സഖാവ് ❤️: ഭാഗം 45

sagav

എഴുത്തുകാരി: പൊന്നൂസ്‌

കഴുത്തിലൂടെ ഇഴയുന്ന കൈകളുടെ ചെറു തണുപ്പറിഞ്ഞതും കണ്ണടച്ചുകൊണ്ടവൾ കൈകൂപ്പി... അവന്റെ പേര് കൊത്തിയ ആലിലത്താലി പെണ്ണിന്റെ മാറിലായ് ചേരുമ്പോൾ ഇരുവരിലും നിറചിരിയായിരുന്നു... സിന്ദൂരചെപ്പിൽ നിന്ന് ഒരു നുള്ള് സിന്ദൂരത്താൽ അവളുടെ വിരിനെറ്റിയിലെ സീമന്തരേഖ ചുവപ്പിക്കുമ്പോൾ പെണ്ണവന്റെ മുഖത്തേക്ക് നോക്കി... മിഴികളിലെ കാണാക്കയങ്ങൾ തേടി... സീമന്തരേഖയിൽ കുങ്കുമം വരയുമ്പോൾ പെണ്ണിന്റെ മൂക്കിൻ തുമ്പിലായ് പാറിവീണ കുങ്കുമത്തെ ചൂണ്ടുവിരലാൽ തട്ടിക്കൊണ്ടവൻ കണ്ണ് ചിമ്മി... ഇതിനിടയിൽ പരസ്പരം നോക്കി പേടിപ്പിച്ചും തമ്മിൽ അറിയാതെയെങ്കിലും കണ്ണുകൾ കൊരുത്തു പോയാൽ വാശിയോടെ പിൻവലിച്ചും അജുവും ഗായുവും നിൽക്കുന്നുണ്ടായിരുന്നു... കിച്ചുവിന്റെ ബലമാർന്ന കൈകൾക്കുള്ളിലായ് കൈ ചേർത്ത് വലം വയ്ക്കുമ്പോൾ അവളുടെ ചിന്തകൾ തലേദിവസത്തെ ഓർമകളിലേക്ക് ചേക്കേറി...

അവന്റെ ചുംബനചൂടിൽ സ്വയം മറന്ന നിമിഷങ്ങൾ മനസ്സിലേക്ക് കടന്ന് വന്നതും പെണ്ണിന്റെ കവിളുകളിൽ ചുവപ്പ് രാശി പടർന്നു... കൈയ്യെ പൊതിഞ്ഞു പിടിച്ചിരുന്ന കിച്ചുവിന്റെ കൈകളുടെ മുറുക്കം കൂടിയതും പാറു ചിന്തകളിൽ നിന്ന് ഞെട്ടി... ഇരുവരെയും അനുഗ്രഹിക്കുമ്പോൾ മഹിയുടെ മുഖത്ത് നിറകൺ പുഞ്ചിരിയായിരുന്നു.. തന്റെ മകളെ കണ്ടെത്താവുന്നതിൽ വച്ച് ഏറ്റവും നല്ല.. തന്റെ മകൾക്ക് ഏറ്റവും അനുയോജ്യനായ ഒരുവന്റെ കൈയ്യിലേൽപ്പിക്കുമ്പോഴുള്ള സംതൃപ്തിയുടെ പുഞ്ചിരി... ചടങ്ങുകളെല്ലാം കഴിഞ്ഞ് പാറു കിച്ചുവിന്റെ വീട്ടിലേക്ക് തിരിച്ചതും ഗായുവും അവൾക്കൊപ്പം പോയി...സാരിയും മറ്റും മാറ്റാനായി പാറു നിർബന്ധിച്ച് കൂടെ കൂട്ടിയതാണവളെ...

എല്ലാം കഴിഞ്ഞ് സന്ധ്യയോടടുത്തതും പോവാനായി മുറ്റത്തേക്കിറങ്ങിയ ഗായുവിനെ പാറു അജുവിന്റെ കൂടെ പറഞ്ഞയച്ചു...ബസ് സ്റ്റോപ്പിലേക്ക് പോവേണ്ടതിനാൽ പാറുവിന്റെ വീട്ടിൽ പോയി അവളുടെ ബാഗും മറ്റും എടുക്കാനായി അവർ അവളുടെ വീട്ടിലേക്കുള്ള കുഞ്ഞിടവഴിയിലൂടെ നടന്നു... അതേ... മുന്നിൽ ഒന്നും മിണ്ടാതെ വേഗത്തിൽ നടന്ന് പോവുന്ന അജുവിനെ നോക്കി ഗായു വിളിച്ചു. മ്മ്... എന്താ..? അവളുടെ വിളികേട്ടവൻ തിരിഞ്ഞു നോക്കി ഗൗരവത്തോടെ ചോദിച്ചു. എങ്ങോട്ടാ ഇത്ര ധൃതിയിൽ പോണേ... ഒന്ന് പതുക്കെ പൊയ്ക്കൂടേ... എനിക്ക് നിന്റെ പിന്നാലെ നടക്കൽ മാത്രമല്ല പണി.. അങ്ങോട്ട്‌ ചെന്നിട്ട് നൂറുകൂട്ടം പണിയുള്ളതാ... അത്‌ കൊണ്ട് തമ്പുരാട്ടി ഒന്ന് വേഗം നടന്നാട്ടെ... അവൾ വീണ്ടുമെന്തോ പറയാനാഞ്ഞപ്പോഴേക്കും അവൻ വീണ്ടും തിരിഞ്ഞ് നടന്നു തുടങ്ങി...

താൻ പിന്നാലെയുണ്ടോയെന്ന് തിരിഞ്ഞു പോലും നോക്കാതെ പോകുന്നവനെ അവൾ ആകെയൊന്ന് നോക്കി... ഒരു കരിനീല ഷർട്ടും അതിന് ചേരുന്ന മുണ്ടുമാണ് വേഷം... പകൽ മുഴുവൻ ഓടി നടന്നുള്ള പണിയിൽ ആകെ വിയർത്തിരിക്കുന്നതിനാൽ ഇട്ടിരുന്ന ഷർട്ട്‌ ദേഹത്തോട് ഒട്ടിച്ചേർന്ന് കിടക്കുന്നു... അവൾ വേഗത്തിൽ ഓടി അവനൊപ്പമെത്തി... തൊട്ടടുത്തൊരു സാന്നിധ്യമറിഞ്ഞതും അവൻ പതിയെ തല ചെരിച്ചു നോക്കി... അവളെ കണ്ടതും ഒന്നും മിണ്ടാതെ വീണ്ടും നടന്നു.. അതേ... ആഹ് എന്താ..? എന്നോട് ദേഷ്യാണോ..? മടിച്ചുമടിച്ചവൾ പതിയെ ചോദിച്ചു. എന്തിന്..? തിരിച്ചു മറുചോദ്യമുയർന്നു.. അത്.. അത് പിന്നെ ഞാൻ ഇന്നലെ....

ഇന്നലെ അടിച്ചില്ലേ.. ആഹ് അത് സാരമില്ല.. ഞാൻ അതൊക്കെ അപ്പോഴേ മറന്നു... അവൾ വീണ്ടും എന്തോ പറയാനൊരുങ്ങിയപ്പോഴേക്കും പാറുവിന്റെ വീടെത്തിയിരുന്നു... അവനെ ഒന്ന് നോക്കിയവൾ അകത്തേക്ക് കയറി... നേരെ പോയി അവളുടെ ബാഗെടുത്ത് തിരിച്ചു വന്നു.. ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴും ഇരുവരും മൗനമായിരുന്നു... അവിടെ അവളുടെ ബസ് വരുന്നത് വരെയവൻ കാത്ത് നിന്നു... ബസ് വന്നതും അവനെയൊന്ന് നോക്കിക്കൊണ്ടവൾ ബസിലേക്ക് കയറി... അവളെയൊന്ന് പാളിനോക്കിക്കൊണ്ടവൻ തിരിഞ്ഞു നടന്നു... ബസിലിരിക്കുന്നവളുടെ കണ്ണുകൾ തന്നെ പിന്തുടരുന്നുണ്ടെന്നറിയാതെ............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story