സഖാവ് ❤️: ഭാഗം 21

sagav

എഴുത്തുകാരി: പൊന്നൂസ്‌

കാട് പിടിച്ചു വളർന്ന് നിൽക്കുന്ന ചെമ്പരത്തി കമ്പുകൾ വകഞ്ഞ് മാറ്റിയവൾ മുന്നോട്ട് നടന്നു. ഒരു വലിയ ചെമ്പരത്തി നിറയെ പൂത്ത് നിൽക്കുന്നത് കണ്ട് അതിനടുത്തേക്ക് നടന്നു. താഴെ നിൽക്കുന്ന കുറച്ച് പൂക്കൾ പറിച്ച് അവൾ മുകളിലേക്ക് നോക്കി.. കയ്യെത്തി അതിനെ എത്തി പിടിക്കാൻ നോക്കി.. കിട്ടുന്നില്ല. വീണ്ടും വീണ്ടും ചാടി നോക്കി...തൊട്ടു തൊട്ടില്ല എന്നപോലെ വന്ന് വീണ്ടും കൈവിട്ട് പോയി. അവൾ പെരുവിരലിൽ ഉയർന്ന് ഏന്തി വലിഞ്ഞ് നോക്കി.. പെട്ടെന്ന് ധാവണി ഷാൾ തെന്നി മാറി കിടക്കുന്ന നഗ്നമായ അവളുടെ വയറിലൂടെ ഒരു കൈ അവളെ പിന്നിൽ നിന്ന് ചുറ്റി പിടിച്ചു.. അവൾ ഞെട്ടി പിടഞ്ഞ് തിരിയാനൊരുങ്ങിയപ്പോൾ വയറിലൂടെയുള്ള പിടി മുറുകി.. അവൾക്ക് അനങ്ങാനായില്ല... പെട്ടെന്ന് ആ കൈകൾ അവളെ പൊക്കിയെടുത്തു കൊണ്ട് ഒരു വലിയ ചെമ്പരത്തി ചെടിയുടെ പിന്നിലേക്ക് മറഞ്ഞു..

അവൾ ആ കൈകളിൽ കിടന്ന് കുതറി.. തിരിഞ്ഞു നോക്കാനോ.. അനങ്ങാനോ വയ്യ. അവൾക്ക് ആകെ പേടി തോന്നി.. അല്ലെങ്കിലേ മനുഷ്യർ വരാത്ത സ്ഥലം...പിന്നിലുള്ള ആളിൽ നിന്ന് അനക്കമൊന്നും ഉണ്ടായില്ല. അവളെ ചുറ്റി പിടിച്ച് അതേ നിൽപ്പ് തന്നെയാണ്... അറിയാതെ അവളുടെ കണ്ണ് നിറഞ്ഞു. ഒരു തുള്ളി കണ്ണീർ ചുറ്റി പിടിച്ച ആ കൈത്തണ്ടയിലേക്ക് വീണു.അതറിഞ്ഞെന്നോണം ആ കൈകൾ അയഞ്ഞു.. പിടി വിട്ടു കൊണ്ട് അവളെ തന്റെ നേരെ തിരിച്ചു. മുന്നിൽ ചുണ്ട് കൂട്ടി പിടിച്ച് ചിരിയടക്കി നിൽക്കുന്ന കിച്ചുവിനെ കണ്ടപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത്. ഞൊടിയിൽ പേടി ദേഷ്യത്തിലേക്ക് വഴി മാറി. അവൾ അവനെ നെഞ്ചിൽ പിടിച്ച് പുറകിലേക്ക് തള്ളി മാറ്റിക്കൊണ്ട് കൂർപ്പിച്ചു നോക്കി. ഹോ..!ഇങ്ങനെ നോക്കി പേടിപ്പിക്കാതെടി ഉണ്ടക്കണ്ണി.

അടുത്ത നിമിഷം അവൾ അവന്റെ കൈ പിടിച്ച് കൈത്തണ്ടയിൽ കടിച്ചു. ആഹ്... വിടെടി....ഉഫ്.. വേദന കൊണ്ട് കിച്ചു നിന്ന് തുള്ളിയിട്ടും അവൾ പിടി വിട്ടില്ല. വേദന സഹിക്കാൻ വയ്യാതായപ്പോൾ അവൻ അവളെ തള്ളി മാറ്റി. എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും.. മാറി നിക്കടോ അങ്ങോട്ട്.. കൈത്തണ്ടയിൽ പിടിച്ച് കൊണ്ട് തന്നെ കൂർപ്പിച്ചു നോക്കുന്നവനെ പുച്ഛിച്ചുകൊണ്ടവൾ അവനെ മറികടന്ന് മുന്നോട്ട് നടന്നു. എന്നാൽ പിന്തിരിഞ്ഞു നടക്കാൻ ഒരുങ്ങിയവളെ കൈയ്യിൽ പിടിച്ച് വീണ്ടും നെഞ്ചോട് ചേർത്തു അവൻ. തന്റെ മുഖത്തേക്ക് നോക്കാതെ വേറെ എങ്ങോട്ടോ ദൃഷ്ടി പതിപ്പിച്ച് നിക്കുന്നവളുടെ മുഖം ബലമായി പിടിച്ച് തന്റെ നേരെ തിരിച്ചു. എന്താണ് എന്റെ പെണ്ണിന് ഇന്ന് ഭയങ്കര ജാഡ...? അവളുടെ പുരികക്കൊടികളിലൂടെ വിരലോടിച്ചു കൊണ്ടവൻ പതിയെ ചോദിച്ചു. തന്റെ പെണ്ണോ...

ഉള്ളിൽ അലയടിച്ച സന്തോഷത്തെ മറച്ചു കൊണ്ടവൾ അവനെ നോക്കി പുച്ഛത്തോടെ ചോദിച്ചു. പിന്നല്ലാതെ... കൂസലില്ലാതെയുള്ള അവന്റെ സംസാരം കേൾക്കെ അവൾക്ക് ദേഷ്യം വന്നു. അത്‌ നിങ്ങള് മാത്രം തീരുമാനിച്ചാ മതിയോ..? അവനിൽ നിന്ന് അടർന്ന് മാറാൻ ശ്രമിച്ചു അവൾ. ദേ.. പെണ്ണേ എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ.. അടർന്ന് മാറാനൊരുങ്ങിയവളെ വീണ്ടും തന്നിലേക്ക് വലിച്ചടിപ്പിച്ചുകൊണ്ടവൻ പറഞ്ഞു. മറുപടി പറയാതെ അവൾ അവനെ തുറിച്ചു നോക്കി. പാറു... ഒന്ന് ക്ഷെമിക്കെടി പറ്റിപ്പോയാതാണെന്ന് ഞാൻ പറഞ്ഞില്ലേ.. നീ ഇങ്ങനെ പിണങ്ങിയിരുന്നിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഒന്ന് മിണ്ടടീ..ഇനി ഒരിക്കലും ഞാൻ നിന്നെ സങ്കടപ്പെടുത്തില്ല. അതും പറഞ്ഞവൻ അവളെ മുറുകെ പുണർന്നു... ചെറു ചിരിയോടെ അവൾ തിരിച്ചും.. അതറിഞ്ഞ അവന്റെ ചുണ്ടിൽ കള്ളചിരി വിടർന്നു..

അവൻ പതിയെ തല ചെരിച്ച് അവളുടെ കഴുത്തിലെ കുഞ്ഞു കറുത്ത മറുകിൽ പല്ലുകളാഴ്ത്തി. സ്സ്.... വേദനയാൽ അവൾ ഒന്ന് എരിവു വലിച്ചു. അടുത്ത നിമിഷം പല്ലുകളാഴ്ന്നിടത്ത് അവൻ ചുണ്ടമർത്തി. അവൾ ഞെട്ടി.. ശരീരത്തിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയത് പോലെ തോന്നി അവൾക്ക്. അവൻ വീണ്ടും അവളുടെ മറുകിൽ ചുണ്ടമർത്തി. അവളുടെ കൈ അവന്റെ ഷർട്ടിൽ പിടി മുറുക്കി. ഇരുവരുടെയും നെഞ്ചിടിപ്പ് ക്രമാതീതമായി ഉയർന്നു. അവളുടെ നെറ്റിയിലൂടെ വിയർപ്പ് തുള്ളികൾ കഴുത്തിലേക്ക് ഒഴുകിയിറങ്ങി. അവൻ പതിയെ അവളെ തന്നിൽ നിന്ന് അടർത്തി മാറ്റി... കൂമ്പിയടഞ്ഞ അവളുടെ ഉണ്ടക്കണ്ണുകൾ കാണെ അവന് സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നി..

കിച്ചു മതിവരാത്തത് അവളുടെ മുഖത്തേക്ക് നോക്കി.നെറ്റിയിൽ നിന്ന് ഒഴുകിയിറങ്ങുന്ന വിയർപ്പ് തുള്ളികൾ പുരികക്കൊടികൾക്കിടയിലൂടെ അവളുടെ നെറ്റിയിലെ കറുത്ത കുഞ്ഞ് പൊട്ടിനെ നനയിച്ചു കൊണ്ട് താഴേക്കിറങ്ങുന്നത് തെല്ലൊരു കൗതുകത്തോടെ അവൻ നോക്കി. എന്തോ ഒരു ഉൾപ്രേരണയിൽ അവൻ പുരികങ്ങൾക്കിടയിലെ കുഞ്ഞു പൊട്ടിൽ ചുണ്ടമർത്തി. അവൾ ഞെട്ടിക്കൊണ്ട് കണ്ണുകൾ തുറന്നു. ഇരുവരുടെയും കണ്ണുകൾ തമ്മിലുടക്കി.. അവൻ പതിയെ അവളുടെ മുഖം തന്റെ നേരെ പിടിച്ചു. അവളുടെ നീണ്ട മൂക്കിൽ തിളങ്ങി നിൽക്കുന്ന മൂക്കുത്തിയെ അവന്റെ ചുണ്ടുകൾ തഴുകി കടന്ന് പോയി. അടർന്ന് മാറിക്കൊണ്ട് ഇരുവരും വീണ്ടും കണ്ണുകൾ കൊരുത്തു.. അവൻ അവളുടെ ചെഞ്ചുണ്ടിലേക്ക് ചേക്കേറാൻ ഒരുങ്ങവേ പാറു അവനെ തള്ളി മാറ്റി പിന്തിരിഞ്ഞോടി... അപ്പോഴാണവൻ ബോധത്തിലേക്ക് വന്നത്. അല്പം മുൻപ് നടന്ന കാര്യങ്ങളോർക്കെ അവനിൽ ഒരു കള്ള ചിരി വിരിഞ്ഞു... ****************

നെറ്റിയിലും കഴുത്തിലും പൊടിഞ്ഞ വിയർപ്പിനെ ധാവണി ഷാളു കൊണ്ട് ഒപ്പി ഇടവഴി കയറി വേഗത്തിൽ നടന്നു അവൾ. നേരെ വീട്ടിലേക്ക് ചെന്ന് മുകളിലെ തന്റെ മുറിയിലേക്കുള്ള പടികൾ ഓടിക്കയറി. മുറിയിലേക്ക് ചെന്ന് വാതിലടച്ച് അതിൽ ചാരി നിന്നു അവൾ... ഓടിവന്നതിനാൽ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു... അവൾ പതിയെ നിലത്തേക്കിരുന്നു. കാവിൽ വച്ച് നടന്നത് ഓർത്തപ്പോൾ വല്ലാത്തൊരു പരവേശം തോന്നിയവൾക്ക്..താൻ ഇതുവരെ കണ്ടിട്ടില്ലാത്തൊരു ഭവമായിരുന്നു അപ്പോൾ അവനെന്ന് അവളോർത്തു. പെട്ടെന്ന് തലക്ക് വല്ലാത്ത വേദന തോന്നിയവൾക്ക്.. തല പൊട്ടി പിളരുന്നത് പോലെ... മുന്നിലെ കാഴ്ചകളും മങ്ങുന്നു എന്ന് തോന്നിയവൾ പതിയെ എണ്ണീറ്റ് കട്ടിലിലേക്ക് കിടന്നു കണ്ണിറുക്കിയടച്ചു. മുറിയിലേക്ക് കയറി വന്ന കല്യാണിയമ്മ കാണുന്നത് കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന പാറുവിനെയാണ്...

എന്താ കുട്ടീ ഇത്...എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് നിന്നോട് വിളക്ക് വെക്കുന്ന നേരത്ത് കിടക്കരുതെന്ന്. എനിക്ക് തല വല്ലാതെ വേദനിക്കുന്നു അമ്മേ.... മുഖം ചുളിച്ചുകൊണ്ട് അവൾ അവരെ നോക്കി ദയനീയമായി പറഞ്ഞു. എന്താ മോളെ പനിയുണ്ടോ.. ആവലാതിയോടെ അവർ വന്ന് അവളുടെ നെറ്റിയിലും കഴുത്തിലുമെല്ലാം തൊട്ട് നോക്കി. പനിയൊന്നുമില്ലല്ലോ... പിന്നെന്താണാവോ പെട്ടെന്ന് ഒരു തലവേദന. എന്തായാലും മോള് കിടന്നോ അമ്മ നെറ്റിയിലിടാൻ ബാം എടുത്തിട്ട് വരാം.. അവളുടെ തലയിൽ മെല്ലെയൊന്ന് തലോടി അവർ പുറത്തേക്കിറങ്ങി. അവൾ വീണ്ടും കണ്ണടച്ച് കിടന്നു. നുണക്കുഴി ചിരിയോടെ തന്നെ നോക്കുന്നവന്റെ മുഖം മനസ്സിലേക്കാവാഹിച്ചു കൊണ്ട്... ****************

മുകളിലേക്ക് നോക്കി കട്ടിലിൽ കിടക്കുകയാണ് കിച്ചു. തൊട്ടടുത്തു തന്നെ അപ്പുവും കിടക്കുന്നുണ്ട്. കഴിഞ്ഞ കാര്യങ്ങൾ ഓർക്കെ അറിയാതെ അവനൊന്ന് പുഞ്ചിരിച്ചു. എന്താ ഏട്ടാ പതിവില്ലാതെ ഒരു കള്ള ചിരിയൊക്കെ..? കിച്ചുവിന്റെ അടുത്തേക്ക് നീങ്ങി കിടന്ന് അവനെ ചുറ്റി പിടിച്ചു കൊണ്ട് അപ്പു ചോദിച്ചു. ഒന്നൂല്ലടാ.. ചുണ്ടിൽ വിരിഞ്ഞ ചിരിയെ മറക്കാതെ തന്നെയവൻ പറഞ്ഞു. എന്നാ ബാ.. നമ്മക്ക് ഉറങ്ങാം... അതും പറഞ്ഞ് അപ്പു കണ്ണുകളടച്ചു. അവനെ ഒന്നുകൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് കിച്ചുവും...............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story