സഖാവ് ❤️: ഭാഗം 32

sagav

എഴുത്തുകാരി: പൊന്നൂസ്‌

പ്രണയം.. അതല്ലെങ്കിലും.. അനിർവചിനീയമായ ഒന്നാണ്.. പിരിഞ്ഞിരിക്കുന്നവർ വിരഹമായും..ആസ്വദിക്കുന്നർ പ്രണയമായും....സ്വാന്തമാക്കിയർ... ദാമ്പത്യമായും പ്രണയത്തെ നിർവചിക്കുന്നു. പതിവില്ലാത്ത നേരത്ത് ഫോൺ ശബ്ദിക്കുന്നത് കേട്ട് അവൻ പുസ്തകത്തിൽ നിന്ന് ശ്രദ്ധ തിരിച്ചു.. കയ്യെത്തിച്ച് മേശപ്പുറതിരുന്ന ഫോൺ എടുത്തു.. ഫോണിന്റെ മറുപ്പുറത്തു നിന്ന് ഉയർന്ന മഹിയുടെ ഇടറിയ സ്വരത്തിൽ അവന് എന്തോ പന്തികേട് തോന്നി...ഉടനെ വരാമെന്ന് പറഞ്ഞ് ഫോൺ വച്ചു. പച്ച വിരിച്ച പാടത്തിന് കുറുകെ വെട്ടിയ ചെറിയ മൺവഴിയിലൂടെ വേഗത്തിൽ നടക്കുമ്പോൾ താളം തെറ്റിയ ഹൃദയമിടിപ്പ് ഉച്ചത്തിലായത് അവനറിയുന്നുണ്ടായിരുന്നു.. എന്തോ വല്ലാതെ തോന്നുന്നു.. പറഞ്ഞറിയിക്കാനാവാത്ത ഒരു അസ്വസ്ഥത.

വീട്ട് മുറ്റത്തേക്ക് കയറുന്ന കല്ല് പാകിയ പടവുകൾ ഓടി കയറുമ്പോൾ അവന്റെ കണ്ണുകൾ മുകളിൽ അവളുടെ മുറിയുടെ ജനാലയിലേക്ക് പാഞ്ഞു... അടച്ചിരിക്കുകയാണെന്ന് കണ്ടതും അവിടെ നിന്ന് കണ്ണുകൾ പറിച്ചവൻ ഉമ്മറത്തേക്ക് നോക്കി.. ഉമ്മറത്തെ നടയിൽ തല കുമ്പിട്ട് തളർന്നിരിക്കുന്ന മഹിയെ കണ്ടതും അവന്റെ കാലുകൾ അയാളുടെ അടുത്തേക്ക് ചലിച്ചു.. എന്താ... എന്താ മഹിയച്ഛ...? അവന്റെ സാന്നിധ്യമറിഞ്ഞ് തലയുയർത്തി അയാൾ നോക്കി.. അവന്റെ ചോദ്യം കാതുകളിൽ പതിഞ്ഞതും പിടിച്ചു നിൽക്കാൻ കഴിയാതെ അവനെ ചുറ്റി പിടിച്ച് തോളിൽ മുഖമമർത്തി വിങ്ങി കരഞ്ഞു.. ചിലമ്പിച്ച സ്വരത്തിലുള്ള മഹിയുടെ വാക്കുകൾ അസ്ത്രങ്ങൾ പോലെ കിച്ചുവിന്റെ ഇടനെഞ്ചിൽ വന്ന് പതിച്ചു... അത് അവന്റെ ഹൃദയത്തിലേക്ക് ആഴന്നിറങ്ങി... രക്തം ചീറ്റിയൊഴുകി... വല്ലാത്ത നോവ്..

ഹൃദയം പറിഞ്ഞു പോവുമ്പോലെ..ഇടനെഞ്ച് തകർത്ത് അകത്തേക്കിറങ്ങിയ വാക്കുകൾ ഹൃദയത്തെ രണ്ടായി പിളർന്നു... കേട്ടതൊക്കെയും സത്യമോ അതോ തോന്നലോ.. തന്റെ സ്വപ്നമാണോ ഇത്?? കർണപുടങ്ങളിൽ അപ്പോഴും മുഴങ്ങുന്ന വാക്കുകൾ സത്യമോ മിഥ്യയോ എന്ന് തിരിച്ചയാനാവാതെ അവനുഴറി... തന്റെ സ്വപ്നമാണോ ഇതെന്നറിയാൻ അവൻ ചുറ്റും നോക്കി.. അല്ല കള്ളമല്ല...സത്യം.. സത്യമാണ്... ജീവനോടെ തീച്ചൂളയിൽ വെന്തുരുകുന്നത് പോലെ തോന്നിയവന്.. കണ്ണുകൾ നിറഞ്ഞു.. കാതുകൾ കൊട്ടിയടക്കപ്പെട്ടു.. കൈകൾക്കും കാലുകൾക്കും തളർച്ച ബാധിച്ചു..ഹൃദയവും നിലച്ചുവോ..? ശ്വാസം പോലും എടുക്കാൻ മറന്നവൻ നിന്നു പോയി.. തളർച്ച ബാധിച്ച കാലുകളുടെ ബലം നഷ്ടപ്പെടുന്നുവെന്ന് തോന്നിയതും ഒരാശ്രയതിനെന്നോണം ഭിത്തിയിലേക്ക് ചാരി.. അ.. അവൾ നമ്മള് വിഷമിക്കേണ്ടെന്ന് കരുതിയാ മോനേ എല്ലാം ഉള്ളിലൊതുക്കി നടന്നത്... ഇടക്കെപ്പോഴോ മഹി പറഞ്ഞത് അവ്യക്‌തമായി അവൻ കേൾക്കുന്നുണ്ടായിരുന്നു..

ശില പോലെയിരിക്കുന്നവന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി നിലത്തേക്ക് വീണു ചിതറി... അവൾക്ക് നോവുന്നു എന്നറിഞ്ഞപ്പോൾ അതിലേറെ തനിക്ക് നോവുന്നു.. പച്ച മാംസത്തിൽ കത്തികൊണ്ട് വരയുമ്പോലെ... ****************** അടുക്കി വച്ച പുസ്തകങ്ങൾ കൊണ്ട് നിറഞ്ഞ മേശയിൽ തല വച്ച് കിടക്കുകയാണവൾ... മനസ്സ് ശൂന്യമാണ്... ഒന്നും ആലോചിക്കാനില്ല.. ഒന്നും ആഗ്രഹിക്കാനുമില്ല... തനിക്ക് വേണ്ടി ഉരുകി തീരുന്നവരെ മനഃപൂർവം അവൾ കണ്ടില്ലെന്ന് നടിച്ചു... അല്ലെങ്കിൽ തന്നെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കാനാണ്..? താഴത്തും തലയിലും വക്കാതെ കൊണ്ട് നടന്ന മകളുടെ ദിവസങ്ങൾ എണ്ണപ്പെട്ടു എന്നറിഞ്ഞവരോട് ഏത് ആശ്വാസവാക്കുകളാണ് വിലപ്പോവുക..? പെട്ടെന്ന് അവളുടെ മനസ്സിലേക്ക് ആ മുഖം കടന്ന് വന്നു... പീലിക്കണ്ണുകളും നുണക്കുഴിയുമുള്ള അവളുടെ പ്രിയപ്പെട്ടവന്റെ മുഖം... അറിഞ്ഞിട്ടുണ്ടാവുമോ..? ഉണ്ടാവണം.. എന്നിട്ടും എന്താണ് വരാത്തത്..തന്നെ കാണാൻ..? ഒരുവിധത്തിൽ ചിന്തിച്ചാൽ തന്റെ അതേ അവസ്ഥ തന്നെയല്ലേ സഖാവിനും...

ആയുസ്സെത്തി എന്നറിഞ്ഞ ഒരുവളോട് എന്ത് ആശ്വാസ വാക്കുകൾ പറയാനാണ്..? ഓർത്തപ്പോൾ അവളുടെ ചുണ്ടുകൾ ചെറുതായി ഒന്ന് പുഞ്ചിരിച്ചു.. സ്വയം പുച്ഛിക്കുന്ന ഒരു ചിരി... നോവുന്നുണ്ട്...വല്ലാതെ..ശരീരത്തിന്റെ ഓരോ അണുവിലും ആണി തറക്കുന്നത് പോലെ... എന്തിന്.. എന്തിന് തനിക്കീ വിധി..? ദൈവത്തോട് അവൾ ചോദിച്ചു പോയി... താൻ കാരണം എത്ര പേരാണ് വിഷമിക്കുന്നത്.. വേദനിക്കുന്നത് സഖാവ്.. ആ പാവത്തിനെ കൂടി ഞാൻ എന്റെ ജീവിതത്തിലേക്ക് വലിച്ചിഴച്ചു.. വേണ്ടിയിരുന്നില്ല.. ഒന്നും വേണ്ടിയിരുന്നില്ല... തനിക്ക് വിധിച്ചിട്ടില്ലായിരിക്കും... അതാവും കയ്യിലെത്തുന്നതിന് മുൻപേ ദൈവം തട്ടിയെടുത്തത്... ഒരു വിധത്തിൽ അതും നന്നായി തന്നെ കല്യാണം കഴിച്ചതിന് ശേഷമാണ് ഇത് സംഭവിച്ചതെങ്കിൽ താൻ കാരണം സഖാവിന്റെ ജീവിതം തന്നെ നശിച്ചേനെ.. ഇപ്പൊ താൻ പോയാലും സഖാവ് തന്നെ മറക്കും.. ***************** പെട്ടെന്നാണ് മുറി തുറന്ന് കിച്ചു അകത്തേക്ക് കടന്നത്..ശബ്ദം കേട്ടതും അവൾ എഴുന്നേറ്റു..

തന്നെ ഉറ്റു നോക്കുന്ന കരഞ്ഞു കലങ്ങിയ ആ പീലിക്കണ്ണുകൾ കാണെ അവളുടെ ഉള്ള് വിങ്ങി.. തന്റെ അടുത്തേക്ക് നടന്നടുക്കുന്നവനെ അവൾ ഒരു കൈ ഉയർത്തി തടഞ്ഞു. എന്താ... എന്താ നിങ്ങൾക്കിനി വേണ്ടത്..? എല്ലാമറിഞ്ഞില്ലേ..ഇനിയെങ്കിലും പൊക്കൂടെ... വെറുതെ വിട്ടൂടെ എന്നെ..? എനിക്കാരുടെയും സഹതാപം വേണ്ട.. പൊക്കോ.. എന്നെ വിട്ടിട്ട് പൊക്കോ.. അത്രയും നേരം വാശിയോടെ തടഞ്ഞു നിർത്തിയ കണ്ണുനീർ പൊട്ടിയൊഴുകി... കരച്ചിലടക്കാൻ ചുണ്ട് കൂട്ടി പിടിച്ചിട്ടും പരാജയപ്പെട്ട് പോയി.. വിതുമ്പി പോയവൾ... പോവാനായിരുന്നെങ്കിൽ എന്തിനാടി നീ എന്നെ സ്നേഹിച്ചത്..?

പുറകെ നടന്ന് ഇഷ്ടം പറയിച്ചത് പെട്ടെന്നൊരു ദിവസം ഇട്ടിട്ട് പോവാനായിരുന്നോ..? അത്രയും പറഞ്ഞപ്പോഴേക്കും അവന്റെ ശബ്ദം ഇടറി പോയിരുന്നു.. അവൾ പാഞ്ഞു ചെന്ന് അവനെ മുറുകെ പുണർന്നു... അടുത്ത നിമിഷം അവന്റെ കൈകളും അവളെ ചുറ്റി വരിഞ്ഞു.. ഇരുവരും കരയുകയായിരുന്നു...അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിലും അവന്റേത് അവളുടെ നെറ്റിയിലും വീണുടഞ്ഞു... എ..എന്നെ മ.. മറന്നേക്ക് സഖാവേ.. പാറൂന് സ.. സഖാവിന്റെ കൂടെ ജീ..വി..ക്കാനുള്ള ഭാ.. ഭാഗ്യമില്ല... കരച്ചിലിനിടയിൽ അവൾ പ്രയാസപ്പെട്ട് പറഞ്ഞത് കേട്ടതും അവൻ അവളെ ഒന്നുകൂടെ മുറുകെ ചുറ്റി വരിഞ്ഞു പൊതിഞ്ഞു പിടിച്ചു... മരണത്തിനും വിട്ട് കൊടുക്കില്ല എന്ന് പറയാതെ പറയും പോലെ............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story