സഖാവ് ❤️: ഭാഗം 34

sagav

എഴുത്തുകാരി: പൊന്നൂസ്‌

ആശുപത്രി വരാന്തയിലൂടെ അകത്തേക്ക് നടക്കുമ്പോൾ ഹൃദയതാളം മുറുകുന്നത് അവനറിയുന്നുണ്ടായിരുന്നു.. ഡോക്ടറുടെ മുറിയിലേക്ക് കയറുമ്പോൾ സ്വയമൊന്ന് ശാന്തമാവാൻ ശ്രെമിച്ചു... അദ്ദേഹത്തിന്റെ കൈകളിലേക്ക് റിപ്പോർട്ട്‌ നൽകുമ്പോൾ ഉള്ളിലുണർന്ന ആശങ്കയാൽ കൈകളൊന്ന് വിറച്ചു.. വാങ്ങി നോക്കി വിശദമായി വായിച്ച ഡോക്ടറുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആ മുഖം വിളിച്ചോതുന്ന ഭാവത്തിൽ നിന്നും ചെറുതെങ്കിലും അവന്റെ ഉള്ളിൽ ആശ്വാസം പടർന്നു... ഒരു immidiate സർജറി വേണം...3rd സ്റ്റേജ് ആണ് എങ്കിലും പ്രതീക്ഷക്ക് വകയുണ്ട്... അത് കേട്ടപ്പോൾ വല്ലാത്തൊരു സമാധാനം.. ഉള്ളിൽ ആളി കത്തുന്ന അഗ്നിയിൽ വെള്ളം വീണ് അണഞ്ഞത് പോലെ... പ്രതീക്ഷയുടെ നാമ്പുകൾ ഉള്ളിൽ വിടർന്നു... അതേ... പ്രതീക്ഷ...അതാണ്‌ തന്നെയിന്ന് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്...

ഇത്രയേറെ മനസ്സിന് ആശ്വാസം നൽകുന്ന മറ്റൊരു വാക്കുണ്ടോ...? എല്ലാം ശെരിയാവുമെന്ന പ്രതീക്ഷയോടെയാണ് നാം ഓരോ പുലരിയെയും വരവേൽക്കുന്നത്.. അങ്ങനെ ഒരു പ്രഭാതത്തിൽ തന്റെ ജീവിതവും കാറും കോളുമൊഴിഞ്ഞ് ശാന്തമാവുമെന്ന പ്രതീക്ഷയോടെ അവൻ തന്റെ ഉണ്ടക്കണ്ണിയുടെ കുസൃതി നിറഞ്ഞ മുഖം ഉള്ളിൽ നിറച്ചുകൊണ്ട് തിരികെ നടന്നു.. ***************** ദിവസങ്ങൾ കൊഴിഞ്ഞു പോകെ എല്ലാവരും പ്രതീക്ഷയോടെ തുടർന്നു... എല്ലാത്തിനുമുപരി പാറുവിന്റെ മാറ്റം... അത്‌ മറ്റുള്ളവർക്ക് പകർന്ന സമാധാനം ചെറുതൊന്നുമല്ല... എല്ലാം മനസ്സിലൊളിപ്പിച്ചു നടന്നവൾ ഇന്ന് സന്തോഷവതിയാണ്... എന്തും നേരിടാനുള്ള ധൈര്യം ആർജിച്ചവളാണ്... ഓരോന്നോർത്ത് കൊണ്ട് പാട വരമ്പിലൂടെ നടന്നപ്പോൾ അവന്റെ കണ്ണുകൾ ഏറുമാടത്തിലേക്ക് പാഞ്ഞു... ഓർമകൾ മനസ്സിനെ കീഴടക്കിയപ്പോൾ കാലുകൾക്ക് വേഗതയേറി... മുന്നിൽ നടന്ന നന്ദുവമ്മയേയും കടന്ന് വേഗത്തിൽ നടന്നു... ഓഹ്.. പതുക്കെ പോടാ ചെക്കാ...

എന്റെ കൊച്ചിന് കൊടുക്കാനുള്ള ഉണ്ണിയപ്പം കൂടെ തട്ടി താഴെയിടുവല്ലോ... അവരെ മറികടന്ന് പോവുമ്പോൾ അറിയാതെ തട്ടി പാറുവിന് വേണ്ടി കയ്യിൽ കരുതിയ ഉണ്ണിയപ്പത്തിന്റെ പൊതി താഴെ വീഴാനൊരുങ്ങിയപ്പോൾ മുന്നിൽ നടന്ന് പോകുന്നവനെ നോക്കി അമ്മ ദേഷ്യപ്പെട്ടു. മറുപടി നൽകാതെ വേഗത്തിൽ നടന്നു... ഉമ്മറത്തേക്ക് കയറി പടിയിലിരുന്ന അച്ഛമ്മയുടെ ചുക്കി ചുളിഞ്ഞ കവിളിൽ ചെറുതായി ഒന്ന് വലിച്ചു കൊണ്ടവൻ അകത്തേക്ക് കടന്നു.. പടികൾ കയറി മുകളിലെത്തി ഒരു നിമിഷമൊന്ന് നിന്നു. പതിയെ അകത്തേക്ക് കണ്ണ് പായിച്ചു... മേശക്കരികിലിരുന്ന് കാര്യമായ വായനയിലാണ് പെണ്ണ്... ചുറ്റും നടക്കുന്നതൊന്നും അറിയുന്നില്ല... അവൻ പതിയെ അകത്തേക്ക് കയറി... അവളുടെ അരികിലേക്ക് ചെന്നു.. എപ്പൊ വന്നു സഖാവേ..? പ്രതീക്ഷിക്കാതെയുള്ള അവളുടെ ചോദ്യം കേൾക്കെ അവനൊന്നമ്പരന്നു... കസേരയിൽ പിടിച്ച് വലിച്ച് അവന് നേരെ അവളെ തിരിച്ചിരുത്തി കൊണ്ട് അവൻ അവളുടെ മുൻപിലായ് മുട്ടുകുത്തി നിന്നു... എങ്ങനെ അറിയാം ഞാൻ വന്നെന്ന്..?

ആകാംഷയോടെയുള്ള അവന്റെ ചോദ്യം കേട്ടതും അവളൊന്ന് ചിരിച്ചു.. സഖാവിനോർമ്മയുണ്ടോ അന്ന് ഞാൻ സഖാവ് വയലിൽ നിന്നപ്പോ പിന്നിലൂടെ വന്ന് പേടിപ്പിക്കാൻ നോക്കിയത്... ഞാൻ വന്നതേ സഖാവ് തിരിഞ്ഞു നോക്കിയില്ലേ... എന്താ കാര്യം...? ഒറ്റ പുരികം പൊക്കിയുള്ള പെണ്ണിന്റെ പറച്ചിൽ കേൾക്കെ കിച്ചുവിന് ചിരിപൊട്ടി... നീ വന്നെന്ന് എനിക്കറിയാം... അത് കൊണ്ട് നോക്കി... ആഹ് അത് പോലെ തന്നെയാ എനിക്കും.. അതും പറഞ്ഞവൾ എഴുന്നേറ്റ് കട്ടിലിൽ ചെന്നിരുന്നു... അവൻ അവളെ ഒന്ന് നോക്കി... മുഖത്ത് നല്ല ക്ഷീണം കാണാനുണ്ട്...വല്ലാതെ മെലിഞ്ഞു പോയിരിക്കുന്നു... ഓരോന്നോർത്ത് കൊണ്ട് അവൻ അവളുടെ അടുത്തേക്കിരുന്നു... എന്താ പെണ്ണേ.... വയ്യേ നിനക്ക്..? ഹ്മ്മ്... ചെറുതായി ഒന്ന് തലയനക്കി അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു.. അവന്റെ ഗന്ധം ഉള്ളിലേക്കെടുത്തു കൊണ്ട് കണ്ണുകളടച്ചു.. അവനും അവളെ ചേർത്ത് പിടിച്ചിരുന്നു... അല്പം കഴിഞ്ഞപ്പോൾ അവൾ അവനിൽ നിന്ന് വിട്ട് മാറി ബാത്‌റൂമിലേക്കോടി... ഒരു നിമിഷം അവനൊന്ന് നിന്നു..

അവളുടെ ശക്തമായ ചുമ കേട്ടതും അവൻ അങ്ങോട്ടേക്ക് പാഞ്ഞു... ഭിത്തിയിൽ ചാരി നിന്ന് ചുമക്കുന്നവളുടെ പുറത്ത് പതിയെ തടവി... അവൾ വീണ്ടും ചുമച്ചു.. വായിൽ നിന്ന് കട്ട പിടിച്ച ചോര പുറത്തേക്ക് ചാടി.. അവൻ ഞെട്ടി രണ്ടടി പിന്നിലേക്ക് നീങ്ങി.. ചുമ അല്പം കുറഞ്ഞതും അവൾ പതിയെ ഭിത്തിയിലേക്ക് ചാരി... അവൾ ആകെ വിയർത്തിരുന്നു.. കണ്ണുകൾ ചുവന്ന് കലങ്ങിയിരുന്നു.. പിന്നിൽ നിൽക്കുന്നവനെ കാണെ അവൾ ചെറുതായി ഒന്ന് ചിരിച്ചു.. അത് കണ്ടതും അവന്റെ നെഞ്ചോന്ന് പിടഞ്ഞു.. അവൻ വേഗം അവളെ തിരിച്ച് നിർത്തിക്കൊണ്ട് മുഖമെല്ലാം വൃത്തിയായി കഴുകി താങ്ങി പിടിച്ചു കൊണ്ട് കട്ടിലിലേക്ക് കിടത്തി... എന്താ സഖാവേ പേടിച്ച് പോയോ...? തന്നോട് ചേർന്നിരിക്കുന്നവനെ നോക്കി ചെറു ചിരിയോടെ അവൾ ചോദിച്ചു.. മറുപടി നൽകാതെ അവൾ ചേർത്ത് പിടിക്കുമ്പോൾ അവൾക്കേറ്റവും ഇഷ്ടപ്പെട്ട ആ പീലിക്കണ്ണുകൾ നിറഞ്ഞിരുന്നു.. അവളും അവനോട് ചേർന്ന് ആ ഹൃദയ താളത്തിന് കാതോർത്തു...........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story