സഖാവ് ❤️: ഭാഗം 36

sagav

എഴുത്തുകാരി: പൊന്നൂസ്‌

കണ്ണടച്ച് കിടക്കുമ്പോഴും അടുത്ത് വരുന്ന കാലടികൾക്ക് കാതോർക്കുകയായിരുന്നു അവൾ... തൊട്ടരികിൽ അവന്റെ സാന്നിധ്യമറിഞ്ഞതും കണ്ണുകൾ തുറന്ന് പോയി... എന്നാൽ തുറന്നത് പോലെ തന്നെ അടച്ച് വീണ്ടും കിടന്നു... അവൻ അടുത്തിരുന്നതും തുറക്കാനൊരുങ്ങുന്ന കണ്ണുകളെ ശാസനയോടെ തടഞ്ഞു നിർത്തി ഇറുക്കി അടച്ചു... "കണ്ണ് തുറക്കില്ലെന്ന് വാശിയാണോ"... ചുണ്ടിലൂറിയ ചിരിയോടെ കണ്ണും പൂട്ടി അനങ്ങാതെ കിടക്കുന്ന പെണ്ണിന്റെ ചെവിയോരം ചേർന്ന് പതിയെ ചോദിച്ചു... അവൾ അനങ്ങിയില്ല... "ഈ തല ഇങ്ങനെ ചുറ്റി കെട്ടി വച്ചിരിക്കുന്നത് കൊണ്ട് ഒന്നും കേൾക്കില്ലായിരിക്കും അല്ലേ"... തന്റെ ചോദ്യം കേട്ട് ചുവന്ന് വരുന്ന അവളുടെ മൂക്കും രക്തമിരച്ച് കയറി ചുവക്കുന്ന കവിളുകളും കുറുമ്പോടെ അതിലുപരി പ്രണയത്തോടെ അവൻ നോക്കി കണ്ടു...

അവൻ പതിയെ അവളിലേക്ക് മുഖമടുപ്പിച്ചു. അവന്റെ ചുടു നിശ്വാസം കണ്ണുകളെ തഴുകിയതും അവൾ ഞെട്ടി കണ്ണുകൾ തുറന്നു... തമ്മിൽ കോർത്ത കണ്ണുകൾ പരസ്പരം കഥകൾ മൊഴിഞ്ഞു...ഇണയെ കണ്ട സന്തോഷത്താൽ തിളങ്ങി... പാറുവിന്റെ കണ്ണുകൾ അവന്റെ മുഖമാകെ അലഞ്ഞു...അവന്റെ ഓരോ ഭാവങ്ങളും അവൾക്ക് എന്നും പുതുമയേറിയതാണ്... തന്റെ മുഖത്തേക്ക് ഉറ്റു നോക്കുന്ന പീലിക്കണ്ണുകളെ മതി വരാതെ അവൾ നോക്കി കണ്ടു... ഇത്രയും ദിവസവും വിഷാദം തളം കെട്ടിയ കണ്ണുകളിൽ ഇന്നുള്ളത് തിളക്കമാണ്... നഷ്ടപ്പെട്ടു പോയ നിധി തിരികെ കിട്ടിയ സന്തോഷം... നിറഞ്ഞൊഴുകുന്ന പ്രണയം...അതിലുപരി വാത്സല്യം... എന്തൊരു ശക്തിയാണ് പ്രണയത്തിന്... ഏത് ദുഷ്ടനെയും ദൈവമാക്കാൻ തക്ക ശക്തിയുള്ള ആയുധം... ആരെയും തോൽപ്പിക്കാൻ കഴിയുന്ന ആയുധം...

ആരെയും മുറിവേൽപ്പിക്കാൻ കഴിയുന്ന... മുറിവിനെ ഭേദമാക്കാൻ കഴിയുന്ന ആയുധം..പ്രണയത്തിന് മുൻപിൽ അടിയറവ് പറയാത്തവരായി ആരുണ്ട്..? ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് കിച്ചുവിന്റെ ചുണ്ടുകൾ അവളുടെ വിരിനെറ്റിയിൽ നേർമയിൽ പതിഞ്ഞു... അവന്റെ ആധരങ്ങളുടെ ചെറു ചൂട് അവളുടെ ഉടലാകെ കുളിരേകി.. കണ്ണുകൾ മാടിയടഞ്ഞു...കണ്ണിൽ നിന്ന് ഒരു തുള്ളി കവിളിലൂടെ ചാലു തീർത്ത് ഒഴുകിയിറങ്ങി... എന്താ.. എന്തിനാടാ കരയണേ..? വെപ്രാളത്തോടെയുള്ള അവന്റെ ചോദ്യം കാതിൽ പതിച്ചപ്പോൾ അവൾ കിടന്നിടത്തു നിന്ന് എഴുന്നേൽക്കാനായി തുനിഞ്ഞു... അത് കാണെ എഴുന്നേൽക്കാൻ പ്രയാസപ്പെടുന്നവളെ പതിയെ ഉയർത്തി കട്ടിലിലേക്ക് നാട്ടിവച്ച തലയിണയിലേക്ക് ചാരിയിരുത്തി അരികിലായി ഇരുന്നു അവൻ... പാറു പതിയെ അവന്റെ തോളിലേക്ക് ചാഞ്ഞിരുന്നു...

എന്നാൽ ആ ഹൃദയതാളത്തിന് കാതോർക്കാൻ കൊതി തോന്നിയവൾ ഒന്നുകൂടെ അവനിലേക്ക് ചാഞ്ഞ് ആ നെഞ്ചിലേക്ക് മുഖമമർത്തി... കാതുനിറയെ ആ താളം അലയടിക്കവേ മനസ്സും ശരീരവും ഒരുപോലെ ശാന്തമാവുന്നത് പോലെ തോന്നിയവൾക്ക്... അവനും അതൊരു ആശ്വാസമായിരുന്നു... ഇത്ര നാൾ ഉടലിനെയും ഉയിരിനെയും ഒരുപോലെ പൊതിഞ്ഞ് ആളിപ്പടർന്ന അഗ്നിയിലേക്ക് അതിലേറെ ശക്തിയോടെ വീശുന്ന ശീതക്കാറ്റ്...വീണ്ടും ആളിപ്പടരാൻ ഒരുങ്ങുന്ന അഗ്നിയെ അവ ഒന്നടങ്കം വിഴുങ്ങിയത് പോലെ... "സഖാവേ".... അല്പനേരം കഴിഞ്ഞ് അവളുടെ നേർത്ത ശബ്ദമുയർന്നതും അവൻ തലചെരിച്ച് അവളുടെ മുഖത്തേക്ക് കണ്ണ് പായിച്ചു.. നെഞ്ചിലേക്ക് മുഖം ചേർത്ത് വിടർന്ന കണ്ണോടെ മുഖത്തേക്ക് നോക്കി കിടക്കുകയാണ് പെണ്ണ്... അവളുടെ നിഷ്കളങ്കമായ നോട്ടം കാണെ അറിയാതെ അവന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു...

അവൻ ചിരിച്ചതും കവിളിൽ വിരിഞ്ഞ നുണക്കുഴിയിലേക്ക് അവളുടെ കണ്ണുകൾ പാഞ്ഞു... കൈയ്യുയർത്തി ചൂണ്ടുവിരലാൽ അവിടെ ചെറുതായി കുത്തി. "ആഹ്... അടങ്ങിയിരിക്ക് പെണ്ണേ"... ഞാൻ തിരിച്ചു വന്നില്ലാരുന്നെകിൽ എന്ത് ചെയ്‌തേനെ സഖാവേ...? അവളുടെ ചോദ്യമുയർന്നതും ചുണ്ടിൽ വിരിഞ്ഞ ചിരി പൊടുന്നനെ മാഞ്ഞു... തനിക്ക് പോലും നിശ്ചയമില്ലാത്ത കാര്യമാണത്...അങ്ങനെയൊന്ന് ചിന്തിക്കാൻ ഇന്ന് വരെ ധൈര്യപ്പെട്ടിട്ടില്ല... എന്ത് ചെയ്യുമായിരുന്നു..? സ്വയമൊന്ന് ചോദിച്ചു.. ഇല്ല... ഉത്തരമില്ല... തന്റെ ജീവിതം തന്റെ പെണ്ണില്ലാതെ അപൂർണമാണ്... വീണ്ടും വീണ്ടും ആലോചിച്ചതും ഉള്ളിലൊരു നടുക്കം.. ഉത്തരം നൽകാതെ അവൻ അവളെ ഒന്നുകൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു... അവളും ആ നെഞ്ചോട് ചേർന്ന് അവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയിരുന്നു...........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story