സഖാവ് ❤️: ഭാഗം 7

sagav

എഴുത്തുകാരി: പൊന്നൂസ്‌

ഹോ..!! അത്രേം നേരം ഞാൻ അവിടിരുന്നിട്ട് എന്നെ ഒന്ന് തിരിഞ്ഞ് കൂടി നോക്കിയില്ല ദുഷ്ടൻ. അങ്ങേർക്കെന്താ എന്നെ ഒന്ന് നോക്കിയാൽ.. ഒന്ന് ചിരിച്ചാൽ.. വല്യ ഒരു പത്രാസുകാരൻ... അല്ലേലും എന്നോട് എന്തിനാ ചിരിക്കണേ ഞാൻ ആരാ അങ്ങേരുടെ.. ഇത്രേം കാലം പുറകെ നടന്നിട്ട് തിരിഞ്ഞു നോക്കാത്ത ആളാ ഇനി ഇന്ന് നോക്കണേ.. ഓർക്കാൻ തുടങ്ങിയത് ദേഷ്യത്തോടെ ആണെങ്കിലും അവസാനം അവളുടെ മനസൊന്ന്‌ പിടഞ്ഞു. ഇങ്ങേരുടെ പുറകെ നടന്ന് എന്റെ ചെരുപ്പ് തേഞ്ഞത് മിച്ചം വേറെ വല്ല ആൺപിള്ളേരുടേം പുറകെ നടന്നിരുന്നേൽ ഇപ്പൊ കെട്ടി രണ്ട് പിള്ളേരും ആയേനെ... ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടവൾ വീട്ടിലേക്ക് നടന്നു. **************

പറമ്പിൽ നിന്ന് വന്ന് കയ്യും കാലും കഴുകിയവൻ വീട്ടിലേക്ക് കയറി. സമയം നോക്കിയപ്പോൾ നാല് മണിയായിരിക്കുന്നു. വേഗം മുറിയിലേക്ക് കയറി ഒരു മുണ്ടും ഷർട്ടും ഇട്ടവൻ പുറത്തിറങ്ങി. അമ്മേ ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാട്ടോ... ഏട്ടാ.. ഞാനും വരട്ടേ.. വേണ്ടഡാ ഞാൻ വേഗം വരാം... അല്ലേലും ഈ ഏട്ടൻ എപ്പഴും ഇങ്ങനാ എന്നെ കൂട്ടാതെ എല്ലായിടത്തും പോകും. മുഖം വീർപ്പിച്ചു കൊണ്ട് അപ്പു അടുക്കളയിൽ ചെന്ന് സ്ലാബിലേക്ക് ചാടി കയറി ഇരുന്നു.. പുറകെ ചിരിയോടെ അവനും നടന്നു. ഇനിയിപ്പോ അതിന് മുഖം വീർപ്പിക്കണ്ട വേഗം പോയി റെഡിയായിക്കൊ... അവൻ പറഞ്ഞതും അപ്പുവിന്റെ കണ്ണുകൾ വിടർന്നു. ശെരിക്കും...? ആഹ്ടാ ശെരിക്കും നീ വേഗം ചെല്ല്... എന്റെ ചക്കര ഏട്ടൻ.... കിച്ചുവിന്റെ കവിളിൽ ഒരുമ്മയും കൊടുത്ത് അപ്പു മുറിയിലേക്കോടി..

ഇതെല്ലാം കണ്ട് നിന്ന ആ അമ്മയുടെ കണ്ണുകളിൽ വാത്സല്യം നിറഞ്ഞു. അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ടവൻ ഉമ്മറത്തേക്ക് നടന്നു. അമ്മേ ഞാനും കൂടെ പോവ്വാട്ടോ ഏട്ടന്റെ കൂടെ... ശെരി.. ശെരി വേഗം പോരണോട്ടോ രണ്ടും ആാാഹ് വേഗം വരാവേ.. എന്നും പറഞ്ഞുകൊണ്ട് കിച്ചുവിന്റെ കയ്യും പിടിച്ചവൻ നടന്നു. അപ്പുവിന്റെ കയ്യും പിടിച്ചു നടക്കുമ്പോൾ അവൻ വീണ്ടും ആ പഴയ കിച്ചു ആവുകയായിരുന്നു. അച്ഛൻ നാടുവിട്ടു പോയപ്പോൾ തന്റെ മക്കളുടെ വയർ നിറക്കാൻ പാടുപെടുന്ന അമ്മയുടെ മുഖം അവന്റെ മുന്നിൽ തെളിഞ്ഞു. കൈക്കുഞ്ഞായ അപ്പുവിനെ തന്റെ കയ്യിൽ ഏൽപ്പിച്ച് പണിക്ക് പോവുമ്പോൾ അമ്മ പറയുമായിരുന്നു നിന്റെ കുഞ്ഞനിയനാട്ടോ നോക്കിക്കോണേയെന്ന്. അന്ന് തൊട്ട് ഇന്ന് വരെ അനിയനായല്ല സ്വന്തം മകനെ പോലെയാണ് അപ്പുവിനെ വളർത്തിയത്.

കുഞ്ഞി കാലുകൾ തറയിൽ പതിപ്പിച്ച് ഏട്ടാ എന്ന് വിളിച്ച് കുടുകുടെ ചിരിച്ചു കൊണ്ട് ഓടിനടന്നിരുന്ന കുഞ്ഞ് അപ്പുവിനെ ഓർക്കെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. *************** കവലയിലേക്ക് ചെന്നപ്പോൾ തന്നെ അവന്റെ കണ്ണുകൾ വായനശാലയിലേക്ക് പാഞ്ഞു. പിന്നീട് ഓരോ കോണിലും അലഞ്ഞു നടന്നു. ഏട്ടൻ എന്താ ഈ നോക്കണേ..?? ഒന്നൂല്ലടാ വാ നമ്മക്ക് അവിടിരിക്കാം... അപ്പുവിനെയും ചേർത്ത് പിടിച്ചവൻ ആൽത്തറയിലേക്ക് നടന്നു. അപ്പു അവിടെ കൂടെയിരിക്കുന്നവരോട് സംസാരിക്കുമ്പോൾ അവന്റെ കണ്ണുകൾ ഇടവഴിയിലേക്ക് തന്നെ തറഞ്ഞു നിൽക്കുകയായിരുന്നു.. ഈ പെണ്ണിത് എവിടെ പോയി..? വരേണ്ട സമയം കഴിഞ്ഞല്ലോ.... വഴിയിലേക്ക് കണ്ണും നാട്ടിയിരുന്ന് ആലോചനയാണ് കിച്ചു. അളിയാ നീ ഇത് എന്തുവാ ഈ നോക്കണേ നേരം കുറെയായല്ലോ...

കിച്ചുവിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായ അജയ് അവനെ പിടിച്ചുലച്ചുകൊണ്ട് ചോദിച്ചപ്പോഴാണ് അവൻ ചിന്തകളിൽ നിന്നുണർന്നത്. ഓഹ് ഒന്നൂല്ലടാ.. വാ നമുക്ക് പാർട്ടി ഓഫീസ് വരെ ഒന്ന് പോയിട്ട് വരാം... വിഷയം മാറ്റാനെന്നോണം പറഞ്ഞു കൊണ്ട് ആൽത്തറയിൽ നിന്നവൻ ഇറങ്ങി. അപ്പു നീ ഇവിടിരിക്ക് ഞാൻ ഇപ്പൊ വരാം.. ശെരി ഏട്ടാ... കൂടെ വന്ന അജുവിന്റെ തോളിൽ കയ്യിട്ടവൻ നടന്നു. നടക്കുമ്പോഴും കണ്ണുകൾ പോയത് ആ ഇടവഴിലേക്ക് തന്നെയായിരുന്നു.......(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story