സഖാവ് ❤️: ഭാഗം 25

sagav

എഴുത്തുകാരി: പൊന്നൂസ്‌

ധൈര്യം സംഭരിക്കാൻ നോക്കും തോറും ചോർന്ന് പോവുന്നു... ചങ്ക് പൊട്ടുന്നു... നോവ്.. വല്ലാത്ത നോവ്.. സഹിക്കാൻ കഴിയുന്നില്ല.. ഇല്ല.. സഹിക്കാൻ കഴിയും.. സഹിച്ചേ പറ്റൂ.. മറ്റുള്ളവരുടെ നന്മക്ക് വേണ്ടി. പലതും മനസ്സിലുറപ്പിച്ചവൾ എഴുന്നേറ്റു... **************** രാവിലെ ആരോ തലയിൽ തലോടുന്നത് പോലെ തോന്നിയതും അവൾ കണ്ണുകൾ വലിച്ച് തുറന്നു. അരികിൽ ഇരിക്കുന്ന മഹിയെ കണ്ടതും അവൾ ചെറുതായി ഒന്ന് പുഞ്ചിരിച്ചു. എന്തൊരുറക്കാടാ..നേരം എത്രായി എന്നറിയോ..എപ്പോ കിടന്നതാ ഇന്നലെ.. എണ്ണീറ്റേ.. വന്ന് കുളിച്ച് എന്തേലും കഴിക്ക്. അതും പറഞ്ഞ് അയാൾ മുറി വിട്ടിറങ്ങി.. അവൾ ചടപ്പോടെ കട്ടിലിൽ തന്നെയിരുന്നു.മനസ്സാകെ കലങ്ങി മറിഞ്ഞു കിടക്കുന്നു.. ആരുടേയും മുഖത്തേക്ക് നോക്കാൻ വയ്യ. പൊട്ടി കരഞ്ഞു പോകുമോ എന്ന പേടി... താൻ പറഞ്ഞു പോകുമോ എന്ന പേടി.... ജീവനോടെ തീച്ചൂളയിൽ വെന്തുരുകും പോലെ.... എത്ര കാലം... എത്ര കാലം താനിത് മറച്ചു വെക്കും.. എല്ലാം എല്ലാവരും അറിഞ്ഞാൽ... ഓർക്കും തോറും വല്ലാത്തൊരു ഭീതി അവളെ പൊതിഞ്ഞു.

കുളിച്ചു തയ്യാറായി താഴെ ചെന്ന് ആഹാരവും കഴിച്ച് അവൾ വീണ്ടും മുറിയിലേക്ക് കടന്നു... സാധാരണ അച്ഛമ്മയുടെയും അമ്മയുടെയും കൂടെ നടക്കുന്നതാണ്.. പക്ഷെ ഇന്നെന്തുകൊണ്ടോ അവൾക്ക് മുറിക്ക് പുറത്തേക്കിറങ്ങാൻ പോലും തോന്നിയില്ല... വെറുതെ മേശയിൽ തല വച്ച് കിടന്നു.. ഭാവിയെ കുറിച്ച് സ്വപ്നങ്ങൾ നെയ്തിരുന്ന മനസ്സിന്ന് ശൂന്യമാണ്... സഖാവിന്റെ മുഖം നിറഞ്ഞു നിൽക്കുന്ന മനസ്സിന്ന് ആ മുഖത്തെ ഉള്ളിൽ പറിച്ചു മാറ്റാനുള്ള പാഴ്ശ്രമത്തിലാണ്.. അതെ.. പാഴ്ശ്രമമാണ്... തന്റെ ഓരോ നിശ്വാസത്തിലും നിറഞ്ഞു നിൽക്കുന്നവനെ എങ്ങനെ മറക്കാനാണ്.. അവനെ കുറിച്ചോർക്കവേ ഉള്ളു നീറുന്ന നോവിലും അവൾ ഒന്ന് പുഞ്ചിരിച്ചു.. എല്ലാം നഷ്ടപ്പെട്ടവളുടെ... നിസ്സഹായയായവളുടെ ചിരി. ***************** സമയമേറെ കടന്ന് പോയിട്ടും അവൾ വരുന്നില്ലെന്ന് കണ്ടതും അവൻ ആൽത്തറയിൽ നിന്ന് ചാടിയിറങ്ങി..വല്ലാത്ത വീർപ്പുമുട്ടൽ.. അവളെ കാണാനായി വെമ്പുന്ന കണ്ണുകളെയും പിടയുന്ന മനസ്സിനെയും ഇനിയും നിയന്ത്രിക്കാനാവില്ല എന്ന് തോന്നിയതും അവൻ വേഗം വീട്ടിലേക്ക് നടന്നു.

എന്ത് പറ്റിയാവോ പെണ്ണിന്.. ഇല്ലേൽ ഒരു ദിവസം പോലും തമ്മിൽ കാണാത്തതല്ല. ഇനി വല്ല വയ്യാഴികയും... പലതും ചിന്തിച്ച് കൊണ്ടവൻ ഉമ്മറത്തേക്ക് കയറി അകത്തേക്ക് വിളിച്ചു ചോദിച്ചു.. അമ്മേ.. ഞാൻ മഹിയച്ഛന്റെ വീട് വരെ ഒന്ന് പോവ്വാ.. അമ്മ വരുന്നുണ്ടോ..? ആഹ് നീ പോവ്വാണേൽ ഞാനും കൂടെ വരാം.. ഇല്ലേൽ പാറു പിണങ്ങും.. ആ കുട്ടി ഇവിടെ വന്ന് അങ്ങോട്ട്‌ ചെല്ലണമെന്ന് പറഞ്ഞിട്ട് ദിവസമെത്രയായി.. ഇനിയും പോയില്ലേൽ കാണുമ്പോൾ പെണ്ണ് മുഖം വീർപ്പിക്കും.. ഞാൻ ഇപ്പൊ വരാം നീയിവിടെ ഇരിക്ക്. അതും പറഞ്ഞവർ അകത്തേക്ക് നടന്നു. പാറുവിന്റെ നിഷ്കളങ്കമായ മുഖം ഓർത്തതും അറിയാതെ അവന്റെ ചുണ്ടുകൾ പുഞ്ചിരിച്ചു. ****************** ഇടവഴിയിലേക്ക് തിരിയുന്നിടത്ത് ബൈക്ക് ഒതുക്കി അവർ ഇറങ്ങി നടന്നു. നന്ദിയമ്മക്ക് കാലിന് സുഖമില്ലാത്തത് കൊണ്ട് ബൈക്കിലാണ് വന്നത്.

വീട്ടുമുറ്റത്തേക്ക് കയറുമ്പോൾ അച്ഛമ്മ ഉമ്മറത്ത് തന്നെയുണ്ടായിരുന്നു. അകത്തേക്ക് കയറി വിശേഷങ്ങൾ തിരക്കിയതും ശബ്ദം കേട്ട് കല്യാണിയമ്മയും വന്നു. മൂന്ന് പേരും ചുറ്റുമിരുന്ന് വിശേഷങ്ങൾ പറയുന്ന തിരക്കിൽ തന്നെയാരും ശ്രെദ്ധിക്കുന്നിലെന്ന് കണ്ടവൻ പതിയെ പടികൾ കയറി നേരെ അവളുടെ മുറിയിലേക്ക് നടന്നു.. ചാരിയിട്ടിരുന്ന വാതിൽ തുറന്ന് കിച്ചു പതിയെ അകത്തേക്ക് കയറി. ശബ്ദമുണ്ടാക്കാതെ വാതിൽ അടച്ച് പൂട്ടി തിരിഞ്ഞപ്പോൾ കണ്ടത് ജനലരികിൽ കസേരയിൽ ദൂരേക്ക് മിഴികൾ പായിച്ചിരിക്കുന്നവളെയാണ്. ശരീരമിവിടെയാണെങ്കിലും മനസ്സ് മറ്റെങ്ങോ അലഞ്ഞു കൊണ്ടിരിക്കുകയാണെന്ന് വ്യക്തം.. ചുണ്ടിലൊരു കള്ളചിരി ഒളിപ്പിച്ചുകൊണ്ടവൻ അവൾക്കരികിലേക്ക് ചുവടുകൾ വച്ചു........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story