സഖാവ് ❤️: ഭാഗം 10

sagav

എഴുത്തുകാരി: പൊന്നൂസ്‌

അമ്മേ.. ഞാൻ ഇറങ്ങാട്ടോ... കല്യാണിയമ്മയോട് ഉച്ചത്തിൽ പറഞ്ഞുകൊണ്ടവൾ തിടുക്കത്തിൽ പടികളിറങ്ങി ഉമ്മറത്തേക്ക് നടന്നു. എങ്ങോട്ടാ പാറൂ രാവിലെ..? എന്റെ കൂടെ പഠിച്ച ആരതിയുടെ കല്യാണ നിശ്ചയാ അച്ഛേ... അതിന് പോകുവാ.. എങ്ങനെയാ മോളേ പോണേ.. ബസില് കൂടെ ഗായുവും ഉണ്ട് അവള് അടുത്ത സ്റ്റോപ്പിന്ന് കേറും. ഹ്മ്മ് സൂക്ഷിച്ചു പോണോട്ടോ... ശെരി അച്ഛേ... മഹിക്ക് നേരെ കൈവീശിക്കൊണ്ടവൾ നടന്നു. പാടത്തൂടെ പോകുമ്പോൾ അവളുടെ കണ്ണുകൾ ചുറ്റും പാഞ്ഞു കൊണ്ടിരിന്നു. പ്രതീക്ഷിച്ച ആളെ കാണാത്തതിനാൽ തലകുനിച്ചു നേരെ നടന്നു. ************** ദേഹത്തെന്തോ വന്ന് വീണത് പോലെ തോന്നിയവൻ കണ്ണുകൾ വലിച്ചു തുറന്നു. നോക്കിയപ്പോൾ അടുത്ത് കിടന്ന അജു കാല് വലിച്ച് മേത്തേകിട്ടാതാണ്.

അജുവിനെ നേരെ പിടിച്ച് കിടത്തിയവൻ എഴുന്നേറ്റു. ഇന്നലെ ഇവിടെ കിടന്നുറങ്ങിയത് കൊണ്ടാവും ദേഹതൊക്കെ ചെറിയ വേദന അനുഭവപ്പെടുന്നു. ഒന്നുകൂടെ താഴേക്ക് ഊർന്ന് കൊണ്ടവൻ കാല് താഴെക്കിട്ട് നേരെയിരുന്നു. മുന്നിലേക്ക് നോക്കിയവന്റെ കണ്ണുകൾ എന്തിലോ ഉടക്കി നിന്നു. പ്രിയപ്പെട്ടതെന്തോ അടുത്തെത്തിയത് പോലെ...അവന്റെ മനസ്സിൽ സന്തോഷം നിറഞ്ഞു. അവന്റെ കണ്ണുകൾ താഴെ നടന്നു പോകുന്നവളെ പിന്തുടർന്നു. ഒരു പച്ച ചുരിദാർ ആണ് വേഷം കയ്യിൽ ഒരു ബാഗും പിടിച്ചിട്ടുണ്ട്. തല കുനിച്ചാണ് നടപ്പ് അത്കൊണ്ട് മുഖത്തെ ഭാവങ്ങൾ ഒന്നും തന്നെ കാണാൻ പറ്റുന്നില്ല. ശ്ശെ... അവൾ ഒന്ന് തലപൊക്കി നോക്കിയിരുന്നേൽ... അറിയാതെ അവൻ മനസ്സിൽ പറഞ്ഞു.

ഒരുപക്ഷെ മനസ്സും ആഗ്രഹിക്കുന്നുണ്ടാവാം അവളെ കാണണമെന്ന്. അവൾ കണ്മുന്നിൽ നിന്ന് മറഞ്ഞു പോകുന്നത് വരെ അവൻ നോക്കിയിരുന്നു. പാടം കടന്ന് വഴിയിലേക്ക് കയറിയവൾ നടന്ന് മറഞ്ഞു. അവൾ പോയതും അജുവിനെ തട്ടി വിളിച്ച് വീട്ടിലേക്ക് പറഞ്ഞ് വിട്ടുകൊണ്ട് അവനും വീട്ടിലേക്ക് നടന്നു. ************** ആൽചുവട്ടിൽ കൂട്ടുകാരുടെ കൂടെ ഇരിക്കുകയാണ് കിച്ചു. എല്ലാരും പാർട്ടി കാര്യങ്ങളിൽ മുഴുകി സംസാരിച്ചുകൊണ്ട് ഇരിക്കുകയാണ്.. കൂടെ അവനും... ശ്ശേ.. ഈ പെണ്ണ് ഇതെവിടെ പോയതാണാവോ... എത്ര നേരായി പോയിട്ട്... മനുഷ്യനിവിടെ ഉച്ച മുതൽ നോക്കിയിരിക്കാൻ തുടങ്ങിയതാ... കാര്യമായ ചിന്തയിലാണവൻ. പെട്ടെന്നാണ് അവരുടെ മുൻപിലേക്ക് ഒരാൾ വന്ന് വീണത്. എല്ലാവരും അവനെ നോക്കി... കയ്യും കാലും എല്ലാം മുറിഞ്ഞിരിക്കുന്നു.ഇട്ടിരുന്ന ഷർട്ട്‌ മുഴുവൻ രക്തത്തിൽ കുതിർന്നിരിക്കുന്നു. ഞെട്ടലോടെ എല്ലാവരും ആൽത്തറയിൽ നിന്ന് ചാടിയിറങ്ങി.

കിച്ചുവിന്റെ ഉൾപ്പെടെ അവിടെ ഇരുന്ന എല്ലാവരുടെയും ഉറ്റചങ്ങാതിയായ അഭിഷേക് ആയിരുന്നു അത്. അവനെ തല്ലിയത് എതിർ പാർട്ടിയിലുള്ള പ്രവീണും. കിച്ചു പെട്ടെന്ന് തന്നെ ഓടിച്ചെന്ന് അഭിഷേകിനെ വാരിയെടുത്തു. അഭി... അഭി.. ഡാ കണ്ണുതുറക്ക്.. അവന്റെ മുഖത്ത് തട്ടി വിളിച്ചു. അപ്പോഴേക്കും അജു വെള്ളവുമായി വന്നു. എല്ലാവരും കൂടി അവനെ താങ്ങിയെടുത്ത് ആൽത്തറയിലേക്ക് കിടത്തി. അപ്പോഴാണ് അഭി ഒരു കൈ കൊണ്ട് വയറിൽ പൊതിഞ്ഞു പിടിച്ചിരിക്കുന്നത് കിച്ചു കാണുന്നത്. അവൻ വേഗം അഭിയുടെ ഷർട്ട്‌ അഴിച്ചു മാറ്റി. എല്ലാവരും ഞെട്ടി..!! വയറിന്റെ ഇടതു വശത്ത് കുത്തേറ്റിരിക്കുന്നു.അവൻ വേഗം ആ ഷർട്ടെടുത്ത് അഭിയുടെ മുറിവിൽ മുറുക്കി കെട്ടി. വേദനയാൽ അവനൊന്ന് പിടഞ്ഞു.

ഒന്നൂല്ലടാ... നിനക്കൊന്നും വരുത്തില്ല... നിറഞ്ഞു വന്ന കണ്ണുകളെ തടഞ്ഞു നിർത്തിക്കൊണ്ടവൻ അഭിയെ എടുത്തുകൊണ്ട് ഒരു വണ്ടിയിൽ കയറ്റി. കൂടെ അജുവും വേറെ രണ്ട് പേരും കയറി. അവൻ ശരവേഗത്തിൽ വണ്ടി ആശുപത്രിയിലേക്ക് വിട്ടു. തല്ലിക്കൊല്ലെടാ ആ നായിന്റെ മോനെ..!! കൂട്ടത്തിലൊരുവൻ പാഞ്ഞു ചെന്നു കൊണ്ട് പുറകിൽ എല്ലാം കണ്ട് രസിച്ച് നിന്നിരുന്ന പ്രവീണിനെ ചവിട്ടി തെറിപ്പിച്ചു. ചവിട്ട് കൊണ്ട് തെറിച്ചു വീണിട്ടും അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് എണ്ണീറ്റു. അപ്പോഴേക്കും പ്രവീണിന്റെ കൂടെയുള്ളവരും വന്നിരുന്നു.............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story