സഖാവ് ❤️: ഭാഗം 33

sagav

എഴുത്തുകാരി: പൊന്നൂസ്‌

എ..എന്നെ മ.. മറന്നേക്ക് സഖാവേ.. പാറൂന് സ.. സഖാവിന്റെ കൂടെ ജീ..വി..ക്കാനുള്ള ഭാ.. ഭാഗ്യമില്ല... കരച്ചിലിനിടയിൽ അവൾ പ്രയാസപ്പെട്ട് പറഞ്ഞത് കേട്ടതും അവൻ അവളെ ഒന്നുകൂടെ മുറുകെ ചുറ്റി വരിഞ്ഞു പൊതിഞ്ഞു പിടിച്ചു... മരണത്തിനും വിട്ട് കൊടുക്കില്ല എന്ന് പറയാതെ പറയും പോലെ... ഞ.. ഞാൻ ഒത്തിരി നോവിക്കുന്നുണ്ട് അ..ല്ലേ സഖാവേ.. ആരും ഒന്നും അറിയണ്ടാന്ന് കരുതിയാ ഞാൻ.. പക്ഷെ അവിടേം തോറ്റ് പോയി... ഏങ്ങലടികൾക്കിടയിൽ വാക്കുകൾ പലതും മുറിഞ്ഞെങ്കിലും അവൾ തുടർന്നു... പെട്ടെന്ന് അവനിൽ അവൾ അടർന്ന് മാറി.. എന്തിനാ.. എന്തിനാ എനിക്ക് വേണ്ടി കരയണേ... കരയണ്ട..ആരും കരയണ്ട... ഈ കരച്ചിൽ കണ്ട് സമാധാനത്തോടെ പോവാൻ പോലും നിക്ക് പറ്റില്ല... അവന്റെ നിറഞ്ഞൊഴുകുന്ന പീലിക്കണ്ണുകൾ തുടച്ച് കൊടുത്തു കൊണ്ടവൾ പുലമ്പി... നീ ഇത് എന്തൊക്കെയാടി പറയണേ... നീ എങ്ങോട്ട് പോവാനാ...പോവാൻ ഞ.. ഞാൻ വിടുമെന്ന് തോന്നുന്നുണ്ടോ...നീ.. നീ എന്റെ പെണ്ണല്ലേ... സഖാവിന്റെ പാറുവല്ലേ..

അടർന്ന് മാറിയവളെ വീണ്ടും നെഞ്ചിലേക്ക് വലിച്ച് ചേർത്ത് കൊണ്ടവൻ പറഞ്ഞു.. എ.. എനിക്കൊന്ന് ഒറ്റക്കിരിക്കണം സഖാവേ.. അതും കേട്ടതും അവൻ അവളിൽ നിന്ന് പതിയെ അടർന്ന് മാറി.. തിരിച്ച് വരണം.. എന്റെ പഴയ പാറുവായിട്ട്.. എന്റെ പെണ്ണായിട്ട്.. കൊണ്ട് വരും ഞാൻ... ആർക്കും കൊടുക്കില്ല.. മരണത്തിന് പോലും.. അതും പറഞ്ഞവൻ അവളുടെ മുഖം കൈയ്ക്കുമ്പിളിൽ എടുത്ത് നെറ്റിയിൽ ചുണ്ടമർത്തി.. അപ്പോഴവനിലുണ്ടായിരുന്നത് പ്രണയമല്ല.. മറിച്ച് വാത്സല്യമായിരുന്നു... അവന്റെ പെണ്ണിനോടുള്ള അടങ്ങാത്ത വാത്സല്യം.. അവന്റെ അധരങ്ങളുടെ തണുപ്പ് നെറ്റിയിലറിഞ്ഞപ്പോൾ അറിയാതെ അവളുടെ കണ്ണുകൾ അടഞ്ഞു പോയി... ആ വേദനയിലും ചുണ്ടിലൊരു ചെറു പുഞ്ചിരി വിരിഞ്ഞു.. ആ ചുംബനത്തിലൂടെ അവൻ അവളിലേക്ക് പകർന്നത് സ്നേഹം മാത്രമായിരുന്നില്ല.. മറിച്ച്..പ്രണയവും..വാത്സല്യവും.. ധൈര്യവുമായിരുന്നു... അവൻ പുറത്തേക്ക് പോയതും അവൾ തളർച്ചയോടെ തറയിലേക്കിരുന്നു.. തല വെട്ടിപ്പുളക്കുന്നത് പോലെ...

കണ്ണുകൾ കലങ്ങി.. അലറി കരയാൻ തോന്നിയെങ്കിലും ചുണ്ട് കൂട്ടി പിടിച്ചവൾ വേദന കടിച്ചമർത്തി.. മൂക്കിൽ നിന്നും രക്തം ഒലിച്ചിറങ്ങി.. അവൾ ഞെട്ടി.. വേഗത്തിൽ ഷാളുകൊണ്ട് അത് തുടച്ചെടുത്തു.. കട്ടിലിൽ പിടിച്ച് പതിയെ എഴുന്നേറ്റു... പുസ്തകങ്ങൾക്കിടയിൽ മറച്ചു വച്ചിരുന്ന പെയിൻ കില്ലർ എടുത്ത് വായിലേക്കിട്ടു... വെപ്രാളത്തിൽ മേശപ്പുറത്തിരുന്ന വെള്ളം നിറച്ച ജഗ് കൈത്തട്ടി നിലത്ത് വീണുടഞ്ഞു... അവൾ മുടിയിൽ കൈ കൊരുത്തു വലിച്ചു... വല്ലാത്ത നോവ്...തല രണ്ടായി പിളരുന്നത് പോലെ...വേദന സഹിക്ക വയ്യാതെ തൊണ്ടക്കുഴിയിൽ തടഞ്ഞു നിർത്തിയിരുന്ന കരച്ചിലിന്റെ ചീളുകൾ പുറത്തേക്കുതിർന്നു... ആഹ്.. അമ്മാ..!!! വയ്യ.. സഹിക്കാൻ വയ്യ...തലയിലെ എല്ലാ ഞരമ്പുകളും ഒരുമിച്ച് പൊട്ടുന്നത് പോലെ.. എഴുന്നേൽക്കാൻ കഴിയുന്നില്ല... ഒരിറ്റ് വെള്ളം കിട്ടിയിരുന്നെങ്കിൽ... ഒരു വിധത്തിൽ തറയിൽ നിന്നെഴുന്നേറ്റ് ഇടറുന്ന കാലടികളോടെ ചാരിയിട്ടിരുന്ന വാതിൽ തുറന്ന് പുറത്തേക്കിറങ്ങി...

തൊട്ടടുത്ത മുറിയിലേക്ക് കടന്ന് മേശപ്പുറത്ത് ജഗ്ഗിലിരുന്ന വെള്ളം വായിലേക്ക് കമിഴ്ത്തി... നിലത്തേക്കിരുന്ന് തലയിൽ അമർത്തി പിടിച്ചു... അല്പ നേരം കഴിഞ്ഞപ്പോൾ വേദന കുറഞ്ഞെന്ന് തോന്നിയതും പതിയെ എഴുന്നേറ്റു... വെളിയിലേക്കിറങ്ങി തൊട്ടടുത്ത അവളുടെ മുറിയിലേക്ക് കയറി വാതിലടച്ചു.... പതിയെ കട്ടിലിലേക്ക് കിടന്നു... സിരകളിലൂടെ ഒഴുകിയ മരുന്ന് വേദനയ്ക്ക് ശമനം നൽകിയപ്പോൾ കണ്ണുകൾ മാടിയടഞ്ഞു... ******************* പടികളിറങ്ങി ഉമ്മറത്തേക്ക് നടക്കുമ്പോൾ അവന്റെ തലച്ചോറിൽ ചിന്തകൾ കേട്ട് പിണഞ്ഞു... എത്രയും വേഗം പാറുവിന്റെ അവസ്ഥ എന്താണെന്ന് അറിയണം...അവൾ കാണുന്ന ഡോക്ടറെ നാളെ തന്നെ പോയി കാണണം... ഇനി വൈകാൻ പാടില്ല... തന്റെ പെണ്ണ്... അവൾ പോയാൽ പിന്നെ താനുണ്ടോ..?? ജീവനുള്ള വെറുമൊരു പാവ മാത്രമാകില്ലേ താൻ... ഇല്ല.. അവളില്ലാത്ത അവസ്ഥയെക്കുറിച്ച് ചിന്തിക്കാനാവുന്നില്ല... എല്ലാം നിശ്ചലമാവുന്നത് പോലെ...ചിന്തകൾ മുറുകുമ്പോൾ നെഞ്ചിനും വല്ലാത്ത ഭാരം...

അസ്തമയ സൂര്യന്റെ ചെഞ്ചുവപ്പ് പടർന്ന ആകാശത്തിന് കീഴെ വെയിലേറ്റ് തിളങ്ങി നിൽക്കുന്ന കതിരുകൾക്കിടയിലൂടെ നടക്കുമ്പോൾ എത്രയും പെട്ടെന്ന് വീട്ടിലേക്കെത്താൻ അവന്റെ മനം വെമ്പി.. അമ്മയെ കാണണം... ഹൃദയത്തെ കുത്തി മുറിവേൽപ്പിക്കുന്ന സത്യങ്ങളെ ആ മടിത്തട്ടിൽ ഇറക്കി വെക്കണം... മനസ്സിന്റെ നെരിപ്പോടിൽ ആളി കത്തുന്ന അഗ്നി കെടുത്താൻ കഴിയില്ലെങ്കിലും ഒരു പരിധി വരെ അതിനെ ശാന്തമാക്കാൻ ആ സ്നേഹ വലയത്തിനാവും... കാലുകൾ വേഗത്തിൽ ചലിച്ചു...ഇടവഴി കയറി നടക്കുമ്പോൾ കടന്ന് പോയ പലരും പതിവ് പുഞ്ചിരി സമ്മാനിച്ചെങ്കിലും ആ കണ്ണുകൾ ആരെയും കണ്ടില്ല... മുറ്റത്ത് വന്ന് ചെരുപ്പഴിച്ച് അകത്തേക്ക് കടന്നു...ഹാളിൽ പായിലിരുന്ന് എന്തോ വായിക്കുകയായിരുന്ന അമ്മയുടെ മടിയിലേക്ക് തല ചായ്ച്ചു... മടിയിൽ ഒരു ഭാരമറിഞ്ഞതും നന്ദിനിയമ്മ പുസ്തകത്തിൽ മടിയിലേക്ക് കണ്ണ് പായിച്ചു. മടിയിൽ കിടക്കുന്നവനെ കണ്ടതും പുസ്തകം താഴെ വച്ച് ചെറു ചിരിയോടെ അവന്റെ മുടിയിലൂടെ വിരലോടിച്ചു... എന്താടാ...?

പതിവില്ലാത്ത നേരത്തുള്ള അവന്റെ കിടത്തം കാണെ അവർക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.. എന്നാൽ അമ്മയുടെ ചോദ്യം കേട്ടിട്ടും മറുപടിയേതും നൽകാതെ അവൻ അവരുടെ വയറിലേക്ക് മുഖം പൂഴ്ത്തി... നന്ദിനിയമ്മ അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു...ഇടക്ക് അവന്റെ നെറ്റിയിൽ ഒരു മുത്തമേകി... വയറിൽ തണുപ്പ് പടർന്നതും അവർ അവനെ ബലമായി പിടിച്ചുയർത്തി.. കിച്ചു.. എന്താ.. എന്താ മോനേ..? ആശങ്ക നിറഞ്ഞ അവരുടെ ചോദ്യത്തിൽ ഉള്ളിൽ നിറഞ്ഞ നൊമ്പരം വാക്കുകളായി പുറത്തേക്കൊഴുകി... അമ്മയുടെ മടിത്തട്ടിൽ ദുഃഖങ്ങൾ ഇറക്കി വച്ചപ്പോൾ എന്തെന്നില്ലാത്ത ഒരു ധൈര്യം തോന്നിയവന്... തന്റെ പെണ്ണിനെ തിരിച്ചു പിടിക്കാൻ കഴിയുമെന്നുള്ള ഉറപ്പ് തോന്നി...............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story