സഖാവ് ❤️: ഭാഗം 22

sagav

എഴുത്തുകാരി: പൊന്നൂസ്‌

തുറന്നിട്ട ജാലകത്തിലൂടെ സ്വർണ നിറമുള്ള സൂര്യ രശ്മികൾ മുറിയിലേക്ക് അരിച്ചിറങ്ങി അവളുടെ കണ്ണുകളെ തഴുകി. അവൾ പ്രയാസപ്പെട്ട് കണ്ണുകൾ വലിച്ചു തുറന്നു.. പതിയെ എഴുന്നേറ്റിരുന്നു. തലവേദനക്ക് ശമനമുണ്ടെന്ന് തോന്നിയതും മെല്ലെയിറങ്ങി കുളിമുറിയിലേക്ക് നടന്നു. തണുത്ത വെള്ളം തലയിലൂടെ ഒഴുകിയിറങ്ങിയപ്പോൾ ഒന്ന് വിറച്ചെങ്കിലും വല്ലാത്ത ആശ്വാസം തോന്നിയവൾക്ക്. കുളിച്ചിറങ്ങി താഴേക്ക് ചെല്ലുമ്പോൾ മഹിയും കല്യാണിയമ്മയും അച്ഛമ്മയും മേശക്ക് ചുറ്റുമിരിക്കുന്നുണ്ടായിരുന്നു. അവരുടെ അരികിലേക്ക് ചെന്ന് ഒരു കസേര വലിച്ചിട്ട് അവളുമിരുന്നു. തലവേദന കുറഞ്ഞോ മോളെ.. വാത്സല്യത്തോടെ അവളുടെ തലയിൽ തഴുകി മഹി ചോദിച്ചു. കുറഞ്ഞു അച്ഛേ... ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു. നീ ഇന്ന് രാസ്നാതി തലയിൽ തിരുമ്മിയില്ലേ പാറു..? പുറകിലേക്ക് വിടർത്തി ഇട്ടിരിക്കുന്ന വെള്ളതുള്ളികൾ ഇറ്റ് വീഴുന്ന അവളുടെ നീണ്ട കറുത്ത മുടിയിലേക്ക് നോക്കി കല്യാണിയമ്മ ചോദിച്ചു. ഇല്ലമ്മേ...

അവൾ നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് പറഞ്ഞു. എത്ര തവണ പറഞ്ഞിട്ടുണ്ട് നിന്നോട് കുളി കഴിഞ്ഞാലുടനെ അത് തലയിൽ തിരുമ്മണമെന്ന്.. വന്ന് വന്ന് പെണ്ണിന് ഒരു അനുസരണയുമില്ല. അതും പറഞ്ഞവർ രാസ്നാതി എടുത്തു കൊണ്ടുവന്ന് അവളുടെ തലയിൽ തിരുമ്മി. തോളിൽ കിടന്ന തോർത്തെടുത്ത് അവളുടെ മുടി തോളിലൂടെ മുന്നിലേക്കിട്ട് തോർത്തുമ്പോഴാണ് കഴുത്തിലെ ചുവന്ന പാട് അവർ കാണുന്നത്. ഇതെന്താ പാറു കഴുത്തിൽ ചുവന്ന് കിടക്കണേ...?അവരുടെ ചോദ്യം കേട്ടതും അവൾ ഞെട്ടി. അതിൽ തൊട്ട് കൊണ്ട് അവർ ചോദിച്ചതും അവൾ ഒന്ന് എരിവു വലിച്ചു. എന്റീശ്വരാ... ഞാൻ എങ്ങനെ പറയും ഇതാ കശ്മലന്റെ പണിയാണെന്ന്.. അ.. അത്‌ ഞാൻ കാവിന്റെ അടുത്തുള്ള ചെമ്പരത്തി കാടില്ലേ.. അവിടുന്ന് പൂവ് പറിക്കാൻ പോയപ്പോ എന്തോ ജീവി കടിച്ചതാ.. വായിൽ വന്ന നുണ പറഞ്ഞു കൊണ്ടവൾ അവരെ തലയുയർത്തി നോക്കി. സൂക്ഷിക്കണ്ടേ മോളെ... വല്ല ചിലന്തിയുമാണെങ്കിൽ മേലാകെ തടിച്ചു പൊങ്ങും. സ്നേഹത്തോടെ അവളെ ശാസിച്ച് അവർ ഒന്നുകൂടെ തല നന്നായി തോർത്തി.

ആഹാരം കഴിച്ചു കഴിഞ്ഞതും അവൾ നേരെ മുറിയിലേക്കോടി...കണ്ണാടിക്ക് മുന്നിൽ പോയി നിന്ന് മുടി മുന്നിലേക്കിട്ട് കഴുത്തിലൂടെ വിരലോടിച്ചു. ചുവന്ന് തടിച്ച് കിടക്കുന്നുണ്ട്. ഭാഗ്യം പല്ലിന്റെ പാടില്ലാത്തത് ഇല്ലേൽ ഇന്ന് ഞാൻ പെട്ടേനെ.. ചെറു ചിരിയോടെ അവളോർത്തു. കള്ള സഖാവ്... കൊടുക്കുന്നുണ്ട് ഞാൻ അങ്ങേർക്ക്.. ***************** നാലു മണി ആയപ്പോഴേക്കും പാറു വായന ശാലയിലേക്ക് എന്നും പറഞ്ഞ് ഇറങ്ങി വയൽ വരമ്പിലൂടെ നടന്നു. നേൽക്കതിരുകളെ തഴുകി വന്ന ഇളം കാറ്റ് അവളെയും തൊട്ട് തലോടി കടന്ന് പോയി. ഇടവഴി കയറി കവലയിലേക്കെത്തുമ്പോൾ അവളുടെ കണ്ണുകൾ ശരവേഗത്തിൽ അവിടമാകെ പരതി.... തിരഞ്ഞ ആളെ കാണാതെ വന്നപ്പോൾ അറിയാതെ അവൾ ചുണ്ട് പിളർത്തി. വായന ശാലയിലേക്ക്ക് കയറി കയ്യിൽ കരുതിയിരുന്ന പുസ്തകം അവിടെ ഏൽപ്പിച്ച് അവൾ അകത്തേക്ക് കടന്നു. ആദ്യത്തെ ഷെൽഫിലെ പുസ്‌തകങ്ങൾ എടുത്ത് മറിച്ചു നോക്കി തിരഞ്ഞു. മോളെ....

അവിടുത്തെ ലൈബ്രെറിയെന്റെ വിളി കേട്ടാണ് അവൾ കയ്യിലിരുന്ന പുസ്തകത്തിൽ നിന്ന് കണ്ണുകളുയർത്തിയത്. മോൾ ഇവിടെ ഇരുന്ന് വായിക്കുവല്ലേ ഞാൻ വേഗം ആ ചായക്കട വരെയൊന്ന് പോയിട്ട് വരട്ടേ... ഉച്ചക്ക് ഒന്നും കഴിക്കാത്തത് കൊണ്ട് ദേഹമെല്ലാം തളരുന്നത് പോലെ.. അവശതയോടെ അയാൾ പറഞ്ഞപ്പോൾ പാവം തോന്നി അവൾക്ക്. അതിനെന്താ രാമേട്ടാ... പോയിട്ട് വാ... രാമേട്ടൻ വന്നിട്ടേ ഞാൻ പോവുന്നുള്ളു. അവൾ പറഞ്ഞത് കേട്ട് നന്ദിയോടെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് അയാൾ പതിയെ പുറത്തേക്കിറങ്ങി. പ്രായത്തിന്റെ അവശതകൾ വല്ലാതെ വേട്ടയാടുമ്പോഴും തളരാതെ നിൽക്കുന്ന ആ മനുഷ്യനോട്‌ വല്ലാത്ത ബഹുമാനം തോന്നിയവൾക്ക്. അവൾ വീണ്ടും പുസ്‌തകത്തിലേക്ക് കണ്ണ് നട്ടു.തൊട്ടടുത്ത ഷെൽഫുകളെയെല്ലാം മറികടന്ന് അവൾ അകത്തേക്ക് കയറി. അവിടെയിരുന്ന ഒരു ഷെൽഫിൽ തിരഞ്ഞു കൊണ്ടിരുന്നപ്പോഴാണ് പുറത്ത് ഒരു ചുടു നിശ്വാസം വന്ന് പതിഞ്ഞത്.. പെട്ടെന്നായതിനാൽ അവൾ ഞെട്ടി തിരിഞ്ഞ് നോക്കി.

തന്റെ തൊട്ട് പിന്നിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിൽക്കുന്ന കിച്ചുവിനെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു. എന്നാൽ അതിവേഗത്തിൽ അവളുടെ കണ്ണുകൾ വാതിൽക്കലേക്ക് പാഞ്ഞു. അകത്തേക്ക് കയറി നിൽക്കുന്നതിനാൽ വന്ന് കയറുന്നവർക്കോ ലൈബ്രെറിയനോ അകത്തേക്ക് കാണാൻ പറ്റില്ല. അവിടുന്ന് കണ്ണുകൾ പറിച്ചവൾ നോക്കിയത് തന്നെ ഉറ്റു നോക്കുന്ന പീലിക്കണ്ണുകളിലേക്കാണ്. കിച്ചുവിന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടിനടന്നു.... അതറിഞ്ഞപോലെ അവളിൽ വല്ലാത്ത പരിഭ്രമം നിറഞ്ഞു. അവൻ പതിയെ അവളിലേക്കടുത്തു. അവന്റെ നിശ്വാസം മുഖത്ത് തട്ടിയപ്പോൾ ശരീരത്തിലൂടെയൊരു തരിപ്പ് കടന്ന് പോയത് പോലെ തോന്നിയവൾക്ക്.. കണ്ണുകൾ പതിയെ കൂമ്പിയടയാനൊരുങ്ങി.. അടയാൻ വെമ്പി നിൽക്കുന്ന ഉണ്ടക്കണ്ണുകളിലേക്ക് നോക്കിയവൻ അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ച് കഴുത്തിലേക്ക് മുഖം പൂഴ്ത്തി മെല്ലെ കഴുത്തിലെ കറുത്ത മറുകിൽ പല്ലുകളാഴ്ത്തി... പാറു കണ്ണുകൾ ഇറുക്കിയടച്ചു.

അവൻ പതിയെ കഴുത്തിടുക്കിൽ നിന്ന് മുഖമുയർത്തി നോക്കുമ്പോൾ കാണുന്നത് തന്നെ തുറിച്ചു നോക്കുന്നവളെയാണ്. അവൻ മുഖം ചുളിച്ച് അവളെ നോക്കി.. ഇന്നലെ അമ്മ കണ്ടു.... അമ്മ എന്ത് കണ്ടു.... കള്ള ചിരിയോടെ അവളിലേക്ക് ചാഞ്ഞു കൊണ്ടവൻ ചോദിച്ചു. എന്ത് പറയണമെന്നറിയാതെ അവൾ ഒരു നിമിഷമൊന്ന് നിന്നു. അ.. അത്.. ഇവിടെ കഴുത്തിൽ പ..പാട് തന്റെ മുഖത്തേക്ക് നോക്കാനാവാതെ വേറെ എങ്ങോട്ടോ ദൃഷ്ടി പതിപ്പിച്ചുകൊണ്ട് വിക്കി വിക്കി പറയുന്നവളെ കാണെ അവന് ചിരി പൊട്ടി. പാടോ... എവിടെ നോക്കട്ടെ...അതും പറഞ്ഞവൻ വീണ്ടും കഴുത്തിലേക്ക് മുഖം പൂഴ്ത്തി പല്ലുകൾ പതിഞ്ഞിടത്ത് അമർത്തി ചുംബിച്ചു. പാറുവൊന്ന് ഏങ്ങി... കഴുത്തിൽ നിന്ന് മുഖമുയർത്തി അവൻ അവളുടെ ഉണ്ടകവിളിൽ ചുണ്ട് ചേർത്ത് അകന്ന് നിന്നു. ഞാൻ പോവ്വാ... ഇനിയും ഇവിടെ നിന്നാൽ ഇതിലൊന്നും ഒതുങ്ങില്ല.. കള്ള ചിരിയോടെ അവനത് പറഞ്ഞപ്പോൾ അവളുടെ ഉണ്ടക്കണ്ണുകൾ ഒന്നൂടെ പുറത്തേക്കുന്തി..........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story