സഖാവ് ❤️: ഭാഗം 5

sagav

എഴുത്തുകാരി: പൊന്നൂസ്‌

ഇതെവിടെ പോയി ഇങ്ങേര്...?മുറ്റത്ത് നിന്ന് ചുറ്റും കണ്ണോടിച്ചു അവൾ... ഇല്ല കാണുന്നില്ല..ഇന്നിങ്ങേർക്ക് ട്യൂഷൻ ഒന്നുവില്ലേ..? അതോ അങ്ങേരുടെ അലർച്ച കേട്ട് കേട്ട് പിള്ളേരൊക്കെ ട്യൂഷൻ നിർത്തിയോ..? വീണ്ടും ആകെ ഒന്ന് നോക്കിയപ്പോഴാണ് പശുവിനു പുല്ലിട്ട് കൊടുക്കുന്ന നന്ദിനിയമ്മയെ കണ്ടത്... നന്ദിനിയമ്മേ.. എന്ന് വിളിച്ചവൾ പിന്നാമ്പുറത്തേക്ക് നടന്നു. ആരാ ഈ വരണേ.. പാറൂട്ടിയോ.. അവളെ കണ്ടപ്പോൾ ആ അമ്മയുടെ കണ്ണുകളിൽ വാത്സല്യം നിറഞ്ഞു. ഹും.. ഈ അമ്മക്ക് കാണുമ്പോഴുള്ള സ്നേഹവേയുള്ളു.. ആര് പറഞ്ഞെടി പെണ്ണേ നിന്നോട് എനിക്ക് കാണുമ്പോഴുള്ള സ്നേഹവേയുള്ളു എന്ന്.....ഞാൻ എന്നും ചോദിക്കും കിച്ചൂനോട് നിന്നേ കാണാറുണ്ടോ അവൻ പറയും ഇല്ലെന്ന് ഞാൻ കരുതി കോളേജിൽ ഒക്കെ പോണത്കൊണ്ട് തിരക്കാണെന്നു അത് കൊണ്ട് അല്ലേ നന്ദിനിയമ്മ അങ്ങോട്ട് വരാഞ്ഞത്. ഏഹ്.. കാണുന്നില്ലെന്നോ നുണയൻ സഖാവ്.. അങ്ങേർക്ക് കാണാൻ വേണ്ടിയല്ലേ ഞാൻ ദിവസവും അങ്ങേർടെ മുന്നിലൂടെ തെക്ക് വടക്ക് നടക്കണേ..

എന്നിട്ട് കാണുന്നില്ല പോലും..ചുണ്ടിനിടയിൽ വച്ചവൾ നന്ദിനി കാണാതെ പിറുപിറുത്തു. ആഹ് എന്നാ മര്യാദക്ക് അങ്ങോട്ട് വന്നോണം എനിക്ക് ഇനി രണ്ടുമാസം അവധിയാ ഇനി അതും പറഞ്ഞു മുങ്ങാൻ നോക്കണ്ട കേട്ടല്ലോ ഉണ്ടക്കണ്ണ് ഒന്നൂടെ കൂർപ്പിച്ചുകൊണ്ടവൾ പറഞ്ഞു. ഓഹ്.. വന്നോളാവേ എന്റെ ചട്ടമ്പി.. സ്നേഹത്തോടെ അവളുടെ വിരിനെറ്റിയിൽ ഒന്ന് മുത്തി ആ അമ്മ. അമ്മേ കഴിക്കാൻ ന്താ ഉള്ളെ എനിക്ക് ഭയങ്കര വിശപ്പ്. അകത്തേക്ക് വാ പെണ്ണേ അമ്മ നല്ല ചൂട് ദോശ ഉണ്ടാക്കി തരാം... ഹൈ..!! ഇന്ന് ദോശയാണോ എന്നിട്ടാണോ ഇവിടെ വന്ന് പശൂനെ തീറ്റിച്ചോണ്ട് നിക്കണേ വേഗം വന്നേ നമ്മക്ക് ദോശ ഉണ്ടാക്കാം.. നന്ദിനിയുടെ കയ്യും പിടിച്ചവൾ അകത്തേക്ക് പാഞ്ഞു. ഹൗ.. ഒന്ന് പതിയെ പോ എന്റെ പാറൂ നിന്നേ പോലാണോ ഞാൻ എനിക്ക് കാല് വയ്യാത്തതല്ലേ.. അത് ഞാൻ ഓർത്തില്ല നന്ദുവമ്മേ.. ചുണ്ട് പിളർത്തി നിഷ്കളങ്കമായി പറയുന്നവളെ നോക്കി നിന്നു അവർ. സ.... അല്ല കിച്ചുവേട്ടനെവിടെ പോയി നന്ദുവമ്മേ ഇന്ന് ട്യൂഷൻ ഒന്നും ഇല്ലാരുന്നോ..?

അവന്റെ കാര്യം ഒന്നും പറയാത്തതാ മോളേ ഭേദം.. ഇന്നലെ മണി രണ്ടായപ്പഴാ വന്നേ.. രണ്ട്മൂന്ന് ദിവസായിട്ട് ആഹാരം പോലും ശെരിക്ക് കഴിക്കണില്യ ഇന്ന് രാവിലെ ട്യൂഷന് കുട്ട്യോൾ വന്നപ്പോ ഇത്തിരി നേരം എന്തൊക്കെയോ പറഞ്ഞ് കൊടുത്ത് അതുങ്ങളെ പറഞ്ഞ് വിട്ടു. ഒന്നരണ്ട് ദിവസത്തേക്ക് ക്ലാസ്സില്ലന്നും പറയണത് കേട്ടു.. കിച്ചുവേട്ടനെന്താമ്മേ ടൗണിലൊന്നും ജോലി നോക്കാണ്ട് ഈ കൃഷി ചെയ്യണതും ട്യൂഷൻ എടുക്കണതുമൊക്ക.? അതിന് ഞാൻ പറഞ്ഞാൽ ആ ചെക്കൻ കേക്കണ്ടെ.. ടൗണിലെങ്ങാനും പോയി ഒരു ജോലി നോക്കാൻ പറഞ്ഞാൽ നൂറ് ഞായങ്ങളാ അവന്.. പക്ഷെ അതൊന്നുമല്ലന്നെ അവനീ നാടും വീടും പാർട്ടിയും ഒന്നും വിട്ട് എങ്ങും പോവണത് ഇഷ്ടമല്ലാത്തത് കൊണ്ടാ.. ആ അമ്മ അവനെ കുറിച്ച് പറഞ്ഞപ്പോൾ അറിയുകയായിരുന്നു അവൾ തന്റെ സഖാവിനെ.. പലരും എങ്ങനെയും നാട്ടിൻപുറത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ തന്റെ മണ്ണിനേയും ബന്ധങ്ങളെയും ഒന്നിന്റെ പേരിലും വിട്ട് നൽകാതെ ചേർത്ത് പിടിക്കുന്നവനോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നി ആ പെണ്ണിന്.

അവനെ കുറിച്ച് ചിന്തിയ്ക്കുന്നതിനു തെളിവായി അവളുടെ അധരങ്ങൾ പുഞ്ചിരി തൂകി.. ഈ ചെക്കനിത് എവിടെ പോയോ എന്തോ..? നന്ദിനിയുടെ ശബ്ദമാണ് അവളെ ചിന്തകളിൽ നിന്ന് ഉണർത്തിയത്. ഏഹ്.. എന്താ അമ്മേ പറഞ്ഞെ.. ഓഹ് അവൻറെ കാര്യം പറഞ്ഞതാ മോളേ രാവിലെ ആ പിള്ളേരെ പറഞ്ഞ് വിട്ടതിനു പുറകെ ഇപ്പൊ വരാട്ടോ അമ്മേ എന്നും പറഞ്ഞ് തൂമ്പയും എടുത്ത് പോയതാ..പാത്രത്തിലേക്ക് ദോശ ചുട്ടു വച്ചുകൊണ്ട് അവർ പറഞ്ഞു. അല്ല നന്ദുവമ്മേ അപ്പുവെന്തിയെ..? അവൻ പോയി മോളേ... നീ വരുന്നതിന് തൊട്ട് മുൻപാ ഇറങ്ങിയത് നിന്നേ കണ്ടിരുന്നേൽ ചെക്കനിന്ന് സ്കൂളിൽ പോണില്ല എന്നും പറഞ്ഞിരുന്നേനെ... അവർ പറഞ്ഞതിന് അവൾ ഒന്ന് ചിരിച്ചു. പാറൂ.. നിനക്ക് ഉണ്ണിയപ്പം വല്യ ഇഷ്ടല്ലേ ദേ ആ ഷെൽഫിന്റെ ഏറ്റവും മുകളിൽ ഇരിപ്പുണ്ട്.

അപ്പു കാണാതെ ഞാൻ എടുത്ത് വച്ചതാ അവൻ കണ്ടാൽ ആർക്കും കൊടുക്കില്ല ആ ചെക്കൻ.. നീ എടുത്തോട്ടോ ഞാൻ ആ പൈയ്യിനെ ഒന്ന് പറമ്പിലേക്ക് കെട്ടിയിട്ട് ഇപ്പൊ വരാവേ.. അതും പറഞ്ഞവർ അടുക്കള വാതിൽ വഴി പുറത്തേക്കിറങ്ങി.. *************** പടത്തിന് കുറുകെ വെട്ടിയ വഴിയിൽ കാട് വന്ന് മൂടിയതിനാൽ പോവുന്നവരെല്ലാം കതിരിൽ ചവിട്ടിയാണ് പോകുന്നത്. കടേല്ലാം വെട്ടി വൃത്തിയാക്കി തൂമ്പയുമായി അവൻ വീട്ടിലേക്ക് നടന്നു. തൂമ്പ വീടിന്റെ ഒരു കോണിൽ വച്ച് മുറ്റത്തെ പൈപ്പിൽ നിന്ന് കയ്യും കാലും കഴുകി അകത്തേക്ക് കയറി. ഇന്നലെ ഒന്നും കഴിക്കാത്തതിനാൽ വല്ലാതെ വിശക്കുന്നുണ്ടായിരുന്നു. അവൻ നേരെ അടുക്കളയിലേക്ക് നടന്നു. അവിടെ ചെന്നപ്പോൾ കണ്ടത് എത്തികുത്തി നിന്ന് ഷെൽഫിന്റെ മുകളിൽ നിന്ന് എന്തോ എടുക്കാൻ ശ്രമിക്കുന്നവളെയാണ്. ഒന്നുകൂടെ അവളെ നോക്കിയവൻ ഞെട്ടി.

എത്തികുത്തി നിൽക്കുന്നതിനാൽ ഇട്ടിരിക്കുന്ന ബ്ലൗസ് പൊങ്ങി വയറ് പകുതിയും പുറത്താണ്. അവന്റെ കണ്ണുകൾ അറിയാതെ അവളുടെ വെളുത്ത വയറിലേക്കും വയറിലെ കറുത്ത മറുകിലേക്കും നീണ്ടു. എന്നാൽ ഇതൊന്നും അറിയാതെ അവൾ ഉണ്ണിയപ്പം എടുക്കാനുള്ള തത്രപ്പാടിലായിരുന്നു. നെഞ്ചിടിപ്പ് വല്ലാതെ ഉയർന്നു. പെട്ടെന്ന് അവൻ തന്റെ ദൃഷ്ടി മാറ്റി. എന്നാൽ കണ്ണുകൾ ചതിച്ചു. വീണ്ടും അവ അവിടേക്ക് തന്നെ നീണ്ടു. തിരിച്ചു പോവണമെന്നുണ്ട് പക്ഷെ കാലുകൾ ചലിക്കുന്നില്ല. ഇനിയും നിന്നാൽ പിടിവിട്ട് പോവുമെന്ന് തോന്നിയതും കാലുകൾ വലിച്ചു വച്ചുകൊണ്ടവൻ തിരിഞ്ഞ് നടന്നു.. കാറ്റ് പോലെ തന്റെ മുറിയിലേക്ക് കയറി കതകടച്ചു അതിൽ ചാരി നിന്നുകൊണ്ട് ഉച്ചത്തിൽ മിടിക്കുന്ന ഹൃദയത്തെ ശാന്തമാക്കാനെന്നോണം നെഞ്ചിൽ കൈവച്ച് ശ്വാസം വലിച്ചു വിട്ടു...........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story