സഖാവ് ❤️: ഭാഗം 4

sagav

എഴുത്തുകാരി: പൊന്നൂസ്‌

അവളെ കണ്ടിട്ടും കാണാതെ തിരിഞ്ഞു നടക്കുമ്പോൾ തനിക്ക് വേണ്ടി നിറഞ്ഞ ആ ഉണ്ടക്കണ്ണുകൾ നെഞ്ചിൽ കൊത്തി വലിക്കുന്നത് പോലെ തോന്നി അവന്. അവളെ അവഗണിക്കുമ്പോൾ അവളെപ്പോലെ ഒരുപക്ഷെ അവളെക്കാളേറെ നീറുകയായിരുന്നു ആ ഹൃദയവും. സഖാവെ.. എന്ന് വിളിച്ച് പിന്നാലെ വരുമ്പോൾ ചേർത്ത പിടിക്കാൻ ഉള്ളം തുടിക്കാറുണ്ട് പക്ഷെ ബുദ്ധി അനുവദിക്കില്ല. അതുകൊണ്ട് തന്നെയാണ് ദേഷ്യപ്പെടുന്നത്...പുറകെ വരുമ്പോൾ ആട്ടിയോടിക്കുന്നത് പക്ഷെ എത്ര ഓടിച്ചാലും വീണ്ടും വരും. എന്നാൽ താൻ അവളെ സ്വീകരിച്ചാൽ...?? ഒരുനാൾ അവൾ തന്നെ തള്ളി പറഞ്ഞാലോ..? തന്നെ പോലെ ഒരു സാധാരണക്കാരനെ അംഗീകരിക്കാൻ കഴിയാതെ വന്നാലോ. സർവ സൗഭാഗ്യങ്ങളുടെയും നടുവിൽ ജനിച്ചവളാണവൾ.. എന്നാൽ താനോ..? താൻ ഓർമവച്ച നാൾ മുതൽ കാണുന്നത് മക്കളുടെ വിശപ്പടക്കാൻ പെടാപ്പാട് പെടുന്ന അമ്മേയെയാണ്. അച്ഛനെ കണ്ട ഓർമ പോലുമില്ല കാൻസർ കാർന്ന് തിന്നുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലായപ്പോൾ നാടുവിട്ട് പോയതാണ്. അമ്മക്ക് ഭാരമാകേണ്ടെന്ന് കരുതി കാണും.

തന്നെപ്പോലെ ഒരാളെയല്ല ആ അച്ഛനും അമ്മയും അവരുടെ മകൾക്ക് വേണ്ടി ആഗ്രഹിക്കുക. ഒരിക്കലും അവർ ഇത് സമ്മതിക്കുകയുമില്ല.. പിന്നെ എങ്ങനെ അവളെ സ്വീകരിക്കും.. ഇല്ല.. ഒരു നോട്ടം കൊണ്ട് പോലും അവൾക്ക് ആശ കൊടുക്കാൻ പാടില്ല. അവൾ ഇപ്പോൾ അനുഭവിക്കുന്ന സൗകര്യങ്ങളൊന്നും നൽകാൻ തനിക്കാവില്ല.. തന്നോടൊപ്പം ഒരിക്കലും അവൾ സന്തുഷ്ടയാവില്ല.അവൾ ആഗ്രഹിക്കുന്നതൊന്നും നൽകാൻ ചിലപ്പോൾ തനിക്ക് കഴിഞ്ഞെന്ന് വരില്ല. അത് പാടില്ല...ഒരിക്കലും അവൾ വിഷമിക്കാൻ പാടില്ല. അതുമാത്രമല്ല ചുവപ്പിനോടും കമ്മ്യൂണിസത്തോടുമുള്ള ആരാധന ധൈര്യവും കരളുറപ്പും മാത്രമല്ല ഒരുപാട് ശത്രുക്കളെയും തനിക്ക് സമ്മാനിച്ചിട്ടുണ്ട്.. പക്ഷെ.. അവളില്ലാതെ എങ്ങനെ ജീവിക്കും..?കഴിഞ്ഞ ഏഴ് ദിവസം അവളെ കാണാതെ താൻ അനുഭവിച്ച മാനസിക സംഘർഷം എത്രത്തോളമായിരുന്നു..? സഖാവെ എന്ന വിളി ദിവസത്തിൽ ഒരു വട്ടമെങ്കിലും കേട്ടില്ലെങ്കിൽ ഉറക്കം പോലും നഷ്ടപ്പെടുന്നു. കണ്ണടക്കുമ്പോൾ കരിമഷിയിട്ട് കറുപ്പിച്ച കണ്ണുകൾ മുന്നിൽ തെളിയുന്നു...സഖാവെ..

എന്ന വിളി കാതിൽ മുഴങ്ങുന്നു.തന്നെ ഇത്രയേറെ സ്വാധീനിച്ചവളെ താൻ എങ്ങനെ മറ്റൊരാൾക്ക് വിട്ട് നൽകും..? അവൾ മറ്റൊരാളുടേതാകുന്നത് തനിക്ക് കാണാൻ കഴിയുമോ..? സങ്കല്പിക്കാൻ കഴിയുമോ...? ഇല്ല.. കഴിയില്ല.. അവൾ തന്റെയാണ് അവളില്ലാതെ താനില്ല... ഹൃദയം അവൾ തന്റെതാണെന്ന് വാശി പിടിക്കുമ്പോൾ തലച്ചോർ അതിനെ എതിർക്കുന്നു. ബുദ്ധിയും മനസ്സും തമ്മിലുള്ള യുദ്ധം മുറുകിയപ്പോൾ തലപെരുക്കുന്നത് തോന്നി അവന്. ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. കുറച്ചു നേരം ഒറ്റക്കിരിക്കണമെന്ന് തോന്നിയപ്പോൾ പാടത്തേക്ക് നടന്നു. പടത്തിന്റെ ഒത്ത നടുക്ക് കെട്ടിയിരിക്കുന്ന ഏറുമാടത്തിലേക്ക് കയറി കണ്ണടച്ച് കിടന്നു അവൻ. ഉള്ളിൽ തെളിഞ്ഞത് നിറഞ്ഞ ആ ഉണ്ടക്കണ്ണുകൾ തന്നെയായിരുന്നു. നെഞ്ച് വിങ്ങുന്നത് പോലെ തോന്നിയപ്പോൾ കണ്ണുകൾ ഇറുക്കി അടച്ചു. ചെന്നിയിലൂടെ കണ്ണീർ താഴേക്ക് ഒഴുകിയിറങ്ങി. ***************

എന്താ എന്റെ ദേവ്യേ അങ്ങേർക്ക് എന്നെ ഇഷ്ട്ടല്ലാത്തത്.. ഞാൻ ഇനി എന്താ ചെയ്യാ.. എന്നെ ഒന്ന് നോക്കുകപോലുമില്ല അങ്ങേര്.. അത്രക്കിഷ്ടല്ലേ എന്നെ അത്ര വെറുപ്പാണോ എന്നോട്.... കട്ടിലിൽ കമിഴ്ന്നുകിടന്ന് ആരോടെന്നില്ലാതെ പറയുകയാണവൾ.. ഹും.. എന്താ അങ്ങേര് വിചാരിച്ചു വെച്ചേക്കുന്നേ.. ഒന്ന് പേടിപ്പിച്ചാൽ ഞാൻ അങ്ങ് വെരണ്ട് പോവുമെന്നോ.. ഞാൻ തന്നേം കൊണ്ടേ പോവോള്ളെടോ.. ഹോ!! ഒരു നന്ദകിഷോർ... അങ്ങേര് നന്ദകിഷോർ അല്ലേ അല്ലാണ്ട് അമേരിക്കൻ പ്രസിഡന്റ്‌ ഒന്നുവല്ലല്ലോ ഇത്ര ജാടയിടാൻ. നോക്കിക്കോഡോ താൻ തന്നെ എന്നെ കെട്ടും. വല്യ സഖാവാണ് പോലും.. ദുഷ്ടൻ.. ന്റെ ദേവീ..ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞൂന്ന് വച്ച് എന്റെ സഖാവിനെ വേറെ ആർക്കും കൊടുത്തേക്കല്ലേ എനിക്ക് തന്നെ തന്നേക്കണേ.. ഞാൻ പൊന്ന് പോലെ നോക്കിക്കോളാവേ... ****************

രാമേട്ടാ... ഒരു പുഷ്‌പാഞ്‌ജലി.. നന്ദകിഷോർ വിശാഖം. വഴിപാടും കഴിപ്പിച്ച് ശ്രീകോവിലിലേക്ക് നോക്കി കണ്ണടച്ച് നിൽക്കുമ്പോൾ അവളുടെ മനസ്സിൽ ഒറ്റ പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളു.. അവളുടെ സഖാവിനെ അവൾക്ക് കിട്ടണേയെന്ന്.. ജീവിതകാലം മുഴുവൻ അവന്റെ കൂടെ ജീവിച്ചു തീർക്കാൻ പറ്റണേയെന്ന്... ചുറ്റും പടരുന്ന ചന്ദനത്തിരിയുടെയും തുളസിയുടെയും ഗന്ധം അവളിൽ വല്ലാത്ത ഒരു അനുഭൂതി നിറച്ചു. കണ്ണടച്ച് അവൾ ആ ഗന്ധം ഉള്ളിലേക്ക് ആവാഹിച്ചു... ഇട്ടിരുന്ന പാട്ടുപാവാടയുടെ തുമ്പ് അല്പ്പം ഉയർത്തി പിടിച്ചുകൊണ്ടവൾ വേഗത്തിൽ അമ്പലനടയിറങ്ങി. വയൽ വരമ്പിലൂടെ നടക്കുമ്പോൾ അവളുടെ കണ്ണുകൾ ചുറ്റും പായുന്നുണ്ടായിരുന്നു. പാടത്തിന്റെ ഒരു കോണിലെത്തി മുൻപിലുള്ള ചെറിയ ഇടവഴിയിലേക്ക് കയറി വേഗത്തിൽ നടന്നു. ആ നടത്തം അവസാനിച്ചത് നിറയെ ചെടികളുള്ള ഒരു കുഞ്ഞു വീടിന്റെ മുറ്റത്തായിരുന്നു..............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story