സഖാവ് ❤️: ഭാഗം 38

sagav

എഴുത്തുകാരി: പൊന്നൂസ്‌

നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് ചെന്നിയിലൂടെ ചാലു തീർത്തൊഴുകി. അവന്റെ സാന്നിധ്യത്തിൽ താളം തെറ്റിയ ഹൃദയത്തെ ശാന്തമാക്കാനെന്നോണം അവൾ നെഞ്ചിൽ കൈവച്ചു... ഇല്ല ശാന്തമാവുന്നില്ല... അവനടുത്തേക്ക് നിൽക്കുംതോറും അലറിവിളിക്കുകയാണ്... ഇപ്പോൾ ഹൃദയം പുറത്തേക്ക് ചാടുമെന്ന് പോലും തോന്നിപ്പോയിയവൾക്ക്.. അകന്ന് മാറാൻ ബുദ്ധി പറയുന്നുണ്ടെങ്കിലും മനസ്സ് കാലിന് വിലങ്ങിട്ടു... ബുദ്ധിയെ മരവിപ്പിച്ചു.. ചെന്നിയിലൂടെ ഒഴുകിയിറങ്ങിയ വിയർപ്പ് കഴുത്തിലേക്ക് പാത തീർക്കുമ്പോൾ അവൾ പതിയെ മുഖമുയർത്തി...പിടഞ്ഞു കൊണ്ടിരുന്ന കണ്ണുകൾ അവനിലേക്ക് പതിപ്പിച്ചു...തന്റെ ഓരോ ചെയ്തികളും ശ്രദ്ധയോടെ..കുറുമ്പോടെ അതിലുപരി പ്രണയത്തോടെ ഒപ്പിയെടുക്കുന്ന ആ പീലിക്കണ്ണുകളുമായി കൊരുത്തു... താളം തെറ്റിയ ഹൃദയങ്ങൾ വീണ്ടും ഒരേ താളത്തിൽ മിടിക്കവേ അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിലിമർന്നു... കണ്ണുകളടച്ച് അവളത് സ്വീകരിച്ചു... ചുറ്റി പിടിച്ച കൈകൾ മുറുകിയതും അവളൊന്നുകൂടെ അവനോട് ചേർന്നു....

കണ്ണടച്ച് നിൽക്കുന്നവളുടെ മൂക്കിൻ തുമ്പിൽ തിളങ്ങുന്ന വെള്ളക്കൽ മൂക്കുത്തിയിൽ ഒരു ചുംബനം കൂടി വീണുടഞ്ഞു... അവൾ ഞെട്ടി മിഴികൾ തുറന്നു... അവന്റെ നിശ്വാസം അടുത്തേക്ക് വരവേ തുറന്ന് പിടിച്ച ഉണ്ടക്കണ്ണുകൾ കൂമ്പിയടഞ്ഞു.... അവളുടെ നിൽപ്പ് കാണെ അവന്റെ ചുണ്ടിൽ കുസൃതി ചിരി മിന്നി...മുന്നോട്ടാഞ്ഞ് ആ ഉണ്ടക്കവിളിൽ പല്ലുകലാഴ്ത്തി.. ആഹ്... ഞെട്ടിക്കൊണ്ടവൾ അവനെ പിന്നിലേക്ക് തള്ളി... അവന്റെ പല്ലുകൾ പതിഞ്ഞ കവിൾ വീർത്ത് വരുന്നത് കള്ളചിരിയോടെ അവൻ നോക്കി കണ്ടു.. പുറകിൽ വഴിയിൽ ആളനക്കം കണ്ടതും അവൾ അവനെ പിന്നിലേക്ക് തള്ളി പിന്തിരിഞ്ഞോടി...അവർ പോയെന്ന് കണ്ടതും പതിയെ കാട്ടിനുള്ളിൽ നിന്ന് പുറത്തേക്കിറങ്ങി വേഗത്തിൽ നടന്നു.. അവൾക്ക് പിന്നാലെ പുറത്തേക്കിറങ്ങിയ കിച്ചു അവളുടെ പോക്ക് ചെറു ചിരിയോടെ നോക്കി നിന്നു... കുറച്ചു ദൂരം നടന്നതും അവൾ തിരിഞ്ഞു നോക്കി...എന്താണ് അവൾ പറയുന്നതെന്ന് കേൾക്കാൻ അവൻ കാതുകൾ കൂർപ്പിച്ചു... തനിക്ക് ഞാൻ വച്ചിട്ടുണ്ടെടോ മനുഷ്യാ...

കാത്തിരുന്നോ... അതും പറഞ്ഞവൾ വീട്ടിലേക്ക് നടന്നു... എതിരെയുള്ള വഴിയിലൂടെ അവനും... **************** തുറന്നിട്ട ജാലകത്തിലൂടെ തണുത്ത കാറ്റ് ഉള്ളിലേക്ക് പാഞ്ഞു കയറവേ ഇരുന്നിടത്ത് നിന്നവൾ പതിയെ എഴുന്നേറ്റ് ജനാലയ്ക്കരികിലേക്ക് നടന്നു... തണുത്ത കാറ്റ് മേലാകെ പൊതിഞ്ഞതും വല്ലാത്തൊരു കുളിര്.... ഒരു കുഞ്ഞു സുഖം.. ചുണ്ടിലൊരു ചിരി നിറച്ചു കൊണ്ടവൾ അകലേക്ക്‌ കണ്ണ് പായിച്ചു... പെട്ടെന്നൊരു ശബ്ദം കേട്ടതും അവൾ ജാനലയിലൂടെ താഴേക്ക് നോക്കി... മുണ്ടും മടക്കി കുത്തി ഇടുപ്പിൽ കയ്യും കൊടുത്ത് മുകളിലേക്ക് നോക്കി നിൽക്കുന്ന കിച്ചു...!!!! അവളുടെ കണ്ണുകൾ വിടർന്നു.. ശരവേഗത്തിൽ വാതിൽക്കലേക്ക് പാഞ്ഞു...പതിയെ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് തല മാത്രം പുറത്തേക്കിട്ട് ചുറ്റുമൊന്ന് കണ്ണോടിച്ചു... അച്ഛന്റെയും അമ്മയുടെയും മുറിയിലെ വെളിച്ചമണഞ്ഞിരിക്കുന്നു... ഇനി അച്ഛമ്മ... അച്ഛമ്മ ചിലപ്പോൾ ഉറങ്ങിയിട്ടുണ്ടാവില്ല... രാത്രിയിൽ കാലു വേദനയാൽ പലപ്പോഴും ഉറങ്ങാറില്ല.... പതിയെ പടികളിറങ്ങിയവൾ താഴേക്ക് നടന്നു...

തൂണിന് പിന്നിൽ മറഞ്ഞിരുന്ന് അച്ഛമ്മയുടെ മുറിയിലേക്ക് ഏന്തിവലിഞ്ഞു നോക്കി... വെട്ടമുണ്ട്...ഒന്നുകൂടെ മുന്നോട്ട് നടന്ന് പതിയെ അച്ഛമ്മയുടെ മുറിലേക്ക് നോക്കി...സുഖമായി ഉറങ്ങുകയാണ്... അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചു... അകത്തേക്ക് കടന്ന് കാലിനരികിലായ് കിടക്കുന്ന പുതപ്പെടുത്ത് പുതച്ചു കൊടുത്തു... പതിയെ വാതിൽ ചാരി പുറത്തേക്കിറങ്ങി... മുൻവശത്തെ വാതിൽ തുറന്ന് പതിയെ ഉമ്മറത്തേക്കിറങ്ങി.. വാതിൽ ചാരി തിരിയാനൊരുങ്ങുമ്പോൾ പിൻകഴുത്തിൽ പതിച്ച നിശ്വാസച്ചൂടിൽ അവൾ ഞെട്ടി... കപട ദേഷ്യത്തോടെ തിരിഞ്ഞു നോക്കുമ്പോൾ എന്നത്തേയും പോലെ ഇന്നും ആ ചുണ്ടിൽ കള്ളച്ചിരിയുണ്ട്... അവളെ വരുതിയിലാക്കുന്ന... കീഴ്പ്പെടുത്തുന്ന നുണക്കുഴിച്ചിരി... മ്മ്... എന്താ..? ഇടുപ്പിൽ കൈകുത്തി ഗൗരവത്തോടെ അവൾ ചോദിച്ചു. മ്മ്.. എന്താ...?

അതേ സ്വരത്തിൽ അവന്റെ മറുചോദ്യമുയർന്നു...എന്നാൽ അവിടെ ഗൗരവമാണെങ്കിൽ ഇവിടെ കുറുമ്പാണ്.. എന്തിനാ വന്നതെന്ന്..? ഞാനോ... കുറുമ്പോടെ വീണ്ടുമവന്റെ പതിഞ്ഞ സ്വരം. പിന്നെ ഞാനോ.. ഞാനാണോ പാതിരാത്രി ഒളിച്ചും പാത്തും വന്നത്.. ചുണ്ടിൽ വിരിഞ്ഞ ചിരിയെ മറച്ചുകൊണ്ടവൾ അവനെ നോക്കി കണ്ണുരുട്ടി... അതിന് ഞാൻ ഒളിച്ചാ വന്നതെന്ന് നിന്നോടാരാ പറഞ്ഞത്..? ഞാൻ നെഞ്ചും വിരിച്ച് തന്നെയാ വന്നത്.. അവളെ നോക്കി കൈയ്യും കെട്ടി നിന്നവൻ പതിയെ പറഞ്ഞു... അതിന് ഞാ... ശ്... മിണ്ടല്ലേ... അവളുടെ ശബ്ദമുയർന്നതും അവൻ ചുണ്ടിന് മേലെ വിരൽ വച്ച് തടഞ്ഞു... വാ.. അവളുടെ കയ്യും പിടിച്ചവൻ ഇരുട്ടിലൂടെ മുന്നോട്ട് ചുവട് വച്ചു.... പിന്നാലെ ആ കയ്യിൽ പിടിമുറുക്കി അവളും..........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story