സഖാവ് ❤️: ഭാഗം 24

sagav

എഴുത്തുകാരി: പൊന്നൂസ്‌

ചെറു ചിരിയോടെ അവനവളെ പൊക്കിയെടുത്തു.എടുത്തപാടെ അവൾ അവന്റെ കവിളിൽ പല്ലുകലാഴ്ത്തി. പ്രതീക്ഷിക്കാത്തതിനാൽ അവൻ ഞെട്ടികൊണ്ട് കൈ അയച്ചു. അവൾ ചാടി താഴെക്കിറങ്ങി പടികൾ കയറി മുകളിലേക്കോടി.. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു കവിളിൽ കൈ വച്ച് ഞെട്ടി നിൽക്കുന്നവനെ.അവന്റെ നിൽപ്പ് കാണെ അവൾക്ക് ചിരി പൊട്ടി. അവനെ നോക്കി കണ്ണിറുക്കി അവൾ വീട്ടിലേക്കോടി.. അവൾ പോയെന്ന് കണ്ടതും അവനും തിരിഞ്ഞു നടന്നു.. ചെറുചിരിയോടെ.... ***************** പിറ്റേന്ന് രാവിലെ പാറു പതിവിലും നേരത്തെ ഉണർന്നു. കുളിച്ചു വന്ന് ഒരു ചുരിദാറും എടുത്തിട്ട് വേഗം തയ്യാറായി. എല്ലാവരും എഴുന്നേൽക്കുന്നതിന് മുൻപേ പോണമെന്ന് കരുതിയവൾ പതിയെ പടികളിറങ്ങി അടുക്കളയിലേക്ക് നടന്നു. ചെന്നപ്പോൾ കല്യാണിയമ്മയുണ്ടായിരുന്നു അവിടെ.. അവൾ അവിടെ ചെന്ന് പുറകിലൂടെ അവരെ കെട്ടി പിടിച്ചു. എന്താണ് എന്റെ പാറു മോള് ഇന്ന് നേരത്തെ... അങ്ങനെതന്നെ നിന്നുകൊണ്ടവർ അവളുടെ കവിളിൽ തലോടി.

അത്... അമ്മേ ഞാൻ.. എന്റെ ഒരു കൂട്ടുകാരിയല്ലേ രേഷ്മ.. അവളുടെ വീട്ടിലേക്ക് ഒന്ന് പോവ്വാ.. അത് ഇവിടുന്ന് ഇത്തിരി ദൂരയല്ലേ മോളെ..എന്തിനാ ഇപ്പൊ പോണേ.. അ.. അത്‌ കഴിഞ്ഞ ദിവസം വിളിച്ചപ്പോ അവളുടെ അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞാരുന്നു... ഞാൻ ഒന്ന് കാണാൻ പൊവ്വാ.. ആഹ് എങ്കിൽ പോയിട്ട് വാ.. നീ മഹിയേട്ടനോട് പറഞ്ഞോ പോവുന്ന കാര്യം? അത് കേട്ടതും അവളുടെ നെഞ്ചിലൂടെ ഒരു ആന്തൽ കടന്ന് പോയി. അമ്മയെ പോലെ അല്ല.. തന്റെ ചെറിയൊരു മാറ്റം പോലും കൃത്യമായി അറിയാം അച്ഛക്ക്.. തന്റെ മുഖത്തെ ഓരോ ഭാവങ്ങളുടെയും അർത്ഥം അമ്മയേക്കാൾ അറിയുന്നത് അച്ഛക്കാണ്.. അത്‌ കൊണ്ട് മഹിയെ കണ്ടാൽ ശെരിയാവില്ല എന്ന് തോന്നി അവൾക്ക്. അച്ഛ എണ്ണീറ്റില്ലല്ലോ.. എഴുന്നേൽക്കുമ്പം അമ്മ പറഞ്ഞാ മതി.. ഞാൻ പോവ്വാ താമസിക്കും.. ബസ് കിട്ടില്ല.. അതും പറഞ്ഞവൾ മുറ്റത്തേക്കിറങ്ങി വേഗത്തിൽ നടന്നു. ഇടവഴിയിലൂടെ കയറി വരമ്പിലേക്ക് ഓടുകയായിരുന്നു... കിച്ചു വരുന്നതിന് മുൻപ് വയൽ കടന്ന് പോകണം..

രാവിലെ കുട്ടികൾക്ക് ട്യൂഷൻ എടുത്ത് കഴിഞ്ഞാലുടൻ അവൻ നേരെ പാടത്തേക്കാണ് വരുക. അതിന് മുൻപ് കവലയിൽ എത്തണം.. അവൾ കാല് വലിച്ച് വച്ച് വേഗത്തിൽ നടന്നു. പാടം കടന്ന് കവലയിലേക്കുള്ള വഴിയിൽ കയറിയപ്പോഴാണ് അവൾക്ക് സമാധാനമായത്. ആദ്യം കിട്ടിയ ബസിൽ കയറി സൈഡ് സീറ്റിൽ ഇരുന്നു...വിങ്ങുന്ന മനസ്സുമായി ദൂരേക്ക് മിഴികൾ പായിച്ചു. ****************** ആൽചുവട്ടിൽ വന്നവൻ ഏറെ നേരം ഇടവഴിയിലേക്ക് കണ്ണ് നട്ടിരുന്നു.. ആരുടെയെങ്കിലും നിഴൽ വഴിയിൽ കണ്ടാൽ അവൻ ആകാംഷയോടെ തലയുയർത്തി നോക്കും.. അവളല്ലെന്ന് മനസ്സിലാവുമ്പോൾ ആ മുഖം മങ്ങും. ഒരുപാട് നേരം കാത്തിരുന്നിട്ടും അവളെ കാണാതായപ്പോൾ അവൻ എഴുന്നേറ്റു.പോകുന്ന വഴിയിൽ മുഴുവൻ അവന്റെ കണ്ണുകൾ തന്റെ പെണ്ണിനെ തിരഞ്ഞു. എങ്ങും കാണാതായപ്പോൾ നിരാശയോടെ വീട്ടിലേക്ക് നടന്നു. *****************

പൂഴിമണ്ണ് നിറഞ്ഞ വഴിയിലൂടെ അവൾ നടന്നു...കണ്ണുകൾ നിറഞ്ഞ് കാഴ്ച മങ്ങിയപ്പോൾ കണ്ണുകൾ അമർത്തി തുടച്ച് മുന്നോട്ട് നടന്നു... എങ്ങനെയെങ്കിലും ഒന്ന് വീട്ടിലെത്തിയാൽ മതിയെന്ന് തോന്നി.. അലറി കറയണമെന്ന് തോന്നി... വെറുപ്പ് തോന്നി അവൾക്ക് അവളോട് തന്നെ. വീട്ടിലേക്ക് വേഗത്തിൽ ചെന്ന് പടികൾ ശരവേഗത്തിൽ ഓടി കയറി അവൾ. മുറിയിലേക്ക് കയറി വാതിലടച്ച് നിലത്തേക്ക് ഊർന്നിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകി.. ദേഷ്യം തോന്നി....എല്ലാത്തിനോടും അവളോട് ഇങ്ങനെ ക്രൂരത കാട്ടിയ ദൈവത്തോട്.. അവളുടെ സഖാവിനെ അവളിൽ നിന്നും തട്ടിയെടുക്കാൻ ശ്രെമിക്കുന്ന വിധിയോട്.. എല്ലാത്തിനോടും വെറുപ്പ് തോന്നി.. പക തോന്നി. എന്നാൽ താൻ നിസ്സഹായയാണെന്ന യാഥാർഥ്യം അവളെ വല്ലാതെ ഉലച്ചു. എന്ത് ചെയ്യും താൻ... ആരോട് പറയും..

വേണ്ട ആരോടും പറയണ്ട.. ആരെയും വിഷമിപ്പിക്കണ്ട.. എല്ലാം ഒറ്റക്ക് അനുഭവിക്കണം.. ഇത് തന്റെ വിധിയാണ് തന്റെ മാത്രം... മറ്റുള്ളവർ ഒന്നും ഇതിൽ പങ്കാളികളാവേണ്ടതില്ല..ദൈവം തനിക്ക് നേരെ വച്ച് നീട്ടിയ പരീക്ഷണം.. അത് താൻ മാത്രം അനുഭവിച്ചാൽ പോരെ... അതെ.. താൻ മാത്രം അനുഭവിക്കേണ്ടതാണ്... താൻ മാത്രം.. പലതും മനസ്സിലുറപ്പിച്ചവൾ നിറഞ്ഞു തൂവുന്ന കണ്ണുകൾ വീണ്ടും വീണ്ടും അമർത്തി തുടച്ചു. ധൈര്യം സംഭരിക്കാൻ നോക്കും തോറും ചോർന്ന് പോവുന്നു... ചങ്ക് പൊട്ടുന്നു... നോവ്.. വല്ലാത്ത നോവ്.. സഹിക്കാൻ കഴിയുന്നില്ല.. ഇല്ല.. സഹിക്കാൻ കഴിയും.. സഹിച്ചേ പറ്റൂ.. മറ്റുള്ളവരുടെ നന്മക്ക് വേണ്ടി. പലതും മനസ്സിലുറപ്പിച്ചവൾ എഴുന്നേറ്റു..........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story