സഖാവ് ❤️: ഭാഗം 23

sagav

എഴുത്തുകാരി: പൊന്നൂസ്‌

ഞാൻ പോവ്വാ... ഇനിയും ഇവിടെ നിന്നാൽ ഇതിലൊന്നും ഒതുങ്ങില്ല.. കള്ള ചിരിയോടെ അവനത് പറഞ്ഞപ്പോൾ അവളുടെ ഉണ്ടക്കണ്ണുകൾ ഒന്നൂടെ പുറത്തേക്കുന്തി.. അതും പറഞ്ഞവൻ അവളെ മറികടന്ന് പുറത്തേക്ക് നടന്നു. ഒന്നാലോചിച്ച ശേഷം അവളും ഇറങ്ങി. അപ്പോഴേക്കും അയാൾ പോയിട്ട് തിരികെ വന്നിരുന്നു. ആഹ്.. രാമേട്ടൻ വന്നോ... എങ്കിൽ ഞാൻ പോകുവാണേ... ശെരി മോളെ.. ഒഴിഞ്ഞ അവളുടെ കൈകൾ കണ്ട് അയാൾ വീണ്ടും ചോദിച്ചു. അല്ല... മോള് ഇന്നൊന്നും എടുത്തില്ലല്ലോ.. ഇന്ന് വേണ്ട രാമേട്ടാ.. ഞാൻ നാളെയോ മറ്റോ വരാം.. അതും പറഞ്ഞ് അയാൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് പാറു ഇറങ്ങി നടന്നു. ആൽച്ചുവട്ടിലൂടെ കടന്ന് ഇടവഴിയിലേക്ക് കയറി അവൾ വേഗത്തിൽ നടന്നു. കുറച്ച് ദൂരം നടന്നപ്പോൾ കണ്ടു തനിക്ക് മുൻപിൽ നടന്ന് പോകുന്നവനെ.. അവൾ വേഗത്തിൽ ഓടി അവനൊപ്പമെത്തി... ഒന്നും മിണ്ടാതെ അവനോടൊപ്പം നടന്നു. ഒപ്പമോടിയെത്തിയവളുടെ അനക്കമൊന്നും കേൾക്കാത്തതിനാൽ അവൻ തലചെരിച്ച് നോക്കി.. അവളുടെ കണ്ണ് ദൂരേക്കാണ്...

കണ്ണെത്താ ദൂരം പരന്ന് കിടക്കുന്ന ചുവപ്പ് പടർന്ന് തുടങ്ങിയ ആകാശത്തേക്ക്. അവൻ മെല്ലെ അവളുടെ കൈയ്യോട് കൈ കോർത്ത് പിടിച്ചു.അവൾ പതിയെ അവനെ നോക്കി.. അത്‌ കണ്ടതും അവനൊന്ന് കണ്ണ്ചിമ്മി ചിരിച്ചു. അവൾ ചെറു ചിരോയോടെ അവന്റെ തോളിലേക്ക് ചാഞ്ഞുകൊണ്ട് നടന്നു. എത്ര കൊതിച്ചതാണ് ഇത്..എത്ര സ്വപ്നം കണ്ടതാണ് സഖാവിന്റെ കൈ പിടിച്ച് ഇങ്ങനെ നടക്കുന്നത്. ലോകം വെട്ടിപിടിച്ച സന്തോഷം തോന്നിയവൾക്ക്. അവനോട് ചേർന്ന് നടക്കുമ്പോൾ എല്ലാം നേടിയത് പോലെ തോന്നി.... അവന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു.. തന്റെ പെണ്ണ്... തന്റെ കയ്യും പിടിച്ച്.. ഒരിക്കലും നടക്കുമെന്ന് കരുതിയതല്ല... മുന്നോട്ട് നടക്കുമ്പോൾ ഇരുവരും തങ്ങളുടേതായ ലോകത്തായിരുന്നു..തങ്ങളുടെതായ ചിന്തകളിലായിരുന്നു.. നടന്ന് ഏറുമാടത്തിന്റെ അടുത്തെത്തിയപ്പോൾ അവൻ അവളുടെ കൈ വിട്ടു. അവൾ സംശയത്തോടെ മുഖമുയർത്തി. ഞാൻ അങ്ങോട്ടാ നീ പൊക്കോ... ഏറുമാടത്തിലേക്ക് കൈചൂണ്ടി അവൻ പറഞ്ഞു.

അത്‌ കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു. ഞാനും വന്നോട്ടെ... ഇത്തിരി നേരം മതി അത്‌ കഴിഞ്ഞ് ഞാൻ പൊക്കോളാം.. തന്നെ നോക്കി കെഞ്ചി പറയുന്നവളെ കാണെ പ്രണയത്തേക്കാളുപരി വാത്സല്യം തോന്നിയവന്...വല്ലാത്ത സ്നേഹം തോന്നി.. അവളുടെ കയ്യും പിടിച്ചവൻ വരമ്പിൽ നിന്ന് പാടത്തേക്കിറങ്ങി വയലിന് കുറുകെ വെട്ടിയ വഴിയിലൂടെ നടന്നു.. ഏറുമാടത്തിന് താഴെയെത്തി അവളെ ശ്രദ്ധയോടെ അതിന് മുകളിലേക്ക് കയറ്റി അവനും കയറി. അവൻ കയറി അവളുടെ അരികിൽ ഇരുന്നപ്പോൾ അവൾ അവന്റെ കൈയിലൂടെ കൈകോർത്തു പിടിച്ച് തോളിലേക്ക് തല ചായ്ച്ചു. കുറച്ചു നേരം ഇരുവരും ദൂരേക്ക് നോക്കിയിരുന്നു. ഇപ്പൊ എന്നെ ഇഷ്ടാണോ സഖാവേ... മൗനത്തെ ഭേദിച്ചുകൊണ്ടുള്ള പാറുവിന്റെ ചോദ്യം കിച്ചുവിനെ ചിന്തകളിൽ നിന്നുണർത്തി. ഇപ്പോഴെന്നല്ല എപ്പോഴും ഇഷ്ടാണ്.. എപ്പോഴോ തുടങ്ങിയ ഇഷ്ടം.. അവളുടെ ചോദ്യത്തിന് ചെറുചിരി ഉത്തരമായി നൽകി. അവളോടുള്ള ഇഷ്ടത്തിന് വാക്കുകളാൽ അതിർ വരമ്പ് തീർക്കാൻ അവനൊരുക്കമല്ലായിരുന്നു.

എല്ലാ അതിരുകളും ഭേദിച്ചു പുറത്തേക്കൊഴുകുന്ന പ്രണയത്തെ അവളിലേക്ക് പകർന്ന് നൽകാൻ തന്റെ വാക്കുകൾക്ക് കഴിയില്ല എന്ന് മനസ്സിലാക്കവേ അവനവളെ ഒന്നുകൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു.ആർക്കും വിട്ടുകൊടുക്കില്ലെന്ന പോൽ... തന്റെ മാത്രം സ്വന്തമാണെന്ന് പറയാതെ പറയുന്നത് പോലെ.. അവളും ആ കരവലയത്തിനുള്ളിൽ അവന്റെ നെഞ്ചോട് ചേർന്നിരുന്നു.. വാക്കുകൾ ഇരുവർക്കും അന്യമായിരുന്നുവപ്പോൾ... വാക്കുകളാൽ വർണിക്കാനവാത്ത തങ്ങളുടെ പ്രണയത്തെ മൗനത്താൽ പരസ്പരം പകർന്ന് നൽകുകയായിരുന്നു അവർ. മൂവന്തി മാനത്ത് ഇരുട്ട് പടർന്ന് തുടങ്ങിയപ്പോൾ അവൻ തല ചെരിച്ച് അവളെ നോക്കി.. തന്റെ നെഞ്ചോട് ചേർന്ന് ഒരു പൂച്ചക്കുഞ്ഞിനെ പോലെ ഇരിക്കുന്നവളുടെ നെറ്റിയിൽ അമർത്തി മുത്തി. അവന്റെ ചുണ്ടിന്റെ നനുത്ത സ്പർശമറിഞ്ഞതും പാറു തലയുയർത്തി. എത്ര നേരായി.. വീട്ടിൽ തിരക്കും വാ ഞാൻ കൊണ്ട് വിടാം.. അത്രയും പറഞ്ഞ് അവൻ താഴെക്കിറങ്ങി പുറകെ അവളും.

അവളെ വീട്ടിലേക്ക് കയറുന്ന പടിക്കെട്ടിന് താഴെ വരെ കൊണ്ട് വിട്ട് അവൻ തിരിഞ്ഞു നടന്നു. സഖാവേ... ഒന്ന് നിക്കുവോ.. മുന്നോട്ട് നടന്നവൻ അവളുടെ വിളി കേട്ട് തിരിഞ്ഞു നോക്കി.അവൾ അവനടുത്തേക്ക് ചെന്ന് എടുക്കാനെന്നപോൽ കയ്യുയർത്തി. അത് കണ്ട് ചെറു ചിരിയോടെ അവനവളെ പൊക്കിയെടുത്തു.എടുത്തപാടെ അവൾ അവന്റെ കവിളിൽ പല്ലുകലാഴ്ത്തി. പ്രതീക്ഷിക്കാത്തതിനാൽ അവൻ ഞെട്ടികൊണ്ട് കൈ അയച്ചു. അവൾ ചാടി താഴെക്കിറങ്ങി പടികൾ കയറി മുകളിലേക്കോടി.. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു കവിളിൽ കൈ വച്ച് ഞെട്ടി നിൽക്കുന്നവനെ.അവന്റെ നിൽപ്പ് കാണെ അവൾക്ക് ചിരി പൊട്ടി. അവനെ നോക്കി കണ്ണിറുക്കി അവൾ വീട്ടിലേക്കോടി.. അവൾ പോയെന്ന് കണ്ടതും അവനും തിരിഞ്ഞു നടന്നു.. ചെറുചിരിയോടെ..........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story