സഖാവ് ❤️: ഭാഗം 15

sagav

എഴുത്തുകാരി: പൊന്നൂസ്‌

ജനലഴികളിൽ പിടിച്ച് കണ്ണെത്താദൂരം പരന്ന് കിടക്കുന്ന പാടത്തേക്ക് ഒരു ചെറു ചിരിയോടെ നോക്കിയവൾ.. തിരിഞ്ഞ് തന്റെ മുറിയിൽ നിന്ന് പാവാടത്തുമ്പ് ഉയർത്തി പിടിച്ച് പതിയെ പടികളിറങ്ങി ഉമ്മറത്തേക്ക് നടന്നു. എന്റെ പാറൂ.... നീ വയ്യാണ്ടിരിക്കുമ്പോ എങ്ങോട്ടാ ഈ പോണേ... മുറ്റത്തേക്കിറങ്ങി ചെരുപ്പിടുമ്പോഴാണ് കല്യാണിയമ്മയുടെ വിളി. ഞാൻ ഇപ്പൊ വരാം എന്റെ കല്യാണിക്കുട്ടി.. അവരുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ടവൾ തിരിഞ്ഞു നടന്നു. കവലയിൽ എത്തിയപ്പോൾ അവളുടെ കണ്ണുകൾ അതിവേഗം ആൽച്ചുവട്ടിലും പാർട്ടി ഓഫീസിന്റെ മുറ്റതുമെല്ലാം പാഞ്ഞു നടന്നു. അവിടെയൊന്നും കാണാതായപ്പോൾ വല്ലാത്തൊരു പേടി തോന്നിയവൾക്ക്. ഇനി വയ്യാഴിക വല്ലോം ഉണ്ടോ... ഇല്ലേൽ എന്നും ഇവിടെ വരണതല്ലേ... എന്തൊക്ക വന്നാലും അവനെ കാണണമെന്ന ചിന്തയിൽ ഇടവഴി കയറിയവൾ വേഗത്തിൽ നടന്നു.

വയൽ വരമ്പത്തെത്തിയപ്പോൾ ആരോ വയലിന്റെ ഒത്ത നടുക്ക് നിൽക്കുന്നതവൾ കണ്ടു. എന്നാൽ അത്‌ തന്റെ സഖാവാണെന്ന് മനസ്സിലാക്കാൻ അവൾക്ക് അധിക സമയം വേണ്ടി വന്നില്ല. തലയിലൊരു തോർത്തും കെട്ടി തൂമ്പ കൊണ്ട് കിളക്കുകയാണ്. ഓഹ് വയ്യാണ്ടിരിക്കുമ്പോളെങ്കിലും ഇങ്ങേർക്ക് ഒന്നടങ്ങി ഇരുന്നൂടെ... പിറുപിറുത്തുകൊണ്ടവൾ അവനരികിലേക്ക് നടന്നു. പരിചിതമായൊരു ഗന്ധം തന്നെ പൊതിയുന്നത് അവനറിഞ്ഞു.ആ ഗന്ധം മനസ്സിലാക്കിയെന്നോണം അവൻ തിരിഞ്ഞു. അപ്പോൾ കണ്ടു തന്റെ തൊട്ടു പിന്നിൽ നിൽക്കുന്നവളെ.. അവളെ കണ്ട് അവന്റെ കണ്ണുകൾ വിടർന്നെങ്കിലും പൊടുന്നനെ ആ സന്തോഷം ദേഷ്യത്തിലേക്ക് വഴിമാറി. നിനക്കിത് എന്തിന്റെ സൂക്കേടാ കൊച്ചേ...

അവളെ നോക്കി കണ്ണുരുട്ടിക്കൊണ്ടവൻ ചോദിച്ചു. എന്താ സഖാവേ... അവൻ പറഞ്ഞതിന്റെ പൊരുളറിയാണെന്നോണം അവൾ അവന് നേരെ മുഖമുയർത്തി. എന്താണ് പോലും.. മാറങ്ങോട്ട്.. വയ്യാണ്ടിരിക്കുമ്പോഴാ അവൾടെ സർക്കീട്ട്. ദേഷ്യത്തോടെ അതും പറഞ്ഞവൻ അവളെ മറികടന്ന് മുന്നോട്ട് നടന്നു. അയിന് ഞാൻ ദൂരെ എങ്ങും പോയില്ലല്ലോ ഇവിടെ വരെ വന്നെന്നല്ലേയുള്ളൂ.. അതും ഞാൻ ചുമ്മാ വന്നതല്ല.. സഖാവിനെ കാണാൻ വന്നതാ... അതും കേട്ടതും തിരിഞ്ഞ് നിന്ന് അവളെ ഒന്നൂടെ കനപ്പിച്ചു നോക്കിയവൻ. അത്‌ കണ്ടവൾ അവനെ നിഷ്കളങ്കമായി നോക്കി.. അവൾടെ കുഞ്ഞുങ്ങളെ പോലെയുള്ള നോട്ടം കണ്ട് ചിരി പൊട്ടിയെങ്കിലും അത്‌ മറച്ചകൊണ്ട് കിച്ചു പാടത്തിന് കുറുകെ വെട്ടിയ ആ കുഞ്ഞു വഴിയിലൂടെ നടന്നു. ഇപ്പൊ എങ്ങനെയുണ്ട് സഖാവേ... വേദന കുറവുണ്ടോ..?

അവനൊന്നടങ്ങിയെന്ന് തോന്നിയതും അവൾ മെല്ലെ ചോദിച്ചു. അവനിൽ നിന്ന് മറുപടിയൊന്നും വന്നില്ല. ഓഹ് അങ്ങേരുടെ ഒരു ജാഡ.. ചുണ്ട് കോട്ടിയവൾ അവന് പിന്നാലെ നടന്നു. വരമ്പിലേക്ക് കയറി തിരിഞ്ഞു നോക്കതെയവൻ നടന്നു.. പിന്നാലെ അവളും.. വീട്ടിലേക്ക് നടക്കാനൊരുങ്ങവേ അവൾക്ക് പെട്ടെന്ന് തലചുറ്റുന്നത് പോലെ തോന്നി. പതിയെയവൾ അടുത്തുണ്ടായിരുന്നു ഒരു പരന്ന കല്ലിലേക്കിരുന്നു. കുറച്ചു ദൂരം നടന്നവൻ ശബ്ദമൊന്നും കേൾക്കാത്തതിനാൽ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് വഴിയിറമ്പിൽ ഒരു കല്ലിൽ തല കുമ്പിട്ടിരിക്കുന്നവളെയാണ്. ശരവേഗത്തിൽ അവൻ അവളുടെ അടുത്തേക്ക് പാഞ്ഞു. എന്താ.... എന്താ പാറൂട്ടി..? എ... എനിക്ക് തലചുറ്റുന്നു സഖാവേ... കുഴഞ്ഞുള്ള അവളുടെ ശബ്ദം കേട്ട് അവന് വല്ലാത്ത പേടി തോന്നി.

പെട്ടെന്ന് തന്നെ കിച്ചു അവളെ കയ്യിൽ കോരിയെടുത്തു. പെട്ടെന്നുള്ള അവന്റെ ആ നീക്കത്തിൽ ഒന്ന് ഞെട്ടിയെങ്കിലും അവളുടെ ചൊടികൾ പുഞ്ചിരി തൂകി. അവളെയും എടുത്ത് അടുത്തുള്ള ഒരു കലുങ്കിൽ ഇരുത്തി അവനും ഇരുന്നു. ഇരുന്നിട്ടും അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.. പുറകിലേക്ക് വീഴാൻ പോവും പോലെ... അവളുടെ അവസ്ഥ അറിഞ്ഞത് പോലെ അവന്റെ അവളെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു. അതവൾക്ക് ആശ്വാസം നൽകി. ഞാൻ ഒന്ന് ചാരിയിരുന്നോട്ടെ സഖാവേ... മ്മ്... ഒരു മൂളൽ മാത്രം.. എന്നാൽ അത്‌ മതിയായിരുന്നു അവൾക്ക്. അവൾ പതിയെ അവന്റെ തോളിൽ ചാരി ഇരുന്നു. കുറച്ച് നേരം അങ്ങനെ ഇരുന്നപ്പോൾ ആശ്വാസം തോന്നിയവൾക്ക്.. ഇരുവർക്കുമിടയിൽ മൗനം തളം കേട്ടി നിന്നു. അവൾ പതിയെ അവനെ ഒന്ന് നോക്കി. ദൂരേക്ക് കണ്ണും നട്ടിരുപ്പാണ്..

എന്തോ ആലോചിക്കുകയാണെന്ന് വ്യക്തം. സഖാവേ... അവൾ പതിയെ വിളിച്ചു. ദൂരേക്ക് പാഞ്ഞ തന്റെ കണ്ണുകളെ പിൻവലിച്ച് അവൻ അവളുടെ മുഖത്തേക്ക് നോക്കി. എന്നെ ഇഷ്ടാണെന്ന് ഒരു വട്ടം പറയോ... ഒറ്റ വട്ടം മതി.. കേൾക്കാനുള്ള കൊതി കൊണ്ടാ.. തന്റെ കണ്ണിൽ നോക്കി കെഞ്ചി പറയുന്ന പെണ്ണിനെ കാണെ അവന്റെ ഉള്ളു നൊന്തു. ഇഷ്ടമാണെന്ന്... നീയെന്നാൽ ഭ്രാന്താണെന്ന് ആയിരം വട്ടം വിളിച്ചു പറയണമെന്ന് തോന്നി. എന്നാൽ മൗനത്തെ കൂട്ടു പിടിക്കാനേ അവനായുള്ളൂ. ഇഷ്ടല്ലേൽ പറയണ്ട... അവളുടെ മുഖം താഴ്ന്നു. അവൻ പതിയെ അവളുടെ മുഖം പിടിച്ചുയർത്തി.. ഇങ്ങോട്ട് നോക്ക് പാറൂ.. നമ്മൾ തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട് അതൊന്നും നിനക്ക് ഇപ്പൊ പറഞ്ഞാൽ മനസ്സിലാവണമെന്നില്ല..

പക്ഷെ നമ്മൾ എന്നെങ്കിലും ഒന്നിച്ചു ജീവിക്കാൻ ഇടയായാൽ ഈ വ്യത്യാസങ്ങൾ തന്നെ നമുക്കിടയിൽ ചേർച്ച കുറവിന് കാരണമാകും. എന്നെങ്കിലും നിനക്ക് ആ തീരുമാനം തെറ്റായിരുന്നെന്ന് തോന്നിയാൽ....ചങ്ക്‌ കല്ലാക്കി അത്‌ പറയുമ്പോൾ തൊണ്ട ഇടറുമെന്ന് തോന്നിയവൻ ഒന്ന് നിർത്തി അവളെ നോക്കി.. അത്‌ കൊണ്ട് ഈ ഇഷ്ടമൊക്കെ മറന്നേക്ക്...നിനക്ക് മുൻപിൽ നല്ലൊരു ജീവിതമുണ്ടിപ്പോൾ അത്‌ ഈ കുഞ്ഞ് ഗ്രാമത്തിൽ ജീവിച്ചു തീർക്കാനുള്ളതല്ല.. ഞാൻ ഒരു കാര്യം പറയട്ടെ സഖാവെ.... എന്താണെന്ന അർത്ഥത്തിൽ അവൻ അവളെ നോക്കി. സഖാവിപ്പോൾ പറഞ്ഞതൊന്നും എന്റെ തലയിൽ കേറീല്ല... നിഷ്കളങ്കമായ അവളുടെ പറച്ചിൽ കേട്ട് അവൻ പല്ല് കടിച്ചു.. ഹോ... ഇതിനോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല വെറുതേ മനുഷ്യന്റെ വായിലെ വെള്ളം വറ്റിക്കാൻ... ഇങ്ങോട്ട് എഴുന്നേറ്റ് വാ വീട്ടിൽ കൊണ്ട് വിടാം.. അവളെ പിടിച്ചു എണ്ണീപ്പിച്ചു കൊണ്ട് കയ്യും പിടിച്ചവൻ നടന്നു. പുഞ്ചിരിയോടെ അവളും.............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story