സഖാവ് ❤️: ഭാഗം 19

sagav

എഴുത്തുകാരി: പൊന്നൂസ്‌

കത്തുന്ന നോട്ടവുമായി അവൾ അവന് നേരെ നടന്നടുക്കുമ്പോൾ ഒരു നിമിഷം അവൻ പകച്ചു പോയി... കരഞ്ഞു കലങ്ങിയ ചുവന്ന കണ്ണുകൾ.മുഖം മുഴുവൻ ചുവന്നിരിക്കുന്നു. പാറി പറന്ന് കിടക്കുന്ന നീണ്ട കറുത്ത മുടിയിഴകൾ. തന്റെ നേരെ അവൾ ഒരു നാൾ വിരൽ ചൂണ്ടുമെന്ന് കരുതിയിരുന്നെങ്കിലും ഇങ്ങനെ നടക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല. പാറു പാഞ്ഞു വന്ന് കിച്ചുവിന്റെ നെഞ്ചിൽ പിടിച്ച് പുറകിലേക്ക് തള്ളി. പ്രതീക്ഷിക്കാത്തതിനാൽ അവൻ രണ്ടടി പിന്നിലേക്ക് നീങ്ങി ചുവരിൽ തട്ടി നിന്നു. അവന്റെ ഇരുകൈകളിലും പിടിച്ചുലച്ചുകൊണ്ട് അവൾ അവന്റെ നിറഞ്ഞു വരുന്ന കണ്ണുകളിലേക്ക് നോക്കി. എന്നെ ഇഷ്ടല്ലാരുന്നു അല്ലേ... ഞാൻ ശല്യാരുന്നു അല്ലേ...മനസ്സിലാക്കിയില്ല ഞാൻ. എന്റെ തെറ്റാ... എ.. എല്ലാം എന്റെ തെറ്റാ.. ഞാൻ നിങ്ങളെ സ്നേഹിക്കരുതായിരുന്നു..

എന്റെ പ്രണയം നിങ്ങളെ അറിയിക്കരുതായിരുന്നു.. പട്ടിയെ പോലെ പിറകെ നടന്നതല്ലേ ഞാൻ... അ.. അത്‌ കൊണ്ടായിരിക്കും എനിക്കും എന്റെ പ്രണയത്തിനും നിങ്ങൾ ഒരു ചെരുപ്പിന്റെ വില പോലും കൽപ്പിക്കാഞ്ഞത്.. ഏങ്ങലടികൾക്കിടയിൽ വാക്കുകൾ പലതും മുറിഞ്ഞു പോയെങ്കിലും അവൾ തുടർന്നു. ആട്ടിയോടിക്കുമ്പോഴെല്ലാം എനിക്ക് വിശ്വാസമുണ്ടായിരുന്നു എന്നെങ്കിലും നിങ്ങൾ എന്നെ ഇഷ്ടാണെന്ന് പറയുമെന്ന്.. പ.. പക്ഷെ തോ.. തോറ്റു പോയി ഞാൻ... തോൽപ്പിച്ചു നിങ്ങൾ.. ഇനി ഒരിക്കലും പാർവതി വരില്ല... നിങ്ങളുടെ നിഴൽ വെട്ടത് പോലും വരില്ല.. അതും പറഞ്ഞ് വീണ്ടും നിറഞ്ഞു വന്ന കണ്ണുകൾ വാശിയോടെ അവൾ തുടച്ചു. അവളെ വിട്ടുകൊടുക്കാൻ.. അവളില്ലാതെ ജീവിക്കാൻ.. ഒരിക്കലും തനിക്ക് സാധിക്കില്ലെന്ന് അവന് ഉറപ്പായിരുന്നു.

അവൾ തിരിഞ്ഞ് നടക്കാനൊരുങ്ങിയപ്പോൾ തന്റെ ശ്വാസം നിലച്ചത് പോലെ തോന്നിയവന്. അത്രയും പറഞ്ഞ് തിരിഞ്ഞ് നടക്കാനൊരുങ്ങിയവളുടെ മുന്നിൽ കയറി നിന്ന് അവളെ മുറുകെ പുണർന്നു കൊണ്ട് കഴുത്തിൽ മുഖം പൂഴ്ത്തിയവൻ. എന്നോട് ക്ഷെമിക്കടി... പറ്റിപ്പോയതാ... നിനക്ക് ഒരു നല്ല ജീവിതം ഉണ്ടാവണമെന്നേ ഞാൻ ആഗ്രഹിച്ചൊള്ളു... അത്‌ കൊണ്ടാ നിന്റെ ഇഷ്ടം ഞാൻ കണ്ടില്ലെന്ന് നടിച്ചത്.. പക്ഷെ എ... എനിക്ക് വയ്യെടി.. നീ.. നീ വേണം എന്റെ കൂടെ എപ്പഴും... ആർക്കും കൊടുക്കില്ല ഞാൻ... ചങ്ക് കല്ലാക്കിയാ ഞാൻ മഹിയച്ഛനോട് അത് പറഞ്ഞത്. പക്ഷെ.. പക്ഷെ എനിക്ക് വയ്യെടി നിന്നെ വിട്ട് കൊടുക്കാൻ. ഞാൻ ഞാനുണ്ട് നിനക്ക്.. നീ എങ്ങോട്ടും പോവണ്ട.. എന്നും എന്റെ കൂടെ... എന്റെ പാറൂട്ടിയായിട്ട് ഇവിടെ വേണം. തെറ്റായി പോയി പാറു..ഞാൻ ചെയ്‍തതും പറഞ്ഞതും എല്ലാം തെറ്റായി പോയി. നിന്റെ സ്നേഹം കൊണ്ട് നീ എന്നെ തോൽപ്പിച്ചു കളഞ്ഞെടി... എനിക്ക് വയ്യ നിന്നെ വിട്ട് കളയാൻ എനിക്ക് വയ്യ...

അത്രയും പറഞ്ഞ് അവൻ വീണ്ടുമവളെ വരിഞ്ഞു മുറുക്കി. എന്നാൽ അവൾ അനങ്ങിയില്ല.. അവനെ തിരിച്ചു പുണരാൻ അവളുടെ കൈകൾ ചലിച്ചില്ല. ശില പോലെ അവൾ അവന്റെ കൈകൾക്കുള്ളിൽ നിന്നു. അവളിൽ നിന്ന് പതിയെ അടർന്ന് മാറിയവൻ അവളുടെ നെറ്റിയിൽ പതിയെ ചുണ്ട് ചേർത്തു.. അറിയാതെ അവളുടെ കണ്ണുകൾ അടഞ്ഞു പോയി..വീണ്ടും പതിയെ അവന്റെ ചുണ്ടുകൾ അവളുടെ ഇരുകണ്ണുകളെയും തഴുകി കടന്ന് പോയി. അവൻ പതിയെ അവളുടെ കുഞ്ഞ് മുഖം കൈക്കുമ്പിളിൽ എടുത്തു തന്റെ മുഖത്തിന്‌ നേരെ പിടിച്ചു. അവൾ പതിയെ കണ്ണുകൾ തുറന്നു. ഇരുവരുടെയും കണ്ണുകൾ തമ്മിലുടക്കി.. അവൻ അവളുടെ കരഞ്ഞു കലങ്ങിയ ഉണ്ടക്കണ്ണുകളെ നോക്കുമ്പോൾ... അവന്റെ കണ്ണിൽ അവൾ കണ്ടത് അവളോടുള്ള പ്രണയത്തിന്റെ സാഗരം തന്നെയായിരുന്നു... ഇത്രയും കാലം അവൻ മറച്ചു പിടിച്ച.. ആരുമറിയരുതെന്ന് നിർബന്ധം പിടിച്ച.. തന്റെ പെണ്ണിനോടുള്ള അന്ത്യമില്ലാത്ത പ്രണയം.. അനന്തമായ പ്രണയം..

അവൾ വീണ്ടും അവന്റെ കണ്ണുകളുടെ ആഴങ്ങളിലേക്ക് ചേക്കേറി... അവിടെ താൻ എന്നും കാണുന്ന ദേഷ്യത്തിന്റെ മറയില്ല...ഒളിച്ചു വെക്കാൻ ഒന്നുമില്ല...ഉള്ളത് സ്നേഹം മാത്രം... ഞൊടിയിൽ അവൾ അവനിൽ നിന്ന് വിട്ടുമാറി. വേദനയോടെ നോക്കുന്നവനെ അവഗണിച്ചു കൊണ്ട് തിരിഞ്ഞ് നടന്നു. അവൻ തടഞ്ഞില്ല... താൻ ഇത് അർഹിക്കുന്നു എന്ന് അവന്റെ ഉള്ളിലിരുന്ന് ആരോ വിളിച്ചു പറയുന്നത് പോലെ തോന്നിയവന്. ****************** അവൾ വന്ന വഴിയിലൂടെ തിരികെ നടന്നു.. എന്നാൽ വന്നത് പോലെയായിരുന്നില്ല.. പതിയെ.. ഒരു സ്വപ്ന ലോകത്തിലെന്ന പോലെ.. അവന്റെ അധരങ്ങളുടെ ചൂട് നെറ്റിയിൽ തങ്ങി നിൽക്കുന്നത് പോലെ തോന്നിയവൾക്ക്.. അവൾ പതിയെ കയ്യിലൊന്ന് നുള്ളി..

എല്ലാം സത്യമായിരുന്നുവെന്ന് സ്വയം ബോധ്യപ്പെടുത്താൻ. പാറു വീട്ടിലേക്ക് കയറുമ്പോൾ എല്ലാവരും ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുകയാണ് മഹിയച്ഛൻ. അവൾ നേരെ ചെന്ന് അയാളുടെ കാൽച്ചുവട്ടിലേക്ക് ഇരുന്ന് മടിയിലേക്ക് തലവെച്ചു. അയാൾ പതിയെ അവളുടെ തലയിൽ തലോടി. എവിടെ പോയതാ കുട്ടീ നീ.... അത്‌ കേട്ടെങ്കിലും അവൾ മറുപടി നൽകിയില്ല. ഇത്തിരി നേരം കഴിഞ്ഞപ്പോൾ അവൾ തലയുയർത്തി മഹിയുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു.. എന്നെ കിച്ചുവേട്ടന് കെട്ടിച്ച് കൊടുക്കാവോ അച്ഛേ.... ...........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story