സഖാവ് ❤️: ഭാഗം 8

sagav

എഴുത്തുകാരി: പൊന്നൂസ്‌

വീടിന്റെ ഇടതു വശത്തൂടെയുള്ള കുഞ്ഞ് വഴിയിലൂടെ കയറി വേഗത്തിൽ നടന്നു അവൾ. കാലുകൾക്ക് വേഗത പോരെന്ന് തോന്നുന്നു . ഇട്ടിരുന്ന പാവാടത്തുമ്പ് പൊക്കിപിടിച്ചവൾ ഒന്നൂടെ വേഗത്തിൽ നടന്നു. ദൈവമേ... സഖാവ് പോയി കാണല്ലേ..... ശ്ശോ.. ഇത് നേരത്താണാവോ കിടന്നുറങ്ങാൻ തോന്നിയത്.. സ്വയമേ തലയിലൊന്ന് കൊട്ടിക്കൊണ്ടവൾ നടന്നു. കവലയിൽ എത്തിയപ്പോൾ അവളുടെ കണ്ണുകൾ ശരവേഗത്തിൽ ആൽചുവട്ടിലേക്ക് പാഞ്ഞു. കൂടിയിരിക്കുന്നവരുടെ ചുറ്റും അതിവേഗത്തിൽ പരതി. അപ്പോഴാണ് അവരുടെ കൂടെ ഇരിക്കുന്ന അപ്പുവിനെ കണ്ടത്. അപ്പുവിനെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങി. ഹാവൂ.... അപ്പുവുണ്ടിന്ന് അങ്ങനാണേൽ സഖാവ് ഇവിടെ എവിടേലും കാണും. വീണ്ടും അവൾ ചുറ്റിനും തിരിഞ്ഞു നോക്കി. അപ്പോഴാണ് അപ്പുവിന്റെ വിളി കേട്ടത്.. കുഞ്ഞേച്ചി...

അവൾ തിരിഞ്ഞു നോക്കിയപ്പോഴേക്കും അപ്പു അവളുടെ അടുത്തെത്തിയിരുന്നു. എന്തൊക്കെയുണ്ട് കുഞ്ഞേച്ചി വിശേഷം..? അവളുടെ കവിളിൽ നുള്ളിക്കൊണ്ടവൻ ചോദിച്ചു. സ്സ്... എനിക്ക് വേദനിച്ചൂട്ടോ ചെക്കാ... ഉയ്യോ... സോറി ചുണ്ട് പിളർത്തിക്കൊണ്ടവൻ ഇരുകൈകളും ഉയർത്തി അവളുടെ കവിളിൽ മെല്ലെ തലോടി. അമ്മ പറഞ്ഞു കുഞ്ഞേച്ചി വീട്ടിൽ വന്നാരുന്നെന്ന് ഞാനും കൂടെയുള്ളപ്പോ വന്നൂടെ... കെറുവിച്ചു കൊണ്ടവൻ മുഖം തിരിച്ചു. ഓഹ് പിണങ്ങാതെടാ ഞാൻ കാവിൽ പോയിട്ട് വന്നപ്പോ വെറുതെ കയറിയതല്ലേ ഇനി നീ കൂടെ ഉള്ളപ്പോഴേ വരൂ.. സ്നേഹത്തോടെ അവൾ അവന്റെ തലയിൽ പതിയെ തഴുകി. അല്ല നീ ഒറ്റക്കാണോ വന്നേ..? അല്ല കുഞ്ഞേച്ചി ഏട്ടനും ഉണ്ട്. പാർട്ടി ഓഫീസിൽ പോയതാ.. അവൻ പറഞ്ഞത് കേട്ടപ്പോൾ അവളുടെ ഉണ്ടക്കണ്ണുകൾ വിടർന്നു.

തിരിഞ്ഞു പാർട്ടി ഓഫീസിന്റെ മുറ്റത്തേക്ക് നോക്കിയപ്പോൾ കണ്ടു അജുവിന്റെ കൂടെ പുറത്തേക്കിറങ്ങുന്നവനെ. അവളുടെ ചുണ്ടുകൾ മനോഹരമായി ഒന്ന് പുഞ്ചിരിച്ചു. ചുവന്ന ചെക്ക് ഷർട്ടും മുണ്ടും ആണ് വേഷം. അത് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു അവന്. നീണ്ട മുടിയിഴകൾ കുറച്ച് നെറ്റിയിലേക്ക് വീണു കിടക്കുന്നു. അവളുടെ കണ്ണുകൾ അവന്റെ കണ്ണിലും മൂക്കിലും ചുണ്ടിലും വളർന്നു നിൽക്കുന്ന താടിക്കിടയിൽ ഒളിച്ചിരിക്കുന്ന ചിരിക്കുമ്പോൾ മാത്രം തെളിയുന്ന ഗർത്തങ്ങളിലും ഓടിനടന്നു. എന്താ കുഞ്ഞേച്ചി ഏട്ടനെ എങ്ങനെ നോക്കുന്നേ..? അപ്പു ചോദ്യം കേട്ട് അവൾ ഞെട്ടി. സ്വബോധത്തിലേക്ക് വന്നപ്പോൾ അവൾ മുന്നിലേക്ക് നോക്കി. തന്റെ തൊട്ടടുത്ത് നിൽക്കുന്നവനെ കണ്ട് അവൾ ഒരടി പിന്നിലേക്ക് നീങ്ങി. അജുവേട്ടാ എനിക്ക് രാഘവേട്ടന്റെ കടേന്ന് ബജി വാങ്ങി തരാവോ..

കിച്ചുവിന്റെ അടുത്ത് നിന്ന അജുവിന്റെ കയ്യിൽ പിടിച്ച് തൂങ്ങി കൊണ്ട് അപ്പു ചോദിച്ചു.. ആഹ് അത് ശെരിയാ വാടാ നമ്മക്ക് പോയി ഒരു പിടി പിടിക്കാം... അളിയാ വാടാ പോവാം.. പാറൂ നീ വരുന്നോ..? ഇല്ല അജുവേട്ടാ നിങ്ങൾ പോയിട്ട് വാ... ഓഹ് അവൾടെ ഒരു ജാഡ.. നീ വരണ്ടടി കുരിപ്പേ..അജു അവളെ നോക്കി പുച്ഛിച്ചു. നീ വാടാ കിച്ചു നമ്മക്ക് പോവാം... ഞാൻ വരുന്നില്ലെടാ നിങ്ങൾ പോയിട്ട് വാ.. ഓഹ് അയ്ശെരി... എന്നാ നീയൊന്നും വരണ്ട ഞാനും എന്റെ അപ്പൂസും കൂടി പോയി തട്ടും.. നീയൊക്കെ എന്താന്ന് വച്ചാൽ കാണിക്ക്.ഹല്ലപിന്നെ.. കെറുവിച്ചു കൊണ്ട് അപ്പുവിന്റെ തോളിൽ കൈയിട്ട് അജു നടന്നു. സഖാവേ....അവർ പോയ വഴിയേ നോക്കി നിന്നവൻ അവളുടെ വിളി കേട്ട് തല ചെരിച്ചു നോക്കി. ഈ ഷർട്ട്‌ നന്നായി ചേരുന്നുണ്ട്ട്ടോ.. അവൾ പറഞ്ഞത് കേട്ട് കണ്ണുകൾ തിളങ്ങിയെങ്കിലും അത് വിദഗ്ധമായി മറച്ചുകൊണ്ട് അവളെ നോക്കി കണ്ണുരുട്ടി. ഞാൻ ചോദിച്ചോ നിന്നോട്...? അയിന് നിങ്ങള് എന്നോട് എന്തേലും ചോയ്ക്കുവോ .. അതുകൊണ്ടാ ഞാൻ പറഞ്ഞേ...

ഇതൊക്കെ എന്തിനാ എന്നോട് പറയുന്നേ..? അവളെ നോക്കി പേടിപ്പിച്ചു കൊണ്ടവൻ ഒച്ചയെടുത്തു. നിങ്ങടെ കാര്യം നിങ്ങളോടല്ലാതെ ഞാൻ പിന്നെ ആരോട് പറയണം... അവളും വിട്ടു കൊടുത്തില്ല. ഉരുളക്കുപ്പേരി പോലുള്ള പെണ്ണിന്റെ സംസാരം കേട്ട് അവളെ ഒന്ന് മുറുകെ പുണരാൻ അവന്റെ ഉള്ളം തുടിച്ചു. ഇനിയും അവളോട് സംസാരിച്ചാൽ ശെരിയാവില്ല എന്ന് തോന്നി അവന്. എനിക്ക് നിന്നോട് സംസാരിക്കാൻ താല്പര്യമില്ല... ദൈവത്തെ ഓർത്തൊന്ന് പോകാവോ..?അവൾക്ക് നേരെ കൈകൂപ്പിക്കൊണ്ടവൻ പറഞ്ഞു. പക്ഷെ.. എനിക്ക് നിങ്ങളോട് സംസാരിക്കാൻ മാത്രേ താൽപ്പര്യമുള്ളൂ.. അത് കൊണ്ട് ഞാൻ പോവൂല്ല. നീ പോകണ്ട ഇവിടെ നിന്നോ എനിക്ക് പോവാല്ലോ... അതും പറഞ്ഞവൻ ആൽത്തറയിലേക്ക് നടന്നു. പുറകെ നടക്കാനൊരുങ്ങിയവൾ ഒരു നിമിഷം നിന്ന് ചുറ്റിനും ഒന്ന് നോക്കി ചുണ്ട് പിളർത്തി തിരിഞ്ഞ് വീട്ടിലേക്ക് നടന്നു. ആൽത്തറയിലേക്ക് ചാടി കയറി ഇരുന്നവൻ കാണുന്നത് തിരിഞ്ഞു നടന്നു പോകുന്നവളെയാണ്. പെട്ടെന്ന് എന്തോ പോലെ തോന്നിയവന്.

എന്തോ തന്നിൽ നിന്ന് വേർപെട്ട് പോകുന്നത് പോലെ. അവളുടെ സാന്നിധ്യം ആഗ്രഹിക്കുന്ന മനസ്സിനെയും അവളുടെ പിന്നാലെ പായുന്ന കണ്ണുകളെയും അടക്കി നിർത്താൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു പോയി അവൻ. എന്തോ ഉൾപ്രേരണയിൽ അവൻ അവളെ വിളിച്ചു... പാറൂ.... ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞവൾ ഞെട്ടി പോയി. തന്റെ സഖാവ്.. തന്നെ പാറൂ എന്ന് വിളിച്ചിരിക്കുന്നു കുഞ്ഞുന്നാളിൽ എപ്പോഴും തന്നെ പാറൂട്ടി എന്നാണ് വിളിച്ചിരുന്നത് എന്നാൽ തന്റെ ഇഷ്ടം അറിഞ്ഞപ്പോൾ മുതൽ പാർവതിയായി. ഇപ്പോൾ വീണ്ടും പാറൂ എന്ന് വിളിച്ചു. നിന്ന നിൽപ്പിൽ ഒന്ന് തുള്ളിച്ചാടാൻ തോന്നിയവൾക്ക്. വിളിച്ചു കഴിഞ്ഞപ്പോഴാണ് താൻ എന്താണ് ചെയ്തതെന്ന് അവൻ ചിന്തിച്ചത്. തലപൊക്കി നോക്കിയപ്പോൾ കാണുന്നത് തന്റെ അരികിലേക്ക് വേഗത്തിൽ നടന്നടുക്കുന്നവളെയാണ്. ദൈവമേ.. ദേ വരുന്നു പെണ്ണ്.. ഞാൻ ഇനി എന്ത് പറയും... അലോചിച്ചുകൊണ്ടവൻ തലയിൽ കൈവച്ചു കൊണ്ട് ഇരുന്നു.......(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story