സഖാവ് ❤️: ഭാഗം 14

sagav

എഴുത്തുകാരി: പൊന്നൂസ്‌

ചെറു ചൂടുവെള്ളം മേത്തേക്ക് ഒഴിച്ചപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നിയവന്. തലയിൽ കേട്ടുള്ളത് കൊണ്ട് തലനനക്കാൻ വയ്യ. എങ്കിലും ഒരു വിധത്തിൽ കുളിച്ചിറങ്ങി അടുക്കളയിലേക്ക് നടന്നു. ചെന്നപ്പോൾ അമ്മ അജുവിനും അപ്പുവിനും ചോറ് വാരിക്കൊടുക്കുകയാണ്. അജുവിനാണെങ്കിൽ മുഖത്തെ നീര് കാരണം കഴിക്കാൻ നന്നേ പ്രയാസമായിരുന്നു. ഇതാരാടാ നിന്റെ മോന്തേടെ ഷേപ്പ് മാറ്റിയെ..? അവർക്കരികിലേക്ക് ചെന്ന് ഒരു കസേര വലിച്ചിട്ടിരുന്നവൻ അജുവിന്റെ കവിളിൽ പതിയെ തൊട്ട് കൊണ്ട് ചോദിച്ചു. സ്സ്.... അജു എരിവു വലിച്ചു കൊണ്ട് അവന്റെ കൈ തട്ടി മാറ്റി അവനെ തുറിച്ചു നോക്കി. ഞാൻ ഇത്രേം നേരം നിന്റെ കൂടെ തന്നെയല്ലായിരുന്നോ...

എന്നിട്ട് എപ്പോഴാണോടാ നീ ഇത് കണ്ടത്..? എന്തായാലും അജുവേട്ടന് ഈ മുഖം തന്നെയാ ചേരുന്നത്... ഇപ്പൊ കണ്ടാൽ ആരും പറയും കുരങ്ങിൽ നിന്ന് പരിണാമം സംഭവിച്ച ഏതോ ജീവിയാണെന്ന്.. അപ്പു പറയുന്നത് കിച്ചു പൊട്ടിച്ചിരിച്ചു. പരിണാമം സംഭവിച്ച ജീവി ഞാനല്ല ദേ ഇവനാ...നിന്റെ ചേട്ടൻ നന്ദകിഷോർ. ഹാ... മിണ്ടാതിരിക്ക് മൂന്നും... നന്ദുവമ്മേ രണ്ടിനും ചോറ് കൊടുക്കണ്ടാട്ടോ... ഇതിനെയൊന്നും വളർത്തിയിട്ടും ഒരു കാര്യവുമില്ല. അതും പറഞ്ഞ് അജു നന്ദിനിയുടെ കയ്യിൽ പിടിച്ച് ചോറ് വായിലേക്ക് വച്ചു. അതിനവർ ഒന്ന് ചിരിച്ചു. നന്ദിനിക്ക് കിച്ചുവിനെയും അപ്പുവിനെയും പോലെ തന്നെയായിരുന്നു അജുവും... മൂന്നു പേർക്കുമിടയിൽ ഒരു അതിർ വരമ്പുകളുമില്ല...

പരസ്പര സ്നേഹവും വിശ്വാസവും മാത്രം... അജുവിനും അങ്ങനെ തന്നെയാണ്.. അവന്റെ അമ്മയെ പോലെ ഒരുപക്ഷെ അതിനേക്കാളേറെ അവന് അടുപ്പം അവന്റെ നന്ദുവമ്മയോടാണ്. അവർ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മൂന്നു പേർക്കും വാരി കൊടുത്തു. ************** വേദനയുള്ള ഭാഗങ്ങളിലൊക്കെ കുഴമ്പിട്ട് നന്നായി ഒഴിഞ്ഞു കൊടുക്കുകയാണ് കല്യാണിയമ്മ അവൾക്ക്.അവൾ തന്നെയാണ് അമ്മയെ കുഴമ്പിടാൻ വിളിച്ചു വരുത്തിയത്. ഇല്ലെങ്കിൽ നാളത്തെ സഖാവിനെ കാണാനുള്ള പോക്ക് അമ്മ മുടക്കുമെന്ന് അവൾക്ക് നന്നായറിയാം... അതിനു മുൻപ് ഉഷാറായി അമ്മയെ കാണിച്ചു കൊടുക്കണം. അങ്ങനെ പലതും കണക്കു കൂട്ടി അവൾ കിടന്നു. പാറൂ... ഞാൻ പോവ്വാട്ടോ...

നിനക്ക് ഒറ്റക്ക് കിടക്കാലോ അല്ലേ..? അതോ അമ്മ കൂടെ കിടക്കണോ... വേണ്ടമ്മാ.. അമ്മ പോയി കിടന്നോ ഞാൻ ഒറ്റക്ക് കിടന്നോളാം... മെല്ലെ പുതപ്പെടുത്ത് പുതപ്പിച്ച് അവളുടെ നെറ്റിയിൽ ഒന്ന് മുത്തിക്കൊണ്ട് അവർ മുറിവിട്ടിറങ്ങി. പകൽ കുറെ നേരം ഉറങ്ങിയത് കൊണ്ടാവാം അവൾക്ക് ഉറക്കം വന്നതേയില്ല. വെറുതെ കണ്ണ് തുറന്ന് മുകളിലേക്ക് നോക്കി കിടന്നു. സഖാവിന് എന്നോട് ശെരിക്കും ഇഷ്ടം ഉണ്ടാവോ..? അത്‌ കൊണ്ടാണോ എന്നെ രക്ഷിച്ചത്. അതോ.... ഏഹ്.. എന്റെ സ്ഥാനത്ത് വേറെ ആരാണെങ്കിലും സഖാവ് അങ്ങനെയേ ചെയ്യുവോള്ളൂ... പക്ഷെ എനിക്കുറപ്പാ സഖാവിന് എന്നെ ഇഷ്ടാ.... പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട് ആ കണ്ണിൽ എന്നോടുള്ള ഇഷ്ടത്തെ...

പിന്നെ എന്തിനാ അങ്ങേര് അതിങ്ങനെ മറച്ച് പിടിക്കുന്നെ... ഇഷ്ടാണെന്ന് പറഞ്ഞാൽ അങ്ങേരുടെ തലയൊന്നും പോവൂല്ലല്ലോ... താൻ നോക്കിക്കോഡോ സഖാവേ...താൻ തന്നെ വന്ന് എന്നോട് പറയും.. പാറൂ എനിക്ക് നിന്നെ ഇഷ്ടാണെന്ന്... പറയുപ്പിക്കും ഞാൻ... എന്നിട്ട് വേണം എനിക്ക് പാർവതി മഹേന്ദ്രനിൽ നിന്ന് പാർവതി നന്ദകിഷോർ ആവാൻ... ക്ഷീണത്താൽ കണ്ണുകൾ അടഞ്ഞു പോവുന്നു.പതിയെ ഒന്നുകൂടി നേരെ കിടന്നവൾ കണ്ണുകളടച്ചു... ************** കിച്ചുവിന്റെ മുറിയിൽ കട്ടിലിൽ കിടക്കുകയാണ് അവനും അജുവും നടുക്ക് തന്നെ അപ്പുവും കിടപ്പുണ്ട്. അപ്പു ഉറങ്ങിയെന്ന് കണ്ടതും അജു മെല്ലെ കിച്ചുവിനെ വിളിച്ചു. ശൂ...ശു... അളിയാ... എന്താടാ തെണ്ടി നിനക്ക് ഉറക്കമൊന്നുമില്ലേ....

കണ്ണുകൾ പതിയെ അടഞ്ഞു പോവുമ്പോഴാണ് അജുവിന്റെ വിളി... അതല്ലെടാ.. ഞാൻ ഒരു കാര്യം ചോയ്ക്കട്ടെ..? വേണ്ട.. നാളെ ചോദിച്ചാ മതി. കിടന്നുറങ്ങ്. അജുവിനോട് പറഞ്ഞുകൊണ്ടവൻ തിരിഞ്ഞു കിടന്നു. ഹാ... ഇത് ഇപ്പൊ തന്നെ ചോയ്ക്കണം... എന്നാലേ ശെരിയാവൂ.. ആഹ് എന്നാ പറഞ്ഞ് തൊലക്ക്.. അതേ... എന്താന്നോ... ഇത്രേം നാളും ഞാൻ വിചാരിച്ചത് പാറു നിനക്കൊരു പെങ്ങളെ പോലെയാണെന്നാ... പക്ഷെ അതങ്ങനെയല്ല അവളെ കാണുമ്പോ നിന്റെ മുഖത്തെ ആ തെളിച്ചവും കണ്ടില്ലേൽ ഇടവഴിയിലേക്ക് കണ്ണും നട്ടുള്ള നിന്റെ ആ ഇരിപ്പും പിന്നെ ഇന്നത്തെ സംഭവവും എല്ലാം കൂടെ കൂട്ടി വായിക്കുമ്പോ എന്തോ...... എവിടെയോ ചീഞ്ഞ് നാറുന്നുണ്ട്....ശെരിയല്ലേ...

അജുവിന്റെ ആ ചോദ്യം കേട്ട് കിച്ചു ഞെട്ടി. അവൻ കിടന്നിടത്ത് നിന്ന് ചാടിയെഴുന്നേറ്റു. ഹോ.. എന്റേടാ നീ ഇങ്ങനെ ഞെട്ടുന്നതെന്തിനാ ഞാൻ ഒരു സംശയം ചോദിച്ചതല്ലേ...അവനെ ഒന്നാക്കിക്കൊണ്ട് അജു പറഞ്ഞു. മിണ്ടാതെ അവിടെ കിടന്നോണം ഇല്ലേൽ ചവിട്ടി താഴെയിടും കോപ്പേ.... ചമ്മൽ മറക്കാണെന്നോണം കിച്ചു അജുവിനോട് ചൂടായി. ഓഹ്.. നമ്മൾ പറയുന്നതാ ഇപ്പൊ കുറ്റം.. അവനെ നോക്കി പുച്ഛം വാരിവിതറി കൊണ്ട് അജു തിരിഞ്ഞു കിടന്നു. ഒരു ചിരിയോടെ അവനും.............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story