സഖാവ് ❤️: ഭാഗം 11

sagav

എഴുത്തുകാരി: പൊന്നൂസ്‌

ആശുപത്രിയിലേക്ക് അഭിയേയും കൊണ്ട് പായുമ്പോൾ ഉരുകുകയായിരുന്നു അവൻ തോളിൽ കയ്യിട്ട് നടന്നവനാണ് വേദനയാൽ പിടയുന്നത്. പുറകിലേക്ക് നോക്കിയപ്പോൾ കണ്ടത് അഭിയേ മുഖത്തും കൈയ്യിലും എല്ലാം തട്ടി വിളിച്ച് ഉണർത്താൻ ശ്രമിക്കുന്ന അജുവിനെയാണ്....കൂടെ അവനെ വിളിച്ച് കരയുന്നുമുണ്ട്. കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണുനീർ കാഴ്ചയെ മറക്കുമെന്നായപ്പോൾ പുറംകൈ കൊണ്ട് കണ്ണുകൾ അമർത്തി തുടച്ച് റോഡിലേക്ക് ശ്രദ്ധ തിരിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേ അഭിയെ ഐസിയുവിലേക്ക് കയറ്റി. കൂടെ വന്ന രണ്ട് പേരെയും അവിടെ നിർത്തി അജുവും കിച്ചുവും കൂടി അവിടെ നിന്ന് ഇറങ്ങി. തിരിച്ചുള്ള യാത്രയിൽ അജുവാണ് വണ്ടി ഓടിച്ചത്... അവൻ നോക്കുമ്പോൾ കിച്ചു ആർക്കോ ഫോൺ ചെയ്യുകയാണ്. അവന്റെ കയ്യിലെയും നെറ്റിയിലെയും ഞരമ്പുകൾ എഴുന്നു നിൽക്കുന്നു. കണ്ണുകൾ ചുവന്ന് കലങ്ങിയിരിക്കുന്നു. ഹ്മ്മ്....

അവന്റെ എല്ലെങ്കിലും വീട്ടുകാർക്ക് കിട്ടിയാൽ മതിയാരുന്നു.. കിച്ചുവിനെ ഒന്നുകൂടി നോക്കിയവൻ ഷിർട്ടിന്റെ കൈ കയറ്റി വച്ച് വണ്ടി പറപ്പിച്ചു വിട്ടു. അവർ നേരെ പോയത് പ്രവീണിന്റെ അടുത്തേക്കായിരുന്നു. ചെല്ലുമ്പോൾ അവന്റെ പാർട്ടിക്കാർ മുഴുവൻ വടിവാളും കത്തിയും കല്ലുമൊക്കെയായി എന്തിനും തയ്യാറായി നിൽപ്പാണ്. അവരുടെ ആളുകൾ കിച്ചു വരാനായി കാത്തു നിൽക്കുകയായിരുന്നു. അവരെ കണ്ട പാടെ അവരും തയ്യാറായി. അവരുടെ എല്ലാം മുന്നിൽ പ്രവീൺ ഒരു കത്തിയും കയ്യിൽ പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു. അതിൽ പറ്റിയിരിക്കിന്ന അഭിയുടെ രക്തം കാണെ അവന്റെ കണ്ണുകൾ ജ്വലിച്ചു. ആഹ് നീ വന്നോ...? എങ്ങനെയുണ്ട് ജീവനോടെ ഉണ്ടോ നിന്റെയൊക്കെ അഭി.. ചുണ്ടുകോട്ടി ചിരിച്ചു കൊണ്ട് പ്രവീൺ ചോദിച്ചു. ഹ്മ്മ്... നീ എന്ത് വിചാരിച്ചു..നിന്റെയൊക്കെ ഒരു അടിയോ വെട്ടോ കൊണ്ടാലുടനെ അവൻ അങ്ങ് തീരുമെന്നോ...

അതിന് നിന്നെയൊന്നും പോലെ പുറകിൽ നിന്ന് കുത്തുന്ന ആണുംപെണ്ണും കെട്ടവന്മാരല്ലടാ ഞങ്ങൾ. നല്ല കരളുറപ്പുള്ള എന്ത് വന്നാലും നെഞ്ചും വിരിച്ച് നേരിടാൻ ധൈര്യമുള്ള നല്ല ഒന്നാന്തരം കമ്യൂണിസ്റ്റ്കാരാ.. ഹ്മ്മ്.. പിന്നെ എന്റെ പെങ്ങളുടെ പുറകെ നടന്നവനെ ഞാൻ മാലയിട്ട് സ്വീകരിക്കണമായിരുന്നോ... നിന്റെ പെങ്ങളുടെ പുറകെ നടന്നുവെന്നുള്ളത് ശെരിയായിരിക്കും. അത്‌ അവന് അവളെ നോക്കാം എന്ന് ഉറപ്പുള്ളത് കൊണ്ടാ... അവൻ അവളെ നല്ലതു പോലെ നോക്കുമെന്നുള്ളതിന് വേറെ ആരെക്കാളും ഉറപ്പ് എനിക്ക് ഉണ്ട്. അവന് ഇപ്പൊ നല്ല ഒരു ജോലിയുമുണ്ട്.. കഷ്ടപ്പെടാനുള്ള മനസ്സുമുണ്ട്. അവർക്ക് രണ്ട് പേർക്കും ഇഷ്ടമാണേൽ ഞങ്ങൾ നടത്തും അവരുടെ കല്യാണം. ഹാ..!!അതെനിക്കറിയാടാ നീയൊക്കെ കല്യാണം നടത്തുമെന്ന്.. അതുകൊണ്ട് തന്നെയാ അവനിട്ട് പണിഞ്ഞത്. നേരെ നിൽക്കാൻ കെൽപ്പുണ്ടെങ്കിലല്ലേ അവൻ താലി കെട്ടു...

അവൻ രണ്ട് കാലിൽ നിൽക്കാറാവുമ്പോഴേക്കും അവൾ കല്യാണവും കഴിഞ്ഞ് ഈ നാട്ടിൽ നിന്ന് തന്നെ പോയിട്ടുണ്ടാവും. ഹ്മ്മ്.. നീ ഞൊട്ടും... നീ അവൾടെ കല്യാണം നടത്തുവോ നടത്താതിരിക്കുവോ.. അത് നിന്റെ കാര്യം. പക്ഷെ.. ഞങ്ങളുടെ കൂട്ടത്തിൽ ഒരുത്തനെ തൊട്ടിട്ട് നിന്നെ അങ്ങനെ വെറുതെ വിടുവോ ഞങ്ങൾ.അത് കേട്ടതേ പ്രവീണിന് ഓർമയുണ്ടായിരുന്നുള്ളു. പിന്നെ കണ്ണ് തുറന്നപ്പോൾ നിലത്ത് കിടക്കുകയാണ്. തലക്കകത്ത് ആകെയൊരു പെരുപ്പ്. മൂക്കിന് എന്തോ പോലെ തോന്നിയതും അവൻ പതിയെ മൂക്കിൽ തൊട്ട് നോക്കി. കട്ടപ്പിടിച്ച രക്തം മൂക്കിലൂടെ ഒഴുകുകയാണ്. അവനെ അടിച്ചത് കണ്ട് അവന്റെ ആൾക്കാർ കിച്ചുവിനും കൂട്ടുകാർക്കും നേരെ പാഞ്ഞു.രണ്ട് കൂട്ടരും തമ്മിൽ വല്ലാത്തൊരു വാശിയോടെ തമ്മിൽ തല്ലി. ചുറ്റും കൂടി നിന്ന നാട്ടുകാരുടെ നേരെ കല്ലുകളും മറ്റും കൊണ്ടപ്പോൾ ആൾക്കാർ ചിതറിയോടി. **************

ശ്ശോ..! ഈ ബസ് ഇങ്ങനെ പണി തരുമെന്ന് ആരറിഞ്ഞു..? ഉച്ച കഴിയുമ്പോഴേക്ക് എത്താന്ന് പറഞ്ഞ് ഇറങ്ങിയതാ.. ഇന്ന് അമ്മ എന്നെ കൊല്ലും... ഓരോന്നോർത്ത് ഇരിക്കുമ്പോഴാണ് മുൻപിൽ എന്തൊക്കെയോ ബഹളം കേട്ടത്. സൈഡ് സീറ്റിലേക്ക് നീങ്ങിയിരുന്നുകൊണ്ടവൾ പുറത്തേക്ക് കണ്ണ് പായിച്ചു. ആരൊക്കെയോ ചേർന്ന് ഭയങ്കര അടിയും വഴക്കുമാണ്. പെട്ടെന്ന് ഡ്രൈവർ ബസ് നിർത്തി. അവൾ വേഗം ഇറങ്ങി. അങ്ങോട്ടോ ഇങ്ങോട്ടോ കടക്കാൻ കഴിയുന്നില്ല. ബാറ്റുകൊണ്ടും വടികൊണ്ടുമെല്ലാം ആൾക്കാർ തമ്മിൽ തല്ലുന്നത് കണ്ട് അവൾക്കാകെ പേടി തോന്നി. ഓടി പോകണമെന്നുണ്ട്... പക്ഷെ ഒരടി മുൻപോട്ട് വച്ചാൽ അവരുടെ ഒത്ത നടുക്കാണ്. അപ്പുറത്തേക്ക് കടക്കാൻ ഒരു മാർഗ്ഗവുമില്ല.

എന്തെങ്കിലും വഴിയുണ്ടോ എന്നറിയാൻ ചുറ്റും പരതിയപ്പോഴാണ് ഒരുത്തന്റെ മൂക്കിലേക്ക് ആഞ്ഞിടിക്കുന്നവനെ കാണുന്നത്. നെറ്റിയിലെ മുറിവിലൂടെ ചോരയൊലിച്ച് ഇട്ടിരുന്ന ഷർട്ടിലേക്ക് ഇറ്റ് വീഴുന്നുണ്ട്. എന്റീശ്വരാ... ഇങ്ങേരും ഉണ്ടോ തല്ല് പിടിക്കാൻ... ഒന്നുമാലോചിക്കാതെ അവന്റെ അടുത്തേക്ക് നടക്കാനൊരുങ്ങുമ്പോഴാണ് എവിടെ നിന്നോ ഒരു കല്ല് അവളുടെ നെറ്റിയിൽ വന്ന് തട്ടിയത്. അവൾക്ക് വല്ലാത്ത വേദന അനുഭവപ്പെട്ടു. നെറ്റിയിൽ തൊട്ട് നോക്കിയപ്പോൾ വല്ലാതെ രക്തം വരുന്നു. കാഴ്ച മങ്ങുന്നത് പോലെ തോന്നിയതും ഒന്നിരിക്കാനായി അവൾ കടത്തിണ്ണയിലേക്ക് തിരിഞ്ഞു. എന്നാൽ അതിന് മുൻപേ ബോധം മറഞ്ഞ് അവൾ തറയിലേക്ക് വീണിരുന്നു. അവൾ വീണതും ഒരു കൈ വന്ന് അവളെ കോരി എടുത്തു.............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story