സഖാവ് ❤️: ഭാഗം 20

sagav

എഴുത്തുകാരി: പൊന്നൂസ്‌

കൊയ്യാറായ സ്വർണക്കതിരുകൾക്കിടയിലൂടെ പതിയെ നടന്നു അവൻ . മനസ്സാകെ കലങ്ങി മറിഞ്ഞു കിടക്കുന്നു. അവൾ തന്നോട് ക്ഷമിക്കുമോ... എന്ന ചിന്ത അവനെ വല്ലാതെ അസ്വസ്ഥനാക്കി. എന്തൊക്ക ജ്ഞായങ്ങൾ നിരത്തിയാലും താൻ ചെയ്തത് തെറ്റ് തന്നെയാണ്. അവൾ പറഞ്ഞതാണ് ശെരി അവളുടെ പ്രണയത്തിന് താൻ ഒരു വിലയും നൽകിയില്ല. കുറ്റബോധം വല്ലാതെ പിന്തുടരുന്നു. അവളെ കാണണമെന്ന ചിന്ത ഏറിവന്നപ്പോൾ നടപ്പിന്റെ വേഗത കൂട്ടിയവൻ.. കവലയിലെത്തി ആൽചുവട്ടിലേക്ക് ചെന്ന് ആൽത്തറയിലേക്ക് കയറി ഇരുന്ന്... ഇടവഴിയിലേക്ക് കണ്ണ് നട്ടു അവൻ. ഏറെ നേരം നോക്കിയിരുന്നിട്ടും അവൾ വന്നില്ല..എങ്കിലും പ്രതീക്ഷ കൈവിടാതെ അവൻ വീണ്ടും അവിടെ തന്നെ കാത്തിരുന്നു. എടാ... കിച്ചു ഞാൻ അഭിയെ കാണാൻ പോകുവാ... നീ വരുന്നോ..? തന്റെ മുന്നിൽ ബൈക്ക് നിർത്തി വിളിച്ചു ചോദിക്കുന്ന അജുവിന്റെ ശബ്ദം കേട്ടാണ് അവൻ കണ്ണുകൾ പിൻവലിച്ചത്. അജുവിനോട് എന്ത് പറയണമെന്നറിയാതെ ഒരു നിമിഷം അവനൊന്ന് നിന്നു. എടാ... ഞാൻ പുറകെ വന്നോളാം നീ പൊക്കോ...

അതെന്തിനാ നീ പുറകെ വരുന്നേ ഇങ്ങോട്ട് കയറാടാ.. നമ്മക്ക് ഒന്നിച്ച് പോവാം... അജുവിനോട് പറഞ്ഞ് ജയിക്കാൻ പറ്റില്ലെന്ന് അറിയാവുന്നത് കൊണ്ട് അവൻ മിണ്ടാതെ ചെന്ന് ബൈക്കിന്റെ പിന്നിൽ കയറി. ***************** അഭിയെ കണ്ട് മടങ്ങി വന്നിട്ടും അവൻ ആൽചുവട്ടിൽ തന്നെ ഇറങ്ങി. സമയം വളരെ നീങ്ങിയിട്ടും അവൾ വന്നില്ല. അവന് വല്ലാത്ത വിഷമം തോന്നി. അവളെന്നോട് ഒന്ന് പിണങ്ങിയപ്പോ എനിക്ക് സഹിക്കാൻ കഴിയുന്നില്ലെങ്കിൽ ഇത്ര നാളും താൻ അവളെ കണ്ടിട്ടും കാണാതെ നടന്നപ്പോൾ അവൾക്ക് എന്തു മാത്രം വേദനിച്ചിട്ടുണ്ടാവും... നോവോടെ അവൻ ഓർത്തു.എന്നിട്ടും അവൾ കാത്തിരുന്നു തനിക്ക് വേണ്ടി തന്റെ സ്നേഹത്തിന് വേണ്ടി.. തന്റെ ഒരു നോട്ടത്തിനായി..അവന് വല്ലാത്ത കുറ്റബോധം തോന്നി... അതിനോടൊപ്പം തന്നെ ഇനി ഒരിക്കലും അവളെ നോവിക്കുകയില്ലെന്നും അവൻ തീരുമാനിച്ചു. കിച്ചുവിന്റെ മനസ്സിലേക്ക് സഖാവേ എന്ന് വിളിച്ചു പിന്നാലെ വരുന്നവളുടെ മുഖം കടന്ന് വന്നു.. അവളുടെ നിഷ്കളങ്കമായ ചിരിയോർക്കേ അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു.

അപ്പോഴാണ് തനിക്കരികിലേക്ക് നടന്ന് വരുന്ന മഹിയെ അവൻ കാണുന്നത്. അവൻ ഇരുന്നിടത്ത് നിന്ന് ചാടിയെഴുന്നേറ്റു. എന്താ മഹിയച്ഛ പതിവില്ലാതെ ഈ വഴിക്ക് പുഞ്ചിരിയോടെ അവൻ ചോദിച്ചു.. പതിവില്ലാതെ പലതും നടക്കുമ്പോൾ വന്നല്ലേ പറ്റു... അർത്ഥം വച്ചുള്ള മഹിയുടെ പറച്ചിലിന്റെ പൊരുൾ മനസ്സിലാവാതെ കിച്ചു നെറ്റിച്ചുളിച്ചു കൊണ്ട് മഹിയെ നോക്കി. താനിങ് വന്നെടോ എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്. അതും പറഞ്ഞ് മഹി പതിയെ മുന്നിൽ നടന്നു അയാളുടെ പിന്നാലെ കിച്ചുവും. ഒഴിഞ്ഞ ഒരു സ്ഥലത്ത് ചെന്ന് ഇരുവരും നിന്നു. മഹി പതിയെ കിച്ചുവിന്റെ മുഖത്തേക്ക് നോക്കി. താൻ പറയുന്നത് കേൾക്കാൻ ആകാംഷയോടെ നിൽക്കുന്നത് കാണെ അയാൾ അവനോട് ചോദിച്ചു. പാറുവും നീയും തമ്മിൽ എന്താ കിച്ചു ബന്ധം..? പ്രതീക്ഷിച്ച ചോദ്യം തന്നെയായത് കൊണ്ട് അവൻ തെല്ലും പതറിയില്ല. എനിക്ക് അവളെ ഇഷ്ടമാണ്... അവൾക്ക് എന്നെയും.. മഹിയുടെ കണ്ണിൽ നോക്കി ഉറച്ച വാക്കിൽ അവൻ പറഞ്ഞു നിർത്തി. അത്‌ നടക്കില്ല....

എടുത്തടിച്ച പോലെയുള്ള മഹിയുടെ മറുപടി കേട്ടിട്ടും അവൻ പതറിയില്ല.. ഇതെല്ലാം മുൻകൂട്ടി അറിയാം എന്നത് പോലെ അവൻ കയ്യും കേട്ടി നിന്ന് ചോദിച്ചു.. എന്ത് നടക്കില്ലെന്ന്...? ഞങ്ങളറിയാതെയുള്ള രണ്ടിന്റെയും ഈ ചുറ്റിക്കളി... ഞങ്ങളൂടെ അറിഞ്ഞോണ്ട് ഉള്ള പ്രേമവും സ്നേഹവുമൊക്ക മതി... ഇത്തവണ അവൻ ശെരിക്കും ഞെട്ടി... ഒരിക്കലും പ്രതീക്ഷിച്ചതല്ല ഇത്. അവൻ ചിരിക്കണോ കരയണോ എന്നറിയാതെ മഹിയെ നോക്കി. എന്താടാ നീയെങ്ങനെ തുറിച്ച് നോക്കുന്നേ..ഞാൻ നിന്നെയൊന്ന് ശെരിക്ക് കാണാൻ ഇരുക്കുവാരുന്നു. ഞാൻ ഇതിന് സമ്മതിക്കില്ലെന്ന് പറഞ്ഞ് നീ എന്റെ കൊച്ചിനെ എന്തോരം വിഷമിപ്പിച്ചെടാ.. അവന്റെ തോളിൽ ചെറുതിലെ തള്ളിക്കൊണ്ട് കപട ദേഷ്യത്തോടെ മഹി ചോദിച്ചു. അത്‌... ഞാൻ... വാക്കുകൾ കിട്ടാതെ നിന്ന് തപ്പി തടയുന്നവനെ കാണെ അയാൾ പൊട്ടിച്ചിരിച്ചു. നീയെന്താടാ കരുതിയെ ഞാൻ ഇതിന് സമ്മതിക്കില്ലെന്നോ... നീയും എന്റെ മോൻ തന്നെയല്ലേ... നിങ്ങള് തമ്മിൽ അങ്ങനെ ഒരിഷ്ടമുണ്ടെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനാവില്ലെടാ...

നിന്നെക്കാൾ മികച്ച ഒരാളെ അവൾക്ക് ഞാൻ എവിടുന്നു കിട്ടാനാ... തന്നെ ചേർത്ത് പിടിച്ചുകൊണ്ടുള്ള മഹിയുടെ സംസാരം കേൾക്കെ അവന്റെ ഉള്ളം സന്തോഷം കൊണ്ട് തുടി കൊട്ടി. ഒപ്പം അയാളെ തെറ്റിധരിച്ചതിൽ കുറ്റബോധവും തോന്നി. എന്നാലും നീ എന്റെ കൊച്ചിനെ വെള്ളം കുടിപ്പിച്ചല്ലോടാ കുരുത്തംകെട്ടവനെ... അവന്റെ തലയിൽ പതിയെ ഒന്ന് തട്ടി അയാൾ തിരിഞ്ഞു നടന്നു. ***************** ഏറുമാഡത്തിൽ കയറി നീണ്ട് കിടക്കുന്ന വയലാകെ കണ്ണോടിച്ചു അവൻ എന്നിട്ട് കാല് താഴെക്കിട്ടു കൊണ്ട് ഒന്ന് നിവർന്നിരുന്നു.. തന്റെ ഉറക്കം കെടുത്തുന്ന ഉണ്ടക്കണ്ണുകൾ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് മനസ്സിലേക്ക് വന്നപ്പോൾ മെല്ലെ പുഞ്ചിരിച്ചു അവൻ... സൂര്യൻ ചക്രവളത്തിലേക്ക് മറയുന്നതിന് തെളിവെന്നോണം ഭൂമിയാകെ സ്വർണ നിറം പടരാൻ തുടങ്ങിയിരിക്കുന്നു.

മെല്ലെ ചുറ്റും കണ്ണ് പായിക്കുമ്പോളാണ് വയൽ വരമ്പിലൂടെ നടന്ന് വരുന്നവളെ അവന്റെ കണ്ണുകൾ ഒപ്പിയെടുത്തത്. വേഗം തന്നെ അവൻ ഏറുമാഡത്തിൽ നിന്നിറങ്ങി അവൾ കാണാത്തത് പോലെ നടന്നു. അടുത്തുള്ള കാവിലേക്കുള്ള വഴിയേ തിരിഞ്ഞ് പോകുന്നവളുടെ പിന്നാലെ അവനും നടന്നു... ചുണ്ടിലൊളിപ്പിച്ച കുസൃതി ചിരിയോടെ.... ***************** കാവിലേക്ക് വെട്ടിയ കഷ്ടിച്ച് ഒരാൾക്ക് നടക്കാൻ പാകത്തിലുള്ള കുഞ്ഞു വഴിയിലൂടെ അവൾ നടന്നു. ആൾക്കാർ അധികം പോവാത്തതിനാൽ വഴിലേക്കെല്ലാം കാട് കയറിയിരുന്നു. പണ്ടൊക്കെ എന്നും സന്ധ്യക്ക്‌ ഒട്ടുമിക്ക ആൾക്കാരും വന്നുകൊണ്ടിരുന്ന കാവാണ്... പിന്നെ ആരും വരാതെയായി. ഇപ്പോൾ സന്ധ്യക്ക് വിളിക്ക് വെക്കും അത്ര മാത്രം. ശ്രീക്കോവിലോ.. നിത്യ പൂജയോ ഒന്നുമില്ല... ആൽത്തറയിലാണ് പ്രതിഷ്ധ എങ്കിലും ആ അന്തരീക്ഷം തനിക്ക് നൽകുന്ന സമാധാനം ചെറുതൊന്നുമല്ല. എന്നു പോയാലും ചെമ്പരത്തി പൂക്കൾ കൊണ്ട് മാല കെട്ടി ദേവിക്ക് അണിയിക്കാറുണ്ടവൾ ഒരിക്കലും മുടക്കാറില്ല... ഓരോന്നോർത്തുകൊണ്ടവൾ ചെറു ചിരിയോടെ കാവിനടുത്തുള്ള ചെമ്പരത്തി ചെടികൾ നിറഞ്ഞു നിൽക്കുന്ന കാട്ടിലേക്ക് നടന്നു... പിന്നാലെ അവനും..............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story