സഖാവ് ❤️: ഭാഗം 28

sagav

എഴുത്തുകാരി: പൊന്നൂസ്‌

പാഞ്ഞു ചെന്ന് അവനെ മുറുകെ പുണർന്ന് ആ മുഖം മുഴുവൻ ചുംബനങ്ങളാൽ പൊതിഞ്ഞു അവൾ. ഇല്ല.. ഞാൻ എങ്ങും പോവില്ല... പിന്നേയും പിന്നെയും അത് തന്നെ ഉരുവിട്ടു കൊണ്ടവൾ അവനെ ഒന്നൂകൂടി ഇറുകെ പുണർന്നു. അവനും അവളെ തന്റെ കൈകൾക്കുള്ളിൽ പൊതിഞ്ഞു പിടിച്ചു. ആ കണ്ണുകളും നിറഞ്ഞിരുന്നു.. **************** പിറ്റേന്ന് ഏറെ നേരം ആൽചുവട്ടിൽ കാത്തിരുന്നിട്ടും അവൾ വന്നില്ല.. അവന് വല്ലാത്ത നിരാശ തോന്നി.. ഒപ്പം പെട്ടെന്നുള്ള അവളുടെ മാറ്റത്തിൽ സംശയവും.. എന്നാൽ മറുവശത്ത് ഉള്ളിലുള്ളത് ആരോടും തുറന്ന് പറയാനാകാതെ ഉരുകുകയായിരുന്നു അവൾ.. തനിച്ചാണെന്ന തോന്നൽ അവളെ വല്ലാതെ തളർത്തിയിരുന്നു.. ഓരോ നിമിഷം കഴിയും തോറും മറ്റുള്ളവരുടെ മുഖത്ത് നോക്കാൻ തീരെ കഴിയുന്നില്ല.. ഉള്ളിൽ പൊതിഞ്ഞു സൂക്ഷിച്ചതൊക്കെയും തന്നോട് കൂടെ ഒടുങ്ങാൻ എല്ലാവരോടും അകലം കാണിക്കുന്നത് തന്നെയാണ് നല്ലതെന്ന് അവൾക്ക് തോന്നി. മുറിക്ക് പുറത്തിറങ്ങിയിട്ട് ദിവസങ്ങളായി..

തന്റെ കളിചിരികളാൽ നിറഞ്ഞിരുന്ന അകത്തളങ്ങൾ ഇന്ന് നിശബ്ദമാണ്..തന്റെ കണ്ണിലെ കുസൃതിയും ചുണ്ടിൽ വിരിയുന്ന ചിരിയും കണ്ട് സന്തോഷിച്ചിരുന്നവർ ഇന്ന് നിശബ്ദരാണ്.. പേടിയാണ് ആരോടെങ്കിലും ഒന്ന് മിണ്ടിയാൽ....മുഖത്തേക്ക് നോക്കിയാൽ എല്ലാം പറഞ്ഞു പോവുമോ എന്ന പേടി.. ഉറക്കം കെടുത്തുന്ന പേടി.. എല്ലാവരെയും പഴയത് പോലെ സന്തോഷിപ്പിക്കണമെന്നുണ്ട്.. പക്ഷെ ഉള്ളിൽ ഒരു അഗ്നി പർവതം പുകയുമ്പോൾ പുറമെ ചിരിക്കാൻ കഴിയുന്നില്ല... ഓരോന്നോർത്ത് കൊണ്ട് അവൾ പതിയെ കിടക്കയിലേക്ക് ചാഞ്ഞു.. ***************** പുലരിയുടെ വരവറിയിച്ചു കൊണ്ട് അങ്ങിങായി സ്വർണ രശ്മികൾ പതിച്ച് തുടങ്ങിയിരുന്നു...പച്ച വിരിച്ച് തിങ്ങി നിറഞ്ഞ് തലയുയർത്തി നിൽക്കുന്ന കതിരുകളിൽ പറ്റിച്ചേർന്നിരിക്കുന്ന മഞ്ഞു തുള്ളിയെ അവൻ ചെറു ചിരിയോടെ നോക്കി.. അവയും പ്രണയിക്കുകയാണ്.. സൂര്യനെ.. അവനെ പ്രണയിച്ച് അവനാൽ അലിഞ്ഞില്ലാതാവുകയാണ്.. അവന്റെ പ്രണയത്തെ നെഞ്ചിലേറ്റി സ്വയം ഉരുകി മറയുകയാണ്...

അവന്റെ കൈകൾ അവയെ തൊട്ട് തലോടി മുന്നോട്ട് നീങ്ങി...പെട്ടെന്ന് എവിടെ നിന്നോ വന്ന തണുത്ത കാറ്റ് തലയുയർത്തി നിന്ന നെൽക്കതിരുകളെ ഉലച്ച് നെറ്റിയിലേക്ക് വീണു കിടക്കുന്ന അവന്റെ സമൃദ്ധമായ മുടിയിഴകളെ തഴുകി കടന്ന് പോയി..ഉടലാകെ ഒരു കുളിര് പൊതിയുന്നതറിഞ്ഞു... അവന് തന്റെ പെണ്ണിനെ കാണാൻ തോന്നി... താൻ അടുത്തേക്ക് ചെല്ലുമ്പോൾ ചുവന്ന് വരുന്ന അവളുടെ കവിളുകളിൽ ചുണ്ട് ചേർക്കാൻ തോന്നി... അവളുടെ ഉണ്ടക്കണ്ണുകളുമായി തന്റെ കണ്ണുകളെ കൊരുക്കാൻ തോന്നി.. കിച്ചു നടപ്പിന്റെ വേഗത കൂട്ടി.. ആൽചുവട്ടിലേക്ക് ചെന്ന് ആൽത്തറയിലേക്ക് കയറി ഇരിക്കുമ്പോൾ അവന്റെ കണ്ണുകൾ ഒരു നിമിഷം പോലും പാഴാക്കാതെ ബസ് സ്റ്റോപ്പിലേക്ക് നീണ്ടു... അവൾ വന്നിട്ടില്ല എന്ന് കണ്ടതും ഇടവഴിയിലേക്കു കണ്ണ് നട്ടു. ഇന്നാണ് പാറുവിന്റെ കോളേജ് തുറക്കുന്നത്..

രാവിലെ അവളെ കാണണമെന്ന് തോന്നി ഇറങ്ങിയതാണ്.. ഒരു ദിവസം പോലും കാണാതിരിക്കാൻ കഴിയാത്തവളെ കണ്ടിട്ട് ദിവസം രണ്ടാകുന്നു... ഇന്നെന്തൊക്ക വന്നാലും അവളെ കണ്ട് രണ്ട് പറയണം എന്ന് കരുതിയാണ് ഈ കാത്തിരിപ്പ്. ക്ഷമ നശിച്ചവൻ ഇടവഴിയിലേക്ക് കണ്ണ് നട്ടു.. കണ്ണെടുക്കാതെ ഏറെ നേരം നോക്കിയിരുന്നിട്ടും അവൾ വന്നില്ല... പക്ഷെ അവനവിടെ തന്നെ ഇരുന്നു.. കാരണം അവൾ ഇന്ന് വരുമെന്ന് അവന് ഉറപ്പായിരുന്നു.. ഇടവഴിയിലേക്ക് നോക്കി കണ്ണു പോലും ചിമ്മാതെയിരിക്കുന്നവനെ കണ്ടു കൊണ്ടാണ് അജു കവലയിലേക്ക് വരുന്നത്.. അളിയോ... കിച്ചുവിനെ നീട്ടി വിളിച്ചു കൊണ്ടവൻ പതിയെ അവന്റെ തോളിൽ ഒന്ന് തല്ലി. പെട്ടെന്നുള്ള അടിയിൽ അവനൊന്ന് ഞെട്ടി അജുവിനെ നോക്കി.. അവന്റെ കോർപ്പിച്ചുള്ള നോട്ടം കാണെ അജു നന്നായൊന്ന് ഇളിച്ചു. ഈ... സോറി അളിയാ.. ഒരു ആവേശത്തിന്.. അതും പറഞ്ഞവൻ ആൽത്തറയിലേക്ക് ചാടി കയറി കിച്ചുവിന്റെ തോളിൽ കയ്യിട്ടുകൊണ്ട് ഇരുന്നു.

കിച്ചു ഇടവഴിയിൽ നിന്ന് കണ്ണ് പറിക്കാതെ ഇരിക്കുന്നത് കണ്ട് അജു കൈയെടുത്ത് അവന്റെ മുഖത്തിന്‌ നേരെ വീശി. ഹോ..! നിനക്കിത് എന്തിന്റെ സൂക്കേടാ കോപ്പേ.. ഹോ.. അതിനിനി കാറി പൊളിക്കണ്ട.. നീ ഇരുന്ന ഇരുപ്പിൽ സമാധി ആയോന്ന് നോക്കിയതല്ലേ.. അവൻ പറഞ്ഞത് കേട്ട് കിച്ചു നെറ്റിചുളിച്ചു. അല്ലാ.. നിന്റെ ഈ കണ്ണ് പോലും ചിമ്മാതെയുള്ള ഇരുപ്പ് കണ്ട് എനിക്കങ്ങനെ തോന്നി.. അതിന്റെ അർത്ഥം മനസ്സിലായെന്ന പോലെ അജു ഇളിച്ചു കൊണ്ട് പറഞ്ഞതും അവൻ അജുവിന്റെ വയറിൽ ഒരു കുത്ത് കൊടുത്തു. ഹു.. കുത്തല്ലേടാ തെണ്ടി.. എനിക്ക് വിശക്കും.. അയിന് നിനക്കെപ്പോഴാ വിശക്കാത്തെ.. ഹാ അത് പറഞ്ഞപ്പോഴാ ഓർത്തെ എനിക്ക് വിശക്കുന്നു.. നീ ഇങ്ങോട്ട് വന്നേ നമുക്ക് രാഖവേട്ടന്റെ കടയിൽ പോയി നല്ല ചൂട് പുട്ടും കടലയും തട്ടാം.. നീ അങ്ങോട്ട്‌ പൊക്കോ.. ഞാൻ വന്നേക്കാം.. അതെന്താ നിനക്കിപ്പോ വന്നാൽ.. ഇപ്പോ വരുന്ന പോലെ തന്നെയല്ലേ പിന്നെ വരുന്നതും.. അതും പറഞ്ഞ് അജു അവന്റെ കയ്യിൽ പിടിച്ച് വലിച്ചു.

അപ്പോഴാണ് ഇടവഴിയിലൂടെ പാറു ഇറങ്ങി വന്നത്.അവളെ കണ്ടതും കിച്ചുവിന്റെ കണ്ണുകൾ വിടർന്നു. പെട്ടെന്നുള്ള അവന്റെ ഭവമാറ്റത്തിൽ അവൻ കണ്ണുകൾ പതിഞ്ഞിരിക്കുന്നിടത്തേക്ക് അജു നോക്കി.. ഓഹ് അപ്പൊ അതാണ് കാര്യം.. അവളെ നോക്കിയാണല്ലെ നീ ഇത്രേം നേരം ഇവിടെ അടയിരുന്നത്. കൊള്ളാടാ.. ഇത്രേമൊക്കെ ആയിട്ടും നീ എന്നോടൊന്ന് പറഞ്ഞില്ലല്ലോ.. അതും പറഞ്ഞ് അജു അവന്റെ കൈവിട്ട് രാഘവേട്ടന്റെ കടയിലേക്ക് നടന്നു. അവന്റെ പുറകെ പോകാൻ നിന്നവൻ അവൾ വരുന്നത് കണ്ട് നിന്നു... അവളുടെ മുഖത്തേക്ക് ചെറുചിരിയോടെ നോക്കി..

എന്നാൽ അവൾ അവനെ ഒരു നോട്ടം കൊണ്ട് പോലും പരിഗണിക്കാതെ ബസ് സ്റ്റോപ്പിലേക്ക് നടന്നു.. അത് കാണെ അവന്റെ നെഞ്ചോന്ന് പിടഞ്ഞു. ഒരു ഇളം നീല ചുരിദാറാണ് വേഷം.. എന്നും കരിമഷിയാൽ അതിർവരമ്പ് തീർക്കുന്ന അവളുടെ കണ്ണുകൾ ഇന്ന് ശൂന്യമാണ്... ആ ഉണ്ടക്കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നത് നിർവികാരതയാണ്... ഒരു തരം ശൂന്യത. എനിക്കറിയാം പാറു കാര്യമായ എന്തോ പ്രശ്നം നിന്നെ അലട്ടുന്നുണ്ടെന്ന്... അത് എന്ത് തന്നെയായാലും ഇനി നിന്നെ വേദനിക്കാൻ ഞാൻ വിടില്ല... ഒരിക്കലും ആ കണ്ണ് നിറയാൻ ഞാൻ അനുവദിക്കില്ല.. ഞാനുണ്ട് നിന്റെ കൂടെ എന്തിനും.. അവളെ നോക്കി മൗനമായ് മൊഴിഞ്ഞുകൊണ്ടവൻ തിരിഞ്ഞു നടന്നു.. മനസ്സിൽ പലതും ഉറപ്പിച്ചു കൊണ്ട്..........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story