സഖാവ് ❤️: ഭാഗം 2

sagav

എഴുത്തുകാരി: പൊന്നൂസ്‌

സഖാവെ... തിരിഞ്ഞു നോക്കാതെ തന്നെ അവൾ വിളിക്കുന്നത് കേട്ട് ചുറ്റും വീക്ഷിച്ച് നടന്നിരുന്നവൻ തല ചെരിച്ചു നോക്കി. ഒരു മൂളലെങ്കിലും തിരികെ കിട്ടുമെന്ന് കരുതി കാതോർത്തു നടന്നവൾ പ്രതികരണമൊന്നും കിട്ടാതായപ്പോൾ തിരിഞ്ഞു നോക്കി. അപ്രതീക്ഷിതമായ തിരിച്ചിലിൽ തൊട്ട് പുറകെ നടന്നിരുന്നവന്റെ തലയിൽ അവളുടെ തലയിടിച്ചു. സ്സ്... എവിടെ നോക്കിയാടി കോപ്പേ നടക്കണേ..ബാക്കിയുള്ളവരെ കൂടി കൊല്ലുവല്ലോ.. നിങ്ങടെ വായിൽ എന്താ മനുഷ്യാ.. ഞാൻ വിളിച്ചത് കേട്ടില്ലേ ഒന്ന് മിണ്ടിക്കൂടെ...തലയുഴിഞ്ഞുകൊണ്ടവൾ അവനെ നോക്കി കണ്ണുരുട്ടി. അതിന് മറുപടി പറയാതെ ടോർച്ചും തെളിച്ച് വീണ്ടുമവൻ നടന്നു. പുറകെ അവളും. ഇരുവർക്കുമിടയിൽ മൗനം തളം കെട്ടി നിന്നു. എന്നാൽ ആ മൗനം പോലും അവൾ ആസ്വദിക്കുകയായിരുന്നു.ചുറ്റുമുള്ള കാഴ്ചകളോ തന്നെ കടന്നു പോകുന്നവരെയോ ഒന്നും അവൾ കണ്ടില്ല. കണ്ണിൽ നിറഞ്ഞ് നിന്നത് അവൻ മാത്രമായിരുന്നു. കൊതി തീരെ കാണുകയായിരുന്നു അവൾ തന്റെ സഖാവിനെ..

അവളുടെ മാത്രം പ്രണയത്തെ. ഈ നിമിഷം ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്നവൾ വെറുതെ ആശിച്ചു. നടക്കുന്നതിനിടയിൽ ചെറുതായി കാലൊന്ന് ഇടറിയപ്പോഴാണ് അവൾ ചിന്തകളിൽ നിന്നുണർന്നത്. വീടെത്താറായിരിക്കുന്നു. ചുറ്റും ഇരുട്ട് പടരാൻ തുടങ്ങിയിരുന്നു.വേഗം നടന്നവൾ അവനൊപ്പമെത്തി. സഖാവേ....വീണ്ടുമവൾ വിളിച്ചു. ഹ്മ്മ്... കനപ്പിച്ചുള്ള ഒരു മൂളലാണ് തിരിച്ചു കിട്ടിയത്. എന്നെ ഇഷ്ടമുള്ളത് കൊണ്ടല്ലേ എന്നെ ഒറ്റക്ക് വിടാതെ ഇവിടെ വരെ കൊണ്ടുവിട്ടത്. നടന്നുകൊണ്ടിരുന്നവന്റെ കാലുകൾ പൊടുന്നനെ നിന്നു.അങ്ങനെ ഞാൻ നിന്നോട് പറഞ്ഞോ..??ചോദിച്ചത്...കേട്ടില്ലേ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് ഞാൻ നിന്നോട് പറഞ്ഞോന്ന്...?? മിണ്ടാതെ നിന്നവളുടെ കയ്യിൽ പിടിച്ചുലച്ചുകൊണ്ടവൻ ഒച്ചയെടുത്തു. പറയണതെന്തിനാ എനിക്കറിയാല്ലോ സഖാവിന് എന്നെ ഇഷ്ടാന്ന്.. ഹ്മ്മ്.. എന്നാരു പറഞ്ഞു.. എനിക്ക് ആരോടേലും വെറുപ്പുണ്ടേൽ അത് നിന്നോട് മാത്രാ...

ഇഷ്ടല്ല എനിക്ക് നിന്നെ ഇനി ഒരിക്കലും ഇഷ്ടപ്പെടാനും പോണില്ല. അവളുടെ മുഖത്ത് നിന്നും വേറെ എങ്ങോട്ടോ ദൃഷ്ടി പായിച്ചുകൊണ്ടവൻ പറഞ്ഞു. അല്പ സമയം കഴിഞ്ഞിട്ടും പ്രതികരണമൊന്നും കിട്ടാതായപ്പോൾ അവനൊന്ന് തല ചെരിച്ചു നോക്കി. എന്നാൽ അതിന് മുൻപേ അവൾ മുന്നോട്ടാഞ്ഞ് അവന്റെ കവിളിൽ പല്ലുകൾ ആഴ്ത്തിയിരുന്നു. കവിളിൽ കൈവച്ച് ഞെട്ടി നിൽക്കുന്നവനെ നോക്കി കള്ള ചിരി ചിരിച്ചുകൊണ്ടവൾ കല്ല് പാകിയ പടവുകൾ കയറി..പകുതി എത്തിയപ്പോൾ തിരിഞ്ഞു നോക്കി അവന് കേൾക്കാൻ പാകത്തിൽ പറഞ്ഞു. താനെന്നെ ഓടിക്കാം എന്നൊന്നും വിചാരിക്കണ്ട തന്നേം കൊണ്ടേ ഞാൻ പോവൊള്ളെടോ കള്ള സഖാവെ. മുറ്റത്തേക്ക് കയറിപ്പോഴേ അവൾ കണ്ടിരുന്നു തന്നെ കാത്തെന്നപോലെ ഉമ്മറത്ത് നിൽക്കുന്ന അച്ഛമ്മയെ. എന്റെ പാറൂ..എന്തൊരു പോക്കാ ഇത്. ബാക്കിയുള്ളോരേ തീ തീറ്റിക്കാൻ.. എത്ര വട്ടം പറഞ്ഞിട്ടുണ്ട് നിന്നോട് സന്ധ്യയമാകുമ്പോ ഇങ്ങനെ പോകരുതെന്ന്.. വന്ന് വന്ന് പെണ്ണിന് ഒരു അനുസരണയുമില്ല. ഹോ..!

ഇന്നത്തേന് ഒന്ന് ക്ഷെമിക്ക് എന്റെ അച്ചു. നാളെ മുതൽ പോവൂല്ല സത്യം... അവരുടെ ചുളിവ് വീണ കവിളിൽ ഒന്ന് മുത്തിക്കൊണ്ടവൾ അകത്തേക്ക് പാഞ്ഞു. കവിളിൽ ഉഴിഞ്ഞു കൊണ്ടവൻ അവൾ പോയ വഴി ഒന്ന് നോക്കി തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോഴാണ് മുറ്റത്ത് നിന്ന് അച്ഛമ്മയുടെ ഉച്ചത്തിലുള്ള ചോദ്യം കേട്ടത്. ആരാവിടെ..?? ഞാനാ മുത്തശ്ശി..അവൻ ഉച്ചത്തിൽ മറുപടി കൊടുത്തു. കിച്ചുവാണോ..? അതെ മുത്തശ്ശി.... എന്താ മോനെ അവിടെ തന്നെ നിന്ന് കളഞ്ഞേ... കുറച്ച് തിരക്കുണ്ട് മുത്തശ്ശി.. പാർവതിയെ വഴിയിൽ വച്ച് കണ്ടു.. ഇരുട്ടായത് കൊണ്ട് ഇത്രെടം വരെ കൊണ്ടാക്കാന്ന് വച്ചു. ഇവിടെ വരെ വന്നതല്ലേ ഒന്ന് കയറി വന്നിട്ട് പോ മോനെ.. അവരുടെ വാത്സല്യം നിറഞ്ഞ വിളിയെ നിരസിക്കാൻ അവന് തോന്നിയില്ല..അവനാ പടവുകൾ കയറി മുറ്റത്തേക്ക് നടന്നു. പടികൾ കയറി വരുന്നവനെ കണ്ട് മുകളിലെ തന്റെ മുറിയിൽ നിന്നവളുടെ മുഖം വിടർന്നു. തിടുക്കത്തിൽ മുറിയിൽ നിന്നുമവൾ ഉമ്മറത്തേക്ക് നടന്നു................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story