സഖാവ് ❤️: ഭാഗം 18

sagav

എഴുത്തുകാരി: പൊന്നൂസ്‌

വാക്കുകൾ ഇടിമിന്നൽ പോലെ ചെവിയിലേക്ക് തുളഞ്ഞു കയറി. തനിക്ക് ചുറ്റുമുള്ള നടക്കുന്നതെല്ലാം സത്യമാണോ എന്നു പോലും അവൾക്ക് സംശയം തോന്നി. മനസ്സ് ശൂന്യമായ നിമിഷങ്ങൾ... മഹിയും കല്യാണിയമ്മയും അവളുടെ അടുത്തേക്ക് നടന്നടുത്തു. എന്താ മോളെ...? മഹി പതിയെ അവളുടെ തോളിൽ പിടിച്ച് കൊണ്ട് ചോദിച്ചു അച്ഛനിപ്പോ ആരുടെ കല്യാണക്കാര്യാ പറഞ്ഞേ..? ഓഹ്.. അതാണോ.. മോളിങ്ങു വന്നേ ഇവിടിരിക്ക് അച്ഛ പറയുന്നത് സമാധാനായിട്ട് കേൾക്ക്... മഹി അവളെ മേശക്കരികിലിട്ടിരുന്ന ഒരു കസേരയിലേക്ക് ഇരുത്തി. മോള്‌ ഞാൻ പറയണത് ശ്രദ്ധിച്ച് കേൾക്കണം... മോള്‌ പറഞ്ഞതത് ശെരിയാ മോൾക്കൊരു കല്യാണാലോചന. നല്ല ആൾക്കാരാ മോളെ..

പയ്യൻ ടൗണിൽ ഒരു ബാങ്കിൽ മാനേജരാ... നല്ല കുടുംബം. അതാവുമ്പോ മോൾക്ക് ഇനി പഠിക്കണമെങ്കിലും ടൗണിൽ തന്നെ നല്ല കോളേജിൽ പഠിക്കാലോ..പിന്നെ നമ്മുടെ കിച്ചു കൊണ്ടുവന്ന ആലോചനയായത് കൊണ്ട് മറുത്തൊന്ന് ചിന്തിക്കാനുമില്ല. ചെക്കൻ ആ കുട്ടീടെ കൂടെ പഠിച്ചതാത്രേ.. അത്രയും കേട്ടപ്പോഴേ അവളുടെ കാത് കൊട്ടിയടക്കപ്പെട്ടിരുന്നു. ചെവിയിൽ ഇയ്യം ഉരുക്കി ഒഴിച്ചത് പോലെ തോന്നിയവൾക്ക്.തന്റെ പ്രണയം.... അപ്പോൾ തന്റെ ഇഷ്ടത്തിന് ഒരു വിലയുമില്ലെന്നാണോ... ഒന്നും മിണ്ടാതെ വലിയ ശബ്ദത്തോടെ കസേര പിന്നിലേക്ക് നിരക്കി അവൾ എഴുന്നേറ്റ് കാറ്റു പോലെ പടികൾ കയറി മുകളിലേക്കോടി. മുറിയിലേക്ക് കയറി കതകടച്ച് നിലത്തേക്കിരുന്നു.

ഇഷ്ടമാണെന്നാണ് കരുതിയത് പക്ഷെ... താനൊരു ശല്യമായിരുന്നോ... ജീവനേക്കാളേറെ താൻ സ്നേഹിച്ചതല്ലേ പട്ടിയെ പോലെ പിറകെ നടന്നതല്ലേ എന്നിട്ടും ഒരു ചെരുപ്പിന്റെ വില പോലും നൽകിയില്ലല്ലോ...ഓരോന്നലോചിക്കും തോറും ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.. തലക്ക് വല്ലാത്ത വേദന. എന്നാൽ അത്‌ കാര്യമാകാതെ അവൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. കോണിപടികൾ ഓടിയിറങ്ങി.താഴെ മൂന്ന് പേരും അവളെ അത്ഭുതത്തോടെ നോക്കി.. എന്നാൽ അത്‌ കാര്യമാക്കാതെ മുറ്റത്തേക്കിറങ്ങി വേഗത്തിൽ നടന്നു. വിവേകത്തേക്കാൾ വിചാരങ്ങൾ ആധിപത്യം സ്ഥാപിച്ച നിമിഷങ്ങൾ. പെയ്യുന്ന കണ്ണുകൾ. പ്രണയത്താൽ മുറിവേറ്റ ഹൃദയം. വഞ്ചിക്കപ്പെട്ടു എന്ന തോന്നൽ.

കേട്ട വാക്കുകളാൽ കൊട്ടിയടക്കപ്പെട്ട കാതുകൾ. മുന്നിൽ നീണ്ടു കിടക്കുന്ന വഴിയിലൂയിടെ വേഗത്തിൽ നടക്കുമ്പോൾ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു അവൾ. തന്നെ കടന്ന് പോയവരെയോ നോക്കി ചിരിച്ചവരെയോ ഒന്നുമവൾ കണ്ടില്ല.. എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്തണമെന്ന് മാത്രമേ അവൾ ചിന്ദിച്ചിരുന്നുള്ളു. **************** കട്ടിലിൽ പലതും ചിന്തിച്ചു കിടക്കുകയായിരുന്നു കിച്ചു. കുറച്ചു മുൻപ് വരെ താൻ പറഞ്ഞതും ചെയ്തതുമായ കാര്യങ്ങൾ ഓർത്തപ്പോൾ ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നിയവന്. ഉള്ളാകെ വല്ലാത്തൊരു നോവ് പടർന്നു. കണ്ണിറുക്കി അടച്ച് അങ്ങനെ കിടന്നു. ****************

പാറു മുറ്റത് വന്ന് ചുറ്റും നോക്കി ആരെയും കണ്ടില്ല. അവൾക്ക് വേഗം അകത്തേക്ക് കടന്നു. ഹാളിലും ആരുമുണ്ടായിരുന്നില്ല. മറുത്തൊന്ന് ആലോചിക്കാതെയവൾ കിച്ചുവിന്റെ മുറി ലക്ഷ്യമാക്കി നടന്നു. കണ്ണടച്ച് കിടന്നിട്ടും ഒരു സ്വസ്ഥതയും കിട്ടാതെ വന്നപ്പോൾ അവൻ കണ്ണുകൾ വലിച്ച് തുറന്നു. പെട്ടെന്നാണ് ചാരിയിട്ടിരുന്ന വാതിൽ തള്ളി തുറന്ന് പാറു അകത്തേക്ക് കയറിയത്. പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവൻ ഞെട്ടിപ്പിടഞ്ഞ് ചാടിയെഴുന്നേറ്റു. ശരവേഗത്തിൽ പാറു അവനടുത്തേക്ക് നടന്നടുത്തു...........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story