂൾ ആയി മറുപടി പറഞ്ഞു ആ മറുപടി അവളെ ചൊടിപ്പിച്ചു..... "കാശുള്ളതിന്റെ ഹുങ്ക് പാവങ്ങളുടെ മേൽ അല്ല കാണിക്കേണ്ടത്...." അവനെ മൊത്തത്തിൽ ഒന്ന് നോക്കി പിറുപിറുത്തുകൊണ്ട് അവൾ തല്ല് കൊണ്ട മനുഷ്യനെ പിടിച്ചെണീപ്പിച്ചു..... അത് കണ്ടതും അവൻ അയാളെ വീണ്ടും ചവിട്ടി വീഴ്ത്തി.... അത് കണ്ട് അരിശം മൂത്ത ശിഖ അവനെ പിടിച്ചു തള്ളി...."എന്തിനാ കുഞ്ഞേ ഈ വൃത്തികെട്ടവനു വേണ്ടി ആ കുഞ്ഞിനോട് തല്ലുണ്ടാക്കുന്നെ.....??" കൂട്ടത്തിൽ ഉണ്ടായിരുന്ന സ്ത്രീ ചോദിക്കുന്നത് കേട്ട് അവൾ നെറ്റി ചുളിച്ചു "അയാളുടെ അച്ഛന്റെ പ്രായം കാണില്ലേ ഇദ്ദേഹത്തിന്.... എന്നിട്ട് ഒരു പട്ടിയെ തല്ലുന്നത് പോലെ അല്ലേ ഇവിടെ ഇട്ട് തല്ലിയത്..... നിങ്ങൾ എല്ലാവരും അത് കണ്ട് രസിക്കുവല്ലായിരുന്നോ....?" അവൾ ദേഷ്യത്തോടെ ചോദിച്ചു "പിന്നെ പെങ്ങളെ കയറി പിടിക്കുന്നവനെ തല്ലാതെ തലോടാനാണോ കുഞ്ഞു പറയുന്നേ....?" ആ സ്ത്രീയുടെ ചോദ്യം കേട്ട് ശിഖ ഞെട്ടി.... "ഇത് ഇവന്റെ സ്ഥിരം പരിപാടിയാ.... പെൺ കുട്ടികളെ വഴി നടക്കാൻ സമ്മതിക്കില്ല.... ആ ഞെരമ്പ് രോഗത്തിനുള്ള മരുന്ന് ആ പയ്യൻ കൊടുത്തു.... അത്രേ ഉള്ളു....

"മറ്റൊരാൾ അത് പറഞ്ഞതും ശിഖ ദേഷ്യത്തോടെ ആ തല്ല് കൊണ്ട മനുഷ്യനെ നോക്കി..... പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ ആ തല്ലിയവനെ ചുറ്റും നോക്കി.... പക്ഷെ അവിടെയെങ്ങും അവൻ ഉണ്ടായിരുന്നില്ല ••••••••••••••••• "എന്നിട്ട് നീ എന്താ അവളോട് സംസാരിക്കാതെ ഇങ്ങ് പോന്നത്....??" ചുറ്റും തന്നെ തിരയുന്ന ശിഖയെ പുഞ്ചിരിയോടെ നോക്കി നിൽക്കുന്നവനോട് അവൾ ചോദിച്ചത് കേട്ട് അവൻ ചിരിച്ചു... "ഞാൻ അവളോട് സംസാരിക്കാതെ ഇങ്ങ് വന്നത് കൊണ്ട് എന്നെ തിരയുന്ന ആ കണ്ണുകളെ എനിക്ക് ആസ്വദിക്കാൻ പറ്റി..... ഇനി അവളുടെ ചിന്തകളിൽ എവിടെയെങ്കിലും ഞാൻ ഉണ്ടാവും..... ഉണ്ടായില്ലെങ്കിൽ ഉണ്ടാക്കിയെടുക്കാൻ എനിക്കറിയാം....."ഒന്ന് മീശ പിരിച്ചു കൊണ്ട് അവൻ അവളെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു "കേട്ടിടത്തോളം അത് അത്ര എളുപ്പമല്ലടാ..... ചിലപ്പോ അവളുടെ പ്രണയത്തിനു മുന്നിൽ നിന്റെ പ്രണയം തോറ്റ് പോയെന്നിരിക്കും.....!" അവൾ ഒന്ന് മടിച്ച് കൊണ്ട് പറഞ്ഞതും അവൻ ചിരിച്ചു..... "നീ ഒന്ന് മറക്കുന്നു ശ്രേയാ..... അവൾ.... ശിഖ.... ഞാൻ താലി ചാർത്തിയ എന്റെ ഭാര്യയാണ്.....

ഈ സാരംഗ് സത്യമൂർത്തിയുടെ ഭാര്യ....!! താലി കെട്ടിയ ബന്ധത്തോളം വരില്ല ഒരു പ്രണയവും.... എനിക്കുറപ്പുണ്ട്..... അവളെന്നെ തിരിച്ചറിയുന്ന ആ നിമിഷം അവൾ എന്നിലേക്ക് മടങ്ങി എത്തിയിരിക്കും..... ഇനി ആരൊക്കെ എതിർത്താലും.... ആ വിശ്വാസം എന്നിൽ ഉള്ളത് കൊണ്ടാണ് അവളെ ശല്യം ചെയ്യാതെ വർഷങ്ങളായി ഒളിഞ്ഞും തെളിഞ്ഞും ഒരു നിഴൽ പോലെ കൂടെ നടക്കുന്നത്...."ശിഖയെ തന്നെ നോക്കിക്കൊണ്ട് തന്നെയാണ് അവൻ അത്രയും പറഞ്ഞത് "പക്ഷെ..... അവൻ നാട്ടിൽ എത്തിയിട്ടുണ്ടല്ലോ..... അത് പ്രശ്നമാവില്ലേ.....??" ശ്രേയ ചോദിക്കുന്നത് കേട്ട് അവൻ പുഞ്ചിരിച്ചു "അവൻ ആൺകുട്ടിയാണ് ശ്രേയ.... മറ്റൊരുത്തന്റെ ഭാര്യയെ മോഹിക്കാൻ മാത്രം ചെറ്റയല്ല അവൻ..... ആയിരുന്നെങ്കിൽ ഒരിക്കലും.... ഒരിക്കലും അവൻ എന്നെ തേടി വരില്ലായിരുന്നു...."....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story