സഖാവ് ❤️: ഭാഗം 1

sagav

എഴുത്തുകാരി: പൊന്നൂസ്‌

കഷ്ടിച്ച് ഒരാൾക്ക് കടന്ന് പോകാനുള്ള വഴിയിലേക്ക് അധികാരത്തോടെ വളർന്ന് നിൽക്കുന്ന ചെമ്പരത്തി കമ്പുകളെ വകഞ്ഞു മാറ്റി ധൃതിയിൽ അവൾ നടന്നു. ഇന്നെങ്കിലും കാണണം.. തിരിച്ച് ഒരു നോട്ടം പോലും കിട്ടില്ല എന്നറിയാമെങ്കിലും വെറുതെ ആ നോട്ടത്തിനായി കൊതിക്കും. കൊതി തീരെ കണ്ട് നിൽക്കും. പരീക്ഷക്കായി ഒരാഴ്ചത്തെ അവധി കിട്ടുമ്പോൾ സങ്കടമായിരുന്നു അവൾക്ക്. 7 ദിവസങ്ങൾ ഏഴ് യുഗങ്ങളായി അനുഭവപ്പെട്ടു.ഇന്ന് ആ വിഷമം അവസാനിക്കുമല്ലോ എന്നോർത്തപ്പോൾ വല്ലാത്ത ഒരു സന്തോഷം അവളെ പൊതിഞ്ഞു. കവലയിലേക്ക് നടക്കുമ്പോൾ കാലുകൾക്ക് പതിവിലും വേഗത ഉണ്ടായിരുന്നു. എങ്ങോട്ടാ പാറൂട്ട്യേ ഇത്ര ധൃതീല്..?

വേലിക്കപ്പുറത്ത് നിന്ന് സുമേച്ചി വിളിച്ചു ചോദിച്ചപ്പോൾ അവളുടെ കാലുകൾ പൊടുന്നനെ നിന്നു. കവലയിലേക്കാ സുമേച്ചി വായനശാലയിൽ ഒന്ന് പോണം. സുമേച്ചി ചോദ്യങ്ങളുടെ കെട്ടഴിക്കുന്നതിന് മുൻപേ അവൾ നടന്ന് നീങ്ങി. ഇനിയും വൈകിയാൽ പോകുന്ന കാര്യം നടക്കില്ല. നാലും കൂടിയ കവലയിൽ എത്തുമ്പോൾ അവളുടെ കണ്ണുകൾ ശരവേഗത്തിൽ ആൽചുവട്ടിലേക്ക് പാഞ്ഞു. ഇല്ല.. കാണുന്നില്ല.. ഇനി പോയിട്ടുണ്ടാകുമോ..? വായനശാലയിലേക്ക് കയറി കൈയിൽ കരുതിയിരുന്ന പുസ്തകം അവിടെ ഏൽപ്പിച്ച് അവൾ തിരിഞ്ഞു നടന്നു. കവലയിലെ ആൽമരത്തിന്റെ ഇടത് വശത്തുള്ള വഴിയിലൂടെ ഇട്ടിരുന്ന പാവാട തുമ്പ് പൊക്കി പിടിച്ചവൾ പാഞ്ഞു. വയൽ വരമ്പിൽ എത്തിയപ്പോൾ കണ്ടു പാടത്തിന് കുറുകെ വെട്ടിയ വഴിയിൽ കൂടി വയൽ മുറിച്ച് കടക്കുന്നവനെ.

അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. സഖാവെ.... നീട്ടി വിളിച്ചുകൊണ്ടവൾ വയലിലേക്ക് ചാടിയിറങ്ങി നടന്നു. കൊയ്യാറായ നെൽക്കതിരുകളെ തൊട്ട് തലോടി സായാഹ്നക്കാറ്റിനെ ഉള്ളിലേക്ക് ആവാഹിച്ച് സാവധാനം നടന്നിരുന്നവന്റെ കാലുകൾക്ക് വേഗതയേറി. ശരവേഗത്തിൽ അവനാ വയൽ മുറിച്ച് നടന്നു. പുറകെ അവളും.വരമ്പിലേക്ക് കയറി മുന്നിൽ കാണുന്ന വഴിയിലൂടെ പോകാൻ തുനിഞ്ഞവന്റെ മുൻപിൽ തടസ്സമായി നിന്നു അവൾ. ഇതെന്ത് പോക്കാ സഖാവെ... ഒന്നൂല്ലേലും ഞാൻ സഖാവിനെ കാണാൻ ഇത്രെടം വരെ വന്നതല്ലേ... നിന്നോട് ഞാൻ പറഞ്ഞോ എന്നെ കാണാൻ വരാൻ.... ഏഹ് പറഞ്ഞോന്ന്..!! ഹോ..!! നിങ്ങൾക്കെന്താ മനുഷ്യാ ഒന്ന് പതിയെ സംസാരിച്ചാൽ..

എപ്പൊ കണ്ടാലും ഒന്നെങ്കിൽ മൗനവൃതം അല്ലേൽ ഇതുപോലെ അലറൽ.ഈ നാട്ടിലെ സർവ മനുഷ്യരോടും മര്യാദക്ക് സംസാരിക്കാൻ നിങ്ങക്കറിയാം എന്നോട് മാത്രം ഈ ചൂടാവലും. ആരോടൊക്കെ ചൂടാവണം ആരോടോക്കെ മര്യാദക്ക് സംസാരിക്കണം എന്നൊക്ക എനിക്കറിയാം.. നീ എന്നെ പഠിപ്പിക്കാൻ വരണ്ട.... മാറി നിക്കടി അങ്ങോട്ട്..!! അവൻ ഒന്നൂടെ ഒച്ചയെടുത്തതും അവൾ ചിണുങ്ങി കൊണ്ട് മാറി നിന്നു. അവളെയൊന്ന് തറപ്പിച്ചു നോക്കിക്കൊണ്ടവൻ മുന്നോട്ട് നടന്നു. എന്റെ ദേവ്യേ... ഇത്രേം ഇരുട്ടിയോ ഇന്ന് അച്ഛമ്മ ചെവി പൊന്നാക്കിയത് തന്നെ. എങ്ങനെയാ ഒന്ന് തിരിച്ചു പോവ്വാ... ഡീ.. ഇനി എങ്ങനെയാ പോണേ..? കാല് കൊണ്ട് നടന്ന് പോവും. എന്നെ ഇഷ്ടല്യാത്തോര് എന്തിനാ അതൊക്കെ അറിയണേ.. ഞാൻ എങ്ങനേലും പൊക്കോളും.. ഹും..!! വരമ്പിലേക്ക് ഇറങ്ങി പാവാട അൽപ്പം ഉയർത്തി പിടിച്ച് ശ്രദ്ധയോടെ നടന്നു നീങ്ങുന്നവളുടെ പുറകെ ടോർച്ച് തെളിയിച്ചു കൊണ്ട് അവനും നടന്നു ഒരു കൂട്ടിനെന്നപോൽ..... തുടരും....

Share this story