സഖാവ് ❤️: ഭാഗം 3

sagav

എഴുത്തുകാരി: പൊന്നൂസ്‌

തന്റെ മുറിയിൽ നിന്ന് താഴേക്കുള്ള പടികൾ ഇറങ്ങുമ്പോഴേ അവൾ കണ്ടിരുന്നു ചെരുപ്പഴിച്ചു കൊണ്ട് ഉമ്മറത്തേക്ക് കയറുന്നവനെ. വേഗം അവൾ അടുക്കളയിലേക്ക് നടന്നു. എന്തോ ചെയ്തു കൊണ്ട് നിന്ന അമ്മയെ പിന്നിൽ നിന്ന് ഇറുക്കി കെട്ടി പിടിച്ചു. പെട്ടന്നായതിനാൽ ഞെട്ടി അവരുടെ കയ്യിൽ ഇരുന്ന പാത്രം വലിയ ശബ്ദത്തോടെ നിലത്തേക്ക് വീണു. എന്താ ന്റെ പാറൂ നിനക്ക് പേടിപ്പിച്ചു കൊല്ലോ നീയ്.... ഹും..!നിങ്ങക്കൊക്കെ എന്നെ കാണുമ്പോ എന്താ ഇത്ര ഞെട്ടൽ കുറച്ചു മുൻപ് സഖാ... അല്ല കിച്ചുവേട്ടനും ഇത് തന്നാ ചോദിച്ചേ ഞാനെന്താ വല്ല ഭീകര ജീവിയും ആണോ..? ഏഹ് കിച്ചു വന്നിട്ടുണ്ടോ..? ഹ്മ്മ്.. താല്പര്യമില്ലത്ത പോലെ അവൾ ഒന്ന് മൂളി. നീ പെട്ടെന്ന് ഒരു ചായയിട് പാറൂ ഞാൻ ഉമ്മറത്തേക്ക് ചെല്ലട്ടെ എത്ര നാളായി ആ കുട്ടിയെ ഒന്ന് കണ്ടിട്ട്. നനഞ്ഞ കൈ സാരിത്തുമ്പിൽ തുടച്ചു കൊണ്ടവർ ഉമ്മറത്തേക്ക് നടന്നു. ഓഹ് അങ്ങേരെ കാണാൻ എന്താ ഒരു ധൃതി ഞാൻ വന്നിട്ട് അങ്ങോട്ട് ഒന്ന് തിരിഞ്ഞ് പോലും നോക്കാത്ത ആളാ ദുഷ്ടി കല്യാണി പിറുപിറുത്തുകൊണ്ടവൾ ചായക്ക് പാൽ വച്ചു.

തിളച്ചു കൊണ്ടിരുന്ന പാലിൽ ഏലക്കയും ചായപ്പൊടിയുമിട്ട് പാകത്തിന് പഞ്ചസാരയും ചേർത്ത് വീണ്ടും തിളപ്പിച്ച്‌ ആറ്റിയെടുത്തു. ഗ്ലാസ്സിലേക്ക് പകർന്ന ചായയും എടുത്ത് നടക്കാനൊരുങ്ങിയവൾ ഒരു നിമിഷം നിന്നു.എന്നിട്ട് ആ കപ്പിൽ നിന്നും ഒരു കവിൾ ചായ കുടിച്ചിറക്കി. എന്നെ ചുമ്മാ ചീത്ത പറഞ്ഞതല്ലേ അത് കൊണ്ട് ഞാൻ കുടിച്ചതിന്റെ ബാക്കി കുടിച്ചാ മതി നിങ്ങള് ഹും..!! ചായയുമായി ഉമ്മറത്തേക്ക് ചെല്ലുമ്പോൾ മൂന്നു പേരും ഇരുന്ന് കാര്യമായ വാർത്തനത്തിലായിരുന്നു. ഹോ.. ഇങ്ങേരുടെ വായിൽ ഇത്രേം നീളമുള്ള നാക്കുണ്ടാരുന്നോ.. അതെങ്ങനാ എന്നെ കണ്ടാൽ കാലനെ കണ്ടത് പോലെയല്ലേ പോക്ക്.. ജാഡ തെണ്ടി.. തനിക്കിട്ട് ഞാൻ വച്ചിട്ടുണ്ടെടോ... ചുണ്ടിനിടയിൽ നിന്ന് ശബ്ദം പുറത്തേക്ക് വരാതെയവൾ പിറുപിറുത്തു. ആഹാ മഹിയേട്ടൻ വന്നല്ലോ..

പാറൂന്റെ അമ്മ കല്യാണി പറഞ്ഞപ്പോ എല്ലാവരുടെയും ശ്രദ്ധ മുറ്റത്തേക്കായി. അൻപത്തിനോടടുത്തു പ്രായം വരുന്ന ഒരു മനുഷ്യൻ ഒരു പടികൾ കയറി മുറ്റത്തേക്ക് വന്നു. ആഹാ ആരാ ഇത് കിച്ചുവോ... എന്താടോ ഈ വഴിയൊക്കെ അറിയുവോ..? അതിനവൻ ഒന്ന് ചിരിച്ചു. ചിരിക്കുമ്പോൾ കുറുക്കുന്ന അവന്റെ നക്ഷത്ര കണ്ണും കവിളിൽ രൂപപ്പെടുന്ന ഗർത്തങ്ങളും അത്ഭുതത്തോടെ അവൾ നോക്കി കണ്ടു. എന്റീശ്വരാ...എന്തൊരു ഭംഗിയാ ഈ കശ്മലന്. ചുറ്റും നടക്കുന്നതൊന്നും അറിയാതെ തന്നിൽ മാത്രം ദൃഷ്ടി പതിപ്പിച്ച് നിൽക്കുന്നവളെ കണ്ട് അവൻ നെറ്റി ചുളിച്ചു. എന്നാൽ ഞാൻ ഇറങ്ങട്ടെ മഹിയച്ഛ... അവന്റെ ശബ്ദമാണ് അവളെ സ്വബോധത്തിലേക്ക് എത്തിച്ചത്.

ശെരി മോനെ.. നന്ദിനിയോടും അപ്പുവിനോടും അന്വേഷണം പറയണേ മോനെ.. പറയാം അച്ഛമ്മേ.. അപ്പുവിപ്പോ എത്രേലായി..? ഇക്കൊല്ലം പ്ലസ് വണ്ണില്... കല്യാണിയമ്മ ചോദിച്ചതിന് മറുപടി പറഞ്ഞുകൊണ്ടവൻ എല്ലാവരെയും ഒന്ന് നോക്കി. നോട്ടം എത്തിനിന്നത് പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്നവളിലാണ് എന്നാൽ ആ നോട്ടത്തെ പാടെ അവഗണിച്ചുകൊണ്ടവൻ ഇറങ്ങി നടന്നു... തന്നെ ഒരു നോട്ടം കൊണ്ട് പോലും പരിഗണിക്കാതെ പോകുന്നവനെ കാണെ ആ പെണ്ണിന്റെ ഉണ്ടക്കണ്ണുകൾ ഒന്ന് നിറഞ്ഞു..............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story